വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉറ്റവരുടെ വേർപാടിൽ ഇളംമനസ്സ്‌ തേങ്ങുമ്പോൾ

ഉറ്റവരുടെ വേർപാടിൽ ഇളംമനസ്സ്‌ തേങ്ങുമ്പോൾ

ഉറ്റവരുടെ വേർപാടിൽ ഇളംമനസ്സ്‌ തേങ്ങുമ്പോൾ

ഉറ്റവരുടെ വേർപാടിനെക്കുറിച്ച്‌ മുതിർന്ന ആളുകളെ അറിയിക്കുന്നത്‌ ഒട്ടുംതന്നെ എളുപ്പമല്ല. ഒരു കൊച്ചുകുഞ്ഞിനോടാണ്‌ അക്കാര്യം പറയേണ്ടിവരുന്നതെങ്കിലോ?

കുടുംബാംഗത്തിന്റെയോ കൂട്ടുകാരുടെയോ വേർപാടിൽ മിക്ക കുട്ടികളും ആശയക്കുഴപ്പത്തിലാകുന്നു. ഒരുപക്ഷേ, അവർ വല്ലാതെ ഭയപ്പെട്ടുപോകുന്നു. ദുഃഖസാന്ദ്രമായ ഈ സാഹചര്യത്തിൽ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത്‌ ഒട്ടും എളുപ്പമായിരിക്കില്ല, വിശേഷിച്ചും അച്ഛനമ്മമാർക്ക്‌. ആ വേർപാടിൽ വേദനിക്കുന്ന അവരും സാന്ത്വനത്തിനായി കേഴുന്നവരാണ്‌.

ദുരന്തവാർത്ത മയപ്പെടുത്തി കുട്ടികളുടെ അടുക്കൽ അവതരിപ്പിക്കാൻ ചില മാതാപിതാക്കൾ ശ്രമിക്കുന്നു. മരിച്ചുപോയ ആൾ തങ്ങളെ വിട്ടുപോയെന്നോ അങ്ങു ദൂരെപ്പോയെന്നോ ഒക്കെ അവർ പറയാറുണ്ട്‌. പക്ഷേ അതൊക്കെ കുട്ടികളിൽ തെറ്റിദ്ധാരണയുണ്ടാക്കുകയേ ഉള്ളൂ. അവരെ കബളിപ്പിക്കുന്നതുപോലെയാണ്‌ അത്‌. അങ്ങനെയെങ്കിൽപ്പിന്നെ വിവരം കുട്ടിയെ എങ്ങനെ അറിയിക്കാനാകും?

മൂന്നരവയസ്സുണ്ടായിരുന്ന മകൾ നിക്കോളയെ നഷ്ടപ്പെട്ടപ്പോൾ റെനാറ്റൂവും ഭാര്യ ഇസബെല്ലയും ഇത്തരം ഒരു അവസ്ഥയിലായി. കുഞ്ഞനുജത്തിയുടെ വേർപാടിൽ ദുഃഖിക്കുന്ന അഞ്ചുവയസ്സുകാരനായ ഫിലിപ്പിനെ ഈ സാഹചര്യത്തിൽ അവർ എങ്ങനെ ആശ്വസിപ്പിക്കുമായിരുന്നു?

ഉണരുക!: നിക്കോളയുടെ മരണത്തെക്കുറിച്ച്‌ ഫിലിപ്പിന്‌ നിങ്ങൾ പറഞ്ഞുകൊടുത്തത്‌ എങ്ങനെയാണ്‌?

ഇസബെല്ല: എല്ലാം തുറന്നുപറയാൻ ഞങ്ങൾ ശ്രമിച്ചു, ഒന്നും മറച്ചുവെച്ചില്ല. ഉള്ളിലുള്ള സംശയങ്ങൾ മടികൂടാതെ ചോദിച്ചുകൊള്ളാൻ അവനോടു പറഞ്ഞു. അവന്റെ പ്രായത്തിലുള്ള ഒരു കുട്ടിക്ക്‌ മനസ്സിലാകുംവിധം അതെല്ലാം വിശദീകരിച്ചുകൊടുക്കുകയും ചെയ്‌തു. ബാക്‌ടീരിയ അണുബാധയായിരുന്നു നിക്കോളയുടെ മരണകാരണം. ഒരു കൊച്ചുജീവി നിക്കോളയുടെ ശരീരത്തിൽ കയറിക്കൂടിയെന്നും അതിനെ കൊല്ലാൻ ഡോക്‌ടർമാർക്കു കഴിഞ്ഞില്ലെന്നും ഞങ്ങൾ പറഞ്ഞുകൊടുത്തു.

