വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ ചികിത്സ സ്വീകരിക്കുന്നവരാണോ?

യഹോവയുടെ സാക്ഷികൾ ചികിത്സ സ്വീകരിക്കുന്നവരാണോ?

 അതെ, യഹോവയുടെ സാക്ഷികൾ മരുന്നും ചികിത്സയും സ്വീകരിക്കുന്നവരാണ്‌. നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ശരീരം പരിപാലിക്കുന്നതിനും ചിലപ്പോഴൊക്കെ ഒരു ‘വൈദ്യനെ (ഡോക്‌ടറെ) ആവശ്യമായി’ വരാറുണ്ട്‌. (ലൂക്കോസ്‌ 5:31) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിയായിരുന്ന ലൂക്കോസിനെപ്പോലെ ഇന്ന്‌ യഹോവയുടെ സാക്ഷികളിൽപ്പെട്ട ചിലർ ഡോക്‌ടർമാരാണ്‌.—കൊലോസ്യർ 4:14.

 എന്നിരുന്നാലും, ചില ചികിത്സാരീതികൾ ബൈബിൾതത്ത്വങ്ങളുമായി യോജിപ്പിലല്ലാത്തതിനാൽ ഞങ്ങൾ അവ നിരസിക്കുന്നു. ഉദാഹരണത്തിന്‌, ഞങ്ങൾ രക്തം സ്വീകരിക്കാറില്ല. കാരണം, ജീവൻ നിലനിറുത്താൻ രക്തം സ്വീകരിക്കുന്നതിനെ ബൈബിൾ വിലക്കുന്നു. (പ്രവൃത്തികൾ 15:20) അതുപോലെ, ഭൂതവിദ്യ ഉൾപ്പെട്ട ചികിത്സാരീതികളെയും നടപടികളെയും ബൈബിൾ കുറ്റംവിധിക്കുന്നു.—ഗലാത്യർ 5:19-21.

 എന്നാൽ, ഭൂരിഭാഗം വരുന്ന ചികിത്സാരീതികളും ബൈബിൾതത്ത്വങ്ങളുമായി യോജിപ്പിലാണ്‌. അതുകൊണ്ട്‌, ഏതു ചികിത്സാരീതി സ്വീകരിക്കണമെന്ന്‌ ഓരോരുത്തർക്കും തിരഞ്ഞെടുക്കാം. യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വ്യക്തിക്ക്‌ സ്വീകാര്യമെന്ന്‌ തോന്നുന്ന ചികിത്സാരീതി മറ്റൊരു സാക്ഷി സ്വീകരിക്കാതിരുന്നേക്കാം.—ഗലാത്യർ 6:5.