വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ കരുതൽ നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

ദൈവ​ത്തി​ന്റെ കരുതൽ നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

മുറി​വു​കൾ പെട്ടെന്ന്‌ ഉണങ്ങാ​നുള്ള അത്ഭുത​ക​ര​മായ പ്രാപ്‌തി​യോ​ടെ​യാണ്‌ ദൈവം നമ്മുടെ ശരീരം ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. ആരോ​ഗ്യ​മുള്ള ഒരു ശരീര​ത്തിൽ ഒരു മുറി​വോ പോറ​ലോ ചതവോ ഉണ്ടായാൽ രക്തവാർച്ച നിറു​ത്താ​നും മുറിവ്‌ കൂടി​ച്ചേ​രാ​നും കലകൾ ശക്തമാ​ക്കാ​നും ഉള്ള പ്രവർത്തനം ശരീരം ഉടൻതന്നെ തുടങ്ങും.

ചിന്തിക്കൂ: മുറി​വു​കൾ ഉണങ്ങാ​നുള്ള പ്രാപ്‌തി​യോ​ടെ നമ്മുടെ ശരീരം ഉണ്ടാക്കിയ സ്രഷ്ടാവ്‌ നമ്മുടെ വൈകാ​രി​ക​ക്ഷ​ത​ങ്ങ​ളും ഉണങ്ങാൻ സഹായി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്യു​മ്പോൾ നമുക്ക്‌ അതു വിശ്വ​സി​ക്കാ​നാ​കി​ല്ലേ? “ഹൃദയം തകർന്ന​വരെ ദൈവം സുഖ​പ്പെ​ടു​ത്തു​ന്നു; അവരുടെ മുറി​വു​കൾ വെച്ചു​കെ​ട്ടു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ എഴുതി. (സങ്കീർത്തനം 147:3) ഏതെങ്കി​ലും കാരണം​കൊണ്ട്‌ നിങ്ങൾ മാനസി​ക​മാ​യി മുറി​വേ​റ്റി​രി​ക്കു​ക​യാ​ണെ​ങ്കിൽ ഇപ്പോൾത്തന്നെ ദൈവം നിങ്ങളു​ടെ ആ മുറിവ്‌ ഉണക്കും. അല്ലെങ്കിൽ ഭാവി​യിൽ നിശ്ചയ​മാ​യും യഹോവ അങ്ങനെ​ത്തന്നെ ചെയ്യും. എന്തു​കൊണ്ട്‌ ഇതു വിശ്വ​സി​ക്കാം?

ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

ദൈവം ഇങ്ങനെ ഉറപ്പു തരുന്നു: “പേടി​ക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും.” (യശയ്യ 41:10) യഹോ​വ​യ്‌ക്കു തന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു വിശ്വ​സി​ക്കുന്ന ഒരാൾക്ക്‌ എപ്പോ​ഴും സമാധാ​ന​മു​ണ്ടാ​യി​രി​ക്കും, പ്രശ്‌ന​ങ്ങളെ നേരി​ടാ​നുള്ള കരുത്തു​മു​ണ്ടാ​യി​രി​ക്കും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ ശാന്തതയെ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” എന്നാണു വിശേ​ഷി​പ്പി​ച്ചത്‌. “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു” എന്നും പൗലോസ്‌ പറഞ്ഞു.—ഫിലി​പ്പി​യർ 4:4-7, 9, 13.

മനുഷ്യർക്കു​വേണ്ടി ഭാവി​യിൽ ചെയ്യു​മെന്നു യഹോവ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ വിശ്വ​സി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ വെളി​പാട്‌ 21:4, 5 ദൈവം എന്തു ചെയ്യു​മെ​ന്നും അത്‌ ചെയ്യു​മെന്നു നമുക്ക്‌ എന്തു​കൊ​ണ്ടു വിശ്വ​സി​ക്കാ​മെ​ന്നും പറയുന്നു:

  • മനുഷ്യ​രു​ടെ കണ്ണുക​ളിൽനിന്ന്‌ ‘ദൈവം കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.’ യഹോവ നമ്മുടെ എല്ലാ ദുരി​ത​ങ്ങ​ളും ആകുല​ത​ക​ളും, മറ്റുള്ള​വർക്കു നിസ്സാ​ര​മെന്നു തോന്നു​ന്ന​വ​പോ​ലും, ഇല്ലാതാ​ക്കും.

