വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾ പറയുന്നു

മാതാപിതാക്കൾ പറയുന്നു

മാതാപിതാക്കൾ പറയുന്നു

വളർന്നുവരുന്ന കുട്ടികളെ അനുസരണത്തിന്റെ പ്രാധാന്യം എങ്ങനെ പഠിപ്പിക്കാം? ഓരോ പ്രായം പിന്നിടുമ്പോഴും അതിനനുസരിച്ചുള്ള വൈദഗ്‌ധ്യങ്ങൾ അവരെ എങ്ങനെ ശീലിപ്പിക്കാം? വിവിധ നാടുകളിലുള്ള അച്ഛനമ്മമാർ അത്‌ എങ്ങനെയാണ്‌ ചെയ്‌തിരിക്കുന്നത്‌ എന്നു കാണുക.

ജീവിതവൈദഗ്‌ധ്യങ്ങൾ

“ഭക്ഷണവേളകളിൽ ഞങ്ങളെല്ലാവരും അന്നു നടന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്‌. മമ്മിയും ഡാഡിയും തങ്ങൾ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുന്നതു കാണുമ്പോൾ കുട്ടികളിൽ ആത്മാഭിമാനവും പരസ്‌പര ബഹുമാനവും വളരും. മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കാനും അവർ പഠിക്കും.”—റിച്ചാർഡ്‌, ബ്രിട്ടൻ.

“മക്കൾ പരസ്‌പരബഹുമാനത്തോടെ ഇടപെടുന്നതു കാണുന്നത്‌ എത്ര സന്തോഷമാണെന്നോ! തമ്മിൽ വഴക്കിട്ടാലും അവർതന്നെ പ്രശ്‌നം പരിഹരിച്ചുകൊള്ളും. മുതിർന്നവരോട്‌ നല്ല ആത്മവിശ്വാസത്തോടെ സംസാരിക്കാനും അവർക്ക്‌ കഴിയുന്നുണ്ട്‌.—ജോൺ, ദക്ഷിണാഫ്രിക്ക.

“ഞാനും കുറവുകളുള്ള ആളാണല്ലോ. ചിലപ്പോൾ അറിയാതെ ഞാൻ മക്കളുടെ മനസ്സിനെ നോവിക്കാറുണ്ട്‌. എന്നാൽ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയ്‌ക്ക്‌ അവരോട്‌ ക്ഷമാപണം നടത്തേണ്ടതുണ്ടെന്ന്‌ എനിക്കറിയാം.”—ജേനെൽ, ഓസ്‌ട്രേലിയ.

“വീട്ടിൽ മക്കളെക്കൊണ്ട്‌ കൊച്ചുകൊച്ചു ജോലികൾ ചെയ്‌തുശീലിപ്പിക്കാറുണ്ട്‌. മറ്റുള്ളവർക്കു സഹായങ്ങൾ ചെയ്‌തുകൊടുക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതുകൊണ്ട്‌ ഞങ്ങളുടെ കുടുംബത്തിൽ സമാധാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷമുണ്ട്‌. മാത്രമല്ല, കുടുംബത്തിനുവേണ്ടി തങ്ങൾക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ട്‌ എന്നൊരു ചിന്ത കുട്ടികളിൽ അത്‌ ജനിപ്പിക്കുന്നു.”—ക്ലൈവ്‌, ഓസ്‌ട്രേലിയ.

“മറ്റുള്ളവരെ മനസ്സിലാക്കാനും ബഹുമാനിക്കാനും അവരോട്‌ ക്ഷമിക്കാനും കുട്ടികളെ പഠിപ്പിക്കേണ്ടത്‌ പ്രധാനമാണ്‌, അത്‌ അത്ര എളുപ്പമല്ലെങ്കിൽക്കൂടി.”—യൂക്കോ, ജപ്പാൻ.

