വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുരക്ഷി​ത​വും ആരോ​ഗ്യ​ക​ര​വും ആയ ഭക്ഷണരീ​തി​ക്കുള്ള ഏഴു മാർഗങ്ങൾ

സുരക്ഷി​ത​വും ആരോ​ഗ്യ​ക​ര​വും ആയ ഭക്ഷണരീ​തി​ക്കുള്ള ഏഴു മാർഗങ്ങൾ

 നിങ്ങൾ എന്തു കഴിക്കു​ന്നു എന്നതു പ്രധാ​ന​മാ​ണോ?

 നിങ്ങളു​ടെ ആരോ​ഗ്യം ഒരു പരിധി​വരെ നിങ്ങൾ എന്തു കഴിക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു. വൃത്തി​യാ​യി ഉണ്ടാക്കിയ പോഷ​ക​പ്ര​ദ​മായ ഭക്ഷണം കഴിക്കു​ന്നത്‌ നിങ്ങളു​ടെ ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യും. അതേസ​മയം, ഇതൊ​ന്നും ശ്രദ്ധി​ക്കാ​തെ​യുള്ള ആഹാര​രീ​തി ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടാക്കും. നിലവാ​ര​മി​ല്ലാത്ത ഇന്ധനം ഉപയോ​ഗി​ക്കു​ന്നത്‌ ഒരു വാഹന​ത്തിന്‌ കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ഇത്‌. ആദ്യം അതൊരു പ്രശ്‌ന​മാ​യി തോന്നി​ല്ലാ​യി​രി​ക്കും. പക്ഷേ, തീർച്ച​യാ​യും അതു ഭാവി​യിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും.—ഗലാത്യർ 6:7.

 ലോകാ​രോ​ഗ്യ സംഘടന പറയു​ന്ന​ത​നു​സ​രിച്ച്‌, “വികല​പോ​ഷ​ണ​ത്തി​ന്റെ ഏതെങ്കി​ലും ഒരു പ്രശ്‌നം ലോക​ത്തി​ലെ രാജ്യ​ങ്ങ​ളെ​യെ​ല്ലാം ബാധി​ക്കു​ന്നു.” വികല​പോ​ഷണം എന്നതിൽ ആവശ്യ​ത്തിന്‌ പോഷ​കാ​ഹാ​രം ലഭിക്കാ​ത്ത​തു​കൊ​ണ്ടുള്ള പ്രശ്‌നങ്ങൾ മാത്രമല്ല, അമിത​വണ്ണം, അമിത​ഭാ​രം പോലുള്ള പ്രശ്‌ന​ങ്ങ​ളും ഉൾപ്പെ​ടും. ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്യുന്ന ഭക്ഷണപ​ദാർഥങ്ങൾ കൂടെ​ക്കൂ​ടെ കഴിക്കു​ന്നത്‌ പ്രമേഹം, പക്ഷാഘാ​തം, ക്യാൻസർ, ഹൃ​ദ്രോ​ഗങ്ങൾ തുടങ്ങി​യവ വരുത്തി​വെ​ച്ചേ​ക്കാം. 2017-ൽ പോഷ​ണ​ക്കു​റവു കാരണം ഏകദേശം ഒരു കോടി പത്തുലക്ഷം ആളുകൾ മരിച്ചു എന്ന്‌ ഒരു പഠനം കാണി​ക്കു​ന്നു. ഇനി, വൃത്തി​യി​ല്ലാത്ത ഭക്ഷണം കഴിക്കു​ന്ന​തു​കൊണ്ട്‌ ഓരോ ദിവസ​വും ആയിര​ത്തി​ലേറെ ആളുകൾ മരിക്കു​ന്നു​ണ്ടെ​ന്നും കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഓരോ വർഷവും രോഗി​ക​ളാ​കു​ന്നു​ണ്ടെ​ന്നും ആണ്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കണക്കു പറയു​ന്നത്‌.