  • സ്വർഗീയ “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ,” സകല സൃഷ്ടി​ക​ളു​ടെ​യും സർവശ​ക്ത​നായ രാജാവ്‌, നമ്മുടെ ദുരി​തങ്ങൾ ഇല്ലാതാ​ക്കാ​നും നമുക്ക്‌ ആവശ്യ​മായ സഹായം തരാനും തന്റെ ശക്തിയും അധികാ​ര​വും ഉപയോ​ഗി​ക്കും.

  • തന്റെ വാഗ്‌ദാ​നങ്ങൾ ‘സത്യമാ​ണെ​ന്നും അവ വിശ്വ​സി​ക്കാ​മെ​ന്നും’ യഹോവ ഉറപ്പു തരുന്നു. താൻ പറഞ്ഞതു​പോ​ലെ ചെയ്‌തി​ല്ലെ​ങ്കിൽ സത്യ​ദൈവം എന്ന തന്റെ സത്‌പേ​രി​നു കളങ്കം വരും. അതു​കൊണ്ട്‌ ദൈവം തീർച്ച​യാ​യും അവ നിവർത്തി​ക്കും.

“‘ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!’ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു’ എന്നു പറഞ്ഞു. ‘എഴുതുക, ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വ​സി​ക്കാം’ എന്നും ദൈവം പറഞ്ഞു.”—വെളി​പാട്‌ 21:4, 5.

പ്രപഞ്ച​വും ബൈബി​ളും നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്റെ വ്യക്തി​ത്വ​വും ഗുണങ്ങ​ളും വെളി​പ്പെ​ടു​ത്തു​ന്നു. ‘ദൈവത്തെ ഒരു സുഹൃ​ത്തി​നെ​പ്പോ​ലെ അടുത്ത്‌ അറിയൂ’ എന്നു സൃഷ്ടികൾ പറയാതെ പറയു​മ്പോൾ ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.” (യാക്കോബ്‌ 4:8) “ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്നു പ്രവൃ​ത്തി​കൾ 17:27 പറയുന്നു.

ദൈവത്തെ അറിയാൻ ശ്രമി​ക്കു​മ്പോൾ “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വനാ”ണെന്നു നിങ്ങൾക്കു കൂടുതൽ ഉറപ്പു കിട്ടും. (1 പത്രോസ്‌ 5:7) അങ്ങനെ ഒരു ഉറപ്പു​ണ്ടാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​ങ്ങ​ളാ​ണു​ള്ളത്‌?

ജപ്പാനി​ലെ ടോറു​വി​ന്റെ കാര്യം നോക്കാം. ക്രിസ്‌തീ​യ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വളർന്ന​തെ​ങ്കി​ലും അദ്ദേഹം ജപ്പാനി​ലെ യക്കൂസ എന്ന ഗുണ്ടാ​സം​ഘ​ത്തിൽ ചേർന്നു. അദ്ദേഹം പറയുന്നു: “ദൈവ​ത്തിന്‌ എന്നോടു വെറു​പ്പാ​ണെ​ന്നാണ്‌ ഞാൻ വിശ്വ​സി​ച്ചി​രു​ന്നത്‌. എന്റെ കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ, പ്രത്യേ​കിച്ച്‌ പ്രിയ​പ്പെ​ട്ട​വ​രു​ടെ, മരണം ദൈവ​ശി​ക്ഷ​യാ​ണെന്ന്‌ എനിക്കു തോന്നി.” അക്രമങ്ങൾ നിറഞ്ഞ ചുറ്റു​പാ​ടും തന്റെ മാനസി​കാ​വ​സ്ഥ​യും തന്നെ ഒരു “കഠിന​ഹൃ​ദ​യ​നും നിർവി​കാ​ര​നും” ആക്കി​യെന്നു ടോറു പറയുന്നു. തന്റെ ജീവി​താ​ഭി​ലാ​ഷ​ത്തെ​ക്കു​റിച്ച്‌ ടോറു പറയുന്നു: “എന്നെക്കാൾ പ്രശസ്‌ത​നായ ഒരാളെ കൊന്ന്‌ പേരെ​ടു​ത്തിട്ട്‌ ചെറു​പ്പ​ത്തിൽത്തന്നെ മരിക്ക​ണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം.”

