വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം

മക്കൾക്ക്‌ സദാചാ​ര​മൂ​ല്യ​ങ്ങൾ പകർന്നു​​കൊ​ടു​ക്കാം!

മക്കൾക്ക്‌ സദാചാ​ര​മൂ​ല്യ​ങ്ങൾ പകർന്നു​​കൊ​ടു​ക്കാം!

മെക്‌സി​​ക്കോ​യിൽനി​ന്നുള്ള ഒരമ്മ ലോയ്‌ഡ: a “സ്‌കൂ​ളു​ക​ളിൽ ഗർഭനി​​രോ​ധന ഉറകൾ വിതരണം ചെയ്യു​ന്നുണ്ട്‌. അത്‌ ഉപയോ​ഗി​ക്കു​ന്നി​ട​​ത്തോ​ളം സെക്‌സ്‌ ‘സെയ്‌ഫ്‌’ ആണെന്ന്‌, അതിൽ കുഴപ്പ​മി​​ല്ലെ​ന്നാണ്‌ കൗമാ​ര​ക്കാർ ധരിച്ചു​​വെ​ച്ചി​രി​ക്കു​ന്നത്‌.”

ജപ്പാനിൽനിന്നുള്ള നോബു​ക്കോ എന്ന അമ്മ: “‘നീയും ഗേൾഫ്ര​ണ്ടും തനിച്ചാ​യാൽ നീ എന്തു ചെയ്യും?’ എന്ന്‌ ഞാൻ എന്റെ മകനോട്‌ ചോദി​ച്ചു. ‘എനിക്ക​റി​യില്ല’ എന്നായി​രു​ന്നു അവന്റെ മറുപടി.”

നിങ്ങളു​ടെ മകനോ മകളോ പിച്ച​വെച്ചു നടന്ന കാല​ത്തെ​ക്കു​റിച്ച്‌ ഒന്നോർത്തു​​നോ​ക്കൂ. കുഞ്ഞിന്റെ സുരക്ഷ​യ്‌ക്കാ​യി നിങ്ങൾ പലതും ചെയ്‌തി​ട്ടു​ണ്ടാ​കും. അവൻ സ്വിച്ച്‌ ബോർഡിൽ തൊടാ​തി​രി​ക്കാൻ നിങ്ങൾ അത്‌ മറച്ചു​​വെ​ച്ചി​ട്ടു​ണ്ടാ​കാം, കത്തി പോലുള്ള മൂർച്ച​യുള്ള വസ്‌തു​ക്കൾ അവന്റെ ശ്രദ്ധയിൽപ്പെ​ടാ​തെ മാറ്റി​​വെ​ച്ചി​ട്ടു​ണ്ടാ​കാം, സ്റ്റെയർക്കേ​സു​കൾ കൈവരി പിടി​പ്പിച്ച്‌ സുരക്ഷി​ത​മാ​ക്കി​യി​ട്ടു​ണ്ടാ​കാം. കുഞ്ഞിന്‌ ഒരപക​ട​വും വരരു​​തെന്ന്‌ നിങ്ങൾ ആഗ്രഹി​ച്ചു.

പക്ഷേ ഒരു കൗമാ​ര​ക്കാ​രനെ സംരക്ഷി​ക്കുക അത്ര എളുപ്പമല്ല. കുട്ടി വളരു​ന്ന​​തോ​ടെ നിങ്ങളു​ടെ ഉത്‌ക​ണ്‌ഠ​ക​ളും വളരുന്നു. കാരണം ഇപ്പോൾ അവനു ചുറ്റു​മുള്ള അപകടങ്ങൾ നിങ്ങൾക്കു നിയ​ന്ത്രി​ക്കാ​വു​ന്ന​തി​നും അപ്പുറ​മാണ്‌. ‘എന്റെ മകൻ അശ്ലീലം വീക്ഷി​ക്കു​ന്നു​ണ്ടോ?’ ‘എന്റെ മകൾ സെക്‌സ്റ്റിങ്‌ (സെൽഫോ​ണി​ലൂ​ടെ സ്വന്തം നഗ്നചി​​ത്രങ്ങൾ മറ്റുള്ള​വർക്ക്‌ അയച്ചു​​കൊ​ടു​ക്കുന്ന രീതി) നടത്തു​ന്നു​ണ്ടോ?’ ഇങ്ങനെ പോകു​ന്നു നിങ്ങളു​ടെ ഉത്‌ക​ണ്‌ഠകൾ. നിങ്ങൾ ഉൾക്കി​ടി​ല​​ത്തോ​ടെ ചിന്തി​ക്കുന്ന മറ്റൊരു കാര്യ​മുണ്ട്‌: ‘എന്റെ കുട്ടി സെക്‌സിൽ ഏർപ്പെ​ടു​ന്നു​ണ്ടോ?’

