വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനഞ്ച്‌

നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കൽ

നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കൽ

1. നമ്മുടെ മാതാപിതാക്കളോടു നമുക്കുള്ള കടപ്പാടുകൾ എന്തെല്ലാം, അതുകൊണ്ട്‌ നമുക്ക്‌ അവരെക്കുറിച്ച്‌ എങ്ങനെ തോന്നണം, അവരോട്‌ എങ്ങനെ ഇടപെടണം?

 “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു” എന്നു പുരാതന നാളിലെ ജ്ഞാനിയായ മനുഷ്യൻ ബുദ്ധ്യുപദേശിച്ചു. (സദൃശവാക്യങ്ങൾ 23:22) ‘ഞാനത്‌ ഒരിക്കലും ചെയ്യില്ല!’ എന്നു നിങ്ങൾ പറഞ്ഞേക്കാം. നമ്മുടെ മാതാക്കളെ—അല്ലെങ്കിൽ പിതാക്കന്മാരെ—നിന്ദിക്കുന്നതിനുപകരം നമ്മിൽ മിക്കവർക്കും അവരോട്‌ ആഴമായ സ്‌നേഹം തോന്നുന്നു. നമുക്ക്‌ അവരോടു വളരെയധികം കടപ്പാടുണ്ടെന്നു നാം തിരിച്ചറിയുന്നു. ഒന്നാമതായി, നമ്മുടെ മാതാപിതാക്കൾ നമുക്കു ജീവൻ നൽകി. യഹോവയാണു ജീവന്റെ ഉറവ്‌ എങ്കിലും, നമ്മുടെ മാതാപിതാക്കളെക്കൂടാതെ നാം അസ്‌തിത്വത്തിൽ വരുമായിരുന്നില്ല. നമുക്കു നമ്മുടെ മാതാപിതാക്കൾക്കു കൊടുക്കാൻ ജീവനോളംതന്നെ മൂല്യവത്തായ യാതൊന്നുമില്ല. അപ്പോൾ, ഒരു കുട്ടിയെ ശൈശവത്തിൽനിന്നു പ്രായപൂർത്തിയിലേക്കുള്ള പാതയിൽ സഹായിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ആത്മത്യാഗം, ഉത്‌കണ്‌ഠാഭരിതമായ പരിപാലനം, ചെലവ്‌, സ്‌നേഹപുരസ്സരമായ ശ്രദ്ധ എന്നിവയെക്കുറിച്ചു ചിന്തിച്ചു നോക്കൂ. അതുകൊണ്ട്‌, ദൈവവചനം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നത്‌ എത്ര ന്യായയുക്തമാണ്‌: ‘നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’!—എഫെസ്യർ 6:2, 3.

വൈകാരിക ആവശ്യങ്ങൾ തിരിച്ചറിയൽ

2. വളർച്ചയെത്തിയ കുട്ടികൾക്ക്‌ എങ്ങനെയാണു മാതാപിതാക്കൾക്കു “പ്രത്യുപകാരം” ചെയ്യാൻ കഴിയുക?

2 പൗലോസ്‌ അപ്പോസ്‌തലൻ ക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ എഴുതി: “[മക്കൾ അല്ലെങ്കിൽ കൊച്ചുമക്കൾ] മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.” (1 തിമൊഥെയൊസ്‌ 5:4) മാതാപിതാക്കളും വല്യമ്മവല്യപ്പന്മാരും വർഷങ്ങളോളം തങ്ങളോടു പ്രകടമാക്കിയ സ്‌നേഹത്തിലും ചെയ്‌തുകൊടുത്ത വേലയിലും പരിപാലനത്തിലും വിലമതിപ്പു പ്രകടമാക്കിക്കൊണ്ടാണു വളർച്ചയെത്തിയ മക്കൾ ഈ “പ്രത്യുപകാരം” ചെയ്യുന്നത്‌. മക്കൾക്ക്‌ ഇതു ചെയ്യാവുന്ന ഒരു വിധം മറ്റാരെയുംപോലെ പ്രായമായവർക്കും സ്‌നേഹവും ആശ്വാസവും ആവശ്യമാണ്‌—പലപ്പോഴും അങ്ങേയറ്റം—എന്നു തിരിച്ചറിയുകയാണ്‌. നമ്മിലോരോരുത്തരെയും പോലെതന്നെ, വില കൽപ്പിക്കപ്പെടുന്നുവെന്ന്‌ അവർക്കും തോന്നണം. തങ്ങളുടെ ജീവിതം മൂല്യവത്താണെന്ന്‌ അവർക്കു തോന്നണം.

3. മാതാപിതാക്കളെയും വല്യമ്മവല്യപ്പന്മാരെയും നമുക്കെങ്ങനെ ബഹുമാനിക്കാൻ കഴിയും?

