വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മത്തായി അധ്യായം 5-7

മത്തായി അധ്യായം 5-7

5 ജനക്കൂ​ട്ടത്തെ കണ്ട്‌ യേശു മലയിൽ കയറി. യേശു ഇരുന്ന​പ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ ചെന്നു. 2 യേശു അവരെ പഠിപ്പി​ക്കാൻതു​ടങ്ങി:

3 “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹിക്കുന്നവർ a സന്തുഷ്ടർ; കാരണം സ്വർഗരാജ്യം b അവർക്കു​ള്ളത്‌.

4 “ദുഃഖി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം അവർക്ക്‌ ആശ്വാസം കിട്ടും.

5 “സൗമ്യ​രാ​യവർ സന്തുഷ്ടർ; കാരണം അവർ ഭൂമി അവകാ​ശ​മാ​ക്കും.

6 “നീതി​ക്കാ​യി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യുന്നവർ c സന്തുഷ്ടർ; കാരണം അവർ തൃപ്‌ത​രാ​കും.

7 “കരുണ കാണി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം അവരോ​ടും കരുണ കാണി​ക്കും.

8 “ഹൃദയ​ശു​ദ്ധി​യു​ള്ളവർ സന്തുഷ്ടർ; കാരണം അവർ ദൈവത്തെ കാണും.

9 “സമാധാ​നം ഉണ്ടാക്കുന്നവർ d സന്തുഷ്ടർ; കാരണം അവർ ദൈവ​ത്തി​ന്റെ പുത്ര​ന്മാർ എന്നു വിളി​ക്ക​പ്പെ​ടും.

10 “നീതി​ക്കു​വേണ്ടി ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്നവർ സന്തുഷ്ടർ; കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌.

11 “എന്നെ​പ്രതി ആളുകൾ നിങ്ങളെ നിന്ദി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച്‌ പല തരം അപവാദം പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ. 12 സ്വർഗത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​യ​തു​കൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദി​ക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാ​ച​ക​ന്മാ​രെ​യും അവർ അങ്ങനെ​തന്നെ ഉപദ്ര​വി​ച്ചി​ട്ടു​ണ്ട​ല്ലോ.

13 “നിങ്ങൾ ഭൂമി​യു​ടെ ഉപ്പാണ്‌. എന്നാൽ ഉപ്പിന്‌ ഉപ്പുരസം നഷ്ടമാ​യാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത്‌ കളഞ്ഞിട്ട്‌ ആളുകൾക്കു ചവിട്ടി​ന​ട​ക്കാ​ന​ല്ലാ​തെ മറ്റൊ​ന്നി​നും കൊള്ളി​ല്ല​ല്ലോ.

14 “നിങ്ങൾ ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌. മലമു​ക​ളി​ലുള്ള ഒരു നഗരം മറഞ്ഞി​രി​ക്കില്ല. 15 വിളക്കു കത്തിച്ച്‌ ആരും കൊട്ട​കൊണ്ട്‌ മൂടി​വെ​ക്കാ​റില്ല. പകരം, വിളക്കു​ത​ണ്ടി​ലാ​ണു വെക്കുക. അപ്പോൾ വീട്ടി​ലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും. 16 അതുപോലെ, നിങ്ങളു​ടെ വെളിച്ചം മറ്റുള്ള​വ​രു​ടെ മുന്നിൽ പ്രകാ​ശി​ക്കട്ടെ. അപ്പോൾ അവർ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കണ്ട്‌ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തും.

