വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ സ്വന്തം തെറ്റുകളിൽനിന്നു പഠിച്ചു

അവൻ സ്വന്തം തെറ്റുകളിൽനിന്നു പഠിച്ചു

അവരുടെ വിശ്വാസം അനുകരിക്കുക

അവൻ സ്വന്തം തെറ്റുകളിൽനിന്നു പഠിച്ചു

വീശിയടിക്കുന്ന കൊടുങ്കാറ്റിൽ കപ്പലിന്റെ പായ്‌മരങ്ങൾ ഭ്രാന്തമായി ആടിക്കൊണ്ടിരുന്നു. കപ്പലിന്റെ ഇരുവശത്തും വന്നലച്ചുകൊണ്ടിരുന്ന കൂറ്റൻ തിരമാലകൾ അതിനെ വിഴുങ്ങിക്കളയുമെന്ന്‌ യോനായ്‌ക്കു തോന്നി. എന്നാൽ അവനെ ഏറെ അസ്വസ്ഥനാക്കിയത്‌ കപ്പലിൽനിന്നുയർന്ന നിലവിളികളായിരുന്നു. കപ്പൽ മുങ്ങിപ്പോകാതെ നോക്കാൻ പാടുപെടുകയായിരുന്നു കപ്പിത്താനും കൂട്ടരും. കപ്പലിലുള്ളവരെല്ലാം മരിക്കുമെന്നുതന്നെ അവൻ ഉറപ്പിച്ചു. എല്ലാം താൻ കാരണമാണല്ലോ എന്ന ചിന്ത അവനെ ദുഃഖത്തിലാഴ്‌ത്തി!

എങ്ങനെയാണ്‌ യോനാ ഈ ദുരന്തത്തിൽ അകപ്പെട്ടത്‌? തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ അവൻ ഗുരുതരമായ ഒരു തെറ്റു ചെയ്‌തിരുന്നു. എന്തായിരുന്നു അത്‌? അതിൽനിന്നു കരകയറാൻ അവനു സാധിക്കുമായിരുന്നോ? യോനായുടെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്‌. ഉദാഹരണത്തിന്‌, യഥാർഥ വിശ്വാസമുള്ളവർക്കുപോലും തെറ്റുപറ്റാമെന്നും എന്നാൽ ആഗ്രഹിക്കുന്നെങ്കിൽ അവർക്കതു തിരുത്താനാകുമെന്നും യോനായുടെ അനുഭവം നമുക്കു കാണിച്ചുതരുന്നു.

ഗലീലയിൽനിന്നുള്ള പ്രവാചകൻ

യോനായെക്കുറിച്ചു ചിന്തിക്കുമ്പോൾ പലപ്പോഴും ആളുകളുടെ മനസ്സിലേക്കു വരുന്നത്‌ അവന്റെ അനുസരണക്കേടും ദുശ്ശാഠ്യവുമാണ്‌. എന്നാൽ യോനായെക്കുറിച്ചു നാം മനസ്സിലാക്കേണ്ട മറ്റുപലതുമുണ്ട്‌. യഹോവയാം ദൈവം യോനായെ ഒരു പ്രവാചകനായി തിരഞ്ഞെടുത്തുവെന്ന്‌ ഓർക്കുക. അവൻ അവിശ്വസ്‌തനോ നീതികെട്ടവനോ ആയിരുന്നെങ്കിൽ അങ്ങനെയൊരു ഭാരിച്ച ഉത്തരവാദിത്വം യഹോവ അവനെ ഏൽപ്പിക്കയില്ലായിരുന്നു.

