വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയാൽ

ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയാൽ

ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയാൽ

“ഞാൻ മധുരമായി പകരംവീട്ടി.” പലപ്പോഴും പറഞ്ഞുകേൾക്കാറുള്ള ഒരു വാചകമാണിത്‌. ആരെങ്കിലും നമ്മെ ദ്രോഹിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യുമ്പോൾ അമർഷം തോന്നുക സ്വാഭാവികമാണ്‌. നമ്മിലെ സ്വതസിദ്ധമായ നീതിബോധം ആ അന്യായത്തിനെതിരെ പ്രതികരിക്കാൻ നമ്മെ പ്രേരിപ്പിക്കും. പക്ഷേ, നാം എങ്ങനെ പ്രതികരിക്കും എന്നതാണ്‌ വിഷയം.

നാം ദ്രോഹിക്കപ്പെടുന്നത്‌ പലതരത്തിലായിരിക്കാം. ഒരുപക്ഷേ ആരെങ്കിലും നമ്മെ ചെറുതായൊന്ന്‌ അടിക്കുകയോ പിടിച്ചുതള്ളുകയോ കളിയാക്കുകയോ ചെയ്‌തേക്കാം. അല്ലെങ്കിൽ നമ്മെ ചീത്തവിളിക്കുകയോ കഠിനമായി ഉപദ്രവിക്കുകയോ ചെയ്‌തേക്കാം. അതുമല്ലെങ്കിൽ നമ്മുടെ വസ്‌തുവകകൾ മോഷ്ടിച്ചെടുത്തെന്നുവരാം. ഇത്തരമൊരു അനുഭവം ഉണ്ടാകുന്നെങ്കിൽ നിങ്ങൾ എങ്ങനെയായിരിക്കും പ്രതികരിക്കുക? ‘വരട്ടെ, ഞാൻ കാണിച്ചുകൊടുക്കാം’ എന്നായിരിക്കും പലരുടെയും പ്രതികരണം.

അധ്യാപകർ തങ്ങളെ പീഡിപ്പിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വിദ്യാർഥികൾ വ്യാജ കേസുകൾ ഫയൽ ചെയ്യുന്നത്‌ ഐക്യനാടുകളിൽ ഒരു സ്ഥിരം സംഭവമാണ്‌. തങ്ങളെ ശിക്ഷിക്കുന്ന അധ്യാപകരെ ഒരു പാഠം പഠിപ്പിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതിന്റെ പരിണിതഫലത്തെക്കുറിച്ച്‌ ന്യൂ ഓർലിയൻസിലെ അധ്യാപകസമിതിയുടെ പ്രസിഡന്റായ ബ്രെൻഡാ മിഷെൽ പറയുന്നത്‌, “ആരോപണവിധേയരായ അധ്യാപകരുടെ സത്‌പേരിന്‌ അത്‌ തീരാത്ത കളങ്കം വരുത്തുന്നു” എന്നാണ്‌. ആരോപണങ്ങൾ തെറ്റാണെന്ന്‌ തെളിഞ്ഞാലും കളങ്കം മാഞ്ഞുപോയെന്നു വരില്ല.

ഇനി തൊഴിൽരംഗത്തേക്കു വരാം. കമ്പനിയുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽനിന്ന്‌ പ്രധാനപ്പെട്ട വിവരങ്ങൾ നശിപ്പിച്ചുകളഞ്ഞുകൊണ്ടാണ്‌ അസംതൃപ്‌തരായ പല ജോലിക്കാരും തൊഴിലുടമകളോട്‌ പകപോക്കുന്നത്‌. മറ്റുചിലർ കമ്പനിരഹസ്യങ്ങൾ മറ്റുള്ളവർക്ക്‌ ചോർത്തിക്കൊടുക്കുന്നു. ഇത്തരം സംഭവങ്ങൾ ഇന്ന്‌ വർധിച്ചുവരികയാണ്‌. ഇലക്‌ട്രോണിക്ക്‌ ഫയലുകളുടെ മോഷണത്തിനുപുറമെ, “കമ്പനിയുടെ സാധനസാമഗ്രികൾ മോഷ്ടിച്ചുകൊണ്ട്‌ പകരംവീട്ടുക എന്ന പഴയ രീതി പിന്തുടരുന്നവരും ഉണ്ട്‌” എന്ന്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടുചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായി പല കമ്പനികളും, ഡിസ്‌മിസ്‌ ചെയ്യപ്പെട്ട ആൾ കമ്പനിപരിസരം വിട്ടുപോകുന്നതുവരെ അയാളോടൊപ്പം ഉണ്ടായിരിക്കാൻ ഒരു സെക്യുരിറ്റി ഓഫീസറെ നിയമിക്കുന്നു.

