വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട്‌ ആയിരക്കണക്കിനു വർഷങ്ങളായി. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട്‌ ചിലർ വിശ്വസിച്ചിരുന്നത്‌. പാപികളെ ശിക്ഷിക്കാൻ ദൈവം അയയ്‌ക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ്‌ കാരണക്കാർ എന്നു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു.

എലി, പാറ്റ, ഈച്ച, കൊതുക്‌ എന്നീ ജീവികൾ രോഗവാഹികളായി വർത്തിക്കുന്നുവെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്‌. ശുചിത്വമില്ലായ്‌മയാണ്‌ പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നതെന്നും അവർ പറയുന്നു. ഇതിന്റെ വെളിച്ചത്തിൽ, ശുചിത്വം ജീവരക്ഷാകരമായ ഒരു സംഗതിയാണെന്നുതന്നെ പറയാം.

ശുചിത്വനിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത രീതികളെയും ആശ്രയിച്ചിരിക്കുന്നു. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും മാലിന്യനിർമാർജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലും ശുചിത്വപാലനം ബുദ്ധിമുട്ടായിരിക്കാം. എന്നാൽ ഓർക്കുക: ദൈവം ഇസ്രായേല്യർക്ക്‌ ശുചിത്വനിയമങ്ങൾ നൽകിയത്‌ ശുചിത്വം പാലിക്കാൻ അവർക്ക്‌ അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്ന ഒരു സാഹചര്യത്തിലാണ്‌, അതായത്‌ അവരുടെ മരുപ്രയാണത്തിനിടയിൽ.

എന്തുകൊണ്ടാണ്‌ ശുചിത്വത്തിന്‌ ദൈവം ഇത്ര പ്രാധാന്യം കൽപ്പിക്കുന്നത്‌? ശുചിത്വം സംബന്ധിച്ച സന്തുലിത വീക്ഷണം എന്താണ്‌? രോഗങ്ങൾ കുറയ്‌ക്കാൻ നിങ്ങൾക്കും കുടുംബത്തിനും എന്തു മുൻകരുതലുകളെടുക്കാൻ സാധിക്കും?

സ്‌കൂൾ വിട്ടയുടനെ സാം * വീട്ടിലേക്കോടി. വീട്ടിലെത്തിയപ്പോൾ അവന്റെ പുന്നാര നായ അവനെയും കാത്തുനിൽപ്പുണ്ടായിരുന്നു. അതിനെയൊന്ന്‌ കെട്ടിപ്പിടിച്ചിട്ട്‌ അവൻ നേരെ ഊണുമേശയ്‌ക്കരികിലേക്കു ചെന്നു. ബാഗ്‌ മേശപ്പുറത്തേക്കിട്ടശേഷം അവൻ, അമ്മ ഭക്ഷണം കൊണ്ടുവരുന്നതും കാത്തിരിപ്പായി.

അമ്മ അടുക്കളയിൽനിന്ന്‌ ചോറും കറിയുമായെത്തി. വൃത്തിയാക്കിയിട്ടിരുന്ന മേശപ്പുറത്ത്‌ ബാഗ്‌ കിടക്കുന്നതു കണ്ടതേ അവരുടെ മുഖംമാറി. “സാം,” അമ്മ ഇരുത്തിയൊന്ന്‌ വിളിച്ചതേയുള്ളൂ; അവനു കാര്യം പിടികിട്ടി. വേഗംതന്നെ ബാഗെടുത്തു മാറ്റിയിട്ട്‌ അവൻ കൈകഴുകാനോടി; പിന്നെ ഉത്സാഹത്തോടെ തിരിച്ചെത്തി ഭക്ഷണം കഴിക്കാനിരുന്നു. “സോറി അമ്മേ, ഞാൻ മറന്നുപോയതാ,” അൽപ്പം കുറ്റബോധത്തോടെ അവൻ പറഞ്ഞു.

കുടുംബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ വീട്ടമ്മമാർക്ക്‌ വലിയ പങ്കുവഹിക്കാനാകും. എന്നാൽ വീട്ടിലുള്ള മറ്റുള്ളവരും സഹകരിക്കേണ്ടതുണ്ട്‌. സാമിന്റെ ഉദാഹരണം കാണിക്കുന്നതുപോലെ ശുചിത്വം പാലിക്കാൻ ശ്രമം ആവശ്യമാണ്‌. തന്നെയുമല്ല, കുട്ടികൾക്ക്‌ ഇക്കാര്യത്തിൽ നിരന്തരമായ ഓർമിപ്പിക്കലും വേണ്ടിവരും. അതുകൊണ്ടുതന്നെ ദീർഘകാലത്തെ പരിശീലനംകൊണ്ടേ ശുചിത്വം സംബന്ധിച്ച അവബോധം വളർത്തിയെടുക്കാനാകൂ.