3 അതുകൊണ്ട്‌, നാം മാതാപിതാക്കളെയും വല്യമ്മവല്യപ്പന്മാരെയും സ്‌നേഹിക്കുന്നുവെന്ന്‌ അവർ അറിയാൻ ഇടവരുത്തിക്കൊണ്ട്‌, നമുക്ക്‌ അവരെ ബഹുമാനിക്കാൻ കഴിയും. (1 കൊരിന്ത്യർ 16:14) നമ്മുടെ മാതാപിതാക്കൾ നമ്മോടൊപ്പം പാർക്കുന്നില്ലെങ്കിൽ, നാം അവരുമായി ആശയവിനിയമം നടത്തുന്നത്‌ അവർക്ക്‌ ഒരു വലിയ സംഗതിയായിരിക്കുമെന്നു നാം ഓർക്കണം. പ്രസന്നത തുളുമ്പുന്ന ഒരു എഴുത്തോ ഒരു ഫോൺവിളിയോ അല്ലെങ്കിൽ ഒരു സന്ദർശനമോ അവരുടെ സന്തോഷം കാര്യമായി വർധിപ്പിക്കും. ജപ്പാനിൽ താമസിക്കുന്ന മിയോ, അവരുടെ 82-ാമത്തെ വയസ്സിൽ ഇങ്ങനെ എഴുതി: “[ഒരു സഞ്ചാര ശുശ്രൂഷകൻ ഭർത്താവായുള്ള] എന്റെ പുത്രി എന്നോടു പറയുന്നു: ‘അമ്മേ, ദയവായി ഞങ്ങളോടൊപ്പം “യാത്ര ചെയ്യുക.”’ അവർ ഓരോ ആഴ്‌ചയിലും പോകാൻ പട്ടികപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റും ഫോൺ നമ്പരും അവൾ എനിക്ക്‌ അയച്ചുതരും. ഭൂപടം തുറന്ന്‌ എനിക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അവരിപ്പോൾ ഇവിടെയാണ്‌!’ അത്തരമൊരു കുട്ടിയെ ലഭിച്ച അനുഗ്രഹത്തിനു ഞാൻ എപ്പോഴും യഹോവയോടു നന്ദി പറയുന്നു.”

ഭൗതിക ആവശ്യങ്ങൾ നിറവേറ്റി സഹായിക്കൽ

4. വൃദ്ധരായ മാതാപിതാക്കളോടു നിർദയരായിരിക്കാൻ യഹൂദ മതപാരമ്പര്യം പ്രോത്സാഹിപ്പിച്ചതെങ്ങനെ?

4 ഒരുവന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ അവരുടെ ഭൗതിക ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതും ഉൾപ്പെട്ടേക്കുമോ? ഉവ്വ്‌. പലപ്പോഴും അതും ഉൾപ്പെടുന്നുണ്ട്‌. യേശുവിന്റെ നാളിലെ യഹൂദ മതനേതാക്കന്മാർ, ഒരു വ്യക്തി തന്റെ ധനമോ സമ്പത്തോ “ദൈവത്തിന്‌ അർപ്പിച്ച ഒരു വഴിപാട്‌” ആയി പ്രഖ്യാപിച്ചാൽപ്പിന്നെ അയാൾ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി അത്‌ ഉപയോഗിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നു മുക്തനായെന്ന പാരമ്പര്യം ഉയർത്തിപ്പിടിച്ചിരുന്നു. (മത്തായി 15:3-6, NW) എത്ര നിർദയം! വാസ്‌തവത്തിൽ, തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കാനും അവരുടെ ആവശ്യങ്ങളെ സ്വാർഥമായി നിഷേധിച്ചുകൊണ്ട്‌ അവരോടു വെറുപ്പോടെ ഇടപെടാനും ആയിരുന്നു ആ മതനേതാക്കന്മാർ ആളുകളെ പ്രോത്സാഹിപ്പിച്ചത്‌. അങ്ങനെ ചെയ്യാൻ നാം ഒരിക്കലും ആഗ്രഹിക്കില്ല!—ആവർത്തനപുസ്‌തകം 27:16.

5. ചില രാജ്യങ്ങളിൽ ഗവൺമെൻറുകളുടെ കരുതലുകൾ ഉണ്ടെങ്കിലും, ഒരുവന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ ചിലപ്പോഴെല്ലാം സാമ്പത്തിക സഹായം നൽകുന്നത്‌ ഉൾപ്പെടുന്നത്‌ എന്തുകൊണ്ട്‌?

