വിവരങ്ങള്‍ കാണിക്കുക

അവരുടെ വിശ്വാ​സം അനുക​രി​ക്കുക | യോനാ​ഥാൻ

“ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി”

“ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി”

യുദ്ധം അവസാ​നി​ച്ചു. ഏലെ താഴ്‌വര ശാന്തമാ​യി. സൈനിക പാളയ​ത്തി​ലെ കൂടാ​ര​ങ്ങളെ തഴുകി കടന്നു​പോ​കു​ക​യാണ്‌ തെന്നൽ. ഈ സമയത്ത്‌ ശൗൽ രാജാവ്‌ കൂടെ​യു​ള്ള​വരെ വിളിച്ചു കൂട്ടുന്നു. ആ കൂട്ടത്തിൽ അദ്ദേഹ​ത്തി​ന്റെ മൂത്ത മകനായ യോനാ​ഥാ​നു​മുണ്ട്‌. ഒരു ഇടയ​ച്ചെ​റു​ക്കൻ ആവേശ​ത്തോ​ടെ തന്റെ കഥ വിവരി​ക്കു​ക​യാണ്‌ അവിടെ. ആ പയ്യൻ ദാവീ​ദാണ്‌. ആവേശ​വും തീക്ഷ്‌ണ​ത​യും അവന്റെ കണ്ണുക​ളിൽ ജ്വലി​ക്കു​ന്നുണ്ട്‌. തെല്ലു​പോ​ലും കണ്ണെടു​ക്കാ​തെ കഥയിൽ ലയിച്ചി​രി​ക്കു​ക​യാ​ണു രാജാവ്‌. എന്താണു യോനാ​ഥാ​ന്റെ വികാരം? യഹോ​വ​യു​ടെ സൈന്യ​ത്തിൽ പ്രവർത്തിച്ച്‌ ഒരുപാ​ടു വിജയങ്ങൾ കൊയ്‌ത ചരിത്രം യോനാ​ഥാ​നുണ്ട്‌. പക്ഷേ ഈ ദിവസം യോനാ​ഥാ​ന്റേതല്ല, ദാവീ​ദി​ന്റേ​താണ്‌. മല്ലനായ ഗൊല്യാ​ത്തി​നെ ദാവീദ്‌ തറപറ്റിച്ച ദിവസം. എല്ലാവ​രും ദാവീ​ദി​നെ വാനോ​ളം പുകഴ്‌ത്തു​ക​യാണ്‌. ഇതു കേട്ട്‌ യോനാ​ഥാന്‌ അസൂയ തോന്നി​യോ?

യോനാ​ഥാ​ന്റെ പ്രതി​ക​രണം നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം. വിവരണം ഇങ്ങനെ പറയുന്നു: “ദാവീദ്‌ ശൗലി​നോ​ടു സംസാ​രി​ച്ചു​തീർന്ന​തും യോനാ​ഥാ​നും ദാവീ​ദും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി. യോനാ​ഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേ​ഹി​ച്ചു​തു​ടങ്ങി.” യോനാ​ഥാൻ സ്വന്തം മേലങ്കി​യും മറ്റു വസ്‌ത്ര​ങ്ങ​ളും വില്ലും ദാവീ​ദി​നു കൊടു​ത്തു. വില്ലാ​ളി​വീ​രന്റെ വില്ല്‌! അത്‌ ഒരു സമ്മാനം​ത​ന്നെ​യാ​യി​രു​ന്നു. ഇതു കൂടാതെ ദാവീ​ദും യോനാ​ഥാ​നും ഒരു ഉടമ്പടി ചെയ്യുന്നു. എന്നും പരസ്‌പരം പിന്തു​ണ​യ്‌ക്കുന്ന ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെന്ന ഒരു ഉറച്ച കരാർ.—1 ശമുവേൽ 18:1-5.

അങ്ങനെ ബൈബി​ളിൽ കാണുന്ന വലിയ സൗഹൃ​ദ​ങ്ങ​ളിൽ ഒന്നിനു തുടക്ക​മാ​യി. വിശ്വാ​സി​ക​ളു​ടെ നിരയി​ലു​ള്ള​വർക്കു സൗഹൃദം വളരെ വില​പ്പെ​ട്ട​താണ്‌. നമ്മൾ ജ്ഞാന​ത്തോ​ടെ കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​ക​യും അവരെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌താൽ സ്‌നേ​ഹ​ശൂ​ന്യ​മായ ഈ കാലത്തും നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാൻ കഴിയും. (സുഭാ​ഷി​തങ്ങൾ 27:17) സൗഹൃ​ദ​ത്തെ​ക്കു​റിച്ച്‌ യോനാ​ഥാ​നിൽനിന്ന്‌ നമുക്ക്‌ എന്തെങ്കി​ലും പഠിക്കാ​നു​ണ്ടോ എന്നു നോക്കാം.

സൗഹൃ​ദ​ത്തി​ന്റെ അടിസ്ഥാ​നം

അത്ര പെട്ടെന്ന്‌ എങ്ങനെ​യാണ്‌ അവർ കൂട്ടു​കാ​രാ​യത്‌? ആ സൗഹൃ​ദ​ത്തി​ന്റെ അടിസ്ഥാ​ന​വു​മാ​യി അതിനു ബന്ധമുണ്ട്‌. ചില പശ്ചാത്ത​ല​വി​വ​രങ്ങൾ നോക്കാം. യോനാ​ഥാ​നു പ്രയാസം നിറഞ്ഞ സമയങ്ങ​ളാണ്‌. ശൗൽ രാജാ​വി​ന്റെ സ്വഭാവം, വർഷങ്ങൾകൊണ്ട്‌ വളരെ​വ​ളരെ മോശ​മാ​യി​ത്തീർന്നു. താഴ്‌മ​യും വിശ്വാ​സ​വും അനുസ​ര​ണ​വും ഒക്കെയു​ണ്ടാ​യി​രുന്ന ശൗൽ ഇപ്പോൾ ധിക്കാ​രി​യും അഹങ്കാ​രി​യും ആയി മാറി​യി​രി​ക്കു​ന്നു.—1 ശമുവേൽ 15:17-19, 26.

