വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | വിവാ​ഹ​ജീ​വി​തം

സമയം കണ്ടെത്തൂ . . . ഒരുമി​ച്ചാ​യി​രി​ക്കാൻ

സമയം കണ്ടെത്തൂ . . . ഒരുമി​ച്ചാ​യി​രി​ക്കാൻ

 ഒരുമി​ച്ചാണ്‌ കഴിയു​ന്ന​തെ​ങ്കിൽപ്പോ​ലും പരസ്‌പരം സംസാ​രി​ക്കാൻ പല ദമ്പതി​കൾക്കും കഴിയു​ന്നില്ല. എന്താണ്‌ കാരണം?

 ഒരുമിച്ച്‌ പക്ഷേ ഒറ്റയ്‌ക്ക്‌—എന്തു​കൊണ്ട്‌?

  •   വല്ലാത്ത ക്ഷീണം

     “ഒരുമി​ച്ചി​രി​ക്കാൻ ഞങ്ങൾക്കു സമയ​മൊ​ക്കെ കിട്ടാ​റുണ്ട്‌, പക്ഷേ ഒന്നുകിൽ എനിക്കു ക്ഷീണമാ​യി​രി​ക്കും, അല്ലെങ്കിൽ ഭർത്താ​വി​നു ക്ഷീണമാ​യി​രി​ക്കും. എനിക്കാണ്‌ ക്ഷീണ​മെ​ങ്കിൽ തൊട്ട​തി​നും പിടി​ച്ച​തി​നും ഒക്കെ ദേഷ്യം വരും. അതു​കൊണ്ട്‌ ടിവി കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നതാ ഭേദം.”—അന്ന.

  •   ഓൺലൈൻ തടവറ​യിൽ

     “സോഷ്യൽ മീഡി​യ​യും ഓൺലൈൻ ഗെയി​മു​ക​ളും നിങ്ങളു​ടെ ഒരുപാ​ടു സമയം കളയും. മണിക്കൂ​റു​ക​ളോ​ളം അതിന്റെ മുന്നിൽ ഇരിക്കു​ന്ന​തു​കൊണ്ട്‌ ഭർത്താ​വി​നോ​ടു സംസാ​രി​ക്കാൻതന്നെ നിങ്ങൾ മറന്നു​പോ​യേ​ക്കാം, ഒരേ റൂമി​ലാ​ണെ​ങ്കിൽപ്പോ​ലും.”—കാതറിൻ.

  •   വേറെ​വേറെ ഇഷ്ടങ്ങൾ

     “എന്റെ ഭർത്താവ്‌ ജോലി കഴിഞ്ഞ്‌ വന്നാൽ മിക്ക​പ്പോ​ഴും അദ്ദേഹ​ത്തിന്‌ ഇഷ്ടമുള്ള കാര്യ​ങ്ങ​ളൊ​ക്കെ ആയിരി​ക്കും ചെയ്യു​ന്നത്‌. ജോലി കഴിഞ്ഞ്‌ മടുത്ത്‌ വന്നതാ​ണ​ല്ലോ, ഇഷ്ടമു​ള്ള​തെ​ന്തെ​ങ്കി​ലും ചെയ്യട്ടേ എന്നു ഞാനും വിചാ​രി​ക്കും. പക്ഷേ കുറച്ച്‌ സമയം ഒന്നിച്ചി​രി​ക്കാൻ പറ്റിയി​രു​ന്നെ​ങ്കിൽ എന്നു ഞാൻ കൊതി​ക്കാ​റുണ്ട്‌.”—ജേൻ.

  •   ജോലി​തന്നെ ജോലി

     “ഇന്റർനെ​റ്റും ലാപ്‌ടോ​പ്പും ഒക്കെ ഉള്ളതു​കൊണ്ട്‌ വീട്ടിൽ വന്നാലും ജോലി ചെയ്യാൻ പറ്റും. ഭാര്യ​യോ​ടൊത്ത്‌ ചെലവ​ഴി​ക്കേണ്ട സമയത്ത്‌ ഓഫീ​സി​ലെ ഇ-മെയി​ലു​കൾക്കു മറുപടി അയയ്‌ക്ക​ലാ​യി​രി​ക്കും എന്റെ പണി.”—മാർക്ക്‌.

