വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി

നിങ്ങൾക്ക്‌ എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?

നിങ്ങൾക്ക്‌ എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?

 നിങ്ങളു​ടെ ഇണ നിങ്ങളെ ദേഷ്യം​പി​ടി​പ്പി​ക്കുന്ന എന്തെങ്കി​ലും ചെയ്യു​ക​യോ പറയു​ക​യോ ചെയ്യുന്നു. എന്നാൽ നിങ്ങൾ ആ ദേഷ്യം ഉള്ളിൽ ഒതുക്കാൻ ശ്രമി​ക്കു​ന്നു. എന്തോ പ്രശ്‌ന​മു​ണ്ടെന്നു മനസ്സി​ലാ​ക്കുന്ന ഇണ അത്‌ എന്താ​ണെന്ന്‌ അറിയാൻ നിങ്ങ​ളോ​ടു ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അത്‌ നിങ്ങളു​ടെ ദേഷ്യം കൂട്ടുന്നു. ഇങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ നിങ്ങൾക്ക്‌ എങ്ങനെ ദേഷ്യം നിയ​ന്ത്രി​ക്കാൻ കഴിയും?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  •   ദേഷ്യ​പ്പെ​ടു​ന്നത്‌ നിങ്ങളു​ടെ ആരോ​ഗ്യ​ത്തെ ബാധി​ച്ചേ​ക്കാം. യാതൊ​രു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ ദേഷ്യ​പ്പെ​ടു​ന്നത്‌ ഉയർന്ന രക്തസമ്മർദം, ഹൃ​ദ്രോ​ഗം, വിഷാദം, ദഹനസം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ എന്നിവ​യു​ടെ സാധ്യത വർധി​പ്പി​ക്കു​മെന്നു പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു. ഉറക്കക്കു​റവ്‌, അമിത​മായ ഉത്‌കണ്‌ഠ, ത്വക്ക്‌ രോഗങ്ങൾ, മസ്‌തി​ഷ്‌കാ​ഘാ​തം എന്നിവ​യും ഉണ്ടാ​യേ​ക്കാം. അതു​കൊ​ണ്ടാണ്‌ ബൈബിൾ ഇങ്ങനെ പറയു​ന്നത്‌: “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ! . . . അതു ദോഷം മാത്രമേ ചെയ്യൂ.”—സങ്കീർത്തനം 37:8, അടിക്കു​റിപ്പ്‌.

  •   ദേഷ്യം ഉള്ളിൽ ഒതുക്കു​ന്ന​തും ദോഷം ചെയ്‌തേ​ക്കാം. ദേഷ്യം വരു​മ്പോൾ ഉള്ളിൽ ഒതുക്കു​ക​യാ​ണെ​ങ്കിൽ പുറമെ അറിയാത്ത ഒരു രോഗം​പോ​ലെ​യാ​യി​രി​ക്കും അത്‌. ഇണയോട്‌ തോന്നുന്ന ദേഷ്യം ഉള്ളിൽ ഒതുക്കി​വെ​ച്ചാൽ പരാതി​പ്പെ​ടുന്ന, കുറ്റങ്ങൾ കണ്ടുപി​ടി​ക്കുന്ന ഒരു സ്വഭാവം നിങ്ങൾ വളർത്തി​യെ​ടു​ത്തേ​ക്കാം. ഇത്തരം മനോ​ഭാ​വം ജീവിതം അസഹ്യ​മാ​ക്കു​ക​യും നിങ്ങളു​ടെ ദാമ്പത്യ​ത്തെ സാരമാ​യി ബാധി​ക്കു​ക​യും ചെയ്യാ​നി​ട​യുണ്ട്‌.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   ഇണയുടെ നല്ല ഗുണങ്ങൾ നോക്കുക. നിങ്ങൾക്ക്‌ ഇഷ്ടമുള്ള, ഇണയുടെ മൂന്നു ഗുണങ്ങൾ എഴുതുക. അടുത്ത പ്രാവ​ശ്യം ഇണ ചെയ്യുന്ന എന്തെങ്കി​ലും കണ്ട്‌ ദേഷ്യം വരു​മ്പോൾ ഈ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അത്‌ ദേഷ്യം നിയ​ന്ത്രി​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കും.

