വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുർബാന

കുർബാന

നിർവ്വ​ചനം: റോമൻ കത്തോ​ലി​ക്കാ സഭയുടെ റീത്തുകൾ സംബന്ധിച്ച്‌ തിരു​സം​ഘം പ്രസ്‌താ​വി​ക്കു​ന്ന​ത​നു​സ​രിച്ച്‌ കുർബാന “—കുരി​ശി​ലെ യാഗം തുടർന്നു പോരു​ന്ന​തി​നു​ളള യാഗമാണ്‌;—‘ഇത്‌ എന്റെ ഓർമ്മ​ക്കാ​യി ചെയ്യുക’ എന്ന്‌ പറഞ്ഞ കർത്താ​വി​ന്റെ മരണത്തി​ന്റെ​യും പുനരു​ത്ഥാ​ന​ത്തി​ന്റെ​യും സ്‌മാ​രകം (ലൂക്കോ. 22:19); കർത്താ​വി​ന്റെ ശരീര​വും രക്തവും സ്വീക​രി​ക്കുക വഴി ദൈവ​ജനം പെസഹാ ബലിയു​ടെ പ്രയോ​ജ​ന​ങ്ങ​ളിൽ പങ്കു പററു​ക​യും ക്രിസ്‌തു​വി​ന്റെ രക്തത്തി​ലൂ​ടെ ദൈവം മനുഷ്യ​നു​മാ​യി നിത്യ​കാ​ല​ത്തേക്ക്‌ ചെയ്‌ത പുതിയ ഉടമ്പടി​യെ പുതു​ക്കു​ക​യും ‘അവന്റെ വരവു​വരെ’ കർത്താ​വി​ന്റെ മരണത്തെ പ്രഖ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ പിതാ​വി​ന്റെ രാജ്യ​ത്തി​ലെ ഭാവി വിരു​ന്നി​നെ മുൻനി​ഴ​ലാ​ക്കു​ക​യും പ്രതീ​ക്ഷി​ക്കു​ക​യും ചെയ്യുന്ന വിശുദ്ധ വിരു​ന്നാണ്‌ അത്‌.” (യൂക്കരി​സ്‌റ​റി​ക്കം മിസ്‌റ​റീ​രി​യം, മേയ്‌ 25, 1967) ഇത്‌ യേശു ഒടുവി​ലത്തെ അത്താഴ​വേ​ള​യിൽ ചെയ്‌ത​താ​യി തങ്ങൾ മനസ്സി​ലാ​ക്കു​ന്നത്‌ ചെയ്യു​ന്ന​തി​നു​ളള കത്തോ​ലിക്ക സഭയുടെ രീതി​യാണ്‌.

അപ്പവും വീഞ്ഞും യഥാർത്ഥ​ത്തിൽ ക്രിസ്‌തു​വി​ന്റെ ശരീര​വും രക്തവു​മാ​യി മാറു​ന്നു​ണ്ടോ?

