വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടി മത്സരിക്കുമ്പോൾ അചഞ്ചലരായി തുടരുക

കുട്ടി മത്സരിക്കുമ്പോൾ അചഞ്ചലരായി തുടരുക

കുട്ടി മത്സരിക്കുമ്പോൾ അചഞ്ചലരായി തുടരുക

ഒരു ക്രിസ്‌തീയ സഹോദരിയുടെ കാര്യം പരിചിന്തിക്കുക. നമുക്ക്‌ അവരെ ജോയി എന്നു വിളിക്കാം. തന്റെ മകനെ യഹോവയാം ദൈവത്തോടുള്ള സ്‌നേഹത്തിൽ വളർത്തിക്കൊണ്ടുവരാൻ അവർ ആവതുചെയ്‌തു. എന്നാൽ, കൗമാരം പിന്നിടാറായപ്പോൾ അവൻ മത്സരിച്ച്‌ വീടുവിട്ടു പോയി. “എനിക്ക്‌ ഇത്രയേറെ വേദനയുളവാക്കിയ ഒരനുഭവം വേറെ ഉണ്ടായിട്ടില്ല,” ജോയി പറയുന്നു. “ഞാൻ വഞ്ചിക്കപ്പെട്ടതായി എനിക്കു തോന്നി. മനം തകർന്ന്‌, അങ്ങേയറ്റം നിരാശിതയായിത്തീർന്ന എന്നെ നിഷേധാത്മക ചിന്തകൾ വേട്ടയാടി.”

കുട്ടികളെ യഹോവയുടെ സേവനത്തിൽ, അവനെ സ്‌നേഹിക്കുന്നവരായി വളർത്തിക്കൊണ്ടുവരാൻ ആവതു ശ്രമിച്ചിട്ടും അവരിൽ ഒന്നോ അതിലധികമോ കുട്ടികൾ പിന്നീട്‌ പിന്മാറിപ്പോയ അനുഭവം നിങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ടോ? നിരാശാജനകമായ അത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? യഹോവയുടെ സേവനത്തിൽ അചഞ്ചലരായി നിലകൊള്ളാൻ നിങ്ങളെ എന്തു സഹായിക്കും?

യഹോവയുടെ പുത്രന്മാർ മത്സരിച്ചപ്പോൾ

നിങ്ങളുടെ വികാരങ്ങൾ കൃത്യമായി യഹോവ അറിയുന്നു എന്നതാണു മനസ്സിൽപ്പിടിക്കേണ്ട ആദ്യ സംഗതി. യെശയ്യാവു 49:​15-ൽ ഇപ്രകാരം വായിക്കുന്നു: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” മാതാപിതാക്കൾക്കുള്ള അതേ വികാരങ്ങൾതന്നെയാണ്‌ യഹോവയ്‌ക്കും ഉള്ളത്‌. അങ്ങനെയെങ്കിൽ, തന്റെ ആത്മപുത്രന്മാരെല്ലാവരും തന്നെ സ്‌തുതിക്കുകയും സേവിക്കുകയും ചെയ്‌തപ്പോൾ അവനുണ്ടായ ആ സന്തോഷം ഒന്നു വിഭാവന ചെയ്‌തുനോക്കൂ. പൂർവപിതാവായ ഇയ്യോബിനോട്‌ “ചുഴലിക്കാറ്റിൽ നിന്നു” സംസാരിക്കവേ യഹോവ തന്റെ ഏകീകൃത ആത്മകുടുംബത്തിൽ സന്തോഷം കളിയാടിയിരുന്ന സമയത്തെ അനുസ്‌മരിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? . . . പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്‌തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?”​—⁠ഇയ്യോബ്‌ 38:1, 4, 6, 7.