അപ്പന്റെ ഈ മാറ്റങ്ങൾ യോനാ​ഥാ​നെ വല്ലാതെ അസ്വസ്ഥ​നാ​ക്കി​യി​ട്ടു​ണ്ടാ​കും. കാരണം അപ്പനോട്‌ അത്രയ്‌ക്ക്‌ അടുപ്പ​മുണ്ട്‌ യോനാ​ഥാന്‌. (1 ശമുവേൽ 20:2) യഹോവ തിര​ഞ്ഞെ​ടുത്ത ജനതയ്‌ക്കു ശൗൽ എന്ത്‌ ആപത്താണു വരുത്തി​വെ​ക്കാൻ പോകു​ന്ന​തെന്നു യോനാ​ഥാൻ ചിന്തി​ച്ചു​കാ​ണും. രാജാ​വി​ന്റെ അനുസ​ര​ണ​ക്കേടു പ്രജകളെ വഴി​തെ​റ്റി​ക്കു​ക​യും യഹോ​വ​യു​ടെ പ്രീതി നഷ്ടമാ​കു​ന്ന​തി​ലേക്കു നയിക്കു​ക​യും ചെയ്യു​മോ? ഇതെക്കു​റിച്ച്‌ ഓർത്ത്‌ യോനാ​ഥാൻ തീർച്ച​യാ​യും വേവലാ​തി​പ്പെ​ട്ടി​ട്ടു​ണ്ടാ​കും. യോനാ​ഥാ​നെ​പ്പോ​ലെ വിശ്വാ​സി​ക​ളു​ടെ നിരയി​ലു​ള്ള​വർക്ക്‌ ഇത്തരം സാഹച​ര്യ​ങ്ങൾ ശരിക്കും കഷ്ടകാലം തന്നെയാണ്‌.

യുവാ​വാ​യ ദാവീ​ദി​നോ​ടു യോനാ​ഥാ​നെ അടുപ്പി​ച്ചത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ വിവരങ്ങൾ സഹായി​ക്കു​ന്നു. യോനാ​ഥാൻ ദാവീ​ദി​ന്റെ ശക്തമായ വിശ്വാ​സം ശ്രദ്ധിച്ചു. മല്ലനായ ഗൊല്യാ​ത്തി​ന്റെ രൂപം കണ്ട്‌ മുട്ടു​വി​റച്ച ശൗലിന്റെ സൈന്യ​ത്തി​ലെ പടയാ​ളി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നില്ല ദാവീദ്‌. യഹോ​വ​യു​ടെ പേരിൽ പോരാ​ടാൻ പോയ​താ​ണു സർവാ​യു​ധ​സ​ജ്ജ​നായ ഗൊല്യാ​ത്തി​നെ​ക്കാൾ തന്നെ ശക്തനാ​ക്കി​യ​തെന്നു ദാവീദ്‌ ചിന്തിച്ചു.—1 ശമുവേൽ 17:45-47.

വർഷങ്ങൾക്കു മുമ്പ്‌ യോനാ​ഥാ​നും ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ള്ള​താണ്‌. ഒരു കാവൽസേ​നാ​താ​വ​ള​ത്തി​ലെ മുഴുവൻ ആയുധ​ധാ​രി​ക​ളായ പടയാ​ളി​ക​ളെ​യും ആക്രമിച്ച്‌ തോൽപ്പി​ക്കാൻ വെറും രണ്ടു പേർക്ക്‌, തനിക്കും തന്റെ ആയുധ​വാ​ഹ​ക​നും, കഴിയു​മെന്നു യോനാ​ഥാന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. എന്തു​കൊണ്ട്‌? “യഹോ​വയെ തടയാൻ ഒന്നിനു​മാ​കില്ല” എന്നാണു യോനാ​ഥാൻ പറഞ്ഞത്‌. (1 ശമുവേൽ 14:6) അതു​കൊണ്ട്‌ പല കാര്യ​ങ്ങ​ളി​ലും യോനാ​ഥാ​നും ദാവീ​ദി​നും സമാന​ത​ക​ളു​ണ്ടാ​യി​രു​ന്നു. അതിൽ മുന്തി​നി​ന്നത്‌ യഹോ​വ​യി​ലുള്ള ശക്തമായ വിശ്വാ​സ​വും ആഴമായ സ്‌നേ​ഹ​വും ആണ്‌. അവരുടെ സൗഹൃ​ദ​ത്തി​ന്റെ അടിസ്ഥാ​നം അതായി​രു​ന്നു. ഏകദേശം 50-നോട്‌ അടുത്ത്‌ പ്രായം വരുന്ന ധീരനായ ഒരു രാജപു​ത്ര​നാ​യി​രു​ന്നു യോനാ​ഥാൻ. ദാവീ​ദാ​ണെ​ങ്കിൽ താഴ്‌മ​യുള്ള ഒരു ഇടയൻ. വയസ്സ്‌ 20 പോലു​മാ​യി​ട്ടില്ല. പക്ഷേ ഈ വ്യത്യാ​സ​ങ്ങ​ളൊ​ന്നും അവരുടെ സൗഹൃ​ദത്തെ ലവലേശം ബാധി​ച്ചില്ല. *