ഒരു “ഗംഭീര വിശ്വാസ പ്രഖ്യാ​പ​ന​ത്തിൽ” 1968 ജൂൺ 30-ന്‌ പോൾ ആറാമൻ പാപ്പാ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ഒടുക്കത്തെ അത്താഴ​വേ​ള​യിൽ കർത്താവ്‌ ആശീർവ​ദിച്ച അപ്പവും വീഞ്ഞും കുരി​ശിൽ നമുക്കു​വേണ്ടി അർപ്പി​ക്ക​പ്പെ​ടാ​നി​രുന്ന അവിടത്തെ ശരീര​വും രക്തവു​മാ​യി മാറി​യ​തു​പോ​ലെ പുരോ​ഹി​ത​നാൽ ആശീർവ​ദി​ക്ക​പ്പെ​ടുന്ന അപ്പവും വീഞ്ഞും സ്വർഗ്ഗ​ത്തിൽ മഹത്വ​മോ​ടെ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ക്രിസ്‌തു​വി​ന്റെ ശരീര​വും രക്തവു​മാ​യി മാറുന്നു എന്ന്‌ നാം വിശ്വ​സി​ക്കു​ന്നു. ആശീർവ​ദി​ക്ക​പ്പെ​ടു​ന്ന​തി​നും മുമ്പും ആശീർവ​ദി​ക്ക​പ്പെ​ട്ട​ശേ​ഷ​വും ഒരു​പോ​ലെ നമ്മുടെ ഇന്ദ്രി​യ​ങ്ങൾക്ക്‌ കാണ​പ്പെ​ടുന്ന ഈ സാദൃ​ശ്യ​ങ്ങ​ളു​ടെ കീഴിലെ കർത്താ​വി​ന്റെ അത്ഭുത​ക​ര​മായ സാന്നി​ദ്ധ്യം സത്യവും യഥാർത്ഥ​വും വസ്‌തു​പ​ര​വു​മായ സാന്നി​ദ്ധ്യ​മാ​ണെ​ന്നും ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. . . . ഈ അതിശ​യ​ക​ര​മായ മാററത്തെ സഭ ഉചിത​മാ​യി വസ്‌തു​മാ​ററം എന്ന്‌ വിളി​ക്കു​ന്നു.” (ഔദ്യോ​ഗിക കത്തോ​ലിക്ക പഠിപ്പി​ക്ക​ലു​കൾനമ്മുടെ കർത്താ​വായ ക്രിസ്‌തു, വിൽമി​ങ്‌ടൺ എൻ. സി.; 1978, അമാൻഡ ജി. വാട്‌ലിം​ഗ്‌ടൺ, പേ. 411) തിരു​വെ​ഴു​ത്തു​കൾ ആ വിശ്വാ​സ​ത്തോട്‌ യോജി​ക്കു​ന്നു​വോ?

“ഇത്‌ എന്റെ ശരീര​മാ​കു​ന്നു,” “ഇത്‌ എന്റെ രക്തമാ​കു​ന്നു” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർത്ഥമാ​ക്കി​യത്‌?

മത്താ. 26:26-29, JB: “ഇപ്പോൾ അവർ ഭക്ഷിക്കു​ക​യിൽ യേശു അപ്പമെ​ടുത്ത്‌ സ്‌തോ​ത്രം ചെയ്‌ത​ശേഷം മുറിച്ച്‌ ശിഷ്യൻമാർക്ക്‌ കൊടു​ത്തു. ‘വാങ്ങി ഭക്ഷിക്കു​വിൻ; ഇത്‌ എന്റെ ശരീര​മാ​കു​ന്നു’ എന്ന്‌ അവൻ പറഞ്ഞു. പിന്നീട്‌ അവൻ പാനപാ​ത്ര​മെ​ടുത്ത്‌ സ്‌തോ​ത്രം ചെയ്‌ത​ശേഷം അവർക്ക്‌ കൊടു​ത്തു. ‘എല്ലാവ​രും ഇതിൽ നിന്ന്‌ കുടി​പ്പിൻ’, അവൻ പറഞ്ഞു, ‘എന്തു​കൊ​ണ്ടെ​ന്നാൽ ഇത്‌ എന്റെ രക്തമാ​കു​ന്നു, പാപപ​രി​ഹാ​രാർത്ഥം അനേകർക്കു​വേണ്ടി ചൊരി​യ​പ്പെ​ടുന്ന, ഉടമ്പടി​യു​ടെ രക്തം. ഇന്നു മുതൽ എന്റെ പിതാ​വി​ന്റെ രാജ്യ​ത്തിൽ നിങ്ങ​ളോ​ടു​കൂ​ടെ പുതിയ വീഞ്ഞു കുടി​ക്കു​വോ​ളം ഞാൻ വീഞ്ഞു കുടി​ക്ക​യില്ല എന്ന്‌ ഞാൻ നിങ്ങ​ളോട്‌ പറയുന്നു.’”