കാലാന്തരത്തിൽ, പൂർണനായ ഒരു ആത്മപുത്രൻ തനിക്കെതിരെ മത്സരിച്ച്‌ “എതിരാളി” എന്നർഥമുള്ള സാത്താൻ ആയിത്തീർന്നത്‌ സത്യദൈവം കണ്ടു. ആദ്യമനുഷ്യപുത്രനായ ആദാമും അവന്റെ ഭാര്യ ഹവ്വായും ആ മത്സരത്തിൽ പങ്കുചേർന്നതും യഹോവ നിരീക്ഷിച്ചു. (ഉല്‌പത്തി 3:1-6; വെളിപ്പാടു 12:9) പിന്നീട്‌, “സ്വന്ത വാസസ്ഥലം വിട്ടുപോയ” മറ്റു ദൂതപുത്രന്മാരും ദൈവത്തിനെതിരെ മത്സരിച്ചു.​—⁠യൂദാ 6.

യഹോവയുടെ പൂർണരായ പുത്രന്മാരിൽ ചിലർ മത്സരിച്ചപ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നി എന്നു ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും ബൈബിൾ വ്യക്തമായി ഇപ്രകാരം പറയുന്നു: “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.” (ഉല്‌പത്തി 6:5, 6) തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന്റെ മത്സരവും അവനെ “ദുഃഖിപ്പി”ക്കുകയും “മുഷിപ്പി”ക്കുകയും [“അവനു ഹൃദയവേദന ഉളവാക്കുകയും,” NW] ചെയ്‌തു.​—⁠സങ്കീർത്തനം 78:40, 41.

മത്സരികളായ മക്കളുടെ പെരുമാറ്റത്തിന്റെ ഫലമായി ദുഃഖവും വേദനയും അനുഭവിക്കുന്ന മാതാപിതാക്കളോട്‌ യഹോവയ്‌ക്ക്‌ തീർച്ചയായും സമാനുഭാവമുണ്ട്‌. അത്തരം സാഹചര്യവുമായി പൊരുത്തപ്പെടാൻ അവൻ തന്റെ വചനമായ ബൈബിളിലൂടെ ഈടുറ്റ ബുദ്ധിയുപദേശങ്ങളും പ്രോത്സാഹനവും പ്രദാനം ചെയ്‌തിട്ടുണ്ട്‌. മാതാപിതാക്കൾ തങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളാനും താഴ്‌മയോടിരിപ്പാനും പിശാചായ സാത്താനെതിരെ നിലകൊള്ളാനും ദൈവം ആഹ്വാനം ചെയ്യുന്നു. ഈ ബുദ്ധിയുപദേശങ്ങൾ പിൻപറ്റുന്നത്‌ മക്കൾ മത്സരിക്കുമ്പോൾ അചഞ്ചലരായി നിലകൊള്ളാൻ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ നമുക്കു പരിചിന്തിക്കാം.

സകല ചിന്താകുലവും യഹോവയുടെമേൽ ഇട്ടുകൊൾവിൻ

കുട്ടികൾ സ്വയം കുഴപ്പത്തിൽ ചെന്നുചാടുകയോ മറ്റുള്ളവരാൽ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോൾ അത്‌ മാതാപിതാക്കളെ അങ്ങേയറ്റം ആകുലചിത്തരാക്കുന്നുവെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. ഇതും ഇതുപോലുള്ള മറ്റു പ്രശ്‌നങ്ങളും ഉണ്ടാകുമ്പോൾ അവയുമായി പൊരുത്തപ്പെടാനുള്ള മാർഗം അപ്പൊസ്‌തലനായ പത്രൊസ്‌ ചൂണ്ടിക്കാട്ടുന്നു. അവൻ എഴുതി: “അവൻ [യഹോവ] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ്‌ 5:7) പ്രസ്‌തുത ക്ഷണവും ഉറപ്പും മത്സരിയായ ഒരു കുട്ടിയുടെ മാതാപിതാക്കൾക്ക്‌ വിശേഷാൽ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