ശുചിത്വവും ആരോഗ്യവും

“കുട്ടികൾ നന്നേ ചെറുതായിരുന്നപ്പോൾതന്നെ തന്നെത്താൻ കുളിക്കാൻ ഞങ്ങൾ അവരെ പഠിപ്പിച്ചിരുന്നു. ആൾരൂപങ്ങളിലുള്ള സോപ്പുകളും കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഷാംപൂ ബോട്ടിലുകളും മൃഗക്കുട്ടികളുടെ ആകൃതിയിലുണ്ടാക്കിയ സ്‌പോഞ്ചുകളും ഒക്കെയാണ്‌ ഞങ്ങൾ അവർക്കുവേണ്ടി വാങ്ങാറ്‌. അതുകൊണ്ടുതന്നെ കുളി അവർക്കൊരു രസമായിരുന്നു.”—എഡ്‌ഗാർ, മെക്‌സിക്കോ.

“ഞങ്ങൾ താമസിച്ചിരുന്നിടത്ത്‌ പൈപ്പുവെള്ളം ഇല്ലായിരുന്നു. അതുകൊണ്ട്‌ എപ്പോഴും ഞാൻ ഒരു പാത്രത്തിൽ വെള്ളവും സോപ്പും കരുതിവെക്കും, പുറത്തുപോയിട്ടുവരുമ്പോൾ കൈകഴുകാൻ.—എൻഡ്യുറൻസ്‌, നൈജീരിയ.

“സമീകൃത ആഹാരമാണ്‌ ദിവസവും ഞങ്ങൾ കുട്ടികൾക്കു നൽകിയിരുന്നത്‌. അതിന്റെ കാരണവും ഞങ്ങൾ പറഞ്ഞുകൊടുക്കാറുണ്ട്‌. ഓരോ വിഭവത്തിലും ചേർക്കുന്ന ചേരുവകൾ അറിയാൻ കുട്ടികൾക്ക്‌ വലിയ താത്‌പര്യമാണ്‌. അതുകൊണ്ട്‌ കുക്കിങ്ങിന്റെ സമയത്ത്‌ ഞാൻ അവരെയും കൂടെക്കൂട്ടും. ഇത്‌ ഞങ്ങൾക്ക്‌ ആശയവിനിമയത്തിന്റെ വേളകൾ കൂടിയാണ്‌.”—സാൻഡ്ര, ബ്രിട്ടൻ.

“വ്യായാമം വളരെ പ്രധാനമാണ്‌. മക്കൾക്ക്‌ ഇക്കാര്യത്തിൽ നല്ല മാതൃകവെക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്‌. എല്ലാവരും ഒന്നിച്ച്‌ ജോഗിങ്‌ ചെയ്യുന്നതും നീന്തുന്നതും ടെന്നീസും ബാസ്‌ക്കറ്റ്‌ ബോളും കളിക്കുന്നതും സൈക്കിളിങ്ങിനു പോകുന്നതുമൊക്കെ കുട്ടികൾക്ക്‌ വലിയ ഇഷ്ടമാണ്‌. വ്യായാമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നതിനുപുറമേ അതിനെ ഒരു രസമായി കാണാനും അവർ പഠിച്ചിരിക്കുന്നു.”—കെരെൻ, ഓസ്‌ട്രേലിയ.

“അച്ഛനും അമ്മയുമൊത്ത്‌ ചെലവഴിക്കുന്ന നിമിഷങ്ങളാണ്‌ കുട്ടികൾക്ക്‌ ഏറെ പ്രധാനം. പോക്കറ്റ്‌ മണി കൊടുക്കുന്നതോ സമ്മാനം വാങ്ങിക്കൊടുക്കുന്നതോ എപ്പോഴെങ്കിലും ഒരു പിക്‌നിക്കിനു കൊണ്ടുപോകുന്നതോ ഒന്നും അതിനു പകരമാവില്ല. കുട്ടികൾക്ക്‌ ഉച്ചവരെയാണ്‌ സ്‌കൂൾ. അത്ര സമയത്തേക്കുള്ള ജോലി മാത്രമേ ഞാൻ ഏറ്റെടുക്കാറുള്ളൂ. അങ്ങനെയാകുമ്പോൾ ഉച്ചകഴിഞ്ഞ്‌ അവരോടൊപ്പം എനിക്ക്‌ സമയം ചെലവഴിക്കാൻ സാധിക്കും.”—റോമിന, ഇറ്റലി.

