വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർമ്മഗെദ്ദോൻ യുദ്ധം എപ്പോൾ?

അർമ്മഗെദ്ദോൻ യുദ്ധം എപ്പോൾ?

അർമ്മഗെദ്ദോൻ യുദ്ധം എപ്പോൾ?

“ഞാൻ നോക്കിയപ്പോൾ, സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവരായി ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം . . . നിൽക്കുന്നതു ഞാൻ കണ്ടു. . . . ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ.”—വെളിപാട്‌ 7:9, 14.

അർമ്മഗെദ്ദോൻ യുദ്ധത്തിനായി ഇപ്പോൾ അരങ്ങ്‌ ഒരുങ്ങിയിരിക്കുകയാണ്‌. എങ്ങനെ?

യഹോവയെ ആരാധിക്കുന്നവരും ബൈബിളിലെ ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരും ആയ ഒരു ആഗോള ജനസമൂഹം ഇപ്പോൾത്തന്നെയുണ്ട്‌. ദൈവത്തിന്റെ സഹായത്തോടെ സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും ദശലക്ഷക്കണക്കിന്‌ ആളുകൾ ഐക്യവും സ്‌നേഹവും കളിയാടുന്ന അത്തരമൊരു സഹോദരവർഗമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യഹോവയുടെ സാക്ഷികൾക്ക്‌ ഇടയിലാണ്‌ ഈ സാഹോദര്യം കാണാനാകുന്നത്‌.—യോഹന്നാൻ 13:35.

ഉടൻതന്നെ സാത്താൻ തന്റെ സൈന്യത്തെ അണിനിരത്തി ചെറുത്തുനിൽക്കാൻ കെൽപ്പില്ലെന്നു തോന്നുന്ന സമാധാനപ്രേമികളായ ഈ ജനതയ്‌ക്കുനേരെ ശക്തമായ ആക്രമണം അഴിച്ചുവിടും. (യെഹെസ്‌കേൽ 38:8-12; വെളിപാട്‌ 16:13, 14, 16) ഇങ്ങനെ സംഭവിക്കുമെന്നതിന്‌ എന്ത്‌ തെളിവാണുള്ളത്‌? അർമ്മഗെദ്ദോൻ യുദ്ധം എപ്പോൾ തുടങ്ങുമെന്ന്‌ മനസ്സിലാക്കാൻ സഹായിക്കുന്ന ചില നിർണായക സംഭവങ്ങളെക്കുറിച്ച്‌ ബൈബിൾ വിവരിക്കുന്നുണ്ട്‌. ആ സംഭവങ്ങളിൽ പലതും ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു.

നിങ്ങളുടെ കണ്മുന്നിൽ നിവൃത്തിയേറുന്ന സംഭവങ്ങൾ

“യുഗസമാപ്‌തി”യുടെ ആരംഭം എങ്ങനെ തിരിച്ചറിയാനാകുമെന്ന്‌ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു. (മത്തായി 24:3) മറുപടിയായി ഒരു കാലഘട്ടത്തെക്കുറിച്ച്‌ യേശു പറഞ്ഞു: അന്ന്‌ “ജനത ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും. ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.” അതിനുശേഷം അവൻ ഇങ്ങനെയും പറഞ്ഞു: “ഇവയൊക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” (മത്തായി 24:7, 8) ഇതേ കാലഘട്ടത്തെ ‘അന്ത്യകാലം’ എന്നു വിളിച്ച പൗലോസ്‌ അപ്പൊസ്‌തലൻ അത്‌ “ദുഷ്‌കരമായ സമയങ്ങൾ” ആയിരിക്കുമെന്ന്‌ പറയുകയുണ്ടായി. (2 തിമൊഥെയൊസ്‌ 3:1) ഈ പ്രവചനങ്ങളിലെ സംഭവങ്ങളല്ലേ നിങ്ങളുടെ കണ്മുന്നിൽ നിറവേറിക്കൊണ്ടിരിക്കുന്നത്‌?

