വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അണയാൻനേരം ആശ്വാസവുമായി

അണയാൻനേരം ആശ്വാസവുമായി

അണയാൻനേരം ആശ്വാസവുമായി

“മമ്മി ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അറിഞ്ഞപ്പോൾ എനിക്കതു വിശ്വസിക്കാനായില്ല. എന്റെ എല്ലാമെല്ലാമായ മമ്മി ഇനി അധികനാൾ ഉണ്ടാവില്ലെന്ന സത്യം എനിക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.”​—⁠ഗ്രെയ്‌സ്‌, കാനഡ.

പ്രിയപ്പെട്ട ഒരാൾ ഒരു മാരകരോഗത്തിന്റെ പിടിയിലാണെന്ന്‌ അറിയുന്നത്‌ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തകർത്തുകളഞ്ഞേക്കാം. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഒരവസ്ഥ. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച്‌ രോഗിയോട്‌ തുറന്നുപറയണമോ വേണ്ടയോ എന്ന ചിന്ത ചിലരെയെങ്കിലും അലട്ടിയേക്കാം. പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതും അസുഖം നിമിത്തം അവരുടെ അന്തസ്സ്‌ മാനിക്കപ്പെടാതെപോകുന്നതുമൊക്കെ കണ്ടുനിൽക്കാൻ തങ്ങൾക്കാകുമോ എന്ന്‌ അവർ സംശയിക്കുന്നു. രോഗിയുടെ അവസാനനിമിഷങ്ങളിൽ എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെവരുന്നത്‌ പലരെയും വിഷമിപ്പിക്കുന്നു.

ഇത്തരം ദുർവാർത്തകളോട്‌ പ്രതികരിക്കേണ്ട വിധം സംബന്ധിച്ച്‌ എന്തൊക്കെ അറിഞ്ഞിരിക്കണം? ഒരു യഥാർഥ സ്‌നേഹിതൻ ആയിരിക്കാനും ക്ലേശങ്ങളിൽ ആശ്വാസവും പിന്തുണയും നൽകാനും നിങ്ങൾക്കെങ്ങനെ സാധിക്കും?—സദൃശവാക്യങ്ങൾ 17:17.

തികച്ചും സ്വാഭാവികം

നാം സ്‌നേഹിക്കുന്ന ഒരാൾ ഗുരുതരമായ ഒരു രോഗത്തിന്‌ ഇരയാകുമ്പോൾ നമുക്കു വേദന തോന്നുന്നതു സ്വാഭാവികം മാത്രം. എന്തിന്‌, മരണം നിത്യേനയെന്നോണം കാണുന്ന ഡോക്ടർമാർപോലും രോഗിയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കുമുമ്പിൽ പലപ്പോഴും നിസ്സഹായരായിപ്പോകുന്നു.

നമ്മുടെ ആരെങ്കിലും രോഗത്താൽ ക്ലേശിക്കുന്നത്‌ കാണുമ്പോൾ വികാരങ്ങൾ അടക്കാൻ നമുക്കും ബുദ്ധിമുട്ടു തോന്നിയേക്കാം. ബ്രസീലിൽനിന്നുള്ള ഹോസെയുടെ അനിയത്തി മാരകമായ ഒരു രോഗത്തിന്റെ പിടിയിലായിരുന്നു. അതേക്കുറിച്ച്‌ ഹോസെ പറയുന്നതിങ്ങനെ: “നിങ്ങൾ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാൾ സദാ വേദന കടിച്ചമർത്തിക്കഴിയുന്നതു കണ്ടുനിൽക്കേണ്ടിവരുന്നത്‌ വല്ലാത്ത ഒരനുഭവമാണ്‌.” തന്റെ സഹോദരിക്ക്‌ കുഷ്‌ഠം പിടിപെട്ടതു കണ്ടപ്പോൾ, വിശ്വസ്‌തനായ മോശെ, “ദൈവമേ, അവളെ സൌഖ്യമാക്കേണമേ” എന്ന്‌ കരഞ്ഞുപറഞ്ഞതായി തിരുവെഴുത്തുകൾ പറയുന്നു.—സംഖ്യാപുസ്‌തകം 12:12, 13.

