വിവരങ്ങള്‍ കാണിക്കുക

പിശാ​ചി​നെ കാണാൻ എങ്ങനെ​യി​രി​ക്കും?

പിശാ​ചി​നെ കാണാൻ എങ്ങനെ​യി​രി​ക്കും?

ബൈബി​ളി​ന്റെ ഉത്തരം

 പിശാച്‌ അദൃശ്യ​നായ ഒരു ആത്മവ്യ​ക്തി​യാണ്‌. അതിനർഥം പിശാ​ചിന്‌ ഒരു കാണ​പ്പെ​ടുന്ന രൂപമില്ല എന്നാണ്‌.—എഫെസ്യർ 6:11, 12.

 ആടിന്റെ രൂപ​ത്തോ​ടു സാദൃ​ശ്യ​മുള്ള, വാലും കൊമ്പും ഉള്ള ഒരു ജീവി കുന്തവും പിടി​ച്ചു​നിൽക്കു​ന്നു. ഇങ്ങനെ​യാണ്‌ പല കലാകാ​ര​ന്മാ​രും പിശാ​ചി​നെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. മധ്യകാ​ല​ഘ​ട്ട​ത്തിൽ ജീവി​ച്ചി​രുന്ന കലാകാ​ര​ന്മാർ അന്നത്തെ നാടോ​ടി​ക്ക​ഥ​ക​ളു​ടെ​യും പുരാണ ഐതി​ഹ്യ​ങ്ങ​ളു​ടെ​യും സ്വാധീ​ന​ത്താ​ലാണ്‌ പിശാ​ചി​നെ ഇങ്ങനെ ചിത്രീ​ക​രി​ക്കാൻ ഇടയാ​യ​തെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

 പിശാ​ചി​നെ ബൈബിൾ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 പല വിധങ്ങ​ളിൽ ബൈബിൾ പിശാ​ചി​നെ പരിച​യ​പ്പെ​ടു​ത്തു​ന്നുണ്ട്‌. അതിലൂ​ടെ നമുക്ക്‌ പിശാ​ചി​ന്റെ രൂപം അല്ല വ്യക്തി​ത്വ​മാണ്‌ മനസ്സി​ലാ​ക്കാൻ കഴിയു​ന്നത്‌. പിശാ​ചി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന ചില കാര്യങ്ങൾ പിൻവ​രു​ന്ന​വ​യാണ്‌:

  •   വെളി​ച്ച​ദൂ​തൻ. ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​കൾ അനുസ​രിച്ച്‌ ആളുകൾ ജീവി​ക്കാ​തി​രി​ക്കാ​നാ​യി പിശാച്‌ അനേകരെ വഴി​തെ​റ്റി​ക്കു​ന്നു. താൻ ആളുകൾക്ക്‌ നന്മയാണ്‌ ചെയ്യു​ന്നത്‌ എന്നു നടിച്ചു​കൊണ്ട്‌ അനേകരെ അവൻ വശത്താ​ക്കു​ന്നു.—2 കൊരി​ന്ത്യർ 11:14.

  •   അലറുന്ന സിംഹം. ദൈവ​ത്തി​ന്റെ ആരാധ​കരെ പിശാച്‌ ക്രൂര​മാ​യി ആക്രമി​ക്കു​ന്നു.—1 പത്രോസ്‌ 5:8.

  •   വലിയ ഭീകര​സർപ്പം. പിശാച്‌ ശക്തനാണ്‌, ക്രൂര​നാണ്‌, നാശം വിതയ്‌ക്കു​ന്ന​വ​നാണ്‌.—വെളി​പാട്‌ 12:9.