ഈ കാലഘട്ടം ഇത്ര ദുഷ്‌കരമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ വിശദീകരിക്കുന്നുണ്ട്‌. സാത്താനും അവന്റെ ഭൂതങ്ങൾക്കും ഭൂമിയിൽ പ്രവർത്തിക്കാൻ “അൽപ്പകാലമേ” ഉണ്ടായിരിക്കുകയുള്ളൂ എന്നും ഈ കാലയളവിൽ സാത്താൻ “മഹാക്രോധത്തോടെ” പ്രവർത്തിക്കും എന്നും അവൻ മുൻകൂട്ടിപ്പറഞ്ഞു. (വെളിപാട്‌ 12:7-12) ലോകത്തെമ്പാടുമുള്ള ആളുകൾക്കിടയിൽ അക്രമവാസനയും രൗദ്രഭാവവും നിറഞ്ഞിരിക്കുന്നതായി നിങ്ങൾക്ക്‌ ദർശിക്കാനാകുന്നില്ലേ?

ദുഷ്‌കരമായ ഈ സമയത്ത്‌ അസാധാരണമായ ഒരു വേല പൂർത്തിയാക്കപ്പെടുമെന്നും യേശു പറഞ്ഞു. “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) ഇന്ന്‌ 235-ലധികം രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചുള്ള ഈ സുവിശേഷം 500-ലധികം ഭാഷകളിൽ പ്രസംഗിക്കുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ ബൈബിളധിഷ്‌ഠിത ആനുകാലികങ്ങളും അവർ പ്രസിദ്ധീകരിക്കുന്നുണ്ട്‌; അവയാകട്ടെ, ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതും. ഏതാണ്ട്‌ നൂറുഭാഷകളിൽ ബൈബിളും സാക്ഷികൾ പരിഭാഷപ്പെടുത്തിയിരിക്കുന്നു. സന്നദ്ധസേവകരാണ്‌ ഈ വേലകളെല്ലാം ചെയ്യുന്നത്‌. അതിനുവേണ്ട പണമെല്ലാം ലഭിക്കുന്നതോ, ആളുകൾ സ്വമനസ്സാൽ നൽകുന്ന സംഭാവനകളിലൂടെയും. ശ്രദ്ധേയമായ ഈ പ്രസംഗപ്രവർത്തനം യേശു പറഞ്ഞ പ്രവചനത്തിന്റെ നിവൃത്തിയല്ലേ?

അർമ്മഗെദ്ദോൻ യുദ്ധത്തിനു തൊട്ടുമുമ്പ്‌ നടക്കാനിരിക്കുന്ന സംഭവങ്ങളും ബൈബിൾ വിശദീകരിക്കുന്നുണ്ട്‌. നിങ്ങളുടെ കണ്മുന്നിൽ നിറവേറാനിരിക്കുന്ന അത്തരം മൂന്നുപ്രവചനങ്ങൾ നോക്കുക.

ഉടൻ നിവൃത്തിയേറാനിരിക്കുന്ന സംഭവങ്ങൾ

പ്രവചനം 1. “സമാധാനം, സുരക്ഷിതത്വം” എന്ന ശ്രദ്ധേയമായ പ്രഖ്യാപനം ലോകഭരണാധികാരികൾ നടത്തുമെന്ന്‌ ബൈബിൾ പറയുന്നു. സമൂഹത്തിലെ ഗുരുതരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങൾ പ്രാപ്‌തരാണെന്ന്‌ അവർ വിചാരിച്ചേക്കാം. പക്ഷേ, അത്‌ അവരുടെ തോന്നൽ മാത്രമായിരിക്കും.—1 തെസ്സലോനിക്യർ 5:1-3.