നമ്മുടെ പ്രിയപ്പെട്ടവരുടെ ദുരവസ്ഥയിൽ നമുക്കു ദുഃഖം തോന്നുന്നതിന്‌ കാരണമുണ്ട്‌. കരുണാമയനായ യഹോവയാം ദൈവത്തിന്റെ പ്രതിച്ഛായയിലാണ്‌ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നതുതന്നെ. (ഉല്‌പത്തി 1:27; യെശയ്യാവു 63:9) മനുഷ്യർ കഷ്ടപ്പെടുന്നതു കാണുമ്പോൾ യഹോവയുടെ വികാരം എന്താണ്‌? അതു മനസ്സിലാക്കാൻ നമുക്ക്‌ യേശുവിനെക്കുറിച്ചു ചിന്തിക്കാം. തന്റെ പിതാവിന്റെ വ്യക്തിത്വം അവൻ പൂർണമായി പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:9) രോഗികളെ കണ്ടപ്പോൾ യേശുവിന്റെ “മനസ്സലിഞ്ഞു.” (മത്തായി 20:29-34; മർക്കൊസ്‌ 1:40, 41) കഴിഞ്ഞ ലേഖനത്തിൽ പറയുന്നതുപോലെ, തന്റെ സുഹൃത്തായ ലാസറിന്റെ മരണം കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ഉളവാക്കിയ ദുഃഖം കണ്ടപ്പോൾ യേശുവിന്റെ ഉള്ളം കലങ്ങി; അവൻ “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:32-35) മരണത്തെ ഒരു ശത്രുവായിട്ടാണ്‌ ബൈബിൾ വിശേഷിപ്പിക്കുന്നത്‌. പെട്ടെന്നുതന്നെ രോഗവും മരണവും നീങ്ങിപ്പോകുമെന്ന്‌ അത്‌ വാഗ്‌ദാനം ചെയ്യുന്നു.—1 കൊരിന്ത്യർ 15:26; വെളിപ്പാടു 21:3-5.

നമ്മുടെ ഉറ്റവരുടെ രോഗത്തെക്കുറിച്ച്‌ അറിയുമ്പോൾ ആരെയെങ്കിലുമൊക്കെ കുറ്റപ്പെടുത്താൻ നമുക്കു തോന്നിയേക്കാം, അതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ മാരകമായ രോഗം പിടിപെട്ടവരെ ശുശ്രൂഷിക്കുന്നതിനെക്കുറിച്ച്‌ ഒരു പ്രബന്ധം തയ്യാറാക്കിയ ഡോ. മാർട്ട ഓർട്ടീസിന്റെ ഉപദേശം ശ്രദ്ധിക്കുക: “രോഗിയുടെ അവസ്ഥയെപ്രതി മറ്റുള്ളവരെ—ഡോക്ടർമാരെയോ നഴ്‌സുമാരെയോ നിങ്ങളെത്തന്നെയോ—പഴിക്കാതിരിക്കുക. അല്ലാത്തപക്ഷം, അത്‌ ബന്ധങ്ങൾ വഷളാക്കുമെന്നു മാത്രമല്ല രോഗിയുടെ കാര്യങ്ങൾ നോക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽനിന്ന്‌ നമ്മുടെ ശ്രദ്ധ പതറിക്കുകയും ചെയ്യും.” രോഗവുമായി പൊരുത്തപ്പെടാനും തനിക്ക്‌ ഇനി അധികനാളില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനും രോഗിയെ സഹായിക്കുന്നതിനായി നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

രോഗത്തിലല്ല, രോഗിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

രോഗം വരുത്തിവെക്കുന്ന വൈരൂപ്യങ്ങൾക്കോ ദയനീയമായ മറ്റു ഭവിഷ്യത്തുകൾക്കോ അപ്പുറം ആ വ്യക്തിയെ കാണാൻ ശ്രമിക്കുക. അതെങ്ങനെ സാധിക്കും? നഴ്‌സായ സാറ പറയുന്നു: “രോഗി ആരോഗ്യത്തോടെയിരുന്ന കാലത്തെ ചിത്രങ്ങൾ ഞാൻ മറിച്ചുനോക്കും. പോയകാലത്തെക്കുറിച്ച്‌ അദ്ദേഹം വിവരിക്കുമ്പോൾ ഞാൻ ശ്രദ്ധവെച്ചു കേൾക്കാറുമുണ്ട്‌. രോഗിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിക്കാൻ ഇതെന്നെ സഹായിക്കുന്നു.”

