വിവരങ്ങള്‍ കാണിക്കുക

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലെ 135-ാം ക്ലാസ്സിന്റെ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലെ 135-ാം ക്ലാസ്സിന്റെ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌

ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലു​ള്ള വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തിൽവെച്ച്‌ വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലെ 135-ാം ക്ലാസ്സിന്റെ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌ അരങ്ങേറി. 2013 സെപ്‌റ്റം​ബർ 14-നു നടന്ന പരിപാ​ടിക്ക്‌ ഏകദേശം 10,500 പേർ സാക്ഷ്യം വഹിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട അനുഭ​വ​പ​രി​ച​യ​മു​ള്ള സേവകർക്കു​വേ​ണ്ടി നടത്തുന്ന ഒരു പ്രത്യേക ക്ലാസ്സാണ്‌ വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ; നിയമ​ന​ങ്ങൾ കൂടുതൽ മെച്ചമാ​യി ചെയ്യാ​നു​ള്ള പരിശീ​ല​ന​മാണ്‌ അവർക്ക്‌ ഇതിലൂ​ടെ നൽകു​ന്നത്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ ഒരു അംഗമായ ഗൈ പിയേ​ഴ്‌സാ​യി​രു​ന്നു പരിപാ​ടി​യു​ടെ അധ്യക്ഷൻ. മത്തായി 28:19, 20 ഉദ്ധരി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ആകയാൽ നിങ്ങൾ പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ. ... ഞാൻ നിങ്ങ​ളോ​ടു കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്കാൻ തക്കവണ്ണം പഠിപ്പി​ക്കു​ക​യും ചെയ്യു​വിൻ.”

യേശു​വി​ന്റെ ഈ വാക്കുകൾ, ആ കാലത്ത്‌ തുടങ്ങി ഈ കാലത്തും തുടരുന്ന ഒരു പ്രത്യേക പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചു​ള്ള​താ​ണെന്ന്‌ ഗൈ പിയേ​ഴ്‌സ്‌ ചൂണ്ടി​ക്കാ​ട്ടി. ആളുകളെ ശിഷ്യ​രാ​ക്കു​മ്പോൾ യേശു പറഞ്ഞ​തെ​ല്ലാം നമ്മൾ അവരെ പഠിപ്പി​ക്കു​ക​യാണ്‌. അതിൽ ഒരു കല്‌പ​ന​യാണ്‌ “രാജ്യ​ത്തി​ന്റെ ഈ സുവി​ശേ​ഷം” പ്രസം​ഗി​ക്കു​ക എന്നത്‌. (മത്തായി 24:14) ആ കല്‌പന അനുസ​രി​ക്കു​ന്ന ഓരോ ബൈബിൾവി​ദ്യാർഥി​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യും. അങ്ങനെ, അവരും നമ്മളെ​പ്പോ​ലെ ഗുരു​ക്ക​ന്മാ​രും പ്രസം​ഗ​ക​രും ആയിത്തീ​രു​ന്നു. എന്താണ്‌ ഈയൊ​രു പ്രക്രി​യ​യു​ടെ ഫലം? ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​രൻ അതു വ്യക്തമാ​ക്കി: “(ലോക)ജനസംഖ്യ വർധി​ച്ച​പ്പോൾ യഹോ​വ​യു​ടെ ജനവും വർധിച്ചു.”

“അവർ തങ്ങളുടെ കഴിവ​നു​സ​രി​ച്ചും അതിന​പ്പു​റ​വും കൊടു​ത്തു.” ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യ തോമസ്‌ ചീക്കി സഹോ​ദ​ര​ന്റെ പ്രസംഗം 2 കൊരി​ന്ത്യർ 8:1-4 വരെയുള്ള വാക്യ​ങ്ങ​ളെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ മാസി​ഡോ​ണി​യ​യി​ലുള്ള ക്രിസ്‌ത്യാ​നി​കൾ വളരെ ദരി​ദ്ര​രാ​യി​രു​ന്നു. എന്നിട്ടും, യെരു​ശ​ലേ​മി​ലു​ള്ള പാവപ്പെട്ട സഹോ​ദ​ര​ന്മാർക്കു സഹായങ്ങൾ ചെയ്യാൻ അവർ എപ്പോ​ഴും തയ്യാറാ​യി​രു​ന്നു. ഗിലെ​യാദ്‌ സ്‌കൂ​ളി​ലെ വിദ്യാർഥി​ക​ളും അവരെ​പ്പോ​ലെ, ഉദാര​ശീ​ല​രും മറ്റുള്ള​വർക്കു​വേ​ണ്ടി ത്യാഗങ്ങൾ ചെയ്യു​ന്ന​വ​രും ആണ്‌.