5 ഇന്ന്‌ അനേകം രാജ്യങ്ങളിലും ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിങ്ങനെ വൃദ്ധരുടെ ഭൗതിക ആവശ്യങ്ങളിൽ ചിലതിനുവേണ്ടി കരുതുന്ന, ഗവൺമെൻറ്‌ വക സാമൂഹികക്ഷേമ പരിപാടികളുണ്ട്‌. അതിനുപുറമേ, തങ്ങളുടെ വാർധക്യകാലത്തേക്കുവേണ്ടി ചില വിഭവങ്ങൾ മാറ്റിവെക്കാൻ വൃദ്ധർക്കും കഴിഞ്ഞിട്ടുണ്ടാവാം. എന്നാൽ ഈ വിഭവങ്ങൾ തീർന്നുവെന്നോ അപര്യാപ്‌തമെന്നോ കണ്ടാൽ, മാതാപിതാക്കളെ ബഹുമാനിക്കുന്ന മക്കൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്കാവുന്നതെല്ലാം ചെയ്‌തുകൊടുക്കും. വാസ്‌തവത്തിൽ, മാതാപിതാക്കളെ പരിപാലിക്കുന്നത്‌ ദൈവിക ഭക്തിയുണ്ടെന്നതിനുള്ള, അതായത്‌ കുടുംബക്രമീകരണത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തോട്‌ ഒരുവനു ഭക്തിയുണ്ടെന്നതിനുള്ള, തെളിവാണ്‌.

സ്‌നേഹവും ആത്മത്യാഗവും

6. തങ്ങളുടെ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ ചിലർ ചെയ്‌തിരിക്കുന്ന സജീവ ക്രമീകരണങ്ങളേവ?

6 പ്രായപൂർത്തിയെത്തിയ അനേകം മക്കളും രോഗികളായ മാതാപിതാക്കളുടെ ആവശ്യങ്ങൾ സ്‌നേഹത്തോടും ആത്മത്യാഗത്തോടുംകൂടെ നിറവേറ്റിക്കൊടുത്തിട്ടുണ്ട്‌. ചിലർ മാതാപിതാക്കളെ തങ്ങളുടെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു, അല്ലെങ്കിൽ അവരുടെ അടുത്തേക്കു മാറിത്താമസിച്ചിരിക്കുന്നു. ചിലർ മാതാപിതാക്കളോടൊപ്പം താമസിച്ചിരിക്കുന്നു. പലപ്പോഴും, അത്തരം ക്രമീകരണങ്ങൾ ഇരുകൂട്ടർക്കും, മാതാപിതാക്കൾക്കും മക്കൾക്കും അനുഗ്രഹമാണെന്നു തെളിഞ്ഞിട്ടുണ്ട്‌.

7. വൃദ്ധരായ മാതാപിതാക്കളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കുന്നതു നല്ലതല്ലാത്തത്‌ എന്തുകൊണ്ട്‌?

7 ചിലപ്പോഴെല്ലാം, അത്തരം നീക്കങ്ങൾക്കു നല്ല ഫലമുണ്ടാകാറില്ല. എന്തുകൊണ്ട്‌? ഒരുപക്ഷേ തിടുക്കത്തിലോ കേവലം വികാരങ്ങളുടെ പുറത്തോ തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ടാവാം. “സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു”വെന്നു ബൈബിൾ ജ്ഞാനപൂർവം ബുദ്ധ്യുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 14:15) ഉദാഹരണത്തിന്‌, നിങ്ങളുടെ മാതാവിനു തനിച്ചു താമസിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും അവർ നിങ്ങളോടൊപ്പം പോരുന്നതു പ്രയോജനകരമാണെന്നും സങ്കൽപ്പിക്കുക. സൂക്ഷ്‌മബുദ്ധിയോടെ നിങ്ങളുടെ നടപടികൾ പരിചിന്തിക്കവേ, നിങ്ങൾ പിൻവരുന്നവ കണക്കിലെടുത്തേക്കാം: മാതാവിന്റെ യഥാർഥ ആവശ്യങ്ങൾ എന്തെല്ലാമാണ്‌? സ്വീകാര്യമായ ഒരു പകരസംവിധാനമെന്ന നിലയിൽ, സ്വകാര്യതലത്തിലോ ഗവൺമെൻറ്‌ തലത്തിലോ സാമൂഹികക്ഷേമ പരിപാടികളുണ്ടോ? മാറിത്താമസിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അവരുടെ ജീവിതം ഏതു വിധങ്ങളിൽ ബാധിക്കപ്പെടും? സുഹൃത്തുക്കളെ വിട്ടിട്ടു പോരേണ്ടിവരുമോ? ഇത്‌ അവരെ വൈകാരികമായി എങ്ങനെ ബാധിക്കും? ഇവയെക്കുറിച്ചെല്ലാം നിങ്ങൾ അവരോടു സംസാരിച്ചിട്ടുണ്ടോ? അത്തരമൊരു സ്ഥലംമാറ്റം നിങ്ങളെയും നിങ്ങളുടെ ഇണയെയും നിങ്ങളുടെ കുട്ടികളെയും എങ്ങനെ ബാധിക്കും? നിങ്ങളുടെ മാതാവിനു പരിപാലനം ആവശ്യമുണ്ടെങ്കിൽ, അത്‌ ആരു കൊടുക്കും? ഉത്തരവാദിത്വം പങ്കുവെക്കാനാവുമോ? ഇതിൽ നേരിട്ട്‌ ഉൾപ്പെടുന്ന എല്ലാവരുമായി നിങ്ങൾ ഇക്കാര്യം ചർച്ചചെയ്‌തിട്ടുണ്ടോ?

