ദുഷ്ടത നിലനിൽക്കുന്നതിന്റെ കാരണം
ദുഷ്ടത നിലനിൽക്കുന്നതിന്റെ കാരണം
‘യഹോവയാം [ദൈവം] തന്റെ സകലവഴികളിലും നീതിമാൻ ആകുന്നു’ എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 145:17; വെളിപ്പാടു 15:3) ദൈവത്തെക്കുറിച്ച് പ്രവാചകനായ മോശെ ഇപ്രകാരം പറഞ്ഞു: “അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:4) “കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ” എന്ന് യാക്കോബ് 5:11 പ്രസ്താവിക്കുന്നു. ദുഷ്ടതയ്ക്ക് നിമിത്തമാകാൻ ദൈവത്തിനാവില്ല; അവൻ അങ്ങനെ ചെയ്യുന്നുമില്ല.
“പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 1:13) യഹോവയാം ദൈവം ആരെയും ദുഷ്പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ ദുഷ്ടതയാൽ പ്രലോഭിപ്പിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ദുഷ്ടതയ്ക്കും കഷ്ടപ്പാടുകൾക്കും പിന്നിൽ ആരാണ്?
പ്രശ്നങ്ങളുടെ സൂത്രധാരൻ
ദുഷ്ടതയ്ക്ക് ഒരു പരിധിവരെ ഉത്തരവാദിയായിരിക്കുന്നത് മനുഷ്യനാണെന്നാണ് ബൈബിൾ എഴുത്തുകാരനായ യാക്കോബ് പറയുന്നത്. “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു” എന്ന് യാക്കോബ് പ്രസ്താവിച്ചു. (യാക്കോബ് 1:14, 15) വ്യക്തികൾ തെറ്റായ മോഹങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചേക്കാം. മനുഷ്യനു കൈമാറിക്കിട്ടിയ പാപത്തെക്കുറിച്ചു ചിന്തിക്കുക. തെറ്റായ മോഹങ്ങൾ ആളിക്കത്തിച്ച് വിനാശക ഫലങ്ങൾ കൈവരുത്താൻ കഴിയുന്നത്ര ശക്തിയുണ്ട് പാപത്തിന്. (റോമർ 7:21-23) ദുഷിച്ച കാര്യങ്ങൾ ചെയ്യാനും അങ്ങനെ വലിയ കഷ്ടം അനുഭവിക്കാനും ഇടയാക്കിക്കൊണ്ട് കൈമാറിക്കിട്ടിയ പാപം മാനവരാശിയുടെമേൽ രാജാവിനെപ്പോലെ ‘വാണിരിക്കുന്നു.’ (റോമർ 5:21) മാത്രമല്ല, ദുഷ്ട മനുഷ്യർക്ക് മറ്റുള്ളവരെ ദുഷിപ്പിക്കാൻ സാധിക്കും.—സദൃശവാക്യങ്ങൾ 1:10-16.
എങ്കിലും ദുഷ്ടതയുടെ മുഖ്യ സൂത്രധാരൻ പിശാചായ സാത്താനാണ്. അവനാണ് ലോകത്തിലേക്കു ദുഷ്ടത കൊണ്ടുവന്നത്. ‘ദുഷ്ടൻ’ എന്നും, “ലോകത്തിന്റെ” അതായത് നീതികെട്ട മാനവ സമുദായത്തിന്റെ “പ്രഭു” എന്നുമാണ് യേശുക്രിസ്തു സാത്താനെ വിളിച്ചത്. യഹോവയാം ദൈവത്തിന്റെ നല്ല വഴികൾ അവഗണിക്കാനുള്ള സാത്താന്റെ പ്രേരണകൾക്ക് ചെവിചായിച്ചുകൊണ്ട് മനുഷ്യവർഗം പൊതുവേ സാത്താനെ അനുസരിക്കുന്നു. (മത്തായി 6:13; യോഹന്നാൻ 14:30; 1 യോഹന്നാൻ 2:15-17) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് 1 യോഹന്നാൻ പ്രസ്താവിക്കുന്നു. വാസ്തവത്തിൽ സാത്താനും അവന്റെ ദൂതന്മാരും “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു”കൊണ്ടിരിക്കുകയാണ്. “കഷ്ടം” മാത്രമാണു ഫലം. ( 5:19വെളിപ്പാടു 12:9, 12) അങ്ങനെ നോക്കുമ്പോൾ ദുഷ്ടതയുടെ പ്രധാന ഉത്തരവാദി പിശാചായ സാത്താനല്ലേ?