നിയ​ന്ത്ര​ണ​മാ​ണോ പരിഹാ​രം?

കുട്ടി​ക​ളു​ടെ ഓരോ നീക്കങ്ങ​ളും നിരീ​ക്ഷി​ച്ചു​​കൊണ്ട്‌ 24 മണിക്കൂ​റും അവരെ ചുറ്റി​പ്പറ്റി നിൽക്കുന്ന ചില മാതാ​പി​താ​ക്ക​ളുണ്ട്‌. മാതാ​പി​താ​ക്ക​ളു​ടെ കണ്ണിൽപ്പെ​ടാ​തെ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾ പഠിക്കു​​മെ​ന്ന​ല്ലാ​തെ ഈ രീതി​​കൊണ്ട്‌ യാതൊ​രു ഗുണവു​മില്ല. മാതാ​പി​താ​ക്കൾ, എന്താണോ ചെയ്യരു​​തെന്ന്‌ പറഞ്ഞി​ട്ടു​ള്ളത്‌ അതു ചെയ്യാ​നും വിദഗ്‌ധ​മാ​യി മറച്ചു​​വെ​ക്കാ​നും ഈ കുട്ടികൾ പഠിക്കും.

അതു​കൊണ്ട്‌, നിയ​ന്ത്ര​ണമല്ല പരിഹാ​രം. മനുഷ്യ​രെ നിയ​ന്ത്രി​ച്ചു​​കൊണ്ട്‌ അവരുടെ അനുസ​രണം പിടി​ച്ചു​വാ​ങ്ങാൻ യഹോ​വ​യാം ദൈവം ശ്രമി​ക്കു​ന്നില്ല; മാതാ​പി​താ​ക്ക​ളായ നിങ്ങളും അങ്ങനെ ചെയ്യരുത്‌. (ആവർത്ത​ന​പു​സ്‌തകം 30:19) അപ്പോൾപ്പി​ന്നെ, സദാചാ​ര​ത്തി​ന്റെ കാര്യ​ത്തിൽ ശരിയായ തീരു​മാ​ന​ങ്ങ​​ളെ​ടു​ക്കാൻ നിങ്ങളു​ടെ മകനെ/മകളെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും?—സദൃശ​വാ​ക്യ​ങ്ങൾ 27:11.

പതിവാ​യി കുട്ടി​ക​​ളോട്‌ ഹൃദയം തുറന്നു സംസാ​രി​ക്കുക, ആദ്യം ചെയ്യേ​ണ്ടത്‌ അതാണ്‌. നന്നേ ചെറു​പ്പ​ത്തിൽത്തന്നെ ആ ശീലം തുടങ്ങണം. b (സദൃശ​വാ​ക്യ​ങ്ങൾ 22:6) കൗമാ​ര​ത്തി​​ലെ​ത്തി​യാ​ലും അതു തുടരു​ക​യും വേണം. കൗമാ​ര​ത്തിൽ കുട്ടികൾ അറി​യേ​ണ്ട​​തെ​ല്ലാം അവർക്ക്‌ പറഞ്ഞു​​കൊ​ടു​​ക്കേ​ണ്ടത്‌ മാതാ​പി​താ​ക്ക​ളായ നിങ്ങളാണ്‌. “സെക്‌സി​​നെ​ക്കു​റിച്ച്‌ കൂട്ടു​കാ​രു​മാ​യി സംസാ​രി​ക്കാ​നാണ്‌ ഞങ്ങൾക്കി​ഷ്ടം എന്നാണ്‌ പലരും വിചാ​രി​ക്കു​ന്നത്‌. പക്ഷേ അതല്ല സത്യം. മാതാ​പി​താ​ക്കൾ അതു പറഞ്ഞു​ത​രാ​നാണ്‌ ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നത്‌. അവർ പറയു​ന്നത്‌ ഞങ്ങൾക്കു വിശ്വാ​സ​മാണ്‌,” ബ്രിട്ട​നി​ലുള്ള അലീഷ എന്ന പെൺകു​ട്ടി പറയുന്നു.

