വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശയവിനിമയം—കൗമാരവുമായി

ആശയവിനിമയം—കൗമാരവുമായി

കുടുംബസന്തുഷ്ടിയുടെ രഹസ്യം

ആശയവിനിമയം—കൗമാരവുമായി

“ഇക്കാലമത്രയും എന്റെ മകനോടു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു എനിക്ക്‌. എന്നാൽ ഇപ്പോൾ അവന്‌ വയസ്സ്‌ പതിനാറായി. അവന്റെ മനസ്സിൽ എന്താണെന്ന്‌ മാതാപിതാക്കളായ ഞങ്ങൾക്കു പിടികിട്ടുന്നില്ല. അവൻ ഞങ്ങളോടു സംസാരിക്കാറേയില്ല, ഏതുനേരവും മുറിയിൽ കയറി കതകടച്ചിരിപ്പാണ്‌.”—മിറിയം, മെക്‌സിക്കോ.

“ഒരുകാലത്ത്‌ ഞാൻ പറയുന്നതു കേൾക്കാൻ എന്റെ മക്കൾക്ക്‌ എന്ത്‌ ഉത്സാഹമായിരുന്നു! പക്ഷേ കൗമാരത്തിലെത്തിയതോടെ സ്ഥിതി മാറി. എനിക്കവരെ മനസ്സിലാകുന്നില്ലെന്നാണ്‌ അവരുടെ വാദം.”—സ്‌കോട്ട്‌, ഓസ്‌ട്രേലിയ.

കൗമാരത്തിലുള്ള മക്കളുണ്ടെങ്കിൽ നിങ്ങൾക്കും പറയാനുള്ളത്‌ ഇതൊക്കെത്തന്നെയാകും. മുമ്പ്‌ നിങ്ങളുടെ കുട്ടിയുമായി നിങ്ങൾക്ക്‌ യാതൊരു തടസ്സവുമില്ലാതെ ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നിരിക്കാം. പക്ഷേ ഇപ്പോൾ എന്തൊക്കെയോ ഒരു ബുദ്ധിമുട്ടുള്ളതുപോലെ. “കുട്ടിയായിരുന്നപ്പോൾ എന്റെ മകൻ എന്നോട്‌ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എന്തെങ്കിലും ചോദിച്ചാലേ അവൻ വായ്‌തുറക്കൂ. ഇല്ലെങ്കിൽ ഒന്നും മിണ്ടാതെയും പറയാതെയും ദിവസങ്ങൾതന്നെ കടന്നുപോയേക്കാം,” ഇറ്റലിയിൽനിന്നുള്ള അഞ്ചല എന്ന ഒരമ്മ.

വാതോരാതെ സംസാരിച്ച്‌ ഓടിച്ചാടി നടന്നിരുന്ന കുട്ടി പെട്ടെന്ന്‌ തന്റേതായ ലോകത്തിലേക്ക്‌ ഒതുങ്ങിക്കൂടുന്നു. എന്തെങ്കിലും ചോദിച്ചാലോ, ഒറ്റ വാക്കിലുള്ള മറുപടി. ഉദാഹരണത്തിന്‌, “സ്‌കൂളിൽ എന്തൊക്കെയുണ്ടായിരുന്നു വിശേഷങ്ങൾ?” എന്ന ചോദ്യത്തിന്‌ പല മാതാപിതാക്കൾക്കും കിട്ടുന്ന ഉത്തരം, “ഒന്നുമില്ല” എന്നതുപോലെ എന്തെങ്കിലുമായിരിക്കും. “നിനക്കൊന്ന്‌ വായ്‌തുറന്ന്‌ സംസാരിച്ചാലെന്താ” എന്നെങ്ങാനും പറഞ്ഞാലോ? അതോടെ തീർന്നു സംസാരമെല്ലാം.