“ഇത്‌ എന്റെ ശരീര​മാ​കു​ന്നു” “ഇത്‌ എന്റെ രക്തമാ​കു​ന്നു” എന്നുളള പദപ്ര​യോ​ഗങ്ങൾ സംബന്ധിച്ച്‌ പിൻവ​രു​ന്നതു കുറിക്കൊളേളണ്ടതാണ്‌: MO ഇപ്രകാ​രം വായി​ക്കു​ന്നു: “ഇതെന്റെ ശരീരത്തെ അർത്ഥമാ​ക്കു​ന്നു,” “ഇതെന്റെ രക്തത്തെ അർത്ഥമാ​ക്കു​ന്നു.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) NW വായി​ക്ക​പ്പെ​ടു​ന്നത്‌ അതുപോലെതന്നെയാണ്‌. LEF ആ പദപ്ര​യോ​ഗത്തെ വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌ “ഇത്‌ എന്റെ ശരീരത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു,” “ഇത്‌ എന്റെ രക്തത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു” എന്നാണ്‌. (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) ഈ വിവർത്ത​നങ്ങൾ വിവിധ കത്തോ​ലിക്ക ഭാഷാ​ന്ത​ര​ങ്ങ​ളിൽ ഈ സന്ദർഭ​ത്തിൽ 29-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തി​നോട്‌ യോജിപ്പിലാണ്‌. Kx ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “എന്റെ പിതാ​വി​ന്റെ രാജ്യ​ത്തിൽ ഞാൻ നിങ്ങ​ളോ​ടൊ​പ്പം പുതിയ വീഞ്ഞു കുടി​ക്കു​വോ​ളം മുന്തി​രി​യു​ടെ ഈ ഫലത്തിൽ നിന്ന്‌ ഞാൻ ഇനി കുടി​ക്കു​ക​യില്ല.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) CC, NAB, Dy എന്നിവ​യും “ഇത്‌ എന്റെ രക്തമാ​കു​ന്നു” എന്ന്‌ പറഞ്ഞ​ശേഷം യേശു പാനപാ​ത്ര​ത്തി​ലു​ള​ള​തി​നെ “മുന്തി​രി​യു​ടെ ഫലം” എന്ന്‌ പരാമർശി​ക്കു​ന്ന​താ​യി കാണി​ക്കു​ന്നു.

“ഇത്‌ എന്റെ ശരീര​മാ​കു​ന്നു”, “ഇത്‌ എന്റെ രക്തമാ​കു​ന്നു” എന്നുളള പദപ്ര​യോ​ഗങ്ങൾ തിരു​വെ​ഴു​ത്തു​ക​ളി​ലെ മററു ചില വ്യക്തമായ പദപ്ര​യോ​ഗ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ പരിഗ​ണി​ക്കുക. “ഞാൻ ലോക​ത്തി​ന്റെ വെളി​ച്ച​മാ​കു​ന്നു,” “ഞാൻ ആട്ടിൻതൊ​ഴു​ത്തി​ന്റെ വാതി​ലാ​കു​ന്നു,” “ഞാൻ സാക്ഷാൽ മുന്തി​രി​വ​ള​ളി​യാ​കു​ന്നു” എന്നും യേശു പറഞ്ഞു. (യോഹ. 8:12; 10:7; 15:1, JB) ഈ പദപ്ര​യോ​ഗ​ങ്ങ​ളൊ​ന്നും ഒരു അത്ഭുത​ക​ര​മായ മാററത്തെ സൂചി​പ്പി​ച്ചില്ല, ഉവ്വോ?

