വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം

ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം

ഭൂമി​യി​ലെ ഏറ്റവും ഉപയോ​ഗ​പ്ര​ദ​മായ ഒരു വൃക്ഷഫലം

ലോകം ചുറ്റി​യി​ട്ടുള്ള ഒരു അസാധാ​രണ വൃക്ഷഫ​ല​മുണ്ട്‌. അത്‌ ഭക്ഷണവും പാനീ​യ​വും നൽകുന്നു. ഈ ഫലം കായ്‌ക്കുന്ന അതുല്യ​മായ ആകൃതി​യോ​ടു കൂടിയ ഈ വൃക്ഷം ഉഷ്‌ണ​മേ​ഖലാ ദ്വീപു​ക​ളു​ടെ മുഖമു​ദ്ര​യു​മാണ്‌. ഏതു ഫലത്തെ കുറി​ച്ചാണ്‌ നാം സംസാ​രി​ച്ചു വരുന്നത്‌? ഭൂമി​യി​ലെ ഏറ്റവും ഉപയോ​ഗ​പ്ര​ദ​മായ വൃക്ഷഫ​ല​ങ്ങ​ളിൽ ഒന്നായ തേങ്ങതന്നെ.

ഉഷ്‌ണ​മേ​ഖ​ല​യിൽനിന്ന്‌ അല്ലാത്ത​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം തങ്ങൾ ഉഷ്‌ണ​മേ​ഖ​ല​യിൽ ചെലവി​ടുന്ന ഒഴിവു​ദി​ന​ങ്ങളെ ഓർമ​യി​ലേക്ക്‌ കൊണ്ടു​വ​രുന്ന ഒരു വൃക്ഷം മാത്ര​മാ​യി​രി​ക്കാം തെങ്ങ്‌. എന്നാൽ, ഉഷ്‌ണ​മേ​ഖലാ നിവാ​സി​കൾക്ക്‌ ഈ വൃക്ഷം അതി​നെ​ക്കാ​ളൊ​ക്കെ മൂല്യ​വ​ത്തായ ഒന്നാണ്‌. ഈ ഫലത്തിന്‌ “ഒരു വർഷത്തി​ലെ ദിവസ​ങ്ങ​ളു​ടെ എണ്ണത്തോ​ളം​തന്നെ ഉപയോ​ഗ​ങ്ങ​ളു​ണ്ടെ”ന്നാണ്‌ ഇന്തൊ​നീ​ഷ്യ​ക്കാർ അവകാ​ശ​പ്പെ​ടു​ന്നത്‌. ഫിലി​പ്പീൻസിൽ പിൻവ​രുന്ന വിധം ഒരു ചൊല്ലുണ്ട്‌: “തെങ്ങു നടുന്നവൻ പാത്ര​ങ്ങ​ളും വസ്‌ത്ര​വും ഭക്ഷണപാ​നീ​യ​ങ്ങ​ളും തനിക്ക്‌ ഒരു പാർപ്പി​ട​വും മക്കൾക്ക്‌ ഒരു അവകാ​ശ​വു​മാണ്‌ നടുന്നത്‌.”

