വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരാണോ?

യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരാണോ?

വായനക്കാർ ചോദിക്കുന്നു

യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരാണോ?

യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരാണെന്ന്‌ അവർ വിശ്വസിക്കുന്നില്ല. എന്താണു കാരണം?

റോമൻ കത്തോലിക്കാസഭയെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 16-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉദയം ചെയ്‌തതാണ്‌ പ്രൊട്ടസ്റ്റന്റിസം. “പ്രൊട്ടസ്റ്റന്റ്‌” എന്ന്‌ ആദ്യമായി പേരു വീണത്‌ മാർട്ടിൻ ലൂഥറിന്റെ അനുയായികൾക്കാണ്‌, 1529-ൽ നടന്ന ‘ഡയറ്റ്‌ ഓഫ്‌ ഷ്‌പയർ’ എന്ന സമ്മേളനത്തിൽവെച്ച്‌. ഈ മതപരിഷ്‌കരണത്തിന്റെ തത്ത്വങ്ങളെയും ലക്ഷ്യങ്ങളെയും പിന്താങ്ങിയിരുന്ന എല്ലാവരും അന്നുമുതൽ ഈ പേരിനാൽ അറിയപ്പെടാൻതുടങ്ങി. മിറിയം-വെബ്‌സ്റ്റേഴ്‌സ്‌ കൊളിജിയേറ്റ്‌ ഡിക്ഷ്‌ണറി (11-ാം പതിപ്പ്‌) പ്രൊട്ടസ്റ്റന്റ്‌ എന്ന പദത്തിനു നൽകുന്ന നിർവചനം, “മാർപ്പാപ്പയുടെ സാർവത്രിക അധികാരത്തെ അംഗീകരിക്കാത്തതും വിശ്വാസത്താൽ മാത്രമേ നീതീകരണം പ്രാപിക്കാനാകൂവെന്നും എല്ലാ വിശ്വാസികളും പുരോഹിതന്മാരാണെന്നും സത്യത്തിന്റെ ഏക ഉറവിടം ബൈബിളാണെന്നും ഉള്ള മതനവീകരണ തത്ത്വത്തെ ശക്തമായി പിന്താങ്ങുന്നതും ആയ സഭാവിഭാഗങ്ങളിൽപ്പെട്ട ഒരംഗം” എന്നാണ്‌.

യഹോവയുടെ സാക്ഷികളും മാർപാപ്പയുടെ അധികാരത്തെ അംഗീകരിക്കുന്നില്ല. ബൈബിൾ മാത്രമാണ്‌ സത്യത്തിന്റെ ഉറവിടമെന്ന്‌ അവരും അടിയുറച്ചുവിശ്വസിക്കുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗങ്ങളിൽനിന്ന്‌ അവരെ വ്യത്യസ്‌തരാക്കുന്ന ഒട്ടനവധി സുപ്രധാന ഘടകങ്ങളുണ്ട്‌. ദി എൻസൈക്ലോപീഡിയ ഓഫ്‌ റിലീജിയൺ യഹോവയുടെ സാക്ഷികളെ “വ്യതിരിക്ത മതസ്ഥർ” എന്നു വിശേഷിപ്പിക്കുന്നു. അവർ വ്യത്യസ്‌തരായിരിക്കുന്ന മൂന്നുവിധങ്ങൾ കാണുക.

ഒന്ന്‌, പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗങ്ങൾ കത്തോലിക്കരുടെ വിശ്വാസങ്ങളിൽ ചിലത്‌ അംഗീകരിക്കുന്നില്ലെങ്കിലും ത്രിത്വം, അഗ്നിനരകം, ആത്മാവിന്റെ അമർത്യത തുടങ്ങിയ വിശ്വാസങ്ങൾ അവർ നിലനിറുത്തുന്നുണ്ട്‌. ഇത്തരം ഉപദേശങ്ങൾ ബൈബിളിനു വിരുദ്ധമാണെന്നു മാത്രമല്ല, ദൈവത്തെക്കുറിച്ച്‌ വികലമായ ഒരു ചിത്രമാണ്‌ അവ വരച്ചുകാട്ടുന്നതെന്ന്‌ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.

രണ്ട്‌, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനോദ്ദേശ്യം ഏതെങ്കിലും മതത്തെ എതിർക്കുകയല്ല, മറിച്ച്‌ ഗുണകരമായ പ്രബോധനങ്ങൾ പകർന്നുകൊടുക്കുകയാണ്‌. അവർ ബൈബിളിന്റെ ഈ ബുദ്ധിയുപദേശം ഗൗരവമായെടുക്കുന്നു: “ദൈവത്തിന്റെ ദാസൻ തർക്കിക്കരുത്‌. അവൻ എല്ലാവരോടും ദയാലുവാകണം. ദൈവത്തിന്റെ ദാസൻ നല്ല ഒരു ഉപദേഷ്ടാവായിരിക്കണം. അവൻ ക്ഷമാശീലനാകണം. തന്നോടു യോജിച്ചുപോകാത്ത ആൾക്കാരെ കർത്താവിന്റെ ദാസൻ സൗമ്യമായി പഠിപ്പിക്കണം.” (2 തിമൊഥെയൊസ്‌ 2:24, 25, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) ബൈബിൾ പറയുന്നതും മതങ്ങൾ പഠിപ്പിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ യഹോവയുടെ സാക്ഷികൾ ചൂണ്ടിക്കാണിക്കാറുണ്ട്‌. എന്നാൽ ഏതെങ്കിലും ഒരു മതസംഘടനയെ നവീകരിക്കുകയെന്ന ലക്ഷ്യത്തിലല്ല അവർ അതു ചെയ്യുന്നത്‌. മറിച്ച്‌, ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും ഉള്ള യഥാർഥ പരിജ്ഞാനം നേടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ വ്യക്തിപരമായി സഹായിക്കുക എന്നതാണ്‌ അവരുടെ ഉദ്ദേശ്യം. (കൊലോസ്യർ 1:9, 10) മറ്റു മതസ്ഥരായ ആളുകൾ തർക്കിക്കാൻ വരുന്നപക്ഷം യഹോവയുടെ സാക്ഷികൾ അത്തരം കഴമ്പില്ലാത്ത വാഗ്വാദങ്ങളിൽ ഏർപ്പെടുകയില്ല.—2 തിമൊഥെയൊസ്‌ 2:23.

മൂന്ന്‌, നൂറുകണക്കിനു വിഭാഗങ്ങളായി വിഘടിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ്‌ പ്രസ്ഥാനത്തിൽനിന്നു വ്യത്യസ്‌തമായി, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങൾക്കിടയിലുള്ള ഐക്യം കാത്തുസൂക്ഷിക്കുന്നു. അവർ ഒരു ആഗോളസഹോദരവർഗമാണ്‌. 230-ലേറെ രാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ ബൈബിളുപദേശങ്ങളുടെ കാര്യത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ, “യോജിപ്പോടെ സംസാരിക്കു”ന്നവരാണ്‌. അവർക്കിടയിൽ ഭിന്നതയില്ല. അവർ “ഏക മനസ്സോടും ഏക ചിന്തയോടുംകൂടെ തികഞ്ഞ ഐക്യത്തിൽ വർത്തിക്കു”ന്നു. (1 കൊരിന്ത്യർ 1:10) സഹാരാധകരോടൊപ്പം “സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” അവർ ഓരോരുത്തരും യത്‌നിക്കുന്നു.—എഫെസ്യർ 4:3.