വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും പഠിപ്പി​ക്കാ​നും എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു

യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും പഠിപ്പി​ക്കാ​നും എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു

ഐക്യ​നാ​ടു​ക​ളി​ലെ പെൻസിൽവേ​നി​യ​യി​ലുള്ള ഈസ്റ്റൺ എന്ന സ്ഥലത്താണു ഞാൻ വളർന്നത്‌. ചെറു​പ്പ​ത്തി​ലെ എന്റെ ലക്ഷ്യം​തന്നെ യൂണി​വേ​ഴ്‌സി​റ്റി​യിൽ ചേർന്നു പഠിച്ച്‌ ഒരു നല്ല നിലയിൽ എത്തുക എന്നതാ​യി​രു​ന്നു. പഠിക്കാൻ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു. സയൻസി​ലും കണക്കി​ലും ഒക്കെ നല്ല മാർക്കു​മു​ണ്ടാ​യി​രു​ന്നു. പഠിത്ത​ത്തി​ലെ മികവി​ന്റെ പേരിൽ 1956-ൽ ഒരു പൗരാ​വ​കാശ സംഘട​ന​യിൽനിന്ന്‌ എനിക്ക്‌ 25 ഡോളർ സമ്മാനം കിട്ടി​യി​ട്ടുണ്ട്‌. കറുത്ത​വർഗ​ക്കാ​രായ കുട്ടി​കൾക്കി​ട​യിൽ ഏറ്റവും കൂടുതൽ മാർക്ക്‌ എനിക്കാ​യി​രു​ന്നു. പക്ഷേ എന്റെ ലക്ഷ്യ​മൊ​ക്കെ പിന്നീട്‌ മാറി. എന്തു​കൊ​ണ്ടാ​ണെന്നു ഞാൻ പറയാം.

ഞാൻ യഹോ​വയെ അറിഞ്ഞു

1940-നു ശേഷം എന്റെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻതു​ടങ്ങി. ആ പഠനം ഇടയ്‌ക്കു​വെച്ച്‌ നിന്നു​പോ​യി. പക്ഷേ എന്റെ അമ്മയ്‌ക്ക്‌ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ കിട്ടു​ന്നു​ണ്ടാ​യി​രു​ന്നു. പിന്നെ 1950-ൽ ന്യൂ​യോർക്കിൽവെച്ച്‌ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ ഞങ്ങളുടെ കുടും​ബം പങ്കെടു​ത്തു.

അതുക​ഴിഞ്ഞ്‌ ഉടനെ ലോറൻസ്‌ ജഫ്രീസ്‌ സഹോ​ദരൻ ഞങ്ങളുടെ വീട്ടിൽ വരാൻതു​ടങ്ങി. അദ്ദേഹ​മാ​ണു സത്യം മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചത്‌. ആദ്യ​മൊ​ക്കെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിലപാ​ടു​ക​ളോട്‌ എനിക്ക്‌ ഒട്ടും യോജി​പ്പി​ല്ലാ​യി​രു​ന്നു, രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടാ​തി​രി​ക്കു​ന്ന​തും സൈന്യ​ത്തിൽ ചേരാ​ത്ത​തും ഒക്കെ. ‘അമേരി​ക്ക​യി​ലുള്ള ആരും യുദ്ധത്തി​നു പോകു​ന്നി​ല്ലെ​ങ്കിൽ ശത്രുക്കൾ വന്ന്‌ രാജ്യം പിടി​ച്ച​ട​ക്കി​ല്ലേ’ എന്നു പറഞ്ഞ്‌ ഞാൻ സഹോ​ദ​ര​നോ​ടു തർക്കിച്ചു. പക്ഷേ ജഫ്രീസ്‌ സഹോ​ദരൻ ക്ഷമയോ​ടെ എന്നോട്‌ ഇങ്ങനെ ചോദി​ച്ചു: “അമേരി​ക്ക​യി​ലുള്ള എല്ലാവ​രും യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ അവരെ ആക്രമി​ക്കാൻ ശത്രുക്കൾ വന്നാൽ യഹോവ എന്തു ചെയ്യു​മെന്നാ നിനക്കു തോന്നു​ന്നത്‌?” എന്റെ ഇത്തരം ചോദ്യ​ങ്ങൾക്കുള്ള സഹോ​ദ​രന്റെ മറുപടി കേട്ട​പ്പോൾ എന്റെ ഈ വാദങ്ങൾക്കൊ​ന്നും ഒരു അടിസ്ഥാ​ന​വു​മി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ​യാ​ണു ബൈബിൾ പഠിക്കാൻ എനിക്കു താത്‌പ​ര്യം തോന്നി​യത്‌.

