വിവരങ്ങള്‍ കാണിക്കുക

മറോനി നദിയിലൂടെ ഒരു സഞ്ചാരം

മറോനി നദിയിലൂടെ ഒരു സഞ്ചാരം

 നഗരജീവിതത്തിന്റെ ബഹളങ്ങളും ഒച്ചപ്പാടുകളും ഒന്നുമില്ലാത്ത തെക്കേ അമേരിക്കയിലെ നയനമനോഹരമായ ആമസോൺ മഴക്കാടുകൾ. അവിടെ വ്യത്യസ്‌ത വംശങ്ങളിൽനിന്നും ഭാഷകളിൽനിന്നും ഉള്ള ഒരു കൂട്ടം മനുഷ്യർ ജീവിക്കുന്നുണ്ട്‌. അവർക്കും ബൈബിളിൽനിന്നുള്ള പ്രത്യാശയുടെ വെളിച്ചം കിട്ടി! എങ്ങനെ? യഹോവയുടെ സാക്ഷികളിൽപ്പെട്ട 13 പേർ 2017 ജൂലൈയിൽ അവിടേക്ക്‌ ഒരു യാത്ര തിരിച്ചു. മറോനി നദിയിലൂടെയും ഫ്രഞ്ച്‌ ഗയാനയിലൂടെ ഒഴുകുന്ന അതിന്റെ കിഴക്കൻ കൈവഴികളിലൂടെയും ആയിരുന്നു അവരുടെ സഞ്ചാരം.

യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ

 12 ദിവസത്തെ യാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. എന്തെല്ലാം ഒരുക്കങ്ങൾ നടത്തണം എന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യാൻ ഒരു മാസം മുമ്പേതന്നെ അവരെല്ലാം ഒത്തുകൂടി. വിൻസിലി അതെക്കുറിച്ച്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “ആദ്യം ഞങ്ങൾ പ്രദേശത്തെക്കുറിച്ചും അവിടത്തെ ചരിത്രത്തെക്കുറിച്ചും പഠിക്കാൻ ശ്രമിച്ചു. പിന്നെ ഓരോരുത്തരും യാത്രയ്‌ക്കുവേണ്ടി എന്തൊക്കെ കരുതണമെന്നും തീരുമാനിച്ചു.” കൊതുകുവലയും ഊഞ്ഞാൽകിടക്കയും വെക്കാൻ പാകത്തിലുള്ള വെള്ളം കയറാത്ത ഒരു പെട്ടി എല്ലാവർക്കും കൊടുത്തു. യാത്രയ്‌ക്കുവേണ്ടി രണ്ടു വിമാനം കയറണം. പിന്നെ മണിക്കൂറുകളോളം ചെറിയ തോണിയിലും സഞ്ചരിക്കണം.

ക്ലോഡും ലിസ്‌റ്റയും

 പോകാനുള്ള ക്ഷണം ലഭിച്ചവർ അതെക്കുറിച്ച്‌ എന്താണ്‌ പറയുന്നത്‌? 60- കളിലുള്ള ക്ലോഡും ലിസ്‌റ്റയും യാത്രയെക്കുറിച്ച്‌ കേട്ടപ്പോൾത്തന്നെ പോകാൻ തീരുമാനിച്ചു. ക്ലോഡ്‌ പറയുന്നു: “എനിക്ക്‌ ഒത്തിരി സന്തോഷവും അതോടൊപ്പം ചെറിയ പേടിയും തോന്നി. കാരണം ശക്തമായ ഒഴുക്കുള്ള അവിടത്തെ നദികളെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുണ്ട്‌.” ലിസ്‌റ്റയ്‌ക്കുമുണ്ട്‌ ഉത്‌കണ്‌ഠകൾ. ലിസ്‌റ്റ പറയുന്നു: “അമരിന്ത്യൻ ഭാഷകളിൽ ഞാൻ എന്ത്‌ സംസാരിക്കും?”

 മൈക്കിളിനും ഉണ്ടായിരുന്നു ആശങ്ക. അദ്ദേഹം പറയുന്നു: “വയനാ ഗോത്രത്തെക്കുറിച്ച്‌ ഞങ്ങൾക്ക്‌ കാര്യമായിട്ടൊന്നും അറിയില്ല. അതുകൊണ്ടു അവരുടെ ഭാഷയിലുള്ള ചില വാക്കുകളും അഭിവാദനരീതികളും ഞാൻ ഇന്റർനെറ്റിൽ നോക്കി പഠിച്ചു.”

 ഷെർളിയും ഭർത്താവ്‌ ജോഹാനും ആ പ്രദേശത്ത്‌ ആളുകൾ സംസാരിക്കുന്ന ഭാഷകളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കി. ഷെർളി പറയുന്നത്‌ ഇതാണ്‌: “jw.org വെബ്‌സൈറ്റിൽനിന്ന്‌ ആ ഭാഷകളിലുള്ള വീഡിയോകൾ ഞങ്ങൾ ഡൗൺലോഡ്‌ ചെയ്‌തു. കൂടാതെ, വയനാ ഭാഷയിലുള്ള പദങ്ങൾ പഠിക്കാനുള്ള ഒരു പുസ്‌തകവും സംഘടിപ്പിച്ചു.”

