വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനൊന്ന്‌

നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ

നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ

1. കുടുംബങ്ങളിൽ ഭിന്നിപ്പുണ്ടാക്കിയേക്കാവുന്ന ചില സംഗതികൾ എന്തെല്ലാം?

 സ്‌നേഹവും സഹാനുഭൂതിയും സമാധാനവും ഉള്ള കുടുംബത്തിൽപ്പെട്ടവർ സന്തുഷ്ടരാണ്‌. അത്തരമൊരു കുടുംബമാണു നിങ്ങളുടേതെന്നു പ്രതീക്ഷിക്കട്ടെ. എണ്ണമറ്റ കുടുംബങ്ങൾ ആ വിവരണത്തോട്‌ ഒത്തുവരുന്നില്ലെന്നതും ഏതെങ്കിലും കാരണത്താൽ ഭിന്നിച്ചിരിക്കുകയാണെന്നതും സങ്കടകരംതന്നെ. കുടുംബങ്ങളിൽ ഭിന്നതവരുത്തുന്നത്‌ എന്താണ്‌? ഈ അധ്യായത്തിൽ നാം മൂന്നു സംഗതികൾ ചർച്ചചെയ്യുന്നതായിരിക്കും. ചില കുടുംബങ്ങളിൽ, അംഗങ്ങൾ എല്ലാവരും ഒരേ മതം പിൻപറ്റുന്നില്ല. മറ്റുള്ളവയിൽ, കുട്ടികൾക്ക്‌ ജീവശാസ്‌ത്രപരമായ ഒരേ മാതാപിതാക്കൾ ഇല്ലായിരിക്കും. ഇനി മറ്റു ചില കുടുംബങ്ങളിൽ, അഹോവൃത്തിക്കുള്ള വകതേടുന്നതിനുള്ള കഷ്ടപ്പാടോ കൂടുതൽ ഭൗതികവസ്‌തുക്കൾക്കായുള്ള ആഗ്രഹമോ കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കുന്നതായി കാണുന്നു. എങ്കിലും, ഒരു കുടുംബത്തെ ഭിന്നിപ്പിക്കുന്ന സാഹചര്യങ്ങൾ മറ്റൊന്നിനെ ബാധിക്കണമെന്നില്ല. വ്യത്യാസത്തിന്റെ കാരണമെന്താണ്‌?

2. കുടുംബജീവിതത്തിലെ മാർഗനിർദേശത്തിനായി ചിലർ നോക്കുന്നത്‌ എവിടേക്ക്‌, എന്നാൽ അത്തരം മാർഗനിർദേശത്തിനുള്ള ഏറ്റവും നല്ല ഉറവിടമേത്‌?

2 കാഴ്‌ചപ്പാട്‌ ആണ്‌ ഒരു ഘടകം. മറ്റൊരാളുടെ കാഴ്‌ചപ്പാട്‌ മനസ്സിലാക്കാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ, ഒരു ഏകീകൃത ഭവനം കാത്തുസൂക്ഷിക്കേണ്ടത്‌ എങ്ങനെയെന്നു നിങ്ങൾ വിവേചിക്കാൻ കൂടുതൽ സാധ്യതയുണ്ട്‌. മാർഗനിർദേശത്തിനായുള്ള നിങ്ങളുടെ ഉറവാണു രണ്ടാമത്തെ ഘടകം. അനേകം ആളുകളും സഹപ്രവർത്തകരുടെയോ അയൽക്കാരുടെയോ പത്രപംക്തിയെഴുത്തുകാരുടെയോ മറ്റു മാനുഷിക വഴികാട്ടികളുടെയോ ഉപദേശം പിൻപറ്റുന്നു. എന്നാൽ ചിലരാകട്ടെ, തങ്ങളുടെ സ്ഥിതിവിശേഷത്തെക്കുറിച്ചു ദൈവവചനം പറയുന്നതെന്തെന്നു മനസ്സിലാക്കിയതിനുശേഷം തങ്ങൾ പഠിച്ചതു ബാധകമാക്കിയിരിക്കുന്നു. ഇതു ചെയ്യുന്നത്‌ സമാധാനം നിലനിർത്തുന്നതിന്‌ ഒരു കുടുംബത്തെ സഹായിക്കുന്നതെങ്ങനെ?—2 തിമൊഥെയൊസ്‌ 3:16, 17.

ഭർത്താവിന്റേതു മറ്റൊരു വിശ്വാസമെങ്കിൽ

3. (എ) വ്യത്യസ്‌ത വിശ്വാസത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചു ബൈബിളിന്റെ ബുദ്ധ്യുപദേശം എന്ത്‌? (ബി) ഇണകളിൽ ഒരാൾ വിശ്വാസിയായിരിക്കുകയും മറ്റേയാൾ അല്ലാതിരിക്കുകയുമാണെങ്കിൽ ബാധകമാകുന്ന ഏതാനും അടിസ്ഥാന തത്ത്വങ്ങൾ എന്തെല്ലാം?

3 വ്യത്യസ്‌ത മതവിശ്വാസമുള്ള ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നതിനെതിരെ ബൈബിൾ നമ്മെ ശക്തമായി ബുദ്ധ്യുപദേശിക്കുന്നു. (ആവർത്തനപുസ്‌തകം 7:3, 4; 1 കൊരിന്ത്യർ 7:39) എന്നാൽ നിങ്ങളുടെ വിവാഹത്തിനുശേഷമാകാം നിങ്ങൾ ബൈബിളിൽനിന്നു സത്യം മനസ്സിലാക്കിയത്‌, എന്നാൽ ഭർത്താവ്‌ അങ്ങനെ ചെയ്‌തില്ല. അങ്ങനെയെങ്കിൽ എന്ത്‌? തീർച്ചയായും, വിവാഹപ്രതിജ്ഞകൾ അപ്പോഴും സാധുവാണ്‌. (1 കൊരിന്ത്യർ 7:10) ബൈബിൾ വിവാഹബന്ധത്തിന്റെ സ്ഥിരതയെ ഊന്നിപ്പറയുകയും വിവാഹിതരായ ആളുകൾ ഭിന്നതകളിൽനിന്ന്‌ ഓടിയകലാതെ അവ പരിഹരിക്കുന്നതിനു ശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (എഫെസ്യർ 5:28-31; തീത്തൊസ്‌ 2:4, 5) എന്നാൽ, ബൈബിളിന്റെ മതം ആചരിക്കുന്നതിനെ നിങ്ങളുടെ ഭർത്താവ്‌ ശക്തമായി എതിർക്കുന്നെങ്കിലോ? സഭായോഗങ്ങൾക്കു പോകുന്നതിൽനിന്ന്‌ നിങ്ങളെ അദ്ദേഹം തടയാൻ ശ്രമിച്ചേക്കാം, അല്ലെങ്കിൽ തന്റെ ഭാര്യ മതത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട്‌ വീടുതോറും പോകുന്നതു താൻ ആഗ്രഹിക്കുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞേക്കാം. നിങ്ങൾ എന്തു ചെയ്യും?