സദാചാ​ര​മൂ​ല്യ​ങ്ങൾ പ്രധാനം

കുഞ്ഞുങ്ങൾ ഉണ്ടാകു​ന്നത്‌ എങ്ങനെ എന്നതു​​പോ​ലുള്ള അടിസ്ഥാ​ന​പ​ര​മായ കാര്യങ്ങൾ മാത്രമല്ല ലൈം​ഗി​ക​വി​ദ്യാ​ഭ്യാ​സ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. വളരു​ന്ന​ത​നു​സ​രിച്ച്‌ കുട്ടികൾ സെക്‌സി​​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയണം. അതു​പോ​ലെ അവർ, “ശരിയും തെറ്റും തിരി​ച്ച​റി​യാൻ തക്കവിധം ഉപയോ​ഗ​ത്താൽ തങ്ങളുടെ വിവേ​ച​നാ​​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി”ക്കുകയും വേണം. (എബ്രായർ 5:14) ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, അവർക്ക്‌ സദാചാ​ര​മൂ​ല്യ​ങ്ങ​​ളെ​ക്കു​റിച്ച്‌ വ്യക്തമായ ധാരണ​യു​ണ്ടാ​യി​രി​ക്കണം. അതിനു ചേർച്ച​യിൽ ജീവി​ക്കാ​നുള്ള നിശ്ചയ​ദാർഢ്യ​വും വേണം. അങ്ങനെ​​യെ​ങ്കിൽ, കുട്ടി സദാചാ​ര​മൂ​ല്യ​ങ്ങൾ ഉള്ളവനാ​യി വളരാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

നിങ്ങളു​ടെ സ്വന്തം മൂല്യങ്ങൾ വിശക​ലനം ചെയ്‌തു​​കൊ​ണ്ടു തുടങ്ങാം. ഉദാഹ​ര​ണ​മാ​യി, പരസംഗം (അവിവാ​ഹി​തർക്കി​ട​യി​ലെ ലൈം​ഗി​ക​ബന്ധം) തെറ്റാ​​ണെന്ന്‌ നിങ്ങൾ ഉറച്ചു വിശ്വ​സി​ക്കു​ന്നു​ണ്ടാ​കും. (1 തെസ്സ​ലോ​നി​ക്യർ 4:3) നിങ്ങളു​ടെ ഈ നിലപാ​ടി​​നെ​ക്കു​റിച്ച്‌ മിക്കവാ​റും കുട്ടിക്ക്‌ അറിയാ​മാ​യി​രി​ക്കും. എന്തിന​ധി​കം, ഇങ്ങനെ​​യൊ​രു നിലപാ​​ടെ​ടു​ക്കാൻ നിങ്ങളെ പ്രേരി​പ്പിച്ച ബൈബിൾ ഭാഗങ്ങൾ അവന്‌ ഒരുപക്ഷേ മനപ്പാ​ഠ​മാ​യി​രി​ക്കാം. വിവാ​ഹ​ത്തി​നു​മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ ശരിയാ​ണോ എന്നു ചോദി​ച്ചാൽ യാതൊ​രു സംശയ​വു​മി​ല്ലാ​തെ അവൻ മറുപടി പറഞ്ഞെ​ന്നും​വ​രാം.

പക്ഷേ അതുമാ​ത്രം പോരാ. ചില കൗമാ​ര​ക്കാർ ലൈം​ഗി​കത സംബന്ധിച്ച മാതാ​പി​താ​ക്ക​ളു​ടെ വീക്ഷണ​​ത്തോട്‌ യോജി​​ച്ചേ​ക്കാം എന്ന വസ്‌തുത കുറി​​ക്കൊ​ണ്ട​​ശേഷം സെക്‌സ്‌ സ്‌മാർട്ട്‌ എന്ന പുസ്‌തകം പ്രസ്‌താ​വി​ക്കു​ന്നു: “സ്വന്തമാ​യി ഒരു അഭി​പ്രാ​യം രൂപ​പ്പെ​ടു​ത്താൻ കഴിയാത്ത ഇവർ, ഓർക്കാ​പ്പു​റത്ത്‌ ഒരു സാഹച​ര്യ​ത്തിൽ പെട്ടു​​പോ​യാൽ ‘എത്ര​ത്തോ​ളം പോകാം’ എന്നറി​യാ​തെ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു.” ഇവി​ടെ​യാണ്‌ മൂല്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം നാം കാണു​ന്നത്‌. അങ്ങനെ​​യെ​ങ്കിൽ മൂല്യങ്ങൾ സ്വായ​ത്ത​മാ​ക്കാൻ കുട്ടി​കളെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