ചില കൗമാരക്കാർ മടികൂടാതെ സംസാരിച്ചെന്നിരിക്കും. പക്ഷേ, പറയുന്നത്‌ മാതാപിതാക്കൾ കേൾക്കാൻ ആഗ്രഹിക്കുന്നതായിരിക്കില്ല എന്നുമാത്രം. “മകളോട്‌ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ, ‘അൽപ്പം സ്വൈര്യം തരാമോ’ എന്നാണ്‌ അവൾ പറയാറ്‌,” നൈജീരിയയിൽനിന്നുള്ള എഡ്‌ന എന്ന ഒരമ്മ പറയുന്നു. മെക്‌സിക്കോയിലെ റേമൺ എന്ന പിതാവിന്‌ പതിനാറുകാരനായ മകനെക്കുറിച്ചു പറയാനുള്ളതും ഇതുതന്നെയാണ്‌. “ഞങ്ങൾ തമ്മിൽ തർക്കമൊഴിഞ്ഞ ദിവസമില്ല. അവനോട്‌ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ എങ്ങനെയും അതിൽനിന്നു തലയൂരാൻ ഓരോരോ ന്യായങ്ങൾ നിരത്താൻ തുടങ്ങും.”

മിണ്ടാൻ കൂട്ടാക്കാത്ത കുട്ടിയുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക്‌ നല്ല ക്ഷമ കൂടിയേതീരൂ. “ആലോചന ഇല്ലാഞ്ഞാൽ,” അതായത്‌ കാര്യങ്ങൾ പരസ്‌പരം ചർച്ചചെയ്യാൻ കൂട്ടാക്കാതിരുന്നാൽ “ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:22) “എന്റെ മകൻ വായ്‌തുറന്ന്‌ ഒന്നും പറയാതെ നിൽക്കുന്നതു കാണുമ്പോൾ എനിക്ക്‌ നല്ല അരിശംവരും,” റഷ്യയിലെ ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ സങ്കടപ്പെടുന്നു. ആശയവിനിമയം നിർണായകമായിരിക്കുന്ന ഘട്ടത്തിൽ പല കുട്ടികൾക്കും മാതാപിതാക്കൾക്കും അതിനു സാധിക്കാതെ വരുന്നത്‌ എന്തുകൊണ്ടാണ്‌?

തടസ്സങ്ങൾ എന്തെല്ലാം?

ആശയവിനിമയമെന്നാൽ കേവലം സംസാരമല്ല. “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായ്‌ പ്രസ്‌താവിക്കുന്നത്‌” എന്ന്‌ യേശു പറയുകയുണ്ടായി. (ലൂക്കൊസ്‌ 6:45) അതുകൊണ്ട്‌ മറ്റുള്ളവരിൽനിന്നു പഠിക്കാനും നമ്മുടെ മനസ്സിലുള്ളതു വെളിപ്പെടുത്താനും സഹായിക്കുന്ന ഒരു നല്ല ഉപാധിയാണ്‌ ആശയവിനിമയം. മനസ്സിലുള്ളതു വെളിപ്പെടുത്തുക എന്നത്‌ കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കാം; കാരണം തുറന്നിടപെടുന്ന സ്വഭാവക്കാർപോലും കൗമാരത്തിലെത്തുന്നതോടെ പൊതുവേ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരായി മാറുന്നു. സദസ്സിനുമുമ്പാകെ ഒരു സ്റ്റേജിൽ നിൽക്കുന്ന പ്രതീതിയാണ്‌ ഈ പ്രായത്തിലുള്ള കുട്ടികൾക്കെപ്പോഴും എന്നാണു വിദഗ്‌ധാഭിപ്രായം. ആ സാഹചര്യത്തിൽനിന്നു രക്ഷപ്പെടാൻ അവർ തങ്ങളുടേതായ കൊച്ചുലോകത്തിലേക്ക്‌ ഓടിയൊളിക്കുന്നു.