8. നിങ്ങളുടെ വൃദ്ധ മാതാപിതാക്കളെ എങ്ങനെ സഹായിക്കണമെന്നു തീരുമാനിക്കുമ്പോൾ, നിങ്ങൾക്ക്‌ ആരുമായി കൂടിയാലോചന ചെയ്യാൻ സാധിച്ചേക്കും?

8 പരിപാലനയ്‌ക്കുള്ള ഉത്തരവാദിത്വം കുടുംബത്തിലെ എല്ലാ മക്കൾക്കുമുള്ളതിനാൽ തീരുമാനങ്ങളെടുക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ടായിരിക്കാൻ ഒരു കുടുംബചർച്ച ഒരുക്കുന്നതു ജ്ഞാനപൂർവകമായിരുന്നേക്കാം. ക്രിസ്‌തീയ സഭയിലെ മൂപ്പന്മാരോടോ സമാന സ്ഥിതിവിശേഷം അഭിമുഖീകരിച്ചിട്ടുള്ള സുഹൃത്തുക്കളോടോ സംസാരിക്കുന്നതും സഹായകമായിരുന്നേക്കാം. “സ്വകാര്യ സംഭാഷണമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്‌” എന്ന്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. “എന്നാൽ ഉപദേഷ്ടാക്കളുടെ ബഹുത്വത്തിൽ കാര്യസാധ്യമുണ്ട്‌.”—സദൃശവാക്യങ്ങൾ 15:22, NW.

സമാനുഭാവവും സഹാനുഭൂതിയും ഉള്ളവരായിരിക്കുക

9, 10. (എ) വാർധക്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, വൃദ്ധരോട്‌ എന്തു പരിഗണന കാണിക്കണം? (ബി) മുതിർന്ന കുട്ടി തന്റെ മാതാപിതാക്കൾക്കുവേണ്ടി എന്തെല്ലാം നടപടികൾ കൈക്കൊണ്ടാലും, അവൻ അവർക്ക്‌ എല്ലായ്‌പോഴും എന്തു കൊടുക്കണം?

9 നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനു സമാനുഭാവവും സഹാനുഭൂതിയും ആവശ്യമാണ്‌. വർഷങ്ങൾ കടന്നുപോകുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ, നടക്കുന്നതും ഭക്ഷിക്കുന്നതും ഓർമിക്കുന്നതുമെല്ലാം പ്രായമായവർക്കു കൂടുതൽക്കൂടുതൽ ദുഷ്‌കരമായിത്തീരാം. അവർക്കു സഹായം ആവശ്യമായിരിക്കാം. പലപ്പോഴും കുട്ടികൾ അമിത സംരക്ഷണബോധത്തോടെ മാർഗനിർദേശങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ജ്ഞാനവും അനുഭവപരിചയവും കൈമുതലാക്കിയ ജീവിതചരിത്രമുള്ള, സ്വന്തം കാര്യങ്ങൾ നോക്കിനടത്തിയിട്ടുള്ള, സ്വന്തമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള പ്രായപൂർത്തിയായവരാണു വൃദ്ധർ. അവരുടെ വ്യക്തിത്വവും ആത്മാഭിമാനവും, മാതാപിതാക്കളും പ്രായപൂർത്തിയെത്തിയവരുമെന്ന അവരുടെ നിലകളെ കേന്ദ്രീകരിച്ചിരുന്നേക്കാം. തങ്ങളുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം മക്കൾക്കു കൈമാറണമെന്നു തോന്നുന്ന മാതാപിതാക്കൾ വിഷാദമഗ്നരോ കോപാകുലരോ ആയിത്തീർന്നേക്കാം. സ്വാതന്ത്ര്യം കവരാനുള്ള ശ്രമങ്ങളെന്നു തങ്ങൾക്കു തോന്നുന്നവയിൽ ചിലർക്ക്‌ അമർഷംതോന്നി അവയെ ചെറുക്കുന്നു.