നിങ്ങളു​ടെ നയം വ്യക്തമാ​ക്കുക.

ദാമ്പത്യ​ത്തിൽമാ​ത്രം അനുവ​ദി​ക്ക​​പ്പെ​ട്ടി​രി​ക്കുന്ന ഒന്നായി​ട്ടാ​ണോ നിങ്ങൾ ലൈം​ഗി​ക​ബ​ന്ധത്തെ കാണു​ന്നത്‌? എങ്കിൽ അതേക്കു​റിച്ച്‌ വ്യക്തമാ​യി, കൂടെ​ക്കൂ​ടെ മക്കളോ​ടു പറയുക. “കൗമാ​ര​ക്കാർക്കി​ട​യി​ലെ ലൈം​ഗി​ക​ബന്ധം തെറ്റാ​ണെന്ന സന്ദേശം കൂടെ​ക്കൂ​ടെ കേട്ടു​വ​ള​രുന്ന കുട്ടികൾ ആ പ്രായ​ത്തിൽ ലൈം​ഗി​കത പരീക്ഷി​ച്ചു നോക്കാ​നുള്ള സാധ്യത കുറവാ​​ണെന്ന്‌” ഒരു പഠനം വെളി​​പ്പെ​ടു​ത്തു​ന്ന​താ​യി ബിയോണ്ട്‌ ദ ബിഗ്‌ ടോക്ക്‌ എന്ന പുസ്‌തകം പ്രസ്‌താ​വി​ക്കു​ന്നു.

സദാചാ​ര​​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ നിലപാട്‌ കുട്ടി​ക​​ളോ​ടു പറയു​ന്ന​തു​​കൊ​ണ്ടു​മാ​ത്രം അവർ സദാചാ​ര​നി​ഷ്‌ഠ​യു​ള്ള​വ​രാ​യി വളരണ​​മെ​ന്നില്ല എന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും, അച്ഛനമ്മ​മാ​രിൽനി​ന്നും പകർന്നു​കി​ട്ടുന്ന മൂല്യ​ങ്ങ​ളും ആദർശ​ങ്ങ​ളും സ്വന്തം മൂല്യ​​ബോ​ധം പടുത്തു​യർത്താൻ അവർക്കൊ​രു അടിസ്ഥാ​ന​മാ​യി വർത്തി​ക്കും. കൗമാ​ര​ത്തിൽ മാതാ​പി​താ​ക്ക​ളു​ടെ മൂല്യങ്ങൾ പകർത്താൻ ശ്രമി​ക്കാത്ത കുട്ടി​കൾപോ​ലും വളർന്നു​വ​രു​​മ്പോൾ അതു സ്വീക​രി​ക്കു​ന്ന​താ​യാണ്‌ കണ്ടുവ​രു​ന്ന​​തെന്ന്‌ പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു.

ഇങ്ങനെ ചെയ്‌തു​​നോ​ക്കൂ: ഒരു വാർത്ത​​യെ​ക്കു​റി​ച്ചോ മറ്റോ പറഞ്ഞു​​കൊണ്ട്‌ സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടാ​നാ​കും. ഉദാഹ​ര​ണ​മാ​യി, ലൈം​ഗിക ചൂഷണ​​ത്തെ​ക്കു​റിച്ച്‌ ഒരു വാർത്ത വരു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാ​വു​ന്ന​താണ്‌: “സ്‌ത്രീ​ക​​ളോട്‌ ഇത്ര നീചമാ​യി പെരു​മാ​റാൻ ഈ പുരു​ഷ​ന്മാർക്ക്‌ എങ്ങനെ കഴിയു​ന്നു? ഇതൊക്കെ ഇവർ എവി​ടെ​നി​ന്നു പഠിക്കു​ന്നു? നിനക്ക്‌ എന്തു തോന്നു​ന്നു?”