കുട്ടിയുടെ ചെറുപ്രായത്തിൽ അവനെ അപകടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിൽ നിങ്ങൾ അതീവ ശ്രദ്ധയുള്ളവരായിരുന്നു. സ്‌നേഹപുരസ്സരമായ നിങ്ങളുടെ നിർദേശങ്ങളോട്‌ അവൻ പ്രതികരിക്കുകയും ചെയ്‌തിരുന്നിരിക്കാം. എന്നാൽ, മുതിർന്നുവരവേ അവന്റെമേലുള്ള നിങ്ങളുടെ സ്വാധീനം കുറഞ്ഞിട്ടുണ്ടാകാം. അതേസമയം, അനർഥങ്ങളിൽ നിന്ന്‌ അവനെ സംരക്ഷിക്കണം എന്ന നിങ്ങളുടെ തീവ്രമായ ആഗ്രഹത്തിനു തെല്ലും മങ്ങലേറ്റിട്ടില്ല എന്നു മാത്രമല്ല, ഇപ്പോഴതു വർധിച്ചിരിക്കാനും ഇടയുണ്ട്‌.

തത്‌ഫലമായി, കുട്ടി മത്സരിക്കുകയും അവന്‌ ആത്മീയമോ വൈകാരികമോ ശാരീരികമോ ആയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ അതിനെല്ലാം നിങ്ങളാണ്‌ ഉത്തരവാദിയെന്നു നിങ്ങൾക്കു തോന്നിയേക്കാം. നേരത്തേ പരാമർശിച്ച ജോയിക്ക്‌ അങ്ങനെയാണ്‌ തോന്നിയത്‌. അവർ പറയുന്നു: “എവിടെയോ പിഴവു സംഭവിച്ചു എന്ന ചിന്ത എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അതു കണ്ടുപിടിക്കുന്നതിനായി കഴിഞ്ഞകാല സംഭവങ്ങൾ ഞാൻ തലനാരിഴ കീറി പരിശോധിക്കുമായിരുന്നു.” അത്തരം സന്ദർഭങ്ങളിലാണ്‌ വിശേഷിച്ചും, ‘നിങ്ങളുടെ സകല ചിന്താകുലവും തന്റെമേൽ ഇട്ടുകൊള്ളാൻ’ യഹോവ ആഗ്രഹിക്കുന്നത്‌. നിങ്ങൾ അപ്രകാരം ചെയ്യുന്നെങ്കിൽ അവൻ നിങ്ങളെ സഹായിക്കും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) ജോയി അത്തരം ആശ്വാസം അനുഭവിച്ചറിഞ്ഞു. അവർ ഇപ്രകാരം വിവരിക്കുന്നു: “എന്റെ ഉള്ളിന്റെയുള്ളിലെ വേദനയും വിഷമവുമെല്ലാം ഒരു ഉറ്റമിത്രത്തോടെന്നപോലെ ഞാൻ യഹോവയോടു പറഞ്ഞു. എന്റെ വികാരങ്ങളത്രയും ഞാൻ അവന്റെ മുമ്പാകെ നിരത്തി, എനിക്ക്‌ എത്ര ആശ്വാസം തോന്നിയെന്നോ!”

അപൂർണരെന്നനിലയിൽ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിൽ ചില പാളിച്ചകളൊക്കെ നിങ്ങൾക്കു സംഭവിച്ചിരിക്കാം. എന്നാൽ അതിൽ മാത്രം നിങ്ങൾ എന്തിനു ശ്രദ്ധകേന്ദ്രീകരിക്കണം? യഹോവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല എന്നതു തീർച്ചയാണ്‌. സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?” (സങ്കീർത്തനം 130:3) ഇനി, നിങ്ങൾ പൂർണരാണെങ്കിൽപ്പോലും നിങ്ങളുടെ കുട്ടി മത്സരിച്ചു കൂടെന്നില്ല. അതുകൊണ്ട്‌ നിങ്ങളുടെ വികാരങ്ങൾ പ്രാർഥനയിലൂടെ യഹോവയെ അറിയിക്കുക. അവൻ തീർച്ചയായും നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, യഹോവയെ സേവിക്കുന്നതിൽ അചഞ്ചലരായി തുടരാനും സാത്താന്റെ ഒരു ഇരയായിത്തീരാതിരിക്കാനും നിങ്ങൾക്കു കഴിയേണ്ടതിന്‌ ഇനിയും ചിലത്‌ ചെയ്യേണ്ടതുണ്ട്‌.