ആഹാരസാധനങ്ങൾ പലവിധങ്ങളിൽ മലിനമാകാൻ സാധ്യതയുണ്ടെന്ന്‌ സാമിന്റെ അമ്മയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ കൈ നന്നായി കഴുകിയശേഷമേ അവർ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യാറുള്ളൂ. അതുപോലെ ഭക്ഷ്യവസ്‌തുക്കൾ എപ്പോഴും അടച്ചുവെക്കാനും വീട്‌ വൃത്തിയായി സൂക്ഷിക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അതുകൊണ്ട്‌ അവരുടെ വീട്ടിൽ എലിയുടെയോ പാറ്റയുടെയോ ശല്യമില്ല.

എന്തുകൊണ്ടാണ്‌ സാമിന്റെ അമ്മ ഇക്കാര്യത്തിൽ ഇത്ര ശ്രദ്ധപുലർത്തുന്നത്‌? ഒരു പ്രധാന കാരണം, അവർ ദൈവത്തെ പ്രസാധിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്‌. “ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്‌ അവന്റെ ജനവും വിശുദ്ധരായിരിക്കണം എന്ന്‌ ബൈബിൾ പറയുന്നു,” അവർ അഭിപ്രായപ്പെട്ടു. (1 പത്രോസ്‌ 1:16) തുടർന്ന്‌ അവർ കൂട്ടിച്ചേർത്തു: “വിശുദ്ധിയും ശുചിത്വവും തമ്മിൽ ബന്ധമുണ്ട്‌. അതുകൊണ്ട്‌ എന്റെ ഭവനം വൃത്തിയുള്ളതായിരിക്കണമെന്ന്‌ എനിക്കു നിർബന്ധമുണ്ട്‌; എന്റെ വീട്ടിലുള്ളവരെ കണ്ടാലും വൃത്തിയില്ലാത്തവരാണെന്ന്‌ ആരും പറയരുത്‌. ഏതായാലും, വീട്ടിലുള്ള എല്ലാവരും എന്നോടു സഹകരിക്കുന്നുണ്ട്‌.”

കുടുംബാംഗങ്ങളുടെ സഹകരണം അനിവാര്യം

സാമിന്റെ അമ്മ അഭിപ്രായപ്പെട്ടതുപോലെ വീട്ടിലെ ശുചിത്വപാലനത്തിൽ കുടുംബാംഗങ്ങളെല്ലാം സഹകരിച്ചേ മതിയാകൂ. ചില കുടുംബങ്ങൾ, ശുചിത്വപാലനത്തോടുള്ള ബന്ധത്തിൽ വീടിനകത്തും പുറത്തും ശ്രദ്ധിക്കേണ്ട വശങ്ങൾ ഏതൊക്കെയാണെന്ന്‌ ഒരുമിച്ചിരുന്ന്‌ ചർച്ചചെയ്യാറുണ്ട്‌. കുടുംബത്തിൽ ഒരുമയുണ്ടായിരിക്കാൻ ഇതു സഹായിക്കും. അതുപോലെ കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ വീട്ടിൽ എല്ലാവർക്കും ഒരു പങ്കുണ്ടെന്ന്‌ ഓരോ വ്യക്തിയെയും ഇത്‌ ഓർമിപ്പിക്കും. ഉദാഹരണത്തിന്‌, അമ്മമാർക്ക്‌ ഒരു കാര്യം ചെയ്യാനാകും: പലരുടെയും കൈയിലൂടെ പോകുന്ന സാധനങ്ങൾ (കറൻസിനോട്ടുകളോ നാണയങ്ങളോപോലുള്ളവ) കൈകാര്യംചെയ്‌തശേഷവും ടോയ്‌ലറ്റിൽ പോയശേഷവും ഭക്ഷണം കഴിക്കുന്നതിനുമുമ്പും കൈകഴുകുന്നത്‌ ഒരു ശീലമാക്കേണ്ടത്‌ എന്തുകൊണ്ടെന്ന്‌ മുതിർന്ന കുട്ടികൾക്കു പറഞ്ഞുകൊടുക്കാം. ഇളയ കുട്ടികളെക്കൊണ്ട്‌ ഇക്കാര്യങ്ങൾ അനുസരിപ്പിക്കാൻ മുതിർന്ന കുട്ടികൾക്കും കഴിയും.