17 “നിയമത്തെയോ e പ്രവാ​ച​ക​ന്മാ​രു​ടെ വാക്കു​ക​ളെ​യോ നീക്കി​ക്ക​ള​യാ​നാ​ണു ഞാൻ വന്നതെന്നു വിചാ​രി​ക്ക​രുത്‌; നീക്കി​ക്ക​ള​യാ​നല്ല, നിവർത്തി​ക്കാ​നാ​ണു ഞാൻ വന്നത്‌. 18 ആകാശവും ഭൂമി​യും നീങ്ങി​പ്പോ​യാ​ലും നിയമ​ത്തി​ലെ ഒരു വള്ളിയോ പുള്ളി​യോ പോലും നീങ്ങി​പ്പോ​കില്ല. അവയെ​ല്ലാം നിറ​വേ​റും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 19 അതുകൊണ്ട്‌ ഈ കല്‌പ​ന​ക​ളിൽ ഏറ്റവും ചെറിയ ഒന്നു​പോ​ലും ലംഘി​ക്കു​ക​യോ ലംഘി​ക്കാൻ മനുഷ്യ​രെ പഠിപ്പി​ക്കു​ക​യോ ചെയ്യു​ന്നവൻ സ്വർഗ​രാ​ജ്യ​ത്തി​നു യോഗ്യ​നാ​യി​രി​ക്കില്ല. എന്നാൽ അവ പിൻപ​റ്റു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്നവൻ സ്വർഗ​രാ​ജ്യ​ത്തി​നു യോഗ്യ​നാ​യി​രി​ക്കും. 20 നിങ്ങൾ ശാസ്‌ത്രി​മാ​രെ​ക്കാ​ളും പരീശന്മാരെക്കാളും f നീതി​നി​ഷ്‌ഠ​ര​ല്ലെ​ങ്കിൽ നിങ്ങൾ ഒരുവി​ധ​ത്തി​ലും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.

  21 “‘കൊല ചെയ്യരുത്‌; കൊല ചെയ്യു​ന്നവൻ നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും’ എന്നു പണ്ടുള്ള​വ​രോ​ടു പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 22 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: സഹോ​ദ​ര​നോ​ടു ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​നെ​ല്ലാം നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും. സഹോ​ദ​രനെ ചീത്ത വിളി​ക്കു​ന്ന​വ​നാ​കട്ടെ പരമോ​ന്ന​ത​നീ​തി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും. ‘വിവരം​കെട്ട വിഡ്‌ഢീ’ എന്നു വിളി​ച്ചാ​ലോ, എരിയുന്ന ഗീഹെന്നയ്‌ക്ക്‌ g അർഹനാ​കും.

23 “നീ കാഴ്‌ച അർപ്പി​ക്കാൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെല്ലു​ന്നെ​ന്നി​രി​ക്കട്ടെ. നിന്റെ സഹോ​ദ​രനു നിന്നോ​ടു പിണക്ക​മു​ണ്ടെന്ന്‌ അവി​ടെ​വെച്ച്‌ ഓർമ വന്നാൽ 24 നിന്റെ കാഴ്‌ച യാഗപീ​ഠ​ത്തി​നു മുന്നിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പി​ക്കുക.

25 “നിനക്ക്‌ എതിരെ പരാതി​യുള്ള ആളു​ടെ​കൂ​ടെ കോട​തി​യി​ലേക്കു പോകു​മ്പോൾ വഴിയിൽവെ​ച്ചു​തന്നെ അയാളു​മാ​യുള്ള പ്രശ്‌നം പരിഹ​രി​ക്കുക. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ, പരാതി​ക്കാ​രൻ നിന്നെ ന്യായാ​ധി​പന്റെ മുന്നിൽ ഹാജരാ​ക്കും; ന്യായാ​ധി​പൻ നിന്നെ സേവകനെ ഏൽപ്പി​ക്കും; അങ്ങനെ നീ ജയിലി​ലു​മാ​കും. 26 അവസാനത്തെ ചില്ലി​ക്കാ​ശും കൊടു​ത്തു​തീർത്താ​ലേ നിനക്ക്‌ അവി​ടെ​നിന്ന്‌ പുറത്ത്‌ വരാനാ​കൂ എന്നു ഞാൻ സത്യമാ​യി പറയുന്നു.

27 “‘വ്യഭി​ചാ​രം ചെയ്യരുത്‌’ എന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 28 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: കാമവി​കാ​രം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീ​യെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നവൻ ഹൃദയ​ത്തിൽ ആ സ്‌ത്രീ​യു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു. 29 അതുകൊണ്ട്‌ നീ ഇടറി​വീ​ഴാൻ നിന്റെ വലതു​കണ്ണ്‌ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക; മുഴു​ശ​രീ​ര​വും ഗീഹെന്നയിലേക്ക്‌ h എറിയ​പ്പെ​ടു​ന്ന​തി​നെ​ക്കാൾ അവയവ​ങ്ങ​ളിൽ ഒന്നു നഷ്ടമാ​കു​ന്ന​താ​ണു നിനക്കു നല്ലത്‌. 30 നീ ഇടറി​വീ​ഴാൻ നിന്റെ വലതു​കൈ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു വെട്ടി എറിഞ്ഞു​ക​ള​യുക; മുഴു​ശ​രീ​ര​വും ഗീഹെന്നയിൽ i വീഴു​ന്ന​തി​നെ​ക്കാൾ അവയവ​ങ്ങ​ളിൽ ഒന്നു നഷ്ടമാ​കു​ന്ന​താ​ണു നിനക്കു നല്ലത്‌.

