വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്‌?

യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്‌?

യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്‌?

യഹോവയുടെ സാക്ഷികൾ അവരുടെ വിശ്വാസങ്ങൾ രഹസ്യമാക്കി വെക്കുന്നില്ല. അവയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന സാഹിത്യങ്ങൾ നൂറുകണക്കിനു ഭാഷകളിൽ അവർ അച്ചടിച്ചു വിതരണം ചെയ്യുന്നു. എന്തൊക്കെയാണ്‌ അവരുടെ വിശ്വാസങ്ങൾ? അത്‌ സംക്ഷിപ്‌തമായി താഴെക്കൊടുത്തിരിക്കുന്നു.

1. ബൈബിൾ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌” എന്ന്‌ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16) മതത്തെക്കുറിച്ചു പഠനം നടത്തുന്ന അസോസിയേറ്റ്‌ പ്രൊഫസർ ജെയ്‌സൺ ഡി. ബെഡൂൻ ഇങ്ങനെ എഴുതി: “ബൈബിളിനെ ആധാരമാക്കിയാണ്‌ (യഹോവയുടെ സാക്ഷികൾ) അവരുടെ വിശ്വാസസംഹിതയും പെരുമാറ്റച്ചട്ടങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്‌. തങ്ങളുടെ ഇഷ്ടത്തിനൊത്ത്‌ ബൈബിളുപദേശങ്ങൾ വളച്ചൊടിക്കാൻ അവർ ശ്രമിച്ചിട്ടില്ല.” അതെ, യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ തികച്ചും ബൈബിളധിഷ്‌ഠിതമാണ്‌. തങ്ങൾക്ക്‌ ബോധിച്ചതുപോലെ അവർ തിരുവെഴുത്തുകളെ വ്യാഖ്യാനിക്കില്ല. അതേസമയം, ബൈബിളിലുള്ള എല്ലാ കാര്യങ്ങളും അക്ഷരാർഥത്തിൽ എടുക്കേണ്ടവയല്ലെന്നും അവർക്കറിയാം. ഉദാഹരണത്തിന്‌ ബൈബിളിലെ, ഏഴു സൃഷ്ടിദിവസങ്ങളെക്കുറിച്ചുള്ള പരാമർശം പ്രതീകാർഥത്തിലുള്ളതാണെന്നും സുദീർഘമായ കാലഘട്ടങ്ങളെയാണ്‌ അവ അർഥമാക്കുന്നതെന്നും അവർ മനസ്സിലാക്കുന്നു.—ഉല്‌പത്തി 1:31; 2:4.

2. സ്രഷ്ടാവ്‌ സത്യദൈവത്തിന്‌ ഒരു വ്യക്തിഗത നാമമുണ്ട്‌—യഹോവ. (ചില കത്തോലിക്കാ ഭാഷാന്തരങ്ങളിൽ യാഹ്‌വെ എന്ന്‌ ഉപയോഗിച്ചിരിക്കുന്നു; ഇന്നത്തെ ചില പണ്ഡിതന്മാരും യാഹ്‌വെ എന്ന്‌ ഉപയോഗിക്കാനാണ്‌ താത്‌പര്യപ്പെടുന്നത്‌) ദൈവത്തിന്റെ ഈ നാമം വ്യാജദൈവങ്ങളിൽനിന്ന്‌ അവനെ വ്യതിരിക്തനാക്കി നിറുത്തുന്നു. * (സങ്കീർത്തനം 83:18) തിരുവെഴുത്തുകളുടെ മൂലപാഠത്തിൽ ദൈവനാമത്തിന്റെ എബ്രായ രൂപം ഏതാണ്ട്‌ 7,000 പ്രാവശ്യം കാണാം. ആ മഹനീയനാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്‌ യേശു മാതൃകാപ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ നാമം പൂജിതമാകണമേ.” (മത്തായി 6:9, പി.ഒ.സി. ബൈബിൾ) തന്നെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ദൈവം നിഷ്‌കർഷിക്കുന്നു; സകലത്തിന്റെയും സ്രഷ്ടാവായതിനാൽ അവന്‌ അതിനുള്ള അധികാരവുമുണ്ട്‌. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ഏതെങ്കിലും വിഗ്രഹങ്ങൾക്കോ രൂപങ്ങൾക്കോ ആരാധന അർപ്പിക്കുകയില്ല.—1 യോഹന്നാൻ 5:21.

3. യേശുക്രിസ്‌തു യേശു രക്ഷകനാണ്‌, ‘ദൈവപുത്രനാണ്‌,’ “സകല സൃഷ്ടികൾക്കും ആദ്യജാതനും” ആണ്‌. (യോഹന്നാൻ 1:34; കൊലോസ്യർ 1:15; പ്രവൃത്തികൾ 5:31) അവൻ സൃഷ്ടിക്കപ്പെട്ടവനായതുകൊണ്ട്‌ സ്രഷ്ടാവായ ദൈവത്തിനു തുല്യനല്ല. “പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു” എന്നാണ്‌ യേശു പറഞ്ഞത്‌. (യോഹന്നാൻ 14:28) ഭൂമിയിൽ വരുന്നതിനുമുമ്പ്‌ അവൻ സ്വർഗത്തിൽ ജീവിച്ചിരുന്നു. അവന്റെ ബലിമരണത്തിനും പുനരുത്ഥാനത്തിനും ശേഷം അവൻ സ്വർഗത്തിലേക്കു മടങ്ങിപ്പോയി. “[അവനിലൂടെയല്ലാതെ] ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.”—യോഹന്നാൻ 14:6.