വീട്ടുജോലികൾ കുടുംബത്തിലെ എല്ലാവർക്കും പങ്കിട്ടെടുക്കാനാകും. എല്ലാ ആഴ്‌ചയും വീടു വൃത്തിയാക്കാനും വർഷത്തിൽ ഒന്നോ രണ്ടോ തവണ സമഗ്രമായ ഒരു ശുചീകരണം നടത്താനും ചില കുടുംബങ്ങൾ തീരുമാനിക്കാറുണ്ട്‌. വീടിന്റെ പരിസരം വൃത്തിയാക്കേണ്ടത്‌ പ്രധാനമാണോ? പ്രകൃതിസംരക്ഷണവാദിയായ സ്റ്റുവാർട്ട്‌ എൽ. ഉഡാൽ ഐക്യനാടുകളെക്കുറിച്ച്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “നമ്മുടെ നാടിന്റെ സൗന്ദര്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്‌. അത്‌ ഒന്നിനൊന്ന്‌ വിരൂപമായിക്കൊണ്ടിരിക്കുന്നു. എവിടെ നോക്കിയാലും കെട്ടിടങ്ങൾമാത്രം. മലിനീകരണവും ഒച്ചയും പരിസ്ഥിതിയെ ഹനിക്കുന്നു.”

ഇങ്ങനെയൊക്കെത്തന്നെയല്ലേ നാം ജീവിക്കുന്ന ചുറ്റുപാടും? പണ്ടൊക്കെ ചില രാജ്യങ്ങളിൽ നഗരശുചീകരണത്തിന്‌ ഒരു പ്രത്യേക ക്രമീകരണംതന്നെ ഉണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥൻ പട്ടണത്തിൽ വന്ന്‌ മണിമുഴക്കിക്കൊണ്ട്‌ ആളുകളുടെ ശ്രദ്ധ ക്ഷണിക്കും. പട്ടണം ശുചീകരിക്കാനും ഓടകൾ വൃത്തിയാക്കാനും മരങ്ങൾ വെട്ടിയൊരുക്കിനിറുത്താനും കളകൾ പറിക്കാനും ചപ്പുചവറുകൾ നീക്കംചെയ്യാനുമൊക്കെ അയാൾ ഉച്ചത്തിൽ ആഹ്വാനംനൽകും. മധ്യ ആഫ്രിക്കയിലെ ചില പട്ടണങ്ങളിൽ ഇന്നും ഈ സമ്പ്രദായം നിലവിലുണ്ട്‌.

മാലിന്യനിർമാർജനം ഒരു ആഗോള പ്രശ്‌നമാണ്‌; അധികൃതർക്ക്‌ തലവേദന സൃഷ്ടിക്കുന്ന ഒന്ന്‌. മാലിന്യം നീക്കംചെയ്യാൻ മുനിസിപ്പാലിറ്റികൾക്കു കഴിയാതെവരുമ്പോൾ ചപ്പുചവറുകൾ കുന്നുകൂടും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അധികൃതർ സ്ഥലത്തെ ആളുകളുടെ സഹകരണം അഭ്യർഥിച്ചേക്കാം. നല്ല പൗരന്മാരെന്ന്‌ പേരു സമ്പാദിച്ചിട്ടുള്ളവരാണ്‌ സത്യക്രിസ്‌ത്യാനികൾ. അതുകൊണ്ടുതന്നെ ശുചീകരണ പ്രവർത്തനങ്ങളിൽ അവർ മുൻപന്തിയിൽ നിൽക്കുകയും അതുമായി ബന്ധപ്പെട്ട കൈസറുടെ നിയമങ്ങൾ പരാതികൂടാതെ അനുസരിക്കുകയും ചെയ്യുന്നു. (റോമർ 13:3, 5-7) ഇക്കാര്യത്തിൽ അധികൃതർ ആവശ്യപ്പെടുന്നതിലധികം ചെയ്യാൻപോലും സത്യക്രിസ്‌ത്യാനികൾ സന്നദ്ധരായിരിക്കും. പരിസരം വൃത്തിയുള്ളതായിരിക്കാൻ അവർ ആഗ്രഹിക്കുന്നതുകൊണ്ട്‌ ശുചീകരണപ്രവർത്തനങ്ങൾക്ക്‌ അവർ മുൻകൈയെടുക്കുന്നു; ആരും അതിന്‌ അവരെ നിർബന്ധിക്കേണ്ട ആവശ്യമില്ല. ശുചിത്വം നല്ല പരിശീലനത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും തെളിവാണെന്ന്‌ അവർ മനസ്സിലാക്കുന്നു. സമൂഹത്തിന്‌ ശുചിത്വബോധമുണ്ടാകണമെങ്കിൽ ഓരോ കുടുംബത്തിനും അത്‌ ഉണ്ടായിരിക്കണം. കുടുംബത്തിന്‌ ശുചിത്വബോധമുണ്ടായിരിക്കണമെങ്കിൽ ഓരോ വ്യക്തിക്കും അത്‌ ഉണ്ടായിരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത്‌ ആരോഗ്യത്തിനു ഗുണംചെയ്യുമെന്നു മാത്രമല്ല, നിങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ മുഖച്ഛായതന്നെ അതു മാറ്റിമറിക്കുകയും ചെയ്യും.

