വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ അതുല്യമായ സൗരയൂഥം യാദൃച്ഛികതയുടെ ഫലമോ?

നമ്മുടെ അതുല്യമായ സൗരയൂഥം യാദൃച്ഛികതയുടെ ഫലമോ?

നമ്മുടെ അതുല്യമായ സൗരയൂഥം യാദൃച്ഛികതയുടെ ഫലമോ?

പ്രപഞ്ചത്തിൽ നമ്മുടെ സൗരയൂഥത്തിന്റെ സ്ഥാനം സവിശേഷമാക്കുന്നതിൽ അനേക ഘടകങ്ങൾ പങ്കുവഹിച്ചിരിക്കുന്നു. ക്ഷീരപഥത്തിന്റെ രണ്ടു സർപ്പിള കരങ്ങൾക്കിടയിൽ താരതമ്യേന കുറച്ചു നക്ഷത്രങ്ങളുള്ള ഒരു ഭാഗത്താണു നമ്മുടെ സൗരയൂഥം സ്ഥിതിചെയ്യുന്നത്‌. രാത്രികാലങ്ങളിൽ നമ്മൾ കാണുന്ന മിക്കവാറും എല്ലാ നക്ഷത്രങ്ങളും നമ്മിൽനിന്നു വളരെ അകലെയുള്ളവയാണ്‌. ഏറ്റവും വലിയ ദൂരദർശിനികളിലൂടെ നോക്കുമ്പോൾപ്പോലും മിന്നുന്ന ഒരു ബിന്ദു എന്നതിൽ കവിഞ്ഞ്‌ ഒന്നുമല്ല അവ. നമ്മുടെ സൗരയൂഥം അങ്ങനെയൊരു സ്ഥലത്തായിരിക്കുന്നത്‌ ഉത്തമമാണോ?

നമ്മുടെ സൗരയൂഥം ക്ഷീരപഥ കേന്ദ്രത്തോടടുത്ത്‌ ആയിരുന്നെങ്കിൽ, നക്ഷത്രങ്ങളുടെ അതിബാഹുല്യം നിമിത്തമുണ്ടാകുന്ന ദോഷഫലങ്ങൾ നമ്മെ ബാധിക്കുമായിരുന്നു. ഉദാഹരണത്തിന്‌, മനുഷ്യജീവിതം താറുമാറാക്കുംവിധം ഭൂമിയുടെ ഭ്രമണപഥം ക്രമരഹിതമായിത്തീരുമായിരുന്നു. ഇതു കൂടാതെ, മാരകമായ വികിരണങ്ങൾ, നക്ഷത്ര വിസ്‌ഫോടനത്തിന്റെ അപകടങ്ങൾ, വാതകമേഘങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന അതിതപനം എന്നിവപോലുള്ള മറ്റു പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ ഇവയെല്ലാം ഒഴിവാക്കാൻ പറ്റുന്ന ഏറ്റവും ഉത്തമമായ സ്ഥാനത്താണു നമ്മുടെ സൗരയൂഥം നിലകൊള്ളുന്നത്‌.

