വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ—സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടം

ബൈബിൾ—സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടം

ചരിത്രത്തിലുടനീളം പല പശ്ചാത്ത​ല​ത്തി​ലുള്ള ആളുകൾ ബൈബി​ളി​നെ സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടമായി കണ്ടിട്ടുണ്ട്‌. ഇന്ന്‌ ലക്ഷങ്ങൾ ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്നു. എന്നാൽ മറ്റനേകർ ബൈബി​ളി​നെ വെറും കെട്ടു​ക​ഥ​യാ​യി​ട്ടോ കാലഹ​ര​ണ​പ്പെട്ട പുസ്‌ത​ക​മാ​യി​ട്ടോ ആണ്‌ കാണു​ന്നത്‌. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ബൈബി​ളിൽ സത്യം കണ്ടെത്താൻ കഴിയു​മോ?

നിങ്ങൾക്ക്‌ ബൈബി​ളിൽ വിശ്വ​സി​ക്കാം, എന്തു​കൊണ്ട്‌?

നിങ്ങൾക്കു ബൈബി​ളിൽ വിശ്വ​സി​ക്കാ​നാ​കു​മെന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ ഒരു സുഹൃത്ത്‌ വർഷങ്ങ​ളാ​യി നിങ്ങ​ളോ​ടു സത്യം മാത്രമേ സംസാ​രി​ച്ചി​ട്ടു​ള്ളൂ എന്നു കരുതുക. അദ്ദേഹത്തെ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി നിങ്ങൾ കാണില്ലേ? ഈ സുഹൃ​ത്തി​നെ​പ്പോ​ലെ ബൈബി​ളും എപ്പോ​ഴും സത്യമായ കാര്യ​ങ്ങ​ളാ​ണോ പറഞ്ഞി​രി​ക്കു​ന്നത്‌? ചില ഉദാഹ​ര​ണങ്ങൾ നോക്കി​യാ​ലോ?

സത്യസന്ധരായ എഴുത്തു​കാർ

ബൈബിളെഴുത്തുകാർ സത്യസ​ന്ധ​രാ​യി​രു​ന്നു. പലപ്പോ​ഴും അവർക്കു പറ്റിയ തെറ്റു​ക​ളും വീഴ്‌ച​ക​ളും അവർ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യോന പ്രവാ​ചകൻ തന്റെ അനുസ​ര​ണ​ക്കേ​ടി​നെ​ക്കു​റിച്ച്‌ എഴുതി. (യോന 1:1-3) യോന തന്റെ പേരി​ലുള്ള ബൈബിൾപു​സ്‌തകം അവസാ​നി​പ്പി​ക്കു​ന്നതു ദൈവം തന്നെ തിരു​ത്തിയ കാര്യം പറഞ്ഞു​കൊ​ണ്ടാണ്‌. എന്നാൽ തന്റെ മനോ​ഭാ​വ​ത്തിന്‌ എങ്ങനെ​യാ​ണു മാറ്റം വരുത്തി​യത്‌ എന്ന കാര്യം പറഞ്ഞു​കൊണ്ട്‌ തന്നി​ലേക്കു ശ്രദ്ധ തിരി​ക്കാ​നൊ​ന്നും യോന ശ്രമി​ച്ചില്ല. (യോന 4:1, 4, 10, 11) ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ സത്യസന്ധത സത്യം മറ്റുള്ളവർ അറിയ​ണ​മെന്ന അവരുടെ ആത്മാർഥ​മായ താത്‌പ​ര്യ​ത്തെ കാണി​ക്കു​ന്നു.

പ്രായോഗികമായ സത്യങ്ങൾ

നിത്യജീവിതത്തിൽ പ്രയോ​ഗ​ത്തിൽ വരുത്താൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എപ്പോ​ഴും നല്ല ഉപദേ​ശ​മാ​ണോ തരുന്നത്‌? തീർച്ച​യാ​യും. ഉദാഹ​ര​ണ​ത്തിന്‌, നല്ല ബന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബി​ളി​നു പറയാ​നു​ള്ളതു ശ്രദ്ധി​ക്കുക. “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം.” (മത്തായി 7:12) “സൗമ്യ​മായ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു; എന്നാൽ പരുഷ​മായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.” (സുഭാ​ഷി​തങ്ങൾ 15:1) ബൈബിൾസ​ത്യ​ങ്ങൾ എഴുതിയ സമയ​ത്തേ​തു​പോ​ലെ​തന്നെ ഇപ്പോ​ഴും പ്രാ​യോ​ഗി​ക​മാണ്‌.