എന്റെ സ്‌നാനം

എന്റെ അമ്മ എടുത്തു​വെ​ച്ചി​രുന്ന വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളൊ​ക്കെ ഞാൻ കുത്തി​യി​രുന്ന്‌ വായി​ക്കാൻതു​ടങ്ങി, മണിക്കൂ​റു​ക​ളോ​ളം. പതി​യെ​പ്പ​തി​യെ ഇതാണു സത്യം എന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ ജഫ്രീസ്‌ സഹോ​ദ​ര​ന്റെ​കൂ​ടെ ബൈബിൾ പഠിക്കാൻ ഞാൻ സമ്മതിച്ചു. മീറ്റി​ങ്ങു​കൾക്കും ഞാൻ സ്ഥിരമാ​യി പോകാൻതു​ടങ്ങി. പഠിക്കുന്ന കാര്യങ്ങൾ ശരിക്കും എന്റെ ഹൃദയ​ത്തി​ലെത്തി. അങ്ങനെ ഞാൻ സന്തോ​ഷ​വാർത്ത​യു​ടെ ഒരു പ്രചാ​ര​ക​നാ​യി. “യഹോ​വ​യു​ടെ ഭയങ്കര​മായ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു” എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ എന്റെ ലക്ഷ്യങ്ങൾക്കു​തന്നെ മാറ്റം വന്നു. (സെഫ. 1:14) യൂണി​വേ​ഴ്‌സി​റ്റി​യിൽ പോയി പഠിക്ക​ണ​മെന്ന ചിന്ത​യൊ​ക്കെ മാറി. ആളുകളെ ബൈബിൾ പഠിക്കാൻ സഹായി​ക്കണം എന്നതായി പിന്നെ എന്റെ ലക്ഷ്യം.

1956 ജൂൺ 13-ന്‌ എന്റെ സ്‌കൂൾവി​ദ്യാ​ഭ്യാ​സം പൂർത്തി​യാ​യി. മൂന്നു ദിവസം കഴിഞ്ഞ്‌ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ ഞാൻ സ്‌നാ​ന​മേറ്റു. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും ജീവിതം സമർപ്പി​ക്കു​മ്പോൾ കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹങ്ങൾ എത്ര വലുതാ​യി​രി​ക്കു​മെന്ന്‌ എനിക്ക്‌ ഒരു ഊഹവു​മി​ല്ലാ​യി​രു​ന്നു.

മുൻനി​ര​സേ​വ​ന​ത്തി​ലൂ​ടെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്നു

സ്‌നാ​ന​മേറ്റ്‌ ആറു മാസം കഴിഞ്ഞ​പ്പോൾ ഞാൻ സാധാരണ മുൻനി​ര​സേ​വനം തുടങ്ങി. 1956 ഡിസംബർ ലക്കം രാജ്യ​ശു​ശ്രൂ​ഷ​യിൽ (ഇംഗ്ലീഷ്‌) “ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാൻ നിങ്ങൾക്കാ​കു​മോ?“ എന്നൊരു ലേഖനം വന്നിരു​ന്നു. അത്‌ എനിക്കും​കൂ​ടെ​യുള്ള ഒരു ക്ഷണമാ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌. സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ആവശ്യ​ത്തി​നു പ്രചാ​രകർ ഇല്ലാത്ത ഒരു സ്ഥലത്ത്‌ പോയി സഹായി​ക്ക​ണ​മെന്ന്‌ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു.—മത്താ. 24:14.

അങ്ങനെ ഞാൻ തെക്കൻ കരോ​ലി​ന​യി​ലെ എജ്‌ഫീൽഡ്‌ എന്ന സ്ഥലത്തേക്കു താമസം മാറി. അവിടത്തെ സഭയിൽ നാലു പ്രചാ​ര​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. ഞാനും​കൂ​ടെ ചെന്ന​പ്പോൾ അത്‌ അഞ്ചായി. ഒരു സഹോ​ദ​രന്റെ വീട്ടി​ലാ​ണു മീറ്റി​ങ്ങു​കൾ നടത്തി​യി​രു​ന്നത്‌. ഓരോ മാസവും ഞാൻ 100 മണിക്കൂർ വയലിൽ പ്രവർത്തി​ക്കു​മാ​യി​രു​ന്നു. സഭയിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. വയൽസേ​വ​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കണം, മീറ്റി​ങ്ങിൽ പരിപാ​ടി​കൾ നടത്തണം അങ്ങനെ​യൊ​ക്കെ. ശരിക്കും പറഞ്ഞാൽ ഞാൻ സഭാ​പ്ര​വർത്ത​ന​ങ്ങ​ളിൽ എത്ര കൂടുതൽ ഉൾപ്പെ​ട്ടോ അത്ര കൂടുതൽ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു.

