വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ആരാണ്‌?

ഞാൻ ആരാണ്‌?

യുവജനങ്ങൾ ചോദിക്കുന്നു

ഞാൻ ആരാണ്‌?

തന്റെ അടുക്കലേക്കു വരുന്ന ബ്രാഡിനെ ഉൾക്കിടിലത്തോടെ നോക്കിനിൽക്കുകയാണ്‌ മൈക്കിൾ. അവൻ ഭയന്നതുതന്നെ സംഭവിച്ചു. “മിക്കീ, ഇതൊന്ന്‌ ട്രൈ ചെയ്യുന്നോ?” ബ്രാഡിന്റെ നീട്ടിപ്പിടിച്ച കൈയിൽ ഒരു മാരിഹ്വാന സിഗരറ്റ്‌. അത്‌ വലിച്ചുനോക്കാൻ മൈക്കിളിന്‌ ഒട്ടും ആഗ്രഹമില്ല; പക്ഷേ, അക്കാര്യം തുറന്നുപറയാൻ ഒരു പേടി. ‘താൻ ഒരു ഭീരുവാണെന്ന്‌ അവൻ വിചാരിച്ചാലോ?’ “ഇപ്പോ വേണ്ട, പിന്നൊരിക്കലാകാം,” മൈക്കിൾ ഒരുവിധം പറഞ്ഞൊപ്പിച്ചു.

ബ്രാഡ്‌ വരുന്നതു കണ്ടപ്പോഴേ ജെസീക്കയ്‌ക്ക്‌ കാര്യം മനസ്സിലായി. അവൾ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. “ജെസ്‌, ഇത്‌ ട്രൈ ചെയ്യുന്നോ?” ഒരു മാരിഹ്വാന സിഗരറ്റ്‌ അവളുടെ നേരെ നീട്ടിക്കൊണ്ട്‌ ബ്രാഡ്‌ ചോദിച്ചു. “നോ താങ്ക്‌സ്‌,” ഉറച്ചബോധ്യത്തോടെയാണ്‌ അവൾ അതു പറഞ്ഞത്‌. “മരിക്കുന്നതുവരെ എനിക്ക്‌ ആരോഗ്യത്തോടെ ജീവിക്കണം. അല്ലാ. . . നീ സ്‌മോക്കുചെയ്യുമോ? ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.”

ബ്രാഡിന്റെ പ്രേരണയെ ഇത്ര സമർഥമായി ചെറുക്കാൻ ജെസീക്കയ്‌ക്ക്‌ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌? മൈക്കിളിനില്ലാത്ത ഒന്ന്‌ അവൾക്കുണ്ട്‌. എന്താണത്‌? സ്വന്തമായൊരു ഐഡന്റിറ്റി. നിങ്ങളുടെ പേരെഴുതി ഫോട്ടോ പതിപ്പിച്ച ഒരു കാർഡല്ല അത്‌; മറിച്ച്‌, നിങ്ങൾ ആരാണ്‌, നിങ്ങൾ എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്നതു സംബന്ധിച്ച ഒരു അവബോധം. ആ അവബോധം ഉണ്ടെങ്കിൽ തെറ്റു ചെയ്യാനുള്ള പ്രലോഭനത്തെ ചെറുക്കാൻ നിങ്ങൾക്കാകും. മാത്രമല്ല, നിങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിങ്ങളുടെ കൈയിലായിരിക്കും. എന്നാൽ ഈ ആത്മവിശ്വാസം നേടാൻ എന്താണു വഴി? പിൻവരുന്ന ചോദ്യങ്ങൾ വിശകലനം ചെയ്‌തുകൊണ്ട്‌ നമുക്ക്‌ തുടങ്ങാം.

1 എന്റെ കഴിവുകൾ എന്തൊക്കെയാണ്‌?

അത്‌ തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്‌: നിങ്ങളുടെ കഴിവുകളെക്കുറിച്ചും നിങ്ങൾക്കുള്ള നല്ല ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്‌ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.