സുഹൃത്തുക്കൾ, വീട്ടുകാർ, പരിചയക്കാർ എന്നിങ്ങനെ ഏറ്റവും അടുത്തിടപഴകുന്നവർക്കിടയിലാണ്‌ പകപോക്കൽ കൂടുതലായി നടക്കുന്നത്‌. ചിന്താശൂന്യമായ വാക്കുകളും പ്രവൃത്തികളും വികാരങ്ങളെ വ്രണപ്പെടുത്തുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള പ്രവണത സ്വതസിദ്ധമാണ്‌. ഒരു സുഹൃത്ത്‌ പരുഷമായി നിങ്ങളോടു സംസാരിച്ചാൽ ‘ഉരുളയ്‌ക്ക്‌ ഉപ്പേരി’ എന്നമട്ടിൽ നിങ്ങൾ മറുപടി പറയാറുണ്ടോ? വീട്ടുകാരാരെങ്കിലും നിങ്ങളെ പ്രയാസപ്പെടുത്തുകയാണെങ്കിൽ, തിരിച്ച്‌ അവരെയും വേദനിപ്പിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? ഉറ്റവരോടാകുമ്പോൾ പകരത്തിനുപകരം കൊടുക്കാൻ അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായെന്നുവരില്ല.

പകപോക്കുന്നത്‌ ഭോഷത്തം

വ്രണിതരായവർ പകരംവീട്ടാൻ ശ്രമിക്കുന്നത്‌ പലപ്പോഴും, തങ്ങൾ അനുഭവിക്കുന്ന വൈകാരിക വേദനയ്‌ക്ക്‌ ശമനം കിട്ടാനായിരിക്കും. നമുക്കിപ്പോൾ ഒരു ബൈബിൾ വിവരണത്തിലേക്കു ശ്രദ്ധതിരിക്കാം. പുരാതനകാലത്തെ ഒരു ഗോത്രപിതാവായിരുന്ന യാക്കോബിന്റെ മകളായിരുന്നു ദീനാ. ദീനായെ കനാന്യനായ ശേഖേം മാനഭംഗപ്പെടുത്തിയെന്ന്‌ അവളുടെ സഹോദരന്മാർ അറിഞ്ഞപ്പോൾ അവർക്ക്‌ ‘വ്യസനം തോന്നി മഹാകോപം ജ്വലിച്ചു’ എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 34:1-7) തങ്ങളുടെ സഹോദരിയോടു ചെയ്‌ത ദ്രോഹത്തിന്‌ പകരംവീട്ടാൻ യക്കോബിന്റെ പുത്രന്മാരായ ശിമെയോനും ലേവിയും തീരുമാനിച്ചുറച്ചു. ഒരു ഗൂഢതന്ത്രം പ്രയോഗിച്ച്‌ കനാന്യ പട്ടണത്തിൽ കടന്ന അവർ ശേഖേം ഉൾപ്പെടെ അവിടെയുണ്ടായിരുന്ന പുരുഷന്മാരെയെല്ലാം വകവരുത്തി.—ഉല്‌പത്തി 34:13-27.