1 കൊരി​ന്ത്യർ 11:25 (JB)-ൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അന്ത്യ അത്താഴ​ത്തെ​ക്കു​റിച്ച്‌ എഴുതു​ക​യും അതേ ആശയം അൽപ്പം വ്യത്യ​സ്‌ത​മായ പദങ്ങളിൽ പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു. പാനപാ​ത്രം സംബന്ധിച്ച്‌ “നിങ്ങൾ എല്ലാവ​രും ഇതിൽ നിന്ന്‌ കുടി​പ്പിൻ . . . എന്തു​കൊ​ണ്ടെ​ന്നാൽ ഇത്‌ എന്റെ രക്തമാ​കു​ന്നു, പുതിയ നിയമ​ത്തി​ന്റെ രക്തം” എന്ന്‌ യേശു പറയു​ന്ന​താ​യി ഉദ്ധരി​ക്കു​ന്ന​തി​നു​പ​കരം അവൻ അതേപ്പ​ററി ഇങ്ങനെ പറഞ്ഞു: “ഈ പാനപാ​ത്രം എന്റെ രക്തത്തിലെ പുതിയ ഉടമ്പടി​യാ​കു​ന്നു.” പാനപാ​ത്രം എങ്ങനെ​യോ അത്ഭുത​ക​ര​മാ​യി പുതിയ ഉടമ്പടി​യാ​യി മാറി​യെന്ന്‌ തീർച്ച​യാ​യും അത്‌ അർത്ഥമാ​ക്കി​യില്ല. പാനപാ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നത്‌, എന്തു മുഖാ​ന്ത​ര​ത്താൽ പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നുവോ ആ രക്തത്തെ പ്രതി​നി​ധാ​നം ചെയ്‌തു എന്ന്‌ നിഗമനം ചെയ്യു​ന്ന​താ​യി​രി​ക്കി​ല്ലേ കൂടുതൽ ന്യായ​യു​ക്ത​മാ​യി​രി​ക്കു​ന്നത്‌?

യോഹന്നാൻ 6:53-57-ലെ പ്രസ്‌താ​വ​ന​യാൽ യേശു എന്താണ്‌ അർത്ഥമാ​ക്കി​യത്‌?

“മറുപ​ടി​യാ​യി യേശു പറഞ്ഞു: ‘ഏററം ഗൗരവ​മാ​യി ഞാൻ നിങ്ങ​ളോട്‌ പറയുന്നു, നിങ്ങൾ മനുഷ്യ​പു​ത്രന്റെ മാംസം ഭക്ഷിക്കു​ക​യും രക്തം പാനം ചെയ്യു​ക​യും ചെയ്യാ​ഞ്ഞാൽ നിങ്ങൾക്ക്‌ നിങ്ങളിൽ ജീവനു​ണ്ടാ​യി​രി​ക്കു​ക​യില്ല. എന്റെ മാംസം ഭക്ഷിക്കു​ക​യും എന്റെ രക്തം പാനം ചെയ്യു​ക​യും ചെയ്യുന്ന ഏതൊ​രു​വ​നും നിത്യ​ജീ​വ​നുണ്ട്‌, ഒടുവി​ലത്തെ നാളിൽ ഞാൻ അവനെ ഉയർപ്പി​ക്കും. എന്തു​കൊ​ണ്ടെ​ന്നാൽ എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീ​യ​വു​മാ​കു​ന്നു. എന്റെ മാംസം ഭക്ഷിക്കു​ക​യും എന്റെ രക്തം പാനം ചെയ്യു​ക​യും ചെയ്യു​ന്നവൻ എന്നിലും ഞാൻ അവനി​ലും വസിക്കു​ന്നു. ജീവനു​ളള പിതാ​വി​നാൽ അയക്കപ്പെട്ട ഞാൻ പിതാ​വിൽ നിന്ന്‌ ജീവൻ സ്വീക​രി​ക്കു​ന്ന​തു​പോ​ലെ എന്നെ ഭക്ഷിക്കുന്ന ഏവനും എന്നിൽ നിന്ന്‌ ജീവൻ സ്വീക​രി​ക്കും.’”—യോഹ​ന്നാൻ 6:53-57, JB.