അവർ ചെയ്‌ത ഉടമ്പടി അവരുടെ സൗഹൃ​ദ​ത്തിന്‌ ഒരു സംരക്ഷ​ണ​മാ​യി​രു​ന്നു. എങ്ങനെ? തന്നെക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം എന്തായി​രു​ന്നെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ദാവീ​ദാ​യി​രു​ന്നു ഇസ്രാ​യേ​ലി​ലെ അടുത്ത രാജാവ്‌. ഇക്കാര്യം ദാവീദ്‌ യോനാ​ഥാ​നിൽനിന്ന്‌ മറച്ചു​വെ​ച്ചോ? ഇല്ല. ഇവരു​ടേ​തു​പോ​ലുള്ള നല്ല സൗഹൃ​ദ​ങ്ങൾക്ക്‌ ഇടയിൽ ഇടമറ​വു​ക​ളൊ​ന്നു​മില്ല. ഏതു സൗഹൃ​ദ​ങ്ങ​ളെ​യും ശക്തമാക്കി നിറു​ത്തു​ന്നതു തുറന്ന ആശയവി​നി​മ​യ​മാണ്‌. ദാവീദ്‌ രാജാ​വാ​കു​മെന്ന്‌ അറിഞ്ഞ​പ്പോൾ യോനാ​ഥാന്‌ എന്തു തോന്നി​ക്കാ​ണും? താൻ ഒരു നാൾ രാജാ​വാ​കു​മെ​ന്നും അപ്പന്റെ തെറ്റു​ക​ളെ​ല്ലാം തിരു​ത്തു​മെ​ന്നും യോനാ​ഥാൻ മനക്കോട്ട കെട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലോ? അങ്ങനെ എന്തെങ്കി​ലും യോനാ​ഥാ​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​താ​യി ബൈബി​ളിൽ പറയു​ന്നില്ല. പക്ഷേ പ്രസക്ത​മായ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌, യോനാ​ഥാ​ന്റെ വിശ്വ​സ്‌ത​ത​യെ​ക്കു​റി​ച്ചും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും. യഹോ​വ​യു​ടെ ആത്മാവ്‌ ദാവീ​ദി​നോ​ടൊ​പ്പ​മു​ണ്ടെന്ന്‌ യോനാ​ഥാൻ മനസ്സി​ലാ​ക്കി. (1 ശമുവേൽ 16:1, 11-13) അതു​കൊണ്ട്‌ യോനാ​ഥാൻ ദാവീ​ദു​മാ​യി ചെയ്‌ത ഉടമ്പടി​യ​നു​സ​രിച്ച്‌ പ്രവർത്തി​ച്ചു. ദാവീ​ദി​നെ ഒരു ശത്രു​വാ​യി​ട്ടല്ല, മിത്ര​മാ​യി​ട്ടു​തന്നെ തുടർന്നും കണ്ടു. യഹോ​വ​യു​ടെ ഇഷ്ടം നടന്നു​കാ​ണാ​നാ​ണു യോനാ​ഥാൻ ആഗ്രഹി​ച്ചത്‌.

യോനാ​ഥാ​നും ദാവീ​ദും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രും സ്‌നേ​ഹ​മു​ള്ള​വ​രും ആയിരു​ന്നു

ആ സൗഹൃദം ഒരു വലിയ അനു​ഗ്ര​ഹ​മാ​യി​ത്തീർന്നു. യോനാ​ഥാ​ന്റെ വിശ്വാ​സ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? എല്ലാ ദൈവ​ദാ​സ​നും സൗഹൃ​ദ​ത്തി​ന്റെ വില മനസ്സി​ലാ​ക്കാ​ണം. നമ്മുടെ അതേ പ്രായ​ത്തി​ലു​ള്ള​വ​രെ​യോ സാഹച​ര്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യോ മാത്രമേ സുഹൃ​ത്തു​ക്ക​ളാ​ക്കാ​വൂ എന്നില്ല. സുഹൃ​ത്തു​ക്കൾ വിശ്വാ​സ​ത്തിൽ ഉറപ്പു​ള്ള​വ​രാ​ണെ​ങ്കിൽ അവർക്കു നമ്മളെ ഒരുപാ​ടു സഹായി​ക്കാൻ കഴിയും. യോനാ​ഥാ​നും ദാവീ​ദി​നും പല തവണ പരസ്‌പരം ബലപ്പെ​ടു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കഴിഞ്ഞു. അവർക്ക്‌ അത്‌ ആവശ്യ​വു​മാ​യി​രു​ന്നു. കാരണം അവരുടെ സൗഹൃദം തകർത്തേ​ക്കാ​വുന്ന ചില സംഭവങ്ങൾ വരാനി​രി​ക്കു​ക​യാ​യി​രു​ന്നു.

അപ്പനോ കൂട്ടു​കാ​ര​നോ?

ആദ്യ​മൊ​ക്കെ ശൗലിനു ദാവീ​ദി​നെ വലിയ ഇഷ്ടമാ​യി​രു​ന്നു. സൈന്യ​ത്തി​ന്റെ ചുമതല ദാവീ​ദി​നെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. കുറച്ച്‌ കാലത്തി​നു​ള്ളിൽ, യോനാ​ഥാ​നെ തോൽപ്പി​ക്കാൻ കഴിയാഞ്ഞ ഒരു ശത്രു​വി​നു ശൗൽ കീഴടങ്ങി, അസൂയ​യ്‌ക്ക്‌. ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്ക​ളായ ഫെലി​സ്‌ത്യ​രു​ടെ മേൽ ദാവീദ്‌ ഒന്നിനു പുറകെ ഒന്നായി വിജയം വരിച്ചു​കൊ​ണ്ടി​രു​ന്നു. ദാവീദ്‌ ആളുക​ളു​ടെ പുകഴ്‌ചാ​പാ​ത്ര​മാ​യി മാറി. “ശൗൽ ആയിര​ങ്ങളെ കൊന്നു, ദാവീ​ദോ പതിനാ​യി​ര​ങ്ങളെ” എന്നു ചില സ്‌ത്രീ​കൾ പാടു​ക​പോ​ലും ചെയ്‌തു. ആ പാട്ട്‌ ശൗലിന്‌ ഇഷ്ടപ്പെ​ട്ടില്ല. “അന്നുമു​തൽ എപ്പോ​ഴും ശൗൽ ദാവീ​ദി​നെ സംശയ​ദൃ​ഷ്ടി​യോ​ടെ​യാ​ണു കണ്ടത്‌.” (1 ശമുവേൽ 18:7, 9) ദാവീദ്‌ രാജസ്ഥാ​നം തട്ടി​യെ​ടു​ക്കു​മോ എന്നു ശൗൽ ഭയന്നു. ആ ചിന്ത മണ്ടത്തര​മാ​യി​രു​ന്നു. ശൗലിനു ശേഷം താൻ രാജാ​വാ​കു​മെന്ന കാര്യം ദാവീ​ദി​നു നന്നായി അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ഭരിച്ചു​കൊ​ണ്ടി​രി​ക്കുന്ന യഹോ​വ​യു​ടെ അഭിഷി​ക്ത​രാ​ജാ​വി​ന്റെ സ്ഥാനം കൈക്ക​ലാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദാവീദ്‌ ചിന്തി​ച്ചു​പോ​ലു​മില്ല.