ശാരീരിക ശുചിത്വം നമ്മുടെ ദൈവത്തിന്‌ മഹത്ത്വം കൈവരുത്തും

ശാരീരികശുദ്ധിയും മാന്യമായ വസ്‌ത്രധാരണവും നമ്മുടെ ആരാധനയുടെ ഭാഗമാണ്‌. ഇതിലൂടെ നമ്മൾ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരാണെന്ന്‌ ആളുകൾ മനസ്സിലാക്കും. ഒരിക്കൽ ഫ്രാൻസിലെ ടുലൂസിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിച്ചശേഷം 15-ഓളം വരുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടം ഒരു റസ്റ്ററന്റിൽ കയറി. അവരുടെ സമീപത്ത്‌ ഇരുന്നിരുന്ന വൃദ്ധദമ്പതികൾ വിചാരിച്ചത്‌ അവർ ഒച്ചയും ബഹളവും ഉണ്ടാക്കുമെന്നാണ്‌. പക്ഷേ സംഭവിച്ചത്‌ മറ്റൊന്നാണ്‌. ആ യുവതീയുവാക്കളുടെ മാന്യമായ വസ്‌ത്രധാരണവും നല്ല പെരുമാറ്റവും സൗമ്യമായ സംസാരവുമൊക്കെ അവരെ ആകർഷിച്ചു. ചെറുപ്പക്കാർ റസ്റ്ററന്റിൽനിന്നു പോകാറായപ്പോൾ ആ ദമ്പതികൾ അവരെ അഭിനന്ദിച്ചു. ഇത്തരം പെരുമാറ്റം ഇക്കാലത്തെ ചെറുപ്പക്കാർക്കിടയിൽ അസാധാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസുകളും പ്രിന്ററികളും മറ്റും സന്ദർശിക്കുന്നവർ പലപ്പോഴും അവിടത്തെ വൃത്തിയും വെടിപ്പും കണ്ട്‌ ആശ്ചര്യപ്പെട്ടിട്ടുണ്ട്‌. അവിടെ ജോലിചെയ്യുന്ന സ്വമേധാസേവകർ, നിഷ്‌കർഷയോടെ ശാരീരിക ശുചിത്വം പാലിക്കുന്നു. മുടങ്ങാതെ കുളിക്കാനും അലക്കിവെടിപ്പാക്കിയ വസ്‌ത്രങ്ങൾ ധരിക്കാനും ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഡിയോഡറന്റുകളും പെർഫ്യൂമുകളും ഉപയോഗിക്കുന്നത്‌ ശരീരം ശുചിയാക്കുന്നതിനു പകരമാവില്ലെന്ന്‌ അവർക്കറിയാം. മുഴുസമയ ശുശ്രൂഷകരായ ഇവർ വൈകുന്നേരങ്ങളിലും വാരാന്തങ്ങളിലും പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ അവരുടെ ശാരീരികശുദ്ധി അവർ പ്രസംഗിക്കുന്ന സന്ദേശത്തിനു മാറ്റുകൂട്ടുന്നു.