ഓർക്കുക: നമുക്ക്‌ എല്ലാവർക്കും എന്തെങ്കിലുമൊക്കെ കഴിവുകളുണ്ട്‌. ചിലർക്ക്‌ നല്ല കലാവാസനയുണ്ട്‌, സംഗീതത്തിൽ പ്രാവീണ്യമുള്ളവരാണ്‌ മറ്റുചിലർ. വേറെചിലർ സ്‌പോർട്‌സിൽ മിടുക്കരായിരിക്കും. റാക്കൽ എന്ന പെൺകുട്ടിക്ക്‌ കാർ നന്നാക്കാൻ നല്ല വശമാണ്‌. * ഏതാണ്ട്‌ 15 വയസ്സുണ്ടായിരുന്നപ്പോഴാണ്‌ തനിക്ക്‌ ഒരു മെക്കാനിക്ക്‌ ആകാനാകുമെന്ന്‌ റാക്കൽ തിരിച്ചറിഞ്ഞത്‌.

ബൈബിൾ ദൃഷ്ടാന്തം: “ഞാൻ വാക്‌ചാതുര്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതുകയുണ്ടായി. (2 കൊരിന്ത്യർ 11:6) തിരുവെഴുത്തുകളെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം മറ്റുള്ളവരുടെ പരിഹാസവും നിന്ദയും മറികടക്കാൻ പൗലോസിനെ സഹായിച്ചു. മറ്റുള്ളവർക്ക്‌ തന്നെക്കുറിച്ച്‌ മതിപ്പില്ലായിരുന്നു എന്നത്‌ അവന്റെ ആത്മവിശ്വാസത്തിന്‌ തെല്ലും മങ്ങലേൽപ്പിച്ചില്ല.—2 കൊരിന്ത്യർ 10:10; 11:5.

സ്വയം വിലയിരുത്തുക. നിങ്ങൾക്കുള്ള ഒരു കഴിവ്‌ താഴെ എഴുതുക.

․․․․․

നിങ്ങൾക്കുള്ള ഒരു നല്ല ഗുണം ചുവടെ എഴുതുക. (ഉദാഹരണത്തിന്‌, മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്‌പര്യമുള്ള വ്യക്തിയാണോ നിങ്ങൾ? ഉദാരമതിയാണോ? ആശ്രയയോഗ്യനാണോ? കൃത്യനിഷ്‌ഠയുള്ളവനാണോ?)

․․․․․

“മറ്റുള്ളവരെ സഹായിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്‌. ഞാൻ തിരക്കിലായിരിക്കുമ്പോഴും ആർക്കെങ്കിലും എന്നോടു സംസാരിക്കണമെന്നു തോന്നിയാൽ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലി നിറുത്തിവെച്ചിട്ടായാലും അവർക്കു പറയാനുള്ളത്‌ ഞാൻ കേൾക്കും.”—ബ്രിയാൻ.

നിങ്ങൾക്കുള്ള ഒരു നല്ല ഗുണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട്‌ തോന്നുന്നെങ്കിൽ, മുതിർന്നതോടെ നിങ്ങളുടെ വീക്ഷണത്തിൽവന്ന എന്തെങ്കിലും മാറ്റത്തെക്കുറിച്ച്‌ എഴുതുക.—“നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌” എന്ന ചതുരത്തിൽ ചില ഉദാഹരണങ്ങൾ കാണാം.

․․․․․

2 എന്റെ കുറവുകൾ എന്തൊക്കെയാണ്‌?

അത്‌ തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്‌: ബലമില്ലാത്ത ഒരു കണ്ണിമതി, ഒരു ചങ്ങലയെ ദുർബലമാക്കാൻ. നിങ്ങളുടെ വ്യക്തിത്വത്തിന്റെ കാര്യത്തിലും അതു സത്യമാണ്‌. നിങ്ങളുടെ കുറവുകളെ വരുതിയിൽ നിറുത്തിയില്ലെങ്കിൽ അതു നിങ്ങളുടെ വ്യക്തിത്വത്തെത്തന്നെ തകർത്തുകളയും.