31 “‘വിവാ​ഹ​മോ​ചനം ചെയ്യു​ന്നവൻ ഭാര്യക്കു മോച​ന​പ​ത്രം കൊടു​ക്കട്ടെ’ എന്നു പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 32 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ലൈം​ഗിക അധാർമികത j കാരണ​മ​ല്ലാ​തെ ഭാര്യയെ ഉപേക്ഷി​ക്കു​ന്ന​വ​നെ​ല്ലാം അവൾ വ്യഭി​ചാ​രം ചെയ്യാൻ ഇടവരു​ത്തു​ന്നു. വിവാഹമോചിതയെ k വിവാഹം കഴിക്കു​ന്ന​വ​നും വ്യഭി​ചാ​രം ചെയ്യുന്നു.

33 “‘സത്യം ചെയ്‌തി​ട്ടു ലംഘി​ക്ക​രുത്‌; യഹോവയ്‌ക്കു l നേർന്നതു നിവർത്തി​ക്കണം’ എന്നു പണ്ടുള്ള​വ​രോ​ടു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 34 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: സത്യം ചെയ്യു​കയേ അരുത്‌. സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്‌; അതു ദൈവ​ത്തി​ന്റെ സിംഹാ​സനം. 35 ഭൂമിയെ ചൊല്ലി​യും അരുത്‌; അതു ദൈവ​ത്തി​ന്റെ പാദപീ​ഠം. യരുശ​ലേ​മി​നെ ചൊല്ലി അരുത്‌; അതു മഹാരാ​ജാ​വി​ന്റെ നഗരം. 36 നിങ്ങളുടെ തലയെ ചൊല്ലി​യും സത്യം ചെയ്യരുത്‌; ഒരു മുടി​നാ​രു​പോ​ലും വെളു​ത്ത​തോ കറുത്ത​തോ ആക്കാൻ നിങ്ങൾക്കു കഴിയി​ല്ല​ല്ലോ. 37 നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം. ഇതിൽ കൂടു​ത​ലാ​യ​തെ​ല്ലാം ദുഷ്ടനിൽനിന്ന്‌ വരുന്നു.

38 “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌’ എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 39 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ദുഷ്ട​നോട്‌ എതിർത്തു​നിൽക്ക​രുത്‌; നിന്റെ വലത്തെ കവിളിൽ അടിക്കു​ന്ന​വനു മറ്റേ കവിളും കാണി​ച്ചു​കൊ​ടു​ക്കുക. 40 നിന്നെ കോട​തി​ക​യറ്റി നിന്റെ ഉള്ളങ്കി മേടി​ച്ചെ​ടു​ക്കാൻ നോക്കു​ന്ന​വനു മേലങ്കി​കൂ​ടെ കൊടു​ത്തേ​ക്കുക; 41 അധികാരത്തിലുള്ള ആരെങ്കി​ലും നിന്നെ ഒരു മൈൽ പോകാൻ നിർബ​ന്ധി​ച്ചാൽ അദ്ദേഹ​ത്തി​ന്റെ​കൂ​ടെ രണ്ടു മൈൽ പോകുക. 42 നിന്നോട്‌ എന്തെങ്കി​ലും ചോദി​ക്കു​ന്ന​വന്‌ അതു കൊടു​ക്കുക. നിന്നോ​ടു കടം വാങ്ങാൻ a വരുന്ന​വ​നിൽനിന്ന്‌ ഒഴിഞ്ഞു​മാ​റ​രുത്‌.