“ദൈവത്തെ അനുകരിക്കുവിൻ”

“ദൈവത്തെ അനുകരി”ക്കാൻ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. (എഫെസ്യർ 5:1) യെശയ്യാപ്രവാചകൻ ഒരു ദർശനത്തിൽ ദൈവദൂതന്മാർ സ്രഷ്ടാവിനെ, “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന്‌ പാടിപ്പുകഴ്‌ത്തുന്നതായി കണ്ടു. (യെശയ്യാവു 6:3) ദൈവത്തിന്റെ പരിശുദ്ധിയെയും നിർമലതയെയും എടുത്തുകാട്ടുന്നതാണ്‌ ഈ വർണന. തന്റെ ദാസന്മാരും, വിശുദ്ധരും ശുദ്ധിയുള്ളവരും ആയിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” എന്ന്‌ അവൻ അവരോടു പറയുന്നു.—1 പത്രോസ്‌ 1:16.

ക്രിസ്‌ത്യാനികളുടേത്‌ “യോഗ്യമായ വസ്‌ത്രധാരണ”മായിരിക്കണമെന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 2:9) വെളിപാടുപുസ്‌തകത്തിൽ, ദൈവം വിശുദ്ധരായി കണക്കാക്കുന്നവരുടെ നീതിപ്രവൃത്തികളെ, “ശുഭ്രവും ശുദ്ധവുമായ വിശേഷവസ്‌ത്ര”ത്താൽ പ്രതീകപ്പെടുത്തിയിരിക്കുന്നു. (വെളിപാട്‌ 19:8) അതേസമയം, തിരുവെഴുത്തുകളിൽ പലപ്പോഴും പാപത്തെ ദൃഷ്ടാന്തീകരിക്കുന്നത്‌ കറ, അഴുക്ക്‌ തുടങ്ങിയ കാര്യങ്ങൾ ഉപയോഗിച്ചാണ്‌.—സദൃശവാക്യങ്ങൾ 15:26; യെശയ്യാവു 1:16; യാക്കോബ്‌ 1:27.

ശാരീരികവും ധാർമികവും ആത്മീയവുമായ ശുദ്ധി കാത്തുസൂക്ഷിക്കുന്നത്‌ അത്ര എളുപ്പമല്ലാത്ത പ്രദേശങ്ങളിലാണ്‌ ഇന്ന്‌ ദശലക്ഷക്കണക്കിന്‌ ആളുകൾ ജീവിക്കുന്നത്‌. ദൈവം “സകലതും പുതിയതാക്കു”മ്പോൾ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ. (വെളിപാട്‌ 21:5) ആ വാഗ്‌ദാനം നിവർത്തിക്കപ്പെടുമ്പോൾ സകല മാലിന്യവും അശുദ്ധിയും എന്നന്നേക്കുമായി തുടച്ചുനീക്കപ്പെട്ടിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 6 യഥാർഥ പേരല്ല.

[10-ാം പേജിലെ ചിത്രക്കുറിപ്പ്‌]

ശുചിത്വം—ഒരു ദൈവിക നിബന്ധന

[10-ാം പേജിലെ ചിത്രക്കുറിപ്പ്‌]

മരുഭൂമിയിലെ പ്രയാണത്തിനിടെ മനുഷ്യവിസർജ്യം മറവുചെയ്യുന്നതു സംബന്ധിച്ച്‌ ദൈവം ഇസ്രായേല്യർക്ക്‌ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. (ആവർത്തനപുസ്‌തകം 23:12-14) പാളയത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ ഈ നിർദേശം അനുസരിക്കുന്നത്‌ അത്ര എളുപ്പമായിരുന്നില്ല; എന്നാൽ ടൈഫോയിഡ്‌, കോളറ തുടങ്ങിയ രോഗങ്ങളുടെ ആക്രമണത്തിൽനിന്ന്‌ അത്‌ ആ ജനത്തെ സംരക്ഷിച്ചു.

ശവശരീരവുമായി സമ്പർക്കത്തിൽ വരുന്ന വസ്‌തുക്കളൊക്കെയും കഴുകിയെടുക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യേണ്ടിയിരുന്നു. ഇസ്രായേല്യർക്ക്‌ അതിന്റെ കാരണം അറിയില്ലായിരുന്നിരിക്കാമെങ്കിലും അണുബാധയിൽനിന്നും രോഗങ്ങളിൽനിന്നും അത്‌ അവർക്ക്‌ സംരക്ഷണമേകി.—ലേവ്യപുസ്‌തകം 11:32-38.