നമ്മുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ നക്ഷത്രമാണു സൂര്യൻ. കോടിക്കണക്കിനു വർഷങ്ങളായി അത്‌ ഒരേ തോതിൽ കത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ വലിപ്പവും അത്‌ ഉത്‌പാദിപ്പിക്കുന്ന ചൂടും ഭൗമജീവിതത്തിന്‌ ഏറ്റവും യോജിച്ചതാണ്‌. നമ്മുടെ ഗാലക്‌സിയിലെ ബഹുഭൂരിപക്ഷം നക്ഷത്രങ്ങളും സൂര്യനെ അപേക്ഷിച്ചു വളരെ ചെറുതാണ്‌. ഭൂമിപോലുള്ള ഒരു ഗ്രഹത്തിൽ ജീവൻ നിലനിൽക്കുന്നതിന്‌ അനിവാര്യമായ തരം വെളിച്ചം പുറപ്പെടുവിക്കാനോ കൃത്യ അളവിലുള്ള താപം ഉത്‌പാദിപ്പിക്കാനോ ഇവയ്‌ക്കു കഴിയില്ല. ഇതു കൂടാതെ, മിക്ക നക്ഷത്രങ്ങളും ഒന്നോ അതിലധികമോ നക്ഷത്രങ്ങളുമായി ഗുരുത്വാകർഷണത്താൽ ബന്ധപ്പെട്ടിരിക്കുകയും പരസ്‌പരം ഭ്രമണം ചെയ്യുകയും ചെയ്യുന്നു. ഇതിനു വിപരീതമായി, നമ്മുടെ സൂര്യൻ സ്വതന്ത്രനാണ്‌. രണ്ടോ അതിലധികമോ സൂര്യന്മാരുടെ ഗുരുത്വാകർഷണ ബലവുമായി മല്ലടിക്കേണ്ടി വന്നിരുന്നെങ്കിൽ നമ്മുടെ സൗരയൂഥത്തിന്റെ സ്ഥിരതയെ അതു കാര്യമായി ബാധിക്കുമായിരുന്നു.

ഏതാണ്ട്‌ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തോടുകൂടിയ ഭീമൻ പുറഗ്രഹങ്ങളുടെ സ്ഥാനമാണു നമ്മുടെ സൗരയൂഥത്തെ അനുപമമാക്കുന്ന മറ്റൊരു സംഗതി. അകഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഭൗമഗ്രഹങ്ങൾക്ക്‌ പുറഗ്രഹങ്ങളുടെ ഗുരുത്വാകർഷണം യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ല. * മറിച്ച്‌, അപകടകാരികളായ വസ്‌തുക്കളെ വലിച്ചെടുത്തുകൊണ്ടോ അവയുടെ ദിശമാറ്റിവിട്ടുകൊണ്ടോ പുറഗ്രഹങ്ങൾ ഒരു സംരക്ഷണമായി വർത്തിക്കുന്നു. അപൂർവ ഭൂമി​—⁠പ്രപഞ്ചത്തിൽ സങ്കീർണ ജീവരൂപങ്ങൾ അസാധാരണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌ (ഇംഗ്ലീഷ്‌) എന്ന തങ്ങളുടെ പുസ്‌തകത്തിൽ ശാസ്‌ത്രജ്ഞന്മാരായ പീറ്റർ ഡി. വാർഡും ഡൊണാൾഡ്‌ ബ്രൗൺലിയും ഇങ്ങനെ എഴുതി: “കുട്ടിഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും നമ്മെ വന്നിടിക്കുന്നുണ്ട്‌. എന്നാൽ കൂടിയ അളവിൽ അങ്ങനെ സംഭവിക്കാത്തതിനു കാരണം വ്യാഴംപോലെ അങ്ങു ദൂരെ സ്ഥിതിചെയ്യുന്ന വാതകാവസ്ഥയിലുള്ള ഭീമൻഗ്രഹങ്ങൾ ഉള്ളതുകൊണ്ടാണ്‌.” ഭീമൻഗ്രഹങ്ങളുള്ള മറ്റു സൗരയൂഥങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ ഇത്തരം ഭീമൻഗ്രഹങ്ങളിൽ മിക്കവയുടെയും ഭ്രമണപഥം ഭൂമിപോലുള്ള ചെറിയ ഗ്രഹങ്ങളെ അപകടപ്പെടുത്തുന്ന വിധത്തിലുള്ളതാണ്‌.

