വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സോഷ്യൽ മീഡിയ എനിക്കു ദോഷം ചെയ്യു​ന്നു​ണ്ടോ?

സോഷ്യൽ മീഡിയ എനിക്കു ദോഷം ചെയ്യു​ന്നു​ണ്ടോ?

 സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ പപ്പയും മമ്മിയും നിങ്ങളെ അനുവ​ദി​ച്ചി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ മൂന്നു പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

ഈ പേജിൽ

 സോഷ്യൽ മീഡിയ എന്റെ സമയം കളയു​ന്നു​ണ്ടോ?

 സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്നത്‌ കുതി​ച്ചു​പാ​യുന്ന ഒരു കുതി​ര​പ്പു​റത്ത്‌ സവാരി ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌. അതിനെ നിയ​ന്ത്രി​ക്കുക. അല്ലെങ്കിൽ അതു നിങ്ങളെ നിയ​ന്ത്രി​ക്കും.

 “‘കുറച്ച്‌ നേര​ത്തേക്ക്‌’ എന്നും പറഞ്ഞാണ്‌ ഞാൻ സോഷ്യൽ മീഡിയ ഉപയോ​ഗി​ച്ചു​തു​ട​ങ്ങു​ന്നത്‌. പക്ഷേ പിന്നെ അതിൽനിന്ന്‌ കണ്ണെടു​ക്കു​മ്പോൾ മണിക്കൂ​റു​കൾ കഴിഞ്ഞി​രി​ക്കും. സോഷ്യൽ മീഡിയ ഒരു സമയം​കൊ​ല്ലി​യാണ്‌. അതു നമ്മളെ അഡിക്‌റ്റാ​ക്കും.”—ജോവാന.

 നിങ്ങൾക്ക്‌ അറിയാ​മോ? സോഷ്യൽ മീഡിയ നമ്മളെ അഡിക്‌റ്റാ​ക്കു​ന്ന​തിൽ അതിശ​യി​ക്കേണ്ട. കാരണം, അത്‌ അങ്ങനെ​യാ​ണു ഡിസൈൻ ചെയ്‌തി​രി​ക്കു​ന്നത്‌. കൂടു​തൽക്കൂ​ടു​തൽ ആളുകൾ ഒരു സൈറ്റിൽ കയറു​ക​യും കൂടുതൽ സമയം ആ സൈറ്റ്‌ നോക്കു​ക​യും ചെയ്യു​മ്പോൾ പരസ്യ​ക്ക​മ്പ​നി​കൾ കൂടുതൽ പണമി​റ​ക്കും.

 സ്വയം ചോദി​ക്കുക: ‘സമയം പറന്നു​പോ​കു​ന്നത്‌ അറിയാ​തെ ഞാൻ സോഷ്യൽ മീഡി​യ​യിൽ വെറുതെ സ്‌​ക്രോൾ ചെയ്‌ത്‌ ഇരിക്കാ​റു​ണ്ടോ? കുറച്ചു​കൂ​ടെ പ്രയോ​ജനം ചെയ്യുന്ന കാര്യ​ങ്ങൾക്കു​വേണ്ടി എനിക്ക്‌ ആ സമയം ഉപയോ​ഗി​ക്കാൻ കഴിയു​മോ?’

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌. സോഷ്യൽ മീഡിയ എത്ര സമയം ഉപയോ​ഗി​ക്കു​മെന്ന്‌ നേര​ത്തേ​തന്നെ തീരു​മാ​നി​ക്കുക. ആ പരിധി വിട്ടു​പോ​ക​രുത്‌.

സോഷ്യൽ മീഡിയ നോക്കുന്ന സമയത്തി​നു പരിധി വെക്കുക

 “ഞാൻ എന്റെ ഫോണിൽ ഒരു ടൈമർ സെറ്റു ചെയ്‌തി​ട്ടുണ്ട്‌. ആ സമയം കഴിയു​മ്പോൾ ചില ആപ്പുകൾ തന്നെ ലോക്കാ​കും. കുറച്ച്‌ ബുദ്ധി​മു​ട്ടി​യാ​ണെ​ങ്കി​ലും ഞാൻ അങ്ങനെ ശീലി​ച്ച​പ്പോൾ വലിയ കുഴപ്പ​മില്ല. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​മ്പോൾ എന്റെ സമയം അധികം പോകാ​റില്ല.”—ടീന.

