വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമ്പത്തിനെ നിഷ്‌പ്രഭമാക്കുന്ന അനുഗ്രഹങ്ങൾ

സമ്പത്തിനെ നിഷ്‌പ്രഭമാക്കുന്ന അനുഗ്രഹങ്ങൾ

സമ്പത്തിനെ നിഷ്‌പ്രഭമാക്കുന്ന അനുഗ്രഹങ്ങൾ

ഐക്യനാടുകളിലെ പേരുകേട്ട ഒരു കൺസൽട്ടന്റായിരുന്നു ജോൺ. യുവാവായിരിക്കുമ്പോൾതന്നെ ലോകം ചുറ്റിസഞ്ചരിക്കാനും ധാരാളം പണമുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വലിയൊരു വീട്ടിൽ എല്ലാവിധ സുഖസൗകര്യങ്ങളോടുംകൂടെയാണ്‌ അദ്ദേഹവും ഭാര്യയും ജീവിച്ചത്‌. പലരുടെയും ദൃഷ്ടിയിൽ അദ്ദേഹം ഒരു ഭാഗ്യശാലിയായിരുന്നു.

കൊസ്റ്റാസ്‌ * എന്ന മറ്റൊരു വ്യക്തിയുടെ കാര്യമെടുക്കാം. പ്രശസ്‌തമായ ഒരു യൂറോപ്യൻ ബാങ്കിൽ ഒരു ട്രെയിനിയായി കയറാൻ അദ്ദേഹത്തിനു കഴിഞ്ഞു. 5000 ഉദ്യോഗാർഥികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഏതാനും വർഷങ്ങൾക്കകംതന്നെ അദ്ദേഹത്തിനു പല തവണ പ്രമോഷൻ ലഭിച്ചു. പിന്നീട്‌ മറ്റൊരു ബാങ്കിൽ ജോലി സ്വീകരിച്ച അദ്ദേഹം പ്രധാനപ്പെട്ട ഒരു ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായി. ഒടുവിൽ ആ ജോലിവിട്ട്‌ സ്വന്തമായി ഒരു കമ്പനി തുടങ്ങിയ സമയമായപ്പോഴേക്കും, പലരും ഒരു ആയുഷ്‌കാലംകൊണ്ട്‌ ഉണ്ടാക്കുന്നതിനെക്കാൾ പണം ഒറ്റ വർഷംകൊണ്ട്‌ അദ്ദേഹം സമ്പാദിക്കുന്നുണ്ടായിരുന്നു. താനൊരു ഭാഗ്യവാനാണെന്നാണ്‌ അദ്ദേഹവും കരുതിയത്‌.

എന്നാലിപ്പോൾ, ഭൗതിക സമ്പത്തിനെക്കാൾ ശ്രേഷ്‌ഠമായ വേറെ അനുഗ്രഹങ്ങൾ ഉണ്ടെന്ന്‌ അവർ ഇരുവരും മനസ്സിലാക്കിയിരിക്കുന്നു. സൗജന്യമായി ബൈബിൾ പഠിപ്പിച്ചുകൊണ്ട്‌, ദൈവത്തോട്‌ അടുത്തുചെല്ലാൻ ജോൺ മറ്റുള്ളവരെ സഹായിക്കുന്നു. ജോൺ പറയുന്നു: “ഭൗതിക സമ്പത്ത്‌ സന്തോഷം കൈവരുത്തുന്നില്ലെന്ന വസ്‌തുത സ്വന്തം അനുഭവത്തിൽനിന്ന്‌ പഠിച്ചവനാണു ഞാൻ. പണമുണ്ടാക്കാനും അത്‌ കൈമോശം വരാതെ നോക്കാനും പാടുപെടുന്നതിനിടയിൽ മറ്റൊന്നിനും നമുക്ക്‌ സമയമുണ്ടായെന്നുവരില്ല. എന്നാൽ ബൈബിൾ തത്ത്വങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നത്‌ പല അനുഗ്രഹങ്ങൾക്കും വഴിതുറക്കും; സന്തുഷ്ടമായ ദാമ്പത്യം, മനശ്ശാന്തി, ശുദ്ധമായ മനസ്സാക്ഷി അങ്ങനെ പലതും.”

സമാനമായ അഭിപ്രായമാണ്‌ കൊസ്റ്റാസിനുമുള്ളത്‌: “നാം ഒരു ആഡംബര ജീവിതം നയിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. നമ്മുടെ അനുദിന ആവശ്യങ്ങൾക്കു വേണ്ടതിലധികം നമുക്കു ദൈവത്തിൽനിന്നു ലഭിക്കുകയാണെങ്കിൽ അത്‌ അവന്റെ ഹിതത്തിനു ചേർച്ചയിൽ ഉപയോഗിക്കാൻ നാം കടപ്പെട്ടിരിക്കുന്നു എന്നാണ്‌ എനിക്കു തോന്നുന്നത്‌.” അടുത്തയിടെ കൊസ്റ്റാസും കുടുംബവും കൂടുതൽ ആളുകളെ ബൈബിൾ സത്യം പഠിപ്പിക്കുന്നതിനായി പുതിയൊരു ഭാഷ പഠിക്കാൻ തുടങ്ങി. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതാണ്‌ കൂടുതൽ സന്തോഷം തരുന്നതെന്ന്‌ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു” എന്ന്‌ അദ്ദേഹം പറയുന്നു.​—⁠പ്രവൃത്തികൾ 20:⁠35.