രോഗം രോഗിയിൽ വരുത്തുന്ന മാറ്റങ്ങൾക്കുമപ്പുറത്തേക്കു നോക്കാൻ താൻ എന്താണു ചെയ്യുന്നത്‌ എന്നതിനെപ്പറ്റി മറ്റൊരു നഴ്‌സായ ആൻ-കാതറിൻ വിവരിക്കുന്നു, “ഞാൻ രോഗിയുടെ കണ്ണിലേക്കുതന്നെ നോക്കും, രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ എന്തു ചെയ്യാനാകും എന്നതിലായിരിക്കും എന്റെ ശ്രദ്ധ.” മരണം കാത്തുകഴിയുന്നവരുടെ ആവശ്യങ്ങൾ—ജീവിതത്തിന്റെ അവസാനനാളുകളിൽ പ്രത്യാശയും ആശ്വാസവും സ്‌നേഹവും പകർന്നുനൽകാനുള്ള വഴികാട്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “രോഗമോ അപകടമോ മൂലം പ്രിയപ്പെട്ട ഒരാളുടെ ശരീരം വിരൂപമാകുന്നതു കാണുമ്പോൾ അങ്ങേയറ്റത്തെ വിഷമം തോന്നുന്നത്‌ സാധാരണമാണ്‌. അത്തരം സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കുക, രോഗത്തെ മാറ്റിനിറുത്തി ആ വ്യക്തിയെ കാണാൻ ശ്രമിക്കുക. അതാണ്‌ ഏറ്റവും ഉചിതം.”

അതിന്‌ നല്ല ആത്മനിയന്ത്രണവും നിശ്ചയദാർഢ്യവും വേണമെന്നത്‌ ശരിതന്നെ. ഇത്തരം രോഗികളെ പതിവായി സന്ദർശിക്കുന്ന ഷോർഷ്‌ എന്ന ക്രിസ്‌തീയ മേൽവിചാരകൻ അതേക്കുറിച്ച്‌ പറയുന്നതിങ്ങനെ: “രോഗിയുടെ അവസ്ഥ നമ്മിൽ അസ്വസ്ഥത ജനിപ്പിച്ചേക്കാം. എന്നാൽ അവരോട്‌ ശക്തമായ സ്‌നേഹമുണ്ടെങ്കിൽ അവരെ സഹായിക്കുന്നതിന്‌ അതൊന്നും തടസ്സമാകില്ല.” രോഗത്തെക്കാൾ രോഗിയെ ശ്രദ്ധിക്കുന്നത്‌ ഇരുകൂട്ടർക്കും—നമുക്കും രോഗിക്കും—പ്രയോജനം ചെയ്യും. കാൻസർ ബാധിതരായ കുട്ടികളെ ശുശ്രൂഷിച്ചിരുന്ന ഈവോൺ പറയുന്നു: “അന്തസ്സു കൈമോശം വരാതെ സൂക്ഷിക്കാൻ രോഗികളെ സഹായിക്കാനാകും എന്ന തിരിച്ചറിവ്‌ നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ അവസ്ഥയുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കാകും.”

കേൾക്കാൻ മനസ്സുകാണിക്കുക

മരണം കാത്തുകഴിയുന്ന ഒരു വ്യക്തിയെ ചെന്നുകാണാനോ സംസാരിക്കാനോ പലപ്പോഴും ആളുകൾക്കു മടിയാണ്‌, അവർ അതിയായി സ്‌നേഹിക്കുന്ന ആളാണ്‌ അതെങ്കിൽപ്പോലും. കാരണം? എന്തു പറയണം എന്നറിയില്ല, അതാണ്‌ അവരെ വിഷമിപ്പിക്കുന്നത്‌. എന്നാൽ മൗനത്തിന്‌ അതിന്റേതായ വിലയുണ്ടെന്നാണ്‌ അടുത്തകാലത്ത്‌ അത്തരമൊരു സുഹൃത്തിനെ ശുശ്രൂഷിച്ച ആൻ-കാതറിന്റെ അഭിപ്രായം. അവർ പറയുന്നു: “നമ്മുടെ വാക്കുകൾ മാത്രമല്ല പെരുമാറ്റവും സാന്ത്വനം പകരും. ഒരു കസേര വലിച്ചിട്ട്‌ അടുത്തിരുന്ന്‌ അവരുടെ കൈ ചേർത്തുപിടിക്കുന്നതും അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ കണ്ണുനിറയുന്നതുമെല്ലാം നാം അവരെക്കുറിച്ച്‌ കരുതുന്നു എന്നതിന്റെ തെളിവായിരിക്കും.”

വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ രോഗി ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ, പ്രിയപ്പെട്ടവർക്ക്‌ വിഷമമാകുമെന്നു കരുതി മിക്കപ്പോഴും അദ്ദേഹം തന്നോടു ബന്ധപ്പെട്ട ഗൗരവമായ കാര്യങ്ങൾ സംസാരിക്കാൻ മടിക്കുന്നു. ഇനി, രോഗിയുടെ ക്ഷേമത്തിൽ തത്‌പരരായ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രോഗിക്ക്‌ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നത്‌ ഒഴിവാക്കിയേക്കാം, അദ്ദേഹത്തിന്റെ ആരോഗ്യത്തോടു ബന്ധപ്പെട്ട പ്രധാന വിവരങ്ങൾപോലും അവർ മറച്ചുവെച്ചെന്നുവരാം. എന്നാൽ അതുകൊണ്ട്‌ എന്തെങ്കിലും ദോഷമുണ്ടോ? മാരകരോഗവുമായി മല്ലിടുന്നവരെ ചികിത്സിക്കുന്ന ഒരു ഡോക്ടർ പറയുന്നത്‌ രോഗവിവരം രോഗിയിൽനിന്ന്‌ മറച്ചുവെക്കുമ്പോൾ, തനിക്ക്‌ രോഗമുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കുന്നതിനോ അതേക്കുറിച്ച്‌ തുറന്നു സംസാരിക്കുന്നതിനോ ഉള്ള അവസരം രോഗിക്കു നിഷേധിക്കപ്പെടുന്നു എന്നാണ്‌. മാത്രമല്ല, അത്‌ രോഗവുമായി പൊരുത്തപ്പെടുന്നതിന്‌ രോഗിയെ സഹായിക്കുന്നതിൽനിന്നു സഹൃദയരായ സുഹൃത്തുക്കളുടെ ശ്രദ്ധ മാറ്റിക്കളയുന്നു. അതുകൊണ്ട്‌, തന്റെ അവസ്ഥയെക്കുറിച്ചോ മരണത്തെക്കുറിച്ചോ സംസാരിക്കാൻ രോഗി ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള അവസരം നൽകണം.

മരണത്തെ മുഖാമുഖം കണ്ടപ്പോൾ തങ്ങളുടെ ഭയാശങ്കകളും ആകുലതകളും യഹോവയാം ദൈവത്തെ അറിയിക്കാൻ പണ്ടുകാലത്തെ ദൈവദാസന്മാർ മടിച്ചില്ല. ഉദാഹരണത്തിന്‌, മരണം ആസന്നമാണെന്നു മനസ്സിലാക്കിയപ്പോൾ 39 വയസ്സുണ്ടായിരുന്ന ഹിസ്‌കിയാരാജാവ്‌ തന്റെ ആകുലതകൾ തുറന്നു പ്രകടിപ്പിച്ചു. (യെശയ്യാവു 38:9-12, 18-20) സമാനമായി, തങ്ങൾക്കിനി അധികനാളില്ലെന്നു തിരിച്ചറിയുമ്പോൾ അനുഭവപ്പെടുന്ന ദുഃഖം പ്രകടിപ്പിക്കാൻ അവരെ അനുവദിക്കണം. യാത്ര ചെയ്യാനും സ്വന്തമായി ഒരു കുടുംബം ഉണ്ടായിരിക്കാനും കൊച്ചുമക്കൾ വളരുന്നതു കാണാനും ദൈവത്തെ കൂടുതൽ തികവോടെ സേവിക്കാനുമൊക്കയുള്ള ആഗ്രഹം നിറവേറാതെ പോകുമെന്നുള്ള ചിന്ത അവരെ നിരാശരാക്കിയേക്കാം. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തങ്ങളിൽനിന്ന്‌ അകന്നു പോകുമെന്ന ഭയമായിരിക്കാം അവർക്ക്‌. (ഇയ്യോബ്‌ 19:16-18) കഷ്ടപ്പെടുന്നതിനെക്കുറിച്ചോ ശാരീരിക പ്രാപ്‌തികൾ നഷ്ടമാകുന്നതിനെക്കുറിച്ചോ അതുമല്ലെങ്കിൽ എല്ലാവരെയും വിട്ടു പിരിയുന്നതിനെക്കുറിച്ചോ ഉള്ള ഭയം അവരെ വേട്ടയാടിയേക്കാം.