2 രാജാക്കന്മാർ 14:25-ൽനിന്ന്‌ യോനായുടെ പശ്ചാത്തലത്തെക്കുറിച്ച്‌ നമുക്ക്‌ ചിലതു മനസ്സിലാക്കാനാകും. ഗത്ത്‌-ഹേഫർ പട്ടണത്തിൽനിന്നുള്ളവനായിരുന്നു അവൻ. * ഏതാണ്ട്‌ എട്ടു നൂറ്റാണ്ടുകൾക്കുശേഷം യേശുക്രിസ്‌തുവിന്റെ സ്വദേശമായിത്തീർന്ന നസറെത്തിൽനിന്ന്‌ വെറും നാലു കിലോമീറ്റർ ദൂരത്തായിരുന്നു ആ പട്ടണം. പത്തുഗോത്ര രാജ്യമായ ഇസ്രായേലിലെ യൊരോബെയാം രണ്ടാമൻ രാജാവിന്റെ ഭരണകാലത്താണ്‌ യോനാ ഒരു പ്രവാചകനായി സേവിച്ചത്‌. ഏലീയാവ്‌ മരിച്ചിട്ട്‌ കാലങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന ഏലീശയും യൊരോബെയാമിന്റെ അപ്പന്റെ കാലത്ത്‌ മരിച്ചുപോയിരുന്നു. അവരെ ഉപയോഗിച്ച്‌ യഹോവ ഇസ്രായേലിൽനിന്ന്‌ ബാലാരാധന തുടച്ചുനീക്കിയിരുന്നെങ്കിലും ആ ജനത മനപ്പൂർവം തെറ്റായ വഴിയിലേക്കു തിരിച്ചുപോവുകയായിരുന്നു. ഇസ്രായേൽദേശം അപ്പോൾ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു”കൊണ്ടിരുന്ന ഒരു രാജാവിന്റെ സ്വാധീനത്തിൻകീഴിലായിരുന്നു. (2 രാജാക്കന്മാർ 14:24) അതുകൊണ്ടുതന്നെ യോനായുടെ വേല തികച്ചും ദുഷ്‌കരമായിരുന്നു. എങ്കിലും വിശ്വസ്‌തതയോടെ അവനതു നിർവഹിച്ചു.

എന്നാൽ ഒരു ദിവസം യോനായുടെ ജീവിതത്തിൽ നിർണായകമായ ഒരു വഴിത്തിരിവുണ്ടായി. അങ്ങേയറ്റം ദുഷ്‌കരമായി തോന്നിയ ഒരു നിയമനം യഹോവ അവനു നൽകി. എന്തായിരുന്നു അത്‌?

‘പുറപ്പെട്ട്‌ നീനെവേയിലേക്കു ചെല്ലുക’

“നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു” എന്ന്‌ യഹോവ യോനായോടു പറഞ്ഞു. (യോനാ 1:2) ഈ നിയമനം വലിയൊരു വെല്ലുവിളിയായി യോനായ്‌ക്കു തോന്നിയതിൽ അതിശയിക്കാനില്ല. 800 കിലോമീറ്റർ അകലെ കിഴക്കായി സ്ഥിതിചെയ്‌തിരുന്ന നീനെവേയിൽ നടന്നെത്താൻ സാധ്യതയനുസരിച്ച്‌ ഒരു മാസം വേണ്ടിവരുമായിരുന്നു. എന്നാൽ യാത്രാദുരിതങ്ങളൊന്നുമായിരുന്നില്ല അവനെ ഭയപ്പെടുത്തിയത്‌. അവൻ അസ്സീറിയൻ നഗരമായ നീനെവേയിലുള്ളവരെ യഹോവയുടെ ന്യായവിധി സന്ദേശം അറിയിക്കണമായിരുന്നു. അസീറിയക്കാരാകട്ടെ അതിക്രൂരന്മാരും രക്തദാഹികളുമായിരുന്നു. ദൈവത്തിന്റെ സ്വന്തം ജനത്തിൽനിന്നുപോലും വേണ്ടവിധത്തിലുള്ള പ്രതികരണം ലഭിക്കാതിരുന്ന സ്ഥിതിക്ക്‌ ആ പുറജാതീയരിൽനിന്ന്‌ അവനത്‌ എങ്ങനെ പ്രതീക്ഷിക്കാനാണ്‌? “രക്തപാതകങ്ങളുടെ പട്ടണ”മെന്നു വിളിക്കപ്പെടാനിരുന്ന, വിശാലമായ നീനെവേ ദേശത്ത്‌ യഹോവയുടെ ഒരു ദാസൻ ഒറ്റയ്‌ക്ക്‌ എന്തു ചെയ്യാനാണ്‌?—നഹൂം 3:1, 7.