ഈ ചൊല്ലിൽ പതിരില്ല. തെങ്ങ്‌—കൽപ്പവൃ​ക്ഷം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​മ​നു​സ​രിച്ച്‌, “ഭക്ഷണവും വെള്ളവും പാചക എണ്ണയും മാത്രമല്ല പുര​മേ​യാ​നുള്ള ഓല, കയറും കയറ്റു​പാ​യും ഉണ്ടാക്കാ​നുള്ള നാര്‌, പാത്ര​ങ്ങ​ളാ​യും അലങ്കാ​ര​വ​സ്‌തു​ക്ക​ളാ​യും ഉപയോ​ഗി​ക്കാ​വുന്ന ചിരട്ട, പൂങ്കു​ല​യിൽനി​ന്നുള്ള മധുര​ക്കള്ള്‌—ഇതിൽനിന്ന്‌ പഞ്ചസാ​ര​യും ലഹരി​പാ​നീ​യ​വും ഉണ്ടാക്കാം—എന്നിവ​യെ​ല്ലാം തെങ്ങ്‌ നൽകുന്നു.” ആ പുസ്‌തകം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ശരിയായ രീതി​യിൽ അറു​ത്തെ​ടു​ത്താൽ അതിന്റെ തടി​പോ​ലും ഉപയോ​ഗി​ക്കാം.” ഇന്ത്യൻ മഹാസ​മു​ദ്ര​ത്തി​ലെ മാലദ്വീ​പ​വാ​സി​കൾ തെങ്ങു​ത്‌പ​ന്ന​ങ്ങൾകൊണ്ട്‌ ബോട്ടു​കൾ നിർമിച്ച്‌ അതിൽ അറേബ്യ​യി​ലേ​ക്കും ഫിലി​പ്പീൻസി​ലേ​ക്കും യാത്ര ചെയ്‌ത​താ​യി പറയ​പ്പെ​ടു​ന്നു. എന്നാൽ തെങ്ങു കൃഷി​ക്കാ​രെ​ക്കാൾ കൂടുതൽ ദൂരം കടൽയാ​ത്ര ചെയ്‌തി​രി​ക്കു​ന്നത്‌ തേങ്ങയാണ്‌.

കടൽയാ​ത്ര​ചെ​യ്യുന്ന ഒരു വിത്ത്‌

വേണ്ടത്ര മഴ ലഭിക്കു​ന്നി​ട​ത്തോ​ളം മിക്ക ഉഷ്‌ണ​മേ​ഖലാ തീരങ്ങ​ളി​ലും തെങ്ങ്‌ നന്നായി വളരുന്നു. ബഹുമു​ഖോ​പ​യോ​ഗ​മുള്ള തെങ്ങ്‌ തദ്ദേശീ​യർ നട്ടുപി​ടി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും, ഭൂമി​യി​ലെ ഏറ്റവും ഒറ്റപ്പെട്ട ചില സ്ഥലങ്ങളി​ലേക്ക്‌ തേങ്ങ സ്വയം യാത്ര ചെയ്‌തി​രി​ക്കു​ന്നു. പലതരം വിത്തു​ക​ളു​ടെ വിതരണം പല വിധങ്ങ​ളി​ലാണ്‌ നടക്കു​ന്നത്‌. എന്നാൽ തെങ്ങ്‌ വിത്തു വിതര​ണ​ത്തി​നാ​യി കടലിനെ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു. ഇതാണ്‌ ലോക​സ​ഞ്ചാ​രി എന്ന നിലയി​ലുള്ള അതിന്റെ വിജയ രഹസ്യം.

തേങ്ങ പഴുത്ത്‌ പാകമാ​കു​മ്പോൾ അത്‌ കൊഴി​ഞ്ഞു​വീ​ഴു​ന്നു. ഇങ്ങനെ വീഴുന്ന തേങ്ങ ചില​പ്പോൾ കടൽത്തീ​ര​ത്തു​കൂ​ടെ വെള്ളത്തി​ന​ടു​ത്തേക്ക്‌ ഉരുണ്ടു​പോ​കു​ന്നു. തുടർന്ന്‌ വേലി​യേ​റ്റ​ത്തിൽപ്പെട്ട്‌ അത്‌ കടലി​ലേക്കു പോ​യേ​ക്കാം. തേങ്ങയു​ടെ ചകിരി​നി​റഞ്ഞ തൊണ്ടിൽ ധാരാളം വായു ഉള്ളതി​നാൽ അതു വെള്ളത്തിൽ പൊങ്ങി​ക്കി​ട​ക്കു​ന്നു. തേങ്ങ ഒരു പസിഫിക്‌ പ്രവാ​ള​ദ്വീ​പ​വ​ല​യ​ത്തി​ലാ​ണെ​ങ്കിൽ (Pacific atoll) അത്‌ ലഗൂണി​ന്റെ മറുക​ര​യി​ലേക്ക്‌ ഒഴുകി​പ്പോ​കുക മാത്ര​മേ​യു​ള്ളാ​യി​രി​ക്കാം. എന്നാൽ പുറം​ക​ട​ലിൽ എത്തിയാൽ അതിന്‌ വളരെ​ദൂ​രം സഞ്ചരി​ക്കാ​നാ​കും.