കഷ്ടതയുടെയും ക്ലേശങ്ങളുടെയും മറ്റൊരു കാരണത്തെക്കുറിച്ച് സഭാപ്രസംഗി 9:11 (NW) പറയുന്നു: “[നമ്മുടെമേലെല്ലാം] കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നു ഭവിക്കുന്നത്.” ഒരു ഗോപുരം ഇടിഞ്ഞുവീണ് 18 പേർ മരിച്ച ഒരു ദുരന്തത്തെക്കുറിച്ച് യേശു സംസാരിക്കുകയുണ്ടായി. (ലൂക്കൊസ് 13:4) അരുതാത്ത സമയത്ത് അരുതാത്ത സ്ഥലത്ത് ആയിപ്പോയതാണ് അവരെ ദുരന്തത്തിലാക്കിയത്. അത്തരം സംഗതികൾ ഇന്നും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽനിന്ന് ഒരു ഇഷ്ടിക ഇടിഞ്ഞ് അതുവഴി പോകുന്ന ഒരാളുടെ തലയിൽ വീഴുന്നുവെന്ന് കരുതുക. അതു ദൈവത്തിന്റെ കുറ്റമാണോ? അല്ല. തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണ്. രോഗം ഒരു കുടുംബത്തിന്മേൽ കരിനിഴൽ വീഴ്ത്തുകയോ കുട്ടികളെയും ഭാര്യയെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒരു കുടുംബനാഥൻ മരിക്കുകയോ ചെയ്യുമ്പോഴും ഇതുതന്നെ സത്യമാണ്.
അതുകൊണ്ട് ഒന്നുറപ്പ്: ദൈവമല്ല ദുഷ്ടതയ്ക്ക് ഉത്തരവാദി; കഷ്ടപ്പാടും അവൻ വരുത്തുന്നതല്ല. ശരിക്കും പറഞ്ഞാൽ, ദുഷ്ടതയെയും അതിന്റെ കാരണക്കാരെയും നിർമാർജനം ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം. (സദൃശവാക്യങ്ങൾ 2:22) അതുമാത്രമല്ല, ക്രിസ്തു മുഖാന്തരം ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കുക’ എന്ന ദൈവോദ്ദേശ്യത്തെക്കുറിച്ച് തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നുണ്ട്. (1 യോഹന്നാൻ 3:8) അത്യാഗ്രഹവും വിദ്വേഷവും ദുഷ്ടതയും മുഖമുദ്രയായിരിക്കുന്ന ഇന്നത്തെ ലോകം പൊയ്പോയിരിക്കും. ദൈവം “[എല്ലാവരുടെയും] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയു”കപോലും ചെയ്യും; അങ്ങനെ കഷ്ടപ്പാടുകൾ ഒരു പഴങ്കഥയായി മാറും. (വെളിപ്പാടു 21:4) ‘എങ്കിൽപ്പിന്നെ ദൈവം എന്തുകൊണ്ട് ഇതുവരെ അതു ചെയ്തില്ല? ദുഷ്ടതയും കഷ്ടപ്പാടും ഇന്നോളം തുടരാൻ അവൻ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?’ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള ബൈബിൾ വിവരണത്തിൽ ഇതിനുള്ള ഉത്തരമുണ്ട്.