 ഈ വിഷയം നമ്മൾ ഗൗരവ​ത്തോ​ടെ കാണേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാൻ ബൈബി​ളി​ലെ തത്ത്വങ്ങൾ സഹായി​ക്കു​ന്നു. “ജീവന്റെ ഉറവ്‌” ദൈവ​മാ​ണെന്ന്‌ അതു പറയുന്നു. (സങ്കീർത്തനം 36:9) ജീവൻ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. അതു​കൊണ്ട്‌, നമ്മു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ആരോ​ഗ്യ​ത്തി​നു വേണ്ടത്‌ ചെയ്യു​മ്പോൾ ഈ സമ്മാനം നമുക്ക്‌ വില​പ്പെ​ട്ട​താ​ണെന്നു നമ്മൾ കാണി​ക്കു​ക​യാണ്‌. അതിനാ​യി നമുക്ക്‌ എന്തൊക്കെ ചെയ്യാ​മെന്ന്‌ ഒന്നു നോക്കാം.

 ഭക്ഷണം സുരക്ഷി​ത​മാ​യി​രി​ക്കാൻ ശ്രദ്ധി​ക്കേണ്ട നാലു കാര്യങ്ങൾ

 1. ഭക്ഷണം തയ്യാറാ​ക്കു​മ്പോൾ ശുചി​ത്വം പാലി​ക്കുക.

 എന്തു​കൊണ്ട്‌? മലിന​മായ ഭക്ഷണത്തി​ലും വെള്ളത്തി​ലു​മു​ള്ള ഹാനി​ക​ര​മാ​യ അണുക്കൾ a നമ്മുടെ ശരീര​ത്തിൽ കടക്കാ​നും നമ്മളെ രോഗി​യാ​ക്കാ​നും സാധ്യ​ത​യുണ്ട്‌.

 ആരോ​ഗ്യ​വി​ദ​ഗ്‌ധർ നിർദേ​ശി​ക്കു​ന്നത്‌:

  •   ഭക്ഷണം പാകം ചെയ്യു​ന്ന​തി​നു മുമ്പ്‌ കൈകൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ നന്നായി കഴുകുക. b കൈകൾ കൂട്ടി​ത്തി​രു​മ്മി നഖങ്ങൾ, പുറം​കൈ, വിരലു​കൾക്കി​ട​യി​ലെ ഭാഗം എന്നിവ വൃത്തി​യാ​ക്കുക. കുറഞ്ഞത്‌ 20 സെക്ക​ന്റെ​ങ്കി​ലും ഇങ്ങനെ ചെയ്യണം. എന്നിട്ട്‌, വൃത്തി​യുള്ള തുണി​യോ മറ്റോ ഉപയോ​ഗിച്ച്‌ കൈകൾ നന്നായി തുടയ്‌ക്കുക.

  •   ഭക്ഷണം പാകം ചെയ്യു​ന്ന​തി​നുള്ള പാത്രങ്ങൾ, കറിക്ക​രി​യുന്ന ബോർഡു​കൾ മറ്റ്‌ അടുക്കള സാമ​ഗ്രി​കൾ തുടങ്ങി​യവ സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ നന്നായി കഴുകണം. വേവി​ക്കാ​നുള്ള ഭക്ഷണത്തി​നും വേവി​ക്കാ​തെ കഴിക്കുന്ന ഭക്ഷണത്തി​നും ഒരേ കട്ടിങ്‌ ബോർഡ്‌ ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണു നല്ലത്‌.

  •   പഴങ്ങളും പച്ചക്കറി​ക​ളും നന്നായി കഴുകുക. അവ അണുവി​മു​ക്ത​മാ​ക്കുക. പ്രത്യേ​കി​ച്ചും, കൃഷിക്കു നനയ്‌ക്കാൻ ഉപയോ​ഗി​ക്കു​ന്നത്‌ മാലി​ന്യം കലർന്ന വെള്ളമാ​ണെ​ങ്കിൽ.

 2. വേവി​ച്ച​തും വേവി​ക്കാ​ത്ത​തും ഒരുമി​ച്ചു വെക്കരുത്‌.