4. തന്റെ വിശ്വാസത്തിൽ ഭർത്താവു പങ്കുപറ്റുന്നില്ലെങ്കിൽ, ഭാര്യക്ക്‌ ഏതുവിധത്തിൽ സമാനുഭാവം പ്രകടമാക്കാൻ കഴിയും?

4 ‘എന്തുകൊണ്ടാണ്‌ എന്റെ ഭർത്താവിന്‌ അങ്ങനെ തോന്നുന്നത്‌?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. (സദൃശവാക്യങ്ങൾ 16:20, 23) നിങ്ങൾ ചെയ്യുന്നതെന്തെന്ന്‌ അദ്ദേഹം യഥാർഥത്തിൽ മനസ്സിലാക്കുന്നില്ലെങ്കിൽ, അദ്ദേഹം നിങ്ങളെക്കുറിച്ചു വിഷമിച്ചേക്കാം. അല്ലെങ്കിൽ ബന്ധുക്കൾ പ്രധാനപ്പെട്ടതായി കാണുന്ന ചില ആചാരങ്ങളിൽ നിങ്ങൾ മേലാൽ പങ്കെടുക്കുന്നില്ലാത്തതിനാൽ അദ്ദേഹം ചിലപ്പോൾ അവരുടെ സമ്മർദത്തിൻകീഴിലായിരിക്കാം. “വീട്ടിൽ ഒറ്റപ്പെട്ട്‌, ഞാൻ പരിത്യജിക്കപ്പെട്ടവനായി തോന്നി,” ഒരു ഭർത്താവ്‌ പറഞ്ഞു. ഒരു മതത്തിന്റെ പേരിൽ തനിക്കു ഭാര്യയെ നഷ്ടപ്പെടുകയാണെന്ന്‌ ഈ മനുഷ്യനു തോന്നി. എന്നിട്ടും തനിക്ക്‌ ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നു സമ്മതിക്കാൻ അഹങ്കാരം അയാളെ അനുവദിച്ചില്ല. യഹോവയോടുള്ള സ്‌നേഹത്തിന്റെ അർഥം ഭർത്താവിനോടു മുമ്പുണ്ടായിരുന്നത്രയും സ്‌നേഹം ഇപ്പോൾ ഇല്ല എന്നല്ലെന്ന ഉറപ്പ്‌ നിങ്ങളുടെ ഭർത്താവിനു വേണമായിരിക്കാം. നിങ്ങൾ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക.

5. വ്യത്യസ്‌ത വിശ്വാസം ആചരിക്കുന്ന ഭർത്താവുള്ള ഭാര്യ എന്തു സമനില സൂക്ഷിക്കണം?

5 എന്നിരുന്നാലും, നിങ്ങൾ സ്ഥിതിവിശേഷത്തെ ബുദ്ധിപൂർവകമായി കൈകാര്യം ചെയ്യാൻ പോകുകയാണെങ്കിൽ, ഇതിലും കൂടുതൽ പ്രാധാന്യമുള്ള ഒരു സംഗതി പരിചിന്തിക്കണം. ദൈവവചനം ഭാര്യമാരെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.” (കൊലൊസ്സ്യർ 3:18) അങ്ങനെ, അതു സ്വാതന്ത്ര്യത്തിന്റേതായ ഒരു മനോഭാവത്തിനെതിരെ ജാഗ്രതപ്പെടുത്തുന്നു. അതിലുപരി, “കർത്താവിൽ ഉചിതമാകുംവണ്ണം” എന്നു പറയുകവഴി, ഭർത്താവിനോടുള്ള കീഴ്‌പെടലിൽ കർത്താവിനോടുള്ള കീഴ്‌പെടലും പരിഗണിക്കണമെന്ന്‌ ഈ തിരുവെഴുത്ത്‌ സൂചിപ്പിക്കുന്നു. ഒരു സമനില ഉണ്ടായിരിക്കേണ്ടതുണ്ട്‌.

6. ഒരു ക്രിസ്‌തീയ ഭാര്യ എന്തെല്ലാം തത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം?

6 ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം, സഭായോഗങ്ങൾക്കു ഹാജരാകുന്നതും തന്റെ ബൈബിളധിഷ്‌ഠിത വിശ്വാസം മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതും സത്യാരാധനയുടെ അവഗണിക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട വശങ്ങളാണ്‌. (റോമർ 10:9, 10, 14; എബ്രായർ 10:24, 25) അപ്പോൾ ദൈവത്തിന്റെ ഒരു പ്രത്യേക നിബന്ധന പാലിക്കേണ്ടതില്ലെന്ന്‌ ഒരു മനുഷ്യൻ നിങ്ങളോടു നേരിട്ടു കൽപ്പിക്കുന്നെങ്കിൽ, നിങ്ങൾ എന്തു ചെയ്യും? യേശുക്രിസ്‌തുവിന്റെ അപ്പോസ്‌തലന്മാർ ഇങ്ങനെ പ്രഖ്യാപിച്ചു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29) ജീവിതത്തിലെ അനേകം സ്ഥിതിവിശേഷങ്ങൾക്കു ബാധകമാക്കാവുന്ന ഒരു കീഴ്‌വഴക്കമാണ്‌ അവരുടെ മാതൃക പ്രദാനം ചെയ്യുന്നത്‌. യഹോവയ്‌ക്ക്‌ ഉചിതമായി കൊടുക്കേണ്ട സമ്പൂർണ ഭക്തി കൊടുക്കാൻ അവനോടുള്ള സ്‌നേഹം നിങ്ങളെ പ്രേരിപ്പിക്കുമോ? അതേസമയം, ഭർത്താവിനു സ്വീകാര്യമായ വിധത്തിൽ നിങ്ങൾ ഇതു ചെയ്യാൻ അദ്ദേഹത്തോടുള്ള നിങ്ങളുടെ സ്‌നേഹവും ആദരവും ഇടയാക്കുമോ?—മത്തായി 4:10; 1 യോഹന്നാൻ 5:3.

7. ഒരു ക്രിസ്‌തീയ ഭാര്യക്ക്‌ എന്തു ദൃഢനിശ്ചയം ഉണ്ടായിരിക്കണം?