സെക്‌സി​​നെ​ക്കു​റി​ച്ചുള്ള ഒരു യഥാർഥ ചിത്രം നൽകുക.

ഉൾപ്പെ​ട്ടി​രി​ക്കുന്ന അപകട​ങ്ങ​​ളെ​ക്കു​റിച്ച്‌ പറഞ്ഞു​​കൊ​ടു​ക്കു​ക​തന്നെ വേണം. (1 കൊരി​ന്ത്യർ 6:18; യാക്കോബ്‌ 1:14, 15) എന്നാൽ, സാത്താൻ ഒരുക്കിയ ഒരു കെണി​യാ​യി​ട്ടല്ല, ദൈവ​ത്തിൽനി​ന്നുള്ള ഒരു ദാനമാ​യി​ട്ടാണ്‌ ബൈബിൾ ലൈം​ഗി​ക​തയെ ചിത്രീ​ക​രി​ക്കു​ന്ന​തെന്ന വസ്‌തുത മനസ്സിൽപ്പി​ടി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 5:18, 19; ഉത്തമഗീ​തം 1:2) ഈ വിഷയ​​ത്തോ​ടു ബന്ധപ്പെട്ട അപകട​ങ്ങൾമാ​ത്രം ശ്രദ്ധയിൽപ്പെ​ടു​ത്തു​ന്നത്‌ കുട്ടി​യു​ടെ മനസ്സിൽ ലൈം​ഗി​കത സംബന്ധിച്ച വികല​മായ, തിരു​​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത ഒരു വീക്ഷണം രൂപ​പ്പെ​ടാ​നേ ഇടയാക്കൂ. “ലൈം​ഗിക അധാർമി​ക​ത​യു​ടെ അപകട​ങ്ങ​​ളെ​ക്കു​റിച്ച്‌ എന്റെ മാതാ​പി​താ​ക്കൾ വാതോ​രാ​തെ പറയു​മാ​യി​രു​ന്നു. അത്‌ ലൈം​ഗി​ക​ത​​യെ​ക്കു​റിച്ച്‌ മോശ​മാ​​യൊ​രു ചിത്രം എന്റെ മനസ്സിൽ കോറി​യി​ട്ടു,” ഫ്രാൻസിൽനി​ന്നുള്ള കരീന എന്ന യുവതി.

അതു​കൊണ്ട്‌, ലൈം​ഗി​ക​ത​​യെ​ക്കു​റിച്ച്‌ ഒരു യഥാർഥ ചിത്രം കുട്ടിക്ക്‌ ലഭിക്കു​ന്നു​​വെന്ന്‌ ഉറപ്പു​വ​രു​ത്തുക. മെക്‌സി​​ക്കോ​യിൽനി​ന്നുള്ള നാദിയ എന്ന അമ്മ പറയു​ന്നത്‌ ശ്രദ്ധി​ക്കുക: “ലൈം​ഗി​കത സ്വാഭാ​വി​ക​മാണ്‌, യഹോ​വ​യിൽനി​ന്നുള്ള ഒരു ദാനമാണ്‌. എന്നാൽ ദാമ്പത്യ​ത്തി​നു​ള്ളിൽ മാത്രമേ അത്‌ അനുവ​ദി​ക്ക​​പ്പെ​ട്ടി​ട്ടു​ള്ളൂ. ലൈം​ഗി​കത നമുക്ക്‌ സന്തോഷം പകരു​മോ ഇല്ലയോ എന്നത്‌ നാം അത്‌ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. ഇതൊക്കെ കുട്ടി​കളെ പറഞ്ഞു മനസ്സി​ലാ​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കാ​റുണ്ട്‌.”