പക്ഷേ മാസി​ഡോ​ണി​യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ വിവേ​ക​മു​ള്ള​വ​രു​മാ​യി​രു​ന്നു. സ്വന്തം കുടും​ബ​ത്തെ​യോ ദൈവാ​രാ​ധ​ന​യെ​യോ അവഗണി​ച്ചല്ല അവർ ദാനധർമ​ങ്ങൾ ചെയ്‌തത്‌. മറ്റുള്ള​വർക്കു കൊടു​ക്കു​ന്ന കാര്യ​ത്തിൽ ഗിലെ​യാദ്‌ സ്‌കൂ​ളി​ലെ വിദ്യാർഥി​ക​ളും മാസി​ഡോ​ണി​യ​ക്കാ​രെ​പ്പോ​ലെ നല്ല വിവേകം കാണി​ക്ക​ണ​മെന്ന്‌ തോമസ്‌ ചീക്കി സഹോ​ദ​രൻ വ്യക്തമാ​ക്കി.

“സ്‌കൂൾ അവസാ​നി​ച്ചു.” ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ ഓർമകൾ കാത്തു​സൂ​ക്ഷി​ക്കാൻ ഭരണസം​ഘ​ത്തി​ലെ അംഗമായ സാമു​വെൽ ഹെർഡ്‌ വിദ്യാർഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതിരാ​വി​ലെ കേൾക്കുന്ന ഒരു നല്ല പാട്ട്‌ ദിവസം മുഴു​വ​നും നമ്മളെ ഊർജ​സ്വ​ല​രാ​ക്കി​നി​റു​ത്തു​ന്ന​തു​പോ​ലെ, ഗിലെ​യാദ്‌ സ്‌കൂൾ അവസാ​നിച്ച്‌ വളരെ നാളു​കൾക്കു ശേഷവും വിദ്യാർഥി​കൾക്ക്‌ ഊർജം പകരാൻ ഈ ഓർമ​കൾക്കു കഴിയും.

ദൈവ​ത്തി​ന്റെ ഓർമ​ശ​ക്തി അനന്തമാ​ണെ​ന്നു ഹെർഡ്‌ സഹോ​ദ​രൻ വിദ്യാർഥി​ക​ളോ​ടു പറഞ്ഞു. ഈ പ്രപഞ്ച​ത്തി​ലു​ള്ള കോടി​ക്ക​ണ​ക്കി​നു നക്ഷത്ര​ങ്ങൾക്കു ദൈവം പേരി​ട്ടി​രി​ക്കു​ന്നു; ആ പേരു​ക​ളെ​ല്ലാം ഓർത്തു​വെ​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്ത​നം 147:4) അപ്പോൾപ്പി​ന്നെ ഗിലെ​യാ​ദി​ലെ പരീശീ​ല​ന​കാ​ലത്ത്‌ വിദ്യാർഥി​കൾ നടത്തിയ കഠിന​ശ്ര​മ​വും ദൈവം ഓർത്തു​വെ​ക്കും എന്നത്‌ ഉറപ്പാണ്‌. ഈ വിദ്യാർഥി​കൾ, “സ്വർഗ്ഗ​ത്തിൽ നിക്ഷേപം” സ്വരൂ​പി​ച്ചി​രി​ക്കു​ക​യാണ്‌. അതു​കൊ​ണ്ടു​ത​ന്നെ, ഇവരെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു​ള്ള ഓർമകൾ മോഷ്ടി​ച്ചെ​ടു​ക്കാൻ ആർക്കും കഴിയില്ല.—മത്തായി 6:20.