7 ഇത്‌ എല്ലായ്‌പോഴും സാധ്യമായിരിക്കുകയില്ലെന്നു യേശു സൂചിപ്പിക്കുകയുണ്ടായി. സത്യാരാധനയോടുള്ള എതിർപ്പുമൂലം, ചില കുടുംബങ്ങളിലെ വിശ്വാസികളായ അംഗങ്ങൾക്ക്‌, തങ്ങൾക്കും ശേഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഇടയിൽ ഒരു വാൾ വന്നാലെന്നപോലെ, വിച്ഛേദിക്കപ്പെട്ടിരിക്കുന്നതായി തോന്നുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകി. (മത്തായി 10:34-36) ജപ്പാനിലെ ഒരു സ്‌ത്രീ ഇത്‌ അനുഭവിച്ചു. 11 വർഷത്തോളം ഭർത്താവ്‌ അവളെ എതിർത്തു. അവളോടു പരുക്കനായി ഇടപെട്ട അദ്ദേഹം പലപ്പോഴും അവളെ വീടിനു വെളിയിലാക്കി വീടു പൂട്ടുമായിരുന്നു. എന്നാൽ അവൾ സഹിച്ചുനിന്നു. ക്രിസ്‌തീയ സഭയിലെ സുഹൃത്തുക്കൾ അവളെ സഹായിച്ചു. അവൾ ഇടവിടാതെ പ്രാർഥിക്കുകയും 1 പത്രൊസ്‌ 2:20-ൽനിന്നു കാര്യമായ പ്രോത്സാഹനം നേടുകയും ചെയ്‌തു. ഉറച്ചുനിൽക്കുന്നെങ്കിൽ, ഏതെങ്കിലും ഒരു ദിവസം തന്റെ ഭർത്താവ്‌ യഹോവയെ സേവിക്കുന്നതിൽ തന്നോടൊപ്പം ചേരുമെന്ന്‌ ഈ ക്രിസ്‌തീയ സ്‌ത്രീക്കു ബോധ്യമുണ്ടായിരുന്നു. അദ്ദേഹം അതുതന്നെ ചെയ്‌തു.

8, 9. ഭർത്താവിനു മുമ്പാകെ അനാവശ്യ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത്‌ ഒഴിവാക്കാൻ ഭാര്യ എങ്ങനെ പ്രവർത്തിക്കണം?

8 നിങ്ങളുടെ ഇണയുടെ മനോഭാവത്തെ ബാധിക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന അനേകം പ്രായോഗിക സംഗതികളുണ്ട്‌. ഉദാഹരണത്തിന്‌, ഭർത്താവ്‌ നിങ്ങളുടെ മതത്തെ എതിർക്കുന്നെങ്കിൽ, മറ്റു മേഖലകളിൽ നിങ്ങളെക്കുറിച്ചു പരാതിക്കുള്ള സാധുവായ കാരണങ്ങൾ അദ്ദേഹത്തിന്‌ ഉണ്ടാക്കിക്കൊടുക്കരുത്‌. വീടു വൃത്തിയുള്ളതായി സൂക്ഷിക്കുക. നിങ്ങളുടെ രൂപഭാവത്തിനു ശ്രദ്ധകൊടുക്കുക. സ്‌നേഹപ്രകടനങ്ങളിലും വിലമതിപ്പിലും ഉദാരമതിയായിരിക്കുക. വിമർശിക്കുന്നതിനുപകരം, പിന്തുണയ്‌ക്കുക. ശിരഃസ്ഥാനത്തിനായി നിങ്ങൾ അദ്ദേഹത്തിലേക്കു നോക്കുന്നുവെന്നു പ്രകടമാക്കുക. നിങ്ങളോടു തെറ്റുചെയ്‌തിരിക്കുന്നുവെന്നു തോന്നുന്നെങ്കിൽ, പ്രതികാരം ചെയ്യരുത്‌. (1 പത്രൊസ്‌ 2:21, 23) മാനുഷിക അപൂർണതകളെപ്രതി വിട്ടുവീഴ്‌ച കാട്ടുക, ഒരു തർക്കം പൊന്തിവരുന്നെങ്കിൽ, താഴ്‌മയോടെ ക്ഷമ യാചിക്കാൻ ഒന്നാമതായിരിക്കുക.—എഫെസ്യർ 4:26.

9 നിങ്ങൾ യോഗങ്ങൾക്കു ഹാജരാകുന്നുവെന്നത്‌ അദ്ദേഹത്തിന്റെ ഭക്ഷണം താമസിച്ചുപോകാനുള്ള ഒരു കാരണമായിരിക്കരുത്‌. ചിലപ്പോഴെല്ലാം നിങ്ങളുടെ ഭർത്താവ്‌ വീട്ടിലില്ലാത്ത സമയങ്ങൾ നിങ്ങൾക്കു ക്രിസ്‌തീയ ശുശ്രൂഷയിൽ പങ്കുപറ്റാൻ തിരഞ്ഞെടുക്കാവുന്നതാണ്‌. ഭർത്താവിന്‌ ഇഷ്ടമില്ലെങ്കിൽ, അദ്ദേഹത്തോടു പ്രസംഗിക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുന്നത്‌ ഒരു ക്രിസ്‌തീയ ഭാര്യയെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകമാണ്‌. മറിച്ച്‌, അവൾ പത്രോസ്‌ അപ്പോസ്‌തലന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” (1 പത്രൊസ്‌ 3:1, 2) ക്രിസ്‌തീയ ഭാര്യമാർ ദൈവാത്മാവിന്റെ ഫലങ്ങൾ കൂടുതൽ തികവിൽ പ്രകടമാക്കുന്നതിൽ പുരോഗതി വരുത്തിക്കൊണ്ടിരിക്കും.—ഗലാത്യർ 5:22, 23.

ഭാര്യ ക്രിസ്‌ത്യാനിത്വം ആചരിക്കാത്തവളെങ്കിൽ

10. ഭാര്യയുടെ വിശ്വാസം മറ്റൊന്നാണെങ്കിൽ, വിശ്വാസിയായ ഭർത്താവ്‌ ഭാര്യയോട്‌ ഇടപെടേണ്ടത്‌ എങ്ങനെ?

10 ഭർത്താവ്‌ ക്രിസ്‌ത്യാനിത്വം ആചരിക്കുന്നവനാണ്‌, എന്നാൽ ഭാര്യ അങ്ങനെയല്ലെങ്കിലോ? ബൈബിൾ അത്തരം സ്ഥിതിവിശേഷങ്ങൾക്കുള്ള മാർഗനിർദേശം നൽകുന്നുണ്ട്‌. അത്‌ ഇങ്ങനെ പറയുന്നു: “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്‌താൽ അവളെ ഉപേക്ഷിക്കരുതു.” (1 കൊരിന്ത്യർ 7:12) അതു ഭർത്താക്കന്മാരെ ഇങ്ങനെ അനുശാസിക്കുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിച്ചുകൊണ്ടിരിപ്പിൻ.”—കൊലോസ്യർ 3:19, NW.

11. ഭാര്യ ക്രിസ്‌ത്യാനിത്വം ആചരിക്കുന്നില്ലെങ്കിൽ, ഒരു ഭർത്താവിനു വിവേചന പ്രകടമാക്കാനും ഭാര്യയുടെമേൽ നയപരമായി ശിരഃസ്ഥാനം പ്രയോഗിക്കാനും കഴിയുന്നതെങ്ങനെ?