പ്രവചനം 2. അടുത്തതായി, ഗവണ്മെന്റുകളെല്ലാം ലോകത്തിലെ മതസംഘടനകൾക്കെതിരെ തിരിയും. ഈ ഗവണ്മെന്റുകളെ ബൈബിൾ ഒരു കാട്ടുമൃഗമായി ചിത്രീകരിക്കുന്നു; ലോകത്തിലുള്ള വ്യാജമതങ്ങളെയാകട്ടെ, ഈ കാട്ടുമൃഗത്തിന്മേൽ സവാരിചെയ്യുന്ന ഒരു സ്‌ത്രീയായിട്ടും. (വെളിപാട്‌ 17:3, 15-18) ദൈവത്തിന്റെ പ്രതിനിധികളെന്ന്‌ വ്യാജമായി അവകാശപ്പെടുന്ന മതങ്ങളെ ഈ കാട്ടുമൃഗം നശിപ്പിക്കുമ്പോൾ അറിയാതെതന്നെ ദൈവഹിതമായിരിക്കും അത്‌ നടപ്പാക്കുന്നത്‌.

അരങ്ങേറാനിരിക്കുന്ന ഈ സംഭവങ്ങൾ അപ്പൊസ്‌തലനായ യോഹന്നാൻ ആലങ്കാരികമായി ഇങ്ങനെ വർണിക്കുന്നു: “നീ കണ്ട പത്തുകൊമ്പും കാട്ടുമൃഗവും വേശ്യയെ ദ്വേഷിച്ച്‌ അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും അവളെ തീകൊണ്ട്‌ ദഹിപ്പിക്കുകയും ചെയ്യും; എന്തെന്നാൽ തന്റെ ഉദ്ദേശ്യനിവൃത്തിക്ക്‌ ഉപകരിക്കുന്ന ഒരു പദ്ധതി ദൈവം അവരുടെ മനസ്സിൽ ഉദിപ്പിക്കും.”—വെളിപാട്‌ 17:16, 17.

പ്രവചനം 3. വ്യാജമതങ്ങളുടെമേൽ സമ്പൂർണവിജയം നേടിയ ശേഷം ഈ ഗവണ്മെന്റുകളെയും അവരുടെ സൈന്യത്തെയും യഹോവയാംദൈവത്തെ ആരാധിക്കുന്നവർക്കെതിരെ സാത്താൻ അണിനിരത്തും.—വെളിപാട്‌ 7:14; മത്തായി 24:21.

നിങ്ങൾ അതിജീവിക്കുമോ?

ബൈബിൾ സൂക്ഷ്‌മമായി പഠിക്കാൻ ഒരവസരം നിങ്ങൾക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിൽ മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം നിറവേറുമെന്ന്‌ വിശ്വസിക്കുക ബുദ്ധിമുട്ടായിരിക്കാം. എന്നാൽ ഈ സംഭവങ്ങളെല്ലാം സകല വിശദാംശങ്ങളും സഹിതം എത്രയും വേഗം നിറവേറുമെന്ന്‌ വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്‌. ഇതുവരെ നിവൃത്തിയേറിയിരിക്കുന്ന നിരവധി ബൈബിൾപ്രവചനങ്ങൾ ഇതിന്‌ സാക്ഷ്യപത്രങ്ങളാണ്‌. *

‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ തൊട്ടടുത്തെത്തിയിരിക്കുന്നെന്ന്‌ യഹോവയുടെ സാക്ഷികൾക്ക്‌ ബോധ്യമുള്ളത്‌ എന്തുകൊണ്ടാണ്‌? നിങ്ങൾ അതിനെ ഭയപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌? ഇക്കാര്യങ്ങൾ അവരോട്‌ ചോദിച്ചു മനസ്സിലാക്കിക്കൂടേ? യഹോവയാംദൈവം സംരക്ഷിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. ആ കാര്യങ്ങൾ അവർ നിങ്ങളുമായി ചർച്ച ചെയ്യും. (വെളിപാട്‌ 16:14) നിങ്ങൾ മനസ്സിലാക്കുന്ന കാര്യങ്ങൾ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണംതന്നെ മാറ്റിമറിച്ചേക്കാം. (w12-E 02/01)

[അടിക്കുറിപ്പ്‌]

^ ബൈബിൾപ്രവചനങ്ങൾ നിറവേറിയിരിക്കുന്നു എന്നതിന്റെ തെളിവുകൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 2-ഉം 9-ഉം അധ്യായങ്ങൾ കാണുക.

[8-ാം പേജിലെ ആകർഷക വാക്യം]

യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന വേല ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയല്ലേ?