ഉണരുക!: മരിച്ചവരെക്കുറിച്ചുള്ള നിങ്ങളുടെ മതവിശ്വാസങ്ങൾ ഫിലിപ്പിന്‌ വിശദീകരിച്ചുകൊടുത്തോ?

റെനാറ്റൂ: ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌. മരിച്ചവരെക്കുറിച്ചുള്ള ഞങ്ങളുടെ ബൈബിൾ വിശ്വാസങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊടുക്കുന്നത്‌ മോന്‌ ആശ്വാസമേകുമെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു. മരിച്ചവർ ഒന്നും അറിയുന്നില്ലെന്ന്‌ ബൈബിൾ വളരെ വ്യക്തമായി പറയുന്നുണ്ട്‌. (സഭാപ്രസംഗി 9:⁠5) അവനു പേടിയുണ്ടെങ്കിൽ​—⁠ഉദാഹരണത്തിന്‌ രാത്രിയിൽ ഒറ്റയ്‌ക്കാകുന്നതും മറ്റും​—⁠അതു മാറാൻ ഇക്കാര്യം പറഞ്ഞുകൊടുക്കുന്നത്‌ നല്ലതായിരിക്കുമെന്ന്‌ ഞങ്ങൾക്കു തോന്നി.

ഇസബെല്ല: മരിച്ചവർ പറുദീസാഭൂമിയിൽ വീണ്ടും ജീവനിലേക്കു വരുമെന്നും ബൈബിൾ പറയുന്നു. ഞങ്ങൾക്ക്‌ അതിൽ വിശ്വാസമുണ്ട്‌. ഈ വിശ്വാസം മോനും ആശ്വാസമേകുമെന്ന്‌ ഞങ്ങൾ ചിന്തിച്ചു. അതുകൊണ്ട്‌ ബൈബിൾ പറയുന്നത്‌ ഞങ്ങൾ അവനുമായി സംസാരിച്ചു. യായീറൊസിന്റെ 12 വയസ്സുണ്ടായിരുന്ന മകൾ മരിച്ചപ്പോൾ യേശു അവളെ ഉയിർത്തെഴുന്നേൽപ്പിച്ചതിനെക്കുറിച്ചുള്ള വിവരണം ഞങ്ങൾ അവനുമായി ചർച്ച ചെയ്‌തു. നിക്കോളയും അതുപോലെ തിരിച്ചുവരുമെന്ന്‌ കുഞ്ഞിനോട്‌ ഞങ്ങൾ പറഞ്ഞു. ഇതാണ്‌ ബൈബിൾ പഠിപ്പിക്കുന്നത്‌.​—⁠മർക്കോസ്‌ 5:​22-24, 35-42; യോഹന്നാൻ 5:​28, 29.

ഉണരുക!: നിങ്ങൾ പറഞ്ഞുകൊടുത്തതെല്ലാം ഫിലിപ്പിന്‌ മനസ്സിലായോ?

റെനാറ്റൂ: അവനു മനസ്സിലായെന്നാണ്‌ ഞങ്ങൾക്കു തോന്നുന്നത്‌. കൃത്യമായും ലളിതമായും വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ പറയുന്നെങ്കിൽ മരണം എന്താണെന്ന്‌ മനസ്സിലാക്കാൻ മാത്രമല്ല ആ വേർപാടുമായി പൊരുത്തപ്പെടാനും കുട്ടികൾക്കാകും. ഒന്നും അവരിൽനിന്ന്‌ മറച്ചുവെക്കേണ്ടതില്ല. മരണം എന്നത്‌ ഒരു യാഥാർഥ്യമാണ്‌. അത്‌ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട്‌ പ്രിയപ്പെട്ടവരുടെ വേർപാടിനെ എങ്ങനെ അഭിമുഖീകരിക്കാമെന്ന്‌ അച്ഛനമ്മമാർ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്‌. ഞങ്ങളുടെ ഇളയകുട്ടി വിനീഷ്യസിനും ഇക്കാര്യം ഞങ്ങൾ പിന്നീട്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌.  *

ഉണരുക!: ഫിലിപ്പിനെ നിങ്ങൾ ശവസംസ്‌കാരച്ചടങ്ങിന്‌ കൊണ്ടുപോയോ?