11 നിങ്ങളുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു വിശ്വാസമുള്ള ഭാര്യയുടെ ഭർത്താവാണു നിങ്ങളെങ്കിൽ, നിങ്ങളുടെ ഭാര്യയോട്‌ ആദരവും അവളുടെ വികാരങ്ങളോടു പരിഗണനയും കാട്ടാൻ വിശേഷാൽ ശ്രദ്ധയുള്ളവനായിരിക്കുക. പ്രായപൂർത്തിയെത്തിയ ഒരു വ്യക്തി എന്നനിലയിൽ, അവളുടെ മതവിശ്വാസങ്ങളോടു നിങ്ങൾ യോജിക്കുന്നില്ലെങ്കിൽപ്പോലും, അവ ആചരിക്കാൻ ഒരളവുവരെയുള്ള സ്വാതന്ത്ര്യം അവൾ അർഹിക്കുന്നുണ്ട്‌. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ അവളോട്‌ ആദ്യമായി സംസാരിക്കുമ്പോൾ, ദീർഘകാലമായി പാലിച്ചുപോന്ന വിശ്വാസങ്ങൾ അവൾ പുതിയതൊന്നിനുവേണ്ടി വിട്ടുകളയുമെന്നു പ്രതീക്ഷിക്കരുത്‌. ദീർഘകാലമായി അവളും കുടുംബവും താലോലിച്ചുപോന്ന ആചാരങ്ങൾ തെറ്റാണെന്നു വെട്ടിത്തുറന്നുപറയുന്നതിനുപകരം, അവളുമായി തിരുവെഴുത്തിൽനിന്നു ക്ഷമയോടെ ന്യായവാദം ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ വളരെയധികം സമയം സഭാപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നതുകൊണ്ട്‌, ഒരുപക്ഷേ താൻ അവഗണിക്കപ്പെടുന്നതായി അവൾക്കു തോന്നുന്നുണ്ടാവാം. യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അവൾ എതിർത്തേക്കാം, എന്നാൽ അതിൽ അന്തർലീനമായിരിക്കുന്ന സന്ദേശം ഇതായിരിക്കാം: “നിങ്ങൾ എനിക്കുവേണ്ടി കുറേക്കൂടെ സമയം ചെലവിടണം!” ക്ഷമയുള്ളവനായിരിക്കുക. നിങ്ങൾ സ്‌നേഹപുരസ്സരമായ പരിഗണന കാട്ടുന്നതുനിമിത്തം ക്രമേണ സത്യാരാധന സ്വീകരിക്കാൻ അവൾ സഹായിക്കപ്പെട്ടേക്കാം.—കൊലൊസ്സ്യർ 3:12-14; 1 പത്രൊസ്‌ 3:8, 9.

കുട്ടികളെ പരിശീലിപ്പിക്കൽ

12. ഭാര്യാഭർത്താക്കന്മാരുടെ വിശ്വാസങ്ങൾ വ്യത്യസ്‌തമാണെങ്കിലും, തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ തിരുവെഴുത്തു തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കപ്പെടണം?

12 ആരാധനയിൽ ഏകീകൃതമല്ലാത്ത ഒരു ഭവനത്തിൽ, കുട്ടികളുടെ മതബോധനം ചിലപ്പോഴെല്ലാം ഒരു പ്രശ്‌നമായിത്തീരാറുണ്ട്‌. എങ്ങനെയാണു തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കേണ്ടത്‌? കുട്ടികളെ പ്രബോധിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം ബൈബിൾ കൊടുക്കുന്നതു പിതാവിനാണെങ്കിലും, മാതാവിനും പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കാനുണ്ട്‌. (സദൃശവാക്യങ്ങൾ 1:8; ഉല്‌പത്തി 18:19-ഉം ആവർത്തനപുസ്‌തകം 11:18, 19-ഉം താരതമ്യം ചെയ്യുക.) പിതാവു ക്രിസ്‌തുവിന്റെ ശിരഃസ്ഥാനം അംഗീകരിക്കുന്നില്ലെങ്കിലും, അദ്ദേഹം അപ്പോഴും കുടുംബനാഥനാണ്‌.

13, 14. കുട്ടികളെ ക്രിസ്‌തീയ യോഗങ്ങൾക്കു കൊണ്ടുപോകുന്നതോ അവരോടൊപ്പം പഠിക്കുന്നതോ ഭർത്താവു വിലക്കുന്നെങ്കിൽ, ഭാര്യക്ക്‌ എന്തു ചെയ്യാൻ കഴിയും?

13 മാതാവു കുട്ടികളെ മതപരമായ കാര്യങ്ങളിൽ പ്രബോധിപ്പിക്കുന്നെങ്കിൽ, അവിശ്വാസികളായ ചില പിതാക്കന്മാർ എതിർക്കാറില്ല. എന്നാൽ മറ്റു ചിലർ എതിർക്കുന്നു. കുട്ടികളെ സഭായോഗങ്ങൾക്കു കൊണ്ടുപോകുന്നത്‌ ഭർത്താവ്‌ അനുവദിക്കാതിരിക്കുകയോ വീട്ടിൽവെച്ച്‌ അവരോടൊത്തു ബൈബിൾ പഠിക്കുന്നത്‌ അദ്ദേഹം വിലക്കുകയോപോലും ചെയ്യുന്നെങ്കിലോ? നിങ്ങൾ പല കടമകൾ സമനിലയിലാക്കേണ്ടതുണ്ട്‌—യഹോവയാം ദൈവത്തോടും ഭർത്താവാം ശിരസ്സിനോടും നിങ്ങളുടെ പ്രിയപ്പെട്ട കുട്ടികളോടുമുള്ള നിങ്ങളുടെ കടമ. ഇവയെല്ലാം നിങ്ങൾക്കെങ്ങനെ ഒരുമിപ്പിക്കാനാവും?

14 തീർച്ചയായും നിങ്ങൾ ഈ കാര്യംസംബന്ധിച്ചു പ്രാർഥിക്കും. (ഫിലിപ്പിയർ 4:6, 7; 1 യോഹന്നാൻ 5:14) എന്നാൽ അവസാനം ഏതു ഗതി പിൻപറ്റണമെന്നു തീരുമാനിക്കുന്നതു നിങ്ങളാണ്‌. ഭർത്താവിന്റെ ശിരഃസ്ഥാനത്തെ നിങ്ങൾ വെല്ലുവിളിക്കുകയല്ലെന്ന്‌ അദ്ദേഹത്തിനു വ്യക്തമാക്കിക്കൊടുത്തുകൊണ്ട്‌ നിങ്ങൾ നയത്തോടെ മുന്നോട്ടുനീങ്ങുന്നെങ്കിൽ, ക്രമേണ അദ്ദേഹത്തിന്റെ എതിർപ്പു കുറഞ്ഞേക്കാം. കുട്ടികളെ യോഗങ്ങൾക്കു കൊണ്ടുപോകുന്നതോ അവരുമായി ഔപചാരിക ബൈബിളധ്യയനം നടത്തുന്നതോ നിങ്ങളുടെ ഭർത്താവു വിലക്കിയാൽത്തന്നെ, അപ്പോഴും നിങ്ങൾക്ക്‌ അവരെ പഠിപ്പിക്കാൻ കഴിയും. നിങ്ങളുടെ ദൈനംദിന സംഭാഷണത്താലും നിങ്ങളുടെ നല്ല മാതൃകയാലും, യഹോവയോടുള്ള സ്‌നേഹം, അവന്റെ വചനത്തിലുള്ള വിശ്വാസം, അവരുടെ പിതാവുൾപ്പെടെ മാതാപിതാക്കളോടുള്ള ആദരവ്‌, മറ്റുള്ള ആളുകളോടുള്ള സ്‌നേഹപുരസ്സരമായ താത്‌പര്യം, മനസ്സാക്ഷിപൂർവകമായ ജോലിശീലങ്ങളോടുള്ള വിലമതിപ്പ്‌ എന്നിവ ഒരളവോളം അവരിൽ ഉൾനടാൻ ശ്രമിക്കുക. അവസാനം, പിതാവു നല്ല ഫലങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ ശ്രമങ്ങളുടെ മൂല്യത്തെ വിലമതിക്കുകയും ചെയ്‌തേക്കാം.—സദൃശവാക്യങ്ങൾ 23:24.

15. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിശ്വാസിയായ പിതാവിന്റെ ഉത്തരവാദിത്വമെന്ത്‌?

15 നിങ്ങൾ വിശ്വാസിയായ ഭർത്താവും, എന്നാൽ ഭാര്യ വിശ്വാസിയുമല്ലെങ്കിൽ, അപ്പോൾ നിങ്ങളുടെ കുട്ടികളെ “യഹോവയുടെ മാനസിക ക്രമവത്‌കരണത്തിലും ശിക്ഷണത്തിലും” വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കണം. (എഫേസ്യർ 6:4, NW) അങ്ങനെ ചെയ്യുമ്പോൾ, തീർച്ചയായും ഭാര്യയോട്‌ ഇടപെടുന്നതിൽ നിങ്ങൾ ദയയും സ്‌നേഹവും ന്യായയുക്തതയും പ്രകടമാക്കണം.

നിങ്ങളുടേതു നിങ്ങളുടെ മാതാപിതാക്കളുടെ മതമല്ലെങ്കിൽ

16, 17. കുട്ടികൾ മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു വിശ്വാസം സ്വീകരിക്കുന്നപക്ഷം അവർ ഓർക്കേണ്ട ബൈബിൾ തത്ത്വങ്ങൾ ഏതെല്ലാം?

16 പ്രായപൂർത്തിയെത്താത്ത കുട്ടികൾപോലും മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്‌തമായ മതവീക്ഷണങ്ങൾ സ്വീകരിക്കുന്നതു മേലാൽ അസാധാരണ സംഗതിയല്ല. നിങ്ങൾ അങ്ങനെ ചെയ്‌തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾക്കായി ബൈബിളിൽ ബുദ്ധ്യുപദേശമുണ്ട്‌.

17 “നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. . . . ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’” എന്നു ദൈവവചനം പറയുന്നു. (എഫെസ്യർ 6:1, 2) മാതാപിതാക്കളോടുള്ള ആരോഗ്യാവഹമായ ആദരവ്‌ അതിലുൾപ്പെടുന്നു. എന്നാൽ, മാതാപിതാക്കളോടുള്ള അനുസരണം പ്രധാനമാണെങ്കിലും, അതു നിർവഹിക്കേണ്ടത്‌ സത്യദൈവത്തോടുള്ള പരിഗണനകൂടാതെയല്ല. ഒരു കുട്ടി തീരുമാനങ്ങളെടുക്കുന്ന പ്രായമെത്തുമ്പോൾ, അവനു തന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു കൂടുതലായ അളവിൽ ഉത്തരവാദിത്വമുണ്ട്‌. ഇതു ലൗകിക നിയമങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ദൈവിക നിയമങ്ങളുടെ കാര്യത്തിലും വിശേഷാൽ സത്യമാണ്‌. “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും,” ബൈബിൾ പ്രസ്‌താവിക്കുന്നു.—റോമർ 14:12.

18, 19. കുട്ടികൾക്കു മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു മതമുണ്ടെങ്കിൽ, തങ്ങളുടെ വിശ്വാസം മെച്ചമായി മനസ്സിലാക്കാൻ മാതാപിതാക്കളെ അവർക്ക്‌ എങ്ങനെ സഹായിക്കാം?

18 നിങ്ങളുടെ വിശ്വാസംനിമിത്തം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുടെ കാഴ്‌ചപ്പാടു മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങൾ ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കി ബാധകമാക്കുന്നതിന്റെ ഫലമായി, നിങ്ങൾ കൂടുതൽ ആദരവുകാട്ടുന്നവനും കൂടുതൽ അനുസരണമുള്ളവനും അവർ നിങ്ങളോട്‌ ആവശ്യപ്പെടുന്ന സംഗതികളിൽ കൂടുതൽ ശുഷ്‌കാന്തിയുള്ളവനും ആയിത്തീരുന്നെങ്കിൽ, അവർ സന്മനസ്സു കാട്ടാൻ സാധ്യതയുണ്ട്‌. എന്നിരുന്നാലും, അവർ വ്യക്തിപരമായി താലോലിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും നിങ്ങൾ തിരസ്‌കരിക്കാൻ നിങ്ങളുടെ പുതുവിശ്വാസം ഇടയാക്കുന്നെങ്കിൽ, അവർ നിങ്ങൾക്കു നൽകാൻ ശ്രമിച്ച ഒരു പൈതൃകത്തെ നിങ്ങൾ വലിച്ചെറിയുകയാണെന്ന്‌ അവർക്കു തോന്നിയേക്കാം. നിങ്ങൾ ചെയ്യുന്ന സംഗതിക്കു നിങ്ങളുടെ സമുദായത്തിൽ ജനപ്രീതിയില്ലെങ്കിൽ, അല്ലെങ്കിൽ ഭൗതികമായി അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങളെ സഹായിക്കുമെന്ന്‌ അവർ വിചാരിക്കുന്ന ഗതികളിൽനിന്ന്‌ അതു നിങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നെങ്കിൽ, നിങ്ങളുടെ ക്ഷേമത്തെക്കുറിച്ചും അവർ ഭയപ്പെട്ടേക്കാം. അഹങ്കാരവും ഒരു പ്രതിബന്ധമായേക്കാം. ഫലത്തിൽ, നിങ്ങൾ ശരിയും അവർ തെറ്റും ആണ്‌ എന്നാണു നിങ്ങൾ പറയുന്നതെന്ന്‌ അവർക്കു തോന്നാം.

