വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മക്കളെ പഠിപ്പിക്കാൻ

ദൈവം വേദനിക്കുംനമുക്ക്‌ അവനെ എങ്ങനെ സന്തോഷിപ്പിക്കാം?

ദൈവം വേദനിക്കുംനമുക്ക്‌ അവനെ എങ്ങനെ സന്തോഷിപ്പിക്കാം?

നീ എപ്പോളെങ്കിലും സങ്കടപ്പെട്ട്‌ കരഞ്ഞിട്ടുണ്ടോ? aമിക്കവാറും എല്ലാവരുംതന്നെ കരഞ്ഞിട്ടുണ്ട്‌. ശരീരം വേദനിച്ചിട്ടായിരിക്കണമെന്നില്ല കരയുന്നത്‌. ചിലർ നമ്മെക്കുറിച്ച്‌ സത്യമല്ലാത്ത മോശം കാര്യങ്ങൾ പറഞ്ഞേക്കാം. അത്‌ നമ്മുടെ മനസ്സിനെ വേദനിപ്പിക്കില്ലേ?— അതുപോലെ ദൈവത്തെക്കുറിച്ചു നുണകൾ പറയുമ്പോൾ അത്‌ അവനെ വളരെയേറെ വേദനിപ്പിക്കും. അത്‌ എങ്ങനെയെന്നും അവനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നും നമുക്കു നോക്കാം.

ദൈവത്തെ സ്‌നേഹിക്കുന്നെന്നു പറഞ്ഞ ചിലർ അവനെ “മുഷിപ്പിച്ചു” എന്നു ബൈബിൾ പറയുന്നു. മറ്റൊരു ഭാഷാന്തരം പറയുന്നത്‌ അനുസരിച്ച്‌ അവർ അവനെ ‘വേദനിപ്പിച്ചു.’ യഹോവ സർവശക്തനായതിനാൽ അവനെ ശാരീരികമായി വേദനിപ്പിക്കാൻ ആർക്കും കഴിയില്ല എന്നതു ശരിയാണ്‌. എന്നാൽ, യഹോവ പറയുന്നത്‌ നാം അനുസരിച്ചില്ലെങ്കിൽ അവന്റെ മനസ്സു വേദനിക്കും. അത്‌ എന്തുകൊണ്ടാണെന്ന്‌ നമുക്കു നോക്കാം.

യഹോവ സൃഷ്ടിച്ച ആദ്യത്തെ രണ്ടു മനുഷ്യർ അവനെ വളരെയേറെ വേദനിപ്പിച്ചു. അവരെ ‘ഏദെൻതോട്ടം’ എന്നു വിളിക്കപ്പെട്ടിരുന്ന ഭൂമിയിലെ പറുദീസയിലാണ്‌ ആക്കിയത്‌. ആ രണ്ടു പേർ ആരായിരുന്നു?— അതെ, ആദാമും ഹവ്വായും. അവർ യഹോവയെ വേദനിപ്പിച്ചത്‌ എങ്ങനെയാണെന്നു നോക്കാം.

ഏദെൻ തോട്ടത്തിൽ ആക്കിയശേഷം അതു പരിപാലിക്കാൻ യഹോവ അവരോട്‌ ആവശ്യപ്പെട്ടു. കുട്ടികളെ ജനിപ്പിക്കാനും മരിക്കാതെ എന്നേക്കും ആ തോട്ടത്തിൽ ജീവിക്കാനും കഴിയുമെന്ന്‌ അവരോടു പറഞ്ഞു. എന്നാൽ ആദാമിനും ഹവ്വായ്‌ക്കും കുട്ടികൾ ജനിക്കുന്നതിനു മുമ്പുതന്നെ ഭയങ്കരമായ ഒരു കാര്യം സംഭവിച്ചു. അത്‌ എന്താണെന്ന്‌ നിനക്ക്‌ അറിയാമോ?— യഹോവയ്‌ക്കെതിരെ മത്സരിക്കാൻ ഒരു ദൂതൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചു. അത്‌ എങ്ങനെ സംഭവിച്ചു?