താഴ്‌മയുള്ളവരായിരിക്കുക

“അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ,” പത്രൊസ്‌ എഴുതി. (1 പത്രൊസ്‌ 5:6) കുട്ടി മത്സരിക്കുമ്പോൾ നിങ്ങൾ താഴ്‌മയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? കുറ്റബോധത്തിനും വേദനയ്‌ക്കും പുറമേ മത്സരിയായ കുട്ടി നിങ്ങൾക്കു നാണക്കേടും വരുത്തിവെച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ ചെയ്‌തികൾ നിങ്ങളുടെ കുടുംബത്തിന്റെ സത്‌പേര്‌ കളഞ്ഞുകുളിക്കാൻ ഇടയാക്കിയിരിക്കുന്നു എന്നതു നിങ്ങളെ അലട്ടുന്നുണ്ടാകാം, വിശേഷിച്ച്‌ ക്രിസ്‌തീയ സഭയിൽനിന്ന്‌ അവനെ പുറത്താക്കിയിട്ടുണ്ടെങ്കിൽ. ആത്മനിന്ദയും നാണക്കേടും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിൽനിന്നു നിങ്ങളെ തടഞ്ഞേക്കാം.

അത്തരം സാഹചര്യത്തെ നേരിടുമ്പോൾ, നിങ്ങൾ പ്രായോഗിക ജ്ഞാനത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്‌. സദൃശവാക്യങ്ങൾ 18:1 ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” വിഷമകരമായ അത്തരമൊരു സാഹചര്യത്തിൽപ്പോലും ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നത്‌ ഉദ്‌ബോധനങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും അതിപ്രധാന ഉറവിൽനിന്നു പ്രയോജനം നേടാൻ നിങ്ങളെ സഹായിക്കും. “തുടക്കത്തിൽ ആരെയും കാണാൻ ഞാൻ ആഗ്രഹിച്ചില്ല,” ജോയി സമ്മതിക്കുന്നു. “എന്നാൽ സ്വന്തം ആത്മീയചര്യ നിലനിറുത്തേണ്ടതിന്റെ ആവശ്യം ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു. മാത്രമല്ല, വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരുന്നെങ്കിൽ പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിച്ച്‌ വെറുതെ തലപുണ്ണാക്കുകയേ ഉണ്ടായിരുന്നുള്ളൂ. കെട്ടുപണിചെയ്യുന്ന ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ യോഗങ്ങൾ എന്നെ സഹായിച്ചു. സഹോദരങ്ങളിൽനിന്ന്‌ ഒറ്റപ്പെടാതിരിക്കുകയും അവരുടെ സ്‌നേഹപുരസ്സരമായ പിന്തുണയെ അവഗണിക്കാതിരിക്കുകയും ചെയ്‌തതിൽ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌.”​—⁠എബ്രായർ 10:24, 25.