സ്വാതന്ത്ര്യത്തിനായുള്ള കൗമാരക്കാരുടെ മോഹമാണ്‌ ആശയവിനിമയത്തിനുള്ള മറ്റൊരു തടസ്സം. നിങ്ങളുടെ കുട്ടി വളരുകയാണ്‌. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമൊക്കെയുള്ള ആഗ്രഹം അതിന്റെ ഭാഗമാണ്‌. അവർ അങ്ങനെ ചെയ്യുന്നു എന്നു കരുതി അവർ അവരുടെ വഴിക്കു പൊയ്‌ക്കൊള്ളട്ടെ എന്നു വിചാരിക്കരുത്‌. ശരിക്കും പറഞ്ഞാൽ അവർക്കു നിങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്‌. എന്നാൽ പ്രായപൂർത്തിയിൽ എത്തുന്നതിനു വർഷങ്ങൾക്കു മുമ്പുതന്നെ അവർ തങ്ങളുടേതായ വിധത്തിൽ ചിന്തിക്കാനും കാര്യങ്ങൾ ചെയ്യാനും തുടങ്ങും. ഇങ്ങനെ പക്വതയിലേക്കു വളരുന്ന കൗമാരക്കാർ പലപ്പോഴും സ്വന്തമായി ഒരു തീരുമാനത്തിലെത്തിയിട്ട്‌ അത്‌ മറ്റുള്ളവരെ അറിയിക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌.

എന്നാൽ സമപ്രായക്കാരോട്‌ രഹസ്യങ്ങൾ പങ്കുവെക്കാൻ ഇവർക്ക്‌ മടിയൊന്നുമുണ്ടായിരിക്കില്ല. മെക്‌സിക്കോയിലെ ജെസ്സീക്ക എന്ന ഒരമ്മ പറയുന്നു: “ചെറുപ്പത്തിൽ എന്തു പ്രശ്‌നമുണ്ടായാലും എന്റെ മകൾ എന്റെയടുത്തേക്ക്‌ ഓടിവന്നിരുന്നു. പക്ഷേ ഇപ്പോൾ അവൾ കൂട്ടുകാരുടെയടുത്തേക്കാണു പോകുന്നത്‌.” നിങ്ങളുടെ കുട്ടികളും ഇങ്ങനെയാണു ചെയ്യുന്നതെങ്കിൽ അവർക്ക്‌ നിങ്ങളെ വേണ്ടാ എന്ന്‌ അതിനർഥമില്ല. സർവേകൾ സൂചിപ്പിക്കുന്നതനുസരിച്ച്‌ സമപ്രായക്കാരുടേതിനെക്കാൾ മാതാപിതാക്കളുടെ ബുദ്ധിയുപദേശമാണ്‌ അവർ വിലമതിക്കുന്നത്‌, അവർ അതു തുറന്നു പറയാറില്ലെങ്കിലും. ആശയവിനിമയത്തിന്റെ വാതിൽ അടഞ്ഞുപോകാതിരിക്കാൻ മാതാപിതാക്കളായ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

പ്രതിബന്ധങ്ങൾ തരണംചെയ്യുക

നിങ്ങൾ നേരെയുള്ള ഒരു റോഡിലൂടെ കാറോടിച്ചുപോകുകയാണെന്നു കരുതുക. കിലോമീറ്ററുകളോളം നിങ്ങൾക്ക്‌ സ്റ്റിയറിങ്‌ വീൽ ഒട്ടുംതന്നെ തിരിക്കേണ്ടതായി വന്നില്ല. പെട്ടെന്ന്‌ ഒരു വലിയ വളവു വരുന്നു. ഇപ്പോൾ സ്റ്റിയറിങ്‌ തിരിക്കാതെ തരമില്ല. നിങ്ങളുടെ കുട്ടി കൗമാരത്തിലേക്കു പ്രവേശിക്കുമ്പോഴും ഇതുതന്നെയാണ്‌ അവസ്ഥ. ഇക്കാലമത്രയും മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ പിൻപറ്റിയിരുന്ന രീതികൾക്ക്‌ കാര്യമായ മാറ്റമൊന്നും വരുത്തേണ്ടിവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നിങ്ങളുടെ കുട്ടിയുടെ ജീവിതം ഒരു വഴിത്തിരിവിലാണ്‌. അതുകൊണ്ടുതന്നെ നിങ്ങൾ ‘സ്റ്റിയറിങ്‌ തിരിക്കേണ്ടിയിരിക്കുന്നു,’ അതായത്‌ പിൻപറ്റിപ്പോന്ന രീതികൾക്ക്‌ മാറ്റം വരുത്താറായി എന്നർഥം. നിങ്ങളോടുതന്നെ ചോദിച്ചുനോക്കൂ:

‘എന്റെ മകനോ മകളോ മനസ്സുതുറക്കാൻ ആഗ്രഹിക്കുമ്പോൾ കേൾക്കാൻ ഞാൻ തയ്യാറാണോ?’ “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 25:11) ഈ തിരുവെഴുത്ത്‌ സൂചിപ്പിക്കുന്നതുപോലെ സമയം ഒരു പ്രധാന ഘടകമാണ്‌. ഒരു ഉദാഹരണം കാണുക. ഒരു കർഷകന്‌ വിളവെടുപ്പ്‌ നേരത്തെയാക്കാനോ നീട്ടിവെക്കാനോ കഴിയില്ല. വിളവെടുപ്പുസമയത്തിനായി അയാൾ ക്ഷമയോടെ കാത്തിരിക്കണം, സമയത്തുതന്നെ വിളവെടുക്കുകയും വേണം. കുട്ടികൾ സംസാരിക്കാനായി ഏറെ താത്‌പര്യം കാണിക്കുന്ന പ്രത്യേക സമയങ്ങളുണ്ടാകാം. ഒരു കാരണവശാലും ആ അവസരം നഷ്ടപ്പെടുത്തരുത്‌. “ഞാൻ കിടക്കാൻ തുടങ്ങുമ്പോഴായിരിക്കും മകൾ സംസാരിക്കാനായി വരുന്നത്‌. ചിലപ്പോൾ ഒരു മണിക്കൂർവരെ അവൾ എന്റെയടുത്തു കാണും. വാസ്‌തവത്തിൽ നേരത്തേ ഉറങ്ങുന്ന ശീലക്കാരിയാണു ഞാൻ. അതുകൊണ്ടുതന്നെ അത്‌ അൽപ്പം ബുദ്ധിമുട്ടായിരുന്നു. എങ്കിലും അത്തരം സന്ദർഭങ്ങളിലാണ്‌ ഞങ്ങൾ തുറന്നു സംസാരിച്ചിട്ടുള്ളത്‌,” ഓസ്‌ട്രേലിയയിലെ ഒറ്റക്കാരിയായ ഒരമ്മ.

ശ്രമിച്ചുനോക്കൂ: കുട്ടി സംസാരിക്കാൻ മടി കാണിക്കുന്നെങ്കിൽ, ഒരുമിച്ച്‌ എന്തെങ്കിലും ചെയ്യുക—ഒന്നിച്ചു നടക്കാൻ പോകുക, വിനോദത്തിലേർപ്പെടുക, വീട്ടുജോലികൾ ചെയ്യുക അങ്ങനെ എന്തെങ്കിലും. പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ കുട്ടികൾ ഹൃദയം തുറന്നു സംസാരിക്കാൻ ഇടയുണ്ട്‌.