ചന്ദ്രന്റെ പങ്ക്‌

ചന്ദ്രൻ മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. കവികളുടെയും സംഗീതജ്ഞരുടെയും ഭാവനയെ അത്‌ തൊട്ടുണർത്തിയിരിക്കുന്നു. ഉദാഹരണത്തിന്‌ ഒരു പുരാതന എബ്രായ കവി ചന്ദ്രനെ വർണിച്ചത്‌ ‘അത്‌ ആകാശത്തിലെ വിശ്വസ്‌തസാക്ഷിയെപ്പോലെ എന്നേക്കും സ്ഥിരമായിരിക്കും’ എന്നാണ്‌.​—⁠സങ്കീർത്തനം 89:37.

ഭൂമിയിലെ ജീവനെ അതു സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിധങ്ങളിലൊന്ന്‌, അതിന്റെ ഗുരുത്വാകർഷണംമൂലം ഉണ്ടാകുന്ന വേലിയേറ്റ-വേലിയിറക്കങ്ങളാണ്‌. ഈ വേലിയേറ്റ-വേലിയിറക്കങ്ങളാണു വ്യത്യസ്‌ത കാലാവസ്ഥയ്‌ക്കു നിർണായകമായിരിക്കുന്ന സമുദ്രജല പ്രവാഹങ്ങൾക്കു നിദാനമായിരിക്കുന്നതെന്നു കരുതപ്പെടുന്നു.

ഗുരുത്വാകർഷണ ബലം ഉപയോഗിച്ച്‌ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ്‌ നിലനിറുത്തുകയെന്നതാണു ചന്ദ്രൻ നിർവഹിക്കുന്ന മറ്റൊരു പ്രധാന ധർമം. ശാസ്‌ത്രപത്രിക ആയ നേച്ചർ പറയുന്നതനുസരിച്ച്‌, ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ്‌ വളരെക്കാലംകൊണ്ട്‌ “ഏകദേശം 0 [ഡിഗ്രി] മുതൽ 85 [ഡിഗ്രി] വരെ”യുള്ള മാറ്റങ്ങൾക്കു വിധേയമാകുമായിരുന്നു. ഒരു നിമിഷം, ഭൂമിയുടെ അച്ചുതണ്ടിന്‌ ആ ചെരിവില്ലായിരുന്നു എന്നു ചിന്തിക്കുക! വൈവിധ്യമാർന്ന ഋതുക്കൾ നഷ്ടമാകുന്നതു കൂടാതെ മഴയുടെ കുറവും അനുഭവപ്പെടുമായിരുന്നു. നമ്മുടെ ജീവിതം അസാധ്യമാക്കുംവിധം ഭൂമിയിലെ താപനില ഉയരാതിരിക്കുന്നത്‌ ആ ചെരിവു മൂലമാണ്‌. ജ്യോതിശ്ശാസ്‌ത്രജ്ഞനായ സാക്ക്‌ ലസ്‌കറിന്റെ അഭിപ്രായത്തിൽ, “ഇന്നത്തെ കാലാവസ്ഥയ്‌ക്കു സ്ഥിരത നൽകുന്നതു ചന്ദ്രന്റെ സാന്നിധ്യമാണ്‌.” മേൽപ്പറഞ്ഞ ധർമം നിർവഹിക്കാൻ ചന്ദ്രനെ സഹായിക്കുന്നത്‌ അതിന്റെ വലിപ്പമാണ്‌. ഭൂമിയുടെയും ചന്ദ്രന്റെയും വലിപ്പത്തിലുള്ള അനുപാതം ഭീമൻഗ്രഹങ്ങളും അവയുടെ ചന്ദ്രന്മാരുമായുള്ള അനുപാതത്തെക്കാൾ വലുതാണ്‌.

ബൈബിൾ പുസ്‌തകമായ ഉല്‌പത്തിയുടെ എഴുത്തുകാരൻ സൂചിപ്പിച്ചതുപോലെ, രാത്രിയിൽ പ്രകാശം ചൊരിയുക എന്നതും ഈ ഉപഗ്രഹത്തിന്റെ ധർമമാണ്‌.​—⁠ഉല്‌പത്തി 1:16.