റെനാറ്റൂ: ഗുണങ്ങളും ദോഷങ്ങളും കണക്കിലെടുത്തപ്പോൾ മോനെ കൂടെ കൊണ്ടുപോകേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചു. ഈ പ്രായത്തിലുള്ള കുട്ടികളുടെ മനസ്സിൽ എന്തും പെട്ടെന്ന്‌ പതിയുമല്ലോ. എന്നാൽ ചില മാതാപിതാക്കൾ കുട്ടികളെ കൊണ്ടുപോകാറുണ്ട്‌. മാത്രമല്ല, ഇത്തരം സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ പ്രാപ്‌തി വ്യത്യസ്‌തവുമാണ്‌. ശവസംസ്‌കാരച്ചടങ്ങിന്‌ കുട്ടിയെ കൊണ്ടുപോകുന്നുണ്ടെങ്കിൽ അവിടെ നടക്കാനിരിക്കുന്നത്‌ എന്താണെന്ന്‌ കുട്ടിയോട്‌ മുന്നമേ പറയുന്നത്‌ നല്ലതായിരിക്കും.

ഉണരുക!: നിക്കോളയുടെ മരണം നിങ്ങളെ വല്ലാതെ തളർത്തിയിട്ടുണ്ടാകും. പക്ഷേ, നിങ്ങൾ കരയുന്നത്‌ മകൻ കാണരുതെന്ന്‌ തോന്നിയിട്ടുണ്ടോ?

ഇസബെല്ല: ഞങ്ങളുടെ ദുഃഖം അവനിൽനിന്നു മറച്ചുവെക്കാൻ ഞങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. താൻ സ്‌നേഹിച്ചിരുന്ന ഒരാൾ മരിച്ചപ്പോൾ യേശുപോലും ‘കണ്ണുനീർ വാർത്തെങ്കിൽ’ എന്തുകൊണ്ട്‌ ഞങ്ങൾക്കായിക്കൂടാ? (യോഹന്നാൻ 11:​35, 36) ഞങ്ങൾ കരയുന്നത്‌ മോൻ കാണുന്നതിൽ എന്താണ്‌ കുഴപ്പം? ഞങ്ങൾ കരയുന്നതു കണ്ടപ്പോൾ അതിൽ തെറ്റില്ലെന്നും ഉള്ളിലുള്ള വികാരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള മാർഗമാണ്‌ അതെന്നും അവൻ മനസ്സിലാക്കി. ഉള്ളിൽ ഒതുക്കുന്നതിനുപകരം തനിക്കും ദുഃഖം തുറന്നു പ്രകടിപ്പിക്കാമെന്ന്‌ ഫിലിപ്പിന്‌ മനസ്സിലാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.

റെനാറ്റൂ: കുടുംബത്തിൽ ദുരന്തം ഉണ്ടാകുമ്പോൾ കുട്ടികൾ ആകെ പകച്ചുപോകും. മാതാപിതാക്കളായ നാം നമ്മുടെ ദുഃഖങ്ങൾ സത്യസന്ധമായി തുറന്നു പ്രകടിപ്പിക്കുന്നെങ്കിൽ കുട്ടികളും അവരുടെ മനസ്സു തുറക്കും. അങ്ങനെ അവരുടെ പ്രശ്‌നം എന്താണെന്ന്‌ മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനും അവരുടെ പേടി കുറയ്‌ക്കാനും കഴിഞ്ഞെന്നുവരും.

ഉണരുക!: മറ്റുള്ളവർ നിങ്ങളെ സഹായിച്ചോ?

റെനാറ്റൂ: ഞങ്ങളുടെ സഭയിലുള്ളവർ ചെയ്‌ത സഹായങ്ങളെക്കുറിച്ച്‌ പറയാൻ വാക്കുകളില്ല. അവർ കാണാൻ വന്നതും ഫോൺ ചെയ്‌തതും കാർഡുകൾ തന്നതും ഒക്കെ അവർക്ക്‌ എത്രമാത്രം സ്‌നേഹവും കരുതലും ഉണ്ട്‌ എന്നതിന്റെ തെളിവായിരുന്നു. ഫിലിപ്പിനും അത്‌ ബോധ്യപ്പെട്ടു.

ഇസബെല്ല: കുടുംബാംഗങ്ങളും ഞങ്ങളെ ഏറെ സഹായിച്ചു. ആ ദുരന്തത്തിനു ശേഷമുള്ള ദിവസങ്ങളിൽ ഞങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ എന്നും എന്റെ പിതാവും വരുമായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനം ഞങ്ങൾക്കു വലിയൊരു താങ്ങായി. വല്യപ്പച്ചന്റെ അരികിലിരുന്ന്‌ ആഹാരം കഴിക്കുന്നത്‌ ഫിലിപ്പിനും ആശ്വാസമേകി.