ആൻ-കാതറിൻ പറയുന്നു: “ഇടയ്‌ക്കു കയറുകയോ കുറ്റപ്പെടുത്തുകയോ ‘പേടിക്കാനൊന്നുമില്ല’ എന്നതുപോലുള്ള പ്രസ്‌താവനകൾ നടത്തുകയോ ചെയ്യാതെ നിങ്ങളുടെ സുഹൃത്തിനു പറയാനുള്ളതെല്ലാം കേൾക്കുന്നത്‌ പ്രധാനമാണ്‌. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാനും ആകുലതകളും ആഗ്രഹങ്ങളും അഭിലാഷങ്ങളും അറിയാനും പറ്റിയ ഏറ്റവും നല്ലമാർഗമാണത്‌.”

അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിയുക

സങ്കീർണമായ ചികിത്സയാലും അവയുടെ പരിണതഫലത്താലും മറ്റും വഷളായ രോഗിയുടെ അവസ്ഥ നിങ്ങളെ വല്ലാതെ ഉലച്ചേക്കാം. അത്‌ രോഗിയുടെ ഒരു അടിസ്ഥാന ആവശ്യം, അതായത്‌ സ്വന്തമായി തീരുമാനമെടുക്കാനുള്ള രോഗിയുടെ അവകാശം, നിങ്ങൾ മറന്നുകളയാൻ ഇടയാക്കിയേക്കാം.

ചില സംസ്‌കാരങ്ങളിൽ രോഗിയെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിൽ, കുടുംബാംഗങ്ങൾ രോഗത്തെക്കുറിച്ചുള്ള വിവരം രോഗിയിൽനിന്നു മറച്ചുവെച്ചേക്കാം. ചികിത്സ സംബന്ധിച്ച്‌ തീരുമാനം എടുക്കുമ്പോൾ രോഗിയെ ഉൾപ്പെടുത്താതെ പോലുമിരുന്നേക്കാം. മറ്റുചില സംസ്‌കാരങ്ങളിൽ പ്രശ്‌നം മറ്റൊന്നായിരിക്കും. നഴ്‌സായ ജെറി പറയുന്നു: “രോഗിയുടെ കിടക്കയ്‌ക്കരുകിൽ നിന്നുകൊണ്ട്‌, അങ്ങനെയൊരാൾ അവിടെയില്ല എന്ന മട്ടിൽ, അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാൻ ചില സന്ദർശകർ പ്രവണത കാണിക്കുന്നു.” രണ്ടു സാഹചര്യങ്ങളിലും രോഗിയുടെ അന്തസ്സ്‌ മാനിക്കപ്പെടാതെ പോകുന്നു.

പ്രത്യാശയാണ്‌ മറ്റൊരു അടിസ്ഥാന ആവശ്യം. നല്ല വൈദ്യപരിചരണം ലഭ്യമായിരിക്കുന്ന രാജ്യങ്ങളിൽ, പ്രത്യാശ എന്നുപറയുന്നത്‌ ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നുതവണ കാൻസറിന്റെ ആക്രമണത്തിന്‌ ഇരയായ തന്റെ അമ്മയെ ശുശ്രൂഷിച്ച മീഷെൽ പറയുന്നതിങ്ങനെ: “മറ്റൊരു ചികിത്സ വേണമെന്നോ വേറൊരു ഡോക്ടറെ കാണണമെന്നോ അമ്മയ്‌ക്കു തോന്നിയാൽ അതു കണ്ടെത്തുന്നതിന്‌ ഞാൻ സഹായിക്കും. യാഥാർഥ്യബോധം ഉണ്ടായിരിക്കുമ്പോൾത്തന്നെ വാക്കുകളിൽ ശുഭാപ്‌തിവിശ്വാസം നിലനിറുത്തണമെന്ന്‌ ഞാൻ മനസ്സിലാക്കി.”

