വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ശക്തി നക്ഷത്രങ്ങളിൽ

ദൈവത്തിന്റെ ശക്തി നക്ഷത്രങ്ങളിൽ

ദൈവത്തിന്റെ ശക്തി നക്ഷത്രങ്ങളിൽ

“നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”—യെശയ്യാവു 40:26.

ശരാശരി വലുപ്പമുള്ള ഒരു നക്ഷത്രമാണ്‌ നമ്മുടെ സൂര്യൻ. എന്നിട്ടുപോലും ഭൂമിയുടേതിനെക്കാൾ 3,30,000 മടങ്ങ്‌ പിണ്ഡമുണ്ട്‌ അതിന്‌. സമീപവാസികളായ നക്ഷത്രങ്ങളിൽ ഭൂരിഭാഗവും സൂര്യനെക്കാൾ ചെറുതാണ്‌. പക്ഷേ സൂര്യനെ അപേക്ഷിച്ച്‌ 27 മടങ്ങെങ്കിലും പിണ്ഡമുള്ള നക്ഷത്രങ്ങളുമുണ്ട്‌. V382 സിഗ്നി എന്ന പേരിൽ അറിയപ്പെടുന്ന നക്ഷത്രം അതിലൊന്നാണ്‌.

ഇനി, സൂര്യനിൽനിന്ന്‌ പ്രസരിക്കുന്ന ഊർജത്തിന്റെ കാര്യമോ? ഒരു തീക്കുണ്ഡത്തിൽനിന്ന്‌ 15 കിലോമീറ്റർ അകലെ നിൽക്കുകയാണ്‌ നിങ്ങൾ എന്നു സങ്കൽപ്പിക്കുക. അപ്പോഴും നിങ്ങൾക്ക്‌ അതിന്റെ ചൂട്‌ അനുഭവപ്പെടുന്നെങ്കിൽ അതെത്ര തീവ്രമായിരിക്കണം! ഭൂമിയിൽനിന്ന്‌ ശരാശരി 15 കോടി കിലോമീറ്റർ അകലെയാണ്‌ സൂര്യൻ. എന്നിട്ടും നല്ല വെയിലുള്ള ഒരു ദിവസം നമ്മുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കാൻ പോന്നത്ര കഠിനമാണ്‌ സൂര്യന്റെ ചൂട്‌. എന്നാൽ മൊത്തം സൗരോർജത്തിന്റെ ഏകദേശം നൂറുകോടിയിൽ ഒരംശം മാത്രമാണ്‌ ഭൂമിയിലെത്തുന്നത്‌ എന്നോർക്കണം. പക്ഷേ ഈ ഒരംശം മതിയാകും ഭൂമിയിൽ ജീവൻ നിലനിറുത്താൻ!

നമ്മുടെ സൂര്യൻ ഉത്‌പാദിപ്പിക്കുന്ന ഊർജത്തിന്‌ ഭൂമിയെപ്പോലുള്ള 31 ലക്ഷം കോടിയോളം ഗ്രഹങ്ങളെ നിലനിറുത്താനാകുമെന്ന്‌ ശാസ്‌ത്രജ്ഞന്മാർ കണക്കാക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സൂര്യൻ ഒരൊറ്റ സെക്കൻഡിൽ ഉത്‌പാദിപ്പിക്കുന്ന ഊർജം മൊത്തം സംഭരിക്കാനായാൽ, “ഇപ്പോഴത്തെ ഉപഭോഗനിരക്ക്‌ അനുസരിച്ച്‌ [ഐക്യനാടുകൾക്ക്‌] അടുത്ത 90,00,000 വർഷം ഉപയോഗിക്കാനാകും” എന്ന്‌ സ്‌പേസ്‌ വെതർ പ്രഡിക്ഷൻ സെന്ററിന്റെ (എസ്‌ഡബ്ലിയുപിസി) വെബ്‌സൈറ്റ്‌ പറയുന്നു.