ഒടുവിൽ അമരിന്ത്യയിൽ . . .

 അങ്ങനെ ജൂലൈ 4 ചൊവ്വാഴ്‌ച്ച ആ സംഘം സെയ്‌ന്റ്‌ ലോറന്റ്‌ ഡു മറോനിയിൽനിന്ന്‌ വിമാനം കയറി. ഫ്രഞ്ച്‌ ഗയാനയിലെ വളരെ ഉള്ളിലായി സ്ഥിതിചെയ്യുന്ന മാരിപസൗല എന്ന ചെറിയ ടൗണിൽ അവർ വിമാനം ഇറങ്ങി.

 പിന്നെയുള്ള നാലു ദിവസംകൊണ്ട്‌ ആ സംഘം മറോനിയുടെ പല കൈവഴികളിലൂടെ സഞ്ചരിച്ചു. ആ തീരപ്രദേശങ്ങളിലുള്ള ഗ്രാമവാസികളോട്‌ സന്തോഷവാർത്ത അറിയിച്ചു. എഞ്ചിന്റെ സഹായത്തോടെ നീങ്ങുന്ന ചെറിയ വഞ്ചികളിലാണ്‌ അവർ അവിടെ എത്തിയത്‌. ആ കൂട്ടത്തിലുള്ള റോളണ്ട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “അമരിന്ത്യക്കാർ ബൈബിൾ വിഷയങ്ങളോട്‌ വളരെ താത്‌പര്യമുള്ളവരാണ്‌. അവർ പല ചോദ്യങ്ങളും ചോദിച്ചു. ചിലർ ബൈബിൾ പഠിക്കാനും താത്‌പര്യം കാണിച്ചു.”

 ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ ജോഹാനും ഷെർളിയും ചെറുപ്പക്കാരായ ഒരു ദമ്പതികളെ കണ്ടു. അവരുടെ ബന്ധു ആയിടയ്‌ക്ക്‌ ആത്മഹത്യ ചെയ്‌തിരുന്നു. JW പ്രക്ഷേപണത്തിൽ വന്നിട്ടുള്ള ഒരു അമേരിക്കൻ തൊളോവാ ഗോത്രക്കാരൻ സൃഷ്ടാവിനെ കണ്ടെത്തുന്നു എന്ന വീഡിയോ ഞങ്ങൾ അവരെ കാണിച്ചു. ആ വീഡിയോ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു. ഇതുപോലുള്ള വിഷയങ്ങൾ ഞങ്ങളോട്‌ കൂടുതൽ സംസാരിക്കുന്നതിനായി അവർ അവരുടെ ഇ-മെയിൽ അഡ്രസ്സ്‌ ഞങ്ങൾക്കു തന്നു.”

 അവരുടെ അടുത്ത ലക്ഷ്യം ആന്റിക്യൂമപാറ്റാ ആയിരുന്നു. അവർ സന്ദർശിച്ച ഏറ്റവും അകലെയുള്ള സ്ഥലമായിരുന്നു അത്‌. ക്ഷീണിതരായ സാക്ഷികൾക്ക്‌ അവരുടെ ഊഞ്ഞാൽകിടക്ക പൊതുസ്ഥലത്ത്‌ കെട്ടാനുള്ള അനുവാദം അവിടത്തെ ഗ്രാമത്തലവൻ കൊടുത്തു. അവിടത്തുകാർ നദിയിലാണ്‌ കുളിച്ചിരുന്നത്‌. യാത്രാസംഘവും നദിയിൽ കുളിച്ചു.

 അവിടെനിന്ന്‌ അവർ അടുത്തുള്ള ട്വംഗേ ഗ്രാമത്തിലേക്കു പോയി. പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ വിഷമിച്ചിരിക്കുന്ന കുറെപേരെ അവർ അവിടെ കണ്ടു. ഈ യാത്രയുടെ സംഘാടകരിൽ ഒരാളായ എറിക്ക്‌ പറയുന്നു: “ആ ഗ്രാമത്തിലെ ഗോത്രത്തലവൻ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായവരെ ആശ്വസിപ്പിക്കാനുള്ള അനുവാദം ഞങ്ങൾക്കു തന്നു. വയനാ ഭാഷയിലുള്ള ബൈബിളിൽനിന്ന്‌ വായിച്ച വാക്യങ്ങൾ ഗോത്രത്തലവനും കുടുംബത്തിനും ഒരുപാട്‌ ഇഷ്ടപ്പെട്ടു. പുനരുത്ഥാനപ്രത്യാശയെക്കുറിച്ചുള്ള വീഡിയോകളും ഞങ്ങൾ അവരെ കാണിച്ചു.”