പക്ഷേ ഒരു ചികിത്സ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെങ്കിലോ? മരണത്തെക്കുറിച്ച്‌ രോഗിക്ക്‌ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും എന്നോർക്കുക. മുമ്പു പരാമർശിച്ച ക്രിസ്‌തീയ മേൽവിചാരകൻ ഷോർഷ്‌ പറയുന്നു: “മരണം അടുത്തെത്തിയിരിക്കുന്നുവെന്ന കാര്യം രോഗിയെ അറിയിക്കുന്നത്‌ വളരെ പ്രധാനമാണ്‌. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തുതീർക്കാനും മരണത്തിനായി ഒരുങ്ങാനും ഇത്‌ ആ വ്യക്തിയെ സഹായിക്കും.” ചെയ്യേണ്ടതെല്ലാം ചെയ്‌തുതീർത്തു എന്ന സംതൃപ്‌തിയും ഇനി താൻ ആർക്കും ഒരു ഭാരമാവില്ല എന്ന ആശ്വാസവും അതുവഴി രോഗിക്കു ലഭിക്കും.

ഇത്തരം കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നത്‌ അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. മുമ്പ്‌ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ അതു പറഞ്ഞുതീർക്കാനോ ക്ഷമ ചോദിക്കാനോ രോഗിക്ക്‌ ആഗ്രഹമുണ്ടാകാം. ഇത്‌ രോഗിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയേക്കാം.

അണയാൻനേരം ആശ്വാസവുമായി

ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്ന ഒരു വ്യക്തിക്ക്‌ നിങ്ങൾക്കെങ്ങനെ ആശ്വാസം പകരാനാകും? നേരത്തേ പരാമർശിച്ച ഓർട്ടീസ്‌ പറയുന്നതു ശ്രദ്ധിക്കുക: “തന്റെ അന്ത്യാഭിലാഷങ്ങൾ പറയാൻ രോഗിയെ അനുവദിക്കുക. എല്ലാം ശ്രദ്ധിച്ചു കേൾക്കുക. കഴിയുമെങ്കിൽ രോഗിയുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക. അതിനു കഴിയുന്നില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തോടു തുറന്നുപറയുക.”

തനിക്ക്‌ വേണ്ടപ്പെട്ടവർ കൂടെയുണ്ടാകണമെന്നോ അവരോടു സംസാരിക്കണമെന്നോ ഒക്കെയുള്ള ആഗ്രഹം ഈ സമയത്ത്‌ ശക്തമായിരിക്കും. ഷോർഷ്‌ പറയുന്നു: “അവരുമായി ബന്ധപ്പെടാനുള്ള അവസരം രോഗിക്ക്‌ ഉണ്ടാക്കിക്കൊടുക്കുക, രോഗാവസ്ഥനിമിത്തം അധികമൊന്നും സംസാരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ലെങ്കിൽക്കൂടി.” ഫോണിലൂടെയാണെങ്കിൽപ്പോലും ഇങ്ങനെ ബന്ധപ്പെടുന്നത്‌ ഇരുകൂട്ടർക്കും പ്രോത്സാഹനം പകരും; ഒരുമിച്ചു പ്രാർഥിക്കാനും കഴിയും. ഒന്നിനുപുറകേ ഒന്നായി പ്രിയപ്പെട്ട മൂന്നുപേരെ നഷ്ടപ്പെട്ട കാനഡയിൽനിന്നുള്ള ക്രിസ്റ്റീന പറയുന്നു: “മരണത്തോട്‌ അടുക്കവേ, ക്രിസ്‌തീയ സഹോദരങ്ങളുടെ പ്രാർഥനകൾ അവർക്ക്‌ കൂടുതൽ ആവശ്യമായിത്തോന്നി.”

നിങ്ങളുടെ പ്രിയപ്പെട്ടവർ കാൺകെ കരയാൻ മടിക്കേണ്ടതുണ്ടോ? വേണ്ട. നിങ്ങൾ കണ്ണീർ വാർക്കുമ്പോൾ നിങ്ങളെ ആശ്വസിപ്പിക്കാൻ അവർക്കൊരു അവസരം നൽകുകയാണു നിങ്ങൾ. മരണം കാത്തുകഴിയുന്നവരുടെ ആവശ്യങ്ങൾ എന്ന പുസ്‌തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മരിക്കാൻ കിടക്കുന്നവരിൽനിന്ന്‌ ആശ്വാസം കൈക്കൊള്ളുന്നത്‌ ഹൃദയസ്‌പർശിയായ ഒരനുഭവമാണ്‌. അവരെ സംബന്ധിച്ചും അതിന്‌ ഒരുപാടു പ്രാധാന്യമുണ്ട്‌.” മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോൾ ഒരിക്കൽക്കൂടെ, കരുതലുള്ള ഒരു സുഹൃത്തോ അച്ഛനോ അമ്മയോ ആകാനുള്ള അവസരമാണ്‌ അവർക്കു ലഭിക്കുന്നത്‌.