ആ കൂട്ടക്കുരുതിയോടെ പ്രശ്‌നങ്ങൾ കെട്ടടങ്ങിയോ? തന്റെ പുത്രന്മാർ ചെയ്‌തത്‌ എന്താണെന്ന്‌ മനസ്സിലാക്കിയപ്പോൾ യക്കോബ്‌ അവരെ ശകാരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: ‘ഈ ദേശനിവാസികളുടെ ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു. അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോൽപ്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും.’ (ഉല്‌പത്തി 34:30) പ്രശ്‌നം പരിഹരിക്കുന്നതിനുപകരം അവരുടെ പ്രതികാര നടപടി വിപരീതഫലമാണ്‌ ഉളവാക്കിയത്‌; യക്കോബിന്റെ കുടുംബത്തിന്‌ കുപിതരായ അയൽക്കാരുടെ പ്രത്യാക്രമണം ഭയന്നുകഴിയേണ്ടിവന്നു. ആക്രമണവിധേയരാകുന്നതിൽനിന്ന്‌ യക്കോബിനെയും കുടുംബത്തെയും രക്ഷിക്കാനായിരിക്കാം ദൈവം അവരോട്‌ അവിടെനിന്ന്‌ ബെഥേലിലേക്കു പോകാൻ പറഞ്ഞത്‌.—ഉല്‌പത്തി 35:1, 5.

ഈ സംഭവം നമ്മെ സുപ്രധാനമായ ഒരു പാഠം പഠിപ്പിക്കുന്നു. പകരംവീട്ടുന്നത്‌ മറുഭാഗത്തുനിന്നുള്ള പ്രതികാര നടപടികൾക്ക്‌ വഴിവെക്കും. അങ്ങനെ അതൊരു തുടർക്കഥയായി മാറും. ഒരു ജർമൻ പഴമൊഴി ഈ സത്യത്തിന്‌ അടിവരയിടുന്നു: പകപോക്കലിനു പകരം മറ്റൊരു പകപോക്കൽ ഉണ്ടാകാതിരിക്കില്ല.

പകപോക്കൽ ഒരു തുടർക്കഥയാകുമ്പോൾ

നമ്മെ ദ്രോഹിച്ച ഒരു വ്യക്തിയോട്‌ പക വെച്ചുകൊണ്ടിരിക്കുന്നത്‌ വിനാശകമാണ്‌. “മനസ്സിലെ പ്രതികാരാഗ്നി നിങ്ങളെ ദഹിപ്പിച്ചുകളയും. കഴിഞ്ഞുപോയതിനെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതും നിങ്ങളെ ദ്രോഹിച്ച ആളെ മനസ്സിൽ ശപിക്കുന്നതും പകപോക്കാനുള്ള മാർഗങ്ങൾ തേടുന്നതും നിങ്ങളുടെ സമയവും ഊർജവും അപഹരിക്കും” എന്ന്‌ ഒരു ഗ്രന്ഥം പറയുന്നു. “അസൂയയോ അസ്ഥികൾക്കു ദ്രവത്വം” എന്ന്‌ ബൈബിളും പറയുന്നു.—സദൃശവാക്യങ്ങൾ 14:30.

മനസ്സിൽ പകയും വിദ്വേഷവും വെച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്‌ സന്തോഷമുള്ളവനായിരിക്കാൻ കഴിയുമോ? ഒരു എഴുത്തുകാരൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “പ്രതികാരം സുഖമുള്ള കാര്യമാണെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ വർഷങ്ങളായി മനസ്സിൽ പക വെച്ചുകൊണ്ടിരിക്കുന്ന ആരുടെയെങ്കിലും മുഖത്തേക്കൊന്ന്‌ സൂക്ഷിച്ചുനോക്കുക.”