ഒരു സുപ്രധാന വിവാദവിഷയം
ദൈവം ഇന്നോളം ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ കാരണം മാനവചരിത്രത്തിന്റെ തുടക്കത്തിൽ അരങ്ങേറിയ സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അന്നത്തെ ഒരു സംഭവം സ്രഷ്ടാവിനെക്കുറിച്ച് സുപ്രധാനമായ ഒരു ചോദ്യമുയർത്തി—പെട്ടെന്നു പരിഹരിക്കാനാകാത്ത ഒരു ചോദ്യം. നടന്നതെന്താണെന്ന് നമുക്കൊന്ന് അടുത്തു പരിശോധിക്കാം.
യഹോവയാം ദൈവം ആദ്യത്തെ പുരുഷനെയും സ്ത്രീയെയും പൂർണരായിട്ടാണു സൃഷ്ടിച്ചത്. എന്നിട്ട് അവരെ ഒരു പറുദീസയിലാക്കി. മൃഗങ്ങൾക്കില്ലാത്ത ഒരു സവിശേഷത ദൈവം അവർക്ക് സമ്മാനിച്ചു—ഇച്ഛാസ്വാതന്ത്ര്യം. (ഉല്പത്തി 1:28; 2:15, 19) തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള ആ പ്രാപ്തിയോടെ സൃഷ്ടിക്കപ്പെട്ടതിനാൽ ആദാമിനും ഹവ്വായ്ക്കും അതുപയോഗിച്ച് തങ്ങളുടെ സ്രഷ്ടാവിനെ സ്നേഹിക്കാനും സേവിക്കാനും അനുസരിക്കാനും തീരുമാനിക്കാമായിരുന്നു. അല്ലെങ്കിൽ ദൈവത്തിൽനിന്ന് അകന്ന് മനപ്പൂർവം അനുസരണക്കേടു കാണിക്കാൻ അവർക്കു തീരുമാനിക്കാമായിരുന്നു.
ഒരു പ്രത്യേക കാര്യം ചെയ്യുന്നതിൽനിന്ന് സത്യദൈവം അവരെ വിലക്കി. ദൈവത്തോടുള്ള സ്നേഹം തെളിയിക്കാൻ അവർക്ക് ഒരവസരം നൽകുകയായിരുന്നു ദൈവം. അവിടുന്ന് ആദാമിനോടു പറഞ്ഞു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) തങ്ങൾക്കുതന്നെയും ഭാവി സന്തതിപരമ്പരകൾക്കും പ്രയോജനം വരുത്തുമാറ് ദൈവപ്രീതിയുള്ളവരായി തുടരാൻ ആദാമും ഹവ്വായും ആ വൃക്ഷത്തിന്റെ ഫലം തിന്നരുതായിരുന്നു. അവർ അത് അനുസരിച്ചോ?
എന്താണു സംഭവിച്ചതെന്ന് ബൈബിൾ പറയുന്നു. ഒരു സർപ്പത്തെ മറയാക്കി പിശാചായ സാത്താൻ ഹവ്വായെ സമീപിച്ച് “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. ഹവ്വാ ദൈവത്തിന്റെ കൽപ്പനയെക്കുറിച്ചു പറഞ്ഞപ്പോൾ സാത്താൻ അവളോട്: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു” എന്നു പറഞ്ഞു. ആ വൃക്ഷഫലത്തോട് ആകർഷണം തോന്നി ഹവ്വാ “ഫലം പറിച്ചു തിന്നു.” വിവരണം തുടരുന്നു: അവൾ അത് “ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.” (ഉല്പത്തി 3:1-6) ആദാമും ഹവ്വായും തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയും അനുസരണക്കേട് കാണിച്ചുകൊണ്ട് പാപം ചെയ്യുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം നിങ്ങൾക്കു പിടികിട്ടിയോ? ദൈവം ആദാമിനോടു പറഞ്ഞ വാക്കുകളിൽ സത്യമില്ലെന്നാണു പിശാച് പറഞ്ഞത്. തങ്ങളുടെ കാര്യത്തിൽ നല്ലതും ചീത്തയും എന്താണെന്ന കാര്യത്തിൽ