ദൈവം ഗിലെ​യാദ്‌ വിദ്യാർഥി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളും തന്നോട്‌ അവർ കാണി​ക്കു​ന്ന സ്‌നേ​ഹ​വും ഓർത്തു​വെ​ക്കു​ന്നു. അതു​കൊണ്ട്‌ ന്യായ​മാ​യും വിദ്യാർഥി​കൾക്കും ഗിലെ​യാ​ദി​നെ​ക്കു​റി​ച്ചുള്ള ഓർമകൾ അയവി​റ​ക്കാം. ഹെർഡ്‌ സഹോ​ദ​രൻ പറഞ്ഞു: “സ്‌കൂ​ളി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ നിങ്ങൾ സന്തോ​ഷി​ക്കു​മ്പോൾ ആ സന്തോഷം നിങ്ങൾക്കു തന്ന യഹോ​വ​യ്‌ക്കു നന്ദി പറയാൻ മറന്നു​പോ​ക​രുത്‌. ഈ സ്‌കൂ​ളിൽ പഠിച്ച കാര്യങ്ങൾ ഓർക്കു​ന്നത്‌ നിങ്ങൾക്ക്‌ എല്ലാക്കാ​ല​ത്തും ഗുണം ചെയ്യും.”

“യഹോ​വ​യു​ടെ മഹാശ​ക്തി​യിൽനിന്ന്‌ ആശ്വാസം നേടുക.” ജീവി​ത​ത്തിൽ പ്രശ്‌ന​ങ്ങൾ ഉണ്ടാകു​മ്പോൾ സ്വന്തം ശക്തിയിൽ ആശ്രയി​ക്കാ​തെ യഹോ​വ​യു​ടെ ശക്തിയിൽ ആശ്രയി​ക്കാൻ ഗിലെ​യാദ്‌ അധ്യാ​പ​ക​നാ​യ സാം റോ​ബോ​ഴ്‌സൻ വിദ്യാർഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “ചോദി​ക്കു​ന്ന​തി​ലും നിനയ്‌ക്കു​ന്ന​തി​ലും എല്ലാം ഉപരി​യാ​യി ചെയ്‌തു​ത​രാൻ” ദൈവ​ത്തി​നു കഴിയു​മെന്ന്‌ എഫെസ്യർ 3:20 പറയുന്നു. നമ്മൾ ‘നിനയ്‌ക്കു​ന്ന​തി​ലും,’ അതായത്‌ നമുക്കു ചിന്തി​ക്കാൻ കഴിയു​ന്ന​തി​ലും, എത്രയോ ‘ഉപരി​യാണ്‌’ യഹോ​വ​യു​ടെ ശക്തി എന്നാണ്‌ ഈ ബൈബിൾഭാ​ഗം കാണി​ച്ചു​ത​രു​ന്നത്‌. അതെ, നമുക്കു സങ്കല്‌പി​ക്കാൻപോ​ലും പറ്റാത്ത​വി​ധ​ത്തിൽ കാര്യങ്ങൾ ചെയ്യാൻ യഹോ​വ​യ്‌ക്കു കഴിയും.

ഓരോ ക്രിസ്‌ത്യാ​നി​ക്കും യഹോവ തന്റെ ശക്തി കൊടു​ക്കു​ന്നു. ജീവി​ത​ത്തിൽ വലിയ ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകു​മ്പോൾ യഹോവ “ഒരു മഹാവീ​ര​നെ​പ്പോ​ലെ” നമ്മളെ സഹായി​ക്കും. (യിരെ​മ്യാ​വു 20:11) ഏതു പ്രശ്‌ന​ങ്ങ​ളോ​ടും ബുദ്ധി​മു​ട്ടു​ക​ളോ​ടും പോര​ടിച്ച്‌ വിജയി​ക്കാൻ യഹോവ വിദ്യാർഥി​ക​ളെ സഹായി​ക്കു​മെന്ന്‌ റോ​ബോ​ഴ്‌സൻ സഹോ​ദ​രൻ ഉറപ്പു കൊടു​ത്തു.