മതവിരോധവും വംശീയവിദ്വേഷവും ആളിക്കത്തുന്ന ചില രാജ്യങ്ങളിൽ നടക്കുന്നത്‌ എന്താണ്‌? മിക്കപ്പോഴും ഒരു കൊല മറ്റൊന്നിന്‌ വഴിവെക്കുന്നു. അങ്ങനെ വിദ്വേഷവും അരുങ്കൊലയും തനിയാവർത്തനമായി മാറുന്നു. 18 യുവാക്കളുടെ മരണത്തിന്‌ ഇടയാക്കിയ തീവ്രവാദി ആക്രമത്തിൽ മനംനൊന്ത്‌ ഒരു സ്‌ത്രീ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ആയിരം മടങ്ങായി ഇതിനു പകരംകൊടുക്കണം!” ഇങ്ങനെയുള്ള മനോഭാവം ക്രൂരത വർധിപ്പിക്കാനേ ഉതകൂ. കൂടുതൽ ആളുകൾ സംഘട്ടനങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടാനും അത്‌ ഇടയാക്കും.

“കണ്ണിന്നു പകരം കണ്ണ്‌”

ചിലർ തങ്ങളുടെ പ്രതികാരബുദ്ധിയെ ന്യായീകരിക്കാൻ ബൈബിളിനെ കൂട്ടുപിടിക്കാറുണ്ട്‌. “‘കണ്ണിന്നു പകരം കണ്ണ്‌, പല്ലിന്നു പകരം പല്ല്‌’ എന്നു ബൈബിൾ പറയുന്നില്ലേ” എന്നാണ്‌ അവരുടെ ചോദ്യം. (ലേവ്യപുസ്‌തകം 24:20) “കണ്ണിന്നു പകരം കണ്ണ്‌” എന്ന നിയമം പ്രതികാര നടപടികളെ പ്രോത്സാഹിപ്പിക്കുന്നതായി പ്രത്യക്ഷത്തിൽ തോന്നിയേക്കാം. എന്നാൽ വാസ്‌തവത്തിൽ പ്രതികാര നടപടികൾക്കു കടിഞ്ഞാണിടാൻ ഉതകുന്നതായിരുന്നു ആ നിയമം. എങ്ങനെ?

ഒരു ഇസ്രായേല്യൻ മറ്റൊരു ഇസ്രായേല്യനെ മർദിച്ചിട്ട്‌ അയാളുടെ കണ്ണ്‌ നഷ്ടപ്പെട്ടാൽ തക്ക ശിക്ഷ നൽകാൻ ന്യായപ്രമാണം അനുശാസിച്ചിരുന്നു. എന്നാൽ ആ കുറ്റക്കാരനെയോ അയാളുടെ കുടുംബാംഗങ്ങളെയോ ശിക്ഷിക്കാൻ ആക്രമണവിധേയനായ വ്യക്തിക്ക്‌ അധികാരമില്ലായിരുന്നു. അയാൾ പ്രശ്‌നം ന്യായാധിപന്മാരുടെ മുമ്പാകെ കൊണ്ടുചെല്ലേണ്ടിയിരുന്നു. അവരായിരുന്നു പ്രശ്‌നത്തിന്‌ തീർപ്പുകൽപ്പിക്കേണ്ടത്‌. മനപ്പൂർവം ഒരാളെ ആക്രമിക്കുന്ന വ്യക്തിക്ക്‌ തക്ക ശിക്ഷ ലഭിക്കുമെന്ന അറിവ്‌ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽനിന്ന്‌ ആളുകളെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ ആ നിയമത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു.