 ബൈബിൾ തത്ത്വം: “സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:16.

 സോഷ്യൽ മീഡിയ എന്റെ ഉറക്കം കളയു​ന്നു​ണ്ടോ?

 ടീനേ​ജേ​ഴ്‌സിന്‌ കുറഞ്ഞത്‌ എട്ടു മണിക്കൂ​റെ​ങ്കി​ലും ഉറക്കം വേണ​മെ​ന്നാണ്‌ മിക്ക വിദഗ്‌ധ​രും പറയു​ന്നത്‌. പക്ഷേ പലർക്കും അത്ര ഉറക്കം കിട്ടാ​റില്ല. സോഷ്യൽ മീഡിയ ആണ്‌ പലപ്പോ​ഴും വില്ലൻ.

 “കിടക്കാൻ പോകു​ന്ന​തി​നു മുമ്പ്‌ ഞാൻ വെറു​തെ​യൊ​ന്നു ഫോൺ നോക്കു​ന്ന​താണ്‌. പക്ഷേ പോസ്റ്റു​കൾ സ്‌​ക്രോൾ ചെയ്‌ത്‌ വെറുതെ എന്റെ സമയം പോകും. എന്റെ ഈ മോശം സ്വഭാവം ഒന്നു മാറ്റണ​മെ​ന്നുണ്ട്‌.”—മരിയ.

 നിങ്ങൾക്ക്‌ അറിയാ​മോ? വേണ്ടത്ര വിശ്രമം കിട്ടി​യി​ല്ലെ​ങ്കിൽ ഡിപ്ര​ഷ​നും ടെൻഷ​നും ഒക്കെ ഉണ്ടാകും. മനഃശാ​സ്‌ത്ര പ്രൊ​ഫ​സ​റായ ജീൻ റ്റ്വങ്ങിന്റെ അഭി​പ്രാ​യ​ത്തിൽ മൂഡു പോകാ​നുള്ള ഒരു പ്രധാ​ന​കാ​ര​ണ​മാണ്‌ ഉറക്കക്കു​റവ്‌. അവർ പറയു​ന്നത്‌ “കുറെ​ക്കാ​ല​ത്തേക്ക്‌” ഇങ്ങനെ ഉറക്കം കിട്ടാ​തി​രു​ന്നാൽ അത്‌ “ഗുരു​ത​ര​മായ മാനസി​കാ​രോ​ഗ്യ പ്രശ്‌ന​ങ്ങൾക്ക്‌ ഇടയാ​ക്കും” എന്നാണ്‌. a

 സ്വയം ചോദി​ക്കുക: ‘എന്നും രാത്രി ഞാൻ എത്ര സമയം ഉറങ്ങാ​റുണ്ട്‌?’ ‘കിടക്കാൻ തുടങ്ങേണ്ട സമയത്ത്‌ ഞാൻ സോഷ്യൽ മീഡിയ നോക്കി​യി​രി​ക്കു​ക​യാ​ണോ?’

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌. നിങ്ങളു​ടെ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളെ​ല്ലാം രാത്രി നിങ്ങളു​ടെ ബെഡ്‌റൂ​മി​നു പുറത്ത്‌ മറ്റെവി​ടെ​യെ​ങ്കി​ലും വെക്കുക. സാധി​ക്കു​മ്പോ​ഴെ​ല്ലാം, കിടക്കാൻ പോകു​ന്ന​തി​നു രണ്ടു മണിക്കൂർ മുമ്പ്‌ ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ നോക്കു​ന്നതു നിറു​ത്തുക. ഇനി നിങ്ങൾക്ക്‌ അലാറം വെക്കണ​മെ​ങ്കിൽ, ഫോണി​ലോ ടാബി​ലോ അല്ലാതെ മറ്റെ​ന്തെ​ങ്കി​ലും ക്രമീ​ക​രണം ചെയ്യുക.