ദാവീ​ദി​നെ യുദ്ധത്തിൽ കൊല്ലാ​നുള്ള തന്ത്രങ്ങൾ ശൗൽ മനഞ്ഞെ​ങ്കി​ലും ഒന്നും ഫലിച്ചില്ല. യുദ്ധങ്ങ​ളി​ലെ ദാവീ​ദി​ന്റെ വിജയം ഒരു തുടർക്ക​ഥ​യാ​യി മാറി. അങ്ങനെ ദാവീദ്‌ ആളുക​ളു​ടെ സ്‌നേ​ഹ​വും ആദരവും നേടി​യെ​ടു​ത്തു​കൊ​ണ്ടേ​യി​രു​ന്നു. ദാവീ​ദി​നെ കൊല്ലാ​നുള്ള അടുത്ത നീക്കത്തിൽ ശൗൽ ദാസന്മാ​രെ​യും മൂത്ത മകനെ​യും കൂട്ടാൻ ശ്രമിച്ചു. ഇതൊക്കെ കണ്ട യോനാ​ഥാ​ന്റെ ഹൃദയം തകർന്നി​ട്ടു​ണ്ടാ​കി​ല്ലേ? (1 ശമുവേൽ 18:25-30; 19:1) യോനാ​ഥാൻ വിശ്വ​സ്‌ത​നായ ഒരു മകനാ​യി​രു​ന്നു, അതോ​ടൊ​പ്പം വിശ്വ​സ്‌ത​നായ ഒരു സുഹൃ​ത്തും. ഇപ്പോൾ ഈ രണ്ടു വിശ്വ​സ്‌ത​തകൾ തമ്മിൽ ഒരു ഏറ്റുമു​ട്ടൽ നടക്കാൻ പോകു​ക​യാണ്‌. ഇതിൽ ഏതു വിജയി​ക്കും?

യോനാ​ഥാൻ ഇങ്ങനെ പറഞ്ഞു: “രാജാവ്‌ അങ്ങയുടെ ദാസനായ ദാവീ​ദി​നോ​ടു പാപം ചെയ്യരുത്‌. കാരണം, ദാവീദ്‌ അങ്ങയോ​ടു പാപം ചെയ്‌തി​ട്ടി​ല്ല​ല്ലോ. മാത്രമല്ല, ദാവീദ്‌ അങ്ങയ്‌ക്കു​വേണ്ടി ചെയ്‌ത​തെ​ല്ലാം അങ്ങയ്‌ക്ക്‌ ഉപകാ​ര​പ്പെ​ട്ടി​ട്ടു​മുണ്ട്‌. സ്വന്തം ജീവൻ പണയം​വെ​ച്ചാ​ണു ദാവീദ്‌ ആ ഫെലി​സ്‌ത്യ​നെ വകവരു​ത്തി​യത്‌. അങ്ങനെ, യഹോവ ഇസ്രാ​യേ​ലി​നു മുഴുവൻ ഒരു മഹാവി​ജയം തന്നു. അങ്ങ്‌ അതു കണ്ട്‌ മതിമ​റന്ന്‌ സന്തോ​ഷി​ച്ച​തു​മാണ്‌. അതു​കൊണ്ട്‌, കാരണം കൂടാതെ ദാവീ​ദി​നെ​പ്പോ​ലെ ഒരു നിരപ​രാ​ധി​യു​ടെ രക്തം ചൊരിഞ്ഞ്‌ അങ്ങ്‌ എന്തിനാ​ണു പാപം ചെയ്യു​ന്നത്‌?” എന്തോ, ആ സമയത്ത്‌ സുബോ​ധ​മു​ണ്ടാ​യി​രുന്ന ശൗൽ യോനാ​ഥാൻ പറഞ്ഞതു കേട്ടു. ദാവീ​ദി​നെ കൊല്ലി​ല്ലെന്നു ശപഥം​പോ​ലും ചെയ്‌തു. എന്നാൽ ശൗൽ വാക്കു പാലി​ച്ചില്ല. ദാവീദ്‌ കൂടുതൽ വിജയം നേടി​യ​പ്പോൾ അസൂയ മൂത്ത്‌ ഒരിക്കൽ ശൗൽ ദാവീ​ദി​നു നേരെ കുന്തം എറിഞ്ഞു. (1 ശമുവേൽ 19:4-6, 9, 10) പക്ഷേ ദാവീദ്‌ അവി​ടെ​നിന്ന്‌ ഓടി​ര​ക്ഷ​പ്പെട്ടു.

ഇതു​പോ​ലെ വിശ്വ​സ്‌ത​തകൾ തമ്മിൽ ഏറ്റുമു​ട്ടിയ ഒരു സാഹച​ര്യം നിങ്ങൾക്കു​ണ്ടാ​യി​ട്ടു​ണ്ടോ? അതു വലിയ മനപ്ര​യാ​സ​മു​ണ്ടാ​ക്കുന്ന കാര്യ​മാണ്‌. അങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ കുടും​ബ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്ക​ണ​മെ​ന്നാ​ണു ചിലർ പറയു​ന്നത്‌. പക്ഷേ എന്തു ചെയ്യണ​മെന്ന്‌ യോനാ​ഥാന്‌ അറിയാ​മാ​യി​രു​ന്നു. ദാവീദ്‌ വിശ്വ​സ്‌ത​നായ, അനുസ​ര​ണ​മുള്ള ഒരു ദൈവ​ദാ​സ​നാ​യി​രി​ക്കു​മ്പോൾ യോനാ​ഥാന്‌ എങ്ങനെ അപ്പന്റെ പക്ഷത്തു നിൽക്കാൻ പറ്റും? യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടു കണക്കി​ലെ​ടു​ത്താണ്‌ ആരോടു വിശ്വ​സ്‌ത​നാ​യി​രി​ക്ക​ണ​മെന്നു യോനാ​ഥാൻ തീരു​മാ​നി​ച്ചത്‌. അതു​കൊ​ണ്ടാ​ണു യോനാ​ഥാൻ ദാവീ​ദി​നോ​ടൊ​പ്പം നിന്നത്‌. യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കു യോനാ​ഥാൻ ഒന്നാം സ്ഥാനം കൊടു​ത്തു. അപ്പനാ​യ​തു​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന കാര്യം പറഞ്ഞേ​ക്കാം എന്നു ചിന്തി​ക്കാ​തെ ഉള്ള കാര്യം ഉള്ളതു​പോ​ലെ പറഞ്ഞ്‌ യോനാ​ഥാൻ അപ്പനോ​ടുള്ള വിശ്വ​സ്‌ത​ത​യും കാണിച്ചു. യോനാ​ഥാൻ വിശ്വ​സ്‌തത കാണിച്ച വിധം പകർത്തു​ന്നതു നമുക്കും പ്രയോ​ജനം ചെയ്യും.