തീരുമാനമെടുക്കാൻ ആദാമിനും ഹവ്വായ്ക്കും യഹോവയുടെ ആവശ്യമില്ല എന്ന ധ്വനിയായിരുന്നു സാത്താന്റെ വാക്കുകളിൽ. ദൈവത്തിന്റെ ഭരണത്തിന്റെ സാധുതയും മനുഷ്യനെ ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശവുമാണ് സാത്താൻ ചോദ്യം ചെയ്തത്. ആ വെല്ലുവിളിയിൽ ഉൾപ്പെട്ടിരുന്ന പ്രധാന സംഗതി യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യമായിരുന്നു. ആ വെല്ലുവിളിയോട് സത്യദൈവം എങ്ങനെയാണു പ്രതികരിച്ചത്?സമയം ആവശ്യമായിരുന്നതിന്റെ കാരണം
സാത്താനെയും ആദാമിനെയും ഹവ്വായെയും നശിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു യഹോവയ്ക്ക്. കാരണം ഈ മൂന്നുപേരെക്കാളും ശക്തനാണല്ലോ യഹോവ? എന്നാൽ സാത്താൻ ദൈവത്തിന്റെ ശക്തിയല്ല ചോദ്യം ചെയ്തത്; മറിച്ച് ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശമാണ്. ഇച്ഛാസ്വാതന്ത്ര്യമുള്ള എല്ലാ സൃഷ്ടികളെയും ബാധിക്കുന്നതായിരുന്നു ഉന്നയിക്കപ്പെട്ട വിവാദവിഷയം. തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം, ശാരീരികവും ധാർമികവും ആത്മീയവുമായ കാര്യങ്ങൾ സംബന്ധിച്ച ദിവ്യമാർഗരേഖകൾക്കുള്ളിൽ നിന്നുകൊണ്ട് ഉപയോഗിക്കേണ്ടതുണ്ടെന്ന് അവർ തിരിച്ചറിയണമായിരുന്നു. അല്ലാത്തപക്ഷം ഭയാനകമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും എന്നതു തീർച്ച. ഗുരുത്വാകർഷണ നിയമം വകവെയ്ക്കാതെ ഉയർന്ന ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കും എന്നതുപോലെതന്നെ. (ഗലാത്യർ 6:7, 8) ദൈവത്തിൽനിന്ന് അകന്ന ഒരു ഗതി വരുത്തിവെക്കുന്ന വിനകൾ നേരിൽ കാണാൻ അവസരം നൽകുന്നത് ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികൾക്കും പ്രയോജനപ്പെടുമായിരുന്നു. ഇതിന് സമയം വേണമായിരുന്നു.
ചില വിവാദവിഷയങ്ങൾക്ക് തീർപ്പു കൽപ്പിക്കാൻ സമയം വേണമെന്ന വസ്തുത ഇങ്ങനെ ഉദാഹരിക്കാം: ഏറ്റവും ശക്തൻ ആരാണെന്നു തെളിയിക്കുന്ന ഒരു മത്സരത്തിൽ പങ്കെടുക്കാൻ ഒരു കുടുംബത്തിലെ കാരണവർ മറ്റൊരു കുടുംബനാഥനെ വെല്ലുവിളിക്കുന്നതായി സങ്കൽപ്പിക്കുക. അതിന് തീർപ്പു കൽപ്പിക്കാൻ അധികം സമയം ആവശ്യമില്ല. പാറക്കല്ല് ഉയർത്തുകയോ മറ്റോ ചെയ്തുകൊണ്ട് ആരാണു ശക്തൻ എന്നു കണ്ടുപിടിക്കാനാകും. ഏറ്റവും ഭാരമുള്ള പാറക്കല്ല് ഉയർത്തുന്ന വ്യക്തിയായിരിക്കും ഏറ്റവും ശക്തൻ. എന്നാൽ മക്കളെ യഥാർഥത്തിൽ സ്നേഹിക്കുന്ന, മക്കൾ തിരിച്ചു സ്നേഹിക്കുന്ന അച്ഛൻ ആരാണെന്നതു സംബന്ധിച്ചാണ് വിവാദവിഷയം എന്നു കരുതുക. അതുമല്ലെങ്കിൽ ഏറ്റവും നന്നായി കുടുംബം നോക്കുന്നത് ആരാണ് എന്ന കാര്യമാണ് തെളിയിക്കപ്പെടേണ്ടതെങ്കിലോ? കരുത്തു പ്രദർശിപ്പിക്കുന്നതോ കേവലം വാക്കുകളോ മതിയാകില്ല. സംഗതിക്ക് തീർപ്പു കൽപ്പിക്കുന്നതിന് സമയമെടുക്കും; കാര്യങ്ങൾ ശ്രദ്ധയോടുകൂടി നിരീക്ഷിച്ച് ശരിയായ നിഗമനങ്ങളിൽ എത്തണം.