19 അതുകൊണ്ട്‌, നിങ്ങളുടെ മാതാപിതാക്കൾ പ്രാദേശിക സഭയിൽനിന്നുള്ള ചില മൂപ്പന്മാരുമായോ പക്വതയുള്ള മറ്റു സാക്ഷികളുമായോ സന്ധിക്കുന്നതിനുള്ള ഏർപ്പാട്‌ എത്രയും വേഗം ചെയ്യുക. ചർച്ചചെയ്യപ്പെടുന്നതു നേരിട്ടു കേൾക്കാനും യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണെന്നു നേരിട്ടു മനസ്സിലാക്കാനും രാജ്യഹാൾ സന്ദർശിക്കാൻ നിങ്ങളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക. അവസാനം, നിങ്ങളുടെ മാതാപിതാക്കളുടെ മനോഭാവത്തിന്‌ അയവു വന്നേക്കാം. മാതാപിതാക്കൾ ശക്തമായി എതിർക്കുകയും ബൈബിൾ സാഹിത്യങ്ങൾ നശിപ്പിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിൽനിന്ന്‌ കുട്ടികളെ വിലക്കുകയും ചെയ്യുമ്പോൾപ്പോലും, മറ്റെവിടെയെങ്കിലുംവെച്ചു വായിക്കാനും സഹക്രിസ്‌ത്യാനികളോടു സംസാരിക്കാനും മറ്റുള്ളവരോട്‌ അനൗപചാരികമായി സാക്ഷീകരിക്കാനും അവരെ സഹായിക്കാനുമുള്ള അവസരങ്ങൾ സാധാരണമായി ലഭ്യമാണ്‌. നിങ്ങൾക്കു യഹോവയോടു പ്രാർഥിക്കാനും കഴിയും. തങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുന്നതിനുമുമ്പ്‌, വീട്ടിൽനിന്നു മാറിത്താമസിക്കാനുള്ള പ്രായമെത്തുന്നതുവരെ ചില യുവപ്രായക്കാർക്കു കാത്തിരിക്കേണ്ടിവരും. വീട്ടിലെ സ്ഥിതിവിശേഷം എന്തുതന്നെയായാലും, “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കാ”ൻ വിസ്‌മരിക്കാതിരിക്കുക. കുടുംബസമാധാനത്തിനു സംഭാവന ചെയ്യുന്നതിൽ നിങ്ങളുടെ പങ്കു നിർവഹിക്കുക. (റോമർ 12:17, 18) എല്ലാറ്റിലുമുപരി, ദൈവവുമായി സമാധാനം പിന്തുടരുക.

രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുന്നതിന്റെ വെല്ലുവിളി

20. തങ്ങളുടെ പിതാവോ മാതാവോ ഒരു രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെങ്കിൽ കുട്ടികൾക്ക്‌ എന്തു വികാരങ്ങൾ ഉണ്ടായേക്കാം?

20 അനേകം കുടുംബങ്ങളിലും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന സ്ഥിതിവിശേഷം മതപരമല്ല, ജീവശാസ്‌ത്രപരമാണ്‌. മാതാപിതാക്കളിൽ ഒരാളുടെ അല്ലെങ്കിൽ ഇരുവരുടെയും മുൻവിവാഹത്തിലെ കുട്ടികൾ ഉൾപ്പെടുന്ന അനേകം ഭവനങ്ങൾ ഇന്നുണ്ട്‌. അത്തരമൊരു കുടുംബത്തിൽ, കുട്ടികൾ അസൂയയും അമർഷവും ഒരുപക്ഷേ ആരോടെല്ലാം വിശ്വസ്‌തത കാട്ടണമെന്ന കാര്യത്തിൽ ആന്തരിക സംഘട്ടനവും അനുഭവിക്കേണ്ടിവന്നേക്കാം. തത്‌ഫലമായി, ഒരു നല്ല പിതാവോ മാതാവോ ആകാനുള്ള രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ ആത്മാർഥമായ ശ്രമങ്ങളെ അവർ നിരാകരിച്ചേക്കാം. രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തെ വിജയപ്രദമാക്കുന്നതിന്‌ എന്തിനു സഹായിക്കാൻ കഴിയും?

സ്വാഭാവിക മാതാവോ പിതാവോ, രണ്ടാനമ്മയോ രണ്ടാനച്ഛനോ ആയാലും, മാർഗനിർദേശത്തിനായി ബൈബിളിൽ ആശ്രയിക്കുക

21. പ്രത്യേക സാഹചര്യങ്ങളാണെങ്കിലും, രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും സഹായത്തിനുവേണ്ടി ബൈബിളിൽ കാണുന്ന തത്ത്വങ്ങളിലേക്കു നോക്കേണ്ടത്‌ എന്തുകൊണ്ട്‌?

21 വിശേഷ സാഹചര്യങ്ങളാണെങ്കിൽക്കൂടി, മറ്റു ഭവനങ്ങളെ വിജയകരമാക്കുന്ന ബൈബിൾ തത്ത്വങ്ങൾ ഇവിടെയും ബാധകമാണെന്നു തിരിച്ചറിയുക. ആ തത്ത്വങ്ങൾ അവഗണിക്കുന്നതു തത്‌കാലത്തേക്ക്‌ ഒരു പ്രശ്‌നത്തിന്‌ അയവു വരുത്തുന്നുവെന്നു തോന്നിക്കുമെങ്കിലും പിന്നീട്‌ അതു തലവേദനയ്‌ക്ക്‌ ഇടയാക്കാനാണു സാധ്യത. (സങ്കീർത്തനം 127:1; സദൃശവാക്യങ്ങൾ 29:15) ജ്ഞാനവും വിവേചനയും—മനസ്സിൽ ദീർഘകാല പ്രയോജനങ്ങളോടെ ദൈവിക തത്ത്വങ്ങൾ ബാധകമാക്കാനുള്ള ജ്ഞാനവും കുടുംബാംഗങ്ങൾ ചില സംഗതികൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ കാരണം തിരിച്ചറിയാനുള്ള വിവേചനയും—നട്ടുവളർത്തുക. സമാനുഭാവവും ആവശ്യമാണ്‌.—സദൃശവാക്യങ്ങൾ 16:21; 24:3; 1 പത്രൊസ്‌ 3:8.

22. രണ്ടാനച്ഛനെയോ രണ്ടാനമ്മയെയോ സ്വീകരിക്കാൻ കുട്ടികൾക്കു പ്രയാസമായി തോന്നാവുന്നത്‌ എന്തുകൊണ്ട്‌?

22 നിങ്ങൾ ഒരു രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെങ്കിൽ, കുടുംബത്തിന്റെ ഒരു സുഹൃത്ത്‌ എന്നനിലയിൽ, ഒരുപക്ഷേ കുട്ടികൾ നിങ്ങളെ സ്വാഗതം ചെയ്‌തിരുന്നതു നിങ്ങൾ അനുസ്‌മരിച്ചേക്കാം. എന്നാൽ നിങ്ങൾ അവരുടെ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയതോടെ അവരുടെ മനോഭാവത്തിനു മാറ്റം വന്നിരിക്കാം. തങ്ങളോടൊപ്പം മേലാൽ പാർക്കുന്നില്ലാത്ത ജന്മമേകിയ പിതാവിനെയോ മാതാവിനെയോ അനുസ്‌മരിച്ചുകൊണ്ട്‌, ഒരുപക്ഷേ കൂടെയില്ലാത്ത പിതാവിനോടോ മാതാവിനോടോ തങ്ങൾക്കുണ്ടായിരുന്ന സ്‌നേഹം നീക്കിക്കളയാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെന്ന ചിന്തയോടെ, ആരോടെല്ലാം വിശ്വസ്‌ത കാട്ടണമെന്ന കാര്യത്തിൽ ഒരു ആന്തരിക സംഘട്ടനവുമായി കുട്ടികൾ പോരാടുകയാവാം. നിങ്ങൾ അവരുടെ പിതാവോ അവരുടെ മാതാവോ അല്ലെന്നു ചിലപ്പോൾ അവർ പരുഷമായി നിങ്ങളെ ഓർപ്പിച്ചേക്കാം. അത്തരം പ്രസ്‌താവനകൾ വ്രണപ്പെടുത്തും. എന്നാലും, “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു.” (സഭാപ്രസംഗി 7:9) കുട്ടികളുടെ വികാരങ്ങൾ കണക്കിലെടുക്കുന്നതിനു വിവേചനയും സമാനുഭാവവും ആവശ്യമാണ്‌.

23. രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ കുട്ടികളുള്ള ഒരു കുടുംബത്തിൽ എങ്ങനെ ശിക്ഷണം കൊടുക്കേണ്ടതാണ്‌?

23 ഒരാൾ ശിക്ഷണം കൊടുക്കുമ്പോൾ ആ ഗുണങ്ങൾ നിർണായകമാണ്‌. നിരന്തര ശിക്ഷണം മർമപ്രധാനമാണ്‌. (സദൃശവാക്യങ്ങൾ 6:20; 13:1) കൂടാതെ, കുട്ടികൾ എല്ലാവരും ഒരുപോലെയല്ലാത്തതിനാൽ, ഓരോരുത്തരുടെയും കാര്യത്തിൽ ശിക്ഷണം വ്യത്യസ്‌തമായിരുന്നേക്കാം. ആരംഭത്തിലെങ്കിലും, ജന്മമേകിയ പിതാവോ മാതാവോ മാതൃ-പിതൃ ധർമത്തിന്റെ ഈ വശം കൈകാര്യം ചെയ്യുന്നതു നല്ലതായിരുന്നേക്കാമെന്നാണു ചില രണ്ടാനച്ഛന്മാർക്കും രണ്ടാനമ്മമാർക്കും തോന്നുന്നത്‌. എന്നിരുന്നാലും, രണ്ടാം ഭാര്യയുടെയോ രണ്ടാം ഭർത്താവിന്റെയോ കുട്ടിയെക്കാൾ സ്വന്തം കുട്ടിയോടു കൂടുതൽ പ്രതിപത്തി കാട്ടാതെ, ശിക്ഷണം സംബന്ധിച്ചു മാതാപിതാക്കൾ രണ്ടുപേർക്കും യോജിപ്പുണ്ടായിരിക്കുന്നതും അതു നടപ്പാക്കുന്നതും അത്യന്താപേക്ഷിതമാണ്‌. (സദൃശവാക്യങ്ങൾ 24:23) അനുസരണം പ്രാധാന്യമുള്ളതാണെങ്കിലും, അപൂർണതയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യേണ്ടതുണ്ട്‌. അമിതമായി പ്രതികരിക്കരുത്‌. സ്‌നേഹത്തിൽ ശിക്ഷണം കൊടുക്കുക.—കൊലൊസ്സ്യർ 3:21.

24. രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിലെ വിപരീത ലിംഗവർഗത്തിൽപ്പെട്ട അംഗങ്ങൾക്കിടയിൽ ധാർമിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തിനു സഹായിക്കാൻ കഴിയും?

24 കുഴപ്പങ്ങൾ ഒഴിവാക്കാൻ കുടുംബചർച്ചകൾക്കു വളരെയധികം ചെയ്യാൻ കഴിയും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിൽ മുഖ്യശ്രദ്ധ കേന്ദ്രീകരിച്ചുനിർത്തുന്നതിനു കുടുംബത്തെ സഹായിക്കാൻ അവയ്‌ക്കു കഴിയും. (ഫിലിപ്പിയർ 1:9-11 താരതമ്യം ചെയ്യുക.) കുടുംബലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കു തനിക്ക്‌ എങ്ങനെ സംഭാവന ചെയ്യാൻ കഴിയുമെന്നു കാണാൻ ഓരോരുത്തരെയും സഹായിക്കുവാനും അവയ്‌ക്കു കഴിയും. കൂടാതെ, തുറന്ന കുടുംബചർച്ചകൾക്കു ധാർമിക പ്രശ്‌നങ്ങൾ ഒഴിവാക്കാനും കഴിയും. രണ്ടാനച്ഛന്റെ അടുക്കലും രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ ആൺമക്കളുണ്ടെങ്കിൽ അവരുടെ അടുക്കലും ആയിരിക്കുമ്പോൾ തങ്ങളുടെ വസ്‌ത്രധാരണവും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്നു പെൺകുട്ടികൾ മനസ്സിലാക്കേണ്ടയാവശ്യമുണ്ട്‌. തങ്ങളുടെ രണ്ടാനമ്മയോടും രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ പുത്രിമാരുണ്ടെങ്കിൽ അവരോടുമുള്ള ഉചിതമായ നടത്ത സംബന്ധിച്ച്‌ ആൺകുട്ടികൾക്കും ബുദ്ധ്യുപദേശം ആവശ്യമുണ്ട്‌.—1 തെസ്സലൊനീക്യർ 4:3-8.

25. രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിൽ സമാധാനം നിലനിർത്താൻ എന്തു ഗുണങ്ങൾക്കു സഹായിക്കാനാവും?

25 രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുന്നതിന്റെ പ്രത്യേക വെല്ലുവിളി നേരിടുമ്പോൾ, ക്ഷമയുള്ളവരായിരിക്കുക. പുതിയ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനു സമയം ആവശ്യമാണ്‌. നിങ്ങൾക്കു ജീവശാസ്‌ത്രപരമായ ബന്ധമില്ലാത്ത കുട്ടികളുടെ സ്‌നേഹവും ആദരവും നേടിയെടുക്കുകയെന്നതു ദുർഘടമായ ഒരു ഉദ്യമമായിരിക്കാവുന്നതാണ്‌. എന്നാൽ അതു സാധ്യമാണ്‌. യഹോവയെ പ്രീതിപ്പെടുത്താനുള്ള ശക്തമായ ഒരു ആഗ്രഹത്തോടൊപ്പം ജ്ഞാനവും വിവേചനയുമുള്ള ഒരു ഹൃദയമാണു രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിലെ സമാധാനത്തിനുള്ള താക്കോൽ. (സദൃശവാക്യങ്ങൾ 16:20) അത്തരം ഗുണങ്ങൾക്കു മറ്റു സാഹചര്യങ്ങളെ നേരിടാനും നിങ്ങളെ സഹായിക്കാൻ കഴിയും.

ഭൗതിക അനുധാവനങ്ങൾ നിങ്ങളുടെ കുടുംബത്തെ ഭിന്നിപ്പിക്കുന്നുവോ?

26. ഭൗതിക വസ്‌തുക്കൾ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾക്കും മനോഭാവങ്ങൾക്കും ഏതുവിധങ്ങളിൽ ഒരു കുടുംബത്തെ ഭിന്നിപ്പിക്കാൻ കഴിയും?