4. ദൈവരാജ്യം ദൈവരാജ്യം ഒരു യഥാർഥ സ്വർഗീയ ഗവണ്മെന്റാണ്‌. രാജാവായ യേശുവും അവനോടുകൂടെ ‘ഭൂമിയിൽനിന്നു വിലയ്‌ക്കുവാങ്ങപ്പെട്ട’ 1,44,000 സഹഭരണാധികാരികളും ചേർന്നതാണ്‌ ആ ഗവണ്മെന്റ്‌. (വെളിപാട്‌ 5:9, 10; 14:1, 3, 4; ദാനീയേൽ 2:44; 7:13, 14) അവർ ഭൂമിമേൽ വാഴും. ഭൂമിയിൽനിന്ന്‌ സകല ദുഷ്ടതയും തുടച്ചുനീക്കപ്പെടും. ദൈവഭയമുള്ള, നീതിമാന്മാരായ ആളുകൾ മാത്രമേ അന്ന്‌ ഭൂമിയിലുണ്ടായിരിക്കൂ.—സദൃശവാക്യങ്ങൾ 2:21, 22.

5. ഭൂമി “ഭൂമിയോ എന്നേക്കും നില്‌ക്കുന്നു” എന്ന്‌ സഭാപ്രസംഗി 1:4 പറയുന്നു. ദുഷ്ടന്മാർ നശിപ്പിക്കപ്പെട്ടശേഷം ഭൂമി ഒരു പറുദീസയായി മാറും. നീതിയുള്ള മനുഷ്യർ അതിൽ എന്നേക്കും വസിക്കും. (സങ്കീർത്തനം 37:10, 11, 29) “അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” എന്ന്‌ മാതൃകാപ്രാർഥനയിൽ യേശു പറഞ്ഞ വാക്കുകൾ അങ്ങനെ നിവൃത്തിയാകും.—മത്തായി 6:10, പി.ഒ.സി.

6. ബൈബിൾ പ്രവചനങ്ങൾ ദൈവത്തിന്‌ ‘ഭോഷ്‌കു പറയാൻ കഴിയില്ല.’ (തീത്തൊസ്‌ 1:1-3) അവൻ മുൻകൂട്ടിപ്പറയുന്നതെല്ലാം അങ്ങനെതന്നെ സംഭവിക്കും. ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളും അക്ഷരംപ്രതി നിവൃത്തിയാകും. (യെശയ്യാവു 55:11; മത്തായി 24:3-14) ആരായിരിക്കും ഈ ലോകത്തിന്റെ നാശത്തെ അതിജീവിക്കുക? “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്ന്‌ 1 യോഹന്നാൻ 2:17 പറയുന്നു.

7. ലൗകിക അധികാരികൾ “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന്‌ യേശു പറഞ്ഞു. (മർക്കോസ്‌ 12:17) അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ തങ്ങൾ വസിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നു, അവ ദൈവനിയമത്തിനു വിരുദ്ധമാകാത്തപക്ഷം.—പ്രവൃത്തികൾ 5:29; റോമർ 13:1-3.

8. പ്രസംഗപ്രവർത്തനം ലോകാവസാനത്തിനുമുമ്പ്‌ “രാജ്യത്തിന്റെ ഈ സുവിശേഷം” ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും എന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) ജീവരക്ഷാകരമായ ഈ വേലയിൽ ഏർപ്പെടുന്നത്‌ ഒരു ബഹുമതിയായി യഹോവയുടെ സാക്ഷികൾ കരുതുന്നു. ഈ സുവിശേഷത്തിന്‌ ശ്രദ്ധകൊടുക്കണോ വേണ്ടയോ എന്നത്‌ ഓരോ വ്യക്തിയുടെയും തീരുമാനമാണ്‌. “ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—വെളിപാട്‌ 22:17.

9. സ്‌നാനം ബൈബിൾ നന്നായി പഠിച്ച്‌ ആ അറിവിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്കുമാത്രമേ യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കാനാകൂ. (എബ്രായർ 12:1) അങ്ങനെയുള്ളവർ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി ജലത്തിൽ സ്‌നാനമേൽക്കുന്നു.—മത്തായി 3:13, 16; 28:19.

10. വൈദിക-അൽമായ വേർതിരിവ്‌ “നിങ്ങളോ എല്ലാവരും സഹോദരന്മാർ” എന്നാണ്‌ യേശു തന്റെ അനുഗാമികളോടു പറഞ്ഞത്‌. (മത്തായി 23:8) ബൈബിൾ എഴുതിയവർ ഉൾപ്പെടെയുള്ള ആദ്യകാല ക്രിസ്‌ത്യാനികൾക്കിടയിൽ വൈദികവർഗം ഉണ്ടായിരുന്നില്ല. യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നത്‌ ഈ മാതൃകയാണ്‌. (g10-E 08)

[അടിക്കുറിപ്പ്‌]

^ ഖ. 4 “യഹോവ” എന്ന പേര്‌ യഹോവയുടെ സാക്ഷികൾ കണ്ടുപിടിച്ചതല്ല. നൂറ്റാണ്ടുകൾക്കുമുമ്പേ ജർമൻ, ഡച്ച്‌ തുടങ്ങിയ ഭാഷകളിൽ “യഹോവ” എന്ന ദൈവനാമം ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, ചില ആധുനിക ബൈബിൾ പരിഭാഷകർ യഹോവ എന്ന നാമം നീക്കിയിട്ട്‌ പകരം “ദൈവം,” “കർത്താവ്‌” എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചിരിക്കുന്നു. ബൈബിളിന്റെ രചയിതാവായ ദൈവത്തോടുള്ള എത്ര കടുത്ത അനാദരവ്‌!

[12-ാം പേജിലെ ആകർഷക വാക്യം]

“പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു.”—യോഹന്നാൻ 14:28

[13-ാം പേജിലെ ആകർഷക വാക്യം]

“രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” —മത്തായി 24:14