10 അത്തരം പ്രശ്‌നങ്ങൾക്ക്‌ എളുപ്പത്തിലുള്ള പരിഹാരങ്ങളില്ല, എന്നാൽ സാധിക്കുന്നിടത്തോളം സ്വന്തം കാര്യം നോക്കുന്നതിനും സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതിനും വൃദ്ധരായ മാതാപിതാക്കളെ അനുവദിക്കുന്നതു ദയാവായ്‌പാണ്‌. മാതാപിതാക്കൾക്ക്‌ ഏറ്റവും പ്രയോജനകരമായിരിക്കുന്നത്‌ എന്താണെന്നതു സംബന്ധിച്ച തീരുമാനങ്ങൾ അവരുമായി സംസാരിക്കാതെ എടുക്കുന്നതു ബുദ്ധിയല്ല. അവർക്കു വളരെയധികം പരിമിതികളുണ്ടായിരിക്കാം. എന്നാൽ അവരിൽ അവശേഷിക്കുന്ന സ്വാതന്ത്ര്യം നിലനിർത്താൻ അവരെ അനുവദിക്കുക. നിങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തെ നിങ്ങൾ എത്ര കുറച്ചു നിയന്ത്രിക്കാൻ ശ്രമിക്കുന്നുവോ അത്രയും മെച്ചമായ ബന്ധമായിരിക്കും നിങ്ങൾക്ക്‌ അവരുമായുണ്ടാവുകയെന്നു നിങ്ങൾ മനസ്സിലാക്കും. അവർക്കു മാത്രമല്ല, നിങ്ങൾക്കും ഏറെ സന്തുഷ്ടിതോന്നും. അവരുടെ മെച്ചത്തിനുവേണ്ടി ചില കാര്യങ്ങൾ നിഷ്‌കർഷിക്കുന്നത്‌ അത്യാവശ്യമാണെങ്കിൽക്കൂടി, നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ നിങ്ങൾ കൊടുക്കേണ്ട സംഗതികളുണ്ട്‌—അവർ അർഹിക്കുന്ന അന്തസ്സും ആദരവും. ദൈവവചനം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം.”—ലേവ്യപുസ്‌തകം 19:32.

ശരിയായ മനോഭാവം നിലനിർത്തൽ

11-13. ഒരു മുതിർന്ന കുട്ടിക്കു തന്റെ മാതാപിതാക്കളുമായി കഴിഞ്ഞ കാലത്തു നല്ല ബന്ധമില്ലെങ്കിൽ, അവരുടെ വാർധക്യ വർഷങ്ങളിൽ അവരെ പരിപാലിക്കുന്നതിന്റെ വെല്ലുവിളി അവന്‌ അപ്പോഴും കൈകാര്യം ചെയ്യാവുന്നതെങ്ങനെ?

11 തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ ചിലപ്പോൾ പ്രായപൂർത്തിയെത്തിയ മക്കൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം ആദ്യകാലങ്ങളിൽ അവർക്കു മാതാപിതാക്കളുമായി ഉണ്ടായിരുന്ന ബന്ധം ഉൾപ്പെട്ടതാണ്‌. ഒരുപക്ഷേ, നിങ്ങളുടെ പിതാവു നിർവികാരതയും സ്‌നേഹമില്ലായ്‌മയും കാട്ടിയിരിക്കാം, നിങ്ങളുടെ മാതാവ്‌ അധികാരം കാട്ടുന്നവളും പരുഷമായി ഇടപെടുന്നവളും ആയിരുന്നിരിക്കാം. അവർ, നിങ്ങൾ ആഗ്രഹിച്ചപ്രകാരമുള്ള മാതാപിതാക്കൾ അല്ലാഞ്ഞതിനാൽ നിങ്ങൾക്കിപ്പോഴും നിരാശ, ദേഷ്യം, അല്ലെങ്കിൽ മനോവ്യഥ തോന്നിയേക്കാം. നിങ്ങൾക്ക്‌ അത്തരം വികാരങ്ങളെ മറികടക്കാൻ കഴിയുമോ? *

12 ഫിൻലൻഡിൽ ജനിച്ചുവളർന്ന ബാസ ഇങ്ങനെ വിവരിക്കുന്നു: “എന്റെ രണ്ടാനച്ഛൻ നാസി ജർമനിയിലെ എസ്സ്‌എസ്സ്‌ ഓഫീസർ ആയിരുന്നു. അദ്ദേഹത്തിനു പെട്ടെന്നു ദേഷ്യം വരുമായിരുന്നു, പിന്നെ അദ്ദേഹം അപകടകാരിയായിരുന്നു. എന്റെ കൺമുമ്പിൽവെച്ച്‌ അദ്ദേഹം അമ്മയെ അനേകംതവണ തല്ലിയിട്ടുണ്ട്‌. ഒരിക്കൽ അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടപ്പോൾ, ബെൽട്ട്‌ വീശി അതിന്റെ കൊളുത്തുകൊണ്ട്‌ എന്റെ മുഖത്ത്‌ അടിച്ചു. അടിയുടെ ആഘാതത്താൽ ഞാൻ കട്ടിലിലേക്കു മറിഞ്ഞുവീണു.”