സമാഗമനകൂടാരത്തിൽ കർമങ്ങൾ അനുഷ്‌ഠിക്കുന്നതിനുമുമ്പ്‌ പുരോഹിതന്മാർ കൈകാലുകൾ കഴുകിവെടിപ്പാക്കണമായിരുന്നു. ഇതിനുവേണ്ട വെള്ളം കൂടാരത്തിന്റെ മുറ്റത്തുള്ള താമ്രത്തൊട്ടിയിൽ നിറച്ചുവെക്കേണ്ടിയിരുന്നു. ഇതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെങ്കിലും ശുചിത്വം സംബന്ധിച്ച ആ നിബന്ധനകൾ അവർ അനുസരിക്കണമായിരുന്നു.—പുറപ്പാടു 30:17-21.

[11-ാം പേജിലെ ചിത്രക്കുറിപ്പ്‌]

ഒരു ഡോക്‌ടറുടെ നിർദേശങ്ങൾ

[11-ാം പേജിലെ ചിത്രക്കുറിപ്പ്‌]

ജീവന്റെ നിലനിൽപ്പിന്‌ ജലം അനിവാര്യമാണ്‌. എന്നാൽ മലിനജലം രോഗവും മരണവും വരുത്തിയേക്കാം. കാമറൂണിലെ ഡൂവാല തുറമുഖത്തെ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ ഡോ. ജെ. എമ്പാങ്കേ ലോബേ ഒരു അഭിമുഖത്തിനിടയിൽ നൽകിയ ചില നിർദേശങ്ങളാണ്‌ ചുവടെ നൽകിയിരിക്കുന്നത്‌:

“സംശയം തോന്നിയാൽ കുടിവെള്ളം തിളപ്പിച്ചുതന്നെ ഉപയോഗിക്കുക.” അദ്ദേഹം ഇങ്ങനെയൊരു മുന്നറിയിപ്പും നൽകുന്നു: “ബ്ലീച്ചും മറ്റു രാസപദാർഥങ്ങളും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അവ അപകടംചെയ്യും. ഭക്ഷണം കഴിക്കുന്നതിനുമുമ്പും ടോയ്‌ലറ്റിൽ പോയശേഷവും കൈകഴുകുന്നത്‌ ശീലമാക്കുക. ഒരു സോപ്പുകട്ടയ്‌ക്ക്‌ അത്ര വലിയ വിലയൊന്നുമാകില്ല. എത്ര പാവപ്പെട്ടവർക്കും അത്‌ വാങ്ങാവുന്നതേയുള്ളൂ. ത്വഗ്‌രോഗങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ കൂടെക്കൂടെ ചൂടുവെള്ളത്തിൽ തുണികഴുകുന്നത്‌ നന്നായിരിക്കും.”

“വീടിനകത്തും പുറത്തും ശുചിത്വം പാലിക്കാൻ കുടുംബത്തിലുള്ള എല്ലാവരും ഒരുപോലെ ശ്രദ്ധിക്കണം” എന്നും ഡോക്‌ടർ പറയുന്നു. “ടോയ്‌ലറ്റുകളും മറ്റും അവഗണിച്ചിട്ടാൽ അവ പാറ്റകളുടെയും ഈച്ചകളുടെയും വിഹാരരംഗമായി മാറും.” കുട്ടികൾക്കും അദ്ദേഹം ചില നിർദേശങ്ങൾ നൽകുന്നു: “ഒഴുക്കില്ലാത്ത വെള്ളത്തിൽ കുളിക്കുന്നതു സൂക്ഷിച്ചുവേണം. അതിൽ അപകടകാരികളായ രോഗാണുക്കൾ ഉണ്ടായിരിക്കും. കിടക്കുന്നതിനുമുമ്പ്‌ കുളിക്കുന്നതും പല്ലുതേക്കുന്നതും ശീലമാക്കുക. കൊതുകുവല ഉപയോഗിക്കാൻ ശ്രദ്ധിക്കുക.” സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നു സാരം!

[10-ാം പേജിലെ ചിത്രം]

വസ്‌ത്രങ്ങൾ എപ്പോഴും അലക്കി ഉപയോഗിക്കുന്നത്‌ ത്വഗ്‌രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും തടയും

[10-ാം പേജിലെ ചിത്രം]

പരിസരം വൃത്തിയാക്കാൻ ക്രിസ്‌ത്യാനികൾ മുൻകൈയെടുക്കുന്നു

[10-ാം പേജിലെ ചിത്രം]

കുടുംബാംഗങ്ങളുടെ ശാരീരിക ശുചിത്വത്തിന്റെ കാര്യത്തിൽ വീട്ടമ്മമാർക്ക്‌ വലിയ പങ്കുവഹിക്കാനാകും