വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

സ്‌തം​ഭ​ത്തിൽ തറച്ച്‌ കൊന്ന ഒരാൾക്കു റോമാ​ക്കാർ മാന്യ​മായ ശവസം​സ്‌കാ​രം അനുവ​ദി​ച്ചി​രു​ന്നോ?

യേശു​വി​നെ രണ്ടു കുറ്റവാ​ളി​ക​ളു​ടെ നടുക്ക്‌, ഒരു സ്‌തം​ഭ​ത്തിൽ തറച്ച്‌ കൊന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം പലർക്കും അറിയാം. (മത്താ. 27:35-38) മരണ​ശേഷം യേശു​വി​നെ ഒരു കല്ലറയിൽ അടക്കി​യെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. എന്നാൽ അതു സത്യമാ​ണോ എന്നതി​നെ​ക്കു​റിച്ച്‌ പല തർക്കങ്ങ​ളും നടക്കു​ന്നുണ്ട്‌.—മർക്കോ. 15:42-46.

വധശിക്ഷ കിട്ടിയ ഒരാളെ മാന്യ​മായ രീതി​യിൽ കല്ലറയിൽ അടക്കു​മെന്നു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെ​ന്നാ​ണു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ സംശയം പ്രകടി​പ്പി​ക്കുന്ന ചില വിമർശ​ക​രു​ടെ അഭി​പ്രാ​യം. പലരും അങ്ങനെ ചിന്തി​ക്കാ​നുള്ള കാരണ​ത്തെ​ക്കു​റിച്ച്‌ എഴുത്തു​കാ​ര​നായ ഏരിയൽ സബാർ സ്‌മി​ത്ത്‌സോ​ണി​യൻ മാസി​ക​യിൽ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “സമൂഹ​ത്തി​ലെ ഏറ്റവും മോശം ആളുകൾക്കു നൽകി​യി​രുന്ന ശിക്ഷയാ​യി​രു​ന്നു കുരി​ശു​മ​രണം. അങ്ങനെ​യു​ള്ള​വർക്കു റോമാ​ക്കാർ മാന്യ​മായ ഒരു ശവസം​സ്‌കാ​രം നൽകു​മെന്നു ചിന്തി​ക്കാൻപോ​ലും പറ്റില്ല എന്നാണു ചില പണ്ഡിത​ന്മാ​രു​ടെ അഭി​പ്രാ​യം.” കുറ്റവാ​ളി​കൾക്ക്‌ ഏറ്റവും നിന്ദ വരുത്തുന്ന തരം ശിക്ഷ നൽകാ​നാ​ണു റോമാ​ക്കാർ ശ്രമി​ച്ചി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ കുറ്റവാ​ളി​ക​ളു​ടെ ശവം മൃഗങ്ങ​ളും പക്ഷിക​ളും മറ്റും തിന്നാൻവേണ്ടി സ്‌തം​ഭ​ത്തിൽത്തന്നെ ഉപേക്ഷി​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. എന്തെങ്കി​ലും ബാക്കി വരു​ന്നെ​ങ്കിൽ അതു പൊതു​ശ്‌മ​ശാ​ന​ത്തിൽ തള്ളുക​യും ചെയ്യു​മാ​യി​രു​ന്നു.