‘വാക്കുകൾക്കു പിന്നിലെ അർഥം ഞാൻ മനസ്സിലാക്കുന്നുണ്ടോ?’ “ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?” എന്ന്‌ ഇയ്യോബ്‌ 12:11-ൽ നാം വായിക്കുന്നു. മുമ്പത്തെക്കാളധികമായി ഇപ്പോൾ കുട്ടി പറയുന്നത്‌ എന്താണെന്ന്‌ നിങ്ങൾ ‘പരിശോധിച്ചു’ നോക്കണം. കൗമാരക്കാർ മിക്കപ്പോഴും അറുത്തുമുറിച്ചു സംസാരിക്കുന്ന പ്രകൃതക്കാരാണ്‌. “ഞാൻ ഒരു കുട്ടിയാണെന്നാ ഇപ്പോഴും നിങ്ങളുടെ വിചാരം” അല്ലെങ്കിൽ “ഞാൻ പറയുന്നത്‌ ഒന്നും നിങ്ങൾ കേൾക്കാറില്ല” എന്നൊക്കെ അവർ പറഞ്ഞേക്കാം. കുട്ടി പറയുന്നത്‌ അക്ഷരാർഥത്തിൽ എടുക്കാതെ ആ വാക്കുകൾക്കു പിന്നിലെ വികാരം മനസ്സിലാക്കാൻ ശ്രമിക്കുക. “ഞാൻ ഒരു കുട്ടിയാണെന്നാ ഇപ്പോഴും നിങ്ങളുടെ വിചാരം” എന്നതുകൊണ്ട്‌ “നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല” എന്നും “ഞാൻ പറയുന്നത്‌ ഒന്നും നിങ്ങൾ കേൾക്കാറില്ല” എന്നതുകൊണ്ട്‌ “നിങ്ങൾ എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല” എന്നുമാകാം അവർ ഉദ്ദേശിക്കുന്നത്‌.

ശ്രമിച്ചുനോക്കൂ: നിങ്ങളുടെ കുട്ടി കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെ പറയാവുന്നതാണ്‌: “മോൾക്ക്‌ എന്തോ വിഷമമുണ്ടല്ലോ, എന്താണെങ്കിലും അമ്മയോടു പറ. മോളെ അമ്മ ഇപ്പോഴും ഒരു കൊച്ചുകുട്ടിയായിട്ടു കരുതുന്നു എന്നു തോന്നുന്നത്‌ എന്തുകൊണ്ടാ?” കുട്ടി സംസാരിക്കുമ്പോൾ ഇടയ്‌ക്കുകയറി ഒന്നും പറയാതെ ശ്രദ്ധയോടെ കേട്ടിരിക്കുക.

‘സംസാരിക്കാൻ കുട്ടിയെ നിർബന്ധിച്ചുകൊണ്ട്‌ അറിയാതെയാണെങ്കിലും ഞാൻ ആശയവിനിമയത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ടോ?’

“സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും,” ബൈബിൾ പറയുന്നു. (യാക്കോബ്‌ 3:18) നിങ്ങളുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കുട്ടിക്ക്‌ സംസാരിക്കാൻ തോന്നത്തക്കവിധമുള്ള അന്തരീക്ഷം സൃഷ്ടിക്കുക. കുട്ടിയെ പിന്തുണയ്‌ക്കുകയാണു വേണ്ടത്‌, അല്ലാതെ ക്രോസ്‌ വിസ്‌താരം ചെയ്യുകയല്ല. “ജ്ഞാനികളായ മാതാപിതാക്കൾ ഒരിക്കലും, ‘നീയൊക്കെ ഇനി എന്നാ വളരുന്നത്‌?’ എന്നോ ‘നിന്നോടൊക്കെ എത്രവട്ടം പറഞ്ഞിട്ടുള്ളതാ’ എന്നോ പോലുള്ള പ്രസ്‌താവനകൾ നടത്തുകയില്ല” എന്ന്‌ കൊറിയയിൽനിന്നുള്ള ഏൻ എന്ന പിതാവ്‌ പറയുന്നു. “ഇക്കാര്യത്തിൽ കുറെ തെറ്റുകൾ വരുത്തിയശേഷമാണ്‌ ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞത്‌: സംസാരിച്ച രീതി മാത്രമല്ല, പറഞ്ഞ കാര്യങ്ങളും എന്റെ മക്കളെ അസ്വസ്ഥരാക്കിയിരുന്നുവെന്ന്‌.”