ഞാൻ താമസി​ക്കു​ന്നി​ട​ത്തു​നിന്ന്‌ കുറച്ച്‌ ദൂരെ ജോൺസ്റ്റൺ എന്നു പറയുന്ന സ്ഥലത്ത്‌ സ്വന്തമാ​യി ബിസി​നെസ്സ്‌ നടത്തുന്ന ഒരു സ്‌ത്രീ​ക്കു ഞാൻ ബൈബിൾപ​ഠനം നടത്തു​ന്നു​ണ്ടാ​യി​രു​ന്നു. അവർ എനിക്ക്‌ ഒരു പാർട്ട്‌-ടൈം ജോലി തന്നു. ആ സമയത്ത്‌ എനിക്ക്‌ അതു ശരിക്കും ആവശ്യ​മാ​യി​രു​ന്നു. അതു മാത്രമല്ല അവരുടെ ഉടമസ്ഥ​ത​യി​ലുള്ള ഒരു ചെറിയ കെട്ടിടം രാജ്യ​ഹാ​ളാ​യി ഉപയോ​ഗി​ക്കാ​നും അവർ സമ്മതിച്ചു.

ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നിൽനിന്ന്‌ ജോളി ജഫ്രീസ്‌ സഹോ​ദരൻ എജ്‌ഫീൽഡി​ലേക്കു വന്നു. എന്നെ ബൈബിൾ പഠിപ്പിച്ച ലോറൻസ്‌ ജഫ്രീസ്‌ സഹോ​ദ​രന്റെ മകനാ​യി​രു​ന്നു അദ്ദേഹം. ഞങ്ങൾ ഒരുമി​ച്ചാ​യി​രു​ന്നു മുൻനി​ര​സേ​വ​ന​വും താമസ​വും ഒക്കെ. ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌ ഒരു സഹോ​ദരൻ തന്ന ചെറിയ ഒരു ട്രെയി​ല​റി​ന്റെ ഉള്ളിലാ​യി​രു​ന്നു.

ആ ഭാഗ​ത്തൊ​ക്കെ പൊതു​വേ കൂലി വളരെ കുറവാ​യി​രു​ന്നു. ഒരു ദിവസം ജോലി ചെയ്‌താൽ രണ്ടോ മൂന്നോ ഡോളറേ കിട്ടു​ക​യു​ള്ളൂ. എനിക്ക്‌ ഓർമ​യുണ്ട്‌, ഒരു ദിവസം എന്റെ കൈയി​ലുള്ള അവസാ​നത്തെ ചില്ലി​ക്കാ​ശും നുള്ളി​പ്പെ​റു​ക്കി കടയിൽനിന്ന്‌ ഭക്ഷണവും വാങ്ങി ഞാൻ പുറ​ത്തേക്ക്‌ ഇറങ്ങു​ക​യാ​യി​രു​ന്നു. ഒരാൾ എന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു, “ജോലി വേണോ” എന്ന്‌. “മണിക്കൂ​റിന്‌ ഒരു ഡോളർവെച്ച്‌ തരാം” എന്നും പറഞ്ഞു. ഒരു കെട്ടി​ട​നിർമാണ സൈറ്റ്‌ വൃത്തി​യാ​ക്കാ​നുള്ള മൂന്നു ദിവസത്തെ ജോലി​യാണ്‌ അദ്ദേഹം തന്നത്‌. എജ്‌ഫീൽഡിൽത്തന്നെ നിൽക്കാൻ യഹോവ എന്നെ സഹായി​ക്കു​ക​യാ​ണെന്ന്‌ എനിക്കു വ്യക്തമാ​യി. സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നി​ട്ടും 1958-ൽ ന്യൂ​യോർക്കിൽവെച്ച്‌ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ എനിക്കു പറ്റി.

ഞങ്ങളുടെ വിവാഹദിവസം

കൺ​വെൻ​ഷ​ന്റെ രണ്ടാം ദിവസം എനിക്ക്‌ ഒരിക്ക​ലും മറക്കാൻ പറ്റാത്ത ഒരു സംഭവ​മു​ണ്ടാ​യി. അന്നാണു ഞാൻ റൂബി വാഡ്‌ലി​ങ്‌ടണെ കണ്ടുമു​ട്ടി​യത്‌. ടെന്നസീ​യി​ലെ ഗാലറ്റിൻ എന്ന സ്ഥലത്തെ ഒരു സാധാരണ മുൻനി​ര​സേ​വി​ക​യാ​യി​രു​ന്നു അവൾ. ഞങ്ങൾക്കു രണ്ടു പേർക്കും മിഷന​റി​സേ​വനം ഇഷ്ടമാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ കൺ​വെൻ​ഷ​നി​ലെ ഗിലെ​യാദ്‌ മീറ്റി​ങ്ങിൽ ഞങ്ങൾ പങ്കെടു​ത്തു. അവി​ടെ​നിന്ന്‌ പോന്ന​ശേഷം ഞങ്ങൾ പരസ്‌പരം കത്തുകൾ എഴുതു​മാ​യി​രു​ന്നു. ഒരിക്കൽ ഗാലറ്റി​നി​ലെ സഭയിൽ പൊതു​പ്ര​സം​ഗം നടത്താൻ എന്നെ ക്ഷണിച്ചു. അന്നാണു ഞാൻ റൂബി​യോ​ടു കല്യാണം കഴിക്കാൻ ആഗ്രഹ​മു​ണ്ടെന്നു പറഞ്ഞത്‌. അതിനു ശേഷം ഞാൻ റൂബി​യു​ടെ സഭയി​ലേക്കു മാറി. 1959-ൽ ഞങ്ങൾ കല്യാണം കഴിച്ചു.