യാദൃച്ഛികമായി സംഭവിച്ചതോ ഉദ്ദേശ്യത്തോടെ രൂപകൽപ്പന ചെയ്‌തതോ?

ഭൂമിയിൽ ജീവിതം സാധ്യമാക്കുക മാത്രമല്ല ആസ്വാദ്യവുമാക്കത്തക്ക വിധത്തിൽ അനേക ഘടകങ്ങൾ ഒത്തുചേർന്നതിനെ ഒരാൾ എങ്ങനെ ആയിരിക്കും വിശദീകരിക്കുക? രണ്ടു സാധ്യതകളാണു നാം കാണുന്നത്‌. ഒന്ന്‌, ഈ യാഥാർഥ്യങ്ങളെല്ലാം ലക്ഷ്യമില്ലാതെ, യാദൃച്ഛികമായി സംഭവിച്ചു. രണ്ട്‌, ഇതിന്റെയെല്ലാം പിന്നിൽ ബുദ്ധിപൂർവകമായ ഉദ്ദേശ്യമുണ്ട്‌.

പ്രപഞ്ചം ഒരു സ്രഷ്ടാവിനാൽ​—⁠സർവശക്തനായ ദൈവത്താൽ​—⁠രൂപകൽപ്പനചെയ്‌തു സൃഷ്ടിക്കപ്പെട്ടതാണെന്നു സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ തിരുവെഴുത്തുകൾ രേഖപ്പെടുത്തി. അതു സത്യമാണെങ്കിൽ, നമ്മുടെ സൗരയൂഥത്തിന്റെ സവിശേഷതകൾ യാദൃച്ഛികതയുടെ ഫലമല്ല മറിച്ച്‌ ഉദ്ദേശ്യപൂർണമായ ഒരു രൂപകൽപ്പനയുടെ തെളിവാണ്‌. ഭൂമിയിൽ ജീവൻ സാധ്യമാക്കാൻ താൻ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള ഒരു ലിഖിത രേഖ സ്രഷ്ടാവ്‌ നമുക്കു തന്നിട്ടുണ്ട്‌. ഈ രേഖയ്‌ക്ക്‌ ഏകദേശം 3,500 വർഷം പഴക്കമുണ്ടെങ്കിലും, പ്രപഞ്ച ചരിത്രത്തോടുള്ള ബന്ധത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു ശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്ന കാര്യങ്ങളുമായി ഇത്‌ അടിസ്ഥാനപരമായി യോജിപ്പിലാണെന്നുള്ളതു നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ബൈബിൾ പുസ്‌തകമായ ഉല്‌പത്തിയിൽ ഈ രേഖ കാണാൻ കഴിയും. അത്‌ എന്താണു പറയുന്നതെന്നു പരിചിന്തിക്കാം.

ഉല്‌പത്തി പുസ്‌തകത്തിലെ സൃഷ്ടി വിവരണം

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്‌പത്തി 1:1) ബൈബിളിന്റെ ഈ പ്രാരംഭ വാക്കുകൾ നമ്മുടെ പ്രപഞ്ചത്തിന്റെ​—⁠നമ്മുടെ ഗ്രഹം ഉൾപ്പെടെയുള്ള സൗരയൂഥത്തിന്റെയും അതുപോലെ ശതകോടിക്കണക്കിനു ഗാലക്‌സികളിലുള്ള നക്ഷത്രങ്ങളുടെയും​—⁠സൃഷ്ടിയെ പരാമർശിക്കുന്നു. ഭൂമിയുടെ ഉപരിതലം ഒരിക്കൽ “പാഴായും ശൂന്യമായും ഇരുന്നു” എന്നു ബൈബിൾ പറയുന്നു. ഭൂഖണ്ഡങ്ങളോ ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ അടുത്തവാക്യം, ഒരു ഗ്രഹത്തിൽ ജീവൻ നിലനിറുത്താൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നു ശാസ്‌ത്രജ്ഞന്മാർ പറയുന്ന ജലത്തിന്റെ സുലഭതയെക്കുറിച്ചു പറയുന്നു. ദൈവത്തിന്റെ ആത്മാവ്‌ “വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു” എന്ന്‌ ആ വാക്യത്തിൽ പറഞ്ഞിരിക്കുന്നു.​—⁠ഉല്‌പത്തി 1:⁠2.