ശ്രമിച്ചുനോക്കൂ: എന്തെങ്കിലും ചോദിച്ചാൽ കുട്ടി മറുപടിയൊന്നും പറയുന്നില്ലെങ്കിൽ മറ്റൊരു സമീപനം പരീക്ഷിച്ചുനോക്കരുതോ? മകളോട്‌ അവളുടെ സ്‌കൂളിലെ വിശേഷങ്ങളെക്കുറിച്ച്‌ ചോദിക്കുന്നതിനുപകരം നിങ്ങളുടെ വിശേഷങ്ങൾ അങ്ങോട്ടു പറയുക, എന്നിട്ട്‌ കുട്ടി പ്രതികരിക്കുന്നുണ്ടോ എന്നു നോക്കുക. ഒരു കാര്യത്തെക്കുറിച്ചുള്ള കുട്ടിയുടെ അഭിപ്രായം കണ്ടുപിടിക്കുന്നതിന്‌ ചോദ്യങ്ങൾ ചോദിക്കുക, പക്ഷേ അതു കുട്ടിയെ കേന്ദ്രീകരിച്ചായിരിക്കരുത്‌. ആ പ്രത്യേക കാര്യത്തെക്കുറിച്ച്‌ അവളുടെ കൂട്ടികാരിയുടെ വീക്ഷണം എന്തായിരിക്കും എന്നു ചോദിക്കുക. പിന്നീട്‌, കൂട്ടുകാരിക്ക്‌ ഇക്കാര്യത്തിൽ എന്ത്‌ ഉപദേശം നൽകുമെന്നും ആരായുക.

കൗമാരക്കാരുമായി ആശയവിനിമയം നടത്താനേ കഴിയില്ല എന്നു വിചാരിക്കരുത്‌. തീർച്ചയായും അതു സാധ്യമാണ്‌. നിങ്ങളുടെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്നുമാത്രം. ഇക്കാര്യത്തിൽ വിജയിച്ചിട്ടുള്ള മാതാപിതാക്കളോടു സംസാരിക്കുക. (സദൃശവാക്യങ്ങൾ 11:14) കുട്ടിയുമായി ആശയവിനിമയം നടത്തുമ്പോൾ, “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ള”വരായിരിക്കുവിൻ. (യാക്കോബ്‌ 1:19) “മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തു”ന്നതിൽ ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്‌.—എഫെസ്യർ 6:4.

നിങ്ങളോടുതന്നെ ചോദിക്കുക . . .

▪ എന്റെ കുട്ടി കൗമാരത്തിലെത്തിയതോടെ എന്തെല്ലാം മാറ്റങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌?

▪ എനിക്കെങ്ങനെ മെച്ചമായി ആശയവിനിമയം നടത്താനാകും?

[20-ാം പേജിലെ ചതുരം]

ചില നുറുങ്ങുവിദ്യകൾ

“മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോൾ എന്റെ മകൻ സംസാരിക്കാൻ മടികാണിക്കാറേയില്ല. പിന്നീട്‌ ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ അതേ വിഷയങ്ങൾത്തന്നെ ഞാൻ വീണ്ടും എടുത്തിടും.”—അഞ്ചല, ഇറ്റലി.

“മക്കളെ അഭിനന്ദിച്ചുസംസാരിക്കുകയും അവരോടുള്ള സ്‌നേഹം വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ അവർ വളരെ സ്വാതന്ത്ര്യത്തോടെ ഞങ്ങളോടു സംസാരിക്കാറുണ്ട്‌.”—ഡോണിസെറ്റി, ബ്രസീൽ.

“ബൈബിൾ നിലവാരങ്ങളനുസരിച്ച്‌ വളർത്തപ്പെട്ടവരോട്‌ അവരുടെ കൗമാരത്തെക്കുറിച്ചും അവരുടെ മാതാപിതാക്കൾ നൽകിയിട്ടുള്ള സഹായത്തെക്കുറിച്ചും ഞാൻ സംസാരിച്ചിട്ടുണ്ട്‌. അതു വളരെ പ്രയോജനം ചെയ്‌തിരിക്കുന്നു.”—ഡോൺ, ബ്രിട്ടൻ.