ചരി​ത്ര​സ​ത്യം

ബൈബിളിൽ പറഞ്ഞി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും സ്ഥലങ്ങ​ളെ​ക്കു​റി​ച്ചും വ്യത്യ​സ്‌ത​തരം ആളുക​ളെ​ക്കു​റി​ച്ചും ഉള്ള എല്ലാ വിശദാം​ശ​ങ്ങ​ളും കൃത്യ​മാ​ണെന്നു വർഷങ്ങ​ളാ​യുള്ള പല പുരാ​വ​സ്‌തു ഗവേഷ​ണ​ങ്ങ​ളി​ലും തെളി​ഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​മാ​യി ഒരു ചെറിയ കാര്യം നോക്കാം. നെഹമ്യ​യു​ടെ കാലത്ത്‌ യരുശ​ലേ​മിൽ താമസി​ച്ചി​രുന്ന സോർനി​വാ​സി​കൾ (സോരിൽനി​ന്നുള്ള ഫൊയ്‌നി​ക്യ​കാർ) ‘മത്സ്യവും എല്ലാ തരം വ്യാപാ​ര​ച്ച​ര​ക്കു​ക​ളും കൊണ്ടു​വന്നു’ എന്ന്‌ ബൈബിൾ പറയുന്നു.—നെഹമ്യ 13:16.

ഈ ബൈബിൾവാ​ക്യം ശരിയാ​ണെന്നു തെളി​യി​ക്കുന്ന എന്തെങ്കി​ലും തെളി​വു​ക​ളു​ണ്ടോ? ഉണ്ട്‌. പുരാ​വ​സ്‌തു​ഗ​വേ​ഷകർ ഇസ്രാ​യേ​ലിൽ ഫൊയ്‌നി​ക്യൻ സാധനങ്ങൾ കണ്ടെടു​ത്തി​ട്ടുണ്ട്‌. ഇതു കാണി​ക്കു​ന്നത്‌ ഫൊയ്‌നി​ക്യ​കാ​രും ഇസ്രാ​യേ​ല്യ​രും തമ്മിൽ വ്യാപാ​ര​യി​ട​പാ​ടു​കൾ ഉണ്ടായി​രു​ന്നെ​ന്നാണ്‌. ഇതിനു പുറമേ യരുശ​ലേ​മിൽ നടന്ന ചില ഖനനങ്ങ​ളിൽ മെഡി​റ്റ​റേ​നി​യൻ മത്സ്യത്തി​ന്റെ അവശി​ഷ്ട​ങ്ങ​ളും കണ്ടെടു​ത്തി​ട്ടുണ്ട്‌. ഗവേഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ ദൂര​ദേ​ശ​ത്തുള്ള ഈ മത്സ്യം വ്യാപാ​ര​യി​ട​പാ​ടു​ക​ളി​ലൂ​ടെ ആയിരി​ക്കാം ഇവിടെ എത്തിയത്‌. തെളി​വു​കൾ വിശക​ലനം ചെയ്‌ത ഒരു പണ്ഡിതൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “നെഹമ്യ 13:16-ലെ പ്രസ്‌താ​വന സോരി​ലു​ള്ളവർ യരു​ശേ​ല​മിൽ മത്സ്യം വിറ്റി​രു​ന്നു എന്നതു ശരി​വെ​ക്കു​ന്നു.”

ശാസ്‌ത്രീയസത്യം

ബൈബിൾ പ്രധാ​ന​മാ​യും മതപര​വും ചരി​ത്ര​പ​ര​വും ആയ വിശദാം​ശങ്ങൾ തരുന്ന ഒരു പുസ്‌ത​ക​മാണ്‌. എന്നാൽ ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നി​ട​ത്തെ​ല്ലാം അതു വളരെ കൃത്യ​വു​മാണ്‌. ഒരു ഉദാഹ​രണം നോക്കാം.