     ബൈബിൾത​ത്ത്വം: “നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കുക.”—കൊ​ലോ​സ്യർ 3:15.

  •   ക്ഷമാശീ​ലം വളർത്തി​യെ​ടു​ക്കുക. ആദ്യം ഇണയുടെ ഭാഗത്തു​നിന്ന്‌ കാര്യങ്ങൾ ചിന്തി​ക്കാൻ ശ്രമി​ക്കുക. ഇത്‌ നിങ്ങളെ “സഹാനു​ഭൂ​തി” വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കും. (1 പത്രോസ്‌ 3:8) എന്നിട്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘ക്ഷമിക്കാൻ പറ്റാത്ത അത്ര ഗുരു​ത​ര​മായ തെറ്റാ​ണോ അത്‌?’

     ബൈബിൾത​ത്ത്വം: “ദ്രോ​ഹങ്ങൾ കണ്ടി​ല്ലെന്നു വെക്കു​ന്നത്‌ . . . സൗന്ദര്യം.”—സുഭാ​ഷി​തങ്ങൾ 19:11.

  •   നിങ്ങളു​ടെ വികാ​രങ്ങൾ ദയയോ​ടെ​യും നയത്തോ​ടെ​യും പ്രകടി​പ്പി​ക്കുക. “നിങ്ങൾ/നീ” എന്നതിനു പകരം “ഞാൻ/എനിക്ക്‌” എന്നു പറയുക. ഉദാഹ​ര​ണ​ത്തിന്‌, “വൈകു​മ്പോൾ ഒന്നു ഫോൺ ചെയ്യാ​ത്തത്‌ നിങ്ങൾക്ക്‌/നിനക്ക്‌ എന്നെക്കു​റിച്ച്‌ യാതൊ​രു ചിന്തയു​മി​ല്ലാ​ത്ത​തു​കൊ​ണ്ടാണ്‌” എന്നു പറയു​ന്ന​തി​നു പകരം, “നേരം വൈകു​മ്പോൾ നിങ്ങൾക്ക്‌/നിനക്ക്‌ എന്തെങ്കി​ലും പറ്റിയോ എന്ന്‌ ഓർത്ത്‌ എനിക്കു ടെൻഷ​നാ​കും” എന്നു പറയാ​നാ​കും. നിങ്ങളു​ടെ ഉള്ളിലു​ള്ളത്‌ ശാന്തത​യോ​ടെ പറയു​ന്നെ​ങ്കിൽ അത്‌ നിങ്ങളു​ടെ ദേഷ്യം നിയ​ന്ത്രി​ക്കാൻ സഹായി​ക്കും.

     ബൈബിൾത​ത്ത്വം: “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ.”—കൊ​ലോ​സ്യർ 4:6.

  •   ആദര​വോ​ടെ ശ്രദ്ധി​ക്കുക. നിങ്ങൾക്കു പറയാ​നു​ള്ളത്‌ പറഞ്ഞതി​നു ശേഷം നിങ്ങളു​ടെ ഇണ പറയു​മ്പോൾ ഇടയ്‌ക്കു​ക​യറി പറയാ​തി​രി​ക്കുക. നിങ്ങൾക്കു മനസ്സി​ലാ​യ​തു​ത​ന്നെ​യാ​ണോ ഇണ ഉദ്ദേശി​ച്ച​തെന്ന്‌ അറിയാൻ മനസ്സി​ലായ കാര്യം ഇണയോ​ടു പറയുക. ശ്രദ്ധി​ക്കുക എന്നത്‌ ഒരു ചെറിയ കാര്യ​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും ദേഷ്യം നിയ​ന്ത്രി​ക്കാൻ ഇത്‌ വലിയ അളവിൽ സഹായി​ക്കും.

     ബൈബിൾത​ത്ത്വം: “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌.”—യാക്കോബ്‌ 1:19.