സൂര്യകേന്ദ്രമാണ്‌ ഊർജത്തിന്റെ ഉത്ഭവസ്ഥാനം. ആറ്റങ്ങളെ സംയോജിപ്പിച്ച്‌ ഊർജം ഉത്‌പാദിപ്പിക്കുന്ന ഒരു ആണവ റിയാക്ടറാണ്‌ ഈ സൂര്യകേന്ദ്രം. സൂര്യന്റെ വലുപ്പവും കേന്ദ്രത്തിന്റെ സാന്ദ്രതയും നിമിത്തം അവിടെ ഉത്‌പാദിക്കപ്പെടുന്ന ഊർജം ഉപരിതലത്തിലെത്താൻ ദശലക്ഷക്കണക്കിനു വർഷങ്ങളെടുക്കും. “ഇന്ന്‌ സൂര്യൻ ഊർജോത്‌പാദനം നിറുത്തുകയാണെങ്കിൽ അതിന്റെ പ്രകടമായ പ്രത്യാഘാതങ്ങൾ ഭൂമിയിൽ അനുഭവപ്പെടാൻ 5,00,00,000 വർഷങ്ങളെടുക്കും” എന്ന്‌ എസ്‌ഡബ്ലിയുപിസി വെബ്‌സൈറ്റ്‌ പറയുന്നു.

സൂര്യന്റെ കാര്യം അവിടെ നിൽക്കട്ടെ. രാത്രിയിൽ തെളിഞ്ഞ ആകാശത്തേക്കു നോക്കിയാൽ കാണുന്ന ആയിരക്കണക്കിനു നക്ഷത്രങ്ങളോ? അവയോരോന്നും സൂര്യനെപ്പോലെതന്നെ ഭീമമായ അളവിൽ ഊർജം പുറപ്പെടുവിക്കുന്നവയാണ്‌! പ്രപഞ്ചത്തിൽ ശതസഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങളുണ്ടെന്നാണ്‌ ശാസ്‌ത്രജ്ഞന്മാർ കണക്കാക്കുന്നത്‌!

ഈ നക്ഷത്രങ്ങളെല്ലാം എവിടെനിന്നു വന്നു? 14 ശതകോടിയോളം വർഷംമുമ്പ്‌ അജ്ഞാതമായ ഏതോ കാരണത്താൽ ഉണ്ടായ ഒരു വലിയ പൊട്ടിത്തെറിയുടെ ഫലമായി പ്രപഞ്ചം ഉത്ഭവിച്ചെന്നാണ്‌ മിക്ക ഗവേഷകരും കരുതുന്നത്‌. എന്നാൽ ബൈബിൾ ലളിതമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്‌പത്തി 1:1) നമ്മൾ നക്ഷത്രങ്ങൾ എന്നു വിളിക്കുന്ന, ഭീമൻ ഊർജോത്‌പാദക യന്ത്രങ്ങളെ സൃഷ്ടിച്ചവനെ “ശക്തിയുടെ ആധിക്യം” ഉള്ളവൻ എന്ന്‌ വിശേഷിപ്പിച്ചാൽ അതിൽ തെല്ലും അതിശയോക്തിയില്ല.—യെശയ്യാവു 40:26.

ദൈവം ശക്തി ഉപയോഗിക്കുന്ന വിധം

തന്റെ ഇഷ്ടം ചെയ്യുന്നവരെ പുലർത്താൻ യഹോവയാം ദൈവം തന്റെ ശക്തി ഉപയോഗിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസിന്റെ കാര്യംതന്നെ എടുക്കുക. ദൈവത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ്‌ അവൻ. അതിമാനുഷനൊന്നുമല്ലായിരുന്നെങ്കിലും കടുത്ത എതിർപ്പിന്മധ്യേയും അനേകം നല്ല കാര്യങ്ങൾ ചെയ്യാൻ അവനു സാധിച്ചു. ദൈവത്തിൽനിന്നുള്ള “അത്യന്തശക്തി”യാണ്‌ അതിന്‌ തന്നെ സഹായിച്ചതെന്ന്‌ അവൻ സമ്മതിച്ചുപറയുകയുണ്ടായി.—2 കൊരിന്ത്യർ 4:7–9.