ഇങ്ങനെ ചെയ്‌തു​​നോ​ക്കൂ: അടുത്ത തവണ സെക്‌സി​​നെ​ക്കു​റിച്ച്‌ കുട്ടി​​യോ​ടു സംസാ​രി​ക്കു​​മ്പോൾ അതിന്റെ നല്ല വശത്തെ​ക്കു​റി​ച്ചു പറഞ്ഞു​​കൊണ്ട്‌ സംഭാ​ഷണം അവസാ​നി​പ്പി​ക്കുക. യഹോ​വ​യിൽനി​ന്നുള്ള അത്ഭുത​ക​ര​മായ ഒരു സമ്മാന​മാണ്‌ അത്‌ എന്നു പറയാൻ മടിക്കേണ്ട. ഭാവി​യിൽ ഒരു വിവാ​ഹിത വ്യക്തി എന്ന നിലയിൽ അവന്‌/അവൾക്ക്‌ അത്‌ ആസ്വദി​ക്കാൻ കഴിയു​​മെ​ന്നും കൂട്ടി​​ച്ചേർക്കാം. ആ സമയം​വരെ, ദൈവം വെച്ചി​രി​ക്കുന്ന സദാചാ​ര​നി​യ​മ​ങ്ങ​​ളോ​ടു പറ്റിനിൽക്ക​ണ​​മെ​ന്നും അവന്‌/അവൾക്ക്‌ അതിനു സാധി​ക്കു​​മെ​ന്നും ഉറപ്പു​​കൊ​ടു​ക്കുക.

വരും​വ​രാ​യ്‌കകൾ തൂക്കി​​നോ​ക്കാൻ കുട്ടിയെ സഹായി​ക്കുക.

ജീവി​ത​ത്തി​ന്റെ ഏതു മണ്ഡലത്തി​ലാ​യാ​ലും ശരിയായ തീരു​മാ​നങ്ങൾ എടുക്ക​ണ​​മെ​ങ്കിൽ, തങ്ങളുടെ മുമ്പാകെ ഏതെല്ലാം തിര​ഞ്ഞെ​ടു​പ്പു​ക​ളു​​ണ്ടെ​ന്നും ഓരോ​ന്നി​​ന്റെ​യും ഗുണവും ദോഷ​വും എന്താ​ണെ​ന്നും വിലയി​രു​ത്തി​​നോ​ക്കാൻ കൗമാ​ര​ക്കാർക്കു കഴിയണം. തെറ്റേത്‌, ശരി​യേത്‌ എന്നു മനസ്സി​ലാ​ക്കു​ന്നതു മാത്രമല്ല ഇതിൽ ഉൾപ്പെ​ടു​ന്നത്‌ എന്നോർക്കുക. ഓസ്‌​ട്രേ​ലി​യ​യി​ലുള്ള ഒരു ക്രിസ്‌തീയ യുവതി​യായ എമ്മ പറയു​ന്നത്‌ ഇങ്ങനെ: “ദൈവ​ത്തി​ന്റെ ധാർമിക നിലവാ​രങ്ങൾ അറിയാം എന്നതു​​കൊ​ണ്ടു​മാ​ത്രം നാം അതി​നോ​ടു യോജി​ക്ക​ണ​​മെ​ന്നില്ല എന്ന്‌ എന്റെ സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ എനിക്കു പറയാ​നാ​കും. ആ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​​ളെ​യും അതു ലംഘി​ക്കു​ന്ന​തി​ന്റെ ഭവിഷ്യ​ത്തു​ക​​ളെ​യും കുറിച്ച്‌ അറിയു​ന്നത്‌ പ്രധാ​ന​മാണ്‌.”