മേൽപ്പറഞ്ഞ നിയമത്തെക്കുറിച്ച്‌ പ്രസ്‌താവിക്കുന്നതിനുമുമ്പ്‌ യഹോവയാം ദൈവം മോശ മുഖാന്തരം ഇസ്രായേൽ ജനതയോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്‌; . . . പ്രതികാരം ചെയ്യരുത്‌; . . . പക വെക്കരുത്‌.” (ലേവ്യപുസ്‌തകം 19:17, 18) “കണ്ണിന്നു പകരം കണ്ണ്‌, പല്ലിന്നു പകരം പല്ല്‌” എന്ന നിയമത്തെ മുഴുന്യാപ്രമാണത്തിന്റെയും അന്തഃസത്തയുടെ വെളിച്ചത്തിൽ കാണേണ്ടതുണ്ട്‌. യേശു ന്യായപ്രമാണസംഹിതയെ രണ്ടു കൽപ്പനകളായി സംഗ്രഹിച്ചു: “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം.’ . . . ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.’” (മത്തായി 22:37-40) അങ്ങനെയെങ്കിൽ അന്യായം സഹിക്കേണ്ടിവരുമ്പോൾ സത്യക്രിസ്‌ത്യാനികൾ എന്താണു ചെയ്യേണ്ടത്‌?

സമാധാന മാർഗത്തിലൂടെ സഞ്ചരിക്കുക

ബൈബിൾ യഹോവയെ “സമാധാനത്തിന്റെ ദൈവം” എന്ന്‌ വിശേഷിപ്പിക്കുന്നു. ‘സമാധാനം അന്വേഷിച്ചു പിന്തുടരാൻ’ ബൈബിൾ സത്യാരാധകരോട്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. (എബ്രായർ 13:20; 1 പത്രോസ്‌ 3:11) എന്നാൽ അത്‌ പ്രായോഗികമാണോ?

ഭൂമിയിലെ യേശുവിന്റെ അവസാന നാഴികകളെക്കുറിച്ചു ചിന്തിക്കുക. എതിരാളികൾ അവന്റെ മുഖത്തു തുപ്പുകയും അവനെ ചാട്ടവാറുകൊണ്ടടിക്കുകയും പീഡിപ്പിക്കുകയുമൊക്കെ ചെയ്‌തു. അവന്റെ സുഹൃത്തുക്കളിലൊരാൾ അവനെ ഒറ്റിക്കൊടുത്തു. അവന്റെ അനുഗാമികളെല്ലാവരും അവനെ ഉപേക്ഷിച്ചു പോയി. (മത്തായി 26:48-50; 27:27-31) എന്നാൽ യേശു എങ്ങനെയാണു പ്രതികരിച്ചത്‌? അപ്പൊസ്‌തലനായ പത്രോസ്‌ പറയുന്നു: “അധിക്ഷേപിക്കപ്പെട്ടപ്പോൾ പകരം അധിക്ഷേപിക്കുകയോ കഷ്ടത സഹിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്നവന്റെ പക്കൽ അവൻ തന്നെത്തന്നെ ഭരമേൽപ്പിക്കുകയത്രേ ചെയ്‌തത്‌.”—1 പത്രോസ്‌ 2:23.

“ക്രിസ്‌തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്‌തിരിക്കുന്നു” എന്നും പത്രോസ്‌ പറയുന്നു. (1 പത്രോസ്‌ 2:21) അതെ, അന്യായം സഹിക്കുന്ന കാര്യത്തിലുൾപ്പെടെ യേശുവിനെ അനുകരിക്കാൻ ക്രിസ്‌ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു നിങ്ങൾ പുത്രന്മാരായിത്തീരേണ്ടതിനുതന്നെ.”—മത്തായി 5:44, 45.

ക്രിസ്‌തുവിനെ അനുകരിക്കുന്നവർ അന്യായത്തിന്‌ ഇരയാകുമ്പോൾ എങ്ങനെയാണു പ്രതികരിക്കുന്നത്‌? “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം” എന്ന്‌ സദൃശവാക്യങ്ങൾ 19:11 പറയുന്നു. “തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക” എന്ന ബുദ്ധിയുപദേശവും അവർ പിൻപറ്റുന്നു. (റോമർ 12:21) പകരത്തിനു പകരം എന്ന ലോകത്തിന്റെ മനോഭാവത്തിൽനിന്ന്‌ എത്ര വ്യത്യസ്‌തം! പകരം വീട്ടാനുള്ള പ്രേരണയെ ചെറുത്തുതോൽപ്പിക്കാൻ ക്രിസ്‌തീയ സ്‌നേഹം നമ്മെ പ്രാപ്‌തരാക്കും. സ്‌നേഹം ‘ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ലാത്തതിനാൽ’ മറ്റൊരാളുടെ ‘ലംഘനം ക്ഷമിക്കാൻ’ നാം സന്നദ്ധരായിരിക്കും.—1 കൊരിന്ത്യർ 13:5.