13 എങ്കിലും, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു വേറൊരു വശവുമുണ്ടായിരുന്നു. ബാസ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതേസമയം, വളരെ കഠിനമായി ജോലി ചെയ്‌തിരുന്ന, കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതുന്നതിൽ വീഴ്‌ചവരുത്താതിരുന്ന വ്യക്തി. അദ്ദേഹം എന്നോട്‌ ഒരിക്കലും പിതൃനിർവിശേഷമായ വാത്സല്യം കാട്ടിയിട്ടില്ല. അദ്ദേഹം വൈകാരികമായി മുറിവേറ്റവനായിരുന്നുവെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾത്തന്നെ അമ്മ അദ്ദേഹത്തെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. പിന്നെ വളർന്നത്‌ അടിപിടിക്കാരനായും. യുവാവായിരിക്കേതന്നെ പട്ടാളത്തിൽ ചേർന്നു. ഒരളവുവരെ എനിക്ക്‌ അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ല. എനിക്കു പ്രായമായപ്പോൾ, അദ്ദേഹത്തിന്റെ മരണംവരെ എനിക്കാവുംവിധം ഞാൻ അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിച്ചു. അത്‌ എളുപ്പമായിരുന്നില്ലെങ്കിലും, എന്നെക്കൊണ്ടാവുന്നതു ഞാൻ ചെയ്‌തു. അദ്ദേഹത്തിന്റെ മരണംവരെ, ഞാനൊരു നല്ല പുത്രനായിരിക്കാൻ ശ്രമിച്ചു. അദ്ദേഹം എന്നെ അവ്വണ്ണം അംഗീകരിച്ചുവെന്നാണ്‌ എന്റെ ധാരണ.”

14. വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിൽ പൊന്തിവരുന്നവയുൾപ്പെടെ എല്ലാ സാഹചര്യങ്ങളിലും ബാധകമാകുന്ന തിരുവെഴുത്ത്‌ ഏത്‌?

14 മറ്റുള്ള സംഗതികളിലെന്നപോലെ കുടുംബസ്ഥിതിവിശേഷങ്ങളിലും ഈ ബൈബിൾ ബുദ്ധ്യുപദേശം ബാധകമാണ്‌: “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.”—കൊലൊസ്സ്യർ 3:12, 13.

പരിപാലകർക്കും വേണം പരിപാലനം

15. മാതാപിതാക്കളെ പരിപാലിക്കുന്നതു പലപ്പോഴും ക്ലേശകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 അവശത അനുഭവിക്കുന്ന മാതാവിനെയോ പിതാവിനെയോ പരിപാലിക്കുന്നതു ദുഷ്‌കരമായ വേലയാണ്‌. അതിന്‌ ഒട്ടേറെ ശ്രമവും വളരെ ഉത്തരവാദിത്വവും നീണ്ട മണിക്കൂറുകളും ആവശ്യമാണ്‌. ഏറ്റവും പ്രയാസകരമായ ഭാഗം പലപ്പോഴും വൈകാരികമാണ്‌. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യവും ഓർമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതു നിരീക്ഷിക്കുന്നതു സങ്കടകരമാണ്‌. പോർട്ടറിക്കയിൽനിന്നുള്ള സാൻഡി ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്റെ അമ്മ. അവരെ പരിപാലിക്കുകയെന്നതു വളരെ വേദനാജനകമായിരുന്നു. ആദ്യം അവർ മുടന്തിനടക്കാൻ തുടങ്ങി; പിന്നെ അവർക്ക്‌ ഊന്നുവടി ആവശ്യമായി, തുടർന്നു വാക്കർ, അതു കഴിഞ്ഞപ്പോൾ വീൽചെയറും. പിന്നെ മരണംവരെ അവരുടെ നില ക്രമേണ വഷളായിക്കൊണ്ടിരുന്നു. അവർക്ക്‌ അസ്ഥി അർബുദം പിടിപെട്ടതോടെ നിരന്തരം, രാപകൽ പരിപാലനം ആവശ്യമായിവന്നു. അവരെ കുളിപ്പിക്കുകയും അവർക്ക്‌ ആഹാരം കൊടുക്കുകയും വായിച്ചുകേൾപ്പിക്കുകയുമൊക്കെ ഞങ്ങൾ ചെയ്‌തു. അതു വളരെ വിഷമകരമായിരുന്നു—വിശേഷിച്ചും വൈകാരികമായി. എന്റെ അമ്മ മരിച്ചുകൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ കരഞ്ഞുപോയി, കാരണം ഞാൻ അത്രയ്‌ക്ക്‌ അവരെ സ്‌നേഹിച്ചിരുന്നു.”

