വിവരങ്ങള്‍ കാണിക്കുക

ആത്മഹത്യ​യിൽനിന്ന്‌ രക്ഷിക്കു​ന്നു

ആത്മഹത്യ​യിൽനിന്ന്‌ രക്ഷിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട രണ്ടു പേർ വീടു​വീ​ടാ​ന്ത​രം പോയി ആളുക​ളോ​ടു ബൈബിൾവി​ഷ​യ​ങ്ങൾ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. ഒരു വീടിന്റെ കോളിങ്‌ ബെൽ അടിച്ച​പ്പോൾ, ആകെ വിഷണ്ണ​നാ​യ ഒരാൾ വന്ന്‌ കതകു തുറന്നു. അവർ നോക്കി​യ​പ്പോൾ അതാ, ഗോവ​ണി​പ്പ​ടി​യു​ടെ മുകളി​ലാ​യി ഒരു കയർ തൂങ്ങി​ക്കി​ട​ക്കു​ന്നു!

അയാൾ അവരെ അകത്തേക്കു വിളിച്ചു. ആ കയറി​നെ​ക്കു​റിച്ച്‌ ചോദി​ച്ച​പ്പോൾ, താൻ ആത്മഹത്യ ചെയ്യാൻ പോകു​ക​യാ​യി​രു​ന്നെന്ന്‌ അയാൾ തുറന്നു​പ​റ​ഞ്ഞു. പക്ഷേ, കോളിങ്‌ ബെല്ലിന്റെ ശബ്ദം കേട്ട​പ്പോൾ ഈ ഒരൊറ്റ തവണകൂ​ടി വാതിൽ തുറ​ന്നേ​ക്കാ​മെ​ന്നു തീരു​മാ​നി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. സാക്ഷികൾ അയാളെ അനുന​യി​പ്പിച്ച്‌ ഒരു ഡോക്‌ട​റു​ടെ അടുത്ത്‌ കൂട്ടി​ക്കൊ​ണ്ടു​പോ​യി. ഡോക്‌ടർ അയാൾക്ക്‌ വേണ്ട ചികിത്സ നൽകി.

ഈ സംഭവം ഒരു ബെൽജി​യൻ പത്രത്തിൽ വന്നു. എന്നാൽ ആത്മഹത്യ​യിൽനിന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ആരെ​യെ​ങ്കി​ലും പിന്തി​രി​പ്പി​ക്കു​ന്ന ആദ്യത്തെ സംഭവമല്ല ഇത്‌. ലോക​മെ​ങ്ങും ഇതു​പോ​ലു​ള്ള പല സംഭവങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ചില ഉദാഹ​ര​ണ​ങ്ങൾ നോക്കാം.

ഗ്രീസി​ലു​ള്ള ഒരു സ്‌ത്രീ എഴുതി: “എന്റെ ജീവി​ത​പ​ങ്കാ​ളി​യു​ടെ ഭാഗത്തു​നി​ന്നു​ണ്ടാ​യ ഒരു വീഴ്‌ച എന്നെ വലിയ നിരാ​ശ​യി​ലാ​ഴ്‌ത്തി; ഞാൻ വിഷാ​ദ​രോ​ഗ​ത്തിന്‌ അടിമ​യാ​യി. വിഷമം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. ആത്മഹത്യ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തു​ത​ന്നെ എനിക്കു വലി​യൊ​രു ആശ്വാ​സ​മാ​യി​രു​ന്നു—എല്ലാ വേദന​ക​ളിൽനി​ന്നും രക്ഷപ്പെ​ടാ​മ​ല്ലോ!”

പക്ഷേ, ആ സ്‌ത്രീ വൈദ്യ​ചി​കി​ത്സ തേടി. ഏറെ താമസി​യാ​തെ സാക്ഷി​ക​ളെ ക്ഷണിച്ചു​വ​രു​ത്തി ബൈബിൾ പഠിക്കാൻ തുടങ്ങി; അവരുടെ മീറ്റി​ങ്ങു​കൾക്കും പോയി​ത്തു​ട​ങ്ങി. “കിട്ടാൻ ഇക്കാല​മ​ത്ര​യും ഞാൻ കൊതിച്ച ആ കളങ്കമി​ല്ലാ​ത്ത സ്‌നേഹം എന്റെ ആത്മീയ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ എനിക്കു കിട്ടി.” അവർ എഴുതി: “വിശ്വ​സി​ക്കാൻകൊ​ള്ളാ​വുന്ന ആത്മാർഥ​സു​ഹൃ​ത്തു​ക്കൾ ഇന്ന്‌ എനിക്കുണ്ട്‌. നല്ല ശാന്തത​യും സന്തോ​ഷ​വും എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു. ഭാവി​യെ​ക്കു​റിച്ച്‌ ഒരു പേടി​യു​മി​ല്ല.”