ഈ ചിന്തകളെല്ലാം യോനായുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. എന്തായാലും, അവൻ ആ നിയമനത്തിൽനിന്ന്‌ ഒളിച്ചോടി. കിഴക്കോട്ടു യാത്ര ചെയ്യാനായിരുന്നു യഹോവ അവനോട്‌ ആവശ്യപ്പെട്ടത്‌. എന്നാൽ അവൻ പോയതോ, അങ്ങു ദൂരെ പടിഞ്ഞാറോട്ട്‌. തുറമുഖ നഗരമായ യോപ്പയിൽ ചെന്ന്‌ അവൻ തർശീശിലേക്ക്‌ കപ്പൽകയറി. തർശീശ്‌ സ്‌പെയിനിലായിരുന്നുവെന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കിൽ, നീനെവേയിൽനിന്ന്‌ ഏതാണ്ട്‌ 3,500 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കാണ്‌ യോനാ പുറപ്പെട്ടത്‌. മഹാസമുദ്രത്തിന്റെ—മധ്യധരണ്യാഴി അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌—അങ്ങേത്തലയ്‌ക്കലേക്കുള്ള ആ യാത്ര ഒരു വർഷമെങ്കിലും എടുക്കുമായിരുന്നു! യഹോവ നൽകിയ നിയമനത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ യോനാ അത്രയ്‌ക്കുറപ്പിച്ചിരുന്നു!

യോനാ ഒരു ഭീരുവാണെന്നല്ലേ അതു കാണിക്കുന്നത്‌? അങ്ങനെ എഴുതിത്തള്ളാൻ വരട്ടെ. നാം കാണാൻ പോകുന്നതുപോലെ ഒരു അസാമാന്യ ധൈര്യശാലിയായിരുന്നു അവൻ. എന്നാൽ നമ്മെ ഏവരെയുംപോലെ പല കുറവുകളുമുണ്ടായിരുന്ന ഒരു അപൂർണ മനുഷ്യനുമായിരുന്നു യോനാ. (സങ്കീർത്തനം 51:5) ഒരിക്കലും ഭയം തോന്നിയിട്ടില്ലാത്തവരായി നമ്മിലാരെങ്കിലുമുണ്ടോ?

ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ ഒരു കാര്യം ചെയ്യാനാണ്‌ ദൈവം ആവശ്യപ്പെടുന്നതെന്ന്‌ ചിലപ്പോൾ നമുക്കു തോന്നിയേക്കാം. ക്രിസ്‌ത്യാനികളോട്‌ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന സുവിശേഷപ്രസംഗവേലയുടെ കാര്യംതന്നെയെടുക്കുക. (മത്തായി 24:14) ഒരുപക്ഷേ അത്‌ നിർവഹിക്കാൻ നമുക്കു ഭയമായിരിക്കാം. “ദൈവത്തിന്നു സകലവും സാദ്ധ്യ”മാണ്‌ എന്ന യേശുവിന്റെ വാക്കുകളുടെ സത്യത നാം പലപ്പോഴും മറന്നുപോയേക്കാം. (മർക്കൊസ്‌ 10:27) അങ്ങനെയുള്ള അവസരങ്ങളിൽ നമുക്ക്‌, യോനാ നേരിട്ട ബുദ്ധിമുട്ട്‌ മനസ്സിലാക്കാൻ എളുപ്പമായിരിക്കും. എന്തായാലും, ഓടിപ്പോയ യോനായ്‌ക്ക്‌ പിന്നീട്‌ എന്തു സംഭവിച്ചുവെന്ന്‌ നമുക്കു നോക്കാം.

യഹോവ തന്റെ പ്രവാചകനെ നേർവഴിക്കു കൊണ്ടുവരുന്നു

നമുക്ക്‌ ആ രംഗമൊന്ന്‌ മനസ്സിൽ കാണാം. സാധ്യതയനുസരിച്ച്‌ ഒരു ഫൊയ്‌നീഷ്യൻ ചരക്കുകപ്പലിലാണ്‌ യോനാ കയറിപ്പറ്റിയിരിക്കുന്നത്‌. കപ്പിത്താനും കൂട്ടരും കപ്പൽ കടലിലേക്കിറക്കുന്നതും നോക്കിയിരിക്കുകയാണ്‌ അവൻ. താമസിയാതെ കപ്പൽ തുറമുഖം വിടുന്നു. തീരം കാണാമറയത്താകുന്നതോടെ താൻ രക്ഷപ്പെട്ടെന്ന്‌ യോനാ ആശ്വസിക്കുന്നു. പക്ഷേ പെട്ടെന്നാണ്‌ പ്രകൃതിയുടെ ഭാവം മാറിയത്‌.