 എന്തു​കൊണ്ട്‌? വേവി​ക്കാത്ത ഇറച്ചി​യിൽനി​ന്നോ അതിൽനിന്ന്‌ ഒലിച്ചി​റ​ങ്ങു​ന്ന വെള്ളത്തിൽനി​ന്നോ ഒക്കെ മറ്റു ഭക്ഷണത്തി​ലേക്ക്‌ അണുക്കൾ പകരാൻ സാധ്യ​ത​യുണ്ട്‌.

 ആരോ​ഗ്യ​വി​ദ​ഗ്‌ധർ നിർദേ​ശി​ക്കു​ന്നത്‌:

  •   വേവി​ക്കാത്ത ഭക്ഷണസാ​ധ​നങ്ങൾ പ്രത്യേ​കി​ച്ചും, ഇറച്ചി​പോ​ലു​ള്ളവ കടയിൽനിന്ന്‌ വാങ്ങി​ക്കൊ​ണ്ടു വരു​മ്പോ​ഴും എടുത്തു​വെ​ക്കു​മ്പോ​ഴും മറ്റു ഭക്ഷണസാ​ധ​ന​ങ്ങ​ളു​ടെ ഒപ്പം വെക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കുക.

  •   ഇറച്ചി മുറി​ച്ച​തി​നു ശേഷം കൈക​ളും കത്തിയും കട്ടിങ്‌ ബോർഡും നന്നായി കഴുകി​യ​തി​നു​ശേ​ഷമേ മറ്റെ​ന്തെ​ങ്കി​ലും മുറി​ക്കാൻ ഉപയോ​ഗി​ക്കാ​വൂ.

 3. പാകം ചെയ്യുന്ന ഭക്ഷണം നന്നായി വെന്തി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.

 എന്തു​കൊണ്ട്‌? ഭക്ഷണസാ​ധ​നങ്ങൾ ഉയർന്ന താപനി​ല​യിൽ എത്തു​മ്പോൾ മാത്രമേ ഹാനി​ക​ര​മായ അണുക്കൾ നശിക്കു​ക​യു​ള്ളൂ.

 ആരോ​ഗ്യ​വി​ദ​ഗ്‌ധർ നിർദേ​ശി​ക്കു​ന്നത്‌:

  •   ഭക്ഷണം നന്നായി ചൂടാ​കു​ന്ന​തു​വരെ വേവി​ക്കുക. എല്ലാ ഭക്ഷണവും, പ്രത്യേ​കി​ച്ചും ഇറച്ചി​യു​ടെ​യും മറ്റും ഉൾഭാഗം ഉൾപ്പെടെ 70 ഡിഗ്രി സെൽഷ്യസ്‌ ചൂടിൽ 30 സെക്ക​ന്റെ​ങ്കി​ലും വേകണം.

  •   സൂപ്പും കറിക​ളും നന്നായി തിളപ്പി​ക്കുക.

  •   നേരത്തേ പാകം ചെയ്‌ത ഭക്ഷണം പിന്നീട്‌ ഉപയോ​ഗി​ക്കു​മ്പോൾ ആവി വരുന്ന​തു​വരെ ചൂടാ​ക്കണം.

 4. ഭക്ഷണം കേടു​വ​രാത്ത താപനി​ല​യിൽ സൂക്ഷി​ക്കുക.

 എന്തു​കൊണ്ട്‌? ഭക്ഷണം 5 ഡിഗ്രി​ക്കും 60 ഡിഗ്രി​ക്കും ഇടയി​ലുള്ള ചൂടിൽ 20 മിനിട്ട്‌ ഇരുന്നാൽ അതിൽ ബാക്ടീ​രിയ പെരു​കാൻ തുടങ്ങും. മാത്രമല്ല, പച്ചമാം​സം സുരക്ഷി​ത​മായ താപനി​ല​യിൽ സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ ചില ബാക്ടീ​രിയ വിഷം പുറ​പ്പെ​ടു​വി​ക്കും. വേവി​ച്ചാ​ലും അത്തരം വിഷം ഇല്ലാതാ​കു​ന്നില്ല.