ഓർക്കുക: ആരും പൂർണരല്ല. (റോമർ 3:23) മാറ്റംവരുത്തണമെന്ന്‌ ആഗ്രഹിക്കുന്ന എന്തെങ്കിലും സ്വഭാവം എല്ലാവരിലും കാണും. “പെട്ടെന്ന്‌ ‘അപ്‌സെറ്റാകുന്ന’ പ്രകൃതമാണ്‌ എന്റേത്‌. ചെറിയൊരു കാര്യം മതി, എന്റെ നിയന്ത്രണം വിട്ടുപോകും. ഞാനെന്താ ഇങ്ങനെ?” സെയ്‌ജ എന്ന പെൺകുട്ടി ചോദിക്കുന്നു.

ബൈബിൾ ദൃഷ്ടാന്തം: തന്റെ കുറവുകളെക്കുറിച്ച്‌ ബോധവാനായിരുന്നു പൗലോസ്‌. അവൻ ഇങ്ങനെ എഴുതി: “എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നു; എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്റെ അവയവങ്ങളിൽ ഞാൻ കാണുന്നു. . . . ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു.”—റോമർ 7:22, 23.

സ്വയം വിലയിരുത്തുക. നിങ്ങൾ പരിഹരിക്കേണ്ട എന്തു കുറവാണ്‌ നിങ്ങൾക്കുള്ളത്‌?

․․․․․

“റൊമാന്റിക്‌ സിനിമകൾ കണ്ടുകഴിഞ്ഞാൽ വല്ലാത്തൊരു നഷ്ടബോധമായിരിക്കും മനസ്സിൽ; എനിക്കും സ്‌നേഹിക്കാൻ ഒരാൾ വേണമെന്ന്‌ മനസ്സ്‌ പറയും. അത്തരത്തിലുള്ള സിനിമകൾ ഒഴിവാക്കുന്നതാണ്‌ നല്ലതെന്ന്‌ ഇപ്പോൾ എനിക്കറിയാം.”—ബ്രിജെറ്റ്‌.

3 എന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്‌?

അത്‌ തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്‌: ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ ജീവിതത്തിന്‌ ഒരു ദിശാബോധം കൈവരും, ജീവിതം അർഥപൂർണമായിരിക്കും. ലക്ഷ്യങ്ങൾ മനസ്സിലുണ്ടെങ്കിൽ അതിൽ എത്തിച്ചേരുന്നതിന്‌ തടസ്സമായിവരുന്ന ആരെയും എന്തിനെയും ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കും.

ഓർക്കുക: ഒരു ടാക്‌സിയിൽ കയറിയിട്ട്‌, ഇന്ധനം തീരുന്നതുവരെ ആ സ്ഥലത്തിനു ചുറ്റും വലംവെക്കാൻ നിങ്ങൾ ഡ്രൈവറോട്‌ ആവശ്യപ്പെടുമോ? അത്‌ നഷ്ടമായിരിക്കുമെന്നു മാത്രമല്ല ശുദ്ധ മണ്ടത്തരവുമായിരിക്കും. ജീവിതത്തിൽ ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ അതായിരിക്കും അവസ്ഥ; നിങ്ങൾ എവിടെയും എത്തില്ല. കാരണം ലക്ഷ്യങ്ങളാണല്ലോ ജീവിതത്തിന്‌ ദിശാബോധം പകരുന്നത്‌.

ബൈബിൾ ദൃഷ്ടാന്തം: “ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്‌” എന്ന്‌ പൗലോസ്‌ ഒരിക്കൽ പറഞ്ഞു. (1 കൊരിന്ത്യർ 9:26) അതെ, ലക്ഷ്യബോധമില്ലാത്ത ജീവിതമായിരുന്നില്ല പൗലോസിന്റേത്‌. അവന്‌ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു; അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്‌തു.—ഫിലിപ്പിയർ 3:12-14.

സ്വയം വിലയിരുത്തുക. അടുത്ത ഒരു വർഷത്തിനുള്ളിൽ നിങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന മൂന്നുലക്ഷ്യങ്ങൾ ചുവടെ എഴുതുക.

1 ․․․․․

2 ․․․․․

3 ․․․․․

ഇതിൽ ഏതു ലക്ഷ്യത്തിനാണ്‌ നിങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നത്‌, ആ ലക്ഷ്യത്തിലെത്താൻ ഇപ്പോൾ എന്തു ചെയ്യാനാകും എന്നും എഴുതുക.