എന്നാൽ ടോറു​വും ഭാര്യ​യായ ഹന്നയും ബൈബിൾ പഠിച്ച​പ്പോൾ ടോറു തന്റെ കാഴ്‌ച​പ്പാ​ടി​ലും ജീവി​ത​ത്തി​ലും വലിയ മാറ്റങ്ങൾ വരുത്തി. “ആ മാറ്റങ്ങൾ വളരെ വ്യക്തമാ​യി​രു​ന്നു” എന്നു ഹന്ന പറയുന്നു. ഇപ്പോൾ ടോറു ഉറപ്പോ​ടെ ഇങ്ങനെ പറയുന്നു: “നമ്മളെ ഒരോ​രു​ത്ത​രെ​ക്കു​റി​ച്ചും ചിന്തയുള്ള ഒരു ദൈവം ശരിക്കു​മുണ്ട്‌. ആരും​തന്നെ മരിക്കാൻ ആ ദൈവം ആഗ്രഹി​ക്കു​ന്നില്ല. തങ്ങളുടെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ മാനസാ​ന്ത​ര​മുള്ള ഒരാ​ളോ​ടു ക്ഷമിക്കാൻ ദൈവം തയ്യാറാണ്‌. മറ്റാ​രോ​ടും പറയാ​നോ മറ്റാർക്കും മനസ്സി​ലാ​ക്കാ​നോ കഴിയാത്ത കാര്യങ്ങൾ നമ്മൾ ദൈവ​ത്തോ​ടു പറയു​മ്പോൾ ദൈവം കേൾക്കും. സമീപ​ഭാ​വി​യിൽ യഹോവ എല്ലാ പ്രശ്‌ന​ങ്ങ​ളും ദുരി​ത​ങ്ങ​ളും വേദന​യും ഇല്ലാതാ​ക്കും. ഇപ്പോൾപ്പോ​ലും നമ്മൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത രീതി​യിൽ ദൈവം നമ്മളെ സഹായി​ക്കു​ന്നു. നമ്മൾ വിഷമി​ച്ചി​രി​ക്കു​മ്പോൾ ദൈവം നമുക്കു​വേണ്ടി കരുതു​ക​യും നമ്മളെ സഹായി​ക്കു​ക​യും ചെയ്യുന്നു.”—സങ്കീർത്തനം 136:23.

ദൈവ​ത്തിന്‌ ദുരി​ത​ങ്ങ​ളും കണ്ണുനീ​രും ഇല്ലാതാ​ക്കാൻ കഴിയു​മെ​ന്നും ഉടൻതന്നെ അങ്ങനെ ചെയ്യു​മെ​ന്നും അറിയു​ന്നത്‌ നമുക്കു ഭാവി​യെ​ക്കു​റിച്ച്‌ ഒരു ഉറച്ച പ്രത്യാശ മാത്രമല്ല ഇപ്പോൾത്തന്നെ നന്നായി ജീവി​ക്കാ​നുള്ള ഒരു പ്രചോ​ദ​ന​വും നൽകുന്നു. അതാണ്‌ ടോറു​വി​ന്റെ അനുഭവം കാണി​ക്കു​ന്നത്‌. അതെ, ദുരി​തങ്ങൾ നിറഞ്ഞ ഈ ലോക​ത്തിൽപ്പോ​ലും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ​ര​മായ കരുത​ലിൽനിന്ന്‌ നിങ്ങൾക്കു പ്രയോ​ജനം നേടാൻ കഴിയും.