ആ ദൂതൻ, ഒരു പാമ്പ്‌ സംസാരിക്കുന്നതായി ഹവ്വായെ തോന്നിപ്പിച്ചു. ‘ദൈവത്തെപ്പോലെ ആകും’ എന്ന്‌ പാമ്പ്‌ അവളോടു പറഞ്ഞു. അത്‌ അവൾക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു. അതുകൊണ്ട്‌ ആ പാമ്പ്‌ പറഞ്ഞത്‌ അവൾ അനുസരിച്ചു. എന്താണ്‌ അവൾ ചെയ്‌തതെന്ന്‌ നിനക്ക്‌ അറിയാമോ?

ആദാമിനോട്‌ യഹോവ തിന്നരുതെന്നു പറഞ്ഞ ആ വൃക്ഷത്തിന്റെ ഫലം ഹവ്വാ തിന്നു. ഹവ്വായെ സൃഷ്ടിക്കുന്നതിനു മുമ്പ്‌ യഹോവ ആദാമിനോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.”

ഹവ്വായ്‌ക്കും ആ നിയമം അറിയാമായിരുന്നു. എന്നിരുന്നാലും അവൾ ആ വൃക്ഷത്തെ നോക്കിക്കൊണ്ടേയിരുന്നു. “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും . . . എന്നു സ്‌ത്രീ കണ്ടു ഫലം പറിച്ചു തിന്നു.” പിന്നീട്‌ അത്‌ ആദാമിനും കൊടുത്തു, “അവനും തിന്നു.” എന്തുകൊണ്ടായിരിക്കും അവൻ അങ്ങനെ ചെയ്‌തത്‌?— യഹോവയെക്കാൾ അധികം ഹവ്വായെ സ്‌നേഹിച്ചതുകൊണ്ടാണ്‌ ആദാം അങ്ങനെ ചെയ്‌തത്‌. കൂടാതെ, യഹോവയെ സന്തോഷിപ്പിക്കുന്നതിനു പകരം ഹവ്വായെ സന്തോഷിപ്പിക്കാനാണ്‌ അവൻ ആഗ്രഹിച്ചത്‌. പക്ഷേ, യഹോവയെ അനുസരിക്കുന്നതാണ്‌ മറ്റാരെ അനുസരിക്കുന്നതിനെക്കാളും പ്രധാനം.

ഹവ്വായോടു സംസാരിച്ച ആ പാമ്പിനെ നീ ഓർക്കുന്നുണ്ടോ? ഒരു പാവ സംസാരിക്കുന്നതായി തോന്നിപ്പിക്കാൻ ഒരാൾക്കു കഴിയുന്നതുപോലെ പാമ്പ്‌ സംസാരിക്കുന്നതായി ഹവ്വായെ ആരോ തോന്നിപ്പിച്ചു. പാമ്പിൽനിന്നു കേട്ട ശബ്ദം ആരുടേതായിരുന്നു?— ആ ശബ്ദം ‘പഴയ പാമ്പ്‌’ എന്നു വിളിച്ചിരിക്കുന്ന “പിശാച്‌ എന്നും സാത്താൻ എന്നും പേരുള്ളവ”ന്റേതായിരുന്നു.

യഹോവയെ എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയുമെന്നു നിനക്ക്‌ അറിയാമോ?— എല്ലായ്‌പോഴും യഹോവയാം ദൈവത്തെ അനുസരിക്കാൻ ശ്രമിച്ചുകൊണ്ട്‌ അങ്ങനെ ചെയ്യാം. താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാവരെയുംകൊണ്ട്‌ ചെയ്യിക്കാൻ കഴിയുമെന്ന്‌ സാത്താൻ പറയുന്നു. അതുകൊണ്ട്‌, യഹോവ അഭ്യർഥിക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” സാത്താൻ നിരന്തരം യഹോവയെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നു. യഹോവയെ സേവിക്കുന്നതിൽനിന്ന്‌ എല്ലാവരെയും പിന്തിരിപ്പിക്കാൻ കഴിയുമെന്നാണ്‌ അവൻ പറയുന്നത്‌. അതുകൊണ്ട്‌, യഹോവയെ സേവിക്കുകയും അനുസരിക്കുകയും ചെയ്‌തുകൊണ്ട്‌ അവനെ സന്തോഷിപ്പിക്കാം! അങ്ങനെ ചെയ്യാൻ നീ കഠിനശ്രമം ചെയ്യുമോ?— ▪ (w13-E 09/01)

a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്തി അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.