ഭൂമി “ശൂന്യ​ത​യിൽ” നിൽക്കു​ന്നു എന്ന്‌ ഏതാണ്ട്‌ 3,500 വർഷങ്ങൾക്കു മുമ്പ്‌ ബൈബി​ളിൽ പറഞ്ഞി​രു​ന്നു. (ഇയ്യോബ്‌ 26:7) ഭൂമി വെള്ളത്തിൽ പൊന്തി​ക്കി​ട​ക്കു​ന്നെ​ന്നും അല്ലെങ്കിൽ ഭീമൻ ആമയുടെ പുറത്താ​ണു ഭൂമി​യെ​ന്നും ഒക്കെയുള്ള സങ്കൽപ്പ​ങ്ങ​ളിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മായ ഒരു കാര്യം! ഇയ്യോ​ബി​ന്റെ പുസ്‌തകം എഴുതി 1,100 വർഷങ്ങൾ കഴിഞ്ഞി​ട്ടും ഭൂമി ശൂന്യ​ത​യിൽ നിൽക്കു​ന്നു എന്നു വിശ്വ​സി​ക്കാൻ ആളുകൾ മടിച്ചു. ഒരു താങ്ങു​മി​ല്ലാ​തെ ഭൂമിക്ക്‌ എങ്ങനെ നിൽക്കാൻ പറ്റും എന്നായി​രു​ന്നു അവരുടെ ചിന്ത. ഏകദേശം 300 വർഷങ്ങൾക്കു മുമ്പ്‌, 1687-ൽ ഐസക്‌ ന്യൂട്ടൺ ഗുരു​ത്വാ​കർഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ കൃതി പുറത്തി​റക്കി. ഗുരു​ത്വാ​കർഷണം പോലുള്ള ചില പ്രകൃ​തി​നി​യ​മ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഭൂമി അതിന്റെ ഭ്രമണ​പ​ഥ​ത്തിൽ കറങ്ങുന്നു എന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. നാഴി​ക​ക്ക​ല്ലായ ഈ ശാസ്‌ത്രീയ കണ്ടുപി​ടി​ത്തം 3,000 വർഷങ്ങൾക്കു മുമ്പ്‌ ബൈബി​ളിൽ പറഞ്ഞതു ശരിയാ​ണെന്നു ഉറപ്പാ​ക്കു​ന്നു!

പ്രാവ​ച​നി​ക​സ​ത്യം

ബൈബി​ളി​ലെ പ്രവച​നങ്ങൾ എത്ര​ത്തോ​ളം കൃത്യ​ത​യു​ള്ള​താണ്‌? ഒരു ഉദാഹ​രണം നോക്കാം: ബാബി​ലോ​ണി​ന്റെ വീഴ്‌ച​യെ​ക്കു​റി​ച്ചുള്ള യശയ്യയു​ടെ പ്രവചനം.

പ്രവചനം: ബി.സി. എട്ടാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യശയ്യ ബാബി​ലോ​ണി​നെ​ക്കു​റിച്ച്‌ ഒരു പ്രവചനം നടത്തി. ബാബി​ലോൺ ശക്തമായ ഒരു സാമ്രാ​ജ്യം ആയിത്തീ​രു​ന്ന​തി​നു മുമ്പേ ആയിരു​ന്നു അത്‌. ബാബി​ലോൺ നഗരം പിടി​ച്ച​ട​ക്കു​ക​യും അത്‌ ആൾപ്പാർപ്പി​ല്ലാത്ത ഒരിട​മാ​യി​ത്തീ​രു​ക​യും ചെയ്യു​മെ​ന്നാണ്‌ അദ്ദേഹം പ്രവചി​ച്ചത്‌. (യശയ്യ 13:17-20) ഈ ദൗത്യം നിർവ​ഹി​ക്കുന്ന ആളുടെ പേരു​പോ​ലും (കോ​രെശ്‌) യശയ്യ മുൻകൂ​ട്ടി പറഞ്ഞു. ‘നദികൾ വറ്റിച്ചു​ക​ള​ഞ്ഞു​കൊ​ണ്ടാ​യി​രി​ക്കും’ കോ​രെശ്‌ തന്റെ പദ്ധതി നടപ്പി​ലാ​ക്കുക എന്നു​പോ​ലും യശയ്യ വിശദീ​ക​രി​ച്ചു. നഗരക​വാ​ടങ്ങൾ തുറന്നു​കി​ട​ക്കു​മെ​ന്നും അദ്ദേഹം മുൻകൂ​ട്ടി പറഞ്ഞു.—യശയ്യ 44:27–45:1.