അതിനർഥം നാം ഏതെങ്കിലും ഭീഷണി നേരിടുകയോ കുറ്റകൃത്യത്തിന്‌ ഇരയാകുകയോ ചെയ്‌താൽ നിശ്ശബ്ദം അതു സഹിക്കണമെന്നാണോ? ഒരിക്കലുമല്ല. “തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക” എന്നു പറഞ്ഞപ്പോൾ ക്രിസ്‌ത്യാനികൾ രക്തസാക്ഷികളാകാൻ അവസരം നോക്കിനടക്കണമെന്നല്ല പൗലോസ്‌ ഉദ്ദേശിച്ചത്‌. ആക്രമിക്കപ്പെടുമ്പോൾ സ്വയം സംരക്ഷിക്കാനുള്ള അവകാശം അവർക്കുണ്ട്‌. ജീവനോ സ്വത്തിനോ ഭീഷണി നേരിടുന്നപക്ഷം നിങ്ങൾക്ക്‌ പോലീസിന്റെ സഹായം തേടാവുന്നതാണ്‌. സ്‌കൂളിലോ ജോലിസ്ഥലത്തോ ആരെങ്കിലും പ്രശ്‌നം സൃഷ്ടിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ അധികൃതരെ സമീപിക്കാനാകും.—റോമർ 13:3, 4.

എന്നിരുന്നാലും ഈ വ്യവസ്ഥിതിയിൽ നീതി ലഭിക്കുന്നത്‌ അത്ര എളുപ്പമല്ലെന്ന്‌ ഓർക്കുക. നീതിക്കായി ഒരായുഷ്‌കാലം മുഴുവൻ പോരാടിയിട്ടുള്ള അനേകരുണ്ട്‌. എന്നാൽ അവർക്ക്‌ വിജയിക്കാനായോ? ഇല്ല. കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാതെ വന്നപ്പോൾ നീരസവും അമർഷവും കൊണ്ട്‌ നീറിക്കത്തുന്ന മനസ്സുമായി അവർക്ക്‌ ശിഷ്ടകാലം തള്ളിനീക്കേണ്ടിവരികയാണുണ്ടായത്‌.

പകയും വിദ്വേഷവും ആളുകളെ ഭിന്നിപ്പിക്കുന്നതു കാണാനാണ്‌ സാത്താന്‌ ഇഷ്ടം. (1 യോഹന്നാൻ 3:7, 8) സാത്താന്റെ കൈയിലെ കളിപ്പാട്ടമാകുന്നതിനെക്കാൾ എത്രയോ നല്ലതാണ്‌ ബൈബിളിലെ പിൻവരുന്ന ഉപദേശം കൈക്കൊള്ളുന്നത്‌: “പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന്‌ ഇടംകൊടുക്കുവിൻ. ‘യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും’ എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ.” (റോമർ 12:19) അതുകൊണ്ട്‌ എല്ലാം യഹോവയുടെ കൈകളിൽ ഏൽപ്പിക്കുക. അപ്പോൾ വിദ്വേഷം, വേദന, അക്രമം എന്നിവയിൽനിന്ന്‌ നിങ്ങൾക്ക്‌ ഒഴിഞ്ഞിരിക്കാനാകും!—സദൃശവാക്യങ്ങൾ 3:3-6.

[12-ാം പേജിലെ ആകർഷകവാക്യം]

“നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം.” “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം”

[13-ാം പേജിലെ ചിത്രങ്ങൾ]

സ്‌നേഹം ‘ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല’—1 കൊരിന്ത്യർ 13:5