സഭയിൽ പഠിക്കു​ക​യും പഠിപ്പിക്കുകയും ചെയ്യുന്നു

23 വയസ്സു​ള്ള​പ്പോൾ എന്നെ ഗാലറ്റിൻ സഭയുടെ സഭാദാ​സൻ (ഇപ്പോ​ഴത്തെ മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ) ആയി നിയമി​ച്ചു. ചാൾസ്‌ തോംസൺ സഹോ​ദരൻ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യ​പ്പോൾ ആദ്യമാ​യി സന്ദർശി​ച്ചതു ഞങ്ങളുടെ സഭയാണ്‌. അദ്ദേഹം ഒരുപാട്‌ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​നാ​യി​രു​ന്നു. എന്നിട്ടും എന്റെ അടുത്ത്‌ അഭി​പ്രാ​യങ്ങൾ ചോദി​ക്കു​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങൾക്ക്‌ എന്താണ്‌ ആവശ്യ​മെ​ന്നും മറ്റു സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ അതൊക്കെ എങ്ങനെ​യാ​ണു ചെയ്യു​ന്ന​തെ​ന്നും ഒക്കെ. അദ്ദേഹ​ത്തിൽനിന്ന്‌ ഞാൻ പഠിച്ച ഒരു കാര്യം ഇതാണ്‌: ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തും എല്ലാ വിവര​ങ്ങ​ളും മനസ്സി​ലാ​ക്കു​ന്ന​തും വളരെ നല്ലതാണ്‌.

1964 മെയിൽ ന്യൂ​യോർക്കി​ലെ സൗത്ത്‌ ലാൻസി​ങ്ങിൽവെച്ച്‌ നടന്ന രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളിൽ പങ്കെടു​ക്കാൻ എനിക്കു ക്ഷണം കിട്ടി. ഒരു മാസത്തെ ഒരു ക്ലാസാ​യി​രു​ന്നു അത്‌. ആ സ്‌കൂ​ളിൽ പങ്കെടു​ത്ത​പ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ ഇനിയും കൂടുതൽ പഠിക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും ഉള്ള ഒരു പ്രചോ​ദനം എനിക്കു കിട്ടി.

സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യും ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യും പ്രവർത്തിക്കുന്നു

1965 ജനുവ​രി​യിൽ എനിക്കും റൂബി​ക്കും സർക്കിട്ട്‌ വേലയി​ലേക്കു ക്ഷണം കിട്ടി. വളരെ വിശാ​ല​മായ ഒരു സർക്കി​ട്ടി​ലേ​ക്കാ​ണു ഞങ്ങൾക്കു നിയമനം കിട്ടി​യത്‌. ടെന്നസീ​യി​ലെ നോക്‌സ്വിൽ തൊട്ട്‌ വെർജി​നി​യ​യി​ലെ റിച്ച്‌മണ്ട്‌ വരെ നീണ്ടു​കി​ട​ക്കുന്ന ഒരു പ്രദേശം. വടക്കൻ കരോ​ലി​ന​യി​ലെ​യും കെന്റക്കി​യി​ലെ​യും വെസ്റ്റ്‌ വെർജി​നി​യ​യി​ലെ​യും സഭക​ളൊ​ക്കെ ഇതിന്റെ ഭാഗമാ​യി​രു​ന്നു. ആ സമയത്ത്‌ തെക്കേ അമേരി​ക്ക​യിൽ കറുത്ത വർഗക്കാ​രും വെളുത്ത വർഗക്കാ​രും ഒന്നിച്ചു​കൂ​ടാൻ പാടി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ കറുത്ത വർഗക്കാ​രു​ടെ സഭകൾ മാത്ര​മാ​ണു സന്ദർശി​ച്ചി​രു​ന്നത്‌. അവിടത്തെ സഹോ​ദ​ര​ങ്ങ​ളൊ​ക്കെ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. ഞങ്ങൾക്കു​ള്ളതു മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ ഞങ്ങൾ പഠിച്ചു. വർഷങ്ങ​ളാ​യി സർക്കിട്ട്‌ വേല ചെയ്യുന്ന ഒരു സഹോ​ദരൻ എന്നെ പഠിപ്പിച്ച വലി​യൊ​രു പാഠം ഇതാണ്‌: “സഭകളി​ലേക്കു ചെല്ലു​മ്പോൾ അവരുടെ ഒരു ബോസി​നെ​പ്പോ​ലെ പെരു​മാ​റാ​തി​രി​ക്കുക, അവർക്ക്‌ ഒരു സഹോ​ദ​ര​നാ​കുക. അവർ നമ്മളെ അവരുടെ സഹോ​ദ​ര​നാ​യി കണ്ടാൽ നമുക്ക്‌ അവരെ സഹായി​ക്കാൻ പറ്റും.”