26 ഭൗതിക വസ്‌തുക്കൾ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾക്കും മനോഭാവങ്ങൾക്കും അനേകവിധങ്ങളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കാൻ കഴിയും. പണത്തെക്കുറിച്ചുള്ള തർക്കങ്ങളും ധനികരാകാനുള്ള—അല്ലെങ്കിൽ ചുരുങ്ങിയപക്ഷം കുറച്ചുകൂടി ധനികരാകാനുള്ള—മോഹവും ചില കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു. ഇണകൾ രണ്ടുപേരും ലൗകിക ജോലി ചെയ്യുകയും “എന്റെ പണം, നിന്റെ പണം” എന്നൊരു മനോഭാവം നട്ടുവളർത്തുകയും ചെയ്യുമ്പോൾ ഭിന്നതകൾ ഉടലെടുത്തേക്കാം. വാദപ്രതിവാദങ്ങൾ ഒഴിവാക്കിയാൽത്തന്നെയും, ഇണകൾ രണ്ടുപേരും ജോലി ചെയ്യുമ്പോൾ, പരസ്‌പരം ചെലവഴിക്കാൻ സമയം ലഭിക്കാത്ത പട്ടികയാവും അവർക്കുണ്ടാവുക. വീട്ടിൽ താമസിച്ചു നേടാവുന്നതിലും കൂടുതൽ ധനസമ്പാദനത്തിനുവേണ്ടി ദീർഘകാലത്തോളം—മാസങ്ങളോ വർഷങ്ങളോപോലും—പിതാക്കന്മാർ ഭവനത്തിൽനിന്ന്‌ അകന്നു ജീവിക്കുന്നതു ലോകത്തിൽ വർധിച്ചുവരുന്ന ഒരു പ്രവണതയാണ്‌. ഇതിനു ഗുരുതരമായ പ്രശ്‌നങ്ങളിലേക്കു നയിക്കാൻ കഴിയും.

27. സാമ്പത്തിക സമ്മർദത്തിലായിരിക്കുന്ന ഒരു കുടുംബത്തെ സഹായിക്കാൻ കഴിയുന്ന ഏതാനും തത്ത്വങ്ങളേവ?

27 വ്യത്യസ്‌ത കുടുംബങ്ങൾക്കു വ്യത്യസ്‌ത സമ്മർദങ്ങളും ആവശ്യങ്ങളും നേരിടേണ്ടതുള്ളപ്പോൾ, ഈ സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനു നിയമങ്ങൾ വെക്കാൻ കഴിയില്ല. എന്നാലും ബൈബിൾ ബുദ്ധ്യുപദേശത്തിനു സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്‌, “ഒരുമിച്ചു കൂടിയാലോചന നടത്തുന്ന”തിനാൽ അനാവശ്യ ബുദ്ധിമുട്ടുകൾ ചിലപ്പോൾ ഒഴിവാക്കാൻ കഴിയുമെന്നു സദൃശവാക്യങ്ങൾ 13:10 [NW] സൂചിപ്പിക്കുന്നു. കേവലം സ്വന്തം കാഴ്‌ചപ്പാടു വ്യക്തമാക്കുന്നതല്ല, മറിച്ച്‌ ഉപദേശം തേടുന്നതും മറ്റേ വ്യക്തി പ്രസ്‌തുത സംഗതിയെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കുന്നതുമാണ്‌ ഇതിലുൾപ്പെട്ടിരിക്കുന്നത്‌. കൂടാതെ, യാഥാർഥ്യബോധത്തോടെ ഒരു ബഡ്‌ജറ്റ്‌ തയ്യാറാക്കുന്നതിന്‌ കുടുംബശ്രമങ്ങളെ ഏകീകരിക്കുന്നതിനു സഹായിക്കാനാവും. വിശേഷിച്ചും, കുട്ടികളോ മറ്റ്‌ ആശ്രിതരോ ഉണ്ടായിരിക്കുമ്പോൾ, കൂടുതലായി വരുന്ന ചെലവുകൾ വഹിക്കുന്നതിനായി ചിലപ്പോൾ ഇണകൾ രണ്ടുപേരും വീടിനു വെളിയിൽ—ഒരു പക്ഷേ താത്‌കാലികമായി—ജോലി ചെയ്യുന്നത്‌ അത്യാവശ്യമാണ്‌. ഇങ്ങനെ സംഭവിക്കുമ്പോൾ, ഭാര്യക്കുവേണ്ടി തനിക്കപ്പോഴും സമയമുണ്ടെന്നു ഭർത്താവിനു ഭാര്യക്ക്‌ ഉറപ്പുനൽകാൻ കഴിയും. സാധാരണഗതിയിൽ അവൾ തനിച്ചു ചെയ്‌തേക്കാവുന്ന ചില ജോലികൾ കുട്ടികളോടൊപ്പം ചെയ്‌തുകൊണ്ട്‌ അദ്ദേഹത്തിനു സ്‌നേഹപുരസ്സരം സഹായിക്കാനാവും.—ഫിലിപ്പിയർ 2:1-4.

28. ബാധകമാക്കുന്നെങ്കിൽ, ഏത്‌ ഓർമിപ്പിക്കലുകൾ ഒരു കുടുംബത്തെ ഐക്യത്തിലേക്കു മുന്നേറുന്നതിനു സഹായിക്കും?

28 ഈ വ്യവസ്ഥിതിയിൽ പണം അത്യാവശ്യമാണെങ്കിലും, അതു സന്തുഷ്ടി കൈവരുത്തുന്നില്ലെന്ന്‌ ഓർക്കുക. അതു തീർച്ചയായും ജീവൻ പ്രദാനം ചെയ്യുന്നില്ല. (സഭാപ്രസംഗി 7:12) നിശ്ചയമായും, ഭൗതിക വസ്‌തുക്കൾക്ക്‌ അമിതപ്രാധാന്യം കൊടുക്കുന്നത്‌ ആത്മീയവും ധാർമികവുമായ നാശത്തിനിടയാക്കും. (1 തിമൊഥെയൊസ്‌ 6:9-12) ജീവിതത്തിലെ അത്യാവശ്യ സംഗതികൾ നേടാനുള്ള നമ്മുടെ ശ്രമങ്ങളുടെമേൽ അനുഗ്രഹമുണ്ടാകുമെന്ന ഉറപ്പോടെ, ആദ്യം ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നത്‌ എത്ര മെച്ചമാണ്‌! (മത്തായി 6:25-33; എബ്രായർ 13:5) ആത്മീയ താത്‌പര്യങ്ങൾ ഒന്നാമതു വെക്കുകയും എല്ലാറ്റിനുമുപരി ദൈവവുമായി സമാധാനം പിന്തുടരുകയും ചെയ്യുമ്പോൾ, ഒരുപക്ഷേ ചില സാഹചര്യങ്ങൾ നിമിത്തം ഭിന്നതകളുണ്ടെങ്കിലും, നിങ്ങളുടെ കുടുംബം ഏറ്റവും പ്രധാനപ്പെട്ട വിധങ്ങളിൽ യഥാർഥത്തിൽ ഏകീകൃതമായ ഒന്നായിത്തീരുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.