വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 12

ദൈവ​ത്തോട്‌ എങ്ങനെ അടുത്ത്‌ ചെല്ലാം?

ദൈവ​ത്തോട്‌ എങ്ങനെ അടുത്ത്‌ ചെല്ലാം?

1. എല്ലാ പ്രാർഥ​ന​ക​ളും ദൈവം കേൾക്കു​മോ?

പ്രാർഥ​ന​യിൽ തന്നോട്‌ അടുത്ത്‌ വരാൻ എല്ലാ തരം ആളുക​ളെ​യും ദൈവം ക്ഷണിക്കു​ന്നു. (സങ്കീർത്തനം 65:2) അതിന്റെ അർഥം ദൈവം എല്ലാ പ്രാർഥ​ന​കൾക്കും ചെവി​കൊ​ടു​ക്കു​മെ​ന്നോ അവ സ്വീക​രി​ക്കു​മെ​ന്നോ അല്ല. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യ​യോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റുന്ന ഒരു വ്യക്തി​യു​ടെ പ്രാർഥന ദൈവം കേൾക്കാ​തി​രു​ന്നേ​ക്കാം. (1 പത്രോസ്‌ 3:7) കൂടാതെ, ഇസ്രാ​യേ​ല്യർ വഷളത്തം പ്രവർത്തി​ക്കു​ന്ന​തിൽ തുടർന്ന​പ്പോൾ ദൈവം അവരുടെ പ്രാർഥന കേൾക്കാൻ വിസമ്മ​തി​ച്ചെന്ന കാര്യ​വും ഓർക്കുക. പക്ഷേ, മാനസാ​ന്ത​ര​പ്പെ​ടു​ന്നെ​ങ്കിൽ കടുത്ത പാപി​ക​ളു​ടെ​പോ​ലും പ്രാർഥന ദൈവം കേൾക്കും. അതെ, പ്രാർഥന എന്നത്‌ ആദരണീ​യ​മായ ഒരു പദവി​യാണ്‌.​—യശയ്യ 1:15; 55:7 വായി​ക്കുക.

ദൈവം എല്ലാ പ്രാർഥനകളും കേൾക്കുമോ? എന്ന വീഡിയോ കാണുക

2. നമ്മൾ എങ്ങനെ പ്രാർഥി​ക്കണം?

പ്രാർഥന നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാണ്‌. അതു​കൊണ്ട്‌ നമ്മൾ നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യോ​ടു മാത്രമേ പ്രാർഥി​ക്കാ​വൂ. (മത്തായി 4:10; 6:9) അപൂർണ​രാ​യ​തു​കൊണ്ട്‌ നമ്മൾ പ്രാർഥി​ക്കു​ന്നതു യേശു​വി​ന്റെ നാമത്തി​ലാ​യി​രി​ക്കണം; കാരണം യേശു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിച്ചു. (യോഹ​ന്നാൻ 14:6) കാണാ​പ്പാ​ഠം പഠിച്ച​തോ എഴുതി​യു​ണ്ടാ​ക്കി​യ​തോ ആയ പ്രാർഥ​നകൾ തന്നെയും പിന്നെ​യും ഉരുവി​ടു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ല. നമ്മുടെ പ്രാർഥ​നകൾ ഹൃദയ​ത്തിൽനിന്ന്‌ വരാനാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.​—മത്തായി 6:7; ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക.

മൗനമാ​യി പ്രാർഥി​ക്കു​ന്ന​തു​പോ​ലും നമ്മുടെ സ്രഷ്ടാ​വി​നു കേൾക്കാ​നാ​കും. (1 ശമൂവേൽ 1:12, 13) എല്ലായ്‌പോ​ഴും പ്രാർഥി​ക്കാൻ ദൈവം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. രാവിലെ എഴു​ന്നേൽക്കു​മ്പോ​ഴും രാത്രി​യിൽ കിടക്കു​ന്ന​തി​നു മുമ്പും ഭക്ഷണസ​മ​യ​ത്തും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും ഒക്കെ നമുക്കു പ്രാർഥി​ക്കാ​നാ​കും.​—സങ്കീർത്തനം 55:22; മത്തായി 15:36 വായി​ക്കുക.