ഗ്രഹോപരിതലത്തിലെ ജലം ദ്രാവകാവസ്ഥയിൽ തുടരണമെങ്കിൽ ഒരു ഗ്രഹം അതിന്റെ സൂര്യനിൽനിന്നു ശരിയായ അകലത്തിൽ ആയിരിക്കണം. ഗ്രഹങ്ങളെക്കുറിച്ചു പഠിക്കുന്ന ആൻഡ്രൂ ഇംഗർസോൾ എന്ന ശാസ്‌ത്രജ്ഞൻ വിശദീകരിക്കുന്നതനുസരിച്ച്‌ “ചൊവ്വയിൽ ഭയങ്കര തണുപ്പാണ്‌, ശുക്രനിൽ ഭയങ്കര ചൂടും. ഭൂമിയിലാകട്ടെ ഇവ രണ്ടും തികച്ചും അനുയോജ്യമായ അളവിലാണ്‌.” അതുപോലെ, വെളിച്ചം പര്യാപ്‌തമായിട്ടുണ്ടെങ്കിലേ സസ്യങ്ങളുടെ വളർച്ച സാധ്യമാകൂ. ഒരു കുഞ്ഞിനെ പൊതിയുന്ന “ചുറ്റാട”പോലെ സമുദ്രത്തെ ആവരണം ചെയ്‌തിരുന്ന കാർമേഘങ്ങളിലൂടെ പ്രകാശ രശ്‌മികൾ കടന്നുവരാൻ സൃഷ്ടിപ്രക്രിയയുടെ പ്രാരംഭ ഘട്ടത്തിൽ ദൈവം ഇടയാക്കി എന്നു ബൈബിൾ വിവരണം പറയുന്നതു ശ്രദ്ധേയമാണ്‌.​—⁠ഇയ്യോബ്‌ 38:4, 9; ഉല്‌പത്തി 1:3-5.

ഉല്‌പത്തിയുടെ അടുത്ത വാക്യങ്ങളിൽ, ദൈവം “ഒരു വിതാനം” സൃഷ്ടിച്ചതായി നാം വായിക്കുന്നു. (ഉല്‌പത്തി 1:6-8) ഈ വിതാനത്തിൽ വാതകങ്ങൾ നിറച്ചു; അങ്ങനെ ഭൂമിയുടെ അന്തരീക്ഷം ഉളവായി.

ഭൂമിയുടെ രൂപരഹിതമായിരുന്ന ഉപരിതലത്തിൽനിന്ന്‌ ദൈവം ഉണങ്ങിയ നിലം ഉണ്ടാക്കിയതായി ബൈബിൾ തുടർന്നു വിശദീകരിക്കുന്നു. (ഉല്‌പത്തി 1:9, 10) ഭൂവൽക്കം വിഘടിച്ച്‌ അകന്നുമാറാൻ അവൻ ഇടയാക്കിയെന്നുവേണം കരുതാൻ. അതിന്റെ ഫലമായി ആഴമുള്ള ഗർത്തങ്ങൾ രൂപംകൊണ്ടിരിക്കാം. കൂടാതെ, സമുദ്രത്തിൽനിന്നു ഭൂഖണ്ഡങ്ങൾ തെളിഞ്ഞുവരികയും ചെയ്‌തു.​—⁠സങ്കീർത്തനം 104:6-8.