43 “‘നീ അയൽക്കാരനെ b സ്‌നേ​ഹി​ക്കു​ക​യും ശത്രു​വി​നെ വെറു​ക്കു​ക​യും വേണം’ എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 44 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക, നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കുക. 45 അപ്പോൾ നിങ്ങൾ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​ന്റെ പുത്ര​ന്മാ​രാ​യി​ത്തീ​രും; കാരണം ദുഷ്ടന്മാ​രു​ടെ മേലും നല്ലവരു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ മേലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​ണ​ല്ലോ ദൈവം. 46 നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതി​ഫലം കിട്ടാ​നാണ്‌? നികു​തി​പി​രി​വു​കാ​രും അതുത​ന്നെ​യല്ലേ ചെയ്യു​ന്നത്‌? 47 സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യു​ന്നെ​ങ്കിൽ അതിൽ എന്താണ്‌ ഇത്ര പ്രത്യേ​കത? ജനതക​ളിൽപ്പെ​ട്ട​വ​രും അതുതന്നെ ചെയ്യു​ന്നി​ല്ലേ? 48 അതുകൊണ്ട്‌ നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ പൂർണ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും പൂർണ​രാ​യി​രി​ക്കു​വിൻ. c

6 “ആളുകളെ കാണി​ക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച്‌ നീതി​പ്ര​വൃ​ത്തി​കൾ ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ച്ചു​കൊ​ള്ളുക. അല്ലാത്ത​പക്ഷം സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു പ്രതി​ഫ​ല​വും ലഭിക്കില്ല. 2 അതുകൊണ്ട്‌ നിങ്ങൾ ദാനം ചെയ്യു​മ്പോൾ നിങ്ങളു​ടെ മുന്നിൽ കാഹളം ഊതി​ക്ക​രുത്‌. കപടഭക്തർ ആളുക​ളിൽനിന്ന്‌ പുകഴ്‌ച കിട്ടാൻവേണ്ടി സിന​ഗോ​ഗു​ക​ളി​ലും തെരു​വു​ക​ളി​ലും വെച്ച്‌ അങ്ങനെ ചെയ്യാ​റു​ണ്ട​ല്ലോ. അവർക്കു പ്രതി​ഫലം മുഴു​വ​നും കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 3 എന്നാൽ നിങ്ങൾ ദാനം ചെയ്യു​മ്പോൾ നിങ്ങളു​ടെ വലതു​കൈ ചെയ്യു​ന്നത്‌ എന്തെന്ന്‌ ഇടതു​കൈ അറിയ​രുത്‌. 4 അങ്ങനെ രഹസ്യ​മാ​യി ദാനം ചെയ്യു​മ്പോൾ രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന നിങ്ങളു​ടെ പിതാവ്‌ അതിനുള്ള പ്രതി​ഫലം തരും.

5 “പ്രാർഥി​ക്കു​മ്പോൾ നിങ്ങൾ കപടഭ​ക്ത​രെ​പ്പോ​ലെ​യാ​യി​രി​ക്ക​രുത്‌. ആളുകളെ കാണി​ക്കാൻവേണ്ടി അവർ സിന​ഗോ​ഗു​ക​ളി​ലും പ്രധാ​ന​തെ​രു​വു​ക​ളു​ടെ മൂലക​ളി​ലും നിന്ന്‌ പ്രാർഥി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നു. അവർക്കു പ്രതി​ഫലം കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 6 പകരം, പ്രാർഥി​ക്കു​മ്പോൾ മുറി​യിൽ കടന്ന്‌ വാതിൽ അടച്ച്‌ രഹസ്യ​ത്തി​ലുള്ള നിന്റെ പിതാവിനോടു d പ്രാർഥി​ക്കുക. അപ്പോൾ, രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന പിതാവ്‌ നിങ്ങൾക്കു പ്രതി​ഫലം തരും. 7 പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യു​ന്ന​തു​പോ​ലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌. വാക്കു​ക​ളു​ടെ എണ്ണം കൂടി​യാൽ ദൈവം കേൾക്കു​മെ​ന്നാണ്‌ അവരുടെ വിചാരം. 8 നിങ്ങൾ അവരെ​പ്പോ​ലെ​യാ​ക​രുത്‌. നിങ്ങൾക്കു വേണ്ടത്‌ എന്താ​ണെന്നു നിങ്ങൾ ചോദി​ക്കു​ന്ന​തി​നു മുമ്പു​തന്നെ നിങ്ങളു​ടെ പിതാ​വിന്‌ അറിയാ​മ​ല്ലോ.

9 “എന്നാൽ നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക:

“‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ. e 10 അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ. 11 ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക്‌ ഇന്നു തരേണമേ. 12 ഞങ്ങളോടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോ​ടു ഞങ്ങൾ ക്ഷമിച്ച​തു​പോ​ലെ ഞങ്ങളുടെ കടങ്ങൾ f ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ. 13 പ്രലോഭനത്തിൽ അകപ്പെ​ടു​ത്താ​തെ ദുഷ്ടനിൽനിന്ന്‌ g ഞങ്ങളെ വിടു​വി​ക്കേ​ണമേ.’