ഞങ്ങൾ ഒരു ചെറിയ സഭ സന്ദർശി​ക്കുന്ന സമയത്ത്‌ റൂബിക്ക്‌ അവിടെ ഒരു സ്റ്റഡി കിട്ടി. ഒരു വയസ്സുള്ള ഒരു കുട്ടി​യു​ടെ അമ്മ. ആ സ്റ്റഡി കൈമാ​റാൻ പറ്റിയ ആരും അപ്പോൾ ആ സഭയിൽ ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ റൂബി​തന്നെ കത്തിലൂ​ടെ ആ സ്റ്റഡി തുടർന്നു. ഞങ്ങൾ അടുത്ത തവണ ആ സഭ സന്ദർശി​ച്ച​പ്പോൾ ആ സ്‌ത്രീ എല്ലാ മീറ്റി​ങ്ങു​കൾക്കും വന്നു. പിന്നീട്‌, ആ സഭയി​ലേക്ക്‌ പ്രത്യേക മുൻനി​ര​സേ​വി​ക​മാ​രായ രണ്ടു സഹോ​ദ​രി​മാർ വന്നു. അവർക്ക്‌ ആ സ്റ്റഡി കൈമാ​റി. അധികം താമസി​യാ​തെ ആ സ്‌ത്രീ സ്‌നാ​ന​മേറ്റു. ഏതാണ്ട്‌ 30 വർഷത്തി​നു ശേഷം 1995-ൽ പാറ്റേ​ഴ്‌സൺ ബഥേലിൽവെച്ച്‌ ഒരു പെൺകു​ട്ടി വന്ന്‌ റൂബിയെ പരിച​യ​പ്പെട്ടു. റൂബി സ്റ്റഡി​യെ​ടുത്ത ആ സ്‌ത്രീ​യു​ടെ മകളാ​യി​രു​ന്നു അത്‌. ആ കുട്ടി​യും ഭർത്താ​വും ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 100-ാമത്തെ ക്ലാസിലെ വിദ്യാർഥി​ക​ളാ​യി​രു​ന്നു.

ഞങ്ങളുടെ രണ്ടാമത്തെ സർക്കിട്ട്‌ നിയമനം ഫ്ലോറിഡയിലായിരുന്നു. ആ സമയമാ​യ​പ്പോ​ഴേ​ക്കും ഞങ്ങൾക്ക്‌ ഒരു കാർ ആവശ്യ​മാ​യി​രു​ന്നു. കുറഞ്ഞ വിലയ്‌ക്ക്‌ ഒരു കാർ കിട്ടി. പക്ഷേ ആദ്യത്തെ ആഴ്‌ച​തന്നെ അതിന്റെ എഞ്ചിൻ കേടായി. ഞങ്ങളുടെ കൈയി​ലാ​ണെ​ങ്കിൽ നന്നാക്കാ​നുള്ള പണവു​മില്ല. കാർ നന്നാക്കാൻ അറിയാ​വുന്ന ഒരു സഹോ​ദ​രനെ ഞാൻ വിളി​ച്ചു​നോ​ക്കി. സഹോ​ദരൻ ഒരു പണിക്കാ​രനെ വിട്ട്‌ കാർ ശരിയാ​ക്കി​ത്തന്നു. പക്ഷേ “ഇതിനു കാശൊ​ന്നും വേണ്ടാ” എന്നു പറഞ്ഞ്‌ സഹോ​ദരൻ കൂലി വാങ്ങി​യില്ല. മാത്രമല്ല ഒരു സമ്മാന​മാ​യി ഞങ്ങൾക്കു കുറച്ച്‌ പണം തരുക​യും ചെയ്‌തു. യഹോവ തന്റെ ദാസരെ എങ്ങനെ​യൊ​ക്കെ സഹായി​ക്കും എന്നതിന്റെ നല്ലൊരു ഉദാഹ​ര​ണ​മാ​യി​ട്ടാണ്‌ ഈ സംഭവം എനിക്കു തോന്നി​യി​ട്ടു​ള്ളത്‌. ഞങ്ങളും മറ്റുള്ള​വ​രോട്‌ ഉദാരത കാണി​ക്ക​ണ​മെന്ന്‌ അതു ഞങ്ങളെ പഠിപ്പി​ച്ചു.

