വിവരങ്ങള്‍ കാണിക്കുക

നാസി കൂട്ട​ക്കൊ​ല എന്തു​കൊണ്ട്‌ സംഭവി​ച്ചു, ദൈവം അതു തടയാ​ഞ്ഞത്‌ എന്തു​കൊണ്ട്‌?

നാസി കൂട്ട​ക്കൊ​ല എന്തു​കൊണ്ട്‌ സംഭവി​ച്ചു, ദൈവം അതു തടയാ​ഞ്ഞത്‌ എന്തു​കൊണ്ട്‌?

 ഈ ചോദ്യം ചോദി​ക്കു​ന്ന പലരും ഈ ക്രൂര​ത​യു​ടെ ഫലമായി നികത്താ​നാ​കാ​ത്ത നഷ്ടങ്ങൾ സഹിക്കു​ന്ന​വ​രാണ്‌. അവർക്കു വേണ്ടത്‌ ഉത്തരങ്ങൾ മാത്രമല്ല, ആശ്വാ​സ​വും​കൂ​ടെ​യാണ്‌. എന്നാൽ മറ്റു ചിലർ, ഈ കൂട്ട​ക്കൊ​ല​യെ ക്രൂര​ത​യു​ടെ അങ്ങേയ​റ്റ​മാ​യാണ്‌ കരുതു​ന്നത്‌. അതു​കൊണ്ട്‌ അവർക്ക്‌ ഒരു ദൈവ​മു​ണ്ടെ​ന്നു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നു.

നാസി കൂട്ട​ക്കൊ​ല​യെ​യും ദൈവ​ത്തെ​യും കുറി​ച്ചു​ള്ള ചില തെറ്റി​ദ്ധാ​ര​ണ​കൾ

 മിഥ്യ: ഈ കൂട്ട​ക്കൊ​ല ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ചോദി​ക്കു​ന്ന​തു തെറ്റാണ്‌.

 സത്യം: ദൈവ​ത്തിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​വ​രും ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ചോദി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഹബക്കൂക്ക്‌ പ്രവാ​ച​കൻ ഇങ്ങനെ ചോദി​ച്ചു: “ഞാൻ ദുഷ്‌ചെ​യ്‌തി​കൾ കാണാൻ അങ്ങ്‌ എന്തിനാണ്‌ ഇടയാ​ക്കു​ന്നത്‌? എന്തിനാണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌? അക്രമ​വും നാശവും എനിക്കു കാണേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?” (ഹബക്കൂക്ക്‌ 1:3) ഹബക്കൂ​ക്കി​നെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു​പ​കരം അദ്ദേഹം ചോദിച്ച ചോദ്യ​ങ്ങൾ എല്ലാവർക്കും വായി​ക്കാ​നാ​യി ദൈവം ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി.

 മിഥ്യ: മനുഷ്യ​രു​ടെ ദുരി​ത​ങ്ങൾ ദൈവം ശ്രദ്ധി​ക്കു​ന്നേ ഇല്ല.

 സത്യം: ദൈവം ദുഷ്ടത​യും അതു​കൊണ്ട്‌ ഉണ്ടാകുന്ന ദുരി​ത​ങ്ങ​ളും വെറു​ക്കു​ന്നു. (സുഭാഷിതങ്ങൾ 6:16-19) നോഹ​യു​ടെ കാലത്ത്‌ ഭൂമി​യിൽ അക്രമം വ്യാപി​ച്ച​പ്പോൾ “ദൈവ​ത്തി​ന്റെ ഹൃദയ​ത്തി​നു ദുഃഖമായി.” (ഉൽപത്തി 6:5, 6) അതു​കൊണ്ട്‌ നാസി കൂട്ട​ക്കൊ​ല നടന്ന​പ്പോ​ഴും ദൈവം ഒരുപാട്‌ വേദനി​ച്ചു എന്നതിന്‌ സംശയ​മി​ല്ല.—മലാഖി 3:6.