14 “നിങ്ങൾ മറ്റുള്ള​വ​രു​ടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ക്ഷമിക്കും. 15 എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാ​തി​രു​ന്നാൽ നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ തെറ്റു​ക​ളും ക്ഷമിക്കില്ല.

16 “ഉപവസി​ക്കു​മ്പോൾ കപടഭ​ക്ത​രെ​പ്പോ​ലെ വാടിയ മുഖം കാണി​ക്ക​രുത്‌. ഉപവസി​ക്കു​ക​യാ​ണെന്ന്‌ ആളുകളെ കാണി​ക്കാൻവേണ്ടി അവർ മുഖം വിരൂ​പ​മാ​ക്കു​ന്നു. അവർക്കു മുഴുവൻ പ്രതി​ഫ​ല​വും കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 17 പകരം, ഉപവസി​ക്കു​മ്പോൾ നിങ്ങൾ തലയിൽ എണ്ണ തേക്കു​ക​യും മുഖം കഴുകു​ക​യും വേണം. 18 കാരണം നിങ്ങളു​ടെ ഉപവാസം മനുഷ്യ​രല്ല, രഹസ്യ​ത്തി​ലുള്ള നിങ്ങളു​ടെ പിതാവ്‌ മാത്ര​മാ​ണു കാണേ​ണ്ടത്‌. അപ്പോൾ, രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന നിങ്ങളു​ടെ പിതാവ്‌ നിങ്ങൾക്കു പ്രതി​ഫലം തരും.

19 “കീടങ്ങ​ളും തുരു​മ്പും നശിപ്പി​ക്കു​ക​യും കള്ളൻ കയറി മോഷ്ടി​ക്കു​ക​യും ചെയ്യുന്ന ഈ ഭൂമി​യിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്നതു മതിയാ​ക്കൂ. 20 പകരം, കീടങ്ങ​ളും തുരു​മ്പും നശിപ്പി​ക്കു​ക​യോ കള്ളൻ കയറി മോഷ്ടി​ക്കു​ക​യോ ചെയ്യാത്ത സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ. 21 നിങ്ങളുടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.

22 “കണ്ണാണു ശരീര​ത്തി​ന്റെ വിളക്ക്‌. നിങ്ങളു​ടെ കണ്ണ്‌ ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ ശരീരം മുഴു​വ​നും പ്രകാ​ശി​ക്കും. 23 എന്നാൽ കണ്ണ്‌ അസൂയയുള്ളതാണെങ്കിൽ h ശരീരം മുഴുവൻ ഇരുണ്ട​താ​യി​രി​ക്കും. നിങ്ങളി​ലുള്ള വെളിച്ചം ഇരുട്ടാ​ണെ​ങ്കിൽ ആ ഇരുട്ട്‌ എത്ര വലുതാ​യി​രി​ക്കും!

24 “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റിനിന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.

25 “അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്തു തിന്നും, എന്തു കുടി​ക്കും എന്നൊക്കെ ഓർത്ത്‌ നിങ്ങളു​ടെ ജീവ​നെ​ക്കു​റി​ച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീര​ത്തെ​ക്കു​റി​ച്ചും ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ജീവ​നെ​ന്നാൽ ആഹാര​വും ശരീര​മെ​ന്നാൽ വസ്‌ത്ര​വും മാത്ര​മ​ല്ല​ല്ലോ? 26 ആകാശത്തിലെ പക്ഷികളെ അടുത്ത്‌ നിരീ​ക്ഷി​ക്കുക. അവ വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, സംഭര​ണ​ശാ​ല​ക​ളിൽ കൂട്ടി​വെ​ക്കു​ന്നു​മില്ല. എന്നിട്ടും നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അവയെ പോറ്റു​ന്നു. അവയെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ? 27 ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സി​നോട്‌ ഒരു മുഴ​മെ​ങ്കി​ലും കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയു​മോ? 28 വസ്‌ത്രത്തെക്കുറിച്ച്‌ നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ എന്തിനാണ്‌? പറമ്പിലെ ലില്ലി​ച്ചെ​ടി​കളെ നോക്കി പഠിക്കൂ. അവ എങ്ങനെ​യാ​ണു വളരു​ന്നത്‌? അവ അധ്വാ​നി​ക്കു​ന്നില്ല, നൂൽ നൂൽക്കു​ന്നു​മില്ല. 29 എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോ​മോൻ പ്രതാ​പ​ത്തി​ലി​രു​ന്ന​പ്പോൾപ്പോ​ലും അവയി​ലൊ​ന്നി​നോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല. 30 ഇന്നു കാണു​ന്ന​തും നാളെ തീയി​ലി​ടു​ന്ന​തും ആയ ഈ ചെടി​കളെ ദൈവം ഇങ്ങനെ അണിയി​ച്ചൊ​രു​ക്കു​ന്നെ​ങ്കിൽ അൽപ്പം വിശ്വാ​സ​മു​ള്ള​വരേ, നിങ്ങളെ എത്രയ​ധി​കം! 31 അതുകൊണ്ട്‌, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടി​ക്കും,’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും’ എന്നൊക്കെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. 32 ജനതകളാണ്‌ i ഇത്തരം കാര്യ​ങ്ങൾക്കു പിന്നാലെ വേവലാ​തി​യോ​ടെ പരക്കം​പാ​യു​ന്നത്‌. ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യ​മാ​ണെന്നു നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വിന്‌ അറിയാ​മ​ല്ലോ.