“ദൈവ​രാ​ജ്യ​സേ​വ​ന​ത്തിൽ നിങ്ങൾക്കു ലഭിച്ച സത്‌പേര്‌ കാത്തു​സൂ​ക്ഷി​ക്കു​ക.” ദൈവ​രാ​ജ്യ​സേ​വ​ന​ത്തിൽ വിദ്യാർഥി​കൾ രണ്ടു തരത്തിൽ അന്തസ്സ്‌ കൈവ​രി​ച്ചെന്ന്‌ മറ്റൊരു ഗിലെ​യാദ്‌ അധ്യാ​പ​ക​നാ​യ വില്യം സാമു​വെൽസൺ പറഞ്ഞു. ക്ലാസ്സിന്റെ സമയത്തും അതിനു മുമ്പും വിദ്യാർഥി​കൾ ചെയ്‌ത കാര്യങ്ങൾ അവരെ ആദരണീ​യ​രാ​ക്കു​ന്നു. അതു​പോ​ലെ, ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും മഹത്തായ ഗവണ്മെ​ന്റി​നെ, ദൈവ​രാ​ജ്യ ഗവണ്മെ​ന്റി​നെ, പ്രതി​നി​ധീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർ കൂടു​തൽകൂ​ടു​തൽ ബഹുമാ​ന​വും ആദരവും നേടി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌.

തങ്ങളുടെ സത്‌പേര്‌ കാത്തു​സൂ​ക്ഷി​ക്കാൻ വിദ്യാർഥി​കൾക്ക്‌ എങ്ങനെ കഴിയും? യഹോ​വ​യെ ബഹുമാ​നി​ക്കാ​നും സഹമനു​ഷ്യ​രെ ആദരി​ക്കാ​നും സാമു​വെൽസൺ സഹോ​ദ​രൻ വിദ്യാർഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇക്കാര്യ​ത്തിൽ യേശു​വി​നെ അനുക​രി​ക്കാ​വു​ന്ന​താണ്‌. ആളുകളെ തിരു​ത്തു​ക​യും അവർക്കു ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ കൊടു​ക്കു​ക​യും ചെയ്‌ത​പ്പോൾപ്പോ​ലും യേശു അവരോട്‌ ആദര​വോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. തങ്ങളെ​ത്ത​ന്നെ മഹത്ത്വ​പ്പെ​ടു​ത്താ​നല്ല, പകരം അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സി​നെ​പ്പോ​ലെ ശുശ്രൂ​ഷ​യെ മഹത്ത്വ​പ്പെ​ടു​ത്താൻ ശ്രമി​ച്ചാൽ വിദ്യാർഥി​ക​ളു​ടെ സത്‌പേ​രു വർധി​ക്കും.—റോമർ 11:13.