റെനാറ്റൂ: ക്രിസ്‌തീയ യോഗങ്ങളിൽനിന്നു ലഭിച്ച ആത്മീയനവോന്മേഷവും എടുത്തുപറയത്തക്കതാണ്‌. സങ്കടം കടിച്ചമർത്താൻ ചിലപ്പോഴൊക്കെ ഞങ്ങൾ പാടുപെടുമായിരുന്നു. എങ്കിലും ഒരു യോഗവും മുടക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. യോഗങ്ങൾക്ക്‌ ഇരിക്കുമ്പോൾ പലപ്പോഴും നിക്കോളയെക്കുറിച്ചുള്ള ഓർമകൾ മനസ്സിൽ തെളിയും. പക്ഷേ, തളരാൻ പാടില്ലെന്ന്‌ ഞങ്ങൾക്കറിയാം, ഫിലിപ്പിനുവേണ്ടിയെങ്കിലും. (g12-E 07)

[അടിക്കുറിപ്പ്‌]

^ ഖ. 12 കൂടുതൽ വിവരങ്ങൾക്ക്‌, “പ്രിയപ്പെട്ടവരുടെ വേർപാടുമായി പൊരുത്തപ്പെടാൻ കുട്ടിയെ സഹായിക്കുക” എന്ന 2008 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 18-20 പേജുകളും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയും കാണുക.

[31-ാം പേജിലെ ചതുരം/ചിത്രം]

യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ചില പുസ്‌തകങ്ങളാണ്‌ ചുവടെ നൽകിയിരിക്കുന്നത്‌. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർക്ക്‌ ഇവ തീർച്ചയായും സാന്ത്വനമേകും.

മുതിർന്നവർക്ക്‌:

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

അധ്യായം 6: മരിച്ചവർ എവിടെ?

അധ്യായം 7: നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക്‌ യഥാർഥ പ്രത്യാശ

കൊച്ചുകുട്ടികൾക്ക്‌:

എന്റെ ബൈബിൾ കഥാപുസ്‌തകം

കഥ 92: യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു

കൗമാരമാകാത്തവർക്ക്‌:

മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!

അധ്യായം 34: മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌?

അധ്യായം 35: നമ്മൾ മരിച്ചാലും ദൈവം ഉയിർപ്പിക്കും

അധ്യായം 36: ഉയിർപ്പിക്കപ്പെടുന്നത്‌ ആർ? എവിടേക്ക്‌?

കൗമാരക്കാർക്ക്‌:

Questions Young People Ask​—Answers That Work, Volume 1

അധ്യായം 16: ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത്‌ ഒരു സാധാരണ സംഗതിയാണോ?

[32-ാം പേജിലെ ചതുരം/ചിത്രം]

എങ്ങനെ സഹായിക്കാം?

● ചോദ്യങ്ങൾ ചോദിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മരണത്തെക്കുറിച്ചും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ചോദിക്കാനുള്ള സാഹചര്യം കുട്ടിക്ക്‌ ഒരുക്കിക്കൊടുക്കുക.

● മരിച്ചവർ “നമ്മെ വിട്ടുപോയി” അല്ലെങ്കിൽ “ദൂരെപ്പോയി” എന്നിങ്ങനെ അവ്യക്തമായി കാര്യങ്ങൾ പറയാതിരിക്കുക.

● മരണം എന്താണെന്ന്‌ കുട്ടിക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി പറയുക. ലളിതമായി ചിലർ ഇങ്ങനെ പറയാറുണ്ട്‌: മരിച്ച വ്യക്തിയുടെ ശരീരം “ഇനി പ്രവർത്തിക്കുകയില്ല,” “അത്‌ ഇനി ശരിയാക്കാനാകില്ല.”

● ശവസംസ്‌കാരച്ചടങ്ങിൽ നടക്കാനിരിക്കുന്നത്‌ എന്താണെന്ന്‌ കുട്ടിയോടു പറയുക. മരിച്ചവർക്ക്‌ കാണാനോ കേൾക്കാനോ കഴിയില്ലെന്നും വിശദീകരിക്കുക.

● നിങ്ങളുടെ വികാരങ്ങൾ മറച്ചുവെക്കാതിരിക്കുക. കരയുന്നത്‌ സ്വാഭാവികമാണെന്ന്‌ അപ്പോൾ കുട്ടിക്ക്‌ മനസ്സിലാകും.

● ഒരു പ്രത്യേക രീതിയിലേ കരയാവൂ എന്നില്ല. എല്ലാ കുട്ടികളും ഒരുപോലെയല്ല, സാഹചര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

[കടപ്പാട്‌]

Source: www.kidshealth.org

[32-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ ഘടികാരദിശയിൽ: ഫിലിപ്പ്‌, റെനാറ്റൂ, ഇസബെല്ല, വിനീഷ്യസ്‌