  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   ഒരുമി​ച്ചാ​യി​രി​ക്കു​ന്നത്‌ ആവശ്യ​മാണ്‌, അതു വേണ്ടെന്നു വെക്കരുത്‌.

     ബൈബിൾത​ത്ത്വം: “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.”—ഫിലി​പ്പി​യർ 1:10.

     ചിന്തി​ക്കാ​നാ​യി: നിങ്ങൾക്കു ജോലി​യെ​ക്കാ​ളും വിനോ​ദ​ത്തെ​ക്കാ​ളും പ്രധാനം കുടും​ബ​ജീ​വി​തം ആണെന്നു നിങ്ങളു​ടെ പ്രവൃ​ത്തി​കൾ കാണി​ക്കു​ന്നു​ണ്ടോ? വേറൊ​ന്നും ചെയ്യാ​നി​ല്ലെ​ങ്കിൽ മാത്ര​മാ​ണോ നിങ്ങൾ ഇണയോ​ടൊത്ത്‌ സമയം ചെലവ​ഴി​ക്കു​ന്നത്‌?

     ചെയ്യാ​നാ​കു​ന്നത്‌: മറ്റു കാര്യ​ങ്ങ​ളൊ​ന്നും ഇടയ്‌ക്കു​വ​രാ​തെ ഇണയോ​ടൊ​പ്പ​മാ​യി​രി​ക്കാൻ സമയം കണ്ടെത്തുക.

     “ഞങ്ങൾക്കു രണ്ടു പേർക്കും മാത്ര​മാ​യി ഭർത്താവ്‌ എന്തെങ്കി​ലും പ്ലാൻ ചെയ്യു​മ്പോൾ എനിക്ക്‌ ഒത്തിരി സന്തോ​ഷ​മാ​കും. ഞാൻ വേണ്ട​പ്പെ​ട്ട​വ​ളാ​ണെന്നു എനിക്കു മനസ്സി​ലാ​കും. അപ്പോൾ തിരി​ച്ചും എനിക്കു സ്‌നേഹം തോന്നും.”—അന്ന.

  •   “ഇപ്പോൾ ശല്യ​പ്പെ​ടു​ത്ത​രുത്‌” എന്നു ഫോണി​നോ​ടു പറയുക.

     ബൈബിൾത​ത്ത്വം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌.”—സഭാ​പ്ര​സം​ഗകൻ 3:1.

     ചിന്തി​ക്കാ​നാ​യി: ഇണയോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ എത്ര കൂടെ​ക്കൂ​ടെ നിങ്ങൾ മെസേ​ജു​കൾ നോക്കാ​റുണ്ട്‌?

     ചെയ്യാ​നാ​കു​ന്നത്‌: ദിവസ​വും ഒരു നേര​മെ​ങ്കി​ലും ഒരുമി​ച്ചി​രുന്ന്‌ കഴിക്കുക. ആ സമയത്ത്‌ നിങ്ങളു​ടെ ഫോൺ വേറൊ​രു മുറി​യിൽ വെക്കുക. അന്നു നടന്ന കാര്യ​ങ്ങ​ളൊ​ക്കെ പരസ്‌പരം പറയാൻ പറ്റിയ സമയമാ​ണിത്‌.

  •   സാധി​ക്കു​മ്പോൾ ഷോപ്പി​ങ്ങും വീട്ടു​ജോ​ലി​ക​ളും ഒക്കെ ഒരുമിച്ച്‌ ചെയ്യുക.

     ബൈബിൾത​ത്ത്വം: “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. കാരണം അവർക്ക്‌ അവരുടെ അധ്വാ​ന​ത്താൽ കൂടുതൽ നേട്ടമുണ്ട്‌.”—സഭാ​പ്ര​സം​ഗകൻ 4:9, അടിക്കു​റിപ്പ്‌.

     ചിന്തി​ക്കാ​നാ​യി: നിങ്ങൾ മിക്ക​പ്പോ​ഴും കടയിൽ സാധനങ്ങൾ വാങ്ങാൻ തനിച്ചാ​ണോ പോകാറ്‌?

     ചെയ്യാ​നാ​കു​ന്നത്‌: ഒരാൾക്കു ചെയ്യാ​വുന്ന ജോലി​യേ ഉള്ളൂ എങ്കിലും ഒന്നിച്ച്‌ ചെയ്യുക.