 മിഥ്യ: നാസി കൂട്ട​ക്കൊ​ല ജൂതന്മാർക്കു​ള്ള ദൈവ​ത്തി​ന്റെ ശിക്ഷയാ​യി​രു​ന്നു.

 സത്യം: ഒന്നാം നൂറ്റാ​ണ്ടിൽ യരുശ​ലേ​മി​നെ നശിപ്പി​ക്കാൻ ദൈവം റോമാ​ക്കാ​രെ അനുവ​ദി​ച്ചു. (മത്തായി 23:37–24:2) എന്നാൽ അതിൽപ്പി​ന്നെ, പ്രത്യേ​ക​പ്രീ​തി കാണി​ക്കാ​നോ ശിക്ഷി​ക്കാ​നോ ദൈവം ഒരു വംശ​ത്തെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല. ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ “ജൂതനും ഗ്രീക്കു​കാ​ര​നും തമ്മിൽ ഒരു വ്യത്യാ​സ​വു​മി​ല്ല.”—റോമർ 10:12.

 മിഥ്യ: സ്‌നേ​ഹ​വാ​നാ​യ, സർവശ​ക്ത​നാ​യ ഒരു ദൈവ​മു​ണ്ടെ​ങ്കിൽ ആ ദൈവം ഈ കൂട്ടക്കു​രു​തി തടയു​മാ​യി​രു​ന്നു.

 സത്യം: ദൈവം ഒരിക്ക​ലും ദുരി​ത​ങ്ങൾ വരുത്തു​ന്നി​ല്ലെ​ങ്കി​ലും ചില​പ്പോൾ അത്‌ താത്‌കാ​ലി​ക​മാ​യി അനുവ​ദി​ക്കു​ന്നു.—യാക്കോബ്‌ 1:13; 5:11.

നാസി കൂട്ട​ക്കൊ​ല ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

 മനുഷ്യ​രു​ടെ മറ്റെല്ലാ ദുരി​ത​ങ്ങ​ളും അനുവ​ദി​ച്ചി​രി​ക്കു​ന്ന അതേ കാരണം കൊണ്ടു​ത​ന്നെ​യാണ്‌ ഈ കൂട്ട​ക്കൊ​ല​യും ദൈവം അനുവ​ദി​ച്ചത്‌. കാലങ്ങൾക്കു​മുമ്പ്‌ ഉയർന്നു​വന്ന ഒരു വിവാ​ദ​വി​ഷ​യ​ത്തി​നു തീർപ്പു​ക​ല്‌പി​ക്കു​ക എന്നതാണ്‌ ആ കാരണം. ഈ ലോകത്തെ ഇപ്പോൾ ഭരിക്കു​ന്നത്‌ ദൈവമല്ല, പിശാ​ചാ​ണെ​ന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു. (ലൂക്കോസ്‌ 4:1, 2, 6; യോഹ​ന്നാൻ 12:31) ദൈവം ഈ കൂട്ടക്കു​രു​തി അനുവ​ദി​ച്ച​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ ബൈബി​ളിൽനി​ന്നു​ള്ള രണ്ട്‌ അടിസ്ഥാന വസ്‌തു​ത​കൾ സഹായി​ക്കും.

