വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

റോമർ 12:2—‘മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടു​വിൻ’

റോമർ 12:2—‘മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടു​വിൻ’

 “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌. പകരം, മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമർ 12:2, പുതിയ ലോക ഭാഷാ​ന്തരം.

 “ഈ ലോക​ത്തി​ന്നു അനുരൂ​പ​മാ​കാ​തെ നന്മയും പ്രസാ​ദ​വും പൂർണ്ണതയുമുള്ള ദൈവ​ഹി​തം ഇന്നതെന്നു തിരി​ച്ച​റി​യേ​ണ്ട​തി​ന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:2, സത്യ​വേ​ദ​പു​സ്‌തകം.

റോമർ 12:2-ന്റെ അർഥം

 ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരാൾ മോശ​മായ സ്വാധീ​ന​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞു​നി​ന്നാൽമാ​ത്രം പോരാ, തന്റെ വ്യക്തി​ത്വ​ത്തിന്‌ മാറ്റം വരുത്തു​ക​യും വേണം. അങ്ങനെ​യൊ​രു മാറ്റം വരുത്താൻ ദൈവം ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. പകരം ഒരു വ്യക്തി അങ്ങനെ ചെയ്യു​ന്നത്‌ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാ​യി​രി​ക്കണം. ദൈവം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ന്യായ​മാ​ണെ​ന്നും സ്‌നേ​ഹം​കൊണ്ട്‌, നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌ ദൈവം അങ്ങനെ പറഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ആ വ്യക്തി മനസ്സി​ലാ​ക്കും.—യശയ്യ 48:17.

 “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌.” “ഈ വ്യവസ്ഥി​തി” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ മൂല്യ​ങ്ങൾക്കും ചിന്തകൾക്കും ചേർച്ച​യി​ല​ല്ലാത്ത ഈ ലോക​ത്തി​ന്റെ നിലവാ​ര​ങ്ങ​ളെ​യും പ്രവൃ​ത്തി​ക​ളെ​യും സ്വഭാ​വ​രീ​തി​ക​ളെ​യും ആണ്‌. (1 യോഹ​ന്നാൻ 2:15-17) ഈ വ്യവസ്ഥി​തി ആളുക​ളു​ടെ സ്വഭാ​വ​ത്തെ​യും വ്യക്തി​ത്വ​ത്തെ​യും അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ, അതായത്‌ അതിനു ചേർച്ച​യിൽ കൊണ്ടു​വ​രാൻ ശക്തമായ സമ്മർദം ചെലു​ത്തു​ന്നു. ദൈവം ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ ഒരു വ്യക്തി ഈ ലോക​ത്തി​ന്റെ സ്വാധീ​ന​ത്തിന്‌ ഒരിക്ക​ലും വഴങ്ങി​ക്കൊ​ടു​ക്ക​രുത്‌. കാരണം അത്‌ ഒരാളിൽ ദോഷ​ക​ര​മായ സ്വഭാ​വ​രീ​തി​കൾ വളർത്തു​ക​യും ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ലേക്ക്‌ നയിക്കു​ക​യും ചെയ്യും.—എഫെസ്യർ 2:1-3; 4:17-19.

 “മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക.” അങ്ങനെ പറഞ്ഞാൽ, ഒരു വ്യക്തി അയാളു​ടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾക്കും മനോ​ഭാ​വ​ങ്ങൾക്കും മാറ്റം വരുത്തി​ക്കൊ​ണ്ടേ​യി​രി​ക്കണം എന്നാണ്‌. “രൂപാ​ന്ത​ര​പ്പെ​ടുക” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പദം ഒരു വ്യക്തി എത്ര​ത്തോ​ളം മാറ്റം വരുത്ത​ണ​മെന്നു സൂചി​പ്പി​ക്കു​ന്നു. ഒരു പുഴു ഒരു ചിത്ര​ശ​ല​ഭ​മാ​യി മാറുന്ന തരത്തി​ലുള്ള ഒരു മാറ്റമാണ്‌ അത്‌. അതു​കൊണ്ട്‌ ദൈവത്തെ ആരാധി​ക്കുന്ന ഒരാൾ ഒരു “പുതിയ വ്യക്തി​ത്വം” ധരി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌.—എഫെസ്യർ 4:23, 24; കൊ​ലോ​സ്യർ 3:9, 10.

 ‘നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തുക.’ ദൈവത്തെ ആരാധി​ക്കുന്ന ഒരു വ്യക്തി തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ നല്ല ബോധ്യ​മുള്ള ഒരാളാ​യി​രി​ക്കണം. അതാണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം. അങ്ങനെ​യുള്ള ഒരാൾ ദൈവ​വ​ചനം നന്നായി പഠിക്കും, പഠിക്കുന്ന കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കും, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം അനുഭ​വി​ച്ച​റി​യു​ക​യും ചെയ്യും. അങ്ങനെ ദൈവ​ത്തി​ന്റെ വഴിക​ളാണ്‌ ഏറ്റവും നല്ലതെന്ന്‌ അദ്ദേഹം തിരി​ച്ച​റി​യും.—സങ്കീർത്തനം 34:8.

റോമർ 12:2-ന്റെ സന്ദർഭം

 ദൈവ​ത്തി​നു സ്വീകാ​ര്യ​മായ ആരാധ​ന​യിൽ എന്തൊ​ക്കെ​യാണ്‌ ഉൾപ്പെ​ടു​ന്ന​തെന്ന്‌ റോമർ 12-ാം അധ്യാ​യ​ത്തിൽ പറയുന്നു. നമ്മൾ ‘ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ച്ചു​വേണം’ ദൈവത്തെ ആരാധി​ക്കാൻ. അല്ലാതെ കണ്ണും​പൂ​ട്ടി​യുള്ള വിശ്വാ​സ​ത്തി​ന്റെ പേരി​ലോ ഏതെങ്കി​ലും വികാ​ര​ത്തി​ന്റെ പുറത്തോ അല്ല. (റോമർ 12:1, 3) അതു​പോ​ലെ നമ്മുടെ ജീവി​ത​ത്തി​ലെ ഓരോ സന്ദർഭ​ങ്ങ​ളി​ലും നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ ആ ആരാധ​ന​യ്‌ക്കു ചേർച്ച​യി​ലാ​യി​രി​ക്കണം. ദൈവി​ക​ഗു​ണങ്ങൾ എങ്ങനെ കാണി​ക്കണം? മറ്റുള്ള​വ​രോട്‌ എങ്ങനെ ഇടപെ​ടണം? നമ്മളോട്‌ ആരെങ്കി​ലും മോശ​മാ​യി ഇടപെ​ട്ടാൽ എങ്ങനെ പ്രതി​ക​രി​ക്കണം? എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ​യുള്ള ചില പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ ഈ അധ്യാ​യ​ത്തിൽ കാണാം.—റോമർ 12:9-21.