വിശ്വ​സ്‌ത​ത​യു​ടെ വില

യോനാ​ഥാൻ ശൗലി​നെ​യും ദാവീ​ദി​നെ​യും ഒന്നിപ്പി​ക്കാൻ വീണ്ടും ശ്രമി​ച്ചെ​ങ്കി​ലും ഫലമു​ണ്ടാ​യില്ല. ദാവീദ്‌ യോനാ​ഥാ​നെ രഹസ്യ​ത്തിൽ വന്ന്‌ കണ്ടിട്ട്‌ തന്റെ ജീവൻ ആപത്തി​ലാ​ണെന്നു പറഞ്ഞു. “എനിക്കും മരണത്തി​നും ഇടയിൽ വെറും ഒരു അടി അകലമേ ഉള്ളൂ” എന്നാണു ദാവീദ്‌ പറഞ്ഞത്‌. ശൗലിന്റെ മനോ​ഭാ​വം അനുകൂ​ല​മാ​ണോ പ്രതി​കൂ​ല​മാ​ണോ എന്നു മനസ്സി​ലാ​ക്കി ദാവീ​ദി​നെ അറിയി​ക്കാ​മെന്നു യോനാ​ഥാൻ വാക്കു കൊടു​ത്തു. ദാവീദ്‌ ഒളിച്ചി​രുന്ന സമയത്ത്‌ യോനാ​ഥാൻ അമ്പ്‌ എയ്‌തു​കൊ​ണ്ടാ​ണു സൂചന കൊടു​ത്തത്‌. ഒരു സത്യം ചെയ്യാൻ മാത്രമേ യോനാ​ഥാൻ ദാവീ​ദി​നോ​ടു പറഞ്ഞുള്ളൂ. “യഹോവ ദാവീ​ദി​ന്റെ ശത്രു​ക്കളെ ഒന്നടങ്കം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കു​മ്പോ​ഴും എന്റെ വീട്ടു​കാ​രോ​ടു നീ അചഞ്ചല​മായ സ്‌നേഹം കാണി​ക്കാ​തി​രി​ക്ക​രു​തേ” എന്നാണു യോനാ​ഥാൻ പറഞ്ഞത്‌. യോനാ​ഥാ​ന്റെ വീട്ടു​കാ​രോട്‌ എപ്പോ​ഴും കരുതൽ കാണി​ക്കു​മെന്നു ദാവീദ്‌ ഉറപ്പു​കൊ​ടു​ത്തു.—1 ശമുവേൽ 20:3, 13-27.

യോനാ​ഥാൻ ദാവീ​ദി​നെ​ക്കു​റിച്ച്‌ നല്ലതു പറഞ്ഞെ​ങ്കി​ലും രാജാ​വി​നു കലി വന്നു. “ധിക്കാ​രി​യായ സ്‌ത്രീ​യു​ടെ സന്തതീ” എന്നു ശൗൽ യോനാ​ഥാ​നെ വിളിച്ചു. ദാവീ​ദി​നോ​ടുള്ള യോനാ​ഥാ​ന്റെ വിശ്വ​സ്‌തത കുടും​ബ​ത്തിന്‌ അപമാ​ന​മാ​ണെ​ന്നും പറഞ്ഞു. സ്വന്തം ഗുണം നോക്കാൻ പ്രേരി​പ്പി​ച്ചു​കൊണ്ട്‌ ശൗൽ യോനാ​ഥാ​നോട്‌ ഇങ്ങനെ പറയുന്നു: “യിശ്ശാ​യി​യു​ടെ മകൻ ഈ ഭൂമു​ഖത്ത്‌ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം നീയും നിന്റെ രാജാ​ധി​കാ​ര​വും വേരു​റ​യ്‌ക്കില്ല.” യോനാ​ഥാന്‌ ഒരു കുലു​ക്ക​വും ഇല്ല. അദ്ദേഹം വീണ്ടും അപ്പനോ​ടു ചോദി​ക്കു​ന്നു: “എന്തിനാ​ണു ദാവീ​ദി​നെ കൊല്ലു​ന്നത്‌? ദാവീദ്‌ എന്തു ചെയ്‌തു?” ഇതു കേട്ട ശൗൽ അക്രമാ​സ​ക്ത​നാ​യി. വയസ്സാ​യെ​ങ്കി​ലും ശൗൽ ഇപ്പോ​ഴും ഒരു വീര​യോ​ദ്ധാ​വു​ത​ന്നെ​യാണ്‌. അദ്ദേഹം മകനു നേരെ കുന്തം എറിഞ്ഞു. നല്ല തഴക്കവും പഴക്കവും ചെന്ന യോദ്ധാ​വാ​യി​രു​ന്നെ​ങ്കി​ലും ഇത്തവണ ശൗലിന്‌ ഉന്നം തെറ്റി. അപമാ​നി​ത​നായ യോനാ​ഥാൻ അതി​വേ​ദ​ന​യോ​ടും ദേഷ്യ​ത്തോ​ടും കൂടെ അവി​ടെ​നിന്ന്‌ ഇറങ്ങി​പ്പോ​യി.—1 ശമുവേൽ 20:24-34.