16, 17. പരിപാലകൻ സംഗതികളെക്കുറിച്ചു സമനിലയുള്ള ഒരു വീക്ഷണം നിലനിർത്താൻ ഏത്‌ ഉപദേശം സഹായിച്ചേക്കാം?

16 സമാനമായ സാഹചര്യമാണു നിങ്ങളുടേതെങ്കിൽ, അതിനെ നേരിടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ബൈബിൾ വായനയിലൂടെ യഹോവയെ ശ്രദ്ധിക്കുന്നതും പ്രാർഥനയിലൂടെ അവനുമായി സംസാരിക്കുന്നതും നിങ്ങളെ വളരെയധികം സഹായിക്കും. (ഫിലിപ്പിയർ 4:6, 7) ഒരു പ്രായോഗികമായ വിധത്തിൽ, നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നുവെന്നും ആവശ്യത്തിന്‌ ഉറങ്ങുന്നുവെന്നും ഉറപ്പുവരുത്തുക. ഇതു ചെയ്യുന്നതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ പരിപാലിക്കാൻ നിങ്ങൾ വൈകാരികമായും ശാരീരികമായും ഒരു മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ഒരുപക്ഷേ, നിങ്ങൾക്ക്‌ ഇടയ്‌ക്കിടെ ദിനചര്യയിൽനിന്ന്‌ ഒഴിവെടുക്കാവുന്നതാണ്‌. ഒഴിവെടുക്കൽ സാധ്യമല്ലെങ്കിൽപ്പോലും, വിനോദത്തിന്‌ അൽപ്പം സമയം മാറ്റിവെക്കുന്നതു ജ്ഞാനമായിരിക്കും. നിങ്ങൾക്ക്‌ ഒഴിവു കിട്ടുന്നതിനുവേണ്ടി, രോഗിയായ മാതാവിന്റെയോ പിതാവിന്റെയോ അടുക്കൽനിന്നു പരിചരിക്കാൻ നിങ്ങൾക്ക്‌ ആരെയെങ്കിലും ഏർപ്പാടു ചെയ്യാവുന്നതാണ്‌.

17 തങ്ങളെക്കുറിച്ചുതന്നെ ന്യായയുക്തമല്ലാത്ത പ്രതീക്ഷകൾ വച്ചുപുലർത്തുകയെന്നത്‌ പ്രായപൂർത്തിയെത്തിയ പരിപാലകരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയാത്തതിനെക്കുറിച്ചു കുറ്റബോധം തോന്നരുത്‌. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ ഒരു ആതുരാലയത്തിൽ ഏൽപ്പിക്കേണ്ടിവന്നേക്കാം. നിങ്ങൾ ഒരു പരിപാലകനാണെങ്കിൽ, നിങ്ങളെക്കുറിച്ചു ന്യായയുക്തമായ പ്രതീക്ഷകൾ വെക്കുക. നിങ്ങളുടെ മാതാപിതാക്കളുടേതു മാത്രമല്ല, കുട്ടികളുടെയും ഇണയുടെയും നിങ്ങളുടെതന്നെയും ആവശ്യങ്ങൾ സമനിലയിലാക്കണം.

സാധാരണയിൽ കവിഞ്ഞ ശക്തി

18, 19. യഹോവ ഏതു പിന്തുണ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു, അവൻ തന്റെ വാഗ്‌ദാനം പാലിക്കുന്നുവെന്ന്‌ ഏത്‌ അനുഭവം പ്രകടമാക്കുന്നു?

18 വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിൽ ഒരു വ്യക്തിയെ വളരെയധികം സഹായിക്കാനാവുന്ന മാർഗനിർദേശം യഹോവ തന്റെ വചനമായ ബൈബിളിലൂടെ സ്‌നേഹപുരസ്സരം പ്രദാനം ചെയ്യുന്നു. എന്നാൽ അവൻ ഒരേ ഒരു സഹായം മാത്രമല്ല തരുന്നത്‌. ‘യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു,’ നിശ്വസ്‌തതയിൽ സങ്കീർത്തനക്കാരൻ എഴുതി. “അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.” ഏറ്റവും പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിൽപ്പോലും യഹോവ തന്റെ വിശ്വസ്‌തരെ രക്ഷിക്കും, അല്ലെങ്കിൽ കാത്തുസൂക്ഷിക്കും.—സങ്കീർത്തനം 145:18, 19.