 ആരോ​ഗ്യ​വി​ദ​ഗ്‌ധർ നിർദേ​ശി​ക്കു​ന്നത്‌:

  •   അണുക്കൾ പെരു​കാ​തി​രി​ക്ക​ണ​മെ​ങ്കിൽ ഭക്ഷണം നല്ല ചൂടി​ലോ തണുപ്പി​ലോ വെക്കണം. ഇളം ചൂടിൽ വെക്കാ​തി​രി​ക്കുക.

  •   ഭക്ഷണം രണ്ടു മണിക്കൂ​റിൽ അധികം പുറത്തു വെക്കരുത്‌. ഇനി, പുറത്തെ ചൂട്‌ 32 ഡിഗ്രി സെൽഷ്യ​സിൽ കൂടു​ത​ലാ​ണെ​ങ്കിൽ ഒരു മണിക്കൂ​റിൽ അധികം വെക്കരുത്‌.

  •   പാകം ചെയ്‌ത ഭക്ഷണം ചൂടാ​റു​ന്ന​തി​നു മുമ്പു​തന്നെ കഴിക്കുക.

 ഭക്ഷണം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട മൂന്നു കാര്യങ്ങൾ

 1. വ്യത്യസ്‌ത ഇനം പഴങ്ങളും പച്ചക്കറി​ക​ളും ദിവസ​വും ഭക്ഷണത്തിൽ ഉൾപ്പെ​ടു​ത്തുക.

 പഴങ്ങളും പച്ചക്കറി​ക​ളും നല്ല ആരോ​ഗ്യ​ത്തിന്‌ ആവശ്യ​മായ വിറ്റാ​മി​നു​ക​ളു​ടെ​യും മറ്റു പോഷ​ണ​ങ്ങ​ളു​ടെ​യും പ്രധാന ഉറവി​ട​മാണ്‌. ലോകാ​രോ​ഗ്യ സംഘടന പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരു ദിവസം നമ്മൾ കഴിക്കുന്ന ആഹാര​ത്തിൽ 400 ഗ്രാം പഴങ്ങളും പച്ചക്കറി​ക​ളും ഉൾപ്പെ​ടു​ത്തണം. എന്നാൽ മണ്ണിന​ടി​യിൽ ഉണ്ടാകുന്ന കിഴങ്ങു​കൾ, കപ്പ പോലുള്ള അന്നജം (സ്റ്റാർച്‌) അടങ്ങിയവ ഇതിൽപ്പെ​ടു​ന്നില്ല.

 2. എണ്ണയും കൊഴു​പ്പും മിതമായ അളവിൽ മാത്രം കഴിക്കുക.

 വറുത്ത​തോ തയ്യാറാ​ക്കി പാക്കറ്റിൽ കിട്ടു​ന്ന​തോ ആയ ഭക്ഷണസാ​ധ​ന​ങ്ങ​ളി​ലും ചില ബേക്കറി പലഹാ​ര​ങ്ങ​ളി​ലും ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്യുന്ന കൊഴുപ്പ്‌ അടങ്ങി​യി​ട്ടു​ള്ള​തു​കൊണ്ട്‌ അതിന്റെ ഉപയോ​ഗം കഴിയു​ന്നത്ര കുറയ്‌ക്കാൻ ലോകാ​രോ​ഗ്യ സംഘടന നിർദേ​ശി​ക്കു​ന്നു. സാധി​ക്കു​മ്പോ​ഴൊ​ക്കെ, അപൂരിത സസ്യ എണ്ണ (unsaturated vegetable oil) c ഉപയോ​ഗി​ക്കുക. അവ പൂരിത കൊഴുപ്പ്‌ (saturated fat) വലിയ അളവിൽ അടങ്ങി​യി​ട്ടുള്ള മറ്റ്‌ എണ്ണക​ളെ​ക്കാൾ നല്ലതാണ്‌.

 3. പഞ്ചസാ​ര​യു​ടെ​യും ഉപ്പി​ന്റെ​യും ഉപയോ​ഗം കുറയ്‌ക്കുക.

 ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ നിർദേ​ശ​മ​നു​സ​രിച്ച്‌, മുതിർന്ന ഒരു വ്യക്തി ഒരു ദിവസം ഒരു ടീസ്‌പൂ​ണിൽ അധികം ഉപ്പ്‌ ഉപയോ​ഗി​ക്ക​രുത്‌. ഇനി പഞ്ചസാ​ര​യു​ടെ കണക്കാ​ണെ​ങ്കിൽ, ഒരു ദിവസം പരമാ​വധി, വടി​ച്ചെ​ടുത്ത 12 ടീസ്‌പൂൺ ഫ്രീ ഷുഗർ d ആണ്‌ അവർ നിർദേ​ശി​ക്കു​ന്നത്‌. തയ്യാറാ​ക്കി പാക്കറ്റിൽ വരുന്ന മിക്ക ഭക്ഷണ സാധന​ങ്ങ​ളു​ടെ​യും പാനീ​യ​ങ്ങ​ളു​ടെ​യും ഒരു പ്രധാന ചേരുവ പഞ്ചസാ​ര​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഏകദേശം 355 മില്ലി​ലി​റ്റർ സോഫ്‌റ്റ്‌ ഡ്രിങ്കിൽ 50 മില്ലി​ലി​റ്റർ (10 ടീസ്‌പൂൺ) എങ്കിലും പഞ്ചസാര അടങ്ങി​യി​ട്ടുണ്ട്‌. സോഫ്‌റ്റ്‌ ഡ്രിങ്കിൽ ഉയർന്ന അളവിൽ കലോറി, അഥവാ ഊർജ്ജം ഉണ്ടെങ്കി​ലും അതിൽ പോഷ​ക​മൂ​ല്യം തീരെ കുറവാ​യി​രി​ക്കും, ചില​പ്പോൾ ഒട്ടും​തന്നെ ഉണ്ടായി​രി​ക്കില്ല.

 ബൈബിൾ പറയു​ന്നത്‌: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 22:3) നിങ്ങളു​ടെ ഭക്ഷണരീ​തി​യിൽ വേണ്ട മാറ്റങ്ങൾ വരുത്തി​ക്കൊണ്ട്‌ വിവേകം കാണി​ക്കു​മ്പോൾ ദൈവം തന്ന ജീവനും ആരോ​ഗ്യ​വും നിങ്ങൾക്കു വില​പ്പെ​ട്ട​താ​ണെന്നു കാണി​ക്കു​ക​യാണ്‌.

 പൊതു​വേ​യു​ള്ള ചില തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ഭക്ഷണം കാഴ്‌ച​യ്‌ക്കു കുഴപ്പ​മില്ല, രുചി​യും മണവും ഓകെ ആണെങ്കിൽ അതു കഴിക്കാൻ സുരക്ഷി​ത​മാണ്‌.

 വസ്‌തുത: 1000 കോടി​യി​ല​ധി​കം ബാക്ടീ​രിയ ഉണ്ടെങ്കി​ലേ ഒരു ലിറ്റർ വെള്ളത്തിൽ എന്തെങ്കി​ലും നിറം​മാ​റ്റം കാണാൻ കഴിയു​ക​യു​ള്ളൂ. പക്ഷേ നിങ്ങളെ ഒരു രോഗി​യാ​ക്കാൻ 15-ഓ 20-ഓ അപകട​കാ​രി​യായ ബാക്ടീ​രിയ മതിയാ​കും. നിങ്ങൾ കഴിക്കുന്ന ഭക്ഷണവും പാനീ​യ​വും സുരക്ഷി​ത​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നു ഭക്ഷണം പാകം ചെയ്യു​മ്പോ​ഴും വിളമ്പു​മ്പോ​ഴും സൂക്ഷി​ച്ചു​വെ​ക്കു​മ്പോ​ഴും സുരക്ഷി​ത​മായ താപനി​ല​യും സമയപ​രി​ധി​യും പാലി​ക്കുക.

 തെറ്റി​ദ്ധാ​രണ: ഭക്ഷണത്തിൽ ഈച്ച വന്നിരു​ന്നാ​ലും കഴിക്കു​ന്ന​തി​നു കുഴപ്പ​മില്ല.

