വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വശ്യസുന്ദര ഭൂമിയിലെ ജീവിതം ആസ്വദിക്കൂ

വശ്യസുന്ദര ഭൂമിയിലെ ജീവിതം ആസ്വദിക്കൂ

വശ്യസുന്ദര ഭൂമിയിലെ ജീവിതം ആസ്വദിക്കൂ

അനന്ത വിശാലമായ ഈ പ്രപഞ്ചത്തിലെ വെറുമൊരു പൊട്ടു മാത്രമാണു മനുഷ്യന്റെ ഭവനമെന്നു ജ്യോതിശ്ശാസ്‌ത്രജ്ഞന്മാർ പറയുന്നു. ഭൗതികപ്രപഞ്ചത്തിൽ വേറൊരിടത്തും ജീവൻ കണ്ടെത്താനായിട്ടില്ല. നമ്മുടെ ഗ്രഹമായ ഭൂമിയിൽ മാത്രമാണു ജീവന്റെ നിലനിൽപ്പിന്‌ അനുയോജ്യമായ സാഹചര്യങ്ങൾ ഉള്ളത്‌.

എന്നാൽ അതു മാത്രമല്ല, ഈ മനോഹര ഗോളത്തിൽ ജീവിതം ആസ്വദിക്കാനും നമുക്കു സാധിക്കും. ഒരു തണുത്ത പ്രഭാതത്തിൽ ഇളം വെയിലേൽക്കുന്നത്‌ എത്ര ഉന്മേഷപ്രദമാണ്‌! സൂര്യോദയത്തിന്റെയും സൂര്യാസ്‌തമയത്തിന്റെയും മനോഹാരിതയിൽ ആകൃഷ്ടരാകാത്തവർ ആരുണ്ട്‌? എന്നാൽ നമ്മുടെ ഇന്ദ്രിയങ്ങൾക്ക്‌ അനുഭൂതി പകരുന്നതിലുപരിയായി നമ്മുടെ നിലനിൽപ്പുതന്നെ സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്‌.

ദശലക്ഷക്കണക്കിനു വർഷങ്ങളായി, സൂര്യന്റെ ഗുരുത്വാകർഷണം ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും സ്ഥിരമായ ഭ്രമണപഥത്തിൽ പിടിച്ചുനിറുത്തിയിരിക്കുന്നു. വിദ്യാർഥികൾ സ്‌കൂളിൽ പഠിക്കുന്നതുപോലെ, നമ്മുടെ സൗരയൂഥം ക്ഷീരപഥ ഗാലക്‌സിയുടെ കേന്ദ്രത്തിനുചുറ്റും ഭ്രമണം ചെയ്യുന്നു. എന്നാൽ അതിനുചുറ്റും ഭ്രമണം ചെയ്യുന്ന 10,000 കോടിയിൽപ്പരം നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണു നമ്മുടെ സൂര്യൻ.

35-ഓളം ഗാലക്‌സികളുള്ള ഒരു ഗാലക്‌സി സമൂഹത്തിലാണു നമ്മുടെ ക്ഷീരപഥം സ്ഥിതിചെയ്യുന്നത്‌. വലിയ ഗാലക്‌സി സമൂഹങ്ങളിൽ ആയിരക്കണക്കിനു ഗാലക്‌സികളുണ്ട്‌. വലുതും തിങ്ങിനിറഞ്ഞതുമായ ഗാലക്‌സി സമൂഹത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ നമ്മുടെ സൗരയൂഥത്തിന്‌ ഒരുപക്ഷേ ഇത്രയും സ്ഥിരത ലഭിക്കുമായിരുന്നില്ല. “സങ്കീർണമായ ജീവന്റെ നിലനിൽപ്പിനു നമ്മുടെ ഭൂമിപോലെ അനുയോജ്യമായ” സ്ഥലങ്ങൾ പ്രപഞ്ചത്തിൽ അധികമില്ല എന്ന്‌ അതുല്യമായ ഗ്രഹം (ഇംഗ്ലീഷ്‌) എന്ന തങ്ങളുടെ പുസ്‌തകത്തിൽ ഗെല്യെർമോ ഗോൺസാലിസും ജെയ്‌ ഡബ്‌ള്യു. റിച്ചാർഡസും എഴുതുന്നു.

ഈ ഗ്രഹത്തിൽ ജീവൻ നിലനിന്നുപോരുന്നത്‌ ആകസ്‌മികമായി സംഭവിച്ച “മഹാവിസ്‌ഫോടന”ത്തിന്റെ ഫലമായാണോ? അതോ ഈ മനോഹര ഗ്രഹത്തിലെ ജീവന്‌ അതിനെക്കാൾ വലിയ അർഥമുണ്ടോ?

നമ്മുടെ ഈ ഭൗമിക ഭവനം ജീവൻ നിലനിറുത്തുക എന്ന ഉദ്ദേശ്യത്തിൽ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണെന്ന നിഗമനത്തിൽ ഇന്നനേകരും വന്നെത്തിയിരിക്കുന്നു. * നൂറ്റാണ്ടുകൾക്കു മുമ്പ്‌, ഒരു എബ്രായ കവി ആകാശത്തിലേക്കും ഭൂമിയിലേക്കും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ ഇങ്ങനെ എഴുതി: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു?” (സങ്കീർത്തനം 8:3, 4) ഒരു സ്രഷ്ടാവുണ്ടെന്ന്‌ ആ കവി വിശ്വസിച്ചിരുന്നു. നമ്മുടെ ഈ ശാസ്‌ത്രയുഗത്തിൽ അതൊരു ന്യായമായ നിഗമനമാണോ?

[അടിക്കുറിപ്പ്‌]

^ ഖ. 7 സങ്കീർത്തനപുസ്‌തകം കാണുക, വിശേഷിച്ചും സങ്കീർത്തനം 8.

[3-ാം പേജിലെ ചതുരം/ചിത്രം]

“അങ്ങകലങ്ങളിൽനിന്നു നോക്കുമ്പോൾ, ശൂന്യാകാശത്തിന്റെ ഇരുളിമയിൽ ഭൂമി ഒരു ഇന്ദ്രനീലക്കല്ലുപോലെ തിളങ്ങുന്നു.”​—⁠ദി ഇലസ്‌ട്രേറ്റഡ്‌ സയൻസ്‌ എൻസൈക്ലോപീഡിയ​—⁠അമേസിങ്‌ പ്ലാനറ്റ്‌ എർത്ത്‌.

[കടപ്പാട്‌]

ഭൂഗോളം: U.S. Fish & Wildlife Service, Washington, D.C./NASA