19 ഒരു മസ്‌തിഷ്‌ക ആഘാതത്തെത്തുടർന്നു തീർത്തും നിസ്സഹായയായിത്തീർന്ന അമ്മയെ പരിപാലിക്കവേ ഫിലിപ്പീൻസിലെ മർന ഇതു മനസ്സിലാക്കി. “തനിക്കു വേദനിക്കുന്നത്‌ എവിടെയെന്നു പറയാനാവാതെ പ്രിയപ്പെട്ട വ്യക്തി കഷ്ടപ്പെടുന്നതു കാണുന്നതിനെക്കാൾക്കൂടുതൽ നിരാശാജനകമായ യാതൊന്നുമില്ല,” എന്നു മർന എഴുതുന്നു. “അവർ ക്രമേണ മുങ്ങിത്താഴുന്നതു കാണുന്നതു പോലെയായിരുന്നു. എനിക്ക്‌ ഒന്നും ചെയ്യാനാവുമായിരുന്നില്ല. പലപ്പോഴും ഞാൻ മുട്ടുകുത്തി, എത്ര ക്ഷീണിതയാണെന്നു യഹോവയോടു പറയുമായിരുന്നു. തന്റെ കണ്ണുനീർ ഒരു തുരുത്തിയിലാക്കിവെച്ച്‌ തന്നെ ഓർക്കാൻ യഹോവയോട്‌ അഭ്യർഥിച്ച ദാവീദിനെപ്പോലെ ഞാൻ നിലവിളിച്ചു. [സങ്കീർത്തനം 56:8] യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുപോലെ, അവൻ എനിക്ക്‌ ആവശ്യമായ ശക്തി പ്രദാനം ചെയ്‌തു. ‘യഹോവ എനിക്കു തുണയായിരുന്നു.’”—സങ്കീർത്തനം 18:18.

20. തങ്ങൾ പരിപാലിക്കുന്നവർ മരണമടയുന്നെങ്കിൽപ്പോലും, ശുഭാപ്‌തിവിശ്വാസം ഉള്ളവരായിരിക്കാൻ പരിപാലകരെ ഏതു ബൈബിൾ തത്ത്വങ്ങൾ സഹായിക്കും?

20 “സന്തുഷ്ട പരിസമാപ്‌തിയില്ലാത്ത കഥ”യെന്നാണ്‌ വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിനെപ്പറ്റി പറയാറ്‌. പരിപാലനയിൽ ഏറ്റവും നല്ല ശ്രമങ്ങളുണ്ടായിരുന്നാൽപ്പോലും മർനയുടെ അമ്മയെപ്പോലെ, വൃദ്ധർ മരണമടയും. എന്നാൽ മരണം കഥയുടെ അന്ത്യമല്ലെന്നു യഹോവയിൽ ആശ്രയിക്കുന്നവർക്ക്‌ അറിയാം. പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.” (പ്രവൃത്തികൾ 24:15) തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ മരണത്തിൽ നഷ്ടമായിരിക്കുന്നവർ പുനരുത്ഥാന പ്രത്യാശയിലും ദൈവം ഉണ്ടാക്കുന്ന, ‘ഇനി മരണം ഉണ്ടായിരിക്കുകയില്ലാത്ത’ ആഹ്ലാദപൂർണമായ പുതിയ ലോകത്തിലും ആശ്വാസംകൊള്ളുകയാണ്‌.—വെളിപ്പാടു 21:4.

21. വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽനിന്ന്‌ എന്തു സദ്‌ഫലങ്ങൾ ഉളവാകുന്നു?

21 വൃദ്ധരാണെങ്കിൽക്കൂടി, തങ്ങളുടെ മാതാപിതാക്കളോടു ദൈവദാസർക്ക്‌ ആഴമായ പരിഗണനയുണ്ട്‌. (സദൃശവാക്യങ്ങൾ 23:22-24) അവർ അവരെ ബഹുമാനിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ, അവർ നിശ്വസ്‌ത സദൃശവാക്യം പറയുന്നത്‌ അനുഭവിക്കുകയാണ്‌: “നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.” (സദൃശവാക്യങ്ങൾ 23:25) സർവോപരി, തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നവർ യഹോവയാം ദൈവത്തെയും പ്രീതിപ്പെടുത്തുകയും ബഹുമാനിക്കുകയുമാണ്‌.

^ തങ്ങളുടെ അധികാരത്തെയും തങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയും അങ്ങേയറ്റം ദുരുപയോഗിച്ച, കുറ്റകൃത്യമായി വീക്ഷിക്കപ്പെടാവുന്ന കുറ്റമുള്ള മാതാപിതാക്കൾ ഉൾപ്പെട്ട സ്ഥിതിവിശേഷമല്ല ഞങ്ങളിവിടെ ചർച്ചചെയ്യുന്നത്‌.