ഇംഗ്ലണ്ടി​ലെ ഒരു സാക്ഷി എഴുതി: “ഒരു ദിവസം, എന്റെ ഒരു പരിച​യ​ക്കാ​രി എന്നെ വിളി​ച്ചിട്ട്‌ അവൾ അന്നു രാത്രി ജീവിതം അവസാ​നി​പ്പി​ക്കാൻപോ​കു​ക​യാ​ണെന്നു വളരെ വിഷമ​ത്തോ​ടെ പറഞ്ഞു. ആത്മഹത്യ​യെ​ക്കു​റി​ച്ചു​ള്ള 2008 മെയ്‌ ലക്കം (ഇംഗ്ലീഷ്‌) ഉണരുക!യിലെ ചില ആശയങ്ങൾ ഉപയോ​ഗിച്ച്‌ ഞാൻ അവളോ​ടു സംസാ​രി​ച്ചു. ആശ്വാ​സ​ദാ​യ​ക​മാ​യ ചില ബൈബിൾവാ​ക്യ​ങ്ങ​ളും പറഞ്ഞു​കൊ​ടു​ത്തു. പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഇപ്പോ​ഴു​മു​ണ്ടെ​ങ്കി​ലും, ആത്മഹത്യ​യെ​ക്കു​റിച്ച്‌ അവൾ ഇപ്പോൾ ചിന്തി​ക്കാ​റി​ല്ല.”

ഘാനയി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ മൈക്കിൾ ജോലി ചെയ്യുന്ന സ്ഥാപന​ത്തിൽ, ഒരു യുവതി പതിവാ​യി സാധനങ്ങൾ വിൽക്കാൻ വരാറു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം അവർ ആകെ നിരാ​ശി​ത​യാ​യി കാണ​പ്പെ​ട്ടു. മൈക്കിൾ കാരണം അന്വേ​ഷി​ച്ചു.

അവരുടെ ഭർത്താവ്‌ അവരെ ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീ​യു​ടെ കൂടെ പോയ​ത്രേ. അതു​കൊണ്ട്‌, ജീവിതം അവസാ​നി​പ്പി​ക്കാ​നാ​ണു തന്റെ തീരു​മാ​ന​മെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. മൈക്കിൾ അവരെ ആശ്വസി​പ്പി​ച്ചു, ബൈബി​ളി​ലെ ആശയങ്ങൾ വിശദീ​ക​രി​ക്കു​ന്ന രണ്ടു പുസ്‌ത​ക​വും നൽകി. അതിലെ വിവരങ്ങൾ ആത്മഹത്യ​യിൽനിന്ന്‌ അവരെ പിന്തി​രി​പ്പി​ച്ചു. അവർ ബൈബിൾ പഠിച്ചു, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീർന്നു.

അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ ഈയിടെ ശ്രദ്ധേ​യ​മാ​യ ഒരു പത്രറി​പ്പോർട്ടു വന്നു. പാർക്കു ചെയ്‌തി​രി​ക്കു​ന്ന ഒരു കാർ ഓഫ്‌ ചെയ്യാതെ കിടക്കു​ന്നത്‌, ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രു​ന്ന ഒരു യുവസാ​ക്ഷി​യു​ടെ ശ്രദ്ധയിൽപ്പെ​ട്ടു.

“നാല്‌ ഇഞ്ചിന്റെ ഒരു കുഴൽ വണ്ടിയു​ടെ പുകക്കു​ഴ​ലി​നോ​ടു ബന്ധിച്ചി​രി​ക്കു​ന്ന​തു ഞാൻ കണ്ടു,” ആ ചെറു​പ്പ​ക്കാ​രൻ പറഞ്ഞു. “കുഴലി​ന്റെ മറ്റേ അറ്റം കാറിന്റെ ജനലി​ലൂ​ടെ അകത്തേക്ക്‌ ഇട്ടിരു​ന്നു; ശുദ്ധവാ​യു കയറാത്ത വിധത്തിൽ ആ ജനൽ അടച്ച്‌ ടേപ്പ്‌ ഒട്ടിച്ചി​ട്ടു​മുണ്ട്‌.