മിക്ക വിത്തു​ക​ളെ​യും നശിപ്പി​ക്കുന്ന ഉപ്പു​വെള്ളം തേങ്ങയു​ടെ ബലിഷ്‌ഠ​മായ തൊണ്ടി​ലൂ​ടെ ഉള്ളിൽ കടക്കാൻ വളരെ സമയ​മെ​ടു​ക്കും. തേങ്ങ മൂന്നു മാസം വരെ കടൽവെ​ള്ള​ത്തിൽ കിടന്നാ​ലും അതിന്‌ ഒന്നും സംഭവി​ക്കില്ല. ചില​പ്പോൾ ആ സമയം​കൊണ്ട്‌ അത്‌ കടലി​ലൂ​ടെ ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റർ സഞ്ചരി​ച്ചേ​ക്കാം. ഇതെല്ലാം കഴിഞ്ഞ്‌ അനു​യോ​ജ്യ​മായ തീരത്ത​ടി​ഞ്ഞാൽ അത്‌ മുളയ്‌ക്കു​ക​യും ചെയ്യും. ഒരുപക്ഷേ ഇങ്ങനെ ആയിരി​ക്കാം ലോക​ത്തി​ലെ പല ഉഷ്‌ണ​മേ​ഖലാ തീരങ്ങ​ളി​ലും തെങ്ങ്‌ കൂട്ട​ത്തോ​ടെ വളരാൻ ഇടയാ​യത്‌.

ഉഷ്‌ണ​മേ​ഖലാ ഭോജ്യ​ങ്ങ​ളി​ലെ ഒരു സാധാരണ ചേരുവ

ഉഷ്‌ണ​മേ​ഖ​ല​യ്‌ക്ക്‌ പുറത്തു​ള്ള​വർക്ക്‌ മിഠാ​യി​യി​ലും ബിസ്‌ക​റ്റി​ലും മറ്റും ചേർക്കുന്ന ഒരു സ്വാദു​വർധി​നി മാത്ര​മാ​യി​രി​ക്കാം തേങ്ങ. എന്നാൽ തെക്കു​കി​ഴക്കൻ ഏഷ്യയി​ലേക്ക്‌ ചെന്നാൽ തേങ്ങയ്‌ക്ക്‌ നിരവധി ഉപയോ​ഗ​ങ്ങ​ളു​ണ്ടെന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​കും. പസിഫി​ക്കി​ലെ​യും തെക്കു​കി​ഴക്കൻ ഏഷ്യയി​ലെ​യും പാചകം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​പ്ര​കാ​രം, “ഹവായ്‌ മുതൽ ബാങ്കോക്ക്‌ വരെയുള്ള സകല രാജ്യ​ങ്ങ​ളി​ലെ​യും പ്രദേ​ശ​ങ്ങ​ളി​ലെ​യും ദ്വീപു​ക​ളി​ലെ​യും പാചക​ത്തി​ലെ ഒഴിച്ചു​കൂ​ടാ​നാ​വാത്ത ഒരു ചേരു​വ​യാണ്‌ തേങ്ങ.” അവിടത്തെ നിവാ​സി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം “വൈവി​ധ്യ​മാർന്ന അസംഖ്യം ഭക്ഷ്യവി​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും വ്യത്യസ്‌ത സ്വാദി​ലും രൂപങ്ങ​ളി​ലും . . . പോഷണം പ്രദാനം ചെയ്യുന്ന ജീവി​ത​ത്തി​ലെ ഒരു അവശ്യ​ഘ​ട​ക​മാണ്‌ തേങ്ങ” എന്നും ആ പുസ്‌തകം പ്രസ്‌താ​വി​ക്കു​ന്നു.