33 “അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും. 34 അതുകൊണ്ട്‌ അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.

7 “നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളും വിധി​ക്കു​ന്നതു നിറു​ത്തുക! 2 കാരണം നിങ്ങൾ വിധി​ക്കുന്ന രീതി​യിൽ നിങ്ങ​ളെ​യും വിധി​ക്കും. നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന അതേ അളവു​പാ​ത്ര​ത്തിൽ നിങ്ങൾക്കും അളന്നു​കി​ട്ടും. 3 സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴു​ക്കോൽ കാണാ​ത്തത്‌ എന്താണ്‌? 4 സ്വന്തം കണ്ണിൽ കഴു​ക്കോൽ ഇരിക്കു​മ്പോൾ സഹോ​ദ​ര​നോട്‌, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്ന്‌ കരട്‌ എടുത്തു​ക​ള​യട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും? 5 കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനിന്ന്‌ കഴു​ക്കോൽ എടുത്തു​മാ​റ്റുക. അപ്പോൾ സഹോ​ദ​രന്റെ കണ്ണിലെ കരടു ശരിക്കു കാണാ​നും അത്‌ എടുത്തു​ക​ള​യാ​നും നിനക്കു പറ്റും.

6 “വിശു​ദ്ധ​മാ​യതു നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്ക​രുത്‌; നിങ്ങളു​ടെ മുത്തുകൾ പന്നിക​ളു​ടെ മുന്നിൽ എറിയു​ക​യു​മ​രുത്‌; അവ ആ മുത്തുകൾ ചവിട്ടി​ക്ക​ള​യു​ക​യും തിരിഞ്ഞ്‌ നിങ്ങളെ ആക്രമി​ക്കു​ക​യും ചെയ്യാൻ ഇടയാ​ക​രു​ത​ല്ലോ.

7 “ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും. 8 കാരണം, ചോദി​ക്കു​ന്ന​വർക്കെ​ല്ലാം കിട്ടുന്നു. അന്വേ​ഷി​ക്കു​ന്ന​വ​രെ​ല്ലാം കണ്ടെത്തു​ന്നു. മുട്ടു​ന്ന​വർക്കെ​ല്ലാം തുറന്നു​കി​ട്ടു​ന്നു. 9 മകൻ അപ്പം ചോദി​ച്ചാൽ നിങ്ങൾ ആരെങ്കി​ലും അവനു കല്ലു കൊടു​ക്കു​മോ? 10 മീൻ ചോദി​ച്ചാൽ പാമ്പിനെ കൊടു​ക്കു​മോ? 11 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടു​ക്കാൻ ദുഷ്ടന്മാ​രായ നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു നല്ല ദാനങ്ങൾ എത്രയ​ധി​കം കൊടു​ക്കും!

12 “അതു​കൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം. വാസ്‌ത​വ​ത്തിൽ, നിയമ​ത്തി​ന്റെ​യും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളു​ടെ​യും സാരം ഇതാണ്‌.