     “ഷോപ്പി​ങ്ങും പാത്രം കഴുകു​ന്ന​തും തുണി മടക്കു​ന്ന​തും ചെടിക്കു വെള്ള​മൊ​ഴി​ക്കു​ന്ന​തും ഒക്കെ ഒന്നിച്ചു ചെയ്യു​മ്പോൾ അതു നല്ല രസമാ​യി​രി​ക്കും.”—നൈന.

  •   വിട്ടുവീഴ്‌ച കാണി​ക്കു​ക

     ബൈബിൾത​ത്ത്വം: “വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നിങ്ങളു​ടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ.”—ഫിലി​പ്പി​യർ 4:5.

     ചിന്തി​ക്കാ​നാ​യി: ഞാൻ പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​തന്നെ ഇണ ചെയ്യണ​മെന്നു പറഞ്ഞ്‌ ഞാൻ വാശി​പി​ടി​ക്കാ​റു​ണ്ടോ?

     ചെയ്യാ​നാ​കു​ന്നത്‌: രണ്ടു പേരു​ടെ​യും ആഗ്രഹങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ തുറന്ന്‌ സംസാ​രി​ക്കുക. ഇരുവർക്കും സന്തോഷം കിട്ടുന്ന രീതി​യിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാ​മെന്നു തീരു​മാ​നി​ക്കുക.

     “ഭർത്താവ്‌ നല്ല ചുറു​ചു​റു​ക്കോ​ടെ എല്ലാ കാര്യ​ങ്ങ​ളും ചെയ്യും. എനിക്കാ​ണെ​ങ്കിൽ തീരെ ആരോ​ഗ്യ​മില്ല. അദ്ദേഹ​ത്തി​നു പുറത്ത്‌ പോയി കളിക്കാ​നൊ​ക്കെ ഇഷ്ടമാണ്‌. എനിക്കാ​ണെ​ങ്കിൽ വീട്ടിൽ ഇരിക്കാ​നാണ്‌ ഇഷ്ടം. അദ്ദേഹം പുറത്ത്‌ കളിക്കാൻ പോകു​മ്പോൾ എനിക്ക്‌ കുറച്ച്‌ സമയം റെസ്റ്റ്‌ എടുക്കാൻ പറ്റും. രണ്ടു പേരും പരസ്‌പരം മനസ്സി​ലാ​ക്കി​പ്പോ​കു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌.”—ഡാനി​യേല.

 നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌

 ആദ്യം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഭാര്യ​യും ഭർത്താ​വും ഒറ്റയ്‌ക്ക്‌ ഇരുന്ന്‌ ചിന്തി​ക്കുക. എന്നിട്ട്‌ അതെക്കു​റിച്ച്‌ ഒരുമിച്ച്‌ ചർച്ച ചെയ്യുക.

  •    നിങ്ങൾ ഇപ്പോൾ ആവശ്യ​ത്തി​നു സമയം ഒരുമിച്ച്‌ ചെലവ​ഴി​ക്കു​ന്നു​ണ്ടോ?

  •   ഒരുമി​ച്ചാ​യി​രി​ക്കാൻവേണ്ടി ഇണ ചെയ്യുന്ന ഏതു കാര്യ​ത്തെ​യാ​ണു നിങ്ങൾ അഭിന​ന്ദി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌?

  •   ഇണ ഇക്കാര്യ​ത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തി​ക്കാ​ണാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

  •   ഇണ നിങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ നിങ്ങളു​ടെ മൊ​ബൈൽഫോ​ണിൽ വരുന്ന മെസേ​ജു​ക​ളും കോളു​ക​ളും എത്ര കൂടെ​ക്കൂ​ടെ ഒരു തടസ്സമാ​കാ​റുണ്ട്‌?

  •   മറ്റേയാ​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾക്ക്‌ എങ്ങനെ വിട്ടു​വീഴ്‌ച കാണി​ക്കാൻ പറ്റും?

  •   നിങ്ങൾക്കു രണ്ടു​പേർക്കു​മാ​യി മാത്രം കുറച്ച്‌ സമയം കണ്ടെത്താൻ ഈ ആഴ്‌ച​തന്നെ എന്തു ചെയ്യാ​നാ​കും?