ഇക്കാര്യ​ത്തിൽ ബൈബി​ളി​നു നമ്മെ സഹായി​ക്കാ​നാ​കും. മിക്ക കൽപ്പന​ക​ളു​​ടെ​യും കാര്യ​ത്തിൽ, കൽപ്പന​​യോ​​ടൊ​പ്പം​തന്നെ അതു ലംഘി​ക്കു​ന്ന​തി​ന്റെ പരിണ​ത​ഫ​ല​ങ്ങ​​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സദൃശ​വാ​ക്യ​ങ്ങൾ 5:8, 9-ൽ (സുഭാ​ഷി​തങ്ങൾ, ഓശാന ബൈബിൾ) പരസം​ഗ​ത്തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാൻ യുവ​പ്രാ​യ​ക്കാ​​രോ​ടു കൽപ്പി​ച്ചി​രി​ക്കു​ന്ന​താ​യി നാം കാണുന്നു. ‘അല്ലെങ്കിൽ നിന്റെ അന്തസ്സ്‌ അന്യർക്ക്‌ നൽകേ​ണ്ടി​വ​രും’ എന്നു പറഞ്ഞു​​കൊണ്ട്‌ അതിന്റെ പരിണ​തി​​യെ​ക്കു​റി​ച്ചും ആ ഭാഗം വ്യക്തമാ​ക്കു​ന്നുണ്ട്‌. വിവാ​ഹ​ത്തി​നു​മുമ്പ്‌ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​വർക്ക്‌ തങ്ങളുടെ അന്തസ്സും മൂല്യ​​ബോ​ധ​വും ആത്മാഭി​മാ​ന​വും ബലിക​ഴി​​ക്കേ​ണ്ടി​വ​രു​​മെ​ന്നാണ്‌ ഈ തിരു​​വെ​ഴു​ത്തു​ഭാ​ഗം സൂചി​പ്പി​ക്കു​ന്നത്‌. മാത്രമല്ല, ഇത്തരം ഗുണങ്ങ​ളുള്ള ഒരു വ്യക്തിയെ ഇണയായി കിട്ടാ​നുള്ള സാധ്യ​ത​യും കുറവാ​യി​രി​ക്കും. ഈ വിധത്തിൽ, ദൈവ​നി​യ​മങ്ങൾ കാറ്റിൽ പറത്തു​ന്ന​തി​ന്റെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വു​മായ അപകട​ങ്ങ​​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌ ദൈവ​നി​യ​മ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നുള്ള നിങ്ങളു​ടെ കുട്ടി​യു​ടെ നിശ്ചയ​ദാർഢ്യ​ത്തെ കരുത്തു​റ്റ​താ​ക്കും. c

ഇങ്ങനെ ചെയ്‌തു​​നോ​ക്കൂ: ദൈവ​നി​യ​മങ്ങൾ പിൻപ​റ്റു​ന്നത്‌ ജ്ഞാനവ​ത്താ​​ണെന്നു മനസ്സി​ലാ​ക്കാൻ കുട്ടിയെ സഹായി​ക്കു​ന്ന​തിന്‌ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ കുട്ടി​​യോട്‌ നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “അടുപ്പി​ലെ തീയ്‌ക്ക്‌ ദോഷ​മില്ല. എന്നാൽ കാട്ടുതീ ദോഷ​ക​ര​മാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? നീ പറഞ്ഞ ഉത്തരം, ലൈം​ഗി​ക​ത​​യോ​ടു ബന്ധപ്പെട്ട്‌ ദൈവം വെച്ചി​രി​ക്കുന്ന അതിർവ​ര​മ്പു​ക​ളു​ടെ കാര്യ​ത്തിൽ എങ്ങനെ​യാണ്‌ ബാധക​മാ​കു​ന്നത്‌?” തുടർന്ന്‌, സദൃശ​വാ​ക്യ​ങ്ങൾ 5:3-14-ലെ വിവരണം ഉപയോ​ഗി​ച്ചു​​കൊണ്ട്‌ പരസം​ഗ​ത്തി​ന്റെ ഗുരു​ത​ര​മായ ഭവിഷ്യ​ത്തു​ക​​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ കുട്ടിയെ സഹായി​ക്കാം.

ജപ്പാനിൽനി​ന്നുള്ള ടാക്കാ​വോ എന്ന 18-കാരൻ പറയുന്നു: “ശരി ചെയ്യണ​​മെന്ന്‌ എനിക്ക​റി​യാം. പക്ഷേ തെറ്റായ മോഹ​ങ്ങ​​ളോട്‌ എനിക്ക്‌ നിരന്തരം പോരാ​​ടേ​ണ്ടി​വ​രു​ന്നു.” പല യുവ​പ്രാ​യ​ക്കാർക്കും ഇങ്ങനെ തോന്നി​​യേ​ക്കാം; പക്ഷേ അതിൽ ഉത്‌ക​ണ്‌ഠ​​പ്പെ​​ടേ​ണ്ട​തില്ല. ഒരു ഉറച്ച ക്രിസ്‌ത്യാ​നി​യായ പൗലോസ്‌ അപ്പൊ​സ്‌ത​ല​നു​​പോ​ലും അങ്ങനെ തോന്നി. “ശരിയാ​യതു ചെയ്യാൻ ഇച്ഛിക്കുന്ന ഞാൻ, തിന്മ എന്നോ​​ടൊ​പ്പ​മുണ്ട്‌ എന്നൊരു തത്ത്വം കാണുന്നു,” അദ്ദേഹം എഴുതി.—റോമർ 7:21.