കിടക്കു​ന്ന​തി​നു വളരെ മുമ്പു​തന്നെ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്നതു നിറു​ത്തു​ക

 “ഞാൻ ചില​പ്പോൾ രാത്രി​യിൽ ഫോൺ നോക്കി​യി​രി​ക്കും. പക്ഷേ അത്‌ അത്ര നല്ല ശീലമല്ല എന്ന്‌ എനിക്ക​റി​യാം. ഞാൻ അതു മാറ്റാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അൽപ്പം​കൂ​ടെ പക്വത​യും ഉത്തരവാ​ദി​ത്വ​വും ഒക്കെ എനിക്കു വേണം. പിറ്റേ ദിവസം കാര്യങ്ങൾ നന്നായി ചെയ്യണ​മെ​ങ്കിൽ ഞാൻ നേരത്തേ കിടന്നു​റ​ങ്ങണം.”—ജെറമി.

 ബൈബിൾ തത്ത്വം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പുവരുത്തുക.’—ഫിലി​പ്പി​യർ 1:10.

 സോഷ്യൽ മീഡിയ എന്റെ മനസ്സിനെ ബാധി​ക്കു​ന്നു​ണ്ടോ?

 ഹൈസ്‌കൂൾ പ്രായ​ത്തി​ലുള്ള പെൺകു​ട്ടി​ക​ളോ​ടു ചോദി​ച്ച​പ്പോൾ അതിൽ പകുതി​യോ​ളം പേരും പറഞ്ഞത്‌ അവർക്കു “മിക്ക​പ്പോ​ഴും വല്ലാത്ത നിരാ​ശ​യും സങ്കടവും ഒക്കെ തോന്നാ​റുണ്ട്‌” എന്നാണ്‌. സോഷ്യൽ മീഡി​യ​യാണ്‌ പലപ്പോ​ഴും ഇതിനു കാരണം. “മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ നോക്കി സോഷ്യൽ മീഡി​യ​യിൽ കൂടുതൽ സമയം ചെലവി​ട്ടാൽ അവരെ​പ്പോ​ലെ​യൊ​ന്നും ആകാൻ പറ്റുന്നി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ നിങ്ങൾക്കു നിരാശ തോന്നും” എന്നാണ്‌ ഡോക്ട്‌ർ ലിയോ​ണാർഡ്‌ സാക്‌സ്‌ പറയു​ന്നത്‌. b

 “മറ്റുള്ള​വ​രു​മാ​യി തങ്ങളെ തട്ടിച്ചു​നോ​ക്കുന്ന ശീലം പൊതു​വെ ചെറു​പ്പ​ക്കാർക്കുണ്ട്‌. സോഷ്യൽ മീഡിയ ആ ശീലം ഒന്നുകൂ​ടെ കൂട്ടും. നിങ്ങളു​ടെ കൂട്ടു​കാ​രും മറ്റുള്ള​വ​രും ഒക്കെ ഇടുന്ന ചിത്ര​ങ്ങ​ളും പോസ്റ്റു​ക​ളും ഒക്കെ നിങ്ങൾ മണിക്കൂ​റു​ക​ളോ​ളം നോക്കി​യി​രി​ക്കും. എന്നിട്ട്‌ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഇങ്ങനെ രസമൊ​ന്നു​മി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ നിങ്ങൾക്കു നിരാശ തോന്നും.”—ഫേബ.