‘കുതി​ര​ക​ളു​ടെ ശക്തി അവയുടെ വായി​ലാ​കു​ന്നു.’ ക്രിസ്‌തീ​യ യോഗ​ങ്ങ​ളിൽ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധൈര്യ​ത്തോ​ടെ സാക്ഷീ​ക​രി​ക്കു​മ്പോൾ നമ്മൾ വെളി​പാട്‌ 9:19-ലെ പ്രവചനം നിവർത്തി​ക്കു​ക​യാ​ണെന്ന്‌ ഗിലെ​യാ​ദി​ലെ മറ്റൊരു അധ്യാ​പ​ക​നാ​യ മൈക്കിൾ ബെർനെറ്റ്‌ വിവരി​ച്ചു. പിന്നെ അദ്ദേഹം ചില വിദ്യാർഥി​ക​ളെ അഭിമു​ഖം നടത്തി. ഗിലെ​യാദ്‌ സ്‌കൂ​ളി​ലാ​യി​രി​ക്കെ വയൽസേ​വ​ന​ത്തി​നു പോയ​പ്പോൾ ലഭിച്ച ചില നല്ല അനുഭ​വ​ങ്ങൾ വിദ്യാർഥി​കൾ പങ്കു​വെ​ച്ചു; ചിലതു പുനര​വ​ത​രി​പ്പി​ക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌ ഒരു വിദ്യാർഥി പെ​ട്രോൾ പമ്പിലെ ഒരു ജോലി​ക്കാ​ര​നോട്‌, “വിജാ​തീ​യർക്കാ​യി നിശ്ചയി​ച്ചി​ട്ടു​ള്ള കാലം തുടങ്ങി​യ​തും അവസാ​നി​ച്ച​തും എന്നാ​ണെന്ന്‌ അറിയാ​മോ” എന്നു ചോദി​ച്ചു. ഉത്തരം അറിയാൻ പമ്പിലെ ജോലി​ക്കാ​ര​നു താത്‌പ​ര്യം തോന്നി. (ലൂക്കോസ്‌ 21:24) ഗിലെ​യാദ്‌ വിദ്യാർഥി മറ്റൊരു സമയത്ത്‌ അദ്ദേഹത്തെ ചെന്നു​കാ​ണു​ക​യും ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ നാലാം അധ്യാ​യ​വും ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ അനുബ​ന്ധ​വും ഉപയോ​ഗിച്ച്‌ അദ്ദേഹ​ത്തിന്‌ ഉത്തരം കൊടു​ക്കു​ക​യും ചെയ്‌തു.

“അവരുടെ ഹൃദയങ്ങൾ ഉറച്ചി​രു​ന്നു.” ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യ അഡ്രി​യാൻ ഫെർണാ​ണ്ടസ്‌ ബിരു​ദ​വി​ദ്യാർഥി​ക​ളായ രണ്ടു ദമ്പതി​ക​ളെ അഭിമു​ഖം നടത്തി. അതിൽ ഹെൽഗ ഷൂമി എന്ന സഹോ​ദ​രൻ, ചില പ്രത്യേക നിയമ​ന​ങ്ങൾ കിട്ടി​യ​പ്പോൾ ദൈവ​ദാ​സ​രിൽ ചിലർ അഹങ്കാ​രി​ക​ളാ​യി​ത്തീർന്നു​വെന്നു പറഞ്ഞു. അവരെ​പ്പോ​ലെ​യാ​കാ​തെ താഴ്‌മ കാണി​ക്കാൻ വിദ്യാർഥി​കൾക്കു കൂടെ​ക്കൂ​ടെ പ്രോ​ത്സാ​ഹ​നം ലഭി​ച്ചെ​ന്നും അദ്ദേഹം പറഞ്ഞു. (2 ദിനവൃ​ത്താ​ന്തം 26:16) പ്രാ​ദേ​ശി​ക ഭാഷകൾ പഠി​ച്ചെ​ടു​ക്കാൻ ലഭിച്ച പ്രോ​ത്സാ​ഹ​ന​ത്തെ​ക്കു​റി​ച്ചാണ്‌ പീറ്റർ കെനിങ്‌ സഹോ​ദ​രൻ പറഞ്ഞത്‌: “ഒരിക്ക​ലും അഹങ്കാ​രി​യാ​ക​രുത്‌; നിങ്ങൾ ഒരു മണ്ടനാ​ണെ​ന്നു മറ്റുള്ളവർ കരുതി​ക്കൊ​ള്ള​ട്ടെ.” ഗിലെ​യാദ്‌ ക്ലാസ്സ്‌ തങ്ങളുടെ ഹൃദയ​ങ്ങ​ളെ ഉറപ്പി​ച്ചെ​ന്നും നിയമ​ന​ങ്ങൾ നന്നായി ചെയ്യാൻ ശക്തി പകർന്നെ​ന്നും ഈ നാലു വിദ്യാർഥി​ക​ളും പറഞ്ഞു.—എബ്രായർ 13:9.

“നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതിൽത്ത​ന്നെ ആഹ്ലാദി​ക്കു​വിൻ.” (ലൂക്കോസ്‌ 10:20) ചടങ്ങിലെ മുഖ്യ​പ്ര​സം​ഗം നടത്തി​യത്‌ ഭരണസം​ഘ​ത്തി​ലെ അംഗമായ ജഫ്രി ജാക്‌സൺ സഹോ​ദ​ര​നാ​യി​രു​ന്നു. പഴയ വിദ്യാർഥി​കൾക്കു ലഭിച്ച​തു​പോ​ലെ, പുതിയ ചില നിയമ​ന​ങ്ങ​ളോ ഇതുവരെ പ്രവർത്തി​ക്കാ​ത്ത സ്ഥലത്ത്‌ സുവാർത്ത പ്രചരി​പ്പി​ക്കാ​നു​ള്ള നിയമ​ന​മോ അല്ല മിക്ക വിദ്യാർഥി​കൾക്കും ഇന്നു ലഭിക്കു​ന്നത്‌. കോരി​ത്ത​രി​പ്പി​ക്കു​ന്ന അത്തരം അനുഭ​വ​ങ്ങ​ളൊ​ന്നും പുതിയ വിദ്യാർഥി​കൾക്ക്‌ ഉണ്ടാകില്ല. ഈ മാറ്റത്തെ അവർ എങ്ങനെ നോക്കി​ക്കാ​ണ​ണം?

യേശു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയച്ച 70 ശിഷ്യ​ന്മാർ തിരി​ച്ചു​വന്ന്‌, യേശു​വി​ന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കാൻ കഴി​ഞ്ഞെന്ന്‌ സന്തോ​ഷ​ത്തോ​ടെ അവനെ അറിയി​ച്ചു. (ലൂക്കോസ്‌ 10:1, 17) യേശു അവരെ അഭിന​ന്ദി​ച്ചു. പക്ഷേ അവരോ​ടു പറഞ്ഞു: “എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്നു എന്നതിലല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതിൽത്ത​ന്നെ ആഹ്ലാദി​ക്കു​വിൻ.” (ലൂക്കോസ്‌ 10:20) എന്നും ഇതു​പോ​ലെ​യു​ള്ള നല്ല അനുഭ​വ​ങ്ങ​ളാ​യി​രി​ക്കില്ല ലഭിക്കു​ക​യെന്ന്‌ അവരോ​ടു പറയു​ക​യാ​യി​രു​ന്നു യേശു. ലഭിച്ച നേട്ടങ്ങ​ളി​ലല്ല, യഹോ​വ​യോ​ടു വിശ്വ​സ്‌തത കാട്ടു​ന്ന​തി​ലും ‘പേരുകൾ സ്വർഗ​ത്തിൽ എഴുതി​ക്കാ​ണു​ന്ന​തി​ലും’ ആയിരി​ക്ക​ണ​മാ​യി​രു​ന്നു അവരുടെ ശ്രദ്ധ.

“യേശു​വി​ന്റെ ആ ഉപദേശം 70 ശിഷ്യ​ന്മാർക്കു മാത്രമല്ല നമു​ക്കെ​ല്ലാം ബാധക​മാണ്‌,” ജാക്‌സൺ സഹോ​ദ​രൻ പറഞ്ഞു. ദൈവ​സേ​വ​ന​ത്തിൽ എത്ര നേട്ടങ്ങൾ ഉണ്ടാക്കി എന്നതല്ല നമ്മുടെ സന്തോ​ഷ​ത്തി​ന്റെ അളവു​കോൽ; അതുമാ​ത്രം നോക്കി, നമ്മൾ വിശ്വ​സ്‌ത​രാ​ണെ​ന്നു പറയാ​നും കഴിയില്ല. യഹോ​വ​യു​മാ​യു​ള്ള ബന്ധം ശക്തമാക്കി നിറു​ത്തി​ക്കൊ​ണ്ടും ദൈവം നമ്മളെ ഏൽപ്പിച്ച സേവനം ഉത്സാഹ​ത്തോ​ടെ ചെയ്‌തു​കൊ​ണ്ടും ആണ്‌ വിശ്വ​സ്‌ത​രാ​ണെ​ന്നു തെളി​യി​ക്കേ​ണ്ടത്‌; അപ്പോൾ നമുക്കു സന്തോ​ഷ​വും ഉണ്ടാകും.