  1.   ദൈവം ഇച്ഛാസ്വാതന്ത്ര്യത്തോടെ മനുഷ്യരെ സൃഷ്ടിച്ചു. ആദ്യത്തെ മനുഷ്യ​രാ​യി​രു​ന്ന ആദാമിൽനി​ന്നും ഹവ്വയിൽനി​ന്നും ദൈവം എന്താണ്‌ പ്രതീ​ക്ഷി​ച്ച​തെന്ന്‌ അവരോ​ടു പറഞ്ഞി​രു​ന്നു. എന്നാൽ അനുസ​രി​ക്കാൻ അവരെ നിർബ​ന്ധി​ച്ചി​ല്ല. ശരിയും തെറ്റും സ്വയം തിര​ഞ്ഞെ​ടു​ക്കാ​നാണ്‌ അവർ തീരു​മാ​നി​ച്ചത്‌. അവരുടെ ആ തെറ്റായ തീരു​മാ​ന​വും ചരി​ത്ര​ത്തി​ലു​ട​നീ​ളം ആളുകൾ എടുത്തി​ട്ടു​ള്ള സമാന​മാ​യ തീരു​മാ​ന​ങ്ങ​ളും മനുഷ്യർക്കു ദാരു​ണ​മാ​യ തിക്തഫ​ല​ങ്ങൾ സമ്മാനി​ച്ചി​ട്ടുണ്ട്‌. (ഉൽപത്തി 2:17; 3:6; റോമർ 5:12) “ലോക​ത്തി​ലെ മിക്ക കഷ്ടപ്പാ​ടി​ന്റെ​യും കാരണം നമുക്ക്‌ അനുവ​ദി​ച്ചി​രി​ക്കു​ന്ന സ്വത​ന്ത്ര​മാ​യ ഇച്‌ഛാ​ശ​ക്തി​യു​ടെ ദുരു​പ​യോ​ഗ​മാണ്‌” എന്ന്‌ യാഥാ​സ്ഥി​തി​ക ജൂതമ​ത​ത​ത്ത്വ​ങ്ങ​ളു​ടെ പ്രമാണം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു. എന്നാൽ ദൈവം നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ അസാധു​വാ​ക്കി​യി​ല്ല. പകരം തന്നെക്കൂ​ടാ​തെ കാര്യങ്ങൾ ചെയ്‌തു​നോ​ക്കാൻ മനുഷ്യർക്കു സമയം കൊടു​ക്കു​ക​യാണ്‌ ചെയ്‌തത്‌.

  2.   നാസി കൂട്ട​ക്കൊ​ല​യു​ടെ എല്ലാ ദാരു​ണ​ഫ​ല​ങ്ങ​ളും ഇല്ലാതാ​ക്കാൻ ദൈവ​ത്തി​നു കഴിവുണ്ട്‌, ദൈവം അതു ചെയ്യും. മരിച്ചു​പോ​യ ലക്ഷക്കണ​ക്കിന്‌ ആളുകളെ ജീവനി​ലേ​ക്കു തിരി​കെ​കൊ​ണ്ടു​വ​രു​മെന്നു ദൈവം ഉറപ്പു തരുന്നു. അതിൽ നാസി കൂട്ട​ക്കൊ​ല​യിൽ മരിച്ച​വ​രും ഉൾപ്പെ​ടും. ആ കൂട്ടക്കു​രു​തി​യു​ടെ ഭയപ്പെ​ടു​ത്തു​ന്ന ഓർമ​ക​ളും പേറി ജീവി​ക്കു​ന്ന​വ​രു​ടെ എല്ലാ വേദന​ക​ളും ദൈവം ഇല്ലാതാ​ക്കും. (യശയ്യ 65:17; പ്രവൃ​ത്തി​കൾ 24:15) മനുഷ്യ​രോ​ടു ദൈവ​ത്തി​നു​ള്ള സ്‌നേ​ഹ​മാണ്‌, ദൈവം ഈ വാക്കു​പാ​ലി​ക്കു​മെ​ന്ന​തി​നുള്ള ഉറപ്പ്‌.—യോഹ​ന്നാൻ 3:16.

 ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും എങ്ങനെ​യാണ്‌ അതിന്റെ ഫലങ്ങൾ ഇല്ലാതാ​ക്കു​ന്നത്‌ എന്നും മനസ്സി​ലാ​ക്കി​യത്‌, ജീവി​ത​ത്തിന്‌ ഒരു അർഥം കണ്ടെത്താ​നും തങ്ങളുടെ വിശ്വാ​സം നിലനി​റു​ത്താ​നും നാസി കൂട്ട​ക്കൊ​ല​യു​ടെ ഇരകളും അതിജീ​വ​ക​രും ആയ പലരെ​യും സഹായി​ച്ചി​ട്ടുണ്ട്‌.