ശിക്ഷണം

“ശിക്ഷണത്തിന്റെ കാര്യത്തിൽ ഒറ്റമൂലികളൊന്നുമില്ല. സാഹചര്യമനുസരിച്ചുള്ള ശിക്ഷണമാണ്‌ ആവശ്യം. ചിലപ്പോൾ വിളിച്ചിരുത്തി തെറ്റിന്റെ ഗൗരവം പറഞ്ഞുകൊടുത്താൽ മതിയാകും; മറ്റുചിലപ്പോൾ കുട്ടിക്ക്‌ ഇഷ്ടമുള്ള കാര്യം നിഷേധിക്കേണ്ടതുണ്ടാകാം.”—ഒഗ്‌ബീറ്റി, നൈജീരിയ.

“നിർദേശങ്ങൾ നൽകുമ്പോൾ, ഞങ്ങൾ പറഞ്ഞത്‌ എന്താണെന്ന്‌ ആവർത്തിക്കാൻ കുട്ടികളോട്‌ ആവശ്യപ്പെടാറുണ്ട്‌. പറഞ്ഞ കാര്യം അവർക്ക്‌ മനസ്സിലായോ എന്ന്‌ ഉറപ്പാക്കാനാണ്‌ അത്‌. പറഞ്ഞതുപോലെ പ്രവർത്തിക്കാനും ഞങ്ങൾ ശ്രദ്ധിക്കും. കേട്ട കാര്യങ്ങൾ അനുവർത്തിക്കാൻ കുട്ടികൾ പഠിക്കണമെങ്കിൽ, മാതാപിതാക്കൾ അവരുടെ ധർമം നിറവേറ്റണം. അതായത്‌, അനുസരണക്കേടിന്‌ പറഞ്ഞ ശിക്ഷ നൽകുകതന്നെ വേണം.”—ക്ലൈവ്‌, ഓസ്‌ട്രേലിയ.

“കുട്ടികളെ തിരുത്തുമ്പോൾ മുട്ടുകുത്തിനിന്ന്‌ അവരുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഞാൻ ശ്രമിക്കും. അങ്ങനെയാകുമ്പോൾ അവരുടെ ശ്രദ്ധ എന്നിൽ മാത്രമായിരിക്കും. വാക്കുകളിലൂടെ മാത്രമല്ല, മുഖഭാവത്തിലൂടെയും അവരോട്‌ ആശയവിനിമയം നടത്താൻ ഇതുമൂലം കഴിയുന്നു.”—ജെന്നിഫർ, ഓസ്‌ട്രേലിയ.

“‘നീ ഒരിക്കലും പറഞ്ഞാൽ കേൾക്കില്ല’ എന്നൊന്നും കുട്ടികളോട്‌ ഞങ്ങൾ പറയാറില്ല, അത്‌ വാസ്‌തവമായിരിക്കാമെങ്കിൽപ്പോലും. അതുപോലെ, ഒരു കുട്ടിയെ മറ്റേ കുട്ടിയുടെ മുമ്പിൽവെച്ച്‌ ശാസിക്കാതിരിക്കാനും ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്‌. ഒന്നുകിൽ അവനു മാത്രം കേൾക്കാവുന്ന വിധത്തിൽ പറയും. അല്ലെങ്കിൽ അവനെ മാറ്റിനിറുത്തി സംസാരിക്കും.”—റൂഡി, മൊസാമ്പിക്ക്‌.

“കുട്ടികൾ എളുപ്പം സ്വാധീനിക്കപ്പെടുന്നവരാണ്‌; മറ്റുള്ളവരെ അനുകരിക്കാൻ അവർക്ക്‌ വലിയ ഇഷ്ടമാണ്‌. സഹപാഠികളിൽനിന്നും മാധ്യമങ്ങളിൽനിന്നും സമൂഹത്തിൽനിന്നുമൊക്കെ വേണ്ടാത്ത പല കാര്യങ്ങളും അവർ പഠിക്കാനിടയുണ്ട്‌. ആ ദുസ്സ്വാധീനങ്ങളിൽനിന്ന്‌ അവർ സംരക്ഷിക്കപ്പെടണമെങ്കിൽ നല്ല മൂല്യബോധവും സദാചാരനിഷ്‌ഠയും ഉള്ളവരായി വളരാൻ നമ്മൾ അവരെ സഹായിക്കണം. അങ്ങനെ നല്ലൊരു അടിത്തറയുണ്ടെങ്കിൽ അവർക്ക്‌ ദോഷകരമായേക്കാവുന്ന എന്തും അവർതന്നെ വേണ്ടെന്നുവെച്ചുകൊള്ളും.”—ഗ്രേഗ്‌വാർ, കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌. (g11-E 10)

“ശിക്ഷണം നൽകുന്ന കാര്യത്തിൽ പതർച്ച പാടില്ല. അതുപോലെ, തെറ്റിന്റെ ഗൗരവമനുസരിച്ചുള്ള ശിക്ഷ മതി. പറഞ്ഞ ശിക്ഷ എന്തോ അതുതന്നെ കൊടുക്കുകയും വേണം; അതെ, നിങ്ങളുടെ വാക്കിനു സ്ഥിരതയുണ്ടെന്ന്‌ കുട്ടി മനസ്സിലാക്കണം.”—ഓവൻ, ഇംഗ്ലണ്ട്‌.

[14-ാം പേജിലെ ആകർഷകവാക്യം]

“നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.”—കൊലോസ്യർ 3:21

[15-ാം പേജിലെ ചതുരം/ചിത്രം]

അനുഭവത്തിൽനിന്ന്‌ . . .

കുഞ്ഞിന്റെ ചുമതല ഒറ്റയ്‌ക്കു ചുമലിലേറ്റേണ്ടിവരുമ്പോൾ

ലൂസിൻഡ ഫോർസ്റ്ററുമായുള്ള അഭിമുഖം

ഒറ്റയ്‌ക്കു മക്കളെ വളർത്തുന്ന ഒരമ്മയുടെ ഏറ്റവും വലിയ വെല്ലുവിളി എന്താണ്‌?

ഒരു മാതാവോ പിതാവോ ആയിരിക്കുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ്‌. എന്നാൽ അതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്‌ ഒറ്റയ്‌ക്കു മക്കളെ വളർത്തുന്നത്‌. എന്റെ ചുമതലകളെല്ലാം നിർവഹിക്കാനുള്ള സമയം എങ്ങനെ കണ്ടെത്തും, എല്ലാം ഒറ്റയ്‌ക്ക്‌ എങ്ങനെ ചെയ്യും എന്നതൊക്കെയാണ്‌ എന്റെ മുന്നിലുള്ള വെല്ലുവിളി. മക്കളിൽ സദാചാര മൂല്യങ്ങൾ ഉൾനടണം, ഒപ്പം അവരോടൊത്തു കളിക്കാനും ചിരിക്കാനും സമയം കണ്ടെത്തണം. വീട്ടുജോലികൾ ചെയ്‌തുതീർക്കുന്നതിനിടയിൽ, പലപ്പോഴും ഒന്ന്‌ ഇരിക്കാൻപോലും കഴിയാറില്ല.

മക്കളുമായി ഇത്ര നന്നായി ആശയവിനിമയം നടത്താൻ എങ്ങനെ സാധിക്കുന്നു?

മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം കുട്ടികൾക്ക്‌ സ്വാഭാവികമായും ദേഷ്യവും അരക്ഷിതബോധവും തോന്നും. കുട്ടികളുമായി അവരുടെ എന്തെങ്കിലും പ്രശ്‌നത്തെക്കുറിച്ച്‌ ചർച്ചചെയ്യുമ്പോൾ, അവരുടെ കണ്ണിൽ നോക്കി ശാന്തമായി സംസാരിക്കുന്നത്‌ നല്ലതാണെന്ന്‌ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്‌. എല്ലാവരുടെയും മനസ്സൊന്ന്‌ തണുക്കുന്നതുവരെ ഞാൻ കാത്തിരിക്കും. എന്നിട്ട്‌ ഉണ്ടായ പ്രശ്‌നം ഊതിവീർപ്പിക്കാതെ സമാധാനമായിരുന്ന്‌ സംസാരിക്കും. മക്കളോട്‌ ഞാൻ അവരുടെ അഭിപ്രായം ചോദിക്കാറുണ്ട്‌; അവർ പറയുന്നതു ശ്രദ്ധയോടെ കേട്ടിരിക്കുകയും ചെയ്യും; അവരുടെ വികാരങ്ങളെ മാനിക്കുന്നുവെന്ന്‌ എന്റെ പ്രവൃത്തികളിലൂടെ തെളിയിക്കാനും ഞാൻ ശ്രമിക്കുന്നു. അവരുടെ പഠനകാര്യങ്ങളിലും ഞാൻ താത്‌പര്യമെടുക്കാറുണ്ട്‌. അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കാൻ ഞാൻ മറക്കാറില്ല. ടെൻഷനെല്ലാം മാറ്റിവെച്ച്‌ ശാന്തമായ അന്തരീക്ഷത്തിലാണ്‌ എപ്പോഴും ഞങ്ങൾ ആഹാരം കഴിക്കുന്നത്‌. മക്കളോട്‌, ഞാൻ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്‌ കൂടെക്കൂടെ പറയാറുണ്ട്‌.

മക്കൾക്ക്‌ ശിക്ഷണം നൽകുന്നത്‌ എങ്ങനെയാണ്‌?

കുട്ടികൾക്ക്‌ അവരുടെ അതിർവരമ്പുകൾ ഏതാണെന്ന്‌ വ്യക്തമായി മനസ്സിലാകണം. അതുപോലെ, നമ്മൾ വെക്കുന്ന ചട്ടങ്ങൾക്കും നിയമങ്ങൾക്കും വ്യവസ്ഥയുണ്ടാകണം; തോന്നുന്നതുപോലെ അതു മാറ്റാൻ പാടില്ല. ശിക്ഷണം നടപ്പാക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും വിട്ടുവീഴ്‌ച കാണിക്കില്ല; അതേസമയം ദയാവായ്‌പോടെ അവരോട്‌ ഇടപെടാനും ഞാൻ ശ്രദ്ധിക്കും. തെറ്റു ചെയ്യുമ്പോൾ അത്‌ എന്തുകൊണ്ടാണ്‌ തെറ്റായിരിക്കുന്നതെന്ന്‌ അവരെ പറഞ്ഞുമനസ്സിലാക്കാറുണ്ട്‌. ശിക്ഷണം നൽകുന്നതിനുമുമ്പ്‌ അവർ എന്തുകൊണ്ടാണ്‌ ആ വിധത്തിൽ പ്രവർത്തിച്ചതെന്ന്‌ ഞാൻ ചോദിച്ചറിയും. എനിക്ക്‌ തെറ്റുപറ്റിയാൽ, എന്നുവെച്ചാൽ ഞാൻ അവരെ തെറ്റിദ്ധരിക്കുകയോ മറ്റോ ചെയ്‌തിട്ടുണ്ടെങ്കിൽ, മാപ്പുപറയാനും എനിക്കു മടിയില്ല.

മറ്റുള്ളവരെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നത്‌ എങ്ങനെയാണ്‌?

മറ്റുള്ളവർ നമ്മോട്‌ എങ്ങനെ പെരുമാറാനാണോ നമ്മൾ ആഗ്രഹിക്കുന്നത്‌, അതുപോലെ നമ്മൾ അവരോടും പെരുമാറണം എന്ന യേശുവിന്റെ ഉപദേശം ഞാൻ അവരെ ഓർമിപ്പിക്കാറുണ്ട്‌. (ലൂക്കോസ്‌ 6:31) മക്കൾ തമ്മിൽ എന്തെങ്കിലും കശപിശ ഉണ്ടായാൽ കഴിയുന്നതും അവർ തന്നെത്താൻ അതു പരിഹരിക്കട്ടെ എന്നു വെക്കും; ഞാൻ അതിൽ തലയിടാറില്ല. ദേഷ്യം വന്നാൽത്തന്നെ, സൗമ്യമായും ശാന്തമായും പ്രതികരിക്കണമെന്ന്‌ ഞാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്‌.