എന്നാൽ കുറ്റവാ​ളി​ക​ളാ​യി വധിക്ക​പ്പെട്ട ചില ജൂതന്മാ​രു​ടെ കാര്യ​ത്തിൽ ഇതിന്‌ ഒരു വ്യത്യാ​സ​മു​ള്ള​താ​യി തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. ചിലരു​ടെ മൃതശ​രീ​ര​ത്തി​ന്റെ അവശി​ഷ്ട​ങ്ങ​ളെ​ങ്കി​ലും സംസ്‌ക​രി​ച്ചു എന്നതിന്റെ തെളി​വു​കൾ പുരാ​വ​സ്‌തു ഗവേഷ​കർക്കു കിട്ടി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഒന്നാം നൂറ്റാ​ണ്ടിൽ വധിക്ക​പ്പെട്ട ഒരാളു​ടെ അസ്ഥികൂ​ട​ത്തി​ന്റെ അവശി​ഷ്ടങ്ങൾ 1968-ൽ കണ്ടെത്തി. യരുശ​ലേ​മിന്‌ അടുത്തുള്ള ഒരു ജൂത കുടും​ബ​ക്ക​ല്ല​റ​യിൽനി​ന്നാണ്‌ അതു കിട്ടി​യത്‌. മരിച്ച​വ​രു​ടെ അസ്ഥികൾ സൂക്ഷി​ക്കുന്ന ഒരു പെട്ടി​ക്കു​ള്ളി​ലാ​യി​രു​ന്നു അത്‌. അക്കൂട്ട​ത്തിൽ ഉപ്പൂറ്റി​യു​ടെ അസ്ഥിയു​മു​ണ്ടാ​യി​രു​ന്നു. 11.5 സെന്റി​മീ​റ്റർ (4.5 ഇഞ്ച്‌) നീളമുള്ള ഇരുമ്പാ​ണി​കൊണ്ട്‌ ഒരു മരക്കഷ​ണ​ത്തിൽ തറച്ച നിലയി​ലാ​യി​രു​ന്നു അത്‌. അതെക്കു​റിച്ച്‌ സബാർ പറയുന്നു: “യഹോ​ഖ​നാൻ എന്നു പേരുള്ള ഒരാളു​ടെ ഉപ്പൂറ്റി​യി​ലെ അസ്ഥിയാ​ണു കണ്ടെത്തി​യത്‌. യേശു​വി​നെ കല്ലറയിൽ അടക്കി​യോ എന്നതി​നെ​ക്കു​റിച്ച്‌ വളരെ​ക്കാ​ല​മാ​യി നിലനിന്ന തർക്കത്തി​നു പരിഹാ​രം കണ്ടെത്താൻ ഇതു സഹായി​ച്ചു. യേശു​വി​ന്റെ കാലത്ത്‌ കുരി​ശിൽ തറച്ച്‌ കൊന്ന കുറ്റവാ​ളി​കൾക്കു ചില​പ്പോ​ഴെ​ങ്കി​ലും റോമാ​ക്കാർ ജൂത മതാചാ​ര​മ​നു​സ​രി​ച്ചുള്ള ശവസം​സ്‌കാ​ര​ത്തിന്‌ അനുമതി നൽകി​യി​രു​ന്നെന്നു തെളി​യി​ക്കു​ന്ന​താ​യി​രു​ന്നു യഹോ​ഖ​നാ​ന്റെ ഉപ്പൂറ്റി​യു​ടെ അസ്ഥി. യേശു​വി​നെ അടക്കി​യ​തി​നെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​വി​വ​രണം സത്യമാ​ണെ​ന്നാണ്‌ ഇതു തെളി​യി​ക്കു​ന്നത്‌.”

ഉപ്പൂറ്റി​യു​ടെ അസ്ഥി കണ്ടെത്തി​യ​തി​ന്റെ അടിസ്ഥാ​ന​ത്തിൽ, യേശു​വി​നെ സ്‌തം​ഭ​ത്തിൽ തൂക്കി​യത്‌ എങ്ങനെ​യാ​യി​രി​ക്കും എന്നതി​നെ​ക്കു​റി​ച്ചുള്ള പല ചർച്ചക​ളും നടക്കു​ന്നുണ്ട്‌. എന്നാൽ ഒരു കാര്യം ഉറപ്പാണ്‌, വധിക്ക​പ്പെട്ട ചില കുറ്റവാ​ളി​ക​ളു​ടെ​യെ​ങ്കി​ലും ശരീരം പൊതു​ശ്‌മ​ശാ​ന​ത്തിൽ തള്ളുന്ന​തി​നു പകരം അതു മാന്യ​മായ രീതി​യിൽ അടക്കി​യി​രു​ന്നു. അതു​കൊണ്ട്‌ യേശു​വി​ന്റെ ശരീരം ഒരു കല്ലറയിൽ വെച്ചു എന്ന ബൈബിൾവി​വ​രണം വിശ്വ​സി​ക്കാ​വു​ന്ന​താണ്‌. നമുക്കു കിട്ടി​യി​രി​ക്കുന്ന തെളി​വു​കൾ അതിനെ പിന്താ​ങ്ങു​ന്നു.

ഏറ്റവും പ്രധാ​ന​മാ​യി, യേശു​വി​നെ സമ്പന്നനായ ഒരാളു​ടെ കല്ലറയിൽ അടക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ദൈവ​ത്തി​ന്റെ വാക്കുകൾ എല്ലായ്‌പോ​ഴും അങ്ങനെ​തന്നെ നിറ​വേ​റും.—യശ. 53:9; 55:11.