യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാം?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
നിങ്ങൾ എത്രത്തോളം വിശ്വാസയോഗ്യരാണോ അത്രത്തോളം വിശ്വാസം നിങ്ങൾക്കു നേടിയെടുക്കാം. മാതാപിതാക്കളെ അനുസരിക്കുന്നത് കടം തിരിച്ചടയ്ക്കുന്നതുപോലെയാണ്. നിങ്ങൾ മാതാപിതാക്കളെ അനുസരിക്കാൻ കടപ്പെട്ടവരാണ്. ‘കടം തിരിച്ചടയ്ക്കുന്നതിൽ’ നിങ്ങൾ എത്രത്തോളം വിശ്വാസയോഗ്യരാണോ നിങ്ങൾക്ക് അത്രത്തോളം ‘കടം’ (അഥവാ സ്വാതന്ത്ര്യം) അവരിൽനിന്ന് കിട്ടാനാണു സാധ്യത. ഇനി നിങ്ങൾ വിശ്വാസയോഗ്യരല്ലെങ്കിൽ മാതാപിതാക്കൾ നിങ്ങൾക്കു ‘കടം’ തരാനുള്ള സാധ്യത കുറയും.
വിശ്വാസം നേടിയെടുക്കാൻ സമയമെടുക്കും. മാതാപിതാക്കൾ കൂടുതൽ സ്വാതന്ത്ര്യം തരുന്നതിന് ഉത്തരവാദിത്വബോധത്തോടെ പെരുമാറുന്ന ഒരു ശീലം നിങ്ങൾക്കുണ്ടായിരിക്കണം.
അനുഭവം: “ഞാൻ എന്തു ചെയ്യാനാണു മാതാപിതാക്കൾ ആഗ്രഹിക്കുന്നതെന്നു കൗമാരത്തിൽ എനിക്ക് അറിയാമായിരുന്നു. അതൊക്കെ ചെയ്യുന്നതുപോലെ കാണിക്കുമായിരുന്നെങ്കിലും രഹസ്യത്തിൽ ഞാൻ ചെയ്തിരുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾതന്നെയായിരുന്നു. അങ്ങനെ മാതാപിതാക്കൾക്ക് എന്നിലുള്ള വിശ്വാസം കുറഞ്ഞു. പിന്നീട്, അതിന് എളുപ്പവഴിയൊന്നുമില്ലെന്ന് എനിക്കു മനസ്സിലായി: സൂത്രപ്പണിയിലൂടെ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിയെടുക്കാനാകില്ല. നിങ്ങളെ വിശ്വസിക്കണോ, അങ്ങനെയാണെങ്കിൽ നിങ്ങൾ വിശ്വാസയോഗ്യരായിരിക്കണം.”—ക്രെയ്ഗ്
നിങ്ങൾക്കു ചെയ്യാനാകുന്നത്
എന്തു നഷ്ടമുണ്ടായാലും സത്യസന്ധരായിരിക്കുക. എല്ലാവർക്കും തെറ്റു പറ്റാറുണ്ട്. പക്ഷേ, കള്ളം പറഞ്ഞ് അതു മൂടിവെക്കുന്നത് അല്ലെങ്കിൽ സത്യം അറിയാതിരിക്കാൻ ചില വസ്തുതകൾ മറച്ചുവെക്കുന്നത് മാതാപിതാക്കൾക്കു നിങ്ങളിൽ ഇപ്പോഴുള്ള വിശ്വാസംകൂടെ ഇല്ലാതാക്കും. മറിച്ച്, നിങ്ങൾ എപ്പോഴും എല്ലാ കാര്യത്തിലും സത്യസന്ധരാണെങ്കിൽ സ്വന്തം തെറ്റു സമ്മതിക്കാനുള്ള പക്വത നിങ്ങൾക്കുണ്ടെന്നു മാതാപിതാക്കൾ മനസ്സിലാക്കും. അങ്ങനെയുള്ളവരെയേ വിശ്വാസയോഗ്യരായി കണക്കാക്കൂ.
“തെറ്റു പറ്റുമ്പോഴെല്ലാം നിങ്ങളിലുള്ള വിശ്വാസം നഷ്ടമാകില്ല. പക്ഷേ, അതു മൂടിവെക്കാൻ എപ്പോൾ ശ്രമിച്ചാലും നിങ്ങളിലുള്ള വിശ്വാസം നഷ്ടമാകും.”—അന്ന.
ബൈബിൾ പറയുന്നു: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
ചിന്തിക്കാനായി: എവിടെ പോകുന്നു, എന്തിനു പോകുന്നു എന്നു മാതാപിതാക്കൾ ചോദിക്കുമ്പോൾ നിങ്ങൾ ഉള്ളത് ഉള്ളതുപോലെ പറയാറുണ്ടോ? അല്ലെങ്കിൽ എവിടെ പോയി എന്തിനു പോയി എന്നു മാതാപിതാക്കൾ ചോദിക്കുമ്പോൾ അവിടെയും ഇവിടെയും തൊടാതെയാണോ നിങ്ങൾ കാര്യങ്ങൾ പറയുന്നത്?