ശക്തമായ കാറ്റിൽ കടൽ ഇളകിമറിഞ്ഞു. കൂറ്റൻ തിരമാലകൾ ആ കൊച്ചു കപ്പലിനെ വിഴുങ്ങാനെന്നവണ്ണം അലറിയടുത്തു. ദുർബലമായ ആ മരക്കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക്‌ അപ്രത്യക്ഷമാകാൻ നിമിഷങ്ങൾ മതി. ‘യഹോവയാണ്‌ സമുദ്രത്തിൽ പെരുങ്കാറ്റ്‌ അടിപ്പിച്ച’തെന്ന്‌ അപ്പോൾ യോനായ്‌ക്ക്‌ അറിയാമായിരുന്നോ? നമുക്കത്‌ തറപ്പിച്ചുപറയാനാവില്ല, യോനാതന്നെയാണ്‌ പിന്നീട്‌ ആ വാക്കുകൾ രേഖപ്പെടുത്തിയതെങ്കിലും. കപ്പലിലുള്ളവർ അവരവരുടെ ദൈവങ്ങളെ വിളിച്ചപേക്ഷിക്കാൻ തുടങ്ങി. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ലെന്ന്‌ യോനായ്‌ക്ക്‌ അറിയാം. അവർ പ്രാർഥിച്ചുകൊണ്ടിരുന്നിട്ടും ‘കപ്പൽ തകർന്നുപോകാറാ’യെന്ന്‌ തന്റെ വിവരണത്തിൽ അവൻ എഴുതി.—യോനാ 1:4; ലേവ്യപുസ്‌തകം 19:4.

മറ്റുള്ളവരെല്ലാം പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും യോനാ നിസ്സഹായനായിരുന്നു. താൻ അനുസരണക്കേടു കാണിച്ച ദൈവത്തോട്‌ അവൻ എങ്ങനെ പ്രാർഥിക്കാനാണ്‌? ഒന്നും ചെയ്യാനില്ലാതെ നിരാശനായി അവൻ കപ്പലിന്റെ അടിത്തട്ടിൽ ചെന്നുകിടന്നു. താമസിയാതെ അവൻ ഗാഢനിദ്രയിലായി. * കപ്പിത്താൻ ഇറങ്ങിവന്നപ്പോൾ യോനാ ഉറങ്ങുന്നതാണ്‌ കണ്ടത്‌. അദ്ദേഹം യോനായെ വിളിച്ചുണർത്തി അവന്റെ ദൈവത്തോട്‌ പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. ഈ കൊടുങ്കാറ്റ്‌ ഒരു അമാനുഷിക ഉറവിൽനിന്നാണെന്നു മനസ്സിലാക്കിയ നാവികർ, കപ്പലിലുള്ളവരിൽ ആരു നിമിത്തമാണ്‌ ഈ അനർഥം ഉണ്ടായതെന്നു നോക്കുവാൻ നറുക്കിട്ടു. നറുക്ക്‌ തനിക്കു വീഴുമെന്ന്‌ ഏകദേശം ഉറപ്പായിത്തുടങ്ങിയപ്പോഴുള്ള യോനായുടെ മാനസികാവസ്ഥ നിങ്ങൾക്കു സങ്കൽപ്പിക്കാനാവുന്നുണ്ടോ? താമസിയാതെ എല്ലാം വെളിവായി. ആ കൊടുങ്കാറ്റടിപ്പിച്ചതും നറുക്ക്‌ യോനായ്‌ക്കു വീഴാൻ ഇടയാക്കിയതും യഹോവയായിരുന്നു.—യോനാ 1:5-7.

യോനാ നാവികരോട്‌ എല്ലാം തുറന്നുപറഞ്ഞു. താൻ യഹോവ എന്ന സർവശക്തനായ ദൈവത്തിന്റെ ദാസനാണെന്നും ആ ദൈവത്തെ ധിക്കരിച്ച്‌ താൻ ഓടിപ്പോന്നതാണെന്നും ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം അതാണെന്നും അവൻ വെളിപ്പെടുത്തി. അവർ ഞെട്ടിത്തരിച്ചുപോയി. അവരുടെ കണ്ണുകളിൽ ഭീതി നിഴലിക്കുന്നത്‌ യോനായ്‌ക്കു കാണാമായിരുന്നു. കപ്പലിനെയും തങ്ങളുടെ ജീവനെയും രക്ഷിക്കാൻ എന്താണു ചെയ്യേണ്ടതെന്ന്‌ അവർ അവനോട്‌ ആരാഞ്ഞു. യോനായുടെ പ്രതികരണം എന്തായിരുന്നു? പ്രക്ഷുബ്ധമായ കടലിലെ തണുത്തു മരവിച്ച വെള്ളത്തിൽ മുങ്ങിത്താഴുന്നതിനെക്കുറിച്ച്‌ ഓർത്തപ്പോൾ അവൻ കിടുകിടാ വിറച്ചിരിക്കണം. എന്നാൽ തനിക്ക്‌ ആ മനുഷ്യരെയെല്ലാം രക്ഷിക്കാൻ കഴിയുമെന്നിരിക്കെ അവരെ മരണത്തിന്റെ വായിലേക്കു തള്ളിവിടുന്നതെങ്ങനെയെന്നും അവൻ ചിന്തിച്ചിരിക്കണം. അതുകൊണ്ട്‌ അവൻ അവരോടു പറഞ്ഞു: “എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു.”—യോനാ 1:12.