സഭകൾ സന്ദർശി​ക്കു​മ്പോൾ സഹോ​ദ​ര​ങ്ങ​ളു​ടെ വീട്ടി​ലാ​യി​രി​ക്കും താമസി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ഒരുപാ​ടു നല്ല കൂട്ടു​കാ​രെ ഞങ്ങൾക്കു കിട്ടി​യി​ട്ടുണ്ട്‌. ഒരു ദിവസം ഞാൻ സഭയെ​ക്കു​റി​ച്ചുള്ള റിപ്പോർട്ട്‌ ടൈപ്പ്‌ ചെയ്യു​ക​യാ​യി​രു​ന്നു. പുറ​ത്തേക്കു പോയ​പ്പോൾ ആ റിപ്പോർട്ട്‌ ടൈപ്പ്‌​റൈ​റ്റ​റിൽത്തന്നെ വെച്ചി​ട്ടാ​ണു പോയത്‌. വൈകിട്ട്‌ തിരി​ച്ചെ​ത്തി​യ​പ്പോൾ പേപ്പറിൽ വേറെ എന്തൊ​ക്കെ​യോ ടൈപ്പ്‌ ചെയ്‌തു​വെ​ച്ചി​രി​ക്കു​ന്നതു കണ്ടു. അവി​ടെ​യുള്ള മൂന്നു വയസ്സു​കാ​രൻ ഒന്നു ടൈപ്പിങ്‌ പഠിക്കാൻ നോക്കി​യതാ. അതും പറഞ്ഞ്‌ കുറെ​ക്കാ​ലം ഞാൻ അവനെ കളിയാ​ക്കു​മാ​യി​രു​ന്നു.

1971-ൽ ന്യൂ​യോർക്ക്‌ സിറ്റി​യി​ലെ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി എനിക്കു നിയമനം കിട്ടി. സത്യം പറഞ്ഞാൽ ഞങ്ങൾ ഞെട്ടി​പ്പോ​യി! ആ നിയമനം കിട്ടു​മ്പോൾ എനിക്കു 34 വയസ്സേ ഉള്ളൂ. അവിടത്തെ കറുത്ത വർഗക്കാ​ര​നായ ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി​രു​ന്നു ഞാൻ. എന്നെ ആ സഹോ​ദ​രങ്ങൾ വളരെ സ്‌നേ​ഹ​ത്തോ​ടെ സ്വീക​രി​ച്ചു.

ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ എന്ന നിലയിൽ എല്ലാ ആഴ്‌ച​യും സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളിൽ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാ​നുള്ള അവസരം എനിക്കു​ണ്ടാ​യി​രു​ന്നു. അതു ഞാൻ ശരിക്കും ആസ്വദി​ച്ചു. അവിടത്തെ മിക്ക സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും എന്നെക്കാൾ അനുഭ​വ​പ​രി​ച​യ​മു​ള്ള​വ​രാ​യി​രു​ന്നു. ഒരാൾ എന്റെ സ്‌നാ​ന​പ്ര​സം​ഗം നടത്തിയ ആളാണ്‌. വേറൊ​രാൾ പിന്നീട്‌ ഭരണസം​ഘാം​ഗ​മായ തിയോ​ഡർ ജാരറ്റ്‌സ്‌ സഹോ​ദ​ര​നാ​യി​രു​ന്നു. അതു കൂടാതെ ബ്രുക്‌ലിൻ ബഥേലിൽ സേവി​ക്കുന്ന ഒത്തിരി സഹോ​ദ​ര​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. ആ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും ബഥേലം​ഗ​ങ്ങ​ളും ഒക്കെ എന്നെ ശരിക്കും പിന്തു​ണച്ചു. എനിക്ക്‌ അതിൽ ഒത്തിരി നന്ദിയുണ്ട്‌. അവരൊ​ക്കെ ദൈവ​വ​ച​ന​ത്തിൽ ആശ്രയി​ക്കു​ക​യും സംഘട​നയെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്ന എത്ര സ്‌നേ​ഹ​മുള്ള ഇടയന്മാ​രാ​ണെന്നു ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു. ആ സഹോ​ദ​ര​ന്മാ​രു​ടെ താഴ്‌മ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യുള്ള എന്റെ നിയമനം കുറച്ചു​കൂ​ടെ എളുപ്പ​മാ​ക്കി.

വീണ്ടും സർക്കിട്ട്‌ വേലയിലേക്ക്‌

1974-ൽ ഭരണസം​ഘം ഡിസ്‌ട്രി​ക്‌റ്റ്‌ വേലയി​ലേക്കു പുതിയ ഒരു കൂട്ടം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ച്ചു. എന്നെ തിരികെ സർക്കിട്ട്‌ വേലയി​ലേക്കു നിയമി​ച്ചു. തെക്കൻ കരോ​ലി​ന​യി​ലാ​യി​രു​ന്നു ഇത്തവണ നിയമനം. ആ സമയമാ​യ​പ്പോ​ഴേ​ക്കും തെക്കേ അമേരി​ക്ക​യി​ലെ കറുത്ത വർഗക്കാ​രു​ടെ​യും വെളുത്ത വർഗക്കാ​രു​ടെ​യും സഭകളും സർക്കി​ട്ടു​ക​ളും ഒക്കെ ഒരുമി​ച്ചാ​ക്കി. സഹോ​ദ​ര​ങ്ങ​ളെ​ല്ലാം അതിന്റെ സന്തോ​ഷ​ത്തി​ലാ​യി​രു​ന്നു.