നിവൃത്തി: യശയ്യയു​ടെ പ്രവച​ന​ത്തി​നു 200 വർഷങ്ങൾക്കു​ശേഷം ഒരു പേർഷ്യൻ രാജാവ്‌ ബാബി​ലോ​ണി​നെ ആക്രമി​ച്ചു. ആരായി​രു​ന്നു അത്‌? കോ​രെശ്‌. അദ്ദേഹ​ത്തി​നു ബാബി​ലോ​ണി​ന്റെ ഉള്ളിൽ കടക്കാൻ ശക്തമായ കോട്ട​ക​ളും നഗരത്തി​ലൂ​ടെ ഒഴുകുന്ന യൂഫ്ര​ട്ടീസ്‌ നദിയും മറിക​ട​ക്ക​ണ​മാ​യി​രു​ന്നു. അതിനാ​യി അദ്ദേഹ​വും കൂടെ​യു​ള്ള​വ​രും വലിയ ഒരു കനാൽ നിർമി​ച്ചു​കൊണ്ട്‌ വെള്ളത്തി​ന്റെ ദിശ ഒരു ചതുപ്പു​നി​ല​ത്തേക്കു തിരി​ച്ചു​വി​ടു​ന്നു. ഇങ്ങനെ ചെയ്‌തു​കൊണ്ട്‌ നദിയി​ലെ വെള്ളത്തി​ന്റെ അളവ്‌ കുറയ്‌ക്കാൻ അവർക്കാ​യി. മുട്ടോ​ളം വെള്ളത്തിൽ കോ​രെ​ശി​നും സൈന്യ​ത്തി​നും നഗരത്തി​നു​ള്ളി​ലേക്കു കടക്കാൻ കഴിഞ്ഞു. അതിശ​യ​ക​ര​മായ മറ്റൊരു കാര്യം, ബാബി​ലോ​ണി​യർ നദീമു​ഖ​ത്തേ​ക്കു​ണ്ടാ​യി​രുന്ന കവാടം തുറന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു എന്നതാണ്‌. കോ​രെ​ശും സൈന്യ​വും തുറന്നിട്ട ആ കവാട​ത്തി​ലൂ​ടെ കയറി അതിനെ കീഴടക്കി.

എന്നാൽ പ്രവച​ന​ത്തി​ലെ ഒരു വിശദാം​ശം നിറ​വേ​റാൻ ബാക്കി​യു​ണ്ടാ​യി​രു​ന്നു. യശയ്യ പറഞ്ഞതു​പോ​ലെ ബാബി​ലോൺ ആൾപ്പാർപ്പി​ല്ലാത്ത ഇടമാ​യി​ത്തീർന്നോ? കുറച്ച്‌ നാൾ ആളുകൾ അവിടെ ജീവി​ച്ചി​രു​ന്നു. എങ്കിലും, ഇന്ന്‌ അതിന്റെ സ്ഥിതി​യോ? ഇന്നത്തെ ഇറാഖി​ലെ ബാഗ്‌ദാ​ദിന്‌ അടുത്തുള്ള ആ സ്ഥലം നാശകൂ​മ്പാ​ര​മാ​യി കിടക്കു​ന്നു. ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ പൂർണ​നി​വൃ​ത്തി​യാണ്‌ അത്‌. ഭാവി കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആശ്രയ​യോ​ഗ്യ​മായ വിവര​ങ്ങ​ളാ​ണു ബൈബിൾ നൽകു​ന്നത്‌.