കുടുംബത്തിലെ ഓരോ അംഗവും ക്രിസ്‌തീയ ഉത്തരവാദിത്വത്തിന്റെ സ്വന്തം “ചുമടു ചുമ”ക്കേണ്ടതുണ്ട്‌ എന്നതും മനസ്സിൽപ്പിടിക്കുക. (ഗലാത്യർ 6:5) മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌നേഹിക്കാനും അവർക്കു ശിക്ഷണം നൽകാനും യഹോവ പ്രതീക്ഷിക്കുന്നു. അതേസമയം, മക്കൾ മാതാപിതാക്കളെ അനുസരിക്കാനും ബഹുമാനിക്കാനും അവൻ പ്രതീക്ഷിക്കുന്നു. മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” (NW) വളർത്തിക്കൊണ്ടുവരുന്നതിനു മാതാപിതാക്കൾ സർവാത്മനാ ശ്രമിക്കുന്നെങ്കിൽ ദൈവമുമ്പാകെ അവർക്കു നല്ലൊരു പേരുണ്ടായിരിക്കും. (എഫെസ്യർ 6:1-4) മാതാപിതാക്കൾ സ്‌നേഹപുരസ്സരമായ ശിക്ഷണം നൽകിയിട്ടും കുട്ടി മത്സരിക്കുകയാണെങ്കിൽ, കുട്ടിയുടെ സത്‌പേരായിരിക്കും കളങ്കപ്പെടുന്നത്‌. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം” എന്ന്‌ സദൃശവാക്യങ്ങൾ 20:11 പറയുന്നു. സാത്താന്റെ മത്സരം, വസ്‌തുതകൾ അറിയാവുന്നവർക്കിടയിൽ യഹോവയുടെ സത്‌പേരിനു യാതൊരു കളങ്കവും വരുത്തിയിട്ടില്ല.

പിശാചിനെതിരെ നിലകൊള്ളുക

പത്രൊസ്‌ പിൻവരുന്ന മുന്നറിയിപ്പു നൽകുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രൊസ്‌ 5:8) ഒരു സിംഹത്തെപ്പോലെ, പലപ്പോഴും പിശാച്‌ ചെറുപ്പക്കാരെയും അനുഭവജ്ഞാനമില്ലാത്തവരെയുമാണ്‌ ലക്ഷ്യമിടുന്നത്‌. പുരാതന നാളുകളിൽ, ഇസ്രായേലിൽ സിംഹങ്ങൾ സ്വൈരവിഹാരം നടത്തിയിരുന്നു, വളർത്തുമൃഗങ്ങൾക്കു ഭീഷണി ഉയർത്തിക്കൊണ്ട്‌. പറ്റത്തിൽനിന്നു വഴിതെറ്റിപ്പോകുന്ന ഒരു കുഞ്ഞാട്‌ നിഷ്‌പ്രയാസം അതിന്‌ ഇരയായിത്തീരുമായിരുന്നു. ഒരു തള്ളയാട്‌ സ്വന്തം സുരക്ഷപോലും മറന്ന്‌ കുഞ്ഞിനെ രക്ഷിക്കുന്നതിനു ശ്രമിച്ചേക്കാം. എന്നാൽ, പൂർണവളർച്ചയെത്തിയ ഒരാടിനുപോലും ഒരു സിംഹത്തെ ചെറുത്തുനിൽക്കാനായെന്നു വരില്ല. അതുകൊണ്ടുതന്നെ ആട്ടിൻപറ്റത്തെ സംരക്ഷിക്കുന്നതിന്‌ ധീരരായ ഇടയന്മാർ അനിവാര്യമായിരുന്നു.​—⁠1 ശമൂവേൽ 17:34, 35.

ആലങ്കാരിക ആടുകളെ “അലറുന്ന സിംഹ”ത്തിൽനിന്നു സംരക്ഷിക്കുന്നതിന്‌ “ഇടയശ്രേഷ്‌ഠൻ” അഥവാ മുഖ്യഇടയൻ ആയ യേശുക്രിസ്‌തുവിന്റെ കീഴിൽ ആത്മീയ ഇടയന്മാരെ യഹോവ നിയമിച്ചിട്ടുണ്ട്‌. (1 പത്രൊസ്‌ 5:4) അത്തരത്തിൽ നിയമിതരായ പുരുഷന്മാരെ പത്രൊസ്‌ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ചെയ്‌വിൻ.” (1 പത്രൊസ്‌ 5:1-3) മാതാപിതാക്കളുടെ സഹകരണത്തോടെ പ്രസ്‌തുത ഇടയന്മാർക്ക്‌, ആത്മീയ ജീവിതഗതി നേരെയാക്കാൻ ഒരു ചെറുപ്പക്കാരനെ സഹായിക്കാനായേക്കും.