1976 അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും എന്നെ ജോർജി​യ​യി​ലെ അറ്റ്‌ലാ​ന്റാ​യ്‌ക്കും കൊളം​ബ​സി​നും ഇടയി​ലുള്ള ഒരു സർക്കി​ട്ടി​ലേക്കു നിയമി​ച്ചു. അവി​ടെ​വെ​ച്ചാണ്‌ മറക്കാൻ പറ്റാത്ത ഒരു സംഭവ​മു​ണ്ടാ​യത്‌. കറുത്ത​വർഗ​ക്കാ​രായ ഒരു കുടും​ബം താമസി​ക്കുന്ന വീടിന്‌ അക്രമി​കൾ തീയിട്ടു. ആ വീട്ടിലെ പൊള്ള​ലേറ്റു മരിച്ച അഞ്ചു കുട്ടി​ക​ളു​ടെ ശവസം​സ്‌കാര ശുശ്രൂഷ ഞാനാണു നടത്തി​യത്‌. കുട്ടി​ക​ളു​ടെ അമ്മ പൊള്ള​ലേറ്റ്‌ ആശുപ​ത്രി​യി​ലാ​യി​രു​ന്നു. ആ മാതാ​പി​താ​ക്കളെ ആശ്വസി​പ്പി​ക്കാൻ സഹോ​ദ​രങ്ങൾ കറുത്ത​വ​രെ​ന്നോ വെളു​ത്ത​വ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ ആശുപ​ത്രി​യി​ലേക്ക്‌ ഒഴുകി​യെത്തി. ആ സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേഹം എന്റെ ഹൃദയത്തെ ഒരുപാ​ടു സ്‌പർശി​ച്ചു. ഇതു​പോ​ലെ​യുള്ള സ്‌നേഹം, ജീവി​ത​ത്തിൽ എത്ര വലിയ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും പിടി​ച്ചു​നിൽക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കും.

ബഥേലിൽ സേവി​ച്ചു​കൊണ്ട്‌ പഠിക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്നു

1977-ൽ ഒരു ചെറിയ പ്രോ​ജ​ക്ടിൽ സഹായി​ക്കു​ന്ന​തി​നു​വേണ്ടി ഞങ്ങളെ കുറച്ച്‌ മാസ​ത്തേക്കു ബ്രൂക്‌ലിൻ ബഥേലി​ലേക്കു വിളി​പ്പി​ച്ചു. ആ പ്രോ​ജക്ട്‌ തീരാ​റാ​യ​പ്പോ​ഴേ​ക്കും രണ്ട്‌ ഭരണസം​ഘാം​ഗങ്ങൾ ഞങ്ങളു​മാ​യി സംസാ​രി​ച്ചു. ബഥേലിൽ സ്ഥിരമാ​യി സേവി​ക്കാൻ പറ്റുമോ എന്ന്‌ ഞങ്ങളോ​ടു ചോദി​ച്ചു. ഞങ്ങൾ സന്തോ​ഷ​ത്തോ​ടെ ആ ക്ഷണം സ്വീക​രി​ച്ചു.

24 വർഷം ഞാൻ സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റിൽ സേവിച്ചു. സഹോ​ദ​രങ്ങൾ അറിയി​ക്കുന്ന പല സങ്കീർണ​മായ പ്രശ്‌ന​ങ്ങൾക്കും പരിഹാ​രം കണ്ടുപി​ടി​ക്കുന്ന ഉത്തരവാ​ദി​ത്വ​മാണ്‌ ഈ ഡിപ്പാർട്ടു​മെ​ന്റി​ലുള്ള സഹോ​ദ​ര​ന്മാർക്കു​ള്ളത്‌. ഈ കാലത്തു​ട​നീ​ളം ഭരണസം​ഘം ബൈബിൾ തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിർദേ​ശങ്ങൾ തന്നിട്ടുണ്ട്‌. അതനു​സ​രി​ച്ചാ​ണു സഹോ​ദ​ര​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കു​ന്നത്‌. അതു മാത്രമല്ല സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്കും മൂപ്പന്മാർക്കും പയനി​യർമാർക്കും പരിശീ​ലനം കൊടു​ക്കു​ന്ന​തും ഇതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. ഈ പരിശീ​ലനം ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ ഒരുപാ​ടു പേരെ സഹായി​ച്ചി​ട്ടുണ്ട്‌. അതിന്റെ ഫലമായി യഹോ​വ​യു​ടെ സംഘട​ന​യും ശക്തമായി.