․․․․․

“ഒന്നും ചെയ്യാനില്ലെങ്കിൽ ഞാൻ എവിടെയും എത്തില്ല. അതുകൊണ്ട്‌ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതും അവ നേടിയെടുക്കാൻ ശ്രമിക്കുന്നതും വളരെ പ്രധാനമാണ്‌.”—ഹോസെ.

4 എന്റെ വിശ്വാസങ്ങൾ എന്തൊക്കെയാണ്‌?

അത്‌ തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്‌: വിശ്വാസങ്ങളില്ലെങ്കിൽ ജീവിതത്തിന്‌ ഒരു സ്ഥിരത ഉണ്ടായിരിക്കില്ല; ചുറ്റുപാടിന്‌ അനുസരിച്ച്‌ ഓന്ത്‌ നിറം മാറുന്നതുപോലെ, കൂട്ടുകാരെപ്പോലെ ആയിത്തീരാൻ നിങ്ങൾ നിങ്ങളുടെ സ്വഭാവം മാറ്റിക്കൊണ്ടിരിക്കും. നിങ്ങൾക്ക്‌ സ്വന്തമായൊരു വ്യക്തിത്വമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായിരിക്കും അത്‌.

ഓർക്കുക: ‘നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയാൻ’ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:2) നിങ്ങളുടെ പ്രവൃത്തികൾ വിശ്വാസത്തിന്‌ ചേർച്ചയിലാണെങ്കിൽ, ആരുടെ മുമ്പിലും നിങ്ങൾക്ക്‌ വ്യക്തിത്വം അടിയറവുവെക്കേണ്ടിവരില്ല, മറ്റുള്ളവർ എന്തുതന്നെ ചെയ്‌താലും.

ബൈബിൾ ദൃഷ്ടാന്തം: കുടുംബാംഗങ്ങളിൽനിന്നും സഹവിശ്വാസികളിൽനിന്നും ഒക്കെ അകലെയായിരുന്നപ്പോൾപ്പോലും യുവാവായ ദാനീയേൽ പ്രവാചകൻ ദൈവിക നിയമങ്ങൾ അനുസരിച്ച്‌ ജീവിക്കാൻ “ഹൃദയത്തിൽ നിശ്ചയിച്ചു.” (ദാനീയേൽ 1:8) തന്റെ വിശ്വാസങ്ങൾക്കു ചേർച്ചയിൽ ജീവിച്ചതുകൊണ്ട്‌ ദാനീയേലിന്‌ തന്റെ വ്യക്തിത്വം കൈമോശം വന്നില്ല.

സ്വയം വിലയിരുത്തുക. നിങ്ങളുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്‌? ഉദാഹരണത്തിന്‌:

● നിങ്ങൾക്ക്‌ ദൈവത്തിൽ വിശ്വാസമുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്‌? ദൈവമുണ്ടെന്ന്‌ വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

● ദൈവം വെച്ചിരിക്കുന്ന ധാർമിക നിലവാരങ്ങൾ നിങ്ങൾക്ക്‌ പ്രയോജനം ചെയ്യുമെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്‌? ഉദാഹരണത്തിന്‌, സെക്‌സിന്‌ പുതിയ മാനങ്ങൾ തേടുന്ന കൂട്ടുകാരുടെ പിന്നാലെ പോകുന്നതല്ല, ദൈവനിയമങ്ങൾ അനുസരിക്കുന്നതാണ്‌ യഥാർഥ സന്തോഷം നേടിത്തരുന്നതെന്ന്‌ വിശ്വസിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌?

തിടുക്കത്തിൽ ഉത്തരം പറയേണ്ട ചോദ്യങ്ങളല്ല ഇവ. നിങ്ങളുടെ വിശ്വാസങ്ങൾക്കു പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുക. അങ്ങനെയാകുമ്പോൾ ആ വിശ്വാസങ്ങൾക്കുവേണ്ടി നിലകൊള്ളാൻ നിങ്ങൾക്കാകും.—സദൃശവാക്യങ്ങൾ 14:15; 1 പത്രോസ്‌ 3:15.

