വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

പുരാതന ബാബി​ലോ​ണി​ന്റെ അവശി​ഷ്ട​ങ്ങൾക്കി​ട​യിൽനിന്ന്‌ കണ്ടെടുത്ത ഇഷ്ടിക​ക​ളും അവ ഉണ്ടാക്കുന്ന വിധവും ബൈബി​ളി​ന്റെ കൃത്യ​ത​യ്‌ക്കു തെളിവ്‌ നൽകു​ന്നത്‌ എങ്ങനെ?

പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ ബാബി​ലോ​ണി​ന്റെ അവശി​ഷ്ട​ങ്ങൾക്കി​ട​യിൽനിന്ന്‌, ആ നഗരം പണിയാൻ ഉപയോ​ഗിച്ച, ചുട്ടെ​ടുത്ത ധാരാളം ഇഷ്ടികകൾ കണ്ടെടു​ത്തു. റോബർട്ട്‌ കോൽഡെവെ എന്ന ഒരു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞന്റെ അഭി​പ്രാ​യ​ത്തിൽ അത്തരം ഇഷ്ടികകൾ ഉണ്ടാക്കി​യി​രു​ന്നത്‌, “നല്ല കളിമ​ണ്ണും കത്തിക്കാ​നുള്ള വസ്‌തു​ക്ക​ളും ധാരാ​ള​മാ​യി ലഭിച്ചി​രുന്ന, പട്ടണത്തി​നു വെളി​യി​ലുള്ള” ചൂളക​ളി​ലാണ്‌.

ബാബി​ലോ​ണി​ലെ ഗവൺമെന്റ്‌ ഉദ്യോ​ഗസ്ഥർ ഈ ചൂളകളെ ചില ക്രൂര​മായ കൃത്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ച്ചി​രു​ന്നു എന്നാണു പല പുരാതന രേഖക​ളും വെളി​പ്പെ​ടു​ത്തു​ന്നത്‌. ടൊറ​ന്റോ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റായ പോൾ അലെൻ ബ്യൂലീ പറയുന്നു: “രാജകല്പന ലംഘി​ക്കു​ന്ന​വ​രെ​യും ബാബി​ലോ​ണി​ലുള്ള ദൈവ​ങ്ങളെ നിന്ദി​ക്കു​ന്ന​വ​രെ​യും ചൂളയിൽ എറിഞ്ഞ്‌ ദഹിപ്പി​ക്കാൻ രാജാവ്‌ കല്പന കൊടു​ത്തി​രു​ന്ന​താ​യി ബാബി​ലോ​ണി​യൻ ഭാഷയി​ലുള്ള പല എഴുത്തു​ക​ളി​ലും കാണാം.” ഉദാഹ​ര​ണ​ത്തിന്‌, നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ കാലത്തെ ഒരു രേഖയിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “അവരെ ചൂളയി​ലിട്ട്‌ . . . നശിപ്പി​ക്കുക, കത്തിക്കുക, ചുട്ടു​ക​ള​യുക, . . . അഗ്നി അവരെ ദഹിപ്പി​ച്ച​തി​ന്റെ പുക മുകളി​ലേക്ക്‌ ഉയരട്ടെ.”

ഇതു ബൈബിൾവാ​യ​ന​ക്കാ​രു​ടെ മനസ്സി​ലേക്കു, ദാനി​യേൽ മൂന്നാം അധ്യാ​യ​ത്തി​ലെ വിവരണം കൊണ്ടു​വ​രു​ന്നു. അവിടെ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സ്വർണം​കൊ​ണ്ടുള്ള വലി​യൊ​രു പ്രതിമ ഉണ്ടാക്കി​യ​തി​നെ​ക്കു​റിച്ച്‌ കാണാം. ബാബി​ലോൺ നഗരത്തി​നു വെളി​യി​ലുള്ള ദൂരാ സമതല​ത്തി​ലാ​യി​രു​ന്നു അത്‌. ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്ന മൂന്ന്‌ എബ്രായ ചെറു​പ്പ​ക്കാർ ആ പ്രതി​മയെ കുമ്പിട്ട്‌ ആരാധി​ക്കാൻ തയ്യാറാ​യില്ല. അപ്പോൾ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ വളരെ ദേഷ്യ​ത്തോ​ടെ, ‘ചൂള പതിവി​ലും ഏഴു മടങ്ങു ചൂടാ​ക്കാ​നും’ എന്നിട്ട്‌ ആ മൂന്നു പേരെ​യും ‘കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയാ​നും’ കല്‌പി​ച്ചു. എന്നാൽ ശക്തനായ ഒരു ദൈവ​ദൂ​തൻ അവരെ മരണത്തിൽനിന്ന്‌ രക്ഷിച്ചു.—ദാനി. 3:1-6, 19-28.

© The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source

നെബൂഖദ്‌നേസറിന്റെ പേര്‌ എഴുതി​യി​ട്ടുള്ള ചുട്ടെ​ടുത്ത ഇഷ്ടിക

ബാബി​ലോ​ണിൽനിന്ന്‌ കണ്ടെടുത്ത ഇഷ്ടിക​ക​ളും ബൈബിൾ പറയുന്ന കാര്യങ്ങൾ സത്യമാ​ണെന്നു തെളി​യി​ക്കു​ന്നു. അവയിൽ പലതി​ലും രാജാ​വി​നെ പുകഴ്‌ത്തി​ക്കൊ​ണ്ടുള്ള വാചകങ്ങൾ എഴുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു. അതിൽ ഒന്നിലെ വാചകം ഇങ്ങനെ​യാ​യി​രു​ന്നു: “നെബൂ​ഖ​ദ്‌നേസർ, ബാബി​ലോ​ണി​ലെ രാജാവ്‌ . . . മഹാരാ​ജാ​വായ നാം പണിക​ഴി​പ്പിച്ച കൊട്ടാ​രം . . . എന്റെ പിൻത​ല​മു​റ​ക്കാർ എന്നെന്നും ഇവിടെ വാഴട്ടെ.” ഈ എഴുത്തി​നോ​ടു വളരെ സമാന​മായ വാചകങ്ങൾ ബൈബി​ളി​ലെ ദാനി​യേൽ 4:30-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി കാണാം. അവിടെ നെബൂ​ഖ​ദ്‌നേസർ അഹങ്കാ​ര​ത്തോ​ടെ ഇങ്ങനെ പറയുന്നു: “രാജഗൃ​ഹ​ത്തി​നും രാജകീ​യ​മ​ഹി​മ​യ്‌ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാ​ലും പ്രഭാ​വ​ത്താ​ലും പണിത പ്രൗഢ​ഗം​ഭീ​ര​മായ ബാബി​ലോ​ണല്ലേ ഇത്‌?”