“ഞാൻ പെട്ടെന്ന്‌ കാറിന്റെ അടു​ത്തേ​ക്കു ചെന്നു. ജനലിൽക്കൂ​ടി നോക്കി​യ​പ്പോൾ അതാ, ഒരു സ്‌ത്രീ ഇരുന്ന്‌ കരയുന്നു. കാറി​നു​ള്ളിൽ മുഴുവൻ പുകയാണ്‌. ‘നിങ്ങൾ എന്തു പണിയാണ്‌ ഈ കാണി​ക്കു​ന്നത്‌,’ ഞാൻ അലറി.

“കാറിന്റെ വാതിൽ തുറക്കാൻ ചെന്ന​പ്പോൾ പുറകി​ലെ സീറ്റിൽ മൂന്നു കുട്ടികൾ ഇരിക്കു​ന്നു. ഞാൻ വാതിൽ തുറന്നു. അപ്പോൾ ആ സ്‌ത്രീ പറഞ്ഞു: ‘എനിക്കു പോകണം! എനിക്കു പോകണം! എന്റെ കുഞ്ഞു​ങ്ങ​ളെ​യും എനിക്കു കൊണ്ടു​പോ​ക​ണം.’

“‘അവി​വേ​ക​മൊ​ന്നും കാണി​ക്ക​രുത്‌, ഇതല്ല പരിഹാ​രം!’ ഞാൻ പറഞ്ഞു.

“അവർ പറഞ്ഞു: ‘എനിക്കു സ്വർഗ​ത്തിൽ പോകണം; എന്റെ കുഞ്ഞു​ങ്ങ​ളെ​യും എനിക്കു കൊണ്ടു​പോ​ക​ണം.’

“ആ സ്‌ത്രീ അപ്പോ​ഴും കരയു​ക​യാ​യി​രു​ന്നു. ഞാൻ മുട്ടു​കു​ത്തി നിന്നു, എന്റെ കണ്ണുക​ളും നിറഞ്ഞു. ഞാൻ പറഞ്ഞു, ‘ദയവായി അവി​വേ​ക​മൊ​ന്നും കാട്ടരുത്‌.’ എന്നിട്ട്‌ കൈ തോളി​ലൂ​ടെ ഇട്ട്‌ ആ സ്‌ത്രീ​യെ മെല്ലെ കാറിൽനിന്ന്‌ പുറത്തി​റ​ക്കി.

“‘എന്റെ കുഞ്ഞു​ങ്ങ​ളെ​യും രക്ഷിക്കൂ!’ അവർ അപ്പോൾ വിളി​ച്ചു​കൂ​വി.

“കുട്ടികൾ എന്റെ നേരെ കൈ നീട്ടി; നാലും അഞ്ചും വയസ്സു വീതമുള്ള രണ്ടു പെൺകു​ട്ടി​ക​ളും രണ്ടു വയസ്സുള്ള ഒരു ആൺകു​ട്ടി​യും! നിമി​ഷ​ങ്ങൾക്കു​ള്ളിൽ മരിക്കാൻപോ​കു​ക​യാ​ണെ​ന്നൊ​ന്നും അറിയാ​തെ അവർ ആ കാറിന്റെ പിൻസീ​റ്റിൽ നിശ്ശബ്ദ​രാ​യി ഇരിക്കു​ക​യാ​യി​രു​ന്നു.

“നാലു പേരെ​യും പുറത്തി​റ​ക്കി​യ​ശേ​ഷം ഞാൻ കാർ ഓഫ്‌ ചെയ്‌തു. ഞങ്ങൾ അഞ്ചു പേരും​കൂ​ടെ ഒരു മതിലിൽ ഇരുന്നു. ‘വിഷമ​ങ്ങ​ളൊ​ക്കെ തുറന്നു പറയൂ,’ ഞാൻ പറഞ്ഞു.”

സ്രഷ്ടാ​വിൽനി​ന്നുള്ള വില​യേ​റി​യ ഒരു സമ്മാന​മാ​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ജീവനെ കാണു​ന്നത്‌. ആത്മഹത്യ​യി​ലൂ​ടെ പ്രിയ​പ്പെ​ട്ട​വ​രെ നഷ്ടപ്പെ​ട്ട​വർക്ക്‌ ആശ്വാ​സ​മേ​കാ​നും ആത്മഹത്യ​യ്‌ക്കു ശ്രമി​ച്ച​വ​രെ സഹായി​ക്കാ​നും വേണ്ടി ലോക​മെ​ങ്ങു​മു​ള്ള സാക്ഷികൾ പ്രവർത്തി​ക്കു​ന്നു.