വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 90

യേശു ഗൊൽഗോ​ഥ​യിൽവെച്ച്‌ മരിക്കു​ന്നു

യേശു ഗൊൽഗോ​ഥ​യിൽവെച്ച്‌ മരിക്കു​ന്നു

മുഖ്യ​പു​രോ​ഹി​ത​ന്മാർ യേശു​വി​നെ ഗവർണ​റു​ടെ കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി. പീലാ​ത്തൊസ്‌ അവരോ​ടു ചോദി​ച്ചു: ‘ഈ മനുഷ്യന്‌ എതിരെ നിങ്ങൾക്ക്‌ എന്ത്‌ ആരോ​പ​ണ​മാ​ണു​ള്ളത്‌?’ അവർ പറഞ്ഞു: ‘അവൻ ഒരു രാജാ​വാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു!’ പീലാ​ത്തൊസ്‌ യേശു​വി​നോട്‌, ‘നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ’ എന്നു ചോദി​ച്ചു. യേശു പറഞ്ഞു: ‘എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല.’

പിന്നെ പീലാ​ത്തൊസ്‌ യേശു​വി​നെ ഗലീല​യു​ടെ ഭരണാ​ധി​കാ​രി​യായ ഹെരോ​ദി​ന്റെ അടു​ത്തേക്ക്‌ അയച്ചു. യേശു​വിന്‌ എതിരെ എന്തെങ്കി​ലും കുറ്റം കണ്ടുപി​ടി​ക്കാൻ അദ്ദേഹ​ത്തി​നു കഴിയു​മോ എന്ന്‌ അറിയാ​നാ​യി​രു​ന്നു അത്‌. യേശു​വിൽ ഒരു കുറ്റവും കണ്ടുപി​ടി​ക്കാൻ ഹെരോ​ദി​നു കഴിഞ്ഞില്ല. അതു​കൊണ്ട്‌ ഹെരോദ്‌ യേശു​വി​നെ പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌ മടക്കി അയച്ചു. എന്നിട്ട്‌ പീലാ​ത്തൊസ്‌ ജനത്തോ​ടു പറഞ്ഞു: ‘ഇയാൾക്കെ​തി​രെ എന്തെങ്കി​ലും കുറ്റം കണ്ടുപി​ടി​ക്കാൻ ഹെരോ​ദി​നോ എനിക്കോ കഴിഞ്ഞില്ല. ഞാൻ ഇയാളെ വിട്ടയയ്‌ക്കാൻപോ​കു​ക​യാണ്‌.’ അപ്പോൾ ജനക്കൂട്ടം ഇങ്ങനെ ആർത്തു​വി​ളി​ച്ചു: ‘ഇവനെ കൊന്നു​ക​ളയൂ! കൊന്നു​ക​ളയൂ!’ പടയാ​ളി​കൾ യേശു​വി​നെ ചാട്ട​കൊണ്ട്‌ അടിച്ചു, യേശു​വി​ന്റെ മേൽ തുപ്പി, കൈ ചുരുട്ടി ഇടിച്ചു. അവർ യേശു​വി​ന്റെ തലയിൽ ഒരു മുൾക്കി​രീ​ടം വെച്ചിട്ട്‌ കളിയാ​ക്കി​ക്കൊണ്ട്‌, ‘ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!’ എന്നു പറഞ്ഞു. വീണ്ടും പീലാ​ത്തൊസ്‌ ജനത്തോ​ടു പറഞ്ഞു: ‘ഞാൻ ഈ മനുഷ്യ​നിൽ ഒരു തെറ്റും കാണു​ന്നില്ല.’ പക്ഷേ ആളുകൾ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌!’ അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ യേശു​വി​നെ വധിക്കാൻ വിട്ടു​കൊ​ടു​ത്തു.

അവർ യേശു​വി​നെ ഗൊൽഗോഥ എന്ന സ്ഥലത്തേക്കു കൊണ്ടു​പോ​യി സ്‌തം​ഭ​ത്തിൽ തറച്ചിട്ട്‌ അതു നേരെ നിറുത്തി ഉറപ്പിച്ചു. അപ്പോൾ യേശു, ‘പിതാവേ, ഇവർ ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ ഇവർക്ക്‌ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌ ഇവരോ​ടു ക്ഷമി​ക്കേ​ണമേ’ എന്നു പ്രാർഥി​ച്ചു. ആളുകൾ യേശു​വി​നെ കളിയാ​ക്കി​ക്കൊണ്ട്‌, ‘നീ ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ആ സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറങ്ങി വാ! നിന്നെ​ത്തന്നെ രക്ഷിക്കുക’ എന്നു പറഞ്ഞു.

യേശു​വി​ന്റെ അടുത്ത്‌ സ്‌തം​ഭ​ത്തിൽ കിടന്ന കുറ്റവാ​ളി​ക​ളിൽ ഒരാൾ പറഞ്ഞു: ‘അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കണേ.’ യേശു അയാൾക്ക്‌ ഇങ്ങനെ വാക്കു കൊടു​ത്തു: ‘നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.’ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്കൂർ നേരം നാട്ടി​ലെ​ങ്ങും ഇരുട്ടു പരന്നു. യേശു​വി​ന്റെ അമ്മ ഉൾപ്പെടെ ശിഷ്യ​രിൽ ചിലർ സ്‌തം​ഭ​ത്തി​ന്റെ അടുത്തു​തന്നെ നിന്നു. മറിയയെ സ്വന്തം അമ്മയെ​പ്പോ​ലെ നോക്ക​ണ​മെന്നു യേശു യോഹ​ന്നാ​നോ​ടു പറഞ്ഞു.

അവസാനം യേശു പറഞ്ഞു: “എല്ലാം പൂർത്തി​യാ​യി!” എന്നിട്ട്‌ തല കുനിച്ച്‌ അവസാ​നത്തെ ശ്വാസ​മെ​ടു​ത്തു. ആ സമയം അവിടെ ശക്തമായ ഒരു ഭൂകമ്പ​മു​ണ്ടാ​യി. ആലയത്തിൽ വിശു​ദ്ധ​ത്തെ​യും അതിവി​ശു​ദ്ധ​ത്തെ​യും തമ്മിൽ വേർതി​രി​ച്ചി​രുന്ന കട്ടിയുള്ള തിരശ്ശീല, അഥവാ കർട്ടൻ, രണ്ടായി കീറി​പ്പോ​യി. ഒരു സൈനിക ഉദ്യോ​ഗസ്ഥൻ അതു കണ്ടിട്ട്‌, ‘ഇദ്ദേഹം ശരിക്കും ദൈവ​പു​ത്ര​നാ​യി​രു​ന്നു’ എന്നു പറഞ്ഞു.

“ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും അവയെ​ല്ലാം യേശു​വി​ലൂ​ടെ ‘ഉവ്വ്‌’ എന്നായി​രി​ക്കു​ന്നു.”​—2 കൊരി​ന്ത്യർ 1:20