ഇത്‌ ഒരു ഭീരുവിന്റെ വാക്കുകളാണെന്നു തോന്നുന്നുണ്ടോ? ആ നിർണായകനിമിഷത്തിൽ യോനാ കാണിച്ച ധൈര്യവും ആത്മത്യാഗ മനോഭാവവും യഹോവയുടെ ഹൃദയത്തെ എത്ര കുളിർപ്പിച്ചിരിക്കണം! ഇവിടെ യോനായുടെ ശക്തമായ വിശ്വാസം നമുക്കു കാണാൻ കഴിയുന്നു. മറ്റുള്ളവരുടെ ക്ഷേമത്തിനു നമ്മുടേതിനെക്കാൾ മുൻതൂക്കം നൽകിക്കൊണ്ട്‌ യോനായെ നമുക്ക്‌ അനുകരിക്കാം. (യോഹന്നാൻ 13:34, 35) ശാരീരികമോ വൈകാരികമോ ആത്മീയമോ ആയ സഹായം ആവശ്യമുള്ള ആരെയെങ്കിലും കാണുമ്പോൾ ഇതേ ത്യാഗമനോഭാവം നാം പ്രകടിപ്പിക്കുമോ? അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്ക്‌ യഹോവയെ സന്തോഷിപ്പിക്കാനാകും!

നാവികർക്ക്‌ യോനായോട്‌ സഹതാപം തോന്നിയിരിക്കണം. അതുകൊണ്ടാകാം അവനെ കടലിലെറിയാൻ ആദ്യം അവർ തയ്യാറാകാഞ്ഞത്‌. കപ്പൽ കരയ്‌ക്കടുപ്പിക്കാൻ അവർ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ സാധിച്ചില്ല. കൊടുങ്കാറ്റ്‌ ഒന്നിനൊന്ന്‌ ശക്തിപ്പെട്ടു. ഒടുവിൽ അവർക്കു വേറെ വഴിയില്ലെന്നായി. തങ്ങളോടു ക്ഷമിക്കാൻ യോനായുടെ ദൈവമായ യഹോവയോട്‌ അപേക്ഷിച്ചുകൊണ്ട്‌ അവർ യോനായെ എടുത്ത്‌ കടലിലേക്കെറിഞ്ഞു.—യോനാ 1:13-15.

യഹോവ കരുണയോടെ യോനായെ വിടുവിക്കുന്നു

ഉറഞ്ഞുതുള്ളുന്ന തിരമാലകൾക്കിടയിൽ യോനാ വന്നുപതിച്ചു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാടുപെടുന്നതിനിടെ കപ്പൽ അകന്നകന്നു പോകുന്നത്‌ അവൻ കണ്ടു. ഉയർന്നുപൊങ്ങിയ തിരമാലകൾ അവനെ കടലിന്റെ ആഴങ്ങളിലേക്ക്‌ താഴ്‌ത്തിക്കളഞ്ഞു. ആഴിയുടെ അഗാധഗർത്തങ്ങളിലേക്ക്‌ ആണ്ടുപോകുമ്പോൾ അവന്റെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചിരുന്നു.

തന്റെ അപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച്‌ യോനാ പിന്നീട്‌ എഴുതി. പലപല ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. യെരൂശലേമിലുള്ള യഹോവയുടെ മനോഹരമായ ആലയം ഇനിയൊരിക്കലും കാണാനാകില്ലല്ലോ എന്ന്‌ അവൻ സങ്കടത്തോടെ ഓർത്തു. അഗാധത തന്നെ വലയം ചെയ്യുന്നതായി അവനു തോന്നി. പർവതങ്ങളുടെ അടിവാരങ്ങളിൽ കടൽപ്പുല്ല്‌ തന്നെ വരിഞ്ഞുമുറുക്കുന്നത്‌ അവൻ അറിഞ്ഞു. അവിടം തന്റെ ശവക്കുഴിയാണെന്നുതന്നെ അവൻ ഉറപ്പിച്ചു.—യോനാ 2:2-6.