13 “ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കുക. കാരണം നാശത്തി​ലേ​ക്കുള്ള വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും ആണ്‌; അനേകം ആളുക​ളും പോകു​ന്നത്‌ അതിലൂ​ടെ​യാണ്‌. 14 എന്നാൽ ജീവനി​ലേ​ക്കുള്ള വാതിൽ ഇടുങ്ങി​യ​തും വഴി ഞെരു​ക്ക​മു​ള്ള​തും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ.

15 “കള്ളപ്ര​വാ​ച​ക​ന്മാ​രെ സൂക്ഷി​ച്ചു​കൊ​ള്ളുക. അവർ ചെമ്മരി​യാ​ടു​ക​ളു​ടെ വേഷത്തിൽ നിങ്ങളു​ടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചു​കീ​റുന്ന ചെന്നാ​യ്‌ക്ക​ളാണ്‌. 16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരി​ച്ച​റി​യാം. മുൾച്ചെ​ടി​ക​ളിൽനിന്ന്‌ മുന്തി​രി​പ്പ​ഴ​മോ ഞെരി​ഞ്ഞി​ലു​ക​ളിൽനിന്ന്‌ അത്തിപ്പ​ഴ​മോ പറിക്കാൻ പറ്റുമോ? 17 നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും. 18 നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല. 19 നല്ല ഫലങ്ങൾ തരാത്ത മരമൊ​ക്കെ വെട്ടി തീയി​ലി​ടും. 20 അതെ, ഫലങ്ങളാൽ നിങ്ങൾക്ക്‌ അത്തരക്കാ​രെ തിരി​ച്ച​റി​യാം.

21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവ​രും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല; സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കുക. 22 ആ ദിവസം പലരും എന്നോട്‌ ഇങ്ങനെ ചോദി​ക്കും: ‘കർത്താവേ, കർത്താവേ, ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചി​ച്ചി​ല്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കി​യി​ല്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണി​ച്ചി​ല്ലേ?’ 23 എന്നാൽ ഞാൻ അവരോട്‌, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാ​രി​കളേ, എന്റെ അടുത്തു​നിന്ന്‌ പോകൂ!’ എന്നു തീർത്തു​പ​റ​യും.

24 “അതു​കൊണ്ട്‌ എന്റെ ഈ വചനങ്ങൾ കേട്ടനു​സ​രി​ക്കു​ന്നവൻ പാറമേൽ വീടു പണിത വിവേ​കി​യായ മനുഷ്യ​നെ​പ്പോ​ലെ​യാ​യി​രി​ക്കും. 25 മഴ കോരി​ച്ചൊ​രി​ഞ്ഞു; വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി; കാറ്റ്‌ ആ വീടി​ന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാ​നം പാറയി​ലാ​യി​രു​ന്നു. 26 എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനു​സ​രി​ക്കാ​ത്തവൻ മണലിൽ വീടു പണിത വിഡ്‌ഢി​യെ​പ്പോ​ലെ​യാ​യി​രി​ക്കും. 27 മഴ കോരി​ച്ചൊ​രി​ഞ്ഞു; വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി; കാറ്റ്‌ ആ വീടി​ന്മേൽ ആഞ്ഞടിച്ചു; അതു നിലം​പൊ​ത്തി. അതു പൂർണ​മാ​യും തകർന്നു​പോ​യി.”

28 യേശു പറഞ്ഞ​തെ​ല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ അതിശ​യി​ച്ചു​പോ​യി; 29 കാരണം അവരുടെ ശാസ്‌ത്രി​മാ​രെ​പ്പോ​ലെയല്ല, അധികാ​ര​മു​ള്ള​വ​നാ​യി​ട്ടാണ്‌ യേശു പഠിപ്പി​ച്ചത്‌.

a അഥവാ “തങ്ങൾക്കു ദൈവത്തെ ആവശ്യ​മു​ണ്ടെന്നു തിരി​ച്ച​റി​യു​ന്നവർ.”

b സ്വർഗരാജ്യം എന്നതു ദൈവ​ത്തി​ന്റെ ഗവൺമെ​ന്റാണ്‌.

c ദൈവത്തിന്റെ ഇഷ്ടം ചെയ്യാ​നും ദൈവകല്പനകൾ അനുസ​രി​ക്കാ​നും ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ ഇവർ.

d അഥവാ “മറ്റുള്ള​വ​രു​മാ​യി വഴക്കിനു പോകാ​ത്തവർ.”