ദൈവം എപ്പോഴോ അതിസൂക്ഷ്‌മ ആൽഗകളെ സമുദ്രത്തിൽ സൃഷ്ടിച്ചു. സ്വയം പുനരുത്‌പാദനം നടത്തുന്ന ഈ ഏകകോശ ജീവികൾ സൂര്യനിൽനിന്നുള്ള ഊർജം ഉപയോഗിച്ചുകൊണ്ട്‌ കാർബൺ ഡൈ ഓക്‌സൈഡിനെ ആഹാരമാക്കി മാറ്റുകയും ഓക്‌സിജനെ അന്തരീക്ഷത്തിലേക്കു പുറന്തള്ളുകയും ചെയ്‌തു. ഈ അത്ഭുത പ്രക്രിയ, സൃഷ്ടിയുടെ മൂന്നാം കാലഘട്ടത്തിൽ സസ്യജാലങ്ങളുടെ സൃഷ്ടിയോടെ ത്വരിതഗതിയിലായി. പിന്നീട്‌ സസ്യങ്ങൾ കരയാകെ നിറഞ്ഞപ്പോൾ അന്തരീക്ഷത്തിലുള്ള ഓക്‌സിജന്റെ അളവും വർധിച്ചു, അതു മനുഷ്യർക്കും മൃഗങ്ങൾക്കും ശ്വാസോച്ഛ്വാസം ചെയ്‌തുകൊണ്ട്‌ ജീവിക്കാനുള്ള വഴിയൊരുക്കി.​—⁠ഉല്‌പത്തി 1:11, 12.

കരപ്രദേശം ‘ഫലഭൂയിഷ്‌ഠമാക്കുന്നതിനു’ മണ്ണിൽ അതിസൂക്ഷ്‌മ ജീവികൾ വളരാൻ സ്രഷ്ടാവ്‌ ഇടയാക്കി. (യിരെമ്യാവു 51:​15, NW) ഈ ചെറു ജീവികൾ നിർജീവ വസ്‌തുക്കളെ വിഘടിപ്പിച്ച്‌, സസ്യങ്ങൾക്കു വളരാൻ ആവശ്യമായ മൂലകങ്ങളെ പുനഃപര്യയനം ചെയ്യുന്നു. മണ്ണിൽ വളരുന്ന പ്രത്യേകതരം ബാക്ടീരിയകൾ അന്തരീക്ഷത്തിൽനിന്നു ജീവത്‌പ്രധാന മൂലകമായ നൈട്രജൻ വലിച്ചെടുത്ത്‌ സസ്യങ്ങൾക്കു ലഭ്യമാക്കുന്നു. അത്ഭുതമെന്നുതന്നെ പറയാം, ഫലഭൂയിഷ്‌ഠമായ ഒരു പ്രദേശത്തുനിന്നുള്ള ഒരുപിടി മണ്ണിൽ അറുനൂറുകോടി അതിസൂക്ഷ്‌മ ജീവികളെ കാണാനായേക്കും.

സൃഷ്ടിയുടെ നാലാം കാലഘട്ടത്തിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയതായി ഉല്‌പത്തി 1:14-19 വിവരിക്കുന്നു. നാം ഇതുവരെ കണ്ട തിരുവെഴുത്തു വിശദീകരണങ്ങൾക്കു വിരുദ്ധമാണ്‌ ഇതെന്നു പെട്ടെന്നു തോന്നിയേക്കാം. എന്നാൽ മനസ്സിൽപ്പിടിക്കേണ്ട സംഗതി, ആ സമയത്ത്‌ ഭൂമിയിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എങ്ങനെ ആയിരിക്കുമോ കാര്യങ്ങൾ കാണുമായിരുന്നത്‌ ആ വിധത്തിലാണ്‌ ഉല്‌പത്തിയുടെ എഴുത്തുകാരനായ മോശെ സൃഷ്ടിപ്പിൻ വിവരണം എഴുതിയത്‌ എന്നാണ്‌. വ്യക്തമായും, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാനായത്‌ ആ സമയത്താണ്‌.