അവർ അക്ഷരാർത്ഥ​ത്തിൽ യേശു​വി​ന്റെ മാംസം ഭക്ഷിക്കു​ക​യും രക്തം പാനം ചെയ്യു​ക​യും ചെയ്യണം എന്ന്‌ അത്‌ അർത്ഥമാ​ക്കി എന്നാണോ നാം മനസ്സി​ലാ​ക്കേ​ണ്ടത്‌? അങ്ങനെ​യാ​യി​രു​ന്നെ​ങ്കിൽ മോശ മുഖാ​ന്തരം ദൈവം ഇസ്രാ​യേ​ലിന്‌ നൽകിയ ന്യായ​പ്ര​മാ​ണം ലംഘി​ക്കാൻ അവൻ പ്രോൽസാ​ഹി​പ്പി​ക്കു​ക​യാ​യി​രി​ക്കു​മാ​യി​രു​ന്നു. ഏതു തരത്തി​ലു​ളള രക്തവും ഭക്ഷിക്കു​ന്ന​തി​നെ ആ ന്യായ​പ്ര​മാ​ണം വിലക്കി​യി​രു​ന്നു. (ലേവ്യ. 17:10-12) അത്തര​മൊ​രു കാര്യ​ത്തിന്‌ പ്രോൽസാ​ഹനം കൊടു​ക്കാ​തെ, ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഏതു നിബന്ധ​ന​യെ​യും ലംഘി​ക്കു​ന്ന​തി​നെ​തി​രെ യേശു ശക്തമായി സംസാ​രി​ക്കു​ക​യാണ്‌ ചെയ്‌തത്‌. (മത്താ. 5:17-19) അതു​കൊണ്ട്‌ തന്റെ പൂർണ്ണ മാനു​ഷ​ബ​ലി​യു​ടെ മൂല്യ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കി​ക്കൊണ്ട്‌ ഒരു ആലങ്കാ​രിക അർത്ഥത്തിൽ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യുന്ന സംഗതി​യാ​യി​രി​ക്കണം യേശു​വി​ന്റെ മനസ്സിൽ ഉണ്ടായി​രു​ന്നത്‌.—യോഹ. 3:16; 4:14; 6:35, 40 താരത​മ്യ​പ്പെ​ടു​ത്തുക.

തന്റെ മരണത്തി​ന്റെ ഓർമ്മ വെറുതെ ആചരി​ക്കാ​തെ യഥാർത്ഥ​ത്തിൽ തന്റെ ബലി ആവർത്തി​ക്കുന്ന ഒരു മതകർമ്മം നടത്താൻ യേശു തന്റെ ശിഷ്യൻമാ​രോട്‌ നിർദ്ദേ​ശി​ച്ചോ?

ദി ഡോക്യു​മെൻറ്‌സ്‌ ഓഫ്‌ വത്തിക്കാൻ II പറയുന്നു: “താൻ ഒററി​ക്കൊ​ടു​ക്ക​പ്പെട്ട രാത്രി​യിൽ, അന്ത്യ അത്താഴ​വേ​ള​യിൽ നമ്മുടെ രക്ഷകൻ തന്റെ ശരീര രക്തങ്ങളു​ടെ ബലിയായ കുർബാന ഏർപ്പെ​ടു​ത്തി. കുരി​ശി​ലെ ബലി തുടർന്നു​കൊ​ണ്ടു പോകു​ന്ന​തി​നാണ്‌ അവിടന്ന്‌ അങ്ങനെ ചെയ്‌തത്‌. . .”—(ന്യൂ​യോർക്ക്‌ 1966), ഡബ്‌ളി​യു. എം. ആബട്ട്‌, എസ്‌. ജെ. എഡിററ്‌ ചെയ്‌തത്‌; പേ. 154; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്ത്‌.

ദി കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “കുർബ്ബാന ‘യഥാർത്ഥ​വും ഉചിത​വു​മായ ഒരു ബലി’യായി കരുത​പ്പെ​ടാൻ സഭ ഉദ്ദേശി​ക്കു​ന്നു . . . എന്നിരു​ന്നാ​ലും നമ്മുടെ ഉപദേ​ശ​ത്തി​ന്റെ മുഖ്യ ഉറവ്‌ പാരമ്പ​ര്യ​മാണ്‌, അത്‌ ഏററം ആദിമ​കാ​ലം മുതൽതന്നെ കുർബ്ബാ​ന​യാ​കുന്ന ബലിയു​ടെ പ്രാർത്ഥ​നാ​മൂ​ല്യം പ്രഖ്യാ​പി​ക്കു​ന്നു.”—(1913), വാല്യം X, പേ. 6, 17.