വിനോദത്തിനായി എന്താണു ചെയ്യാറുള്ളത്‌?

ദൂരെസ്ഥലങ്ങളിലേക്കങ്ങനെ ഉല്ലാസയാത്ര പോകാനുള്ള സാമ്പത്തികശേഷിയൊന്നും ഞങ്ങൾക്കില്ല. അതുകൊണ്ട്‌ ചെലവുകുറഞ്ഞ എന്തെങ്കിലും പരിപാടികൾ ഉണ്ടോയെന്ന്‌ പത്രങ്ങളിലും മറ്റും നോക്കി അറിയും. അടുത്തുള്ള എവിടെയെങ്കിലുമൊക്കെ ഞങ്ങൾ പിക്‌നിക്കിനു പോകാറുണ്ട്‌. അല്ലെങ്കിൽ ഏതെങ്കിലും നഴ്‌സറികളിൽ പോയി പൂക്കളും ചെടികളും കാണും. ഞങ്ങൾക്ക്‌ ഒരു അടുക്കളത്തോട്ടമുണ്ട്‌; അവിടെ ഞങ്ങൾ മൂന്നുപേരും പലതും നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. അവരവർ കൃഷിചെയ്‌ത്‌ ഉണ്ടാക്കിയത്‌ പറിച്ചുകൊണ്ടുവന്ന്‌ പാകംചെയ്യുന്നതും ഒരു രസമാണ്‌. അടുത്തുള്ള പാർക്കിൽ പോകാനേ പറ്റുകയുള്ളുവെങ്കിലും വിനോദത്തിന്‌ സമയം കണ്ടെത്തേണ്ടത്‌ പ്രധാനമാണ്‌.

എന്തൊക്കെ സന്തോഷങ്ങളും അനുഗ്രഹങ്ങളും അനുഭവിക്കാനായിട്ടുണ്ട്‌?

വീട്ടിൽ ഒരു നാഥനില്ലാത്തതിന്റെ കുറവും ബുദ്ധിമുട്ടുകളും ഉണ്ടെന്നുള്ളതു ശരിയാണ്‌. എങ്കിലും ഉള്ള അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു. ഞങ്ങൾ തമ്മിലാണെങ്കിലും നല്ല അടുപ്പവും സ്‌നേഹവുമാണ്‌. മക്കൾ ഓരോരുത്തരും തനതായ വ്യക്തിത്വമുള്ളവരായി വളർന്നുവരുന്നതു കാണുന്നതുതന്നെ ഒരു വലിയ സന്തോഷമാണ്‌. ഈ പ്രായത്തിൽ എന്റെ സാമീപ്യം മക്കൾക്ക്‌ വളരെ ആവശ്യമുണ്ട്‌. അവരുടെ കൂടെയിരിക്കാൻ, അവരോടൊപ്പം സമയം ചെലവഴിക്കാൻ എനിക്കും വലിയ ഇഷ്ടമാണ്‌. എന്റെ മൂഡ്‌ ഒന്നു മാറിയാൽ അത്‌ അപ്പോൾതന്നെ അവർക്കു മനസ്സിലാകും. അവർ വന്ന്‌ ഒന്നു കെട്ടിപ്പിടിച്ചാൽ, അതുമതി എനിക്ക്‌. അവർ കാണിക്കുന്ന ആ സ്‌നേഹം പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്‌ തരുന്നത്‌. ഏറ്റവും പ്രധാനമായി, ഞങ്ങളുടെ ബുദ്ധിമുട്ടുകളിലെല്ലാം ഞങ്ങളുടെ സ്‌നേഹനിധിയായ സ്രഷ്ടാവിന്റെ സഹായവും പിന്തുണയും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. ഒരു നല്ല അമ്മയായി മക്കളെ വളർത്തിക്കൊണ്ടുവരാൻവേണ്ട മനോധൈര്യവും കരുത്തും ബൈബിൾ എനിക്കു പകർന്നുതന്നിരിക്കുന്നു.—യെശയ്യാവു 41:13.

[ചിത്രം]

ലൂസിൻഡ മക്കളായ ബ്രിയോടും ഷേയോടുമൊപ്പം