3. ക്രിസ്‌ത്യാ​നി​കൾ യോഗ​ങ്ങൾക്കു കൂടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക എന്നത്‌ അത്ര എളുപ്പമല്ല. കാരണം ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലാ​ത്ത​വ​രും ഭൂമി​യിൽ സമാധാ​നം കൊണ്ടു​വ​രു​മെ​ന്നുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നത്തെ പുച്ഛി​ച്ചു​ത​ള്ളു​ന്ന​വ​രും ആയ ആളുകൾക്കി​ട​യി​ലാ​ണു നമ്മൾ താമസി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1, 4; 2 പത്രോസ്‌ 3:3, 13) അതു​കൊ​ണ്ടു​തന്നെ സഹവി​ശ്വാ​സി​ക​ളു​മൊ​ത്തുള്ള പ്രോ​ത്സാ​ഹനം പകരുന്ന സഹവാസം നമുക്ക്‌ ആവശ്യ​മാണ്‌; അവർക്കും അതു കൂടിയേ തീരൂ.​—എബ്രായർ 10:24, 25 വായി​ക്കുക.

ദൈവത്തെ സ്‌നേ​ഹി​ക്കുന്ന ആളുക​ളോ​ടു സഹവസി​ക്കു​ന്നതു ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാൻ നമ്മളെ സഹായി​ക്കും. മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തിൽനി​ന്നു പ്രോ​ത്സാ​ഹനം നേടാ​നുള്ള നല്ല അവസര​മാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളി​ലു​ള്ളത്‌.​—റോമർ 1:11, 12 വായി​ക്കുക.

4. ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നെ​ങ്കിൽ അഥവാ ആഴമായി ചിന്തി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ അടുത്ത്‌ ചെല്ലാ​നാ​കും. ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചും ഉപദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഏകാ​ഗ്ര​മാ​യി ധ്യാനി​ക്കുക. പ്രാർഥ​നാ​നി​ര​ത​മായ അത്തരം ധ്യാനം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തോ​ടും ജ്ഞാന​ത്തോ​ടും ഉള്ളിന്റെ ഉള്ളിൽ വിലമ​തി​പ്പു വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും.​—യോശുവ 1:8; സങ്കീർത്തനം 1:1-3 വായി​ക്കുക.

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യും ആശ്രയി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ മാത്രമേ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാൻ നിങ്ങൾക്കാ​കൂ. വിശ്വാ​സത്തെ ഒരു ചെടി​യോട്‌ ഉപമി​ക്കാ​വു​ന്ന​താണ്‌. ചെടിക്ക്‌ എപ്പോ​ഴും പോഷണം ആവശ്യ​മാണ്‌. അതു​പോ​ലെ നിങ്ങളു​ടെ വിശ്വാ​സ​വും നിരന്തരം പോഷി​പ്പി​ക്ക​പ്പെ​ടണം അല്ലെങ്കിൽ ശക്തമാ​ക്ക​പ്പെ​ടണം. ഒരു കാര്യം എന്തു​കൊണ്ട്‌ വിശ്വ​സി​ക്കു​ന്നെന്ന്‌ ആഴത്തിൽ ചിന്തി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌.​—മത്തായി 4:4; എബ്രായർ 11:1, 6 വായി​ക്കുക.

5. ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലു​ന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു ചിന്തയുണ്ട്‌; വിശ്വാ​സ​ത്തി​നും നിത്യ​ജീ​വന്റെ പ്രത്യാ​ശ​യ്‌ക്കും അപകടം സൃഷ്ടി​ച്ചേ​ക്കാ​വുന്ന എന്തിൽനി​ന്നും അവരെ സംരക്ഷി​ക്കാൻ ദൈവം പ്രാപ്‌ത​നാണ്‌. (സങ്കീർത്തനം 91:1, 2, 7-10) നമ്മുടെ ആരോ​ഗ്യ​വും സന്തോ​ഷ​വും കവർന്നെ​ടു​ക്കുന്ന ജീവി​ത​രീ​തി​ക​ളെ​ക്കു​റിച്ച്‌ ദൈവം മുന്നറി​യി​പ്പു നൽകു​ന്നുണ്ട്‌. ഏറ്റവും നല്ല ജീവി​ത​രീ​തി ഏതാ​ണെന്ന്‌ യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു.​—സങ്കീർത്തനം 73:27, 28; യാക്കോബ്‌ 4:4, 8 വായി​ക്കുക.