“ഏതുകാര്യത്തിലായാലും നമ്മൾ കോൺഫിഡന്റ്‌ അല്ലെന്നു കണ്ടാൽ കുട്ടികൾ നമ്മളെ കളിയാക്കും. വിശ്വാസത്തിന്റെ കാര്യത്തിൽ അങ്ങനെയായിരിക്കാൻ എനിക്ക്‌ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട്‌ എന്റെ വിശ്വാസത്തിന്‌ വ്യക്തമായ, ഉറച്ച കാരണങ്ങൾ ഉണ്ടായിരിക്കണമെന്ന്‌ ഞാൻ നിശ്ചയിച്ചു. ‘ഓ, ഞാനത്‌ ചെയ്യില്ല. കാരണം അത്‌ എന്റെ മതത്തിന്‌ എതിരാണ്‌’ എന്നു പറയുന്നതിനുപകരം ‘അത്‌ ശരിയാണെന്ന്‌ എനിക്കു തോന്നുന്നില്ല’ എന്ന്‌ ഞാൻ പറയും. കാരണം അവ എന്റെ വിശ്വാസങ്ങളാണ്‌.”—ഡാന്യെല.

ചെറിയൊരു കാറ്റ്‌ വീശിയാൽപ്പോലും പറന്നുപോകുന്ന ഒരു ഇലയാകാനാണോ അതോ പ്രക്ഷുബ്ധമായ കൊടുങ്കാറ്റിലും ഇളകാതെ നിൽക്കുന്ന ഒരു വൃക്ഷം പോലെയാകാനാണോ നിങ്ങൾക്ക്‌ ഇഷ്ടം? നിങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുക; അപ്പോൾ ആ വൃക്ഷത്തെപ്പോലെ ആയിരിക്കും നിങ്ങൾ. ‘ഞാൻ ആരാണ്‌’ എന്ന ചോദ്യത്തിന്‌ ആത്മവിശ്വാസത്തോടെ മറുപടി പറയാനും നിങ്ങൾക്കാകും. (g11-E 10)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 8 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[27-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

ഏതു തീരുമാനങ്ങൾ എടുക്കുമ്പോഴും അതിന്റെ വരുംവരായ്‌കകളെക്കുറിച്ച്‌ ചിന്തിക്കാനും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാനും ഇപ്പോൾ ഞാൻ പഠിച്ചു.

എന്നെപ്പോലെ അല്ലാത്ത എല്ലാവരെയും ഏതോ വിചിത്രജീവികളായിട്ടാണ്‌ ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത്‌. എന്നാൽ എല്ലാവരും ഒരുപോലെയല്ല എന്ന യാഥാർഥ്യം അംഗീകരിക്കാനും മറ്റുള്ളവരുടെ വീക്ഷണങ്ങൾ ശ്രദ്ധിക്കാനും ഇപ്പോൾ ഞാൻ പഠിച്ചിരിക്കുന്നു.

ജെറെമെയ

ജെനിഫർ

[28-ാം പേജിലെ ചതുരം]

മാതാപിതാക്കളോടു ചോദിച്ചുനോക്കുക

അച്ഛന്റെ/അമ്മയുടെ അഭിപ്രായത്തിൽ എനിക്ക്‌ ഏതൊക്കെ കഴിവുകളാണ്‌ ഉള്ളത്‌? ഏതു സ്വഭാവത്തിനാണ്‌ ഞാൻ മാറ്റംവരുത്തേണ്ടത്‌? ദൈവിക നിലവാരങ്ങളിൽ ഇത്ര ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്താണ്‌?

[26-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

കഴിവുകൾ

കുറവുകൾ

ലക്ഷ്യങ്ങൾ

വിശ്വാസങ്ങൾ

[28-ാം പേജിലെ ചിത്രം]

നല്ലൊരു വ്യക്തിത്വം ഉണ്ടെങ്കിൽ ഏതു കൊടുങ്കാറ്റിലും ഉലയാതെ നിൽക്കുന്ന ഒരു വൃക്ഷംപോലെയായിരിക്കും നിങ്ങൾ