വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ

ദൈവത്തെ സ്‌നേ​ഹി​ക്കാ​നാ​കു​ന്നി​ല്ലേ?

ദൈവത്തെ സ്‌നേ​ഹി​ക്കാ​നാ​കു​ന്നി​ല്ലേ?

“‘നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’ ഇതാണ്‌ ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന.”യേശു​ക്രി​സ്‌തു, എ.ഡി. 33 *

ചില ആളുകൾക്ക്‌ ദൈവത്തെ സ്‌നേ​ഹി​ക്കാൻ കഴിയു​ന്നില്ല. ദൈവത്തെ മനസ്സി​ലാ​ക്കാ​നാ​വി​ല്ലെ​ന്നോ ദൈവം നമ്മളിൽനിന്ന്‌ അകന്നു​നിൽക്കു​ന്ന​വ​നാ​ണെ​ന്നോ ക്രൂര​നാ​ണെ​ന്നോ ഒക്കെയാണ്‌ അവർക്ക്‌ തോന്നു​ന്നത്‌. അവരിൽ ചിലർക്ക്‌ പറയാ​നു​ള്ളത്‌ എന്താ​ണെന്ന്‌ നോക്കാം:

  • “സഹായ​ത്തി​നാ​യി ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​മാ​യി​രു​ന്നു. പക്ഷേ അപ്പോ​ഴും എനിക്ക്‌ അടുക്കാൻ പറ്റാത്തത്ര ദൂരെ​യാണ്‌ ദൈവ​മെ​ന്നാണ്‌ എനിക്കു തോന്നി​യത്‌. ദൈവം വികാ​ര​ങ്ങ​ളുള്ള ഒരു വ്യക്തി​യാ​ണെന്ന്‌ എനിക്കു തോന്നി​യില്ല.”—മാർക്കോ, ഇറ്റലി.

  • “ദൈവ​ത്തോട്‌ അടുക്കാൻ ശരിക്കും ആഗ്രഹിച്ച ഒരാളാണ്‌ ഞാൻ. പക്ഷേ ദൈവം എന്നിൽനിന്ന്‌ വളരെ ദൂരെ​യാ​ണെന്ന്‌ എനിക്കു തോന്നി. ദൈവ​ത്തിന്‌ ഒട്ടും മനസ്സലി​വി​ല്ലെ​ന്നും നമ്മളെ ശിക്ഷി​ക്കാൻ മാത്രം നോക്കി​യി​രി​ക്കുന്ന ഒരു കർക്കശ​ക്കാ​ര​നാണ്‌ ദൈവ​മെ​ന്നും ആണ്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌.”—റോസ, ഗ്വാട്ടി​മാല.

  • “ചെറു​പ്പ​ത്തിൽ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌, ദൈവം നമ്മുടെ കുറ്റങ്ങൾ കണ്ടുപി​ടിച്ച്‌ ശിക്ഷി​ക്കാ​നി​രി​ക്കുന്ന ഒരാളാണ്‌ എന്നാണ്‌. വലുതാ​യ​പ്പോൾ എനിക്കു തോന്നി ദൈവം ഒരു പ്രധാ​ന​മ​ന്ത്രി​യെ​പ്പോ​ലെ​യാ​ണെന്ന്‌. അങ്ങ്‌ അകലെ​യി​രുന്ന്‌ ജനങ്ങളു​ടെ കാര്യ​ങ്ങ​ളൊ​ക്കെ നോക്കു​മെ​ങ്കി​ലും അവരോട്‌ ഒരു അടുപ്പ​മോ താത്‌പ​ര്യ​മോ ഇല്ല.”—റെയ്‌മണ്ട്‌, കാനഡ.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? സ്‌നേ​ഹി​ക്കാൻ പറ്റാത്ത ആളാണോ ദൈവം? മതഭക്ത​രായ ആളുകൾപോ​ലും കാലങ്ങ​ളാ​യി ചോദി​ക്കുന്ന ഒരു ചോദ്യ​മാണ്‌ ഇത്‌. ക്രൈ​സ്‌ത​വ​സ​ഭ​ക​ളി​ലെ മിക്ക അംഗങ്ങ​ളും ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻപോ​ലും മടിച്ചി​രുന്ന ഒരു കാലമു​ണ്ടാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ അവർ പ്രാർഥി​ക്കാ​തി​രു​ന്നത്‌? അവർക്ക്‌ ദൈവത്തെ അത്രയ്‌ക്കും പേടി​യാ​യി​രു​ന്നു. ചരി​ത്ര​കാ​ര​നായ വിൽ ഡ്യൂറന്റ്‌ അതി​നെ​ക്കു​റിച്ച്‌ ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “പാപി​യായ ഒരു സാധാരണ മനുഷ്യന്‌ അങ്ങ്‌ അകലെ​യുള്ള ഭയങ്കര​മായ സിംഹാ​സ​ന​ത്തി​ലേക്ക്‌ പ്രാർഥ​ന​യു​മാ​യി ചെല്ലാൻ എങ്ങനെ ധൈര്യം വരാനാണ്‌?”

“അങ്ങ്‌ അകലെ​യുള്ള ഭയങ്കര​മായ സിംഹാ​സ​ന​ത്തി​ലി​രി​ക്കുന്ന” ഒരാളാ​യി ആളുകൾ ദൈവത്തെ കാണാൻ തുടങ്ങി​യത്‌ എങ്ങനെ​യാണ്‌? ബൈബിൾ ശരിക്കും ദൈവ​ത്തെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അറിഞ്ഞാൽ നിങ്ങൾക്ക്‌ ദൈവത്തെ സ്‌നേ​ഹി​ക്കാ​നാ​കു​മോ?