വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതി​രെ​യു​ള്ള എല്ലാ ആരോ​പ​ണ​ങ്ങൾക്കും അവർ മറുപടി കൊടു​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതി​രെ​യു​ള്ള എല്ലാ ആരോ​പ​ണ​ങ്ങൾക്കും അവർ മറുപടി കൊടു​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

 യഹോ​വ​യു​ടെ സാക്ഷികൾ എല്ലാ ആരോ​പ​ണ​ങ്ങൾക്കും പരിഹാ​സ​വാ​ക്കു​കൾക്കും മറുപടി കൊടു​ക്കാ​ത്ത​തി​ന്റെ കാരണം, അവർ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്നു എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ബൈബി​ളി​ലെ ഒരു ജ്ഞാന​മൊ​ഴി പറയുന്നു: “പരിഹാ​സി​യെ തിരു​ത്തു​ന്ന​വൻ അപമാനം ക്ഷണിച്ചു​വ​രു​ത്തു​ന്നു.” (സുഭാഷിതങ്ങൾ 9:7, 8; 26:4) തെറ്റായ ഒരു ആരോ​പ​ണ​ത്തി​ന്റെ തുമ്പ്‌ പിടിച്ച്‌ വെറുതെ തർക്കി​ക്കു​ന്ന​തി​നു പകരം ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​ലാണ്‌ ഞങ്ങൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌.—സങ്കീർത്ത​നം 119:69.

 ‘മൗനമാ​യി​രി​ക്കാ​നും സംസാ​രി​ക്കാ​നും ഒരു സമയമുണ്ട്‌.’ (സഭാപ്രസംഗകൻ 3:7) അതു​കൊണ്ട്‌, സത്യ​ത്തെ​ക്കു​റിച്ച്‌ അറിയാൻ താത്‌പ​ര്യ​മു​ള്ള ആത്മാർഥ​ഹൃ​ദ​യ​രോ​ടു ഞങ്ങൾ സംസാ​രി​ക്കും, എന്നാൽ അനാവ​ശ്യ​വാ​ദ​ങ്ങൾ ഒഴിവാ​ക്കും. അങ്ങനെ യേശു​വി​ന്റെ​യും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും ഉപദേ​ശ​ങ്ങ​ളും മാതൃ​ക​യും ഞങ്ങൾ പിൻപ​റ്റു​ന്നു.

  •   പീലാ​ത്തൊ​സി​നു മുമ്പാ​കെ​യു​ള്ള വിചാ​ര​ണ​യിൽ യേശു​വിന്‌ എതിരെ അനേകം വ്യാജാ​രോ​പ​ണ​ങ്ങൾ നിരത്തി. ആ അവസര​ത്തിൽ യേശു ഒരക്ഷരം​പോ​ലും മിണ്ടി​യി​ല്ല. (മത്തായി 27:11-14; 1 പത്രോസ്‌ 2:21-23) കുടി​യ​നും തീറ്റി​പ്രി​യ​നും എന്നിവ​പോ​ലു​ള്ള ആരോ​പ​ണ​ങ്ങൾ വന്നപ്പോ​ഴും യേശു പ്രതി​ക​രി​ച്ചി​ല്ല. പകരം, “ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതി​യു​ള്ള​തെ​ന്നു തെളി​യും” എന്ന ബൈബിൾത​ത്ത്വ​മ​നു​സ​രിച്ച്‌ തന്റെ പ്രവൃ​ത്തി​കൾകൊണ്ട്‌ യേശു അവർക്ക്‌ ഉത്തരം നൽകി. (മത്തായി 11:19) എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ തനി​ക്കെ​തി​രെ വന്ന ആരോ​പ​ണ​ങ്ങൾക്ക്‌ യേശു ധൈര്യ​ത്തോ​ടെ ഉത്തരം നൽകു​ക​യും ചെയ്‌തു.—മത്തായി 15:1-3; മർക്കോസ്‌ 3:22-30.

     തെറ്റായ ആരോ​പ​ണ​ങ്ങൾ വരു​മ്പോൾ നിരു​ത്സാ​ഹ​പ്പെ​ട​രു​തെ​ന്നും യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. യേശു പറഞ്ഞു: “എന്നെ​പ്ര​തി ആളുകൾ നിങ്ങളെ നിന്ദി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച്‌ പല തരം അപവാദം പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ.” (മത്തായി 5:11, 12) ചില ആരോ​പ​ണ​ങ്ങൾ മറ്റുള്ള​വർക്കു സാക്ഷ്യം കൊടു​ക്കാ​നു​ള്ള വാതിൽ തുറന്നി​ടു​മെ​ന്നും യേശു പറഞ്ഞു. ഇങ്ങനെ​യൊ​രു ഉറപ്പും അവർക്കു കൊടു​ത്തു: “നിങ്ങളു​ടെ എല്ലാ എതിരാ​ളി​ക​ളും ഒന്നിച്ചു​നി​ന്നാൽപ്പോ​ലും അവർക്ക്‌ എതിർത്തു​പ​റ​യാ​നോ ഖണ്ഡിക്കാ​നോ പറ്റാത്ത​തു​പോ​ലു​ള്ള വാക്കു​ക​ളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.”—ലൂക്കോസ്‌ 21:12-15.

  •   അനാവ​ശ്യ​തർക്ക​ങ്ങൾ ഒഴിവാ​ക്കാൻ അപ്പോ​സ്‌ത​ല​നാ​യ പൗലോ​സും ഉപദേ​ശി​ച്ചു. അത്തരം ആരോ​പ​ണ​ങ്ങ​ളെ ‘ഒരു പ്രയോ​ജ​ന​വു​മി​ല്ലാ​ത്ത വ്യർഥ​കാ​ര്യ​ങ്ങൾ’ എന്നാണ്‌ പൗലോസ്‌ വിളി​ച്ചത്‌.—തീത്തോസ്‌ 3:9; റോമർ 16:17, 18.

  •   നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്ന​വർക്ക്‌, സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം മറുപടി കൊടു​ക്ക​ണ​മെന്ന്‌ അപ്പോ​സ്‌ത​ല​നാ​യ പത്രോസ്‌ പറഞ്ഞു. (1 പത്രോസ്‌ 3:15) എങ്കിലും വാക്കു​ക​ളെ​ക്കാൾ ഉപരി പ്രവൃ​ത്തി​കൾകൊണ്ട്‌ ഉത്തരം കൊടു​ക്കു​ന്ന​താണ്‌ മിക്ക​പ്പോ​ഴും നല്ലതെന്ന്‌ അദ്ദേഹം വ്യക്തമാ​ക്കി. പത്രോസ്‌ എഴുതി​യത്‌ ഇങ്ങനെ​യാണ്‌: “നിങ്ങൾ നന്മ ചെയ്യു​ക​യും അങ്ങനെ, വിഡ്‌ഢി​ത്തം പറയുന്ന അജ്ഞരുടെ വായ്‌ അടപ്പി​ക്കു​ക​യും വേണം.”—1 പത്രോസ്‌ 2:12-15.