സമുദ്രജീവികൾ സൃഷ്ടിയുടെ അഞ്ചാം കാലഘട്ടത്തിലും കരയിൽ ജീവിക്കുന്നവയും മനുഷ്യനും ആറാമത്തേതിലും പ്രത്യക്ഷമായി എന്ന്‌ ഉല്‌പത്തി വിവരണം പറയുന്നു.​—⁠ഉല്‌പത്തി 1:20-31.

ഭൂമി​—⁠ജീവിതം ആസ്വദിക്കാനായി സൃഷ്ടിക്കപ്പെട്ടത്‌

ഉല്‌പത്തി പുസ്‌തകത്തിൽ വിവരിക്കുന്നതുപോലെ, ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ മനുഷ്യനു ജീവിതം ആസ്വദിക്കുന്നതിനു വേണ്ടിയാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? ഒരു സുപ്രഭാതത്തിൽ ഉന്മേഷഭരിതനായി എഴുന്നേറ്റു വരുമ്പോൾ ജീവൻ എന്ന അനുഗ്രഹത്തെപ്രതി നിങ്ങൾ ആനന്ദിക്കാറില്ലേ? മനോജ്ഞമായ ഒരു ഉദ്യാനത്തിലൂടെ നടന്ന്‌ പുഷ്‌പങ്ങളുടെ സൗരഭ്യവും സൗകുമാര്യവും നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ ഒരു ഫലവൃക്ഷത്തോപ്പിലൂടെ നടന്ന്‌ രുചികരമായ പഴങ്ങൾ നിങ്ങൾ പറിച്ചുതിന്നിട്ടുണ്ടാകാം. ഹൃദ്യമായ ഈ അനുഭവങ്ങളെല്ലാം സാധ്യമാക്കിത്തീർക്കുന്നത്‌ താഴെപ്പറയുന്ന സംഗതികളാണ്‌: (1) ഭൂമിയിലെ ജലസമ്പത്ത്‌, (2) സൂര്യനിൽനിന്നു ലഭിക്കുന്ന കൃത്യ അളവിലുള്ള ചൂടും വെളിച്ചവും, (3) വാതകങ്ങൾ കൃത്യമായ അനുപാതത്തിൽ ഒത്തുചേർന്നിരിക്കുന്ന അന്തരീക്ഷം, (4) ഫലഭൂയിഷ്‌ഠമായ മണ്ണ്‌.

ചൊവ്വ, ശുക്രൻ, അതുപോലെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ ഇവയിലൊന്നും കാണാനാവാത്ത ഈ സവിശേഷതകൾ, യാദൃച്ഛികതയുടെ ഫലമല്ല. മറിച്ച്‌, ഭൂമിയിലെ ജീവിതം ആസ്വാദ്യമാക്കുന്നതിനുവേണ്ടി സൂക്ഷ്‌മതയോടെ രൂപപ്പെടുത്തിയതാണ്‌. നമ്മുടെ ഭൂമി എന്നേക്കും നിലനിൽക്കാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നും ബൈബിൾ പറയുന്നു. അടുത്ത ലേഖനം ആ വിഷയം ചർച്ചചെയ്യുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 നമ്മുടെ സൗരയൂഥത്തിലെ നാല്‌ അകഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയ്‌ക്കു ശിലാരൂപത്തിലുള്ള പുറംതോടുള്ളതുകൊണ്ട്‌ അവയെ ഭൗമഗ്രഹങ്ങൾ എന്നു വിളിക്കുന്നു. ഭീമകാരന്മാരായ പുറഗ്രഹങ്ങൾ അതായത്‌ വ്യാഴം, ശനി, യുറാനസ്‌, നെപ്‌റ്റ്യൂൺ എന്നിവ വാതകാവസ്ഥയിൽ ഉള്ളവയാണ്‌.