അവസാന നിമിഷങ്ങളിൽ അവരോടൊപ്പം ആയിരിക്കാൻ സാഹചര്യങ്ങൾ ഒരുപക്ഷേ നിങ്ങളെ അനുവദിച്ചെന്നുവരില്ല. എന്നാൽ അവരുടെകൂടെ ആശുപത്രിയിലോ വീട്ടിലോ നിങ്ങളുണ്ടെങ്കിൽ അന്ത്യശ്വാസം വലിക്കുന്ന സമയംവരെ അവരുടെ കൈയിൽത്തന്നെ പിടിക്കുക. ഒരുപക്ഷേ അതുവരെ പറയാൻ കഴിയാതെപോയ പലതും പറയാൻ നിങ്ങൾക്കായേക്കും. അവർ പ്രതികരിച്ചെന്നു വരില്ല. എന്നാൽ അവസാനമായി യാത്ര പറയുന്നതിൽനിന്നും നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിൽനിന്നും പുനരുത്ഥാനത്തിൽ വീണ്ടും കാണാമെന്നു പറയുന്നതിൽനിന്നും അതൊന്നും നിങ്ങളെ തടയരുത്‌.—ഇയ്യോബ്‌ 14:14, 15; പ്രവൃത്തികൾ 24:15.

ആ അവസാന നിമിഷങ്ങളിൽ ചെയ്യേണ്ടതെല്ലാം ചെയ്‌താൽ പിന്നെ അതോർത്തു ദുഃഖിക്കേണ്ടിവരില്ല. വികാരനിർഭരമായ ഈ നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ്മ പിന്നീട്‌ ആശ്വാസത്തിന്റെ ഉറവായേക്കാം. “അനർത്ഥകാലത്ത്‌” ഒരു യഥാർഥ സുഹൃത്തായിരുന്നു എന്ന്‌ നിങ്ങൾ തെളിയിച്ചുകഴിഞ്ഞിരിക്കും.—സദൃശവാക്യങ്ങൾ 17:17.

[28-ാം പേജിലെ ആകർഷക വാക്യം]

രോഗത്തിലല്ല, രോഗിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സഹായകമാകും

[29-ാം പേജിലെ ചതുരം/ചിത്രം]

രോഗിയുടെ അന്തസ്സു മാനിക്കാനുള്ള ഒരു മാർഗം

അന്തസ്സു കൈവിടാതെ, മനസ്സമാധാനത്തോടെ കണ്ണടയ്‌ക്കാനുള്ള രോഗിയുടെ അവകാശം മാനിക്കാൻ പല രാജ്യങ്ങളിലും ശ്രമം നടന്നുവരുന്നുണ്ട്‌. മുന്നമേ എഴുതിത്തയ്യാറാക്കിയ നിർദേശങ്ങൾ ഈ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തും.

നിർദേശങ്ങൾ മുന്നമേ എഴുതിത്തയ്യാറാക്കുന്നതിന്റെ പ്രയോജനങ്ങൾ:

• ഡോക്ടർമാരുമായും ബന്ധുക്കളുമായും ഉള്ള ആശയവിനിമയം എളുപ്പമാക്കുന്നു

• തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ കുടുംബാംഗങ്ങളെ ഒഴിവുള്ളവരാക്കുന്നു

• അനാവശ്യവും പ്രയോജനരഹിതവും നിർബന്ധിതവും ചെലവേറിയതുമായ ചികിത്സകൾക്കുള്ള സാധ്യത കുറയ്‌ക്കുന്നു

മുന്നമേ എഴുതിത്തയ്യാറാക്കിയ നിർദേശങ്ങളിൽ കുറഞ്ഞപക്ഷം പിൻവരുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം:

• നിങ്ങളുടെ ഹെൽത്ത്‌ കെയർ ഏജന്റിന്റെ പേര്‌

• പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾ സ്വീകരിക്കാനോ നിരസിക്കാനോ താത്‌പര്യപ്പെടുന്ന ചികിത്സകൾ

• സാധ്യമെങ്കിൽ, നിങ്ങളുടെ താത്‌പര്യങ്ങളെക്കുറിച്ച്‌ അറിയാവുന്ന ഡോക്ടറുടെ പേര്‌