 നിങ്ങൾക്ക്‌ അറിയാ​മോ? സോഷ്യൽ മീഡിയ വഴി കൂട്ടു​കാ​രു​മൊ​ക്കെ​യാ​യി നിങ്ങൾക്കു സംസാ​രി​ക്കാൻ പറ്റു​മെ​ങ്കി​ലും നേരിട്ട്‌ കണ്ട്‌ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ഇതൊ​ന്നും വരില്ല. “നേരിട്ട്‌ കണ്ട്‌ സംസാ​രി​ക്കുക, ഇടപെ​ടുക, ഇതൊക്കെ മനുഷ്യ​ന്റെ ഉള്ളിന്റെ ഉള്ളിലെ അടിസ്ഥാന ആവശ്യ​ങ്ങ​ളിൽ ഒന്നാണ്‌. അതു തൃപ്‌തി​പ്പെ​ടു​ത്താൻ ഒരിക്ക​ലും ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങൾക്കു കഴിയില്ല” എന്നാണ്‌ ഡോക്ടർ നിക്കോ​ളാസ്‌ കർദാ​രാസ്‌ പറയു​ന്നത്‌. c

 സ്വയം ചോദി​ക്കുക: ‘കൂട്ടു​കാർ ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ക്കെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ എനിക്ക്‌ ഒറ്റപ്പെടൽ തോന്നാ​റു​ണ്ടോ?’ ‘സോഷ്യൽ മീഡി​യ​യിൽ എന്റെ കൂട്ടു​കാ​രു​ടെ അടി​പൊ​ളി ജീവി​ത​മൊ​ക്കെ കാണു​മ്പോൾ എന്റെ ജീവിതം എന്തു ബോറാണ്‌ എന്നു ഞാൻ ചിന്തി​ക്കാ​റു​ണ്ടോ?’ ‘ഞാൻ ഇടുന്ന പോസ്റ്റു​കൾക്കു “ലൈക്ക്‌” കിട്ടാ​ത്ത​പ്പോൾ എനിക്കു വിഷമം തോന്നാ​റു​ണ്ടോ?’

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌. കുറച്ച്‌ ദിവസ​ത്തേക്ക്‌ അല്ലെങ്കിൽ ഒരു ആഴ്‌ച​ത്തേക്ക്‌, പറ്റു​മെ​ങ്കിൽ ഒരു മാസ​ത്തേക്ക്‌ സോഷ്യൽ മീഡി​യ​യിൽനിന്ന്‌ ഒരു “ബ്രേക്ക്‌” എടുക്കുക. കൂട്ടു​കാ​രെ നേരിട്ട്‌ കാണാൻ അല്ലെങ്കിൽ ഫോണി​ലൂ​ടെ സംസാ​രി​ക്കാൻ കൂടുതൽ സമയ​മെ​ടു​ക്കുക. ഇങ്ങനെ സോഷ്യൽ മീഡി​യ​യിൽനിന്ന്‌ ബ്രേക്ക്‌ എടുക്കു​മ്പോൾ നിങ്ങളു​ടെ ടെൻഷൻ കുറഞ്ഞ്‌, സന്തോഷം കൂടു​ന്നു​ണ്ടോ എന്ന്‌ പരീക്ഷി​ച്ചു​നോ​ക്കുക.

കൂട്ടു​കാ​രു​മാ​യി നേരിട്ട്‌ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ നിങ്ങൾക്കു കഴിയു​മോ?

 “ഞാൻ സോഷ്യൽ മീഡിയ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ മറ്റുള്ളവർ ചെയ്യുന്ന കാര്യ​ങ്ങ​ളാണ്‌ കൂടുതൽ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. എന്റെ അക്കൗണ്ടു​ക​ളൊ​ക്കെ ഡിലീറ്റ്‌ ചെയ്‌ത​പ്പോൾ ഒരു ഭാരം ഇറങ്ങി​പ്പോ​യ​തു​പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌. ഇപ്പോൾ പ്രയോ​ജ​ന​മുള്ള കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യാൻ എനിക്കു കൂടുതൽ സമയമുണ്ട്‌.”—ബ്രയാന.

 ബൈബിൾ തത്ത്വം: “ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ. അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.”—ഗലാത്യർ 6:4.

a ഐ ജെൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

b പുരുഷനോ സ്‌ത്രീ​യോ എന്ന്‌ എന്തിനു നോക്കണം? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

c കുട്ടികൾ തിളങ്ങട്ടെ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.