ഗ്രാന്റ്‌-സാന്റിയിലേക്കും അപ്പറ്റാവോയിലേക്കും

 യാത്രയുടെ അടുത്തഘട്ടം മാരിപസൗലയിൽനിന്ന്‌ തിരിച്ച്‌ ഗ്രാന്റ്‌-സാന്റിയിലേക്കായിരുന്നു, അരമണിക്കൂറത്തെ വിമാനയാത്ര. ചൊവ്വയും ബുധനും സംഘം പ്രദേശവാസികളോടു ബൈബിൾസന്ദേശം അറിയിച്ചു. വ്യാഴാഴ്‌ച മറോനി നദിയിലൂടെ അഞ്ചര മണിക്കൂർ നീളുന്ന മറ്റൊരു യാത്ര, അപ്പറ്റാവോ ഗ്രാമത്തിലേക്ക്‌.

മാരിപസൗലയ്‌ക്കും ഗ്രാന്റ്‌-സാന്റിക്കും ഇടയിലുള്ള മറോനിനദിയും ആമസോൺ മഴക്കാടും.

 പിറ്റേ ദിവസം മുതൽ യാത്രയുടെ അവസാനംവരെയുള്ള ദിവസങ്ങൾ അവർ മറൂൺ ഗോത്രക്കാർ താമസിക്കുന്ന, വനത്തിലെ ഗ്രാമങ്ങൾ സന്ദർശിച്ചു. ഇവർ ആഫ്രിക്കൻ വംശജരാണ്‌. സുരിനാമിൽ കോളനിവാഴ്‌ചയുള്ള സമയത്ത്‌ അടിമകളായാണ്‌ ആഫ്രിക്കൻ വംശജർ അവിടെ എത്തിപ്പെടുന്നത്‌. ആ ഗ്രാമത്തിലുള്ള എല്ലാവരെയും ഒരു മീറ്റിങ്ങിനുവേണ്ടി സാക്ഷികൾ ക്ഷണിച്ചു. എല്ലാവർക്കും കൂടാൻ പറ്റുന്ന താത്‌കാലിക ടെന്റും അവർ അടിച്ചു. “കുറെ ആളുകൾ വരുന്നതു കണ്ടപ്പോൾ ഞങ്ങളുടെ ഹൃദയം സന്തോഷംകൊണ്ട്‌ തുടിച്ചു” എന്നാണ്‌ ക്ലോഡ്‌ പറയുന്നത്‌. “ഞങ്ങൾ അന്നു രാവിലെയാണ്‌ അവിടെയുള്ളവരെ ക്ഷണിച്ചത്‌” ഇതുപോലൊരു അനുഭവം കാസ്റ്റന്‌ ഇത്‌ ആദ്യമായിട്ടാണ്‌. ‘ഈ ജീവിതം മാത്രമാണോ ഉള്ളത്‌?’ എന്ന പൊതുപ്രസംഗം അദ്ദേഹം അന്നു ഔക്കൻ ഭാഷയിൽ നടത്തി. അന്ന്‌ ആ മീറ്റിങ്ങിനു പല ഗ്രാമങ്ങളിൽനിന്നുമായി 91 പേർ വന്നുചേർന്നു.

‘വീണ്ടും അങ്ങോട്ട്‌ പോകാൻ ഞങ്ങൾ തയ്യാറാണ്‌’

 ഒടുവിൽ ആ സംഘം സെയ്‌ന്റ്‌ ലോറന്റ്‌ ഡു മറോനിയിലേക്ക്‌ മടങ്ങിയെത്തി. അവർ പോയ പ്രദേശങ്ങളിലുള്ള ആളുകളുടെ പ്രതികരണം അവരെ ശരിക്കും അതിശയിപ്പിച്ചു. അവിടെയുള്ളവർ യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ ധാരാളം വീഡിയോകൾ കണ്ടു, പ്രസിദ്ധീകരണങ്ങളും വായിച്ചു.

 “ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ പറ്റിയതിന്റെ സന്തോഷം എനിക്ക്‌ പറഞ്ഞ്‌ അറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്‌” എന്നാണ്‌ ലിസ്റ്റ പറയുന്നത്‌. സിൻഡിക്കും അതേ അഭിപ്രായമാണുള്ളത്‌: “എനിക്ക്‌ ഇനിയും അങ്ങോട്ട്‌ പോകാൻ പറ്റിയിരുന്നെങ്കിൽ! അങ്ങനെയൊരു അവസരത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്‌. എന്റെ സന്തോഷം, അനുഭവിച്ച്‌ അറിഞ്ഞാലേ മനസ്സിലാക്കാൻ പറ്റൂ.”

 ഈ അനുഭവങ്ങൾ വീണ്ടും അങ്ങോട്ടു പോകാൻ അവരെ പ്രേരിപ്പിച്ചു. “വീണ്ടും ഇതുപോലെ അവിടെ പോയി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്‌!” എന്നാണ്‌ മൈക്കിൾ പറയുന്നത്‌. വിൻസിലി, സെയ്‌ന്റ്‌ ലോറന്റ്‌ ഡു മറോനിയിലേക്കു താമസം മാറി. 60-കളിലുള്ള ക്ലോഡും ലിസ്‌റ്റയും അപ്പറ്റാവോയിലേക്കു താമസം മാറാൻ തീരുമാനിച്ചിരിക്കുന്നു.