e ഈ പദം ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളെ​യാ​ണു മിക്ക​പ്പോ​ഴും സൂചി​പ്പി​ക്കു​ന്നത്‌.

f ശാസ്‌ത്രിമാർ തിരു​വെ​ഴു​ത്തു​ക​ളിൽ നല്ല അറിവു​ള്ള​വ​രും പരീശ​ന്മാർ ജൂത മതനേ​താ​ക്ക​ന്മാ​രും ആയിരു​ന്നു.

g യരുശലേമിനു വെളി​യിൽ ചപ്പുച​വ​റു​കൾ കത്തിക്കുന്ന സ്ഥലം. പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി​ചെ​യ്‌തി​രുന്ന ഹിന്നോം താഴ്‌വ​ര​യു​ടെ ഗ്രീക്കു​പേര്‌. മൃഗങ്ങ​ളെ​യും മനുഷ്യ​രെ​യും ഗീഹെ​ന്ന​യി​ലേക്ക്‌ എറിഞ്ഞ്‌ ജീവ​നോ​ടെ ചുട്ടെ​രി​ക്കു​ക​യോ ദണ്ഡിപ്പി​ക്കു​ക​യോ ചെയ്‌ത​താ​യി ഒരു തെളി​വു​മില്ല. അതു​കൊ​ണ്ടു​തന്നെ ഈ സ്ഥലം മനുഷ്യ​രെ തീയിൽ നിത്യം ദണ്ഡിപ്പി​ക്കുന്ന ഒരു അദൃശ്യ​ലോ​ക​ത്തി​ന്റെ പ്രതീ​ക​മാ​ണെന്നു പറയാ​നാ​കില്ല. പകരം നിത്യ​നാ​ശത്തെ അല്ലെങ്കിൽ പൂർണ​മായ നാശത്തെ കുറി​ക്കാ​നാ​ണു യേശു​വും ശിഷ്യ​ന്മാ​രും ഗീഹെന്ന എന്ന പദം ഉപയോ​ഗി​ച്ചത്‌.

h  5:22-ന്റെ അടിക്കു​റി​പ്പു കാണുക.

i  5:22-ന്റെ അടിക്കു​റി​പ്പു കാണുക.

j ഇതിന്റെ ഗ്രീക്കു​പ​ദ​മായ പോർണിയ ദൈവ​നി​യ​മ​ത്തി​നു വിരു​ദ്ധ​മായ ലൈം​ഗി​ക​ബ​ന്ധ​ങ്ങളെ കുറി​ക്കു​ന്നു. വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, അവിവാ​ഹി​തർ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, സ്വവർഗ​രതി, മൃഗ​വേഴ്‌ച എന്നിവ​യെ​ല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു.

k അതായത്‌, ലൈം​ഗിക അധാർമി​ക​ത​യു​ടെ പേരി​ല​ല്ലാ​തെ വിവാ​ഹ​മോ​ചനം ചെയ്യപ്പെട്ട സ്‌ത്രീ.

l തിരുവെഴുത്തുകളനുസരിച്ച്‌ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ പേരാണ്‌ “യഹോവ.”

a അതായത്‌, പലിശ​യി​ല്ലാ​തെ കടം വാങ്ങാൻ.

b അഥവാ “സഹമനു​ഷ്യ​നെ.”

c അഥവാ “തികഞ്ഞ​വ​രാ​യി​രി​ക്കണം.” അതായത്‌, മറ്റുള്ള​വരെ അകമഴിഞ്ഞ്‌ സ്‌നേ​ഹി​ക്കണം.

d അഥവാ “നിനക്കു കാണാൻ കഴിയാത്ത പിതാ​വി​നോട്‌.”

e അഥവാ “പേര്‌ പാവന​മാ​യി കണക്കാ​ക്ക​പ്പെ​ടട്ടെ.”

f അഥവാ “ഞങ്ങളുടെ തെറ്റുകൾ.”

g അതായത്‌, സാത്താനിൽനിന്ന്‌.

h അക്ഷരാർഥം: “ചീത്ത​യെ​ങ്കിൽ; ദുഷി​ച്ച​തെ​ങ്കിൽ.” അതായത്‌, കണ്ണു പലതിന്റെ പിന്നാലെ പോകു​ന്നെ​ങ്കിൽ.

i അതായത്‌, സത്യ​ദൈ​വത്തെ ആരാധി​ക്കാ​ത്തവർ.