മത്സരിയായ നിങ്ങളുടെ കുട്ടിയെ ക്രിസ്‌തീയ ഇടയന്മാർ ബുദ്ധിയുപദേശിക്കേണ്ട ഒരു സാഹചര്യം സംജാതമാകുമ്പോൾ ശിക്ഷണം ലഭിക്കാതെ കുട്ടിയെ എങ്ങനെയും സംരക്ഷിക്കണമെന്ന തോന്നൽ നിങ്ങൾക്കുണ്ടായേക്കാം. എന്നാൽ, അപ്രകാരം ചെയ്യുന്നത്‌ തീർത്തും ബുദ്ധിമോശമായിരിക്കും. “അവനോടു [പിശാചിനോട്‌] എതിർത്തു നില്‌പിൻ” എന്നാണു പത്രൊസ്‌ പറയുന്നത്‌​—⁠ക്രിസ്‌തീയ ഇടയന്മാരോടല്ല.​—⁠1 പത്രൊസ്‌ 5:⁠9.

കടുത്ത ശിക്ഷണനടപടി കൈക്കൊള്ളുമ്പോൾ

നിങ്ങളുടെ കുട്ടി തെറ്റു ചെയ്‌തതിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത സ്‌നാപനമേറ്റ ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ കടുത്ത ശിക്ഷണ നടപടിക്കു വിധേയനായേക്കാം, അതായത്‌ സഭയിൽനിന്നു പുറത്താക്കപ്പെട്ടേക്കാം. തുടർന്ന്‌ അവനുമായി എത്രത്തോളം സംസർഗം ആകാം എന്നത്‌ പ്രായത്തെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

കുട്ടി നിങ്ങളോടൊപ്പം താമസിക്കുന്ന, പ്രായപൂർത്തിയെത്താത്ത ഒരുവനാണെങ്കിൽ സ്വാഭാവികമായും നിങ്ങൾ അവന്റെ ശാരീരികാവശ്യങ്ങൾ നിറവേറ്റുന്നതിൽ തുടരും. ധാർമിക പരിശീലനവും ശിക്ഷണവും അവന്‌ ആവശ്യമായിരിക്കുന്നതിനാൽ അതു നൽകാനുള്ള ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്‌. (സദൃശവാക്യങ്ങൾ 1:8-18; 6:20-22; 29:17) അവനു മാത്രമായി ഒരു ബൈബിളധ്യയനം നടത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. വ്യത്യസ്‌ത തിരുവെഴുത്തുകളിലേക്കും “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലേക്കും അവന്റെ ശ്രദ്ധതിരിക്കുക. (മത്തായി 24:​45, NW) നിങ്ങൾക്ക്‌ അവനെ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ കൂട്ടിക്കൊണ്ടു പോകാവുന്നതാണ്‌, അവൻ നിങ്ങളുടെ അടുത്തുതന്നെ ഇരിക്കട്ടെ. അവൻ തിരുവെഴുത്ത്‌ ബുദ്ധിയുപദേശങ്ങൾ ഗൗരവമായി എടുക്കുമെന്ന പ്രതീക്ഷയോടെ വേണം ഇതെല്ലാം ചെയ്യാൻ.