ഉഷ്‌ണ​മേ​ഖ​ല​ക​ളി​ലെ അടുക്ക​ള​ക​ളിൽ തേങ്ങയ്‌ക്ക്‌ ഇത്ര ആദരണീ​യ​മായ സ്ഥാനം ലഭിക്കാ​നുള്ള കാരണം ലളിത​മാണ്‌: അത്‌ വെള്ളവും പാലും പാചക എണ്ണയും നൽകുന്നു. വിളയാത്ത തേങ്ങയി​ലെ തെളിഞ്ഞ, മധുര​മുള്ള നീരിന്‌ കരിക്കിൻവെള്ളം എന്നാണ്‌ പറയു​ന്നത്‌. രുചി​ക​ര​മായ, ഉന്മേഷ​ദാ​യ​ക​മായ ഈ പാനീയം മിക്ക​പ്പോ​ഴും ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളി​ലെ പാത​യോ​ര​ങ്ങ​ളി​ലുള്ള കടകളിൽ വിൽപ്പ​ന​യ്‌ക്കു വെക്കാ​റുണ്ട്‌. എന്നാൽ ചിരകി​യെ​ടുത്ത തേങ്ങയിൽ വെള്ളം ചേർത്ത്‌ പിഴി​ഞ്ഞാണ്‌ തേങ്ങാ​പ്പാൽ എടുക്കു​ന്നത്‌. സൂപ്പി​ന്റെ​യും കറിക​ളു​ടെ​യും കുഴച്ച​മാ​വി​ന്റെ​യും സ്വാദും കൊഴു​പ്പും വർധി​പ്പി​ക്കാൻ തേങ്ങാ​പ്പാൽ ഉപയോ​ഗി​ക്കു​ന്നു.

തേങ്ങയിൽനിന്ന്‌ പാചകഎണ്ണ എടുക്കു​ന്ന​തിന്‌, കർഷകൻ മൂപ്പെ​ത്തിയ തേങ്ങ ഉടച്ച്‌ തേങ്ങാ​മു​റി​കൾ വെയി​ല​ത്തു​വെച്ച്‌ ഉണക്കുന്നു. ഉണങ്ങി​ക്ക​ഴി​ഞ്ഞാൽ, തേങ്ങയു​ടെ പരിപ്പ്‌—കൊപ്ര—ചിരട്ട​യിൽനിന്ന്‌ വേർപെ​ടു​ത്തി​യെ​ടുത്ത്‌ ആട്ടി എണ്ണ എടുക്കാ​വു​ന്ന​താണ്‌. ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളിൽ വെളി​ച്ചെണ്ണ മുഖ്യ​മാ​യും പാചക​ത്തി​നാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ പാശ്ചാത്യ രാജ്യ​ങ്ങ​ളിൽ ഇത്‌ മാർജ​രിൻ, ഐസ്‌ക്രീം, ബിസ്‌ക​റ്റു​കൾ എന്നിവ​യി​ലാണ്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നത്‌.

തെങ്ങിന്റെ വിള​വെ​ടുപ്പ്‌ അത്ര എളുപ്പമല്ല. മിക്ക​പ്പോ​ഴും, ആളെ തെങ്ങിൽ കയറ്റി തേങ്ങ വെട്ടി​യി​ടീ​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. ചിലരാ​കട്ടെ കത്തി വെച്ചു​കെ​ട്ടിയ നീളമുള്ള തോട്ടി​യാണ്‌ തേങ്ങ ഇടാൻ ഉപയോ​ഗി​ക്കു​ന്നത്‌. ഇന്തൊ​നീ​ഷ്യ​യിൽ ഈ പണിക്കാ​യി കുരങ്ങു​കളെ പരിശീ​ലി​പ്പി​ച്ചി​ട്ടുണ്ട്‌. ഏറ്റവും ലളിത​മായ രീതി, തേങ്ങ തനിയെ കൊഴി​ഞ്ഞു വീഴു​ന്ന​തു​വരെ കാത്തി​രി​ക്കുക എന്നതാണ്‌. വിളഞ്ഞ തേങ്ങതന്നെ വേണ​മെ​ന്നു​ള്ള​വർക്ക്‌ ഇതാണ്‌ ഇഷ്ടം.