 വസ്‌തുത: ഈച്ചകൾ വിസർജ്യം​പോ​ലുള്ള മാലി​ന്യ​ങ്ങ​ളാണ്‌ കഴിക്കു​ന്നത്‌. അത്തരം സ്ഥലങ്ങളി​ലാണ്‌ അവ പെറ്റു​പെ​രു​കു​ന്ന​തും. അതു​കൊ​ണ്ടു​തന്നെ രോഗം പരത്തുന്ന ലക്ഷക്കണ​ക്കിന്‌ അണുക്കൾ അവയുടെ കാലു​ക​ളിൽ ഉണ്ടാകും. ഈച്ച കയറാതെ ഭക്ഷണം മൂടി​വെ​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

തെറ്റി​ദ്ധാ​രണ: “ഞാൻ ഇത്രയും​കാ​ലം എനിക്കി​ഷ്ട​മു​ള്ള​തെ​ല്ലാം കഴിച്ചു. ഇനിയി​പ്പോൾ  ഭക്ഷണരീ​തി മാറ്റി​യ​തു​കൊണ്ട്‌ എനിക്ക്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടാ​കു​മെന്നു തോന്നു​ന്നില്ല.”

 വസ്‌തുത: ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യുന്ന ഭക്ഷണം കഴിച്ചു​തു​ട​ങ്ങു​ന്നതു മുതൽ അകാല​മ​ര​ണ​ത്തി​നുള്ള സാധ്യത കുറയും. മാത്രമല്ല, നല്ലൊരു ഭക്ഷണ​ക്രമം നിലനി​റു​ത്തു​ന്നി​ട​ത്തോ​ളം അതു നിങ്ങൾക്കു പല വിധങ്ങ​ളി​ലും പ്രയോ​ജനം ചെയ്യും.

a നിങ്ങളുടെ കണ്ണുകൾക്ക്‌ നേരിട്ടു കാണാൻ കഴിയി​ല്ലാ​ത്ത സൂക്ഷ്‌മ​ജീ​വി​ക​ളാണ്‌ അണുക്കൾ. അതിൽ ബാക്ടീ​രി​യ​യും വൈറ​സു​ക​ളും ഒക്കെ ഉൾപ്പെ​ടു​ന്നു. ചില സൂക്ഷ്‌മ​ജീ​വി​കൾ നിങ്ങൾക്കു ഗുണം ചെയ്യു​ന്ന​വ​യാ​ണെ​ങ്കി​ലും ഹാനി​ക​ര​മായ അണുക്കൾ ശരീര​ത്തി​നു ദോഷം ചെയ്യും, ചില​പ്പോൾ മരണത്തി​നു​പോ​ലും കാരണ​മാ​യേ​ക്കാം.

b വെള്ളം മാത്രം ഉപയോ​ഗിച്ച്‌ കൈകൾ കഴുകു​ന്ന​തി​നെ​ക്കാൾ അണുക്കൾ നശിക്കാൻ നല്ലത്‌ സോപ്പും​കൂ​ടെ ഉപയോ​ഗിച്ച്‌ കഴുകു​ന്ന​താണ്‌.

c അപൂരിത കൊഴുപ്പ്‌ (unsaturated fat) സാധാരണ താപനി​ല​യിൽ കട്ടപി​ടി​ക്കാ​തെ ദ്രാവ​ക​രൂ​പ​ത്തിൽ തന്നെയാ​യി​രി​ക്കും.

d ഫ്രീ ഷുഗർ എന്നതിൽ നമ്മൾ സാധാരണ ഉപയോ​ഗി​ക്കുന്ന സംസ്‌ക​രിച്ച്‌ വരുന്ന പഞ്ചസാ​ര​യും തേനും സിറപ്പു​ക​ളും ജ്യൂസു​ക​ളും ഉൾപ്പെ​ടു​ന്നു. എന്നാൽ പഴങ്ങളി​ലും പച്ചക്കറി​ക​ളി​ലും പാലി​ലും സ്വാഭാ​വി​ക​മാ​യുള്ള മധുരം ഇതിൽപ്പെ​ടു​ന്നില്ല.