യേശു തന്നെ പറഞ്ഞു: “ഇത്‌ എന്റെ സ്‌മാ​ര​ക​മാ​യി ചെയ്യുക.” (ലൂക്കോ. 22:19; 1 കൊരി. 11:24, JB) Kx-ഉം Dy-യും ലൂക്കോസ്‌ 22:19-ൽ ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ഇത്‌ എന്റെ അനുസ്‌മ​ര​ണ​ത്തി​നാ​യി ചെയ്യുക.” “ഇത്‌ എന്നെ ഓർമ്മി​ക്കാ​നാ​യി ചെയ്യുക” എന്ന്‌ NAB വായി​ക്ക​പ്പെ​ടു​ന്നു. ഒടുവി​ലത്തെ അത്താഴ​ത്തിൽ താൻ ചെയ്‌തത്‌ തന്നെത്ത​ന്നെ​യു​ളള ബലി അർപ്പി​ക്ക​ലാ​യി​രു​ന്നെ​ന്നോ അവന്റെ ബലി ശിഷ്യൻമാർ ആവർത്തി​ക്ക​ണ​മെ​ന്നോ യേശു പറഞ്ഞില്ല.

എബ്രാ. 9:25-28, JB: “[യഹൂദ] മഹാപു​രോ​ഹി​തൻ ആണ്ടു​തോ​റും തന്റേത​ല്ലാത്ത രക്തത്തോ​ടു​കൂ​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്ക്‌ പ്രവേ​ശി​ക്കു​ന്ന​തു​പോ​ലെ അവൻ കൂടെ​ക്കൂ​ടെ തന്നെത്താൻ അർപ്പി​ക്കേ​ണ്ട​യാ​വ​ശ്യ​മില്ല. അല്ലാഞ്ഞാൽ അവൻ ലോകം തുടങ്ങി​യതു മുതൽ കൂടെ​ക്കൂ​ടെ കഷ്ടമനു​ഭ​വി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. മറിച്ച്‌ അവൻ തന്നെത്തന്നെ ബലി അർപ്പി​ച്ചു​കൊണ്ട്‌ പാപപ​രി​ഹാ​രം വരുത്തു​വാൻ . . . എന്നേക്കു​മാ​യി ഒരിക്കൽ പ്രത്യ​ക്ഷ​നാ​യി. മനുഷ്യർ ഒരിക്കൽ മാത്രം മരിക്കു​ക​യും അതിനു​ശേഷം ന്യായ​വി​ധി വരുക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ ക്രിസ്‌തു​വും തന്നെത്തന്നെ ഒരിക്കൽ മാത്രം അർപ്പി​ക്കു​ന്നു.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.)

അതെല്ലാം “ദുർഗ്രാ​ഹ്യ​മായ ഒരു രഹസ്യം” മാത്ര​മാ​ണോ?