പുറത്താക്കപ്പെട്ട മകൻ, പ്രായപൂർത്തിയായി വീട്ടിൽനിന്നു മാറിത്താമസിക്കുന്ന ആളാണെങ്കിൽ സാഹചര്യം വ്യത്യസ്‌തമാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ കൊരിന്ത്യ ക്രിസ്‌ത്യാനികളെ ഇവ്വിധം ഉദ്‌ബോധിപ്പിക്കുകയുണ്ടായി: “എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്‌ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു.” (1 കൊരിന്ത്യർ 5:11) ഒഴിച്ചുകൂടാനാവാത്ത കുടുംബ കാര്യങ്ങൾ നിർവഹിക്കുമ്പോൾ വന്നേക്കാവുന്ന സംസർഗം ഒഴികെ പുറത്താക്കപ്പെട്ടവനുമായുള്ള അനാവശ്യമായ മറ്റെല്ലാ സഹവാസങ്ങളും ഒഴിവാക്കാൻ ക്രിസ്‌തീയ മാതാപിതാക്കൾ ശ്രമിക്കണം.

കുറ്റക്കാരനായ ഒരു കുട്ടിയുടെമേൽ ക്രിസ്‌തീയ ഇടയന്മാർ ശിക്ഷണനടപടികൾ കൈക്കൊള്ളുമ്പോൾ മാതാപിതാക്കളായ നിങ്ങൾ അത്‌ നിരസിക്കുകയോ ആ ബൈബിളധിഷ്‌ഠിത നടപടിയുടെ ഗൗരവം കുറച്ചുകാണുകയോ ചെയ്യാൻ ശ്രമിക്കുന്നത്‌ തീർത്തും ബുദ്ധിശൂന്യമായിരിക്കും. മത്സരിയായ കുട്ടിയുടെ പക്ഷം ചേരുന്നത്‌ ഒരുതരത്തിലും അവന്‌ പിശാചിൽനിന്നുള്ള ഒരു യഥാർഥ സംരക്ഷണം ആയിരിക്കില്ല. വാസ്‌തവത്തിൽ, നിങ്ങൾ അതുവഴി സ്വന്തം ആത്മീയ ആരോഗ്യത്തെത്തന്നെ അപകടത്തിലാക്കുകയാണ്‌. അതിനുപകരം, ഇടയന്മാരുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമ്പോൾ നിങ്ങൾതന്നെ “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി” നിലനിൽക്കും, കുട്ടിക്ക്‌ ഉത്തമ സഹായം ലഭ്യമാക്കാനും നിങ്ങൾക്കാകും.​—⁠1 പത്രൊസ്‌ 5:⁠9.

യഹോവ നിങ്ങളെ പുലർത്തും

നിങ്ങളുടെ കുട്ടി ഒരു മത്സരിയായിത്തീർന്നിട്ടുണ്ടെങ്കിൽ, ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല എന്നതു ഓർമിക്കുക. മറ്റു ക്രിസ്‌തീയ മാതാപിതാക്കൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്‌. നാം അഭിമുഖീകരിക്കുന്ന പരിശോധനകൾ എന്തുതന്നെയായിരുന്നാലും യഹോവയ്‌ക്കു നമ്മെ പുലർത്താനാകും.​—⁠സങ്കീർത്തനം 68:19.

പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. ക്രിസ്‌തീയ സഭയോടൊത്തു ക്രമമായി സഹവസിക്കുക. നിയമിത ഇടയന്മാരുടെ ശിക്ഷണത്തെ പിന്തുണയ്‌ക്കുക. അപ്രകാരം ചെയ്യുന്നത്‌ അചഞ്ചലരായി നിലകൊള്ളാൻ നിങ്ങളെ സഹായിക്കും. കൂടാതെ, യഹോവയിലേക്കു തിരിയാനുള്ള അവന്റെ സ്‌നേഹനിർഭരമായ ക്ഷണത്തോടു പ്രതികരിക്കാൻ നിങ്ങളുടെ നല്ല മാതൃക കുട്ടിയെ സഹായിക്കുകയും ചെയ്‌തേക്കാം.​—⁠മലാഖി 3:6, 7.

[18-ാം പേജിലെ ചിത്രങ്ങൾ]

പ്രാർഥനയിലൂടെയും ക്രിസ്‌തീയ സഭയിൽനിന്നും ശക്തിയാർജിക്കുക