യോനാ​ഥാൻ സ്വന്തം താത്‌പ​ര്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ത്തി​ല്ല

പിറ്റേ ദിവസം രാവി​ലെ​തന്നെ യോനാ​ഥാൻ ദാവീദ്‌ ഒളിച്ചി​രുന്ന സ്ഥലത്തിന്‌ അടുത്തുള്ള വയലി​ലേക്കു പോയി. പറഞ്ഞ്‌ ഒത്തപോ​ലെ​തന്നെ യോനാ​ഥാൻ ഒരു അമ്പ്‌ എയ്‌തു​കൊണ്ട്‌, ശൗൽ ഇപ്പോ​ഴും ദാവീ​ദി​നെ കൊല്ലാൻ നോക്കി​ന​ട​ക്കു​ക​യാ​ണെന്ന കാര്യം അറിയി​ച്ചു. എന്നിട്ട്‌ യോനാ​ഥാൻ പരിചാ​ര​കനെ നഗരത്തി​ലേക്കു പറഞ്ഞു​വി​ട്ടു. പിന്നെ അവിടെ യോനാ​ഥാ​നും ദാവീ​ദും മാത്ര​മാ​യി. അവർക്കു സംസാ​രി​ക്കാൻ അൽപ്പം സമയം കിട്ടി. രണ്ടു പേരും കരഞ്ഞു. അഭയാർഥി​ജീ​വി​തം തുടങ്ങാൻ പോകുന്ന ദാവീ​ദി​നെ ദുഃഖ​ത്തോ​ടെ യാത്ര അയച്ചു​കൊണ്ട്‌ യോനാ​ഥാൻ അവി​ടെ​നിന്ന്‌ വിട വാങ്ങി.—1 ശമുവേൽ 20:35-42.

സ്വന്തം താത്‌പ​ര്യ​ത്തെ കടത്തി​വെ​ട്ടു​ന്ന​താ​യി​രു​ന്നു യോനാ​ഥാ​ന്റെ വിശ്വ​സ്‌തത. എല്ലാ വിശ്വ​സ്‌ത​രെ​യും വിടാതെ പിന്തു​ട​രുന്ന ശത്രു​വായ സാത്താൻ, ശൗലി​നെ​പ്പോ​ലെ യോനാ​ഥാ​നും സ്വന്തം പ്രശസ്‌തി​ക്കും അധികാ​ര​ത്തി​നും ഒന്നാം സ്ഥാനം കൊടു​ക്കാൻ ഉറപ്പാ​യും പ്രതീ​ക്ഷി​ച്ചു​കാ​ണും. ഓർക്കുക: സ്വാർഥാ​ഭി​ലാ​ഷങ്ങൾ മനുഷ്യർക്ക്‌ ആകർഷ​ക​മാ​യി തോന്നാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും കാര്യ​ത്തിൽ സാത്താൻ വിജയി​ച്ചു. (ഉൽപത്തി 3:1-6) പക്ഷേ യോനാ​ഥാ​ന്റെ മുന്നിൽ സാത്താൻ മുട്ടു മടക്കി. ഇതു സാത്താനെ എത്രമാ​ത്രം ചൊടി​പ്പി​ച്ചു​കാ​ണും! ഇതു​പോ​ലുള്ള സമ്മർദ​ങ്ങളെ നിങ്ങൾ ചെറു​ത്തു​നിൽക്കു​മോ? സ്വാർഥത മുഖമു​ദ്ര​യായ ഒരു കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) യോനാ​ഥാ​ന്റെ നിസ്വാർഥ​മായ വിശ്വ​സ്‌ത​ത​യിൽനിന്ന്‌ നമ്മൾ പാഠം പഠിക്കു​മോ?

വിശ്വസ്‌തസുഹൃത്തായ യോനാ​ഥാൻ, കൂട്ടു​കാ​ര​നായ ദാവീ​ദി​നെ അപകട​ത്തിൽനിന്ന്‌ രക്ഷിക്കാൻ സൂചന കൊടു​ത്തു

“നീ എനിക്ക്‌ എത്ര പ്രിയ​ങ്ക​ര​നാ​യി​രു​ന്നു”

ഊണി​ലും ഉറക്കത്തി​ലും ദാവീ​ദി​നെ കൊല്ല​ണ​മെന്ന ഒരൊറ്റ ചിന്തയാ​ണു ശൗലിന്‌. നിരപ​രാ​ധി​യായ ഒരു മനുഷ്യ​ന്റെ കഥ കഴിക്കാൻ ഒരു ഭ്രാന്ത​നെ​പ്പോ​ലെ സൈന്യ​ത്തെ​യും​കൊണ്ട്‌ രാജ്യ​ത്തു​ട​നീ​ളം ചുറ്റുന്ന തന്റെ അപ്പനെ നിസ്സഹാ​യ​നാ​യി നോക്കി​നിൽക്കാ​നേ യോനാ​ഥാ​നു കഴിയു​ന്നു​ള്ളൂ. (1 ശമുവേൽ 24:1, 2, 12-15; 26:20) യോനാ​ഥാ​നും അവർക്കൊ​പ്പം കൂടി​യോ? അനാവ​ശ്യ​മായ ഈ പരക്കം​പാ​ച്ചി​ലിൽ യോനാ​ഥാൻ കൂടി​യ​തി​ന്റെ ഒരു സൂചന​യും തിരു​വെ​ഴു​ത്തു നൽകു​ന്നില്ല. യഹോ​വ​യോ​ടും ദാവീ​ദി​നോ​ടും ദാവീ​ദു​മാ​യി ചെയ്‌ത ഉടമ്പടി​യോ​ടും ഉള്ള യോനാ​ഥാ​ന്റെ വിശ്വ​സ്‌തത അങ്ങനെ കൂറു മാറാൻ അദ്ദേഹത്തെ എങ്ങനെ പ്രേരിപ്പിക്കും!

കൂട്ടു​കാ​ര​നോ​ടുള്ള യോനാ​ഥാ​ന്റെ സ്‌നേഹം ഒട്ടും കുറഞ്ഞില്ല. ദാവീ​ദി​നെ വീണ്ടും കാണാ​നുള്ള ഒരു വഴി അദ്ദേഹം കണ്ടുപി​ടി​ച്ചു. അതു ഹോ​റെ​ശിൽവെ​ച്ചാ​യി​രു​ന്നു. ഹോ​റെ​ശി​ന്റെ അർഥം “മരങ്ങളുള്ള സ്ഥലം” എന്നാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഹെ​ബ്രോ​നു തെക്കു​കി​ഴ​ക്കാ​യി ഏതാനും മൈലു​കൾ അകലെ​യുള്ള വനനി​ബി​ഡ​മായ പർവത​പ്ര​ദേ​ശ​മാ​യി​രു​ന്നു അത്‌. എന്തിനാ​യി​രി​ക്കും ഈ അഭയാർഥി​യെ കാണാൻ യോനാ​ഥാൻ ജീവൻപോ​ലും അപകട​പ്പെ​ടു​ത്തി പോയത്‌? “യഹോ​വ​യിൽ ശക്തിയാർജി​ക്കാൻ” ദാവീ​ദി​നെ സഹായി​ക്കുക എന്നതാ​യി​രു​ന്നു യോനാ​ഥാ​ന്റെ ലക്ഷ്യ​മെന്നു ബൈബിൾ പറയുന്നു. (1 ശമുവേൽ 23:16) യോനാ​ഥാൻ അത്‌ എങ്ങനെ ചെയ്‌തു?