തന്റെ ധാർമിക നിലവാരങ്ങൾ ധിക്കാരപൂർവം ലംഘിച്ചവരെ നശിപ്പിക്കാനും യഹോവ തന്റെ ശക്തി ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ യഹോവ സംഹാരശക്തി പ്രയോഗിക്കുമ്പോൾ നശിപ്പിക്കപ്പെടുന്നത്‌ ദുഷ്ടന്മാർ മാത്രമാണ്‌. സൊദോം-ഗൊമോരയുടെ നാശവും നോഹയുടെ കാലത്തെ പ്രളയവും അതിനു ദൃഷ്ടാന്തമായി യേശു ചൂണ്ടിക്കാട്ടി. ദിവ്യനിലവാരങ്ങൾ കാറ്റിൽപ്പറത്തുന്നവരെ നശിപ്പിക്കാൻ യഹോവ ഒരിക്കൽക്കൂടി തന്റെ ശക്തി ഉപയോഗിക്കുമെന്നും താമസിയാതെ അതു സംഭവിക്കുമെന്നും യേശു പ്രവചിക്കുകയുണ്ടായി.—മത്തായി 24:3, 37–39; ലൂക്കൊസ്‌ 17:26–30.

നിങ്ങൾക്കെന്തു തോന്നുന്നു?

നക്ഷത്രങ്ങളിൽ തെളിഞ്ഞുകാണുന്ന ദൈവശക്തിയെക്കുറിച്ച്‌ വിചിന്തനം ചെയ്യുമ്പോൾ ദാവീദ്‌ രാജാവിനെപ്പോലെയായിരിക്കും നിങ്ങൾക്കും തോന്നുക: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?”—സങ്കീർത്തനം 8:3, 4.

അനന്തവിശാലമായ പ്രപഞ്ചത്തോടുള്ള താരതമ്യത്തിൽ നാം എത്രയോ നിസ്സാരരാണ്‌! എന്നാൽ ദൈവത്തിന്റെ ശക്തി നമ്മിൽ ഭീതി ജനിപ്പിക്കേണ്ടതില്ല. നമുക്ക്‌ ആശ്വാസംപകരുന്ന ഈ വാക്കുകൾ രേഖപ്പെടുത്താൻ യഹോവ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്‌തനാക്കുകയുണ്ടായി: “അവൻ [ദൈവം] ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.”—യെശയ്യാവു 40:29–31.

ദൈവേഷ്ടം ചെയ്യാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടെങ്കിൽ, തന്റെ പരിശുദ്ധാത്മാവിനെ നൽകി യഹോവ നിങ്ങളെ സഹായിക്കും എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട. പക്ഷേ, ഒരു കാര്യം, നിങ്ങൾ പരിശുദ്ധാത്മാവിനായി അപേക്ഷിക്കണം. (ലൂക്കൊസ്‌ 11:13) യഹോവയുടെ പിന്തുണയാൽ പരിശോധനകളിൽ സഹിച്ചുനിൽക്കാനും ശരി ചെയ്യുന്നതിനുള്ള കരുത്ത്‌ നേടാനും നിങ്ങൾക്കു സാധിക്കും, നിശ്ചയം.—ഫിലിപ്പിയർ 4:13.

[7-ാം പേജിലെ ആകർഷക വാക്യം]

ദൈവത്തിന്റെ പിന്തുണയാൽ നിങ്ങൾക്ക്‌ ശരി ചെയ്യുന്നതിനുള്ള കരുത്ത്‌ നേടാനാകും

[7-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ ഇടത്തുനിന്ന്‌ ഘടികാരദിശയിൽ: വേൾപൂൾ ഗാലക്‌സി, പ്ലിയാഡെയസ്‌ നക്ഷത്രസമൂഹം, ഓറിയോൺ നെബുല, ആൻഡ്രോമിഡാ ഗാലക്‌സി

[7-ാം പേജിലെ ചിത്രങ്ങൾ]

സൂര്യന്‌ ഭൂമിയെക്കാൾ 3,30,000 മടങ്ങ്‌ പിണ്ഡമുണ്ട്‌

[7-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Pleiades: NASA, ESA and AURA/Caltech; all others above: National Optical Astronomy Observatories