വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യത്തെക്കുറിച്ച്‌

ദൈവരാജ്യത്തെക്കുറിച്ച്‌

യേശുവിൽനിന്നു പഠിക്കുക

ദൈവരാജ്യത്തെക്കുറിച്ച്‌

എന്താണു ദൈവരാജ്യം?

മുഴുഭൂമിയെയും ഭരിക്കാൻപോകുന്ന ഒരു ഗവൺമെന്റാണ്‌ ദൈവരാജ്യം. “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന്‌ യേശു പറയുകയുണ്ടായി.​—⁠മത്തായി 6:9, 10; ദാനീയേൽ 2:44.

ആരായിരിക്കും ദൈവരാജ്യത്തിന്റെ ഭരണാധികാരികൾ?

ദൈവരാജ്യത്തിന്റെ ഭരണാധികാരിയാകാൻ ജനിച്ചവനാണ്‌ യേശു. ഒരു ദൂതൻ യേശുവിന്റെ അമ്മയോട്‌ ഇങ്ങനെ പറയുകയുണ്ടായി: “കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ . . . എന്നേക്കും രാജാവായിരിക്കും.” (ലൂക്കൊസ്‌ 1:30-33) ഒപ്പം ഭരിക്കുന്നതിനുവേണ്ടി തന്റെ അനുഗാമികളിൽ ചിലരെയും യേശു തിരഞ്ഞെടുത്തു. അവൻ തന്റെ അപ്പൊസ്‌തലന്മാരോട്‌ പറഞ്ഞു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.” (ലൂക്കൊസ്‌ 22:28, 29; ദാനീയേൽ 7:27) യേശുവിന്റെ അനുഗാമികളായ 1,44,000 പേർ അവനോടൊപ്പം ഭരിക്കും.​—⁠വെളിപ്പാടു 5:9, 10; 14:1.

ആ ഗവൺമെന്റ്‌ എവിടെയായിരിക്കും?

സ്വർഗത്തിൽനിന്നായിരിക്കും ദൈവരാജ്യം ഭരണം നടത്തുന്നത്‌. യേശു ശിഷ്യന്മാരോടു ഇങ്ങനെ പറഞ്ഞു: ‘ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. . . . ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നു.’​—⁠യോഹന്നാൻ 14:2, 3, 12; ദാനീയേൽ 7:13, 14.

ദുഷ്ടതയോടുള്ള ബന്ധത്തിൽ ദൈവരാജ്യം എന്തുചെയ്യും?

ദുഷ്ടന്മാരെ യേശു ഭൂമിയിൽനിന്നു തുടച്ചുനീക്കും. യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “മനുഷ്യപുത്രൻ [യേശു] തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ . . . വേർതിരിച്ചു, . . . [നീതികെട്ടവർ] നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”​—⁠മത്തായി 25:31-34, 46.

ആരായിരിക്കും ദൈവരാജ്യത്തിന്റെ പ്രജകളായി ഭൂമിയിൽ ഉണ്ടായിരിക്കുക?

“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 5:5; സങ്കീർത്തനം 37:29; 72:8) പരസ്‌പരം സ്‌നേഹിക്കാൻ ഇപ്പോൾത്തന്നെ പഠിച്ചുകൊണ്ടിരിക്കുന്ന ആളുകളായിരിക്കും ഭൂമിയിലെമ്പാടും. യേശു അനുഗാമികളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”​—⁠യോഹന്നാൻ 13:34, 35.

ദൈവരാജ്യം ഭൂമിയിലെ മനുഷ്യർക്കുവേണ്ടി എന്തുചെയ്യും?

യേശു ഭൂമിയിൽനിന്ന്‌ സകലരോഗങ്ങളും തുടച്ചുമാറ്റും. ഭൂമിയിലായിരുന്ന സമയത്ത്‌ യേശു “ദൈവരാജ്യത്തെക്കുറിച്ചു അവരോടു [ജനങ്ങളോടു] സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്‌തു.” (ലൂക്കൊസ്‌ 9:11) പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ദർശനത്തിൽ കണ്ടശേഷം അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; . . . സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; . . . അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല.”​—⁠വെളിപ്പാടു 21:1-5.

ദൈവരാജ്യം ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കും. യേശുവിനോടൊപ്പം വധിക്കപ്പെട്ട ദുഷ്‌പ്രവൃത്തിക്കാരൻ “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്ന്‌ അവനോടു പറഞ്ഞു. അപ്പോൾ യേശു അവനോട്‌: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”​—⁠ലൂക്കൊസ്‌ 23:42, 43, NW; യെശയ്യാവു 11:4-9.

കൂടുതൽ വിവരങ്ങൾക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 8-ാം അധ്യായം കാണുക *

[അടിക്കുറിപ്പ്‌]

^ ഖ. 16 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.