വിശുദ്ധ രഹസ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അല്ലെങ്കിൽ ദിവ്യ മർമ്മങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ക​തന്നെ ചെയ്യുന്നു. എന്നാൽ അവയൊ​ന്നും വ്യക്തമാ​യി പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന തിരു​വെ​ഴു​ത്തു സത്യങ്ങൾക്ക്‌ വിരു​ദ്ധമല്ല. തിരു​വെ​ഴു​ത്തു​കൾക്ക്‌ മുമ്പി​ലാ​യി തങ്ങളുടെ പാരമ്പ​ര്യ​ങ്ങളെ പ്രതി​ഷ്‌ഠി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യേശു ഇപ്രകാ​രം പറഞ്ഞു: “കപടഭ​ക്തി​ക്കാ​രെ! യെശയ്യാവ്‌ ഉചിത​മാ​യി ഇപ്രകാ​രം പ്രവചി​ച്ച​പ്പോൾ നിങ്ങ​ളെ​യാണ്‌ അർത്ഥമാ​ക്കി​യത്‌: ഈ ജനം അധര​സേ​വ​കൊ​ണ്ടു മാത്രമെ എന്നെ ബഹുമാ​നി​ക്കു​ന്നു​ളളു, അവരുടെ ഹൃദയങ്ങൾ എന്നിൽ നിന്ന്‌ അകന്നി​രി​ക്കു​ന്നു. അവർ എനിക്ക്‌ അർപ്പി​ക്കുന്ന ആരാധന വിലയി​ല്ലാ​ത്ത​താണ്‌; അവർ പഠിപ്പി​ക്കുന്ന ഉപദേ​ശങ്ങൾ മാനുഷ നിബന്ധ​നകൾ മാത്ര​മാണ്‌.”—മത്താ. 15:7-9, JB.

ഈ സ്‌മാ​രകം ഒരുപക്ഷേ ദിവസേന അല്ലെങ്കിൽ വാരത്തി​ലൊ​രി​ക്കൽ ആചരി​ക്ക​പ്പെ​ടണം എന്ന്‌ യേശു അർത്ഥമാ​ക്കി​യോ?

അടിസ്ഥാന കത്തോ​ലിക്ക വിശ്വാ​സം [ഇംഗ്ലീഷ്‌] ഇപ്രകാ​രം പറയുന്നു: “കത്തോ​ലി​ക്ക​രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രത്യേക ചുമത​ല​ക​ളിൽ എല്ലാ ഞായറാ​ഴ്‌ച​യും മററു കടപ്പെട്ട തിരു​നാ​ളു​ക​ളി​ലും കുർബാ​ന​യിൽ സംബന്ധി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.” (ബോസ്‌ററൺ, 1980, പേ. 21) “വാസ്‌ത​വ​ത്തിൽ വിശ്വാ​സി​കൾ കൂടെ​ക്കൂ​ടെ, ദിവ​സേ​ന​പോ​ലും, കുർബാ​ന​യിൽ സംബന്ധി​ക്കാ​നും വിശുദ്ധ കുർബാന സ്വീക​രി​ക്കാ​നും പ്രോൽസാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”—ദി ററീച്ചിംഗ്‌ ഓഫ്‌ ക്രൈ​സററഏ കാത്തലിക്‌ കാററി​ക്കി​സം ഫോർ അഡൾട്ട്‌സ്‌, അബ്രി​ഡ്‌ജ്‌ഡ്‌ എഡിഷൻ (ഹണ്ടിംഗ്‌ ടൺ, ഇൻഡ്യാ​നാ 1979), പേ. 281.

“അപ്പം നുറു​ക്കുന്ന”തിനെ​പ്പ​റ​റി​യു​ളള എല്ലാ പരാമർശ​ന​ങ്ങ​ളും ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ ഓർമ്മ ആചരി​ക്കു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്നു​വോ? (പ്രവൃ. 2:42, 46; 20:7, JB) അന്ത്യ അത്താഴ​ത്തി​നു മുമ്പു​പോ​ലും ഒരു ഭക്ഷണ​വേ​ള​യിൽ ഭക്ഷണം പങ്കുവ​യ്‌ക്കു​ക​യിൽ യേശു ‘അപ്പം നുറുക്കി.’ (മർക്കോ. 6:41; 8:6) അക്കാലത്ത്‌ യഹൂദൻമാർ ഉപയോ​ഗി​ച്ചി​രുന്ന അപ്പം ഇന്ന്‌ പലർക്കും പരിചി​ത​മാ​യ​തിൽ നിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഭക്ഷിക്കു​ക​യിൽ അവർ മിക്ക​പ്പോ​ഴും അതിൽ നിന്ന്‌ ഒരു കഷണം ഒടി​ച്ചെ​ടു​ക്കു​ക​യോ ചീന്തി​യെ​ടു​ക്കു​ക​യോ ചെയ്യു​മാ​യി​രു​ന്നു.