കാലം എന്തു വെളിപ്പെടുത്തിയിരിക്കുന്നു?
ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശം സാത്താൻ ചോദ്യം ചെയ്തിട്ട് 6,000-ത്തിലധികം വർഷം പിന്നിട്ടിരിക്കുന്നു. ചരിത്രം എന്താണു വെളിപ്പെടുത്തിയത്? സാത്താൻ ദൈവത്തിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങൾ ശ്രദ്ധിക്കുക. സാത്താൻ ധൈര്യസമേതം ഹവ്വായോടു പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം.” (ഉല്പത്തി 3:4) കഴിക്കരുതെന്ന് ദൈവം കൽപ്പിച്ച പഴം കഴിച്ചാൽ ആദാമും ഹവ്വായും മരിക്കുകയില്ലെന്ന് പറയുകവഴി സാത്താൻ യഹോവയെ നുണയനെന്നു വിളിക്കുകയായിരുന്നു. വളരെ ഗൗരവമുള്ള ഒരു ആരോപണം തന്നെ! ഇക്കാര്യത്തിൽ ദൈവത്തിന്റെ ഭാഗത്ത് സത്യമില്ലെങ്കിൽ മറ്റു സംഗതികളിൽ അവനെ എങ്ങനെ വിശ്വസിക്കാനാകും? എന്തായാലും, കാലം എന്തു തെളിയിച്ചിരിക്കുന്നു?
ആദാമും ഹവ്വായും രോഗത്തിനും വേദനയ്ക്കും വാർധക്യത്തിനും അവസാനം മരണത്തിനും ഇരയായിത്തീർന്നു. “ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (ഉല്പത്തി 3:19; 5:5) ദുരന്തപൂർണമായ ഈ പൈതൃകം ആദാമിന്റെ സന്തതിപരമ്പരകളിലേക്കു വ്യാപിച്ചു. (റോമർ 5:12) സാത്താൻ “ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും” യഹോവ ‘സത്യത്തിന്റെ ദൈവ’വുമാണെന്ന് കാലം തെളിയിച്ചു.—യോഹന്നാൻ 8:44; സങ്കീർത്തനം 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
“അതു [വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം] തിന്നുന്ന നാളിൽ നിങ്ങളുടെ [ഹവ്വായുടെയും ആദാമിന്റെയും] കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു” എന്നും സാത്താൻ ഹവ്വായോടു പറഞ്ഞു. (ഉല്പത്തി 3:5) തന്ത്രപരമായ ആ വാക്കുകൾ പറഞ്ഞുകൊണ്ട് സ്വയംഭരണത്തിനുള്ള ഒരവസരം സംബന്ധിച്ച പൊള്ളയായ വാഗ്ദാനം മനുഷ്യവർഗത്തിനു നീട്ടിക്കൊടുക്കുകയായിരുന്നു സാത്താൻ. ദൈവത്തെ വിട്ടുള്ള ജീവിതമാണ് മനുഷ്യന് ഏറെ നല്ലത് എന്നു ദ്യോതിപ്പിക്കുകയായിരുന്നു അവന്റെ ഗൂഢലക്ഷ്യം. അത് സത്യമാണെന്നു തെളിഞ്ഞോ?