ഉത്സാഹം ചോർന്നു​പോ​കാൻ സാധ്യ​ത​യു​ള്ള സാഹച​ര്യ​ങ്ങൾ യേശു​വി​നു​പോ​ലും ഉണ്ടായി. ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരു അത്ഭുതം ചെയ്‌ത്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്കു ഭക്ഷണം കൊടു​ത്ത​പ്പോൾ അവർ അവന്റെ അനുകാ​രി​ക​ളാ​യി​ത്തീർന്നു. (യോഹ​ന്നാൻ 6:10-14, 22-24) ആളുകൾ കൂട്ടം​കൂ​ട്ട​മാ​യി അവന്റെ അടുക്കൽ വന്നു​കൊ​ണ്ടി​രു​ന്നു. പക്ഷേ പിന്നീട്‌, യേശു പഠിപ്പിച്ച ചില കാര്യങ്ങൾ ഇഷ്ടപ്പെ​ടാ​തി​രു​ന്ന​തു​കൊണ്ട്‌ അവർ കൂട്ടം​കൂ​ട്ട​മാ​യി അവനെ ഉപേക്ഷി​ച്ചു​പോ​കാ​നും തുടങ്ങി. (യോഹ​ന്നാൻ 6:48-56, 60, 61, 66) അതേസ​മ​യം, അപ്പൊ​സ്‌ത​ല​ന്മാർ വിശ്വ​സ്‌ത​ത​യോ​ടെ യേശു​വി​ന്റെ​കൂ​ടെ നിന്നു. വിശ്വ​സ്‌തത കാണി​ക്കു​ന്ന​തി​ലും യഹോ​വ​യു​മാ​യു​ള്ള ബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലും ആയിരു​ന്നു അവരുടെ ശ്രദ്ധ, അല്ലാതെ ‘നേട്ടങ്ങ​ളി​ലാ​യി​രു​ന്നില്ല.’ നമുക്കും അവരെ അനുക​രി​ക്കാം.—യോഹ​ന്നാൻ 6:67-69.

ഉപസം​ഹാ​രം. വിദ്യാർഥി​കൾക്കു ബിരുദ സർട്ടി​ഫി​ക്ക​റ്റു​കൾ വിതരണം ചെയ്‌തു. പിന്നെ, വിദ്യാർഥി​ക​ളിൽ ഒരാൾ ഗിലെ​യാദ്‌ ക്ലാസ്സിനു നന്ദി പറഞ്ഞു​കൊ​ണ്ടു​ള്ള ഒരു കത്ത്‌ വായിച്ചു. അതിനു ശേഷം ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​രൻ സമാപ​ന​പ്ര​സം​ഗം നടത്തി. ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​കൾ ഉൾപ്പെടെ ദൈവ​ജ​നം മുഴുവൻ വെറും സാധാ​ര​ണ​ക്കാ​രാ​ണെ​ന്നാ​ണു ലോകം വിചാ​രി​ക്കു​ന്നത്‌; നമുക്ക്‌ എന്തെങ്കി​ലും സവി​ശേ​ഷ​ത​യു​ള്ള​താ​യി അവർക്കു തോന്നു​ന്നി​ല്ല. (പ്രവൃ​ത്തി​കൾ 4:13; 1 കൊരി​ന്ത്യർ 1:27-31) പക്ഷേ, യഹോ​വ​യ്‌ക്കു നമ്മളോ​ടു വിലമ​തി​പ്പാ​ണു​ള്ളത്‌. അവനു​വേ​ണ്ടി ജീവിതം സമർപ്പിച്ച നമുക്ക്‌ അവൻ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ തരുന്നു. നമുക്ക്‌ അറിവും വിദ്യാ​ഭ്യാ​സ​വും ഉണ്ടോ എന്നല്ല, “നമ്മൾ അവനോ​ടു ഭക്തിയും വിശ്വ​സ്‌ത​ത​യും കൂറും കാണി​ക്കു​ന്നു​ണ്ടോ എന്നാണു ദൈവം നോക്കു​ന്നത്‌,” ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​രൻ പറഞ്ഞു.