ഉത്തരവാദിത്വബോധമുള്ളവരായിരിക്കുക. വീട്ടിൽ എല്ലാ ചിട്ടവട്ടങ്ങളും അനുസരിക്കുക. വീട്ടുജോലികളെല്ലാം പെട്ടെന്നു ചെയ്യുക. ചെല്ലാമെന്ന് പറഞ്ഞിരിക്കുന്നിടത്ത് കൃത്യമായി ചെല്ലുക. സ്കൂളിലെ പഠനകാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യുക. മാതാപിതാക്കൾ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ വീട്ടിൽ കയറുക.
“കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയിട്ട് ഒമ്പതു മണിക്കു വീട്ടിൽ എത്തണം എന്നു പറഞ്ഞിട്ട് പത്തരയ്ക്കാണു നിങ്ങൾ കയറി ചെല്ലുന്നതെങ്കിൽ, കൂട്ടുകാരോടൊപ്പം കറങ്ങാൻ അടുത്ത തവണ മാതാപിതാക്കൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കരുത്.”—റയാൻ.
ബൈബിൾ പറയുന്നു: “ഓരോരുത്തരും അവരുടെ ഉത്തരവാദിത്വമെന്ന ചുമടു ചുമക്കണമല്ലോ.”—ഗലാത്യർ 6:5, അടിക്കുറിപ്പ്.
ചിന്തിക്കാനായി: സമയനിഷ്ഠയുടെ കാര്യത്തിലും, വീട്ടുജോലി ചെയ്തുതീർക്കുന്നതിലും നിങ്ങൾക്കുള്ള പേര് എന്താണ്? മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടമില്ലാത്തതാണെങ്കിൽപ്പോലും നിങ്ങൾ അനുസരിക്കാറുണ്ടോ?
ക്ഷമയുള്ളവരായിരിക്കുക. മാതാപിതാക്കൾക്കു നിങ്ങളിലുള്ള വിശ്വാസം പോയെങ്കിൽ അതു തിരിച്ചുനേടാൻ കുറച്ച് സമയമെടുക്കും. കാത്തിരിക്കുക.
“ഞാൻ മുതിർന്നിട്ടും മാതാപിതാക്കൾ കൂടുതൽ ഉത്തരവാദിത്വങ്ങളൊന്നും ഏല്പിക്കാതിരുന്നപ്പോൾ എനിക്കു വല്ലാതെ അസ്വസ്ഥത തോന്നി. വലുതായെന്നു കരുതി പക്വത വരണമെന്നില്ലെന്ന കാര്യം ഞാൻ അന്നു മനസ്സിലാക്കിയിരുന്നില്ല. എന്നെ കാര്യങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ കൊള്ളാമെന്നു തെളിയിക്കാൻ എനിക്ക് അവസരങ്ങൾ തരാൻ ഞാൻ മാതാപിതാക്കളോടു പറഞ്ഞു. കുറച്ച് സമയമെടുത്തെങ്കിലും അതു ഫലിച്ചു. ഇതിൽനിന്ന് ഞാൻ ഒരു കാര്യം പഠിച്ചു: മറ്റുള്ളവരുടെ വിശ്വാസം നേടുന്നത് പ്രായംകൊണ്ടല്ല, അതിന് പ്രവൃത്തികൾ വേണം.”—റെയ്ച്ചൽ.
ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക.”—2 കൊരിന്ത്യർ 13:5.
ചിന്തിക്കാനായി: മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാൻ അല്ലെങ്കിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കഴിയുമോ? അതിനായി “നിങ്ങൾ എങ്ങനെയുള്ളവരാണെന്ന്” കാണിച്ചുകൊടുക്കാൻ എന്തൊക്കെ ചെയ്യാം?
നുറുങ്ങ്: കൃത്യനിഷ്ഠയുടെ കാര്യത്തിലോ വീട്ടുജോലി ചെയ്തുതീർക്കുന്നതിലോ സമയത്തിന് വീട്ടിൽ കയറുന്നതിലോ അങ്ങനെ ഏതെങ്കിലും ഒരു കാര്യത്തിൽ ഒരു ലക്ഷ്യം വെക്കുക. നിങ്ങളുടെ ആ ലക്ഷ്യത്തെക്കുറിച്ച് മാതാപിതാക്കളോടു പറയുക. എന്നിട്ട് അവരുടെ വിശ്വാസം നേടിയെടുക്കാൻ എന്താണു ചെയ്യേണ്ടതെന്നു ചോദിക്കുക. ബൈബിളിന്റെ ഈ ഉപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഠിനശ്രമം ചെയ്യുക: “നിങ്ങളുടെ കഴിഞ്ഞകാലത്തെ ജീവിതരീതിക്കു ചേർച്ചയിലുള്ള . . . പഴയ വ്യക്തിത്വം ഉരിഞ്ഞുകളയണം.” (എഫെസ്യർ 4:22) ക്രമേണ നിങ്ങളുടെ പുരോഗതി മാതാപിതാക്കൾ ശ്രദ്ധിക്കും.