മാനവ ചരിത്രത്തിന്റെ ഇടനാഴികളിൽ ഉടനീളം സാമ്രാജ്യങ്ങൾ വാഴുകയും വീഴുകയും ചെയ്തിട്ടുണ്ട്; പരീക്ഷിച്ചു നോക്കാത്ത ഭരണങ്ങളില്ല. എന്നിട്ടും ഭയാനകമായ സംഗതികൾ മാനവ കുടുംബത്തെ വലയ്ക്കുകയാണ്. ഏതാണ്ട് 3,000 വർഷങ്ങൾക്കുമുമ്പ് ഒരു ബൈബിളെഴുത്തുകാരൻ പിൻവരുന്ന നിഗമനത്തിലെത്തി: സഭാപ്രസംഗി 8:9, 10) “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന് പ്രവാചകനായ യിരെമ്യാവ് എഴുതി. (യിരെമ്യാവു 10:23) ശാസ്ത്രീയ, സാങ്കേതിക രംഗങ്ങളിലെ പുതുപുത്തൻ മുന്നേറ്റങ്ങൾപോലും ഈ വാക്കുകളിലെ സത്യതയ്ക്കു മങ്ങലേൽപ്പിച്ചിട്ടില്ല. വാസ്തവത്തിൽ കാലത്തിന്റെ നീരൊഴുക്കിൽ ഈ വാക്കുകളുടെ സത്യതയ്ക്ക് തിളക്കമേറിയിട്ടേയുള്ളൂ.
‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരം നടത്തിയിരിക്കുന്നു.’ (നിങ്ങൾ ചെയ്യേണ്ടത്
യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംബന്ധിച്ച വിവാദവിഷയത്തിൽ സാത്താന്റെ വാദം തെറ്റാണെന്ന് കാലം തെളിയിച്ചു. യഹോവയാം ദൈവമാണ് പ്രപഞ്ചത്തിന്റെ പരമോന്നത പരമാധികാരി. തന്റെ സൃഷ്ടികളുടെമേൽ ഭരണം നടത്താനുള്ള അവകാശമുണ്ട് അവന്. അവന്റെ ഭരണവിധമാണ് ഏറ്റവും മെച്ചം. ഈ പരമാർഥം തിരിച്ചറിഞ്ഞുകൊണ്ട് ദൈവഭരണത്തിനു കീഴിലെ വർഷങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ സ്വർഗീയ സൃഷ്ടികൾ നടത്തുന്ന പ്രഖ്യാപനം കേൾക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
ദൈവത്തിന്റെ ഭരണാധിപത്യം സംബന്ധിച്ച വിവാദവിഷയത്തിൽ നിങ്ങളുടെ നിലപാട് എന്താണ്? ദൈവത്തിന് നിങ്ങളെ ഭരിക്കാനുള്ള യോഗ്യതയുണ്ട് എന്നതിനോടു നിങ്ങൾ യോജിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ യഹോവയുടെ പരമാധികാരം അംഗീകരിച്ചേ തീരൂ. അവന്റെ വചനമായ ബൈബിളിൽ കാണുന്ന അത്ഭുതകരമായ സത്യങ്ങളും ഉപദേശങ്ങളും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രാവർത്തികമാക്കിക്കൊണ്ട് നിങ്ങൾക്ക് അതു ചെയ്യാനാകും. “ദൈവം സ്നേഹം തന്നേ”; അവന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും പിന്നിൽ സൃഷ്ടികളോടുള്ള അവന്റെ സ്നേഹമല്ലാതെ മറ്റൊന്നുമല്ല. (1 യോഹന്നാൻ 4:8) നമുക്കു നന്മ വരുത്തുന്നതൊന്നും ദൈവം പിടിച്ചുവെക്കുന്നില്ല. അതുകൊണ്ട് ബൈബിളിലെ പിൻവരുന്ന ഉപദേശം നിങ്ങൾക്കു മനസ്സാ സ്വീകരിക്കാം: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
[7-ാം പേജിലെ ചിത്രം]
ബൈബിൾ പഠിക്കുകയും അതിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് ദൈവത്തിന്റെ ഭരണാധിപത്യം തിരഞ്ഞെടുക്കാം
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Jeroen Oerlemans/Panos Pictures