തന്റെ മരണത്തി​ന്റെ സ്‌മാ​രകം എത്ര കൂടെ​ക്കൂ​ടെ ആചരി​ക്ക​ണ​മെന്ന്‌ യേശു വ്യക്തമാ​യി പറഞ്ഞില്ല. എന്നിരു​ന്നാ​ലും യേശു അത്‌ യഹൂദ പെസഹാ​യു​ടെ അതേ തീയതി​യിൽ സ്ഥാപി​ക്കു​ക​യും അവന്റെ ശിഷ്യൻമാർക്കി​ട​യിൽ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം മറേറ​തി​ന്റെ സ്ഥാനത്തു വരിക​യും ചെയ്‌തു. പെസഹാ നീസാൻ 14-ാം തീയതി ആഘോ​ഷി​ക്ക​പ്പെട്ട ഒരു വാർഷിക സംഭവ​മാ​യി​രു​ന്നു. അതു​പോ​ലെ യഹൂദ​രു​ടെ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉൽസവം, വാരോൽസവം (പെന്ത​ക്കോ​സ്‌ത്‌), കൂടാ​ര​പ്പെ​രു​ന്നാൾ അഥവാ ഫലശേ​ഖരം, പാപപ​രി​ഹാര ദിവസം എന്നിവ​യെ​ല്ലാം വർഷത്തി​ലൊ​രി​ക്ക​ലാ​യി​രു​ന്നു.

കുർബ്ബാന ചൊല്ലു​ന്നത്‌ ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തു​ളള ദേഹി​കൾക്ക്‌ ആശ്വാസം കൈവ​രു​ത്തു​ന്നു​വോ?

ക്രിസ്‌തു​വി​ന്റെ പ്രബോ​ധനം—മുതിർന്ന​വർക്കു​ളള ഒരു കത്തോ​ലിക്ക വേദോ​പ​ദേശം എന്ന [ഇംഗ്ലീഷ്‌] ഗ്രന്ഥം പ്രസ്‌താ​വി​ക്കു​ന്നു: “‘ശുദ്ധീ​കരണ സ്ഥലം’ എന്ന പദം ബൈബി​ളി​ലില്ല, ശുദ്ധീ​ക​രണം സംബന്ധിച്ച വിശ്വാ​സ​വും അത്‌ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നില്ല. . . . ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ന്റെ അസ്‌തി​ത്വം സംബന്ധി​ച്ചു മാത്രമല്ല, മറിച്ച്‌ മരിച്ചു പോയ വിശ്വാ​സി​കളെ പ്രാർത്ഥ​ന​യിൽ, പ്രത്യേ​കി​ച്ചും കുർബാന അർപ്പി​ക്കു​ന്ന​തി​നാൽ സഹായി​ക്കാ​മെന്ന വസ്‌തുത സംബന്ധി​ച്ചും പിതാ​ക്കൻമാ​രു​ടെ എഴുത്തു​ക​ളിൽ ധാരാളം പരാമർശ​നങ്ങൾ ഉണ്ട്‌.”—പേ. 347, 348.

മരിച്ച​വ​രു​ടെ അവസ്ഥ സംബന്ധിച്ച്‌ തിരു​വെ​ഴു​ത്തു​കൾ ഇപ്രകാ​രം പറയുന്നു: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കു​മെ​ന്നെ​ങ്കി​ലും അറിയു​ന്നു, മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” (സഭാ. 9:5, JB) “പാപം ചെയ്യുന്ന ദേഹി [“ദേഹി,” Kx; “മനുഷ്യൻ,” JB] തന്നെ മരിക്കും;” (യെഹെ. 18:4, Dy) (“മരണം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 100-102 പേജുകൾ കൂടെ കാണുക.)