“പേടി​ക്കേണ്ടാ” എന്നു യോനാ​ഥാൻ തന്റെ യുവസു​ഹൃ​ത്തി​നോ​ടു പറഞ്ഞു. എന്നിട്ട്‌ ഈ ഉറപ്പും കൊടു​ത്തു: “എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപി​ടി​ക്കില്ല.” അക്കാര്യ​ത്തിൽ യോനാ​ഥാന്‌ ഇത്ര ഉറപ്പ്‌ എന്താണ്‌? യഹോ​വ​യു​ടെ ഉദ്ദേശ്യം തീർച്ച​യാ​യും നടക്കു​മെന്ന യോനാ​ഥാ​ന്റെ വിശ്വാ​സ​മാ​യി​രു​ന്നു അത്‌. എന്നിട്ട്‌ യോനാ​ഥാൻ പറഞ്ഞു: “നീ ഇസ്രാ​യേ​ലി​നു രാജാ​വാ​കും.” വർഷങ്ങൾക്കു മുമ്പ്‌ ഇതേ കാര്യം, യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ ശമുവേൽ പ്രവാ​ച​ക​നും ദാവീ​ദി​നോ​ടു പറഞ്ഞതാണ്‌. യഹോ​വ​യു​ടെ വാക്കുകൾ എപ്പോ​ഴും ആശ്രയ​യോ​ഗ്യ​മാ​ണെന്നു യോനാ​ഥാൻ ഇപ്പോൾ ദാവീ​ദി​നെ ഓർമി​പ്പി​ച്ചു. തന്റെ ഭാവി​യെ​ക്കു​റിച്ച്‌ യോനാ​ഥാൻ എന്താണു പറഞ്ഞത്‌? “ഞാൻ നിനക്കു രണ്ടാമ​നും.” അദ്ദേഹ​ത്തി​ന്റെ താഴ്‌മ​യ്‌ക്കു വിലയി​ടാ​നാ​കില്ല. തന്നെക്കാൾ 30 വയസ്സിന്‌ ഇളയതായ ഒരാളു​ടെ ആജ്ഞയനു​സ​രിച്ച്‌, അയാളു​ടെ വല​ങ്കൈ​യാ​യി പ്രവർത്തി​ക്കാൻ യോനാ​ഥാ​നു മനസ്സാ​യി​രു​ന്നു. യോനാ​ഥാൻ അവസാനം ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പനായ ശൗലി​നും അത്‌ അറിയാം.” (1 ശമുവേൽ 23:17, 18) അടുത്ത രാജാ​വാ​കാൻ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന വ്യക്തിയെ പോരാ​ടി തോൽപ്പി​ക്കാ​നാ​കി​ല്ലെന്നു ശൗലിന്‌ അറിയാ​മാ​യി​രു​ന്നു.

ആവശ്യമായ സമയത്ത്‌ യോനാ​ഥാൻ ദാവീ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു

പിന്നീ​ടു​ള്ള വർഷങ്ങ​ളിൽ ആ കൂടി​ക്കാ​ഴ്‌ച​യെ​ക്കു​റിച്ച്‌ ദാവീദ്‌ ഒരു ചെറിയ തേങ്ങ​ലോ​ടെ ഓർത്തി​ട്ടു​ണ്ടാ​കും. അത്‌ അവരുടെ അവസാന കൂടി​ക്കാ​ഴ്‌ച​യാ​യി​രു​ന്നു. ദാവീ​ദി​നു രണ്ടാമ​നാ​കാ​നുള്ള യോനാ​ഥാ​ന്റെ പ്രതീക്ഷ പൊലി​ഞ്ഞു​പോ​യി.

ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്ക​ളായ ഫെലി​സ്‌ത്യർക്കെ​തി​രെ പോരാ​ടാൻ അപ്പന്റെ പക്ഷം ചേർന്ന്‌ യോനാ​ഥാൻ യുദ്ധത്തി​നു പോയി. നല്ല ആന്തര​ത്തോ​ടെ​യാ​ണു യോനാ​ഥാൻ അപ്പനോ​ടൊ​പ്പം പോരാ​ടാൻ പോയത്‌. അപ്പൻ തെറ്റു ചെയ്‌തെന്നു കരുതി യോനാ​ഥാൻ യഹോ​വയെ സേവി​ക്കു​ന്ന​തിൽ പിന്നോ​ക്കം പോയില്ല. എന്നത്തെ​യും​പോ​ലെ ധീരത​യോ​ടെ​യും വിശ്വ​സ്‌ത​ത​യോ​ടെ​യും അദ്ദേഹം പോരാ​ടി. പക്ഷേ അന്ന്‌ കാര്യങ്ങൾ ഇസ്രാ​യേ​ലിന്‌ ഒട്ടും അനുകൂ​ല​മാ​യി​രു​ന്നില്ല. ഭൂതവി​ദ്യ ചെയ്യുന്ന അളവോ​ളം ശൗൽ ദുഷ്ടനാ​യി​ത്തീർന്നി​രു​ന്നു. ദൈവ​നി​യ​മ​പ്ര​കാ​രം അതു ഗുരു​ത​ര​മായ തെറ്റാ​യി​രു​ന്നു. അങ്ങനെ ശൗലിന്‌ യഹോ​വ​യു​ടെ അനു​ഗ്രഹം നഷ്ടമായി. യോനാ​ഥാൻ ഉൾപ്പെടെ ശൗലിന്റെ മൂന്ന്‌ ആൺമക്കൾ പോരാ​ട്ട​ത്തിൽ കൊല്ല​പ്പെട്ടു. ഗുരു​ത​ര​മായ മുറി​വേറ്റ ശൗൽ ആത്മഹത്യ ചെയ്‌തു.—1 ശമുവേൽ 28:6-14; 31:2-6.