[6-ാം പേജിലെ ചതുരം]

“ഭൂമിയുടെ ഉൽപ്പത്തിയെയും അതിൽ ജീവൻ വികാസം പ്രാപിച്ചതിനെയും പറ്റിയുള്ള ആധുനിക ആശയങ്ങൾ ഉല്‌പത്തി പുസ്‌തകം ആർക്കുവേണ്ടി എഴുതപ്പെട്ടുവോ അത്തരം സാധാരണക്കാരായ ആളുകളോടു ഹ്രസ്വമായി വിശദീകരിക്കാൻ ഒരു ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനെന്നനിലയിൽ എന്നോട്‌ ആവശ്യപ്പെടുകയാണെങ്കിൽ ഉല്‌പത്തി പുസ്‌തകം ഒന്നാം അധ്യായം ഏതാണ്ട്‌ അതേപടി പറയുക എന്നതിൽ കവിഞ്ഞ്‌ ഒന്നും ചെയ്യാൻ എനിക്കാവില്ല.” ​—⁠ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനായ വാലസ്‌ പ്രാറ്റ്‌.

[7-ാം പേജിലെ ചതുരം/ചിത്രം]

ജ്യോതിശ്ശാസ്‌ത്രവും സൗരയൂഥത്തിന്റെ സ്ഥാനവും

നമ്മുടെ ഗാലക്‌സിയിൽ സൂര്യന്റെ സ്ഥാനം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ നമുക്കു നക്ഷത്രങ്ങളെ ഇത്ര നന്നായി കാണാൻ സാധിക്കില്ലായിരുന്നു. അതുല്യമായ ഗ്രഹം എന്ന പുസ്‌തകം ഇങ്ങനെ വിശദീകരിക്കുന്നു: “[നമ്മുടെ ഗാലക്‌സിയുടെ] പ്രകാശതീവ്രത ഏറെയുള്ള, പൊടിപടലങ്ങൾ നിറഞ്ഞ, ഭാഗങ്ങളിൽനിന്നു വളരെ അകലെയാണു നമ്മുടെ സൗരയൂഥം. അതുകൊണ്ടുതന്നെ സമീപത്തുള്ള നക്ഷത്രങ്ങളുടെയും വിദൂര പ്രപഞ്ചത്തിന്റെയും ഒരു ആകമാന വീക്ഷണം സാധ്യമായിത്തീരുന്നു.”

ചന്ദ്രന്റെ വലിപ്പവും ഭൂമിയിൽനിന്നുള്ള അതിന്റെ അകലവും സൂര്യഗ്രഹണ സമയത്ത്‌ സൂര്യനെ പൂർണമായി മറയ്‌ക്കാൻ പര്യാപ്‌തമാണ്‌. വിസ്‌മയകരമായ ഈ സംഗതികൾ സൂര്യനെക്കുറിച്ചു പഠിക്കാൻ ജ്യോതിശ്ശാസ്‌ത്രജ്ഞരെ പ്രാപ്‌തരാക്കുന്നു. മിന്നും താരങ്ങളുടെ രഹസ്യങ്ങളുടെ കലവറ തുറക്കാൻ ഇത്തരം പഠനങ്ങൾ അവരെ സഹായിച്ചിട്ടുണ്ട്‌.

[5-ാം പേജിലെ ചിത്രം]

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിനു സ്ഥിരത പ്രദാനം ചെയ്യാനാകുംവിധം വലിപ്പമുള്ളതാണ്‌ ചന്ദ്രൻ

[7-ാം പേജിലെ ചിത്രങ്ങൾ]

ഭൂമിയിൽ ജീവൻ സാധ്യമാക്കുന്ന ഘടകങ്ങൾ​—⁠ജലസമ്പത്ത്‌, ശരിയായ അളവിലുള്ള ചൂടും വെളിച്ചവും, അന്തരീക്ഷം, ഫലഭൂയിഷ്‌ഠമായ മണ്ണ്‌

[കടപ്പാട്‌]

ഭൂഗോളം: Based on NASA Photo; ഗോതമ്പുചെടി: Pictorial Archive (Near Eastern History) Est.