ഭൗതിക ധനത്തെക്കാൾ മൂല്യമുള്ളത്‌ ആത്മീയ അനുഗ്രഹങ്ങൾക്കാണ്‌ എന്ന്‌ ജോണും കൊസ്റ്റാസും അനുഭവത്തിൽനിന്നു പഠിച്ചു. ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡാനിയൽ ഗിൽബേർട്ട്‌ പറയുന്നത്‌, മാനസികാരോഗ്യവിദഗ്‌ധർ “സമ്പത്തും സന്തോഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പതിറ്റാണ്ടുകളോളം ഗവേഷണം നടത്തിയിട്ടുണ്ട്‌” എന്നാണ്‌. എന്തു നിഗമനത്തിലാണ്‌ അവർ എത്തിച്ചേർന്നത്‌? “സമ്പത്ത്‌ ഒരാളുടെ സന്തോഷം വർധിപ്പിക്കുന്നതായി പറയാനാകുന്നത്‌, കൊടുംദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു വ്യക്തി ഒരു ഇടത്തരക്കാരനാകുന്ന സാഹചര്യത്തിൽ മാത്രമാണ്‌.” “പിന്നീടങ്ങോട്ട്‌ അയാളുടെ സന്തോഷം വർധിപ്പിക്കാൻ സമ്പത്തിനു കഴിഞ്ഞെന്നുവരില്ല,” ഗിൽബേർട്ട്‌ കൂട്ടിച്ചേർത്തു.

കയ്‌പേറിയ പാഠം

“ദാരിദ്ര്യരേഖയ്‌ക്കു മുകളിൽ എത്തിക്കഴിഞ്ഞാൽപ്പിന്നെ വരുമാനം വർധിക്കുന്നത്‌ ഒരു വ്യക്തിയുടെ സന്തോഷത്തെ കാര്യമായൊന്നും ബാധിക്കുന്നില്ല” എന്ന്‌ ഒരു സൈക്കോളജി പ്രൊഫസർ അഭിപ്രായപ്പെടുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഉരുക്ക്‌ വ്യവസായരംഗത്തെ അഗ്രഗണ്യനും ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളുമായിരുന്ന ആൻഡ്രൂ കാർനെജിയുമായി അഭിമുഖം നടത്തിയ റിപ്പോർട്ടർക്ക്‌ ഇക്കാര്യം നേരിട്ടു ബോധ്യമായി. കാർനെജി അദ്ദേഹത്തോടു പറഞ്ഞതിങ്ങനെ: “ആർക്കും എന്നോട്‌ അസൂയ തോന്നേണ്ടതില്ല. എന്റെ സമ്പത്തുകൊണ്ട്‌ എനിക്ക്‌ എന്തു പ്രയോജനം? എനിക്ക്‌ വയസ്സ്‌ അറുപതായി. കഴിക്കുന്ന ആഹാരമൊന്നും ദഹിക്കുന്നില്ല. യുവത്വവും ആരോഗ്യവും തിരിച്ചുകിട്ടുമെങ്കിൽ എന്റെ സ്വത്തുക്കളെല്ലാം പകരം നൽകാൻ ഞാൻ തയ്യാറാണ്‌.”

റിപ്പോർട്ടർ കൂട്ടിച്ചേർക്കുന്നു: “മിസ്റ്റർ കാർനെജി പെട്ടെന്നു പുറന്തിരിഞ്ഞ്‌ വികാരഭരിതനായി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: ‘അതെ, എന്റെ ആ പഴയ ജീവിതം തിരിച്ചുകിട്ടുമെങ്കിൽ എനിക്കുള്ളതെല്ലാം വിൽക്കാൻ ഞാൻ തയ്യാറാണ്‌.’” എണ്ണ വ്യവസായിയും കോടികളുടെ അധിപനുമായ പോൾ ഗെറ്റിക്കു പറയാനുള്ളതും സമാനമായ ഒരു കാര്യമാണ്‌: “പലപ്പോഴും പണം സന്തോഷമല്ല, ദുഃഖമാണു നൽകുന്നത്‌.”

“ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്‌തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതിവരരുതേ” എന്ന്‌ ഒരു ബൈബിൾ എഴുത്തുകാരൻ ദൈവത്തോട്‌ അപേക്ഷിച്ചു. ആ പറഞ്ഞതിനോടു തീർച്ചയായും നിങ്ങളും യോജിക്കും.​—⁠സദൃശവാക്യങ്ങൾ 30:​8, 9.

പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ അളവറ്റ സമ്പത്തിന്‌ ഉടമയായിരുന്നു. “ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധിപ്രാപിച്ചു” എന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ, അതേക്കുറിച്ച്‌ അദ്ദേഹത്തിന്‌ എന്താണ്‌ തോന്നിയത്‌? “എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ” എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ശലോമോൻ രാജാവ്‌ ഇങ്ങനെയും പറഞ്ഞു: “കർത്താവിന്റെ അനുഗ്രഹം സമ്പത്തു നല്‌കുന്നു; അവിടുന്ന്‌ അതിൽ ദുഃഖം കലർത്തുന്നില്ല.”​—⁠സഭാപ്രസംഗി 2:​9-11; 5:​12, 13; സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 10:​22, പി.ഒ.സി. ബൈബിൾ.

നിത്യാനുഗ്രഹങ്ങളിലേക്കു നയിക്കുന്ന വഴി

നമ്മുടെ ആത്മീയാവശ്യങ്ങൾ ശരിയാംവണ്ണം തൃപ്‌തിപ്പെടുത്തിയാൽ മാത്രമേ നിലനിൽക്കുന്ന യഥാർഥ സന്തുഷ്ടി കണ്ടെത്താൻ നമുക്കു കഴിയൂ. ദൈവത്തിന്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുമ്പോൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നമുക്ക്‌ അഭിവൃദ്ധി ഉണ്ടാകും.

എക്കാലവും പണം ഉത്‌കണ്‌ഠയ്‌ക്കിടയാക്കുന്ന ഒരു വസ്‌തുവായിരിക്കുകയില്ല. അത്യാഗ്രഹത്തോടെ നമ്മെ ചൂഷണം ചെയ്യുന്ന ഇന്നത്തെ വാണിജ്യവ്യവസ്ഥ എന്നേക്കുമായി നീക്കംചെയ്യപ്പെടുമെന്ന്‌ ബൈബിൾ ഉറപ്പുനൽകുന്നു. (1 യോഹന്നാൻ 2:​15-17) അതേത്തുടർന്ന്‌ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി നിലവിൽവരും. ദൈവത്തിന്റെ നീതിയുള്ള തത്ത്വങ്ങൾക്ക്‌ അനുസൃതമായ ഭരണമായിരിക്കും അവിടെ ഉണ്ടാകുക. ഭൂമിയെയും ആദ്യമനുഷ്യജോടിയെയും സൃഷ്ടിച്ചപ്പോൾ ദൈവത്തിന്‌ ഉണ്ടായിരുന്ന ഉദ്ദേശ്യം നിറവേറും; ഭൂമി ഒരു പറുദീസയായി മാറും. സന്തോഷവും സമാധാനവും സ്‌നേഹവും നിറഞ്ഞൊരു ഭൂമി! എത്ര ഹൃദയഹാരിയായൊരു കാഴ്‌ച ആയിരിക്കും അത്‌.​—⁠യെശയ്യാവു 2:​2-4; 2 പത്രൊസ്‌ 3:13; 1 യോഹന്നാൻ 4:​8-11.

ജീവിതം അപ്പോൾ വിരസമായിരിക്കില്ല. പറുദീസാഭൂമിയിൽ മനുഷ്യർ നിത്യം ജീവിക്കണമെന്നുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവൃത്തിയേറവെ, ആത്മീയ അനുഗ്രഹങ്ങളോടൊപ്പം ഭൗതിക അനുഗ്രഹങ്ങളും നമുക്ക്‌ ആസ്വദിക്കാനാകും. സമൃദ്ധമായ ഭക്ഷണവും പാർപ്പിടവും അർഥവത്തായ ജോലിയും എല്ലാവർക്കും ഉണ്ടായിരിക്കുമെന്ന്‌ ദൈവവചനം നമുക്ക്‌ ഉറപ്പുനൽകുന്നു. ദാരിദ്ര്യം പൂർണമായി നിർമാർജനം ചെയ്യപ്പെടും.​—⁠സങ്കീർത്തനം 72:16; യെശയ്യാവു 65:​21-23; മീഖാ 4:⁠4.

യഹോവയാംദൈവത്തിൽ ആത്മാർഥമായി വിശ്വാസം അർപ്പിക്കുന്നവർക്ക്‌ നിരാശപ്പെടേണ്ടിവരില്ല. അതുകൊണ്ട്‌, സമ്പത്തിനെക്കാൾ മൂല്യവത്തായ അനുഗ്രഹങ്ങൾക്കുവേണ്ടി അധ്വാനിക്കുന്നതാണ്‌ ജ്ഞാനപൂർവകമായ ഗതി!​—⁠1 തിമൊഥെയൊസ്‌ 6:​6-10.

[അടിക്കുറിപ്പ്‌]

^ ഖ. 3 പേരിന്‌ മാറ്റംവരുത്തിയിട്ടുണ്ട്‌.

[8-ാം പേജിലെ ആകർഷക വാക്യം]

ദൈവത്തിന്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുമ്പോൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നമുക്ക്‌ അഭിവൃദ്ധി ഉണ്ടാകും

[8-ാം പേജിലെ ആകർഷക വാക്യം]

പണം ജ്ഞാനപൂർവം ഉപയോഗിക്കുന്നെങ്കിൽ ജീവിതം നന്നായി ആസ്വദിക്കാനാകും