യോനാ​ഥാൻ പറഞ്ഞു: “നീ ഇസ്രാ​യേ​ലി​നു രാജാ​വാ​കും. ഞാൻ നിനക്കു രണ്ടാമ​നും.”—1 ശമുവേൽ 23:17.

ഇത്‌ അറിഞ്ഞ ദാവീദ്‌ കടുത്ത ദുഃഖ​ത്തി​ലാ​ണ്ടു​പോ​യി. തനിക്കു ധാരാളം ദുരി​ത​വും കഷ്ടപ്പാ​ടും വരുത്തിയ ശൗലിനെ ഓർത്തു​പോ​ലും ദാവീദ്‌ ദുഃഖി​ച്ചു. അത്രയ്‌ക്കു വലുതാ​യി​രു​ന്നു ആ മനസ്സ്‌! ശൗലി​നും യോനാ​ഥാ​നും വേണ്ടി ദാവീദ്‌ ഒരു വിലാ​പ​ഗീ​തം രചിച്ചു. ഒരുപക്ഷേ, തന്റെ പ്രിയ​പ്പെട്ട ഗുരു​വും സുഹൃ​ത്തു​മായ യോനാ​ഥാ​നെ​ക്കു​റി​ച്ചുള്ള ദാവീ​ദി​ന്റെ ഏറ്റവും ഹൃദയ​സ്‌പർശി​യായ വാക്കുകൾ അതി​ലേ​താ​യി​രി​ക്കാം. “യോനാ​ഥാ​നേ, എൻ സോദരാ, നിന്നെ ഓർത്ത്‌ എന്റെ മനം വിതു​മ്പു​ന്നു. നീ എനിക്ക്‌ എത്ര പ്രിയ​ങ്ക​ര​നാ​യി​രു​ന്നു! എന്നോ​ടുള്ള നിന്റെ സ്‌നേഹം സ്‌ത്രീ​ക​ളു​ടെ പ്രേമ​ത്തെ​ക്കാൾ വിശിഷ്ടം!”—2 ശമുവേൽ 1:26.

യോനാ​ഥാ​നു കൊടുത്ത വാക്കു ദാവീദ്‌ മറന്നു​ക​ള​ഞ്ഞില്ല. വർഷങ്ങൾക്കു ശേഷം, യോനാ​ഥാ​ന്റെ വൈക​ല്യ​മുള്ള മകനായ മെഫി​ബോ​ശെ​ത്തി​നെ ദാവീദ്‌ തേടി​ക്ക​ണ്ടു​പി​ടി​ക്കു​ക​യും കൂടെ നിറു​ത്തു​ക​യും ചെയ്‌തു. (2 ശമുവേൽ 9:1-13) യോനാ​ഥാ​ന്റെ വിശ്വ​സ്‌തത, ദാവീ​ദി​നു കൊടുത്ത ബഹുമതി, എന്തു വന്നാലും കൂട്ടു​കാ​ര​നോ​ടു പറ്റിനിൽക്കാ​നുള്ള മനസ്സൊ​രു​ക്കം—ഇതിൽനി​ന്നെ​ല്ലാം ദാവീദ്‌ ഒരുപാ​ടു കാര്യങ്ങൾ പഠിച്ചി​ട്ടു​ണ്ടാ​കും. ഇതൊക്കെ നമുക്കും പകർത്താൻ കഴിയുന്ന നല്ല പാഠങ്ങ​ളല്ലേ? യോനാ​ഥാ​നെ​പ്പോ​ലുള്ള കൂട്ടു​കാ​രെ നമുക്കും കണ്ടുപി​ടി​ക്കാ​നാ​കു​മോ? നമുക്ക്‌ അതു​പോ​ലൊ​രു സുഹൃ​ത്താ​യി​രി​ക്കാ​നാ​കു​മോ? യഹോ​വ​യി​ലുള്ള വിശ്വാ​സം വളർത്താ​നും ശക്തമാ​ക്കാ​നും നമ്മൾ കൂട്ടു​കാ​രെ സഹായി​ക്കു​ന്നെ​ങ്കിൽ, യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കു നമ്മൾ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ, സ്വന്തം താത്‌പ​ര്യം നോക്കാ​തെ എപ്പോ​ഴും വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നെ​ങ്കിൽ നമ്മളും യോനാ​ഥാ​നെ​പ്പോ​ലുള്ള ഒരു സുഹൃ​ത്താ​യി​രി​ക്കും. നമ്മൾ യോനാ​ഥാ​ന്റെ വിശ്വാ​സം അനുക​രി​ക്കു​ക​യാ​യി​രി​ക്കും.

^ ഖ. 10 ശൗലിന്റെ ഭരണത്തി​ന്റെ തുടക്ക​ത്തി​ലാ​ണു യോനാ​ഥാ​നെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ആദ്യം പറയു​ന്നത്‌. അപ്പോൾ യോനാ​ഥാൻ സൈന്യാ​ധി​പ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ കുറഞ്ഞത്‌ 20 വയസ്സെ​ങ്കി​ലും ഉണ്ടായി​രു​ന്നി​രി​ക്കും. (സംഖ്യ 1:3; 1 ശമുവേൽ 13:2) ശൗൽ 40 വർഷം ഭരിച്ചു. അങ്ങനെ​യാ​ണെ​ങ്കിൽ ശൗലിന്റെ മരണസ​മ​യത്ത്‌ യോനാ​ഥാന്‌ ഏകദേശം 60 വയസ്സു​ണ്ടാ​യി​രു​ന്നി​രി​ക്കും. ശൗൽ മരിക്കു​മ്പോൾ ദാവീ​ദി​നു 30 വയസ്സാ​യി​രു​ന്നു. (1 ശമുവേൽ 31:2; 2 ശമുവേൽ 5:4) അതു​കൊണ്ട്‌ യോനാ​ഥാൻ സാധ്യ​ത​യ​നു​സ​രിച്ച്‌ ദാവീ​ദി​നെ​ക്കാൾ ഏകദേശം 30 വയസ്സിനു മൂത്തതാ​യി​രു​ന്നു.