1995 മുതൽ 2018 വരെ ഒരു ലോകാ​സ്ഥാന പ്രതി​നി​ധി അല്ലെങ്കിൽ മുമ്പ്‌ അറിയ​പ്പെ​ട്ടി​രു​ന്ന​ത​നു​സ​രിച്ച്‌ ഒരു മേഖലാ മേൽവി​ചാ​രകൻ എന്ന നിലയിൽ ഞാൻ പല ബ്രാ​ഞ്ചോ​ഫീ​സു​ക​ളും സന്ദർശി​ച്ചു. ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ സഹോ​ദ​ര​ങ്ങ​ളെ​യും ബഥേലം​ഗ​ങ്ങ​ളെ​യും മിഷന​റി​മാ​രെ​യും ഒക്കെ കാണാ​നും, പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവർക്ക്‌ എന്തെങ്കി​ലും ബുദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ങ്കിൽ അവരെ സഹായി​ക്കാ​നും ഒക്കെയാ​ണു പോകു​ന്നത്‌. തിരിച്ച്‌ സഹോ​ദ​ര​ങ്ങ​ളും ഞങ്ങളെ ബലപ്പെ​ടു​ത്താ​റുണ്ട്‌, അവരുടെ അനുഭ​വ​ങ്ങ​ളൊ​ക്കെ പറഞ്ഞു​കൊണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 2000-ത്തിൽ ഞങ്ങൾ റുവാണ്ട ബ്രാഞ്ച്‌ സന്ദർശി​ച്ചു. അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളും ബഥേൽ കുടും​ബ​വും ഒക്കെ 1994-ലെ കൂട്ട​ക്കൊ​ലയെ അതിജീ​വി​ച്ച​തി​നെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ അത്‌ ഞങ്ങളുടെ ഹൃദയത്തെ ശരിക്കും സ്‌പർശി​ച്ചു. എത്ര പേർക്കാ​ണെ​ന്നോ പ്രിയ​പ്പെ​ട്ട​വരെ നഷ്ടമാ​യത്‌! അത്ര​യൊ​ക്കെ സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും ആ സഹോ​ദ​രങ്ങൾ വിശ്വാ​സ​വും പ്രത്യാ​ശ​യും സന്തോ​ഷ​വും ഉള്ളവരാണ്‌.

ഞങ്ങളുടെ 50-ാം വിവാ​ഹ​വാർഷി​ക​ത്തി​ന്റെ അന്ന്‌

ഞങ്ങൾക്കു രണ്ടു പേർക്കും ഇപ്പോൾ 80 വയസ്സു കഴിഞ്ഞു. കഴിഞ്ഞ 20 വർഷമാ​യി ഞാൻ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കു​ക​യാണ്‌. ഞാൻ യൂണി​വേ​ഴ്‌സി​റ്റി​യി​ലൊ​ന്നും പോയി പഠിച്ചി​ട്ടില്ല. പക്ഷേ യഹോ​വ​യിൽനി​ന്നും സംഘട​ന​യിൽനി​ന്നും ഏറ്റവും ഉയർന്ന വിദ്യാ​ഭ്യാ​സം എനിക്കു കിട്ടി. ആളുകൾക്ക്‌ എന്നേക്കും പ്രയോ​ജനം ചെയ്യുന്ന ബൈബിൾസ​ത്യം അവരെ പഠിപ്പി​ക്കാൻ ഈ വിദ്യാ​ഭ്യാ​സം എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. (2 കൊരി. 3:5; 2 തിമൊ. 2:2) ബൈബിൾസ​ത്യം ആളുക​ളു​ടെ ജീവിതം എങ്ങനെ​യാ​ണു മെച്ച​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അവരുടെ സ്രഷ്ടാ​വു​മാ​യി ഒരു ബന്ധം വളർത്തി​യെ​ടു​ക്കാൻ എങ്ങനെ​യാണ്‌ അവരെ സഹായി​ക്കു​ന്ന​തെ​ന്നും ഒക്കെ കാണാൻ എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. (യാക്കോ. 4:8) ഇപ്പോ​ഴും അവസരം കിട്ടു​മ്പോ​ഴൊ​ക്കെ ഞാനും റൂബി​യും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റുണ്ട്‌, യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും ബൈബിൾസ​ത്യ​ങ്ങൾ മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും ഉള്ള അവസരം നന്നായി ഉപയോ​ഗ​പ്പെ​ടു​ത്താൻ. യഹോ​വയെ ആരാധി​ക്കുന്ന ഓരോ​രു​ത്തർക്കും കിട്ടി​യി​രി​ക്കുന്ന എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാ​ണല്ലേ അത്‌!