ഇത്തര​മൊ​രു പോരാ​ട്ടം നടത്തേ​ണ്ടി​വ​രു​ന്നത്‌ മോശ​മാ​​യൊ​രു കാര്യ​മ​​ല്ലെന്ന്‌ കൗമാ​ര​ക്കാർ മനസ്സി​ലാ​ക്കണം. കാരണം, എങ്ങനെ​യുള്ള ഒരു വ്യക്തി​യാ​യി​ത്തീ​രാ​നാണ്‌ താൻ ആഗ്രഹി​ക്കു​ന്നത്‌ എന്നതി​​നെ​ക്കു​റിച്ച്‌ വിചി​ന്തനം ചെയ്യാൻ അത്‌ അവർക്കു പ്രേര​ണ​യാ​കും. മാത്രമല്ല, പിൻവ​രുന്ന ചോദ്യ​​ത്തെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കാ​നും അത്‌ അവരെ സഹായി​ക്കും: ‘എന്റെ ജീവി​ത​ത്തി​ന്റെ നിയ​ന്ത്രണം എന്റെ കൈയിൽ ആയിരി​ക്കാ​നും അന്തസ്സും മൂല്യ​​ബോ​ധ​വും ഉള്ള ഒരാളാ​യി അറിയ​​പ്പെ​ടാ​നു​മാ​ണോ ഞാൻ ആഗ്രഹി​ക്കു​ന്നത്‌? അതോ മറ്റ്‌ അനേക​​രെ​യും​​പോ​ലെ, സ്വന്ത​മോ​ഹ​ങ്ങ​ളു​ടെ വെറു​​മൊ​രു നിസ്സഹായ ഇരയാ​യി​ത്തീ​രാ​നാ​ണോ?’ നല്ല സദാചാ​ര​മൂ​ല്യ​ങ്ങൾ സ്വായ​ത്ത​മാ​ക്കു​ന്നത്‌ ഇക്കാര്യ​ത്തിൽ ജ്ഞാനപൂർവ​ക​മായ ഒരു നിലപാ​​ടെ​ടു​ക്കാൻ നിങ്ങളു​ടെ കുട്ടിയെ സഹായി​ക്കും, തീർച്ച!

a ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്‌.

b ലൈംഗിക വിഷയ​ങ്ങ​​ളെ​പ്പറ്റി കുട്ടി​ക​​ളോട്‌ എങ്ങനെ പറഞ്ഞു​തു​ട​ങ്ങാം, പ്രായ​ത്തിന്‌ അനുസ​രി​ച്ചുള്ള വിവരങ്ങൾ അവർക്ക്‌ എങ്ങനെ പകർന്നു​​കൊ​ടു​ക്കാം എന്നിവ സംബന്ധിച്ച നിർദേ​ശ​ങ്ങൾക്ക്‌ 2011 ഏപ്രിൽ-ജൂൺ ലക്കം വീക്ഷാ​​ഗോ​പു​ര​ത്തി​ന്റെ 20-22 പേജുകൾ കാണുക.

c കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, 2010 ഏപ്രിൽ ലക്കം (ഇംഗ്ലീഷ്‌) ഉണരുക!-യിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . സെക്‌സ്‌ ഞങ്ങളുടെ ബന്ധം മെച്ച​പ്പെ​ടു​ത്തു​മോ?” എന്ന ലേഖനം കാണുക.

നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക . . .

  • എന്റെ മകന്‌/മകൾക്ക്‌ ഉറച്ച സദാചാ​ര​മൂ​ല്യ​ങ്ങ​ളുണ്ട്‌ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?

  • ലൈം​ഗി​ക​ത​​യെ​ക്കു​റിച്ച്‌ കുട്ടി​​യോ​ടു സംസാ​രി​ക്കു​​മ്പോൾ, അത്‌ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാ​യി​ട്ടാ​ണോ അതോ സാത്താന്റെ ഒരു കെണി​യാ​യി​ട്ടാ​ണോ ഞാൻ അവതരി​പ്പി​ക്കുക?