എങ്ങനെ വിള​വെ​ടു​ത്താ​ലും ശരി, തേങ്ങയു​ടെ ബഹുമു​ഖോ​പ​യോ​ഗം ഇതിനെ ഒന്നാന്തരം ഒരു നാണ്യ​വി​ള​യും അതു​പോ​ലെ​തന്നെ അനേകർക്കും അമൂല്യ​മായ ഒരു ഭക്ഷ്യ ഉറവി​ട​വും ആക്കിത്തീർത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നേരി​ട്ടോ ചിത്ര​ത്തി​ലോ ഇനി ഒരു തെങ്ങ്‌ കാണു​മ്പോൾ ഉഷ്‌ണ​മേ​ഖലാ തീരങ്ങൾക്ക്‌ മോടി കൂട്ടുന്ന വെറും ഒരു അലങ്കാര വൃക്ഷമല്ല അതെന്ന്‌ ഓർമി​ക്കുക. ഭൂമി​യി​ലെ ഏറ്റവും ഉപയോ​ഗ​പ്ര​ദ​മായ ഫലങ്ങളി​ലൊന്ന്‌ ഉത്‌പാ​ദി​പ്പി​ക്കുന്ന ഒരു വൃക്ഷമാണ്‌ നിങ്ങളു​ടെ കൺമു​ന്നിൽ. (g03 3/22)

[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

തേങ്ങാ വിശേ​ഷ​ങ്ങൾ

തേങ്ങാ​ഞണ്ട്‌ തെങ്ങിന്റെ ഫലം ആസ്വദി​ക്കു​ന്നത്‌ മനുഷ്യൻ മാത്രമല്ല. പകൽസ​മ​യത്ത്‌ നിലത്തെ കുഴി​ക​ളിൽ കഴിഞ്ഞു​കൂ​ടുന്ന തേങ്ങാ​ഞ​ണ്ടു​കൾ രാത്രി​കാ​ല​ങ്ങ​ളിൽ തേങ്ങ തിന്നുന്നു. തേങ്ങ ഉടയ്‌ക്കാൻ മനുഷ്യർ വാക്കത്തി ഉപയോ​ഗി​ക്കു​ന്നു. എന്നാൽ കാര്യ​പ്രാ​പ്‌തി​യുള്ള ഈ ഞണ്ടുകൾ വളരെ പണി​പ്പെട്ട്‌ പാറയിൽ ഇടിച്ചാണ്‌ തേങ്ങ ഉടയ്‌ക്കു​ന്നത്‌. തേങ്ങ അടങ്ങിയ ഭക്ഷണ​ക്രമം ഈ ജീവിക്ക്‌ ഇണങ്ങു​ന്ന​താ​ണെ​ന്നു​തോ​ന്നു​ന്നു—30-ലേറെ വർഷം അതു ജീവി​ച്ചി​രി​ക്കു​ന്നുണ്ട്‌!

സൗന്ദര്യ​വർധ​ക​ങ്ങ​ളിൽ വെളി​ച്ചെണ്ണ ചർമത്തിന്‌ ഉത്തമമാ​യ​തു​കൊണ്ട്‌ നിർമാ​താ​ക്കൾ ലിപ്‌സ്റ്റി​ക്കി​ലും സൂര്യ​സ്‌നാ​നം ചെയ്യു​മ്പോൾ പൊള്ളാ​തി​രി​ക്കാൻ തേക്കുന്ന ലോഷ​നി​ലും അതു ചേർക്കു​ന്നു. ജൈവ​വി​ഘ​ടനം സംഭവി​ക്കുന്ന നല്ല പതയുള്ള സോപ്പോ ഷാമ്പൂ​വോ ആണ്‌ നിങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ അതിൽ വെളി​ച്ചെണ്ണ അടങ്ങി​യി​ട്ടുണ്ട്‌.

[ചിത്രങ്ങൾ]

കടൽയാത്രയെ അതിജീ​വി​ക്കാൻ തേങ്ങയ്‌ക്ക്‌ കഴിയും

തേങ്ങാഞണ്ട്‌

തെങ്ങിൻതൈ

[കടപ്പാട്‌]

Godo-Foto

[21-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ വലതു​വ​ശത്തെ ഇൻസെറ്റ്‌: Godo-Foto