അപ്പോഴതാ, അടുത്തായി എന്തോ അനങ്ങുന്നതുപോലെ. കറുത്തിരുണ്ട ഭീമാകാരമായ ഒരു ജീവി! അത്‌ അവന്റെ നേരെ വന്ന്‌ വായ്‌പിളർന്നു. നൊടിയിടയിൽ അവൻ അതിന്റെ വായ്‌ക്കുള്ളിലായി!

എല്ലാം അവസാനിച്ചുവെന്ന്‌ അവൻ കരുതി. എന്നാൽ ആശ്ചര്യമെന്നു പറയട്ടെ, ഒന്നും സംഭവിച്ചില്ല! അത്‌ അവനെ കടിച്ചുമുറിച്ചില്ല. അവൻ ദഹിച്ചുപോയില്ല, അതിന്റെ വയറ്റിൽ കിടക്കുമ്പോൾ അവന്‌ ശ്വാസംമുട്ടിയതുമില്ല. ഒരർഥത്തിൽ അവൻ തന്റെ ശവക്കുഴിയിൽ കിടക്കുകയായിരുന്നെങ്കിലും അവന്‌ ജീവനുണ്ടായിരുന്നു. അവന്റെ മനസ്സിൽ യഹോവയോടുള്ള ഭയഭക്തി നിറഞ്ഞു. അതെ, അവന്റെ ദൈവമായ യഹോവതന്നെയായിരുന്നു അവനെ ‘വിഴുങ്ങേണ്ടതിന്‌ ഒരു മഹാമത്സ്യത്തെ കൽപ്പിച്ചാക്കിയത്‌.’  *യോനാ 1:17.

നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. ആ കനത്ത അന്ധകാരത്തിൽ ഒന്നും ചെയ്യാനാകാതെ കിടക്കുമ്പോൾ യോനായ്‌ക്ക്‌ ചിന്തിക്കാനും യഹോവയാം ദൈവത്തോടു പ്രാർഥിക്കാനും സാധിച്ചു. യോനായുടെ പുസ്‌തകത്തിന്റെ രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ പ്രാർഥന നമുക്കു പലതും വെളിപ്പെടുത്തിത്തരുന്നു. യോനായ്‌ക്ക്‌ തിരുവെഴുത്തുകളെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്നു. സങ്കീർത്തനപുസ്‌തകത്തിൽനിന്ന്‌ അവൻ കൂടെക്കൂടെ നടത്തിയ പരാമർശങ്ങൾ തെളിയിക്കുന്നത്‌ അതാണ്‌. അവനുണ്ടായിരുന്ന ഒരു നല്ല ഗുണവും അതു വെളിപ്പെടുത്തുന്നു. കൃതജ്ഞതയുള്ള ഒരു വ്യക്തിയായിരുന്നു അവൻ. അവൻ തന്റെ പ്രാർഥന അവസാനിപ്പിക്കുന്നത്‌ ഈ വാക്കുകളോടെയാണ്‌: “ഞാനോ സ്‌തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.”—യോനാ 2:9.

തന്റെ ദാസന്മാരെ, എവിടെവെച്ചും, എപ്പോൾ വേണമെങ്കിലും യഹോവയ്‌ക്കു രക്ഷിക്കാനാകുമെന്ന്‌ യോനാ മനസ്സിലാക്കി. വിഷമവൃത്തത്തിലായ തന്റെ ദാസനെ ‘മത്സ്യത്തിന്റെ വയറ്റിൽ’നിന്നുപോലും യഹോവ രക്ഷിച്ചു. (യോനാ 1:17) ഒരു മഹാമത്സ്യത്തിന്റെ വയറ്റിൽ ഒരു മനുഷ്യനെ മൂന്നുരാവും മൂന്നുപകലും ജീവനോടെ കാക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ. നമ്മുടെ ശ്വാസം യഹോവയാം ദൈവത്തിന്റെ കൈയിലാണെന്ന കാര്യം നമുക്കു മറക്കാതിരിക്കാം. (ദാനീയേൽ 5:23) അതുകൊണ്ടുതന്നെ നമ്മുടെ ഓരോ ശ്വാസത്തിനും ജീവന്റെ ഓരോ തുടിപ്പിനും നാം അവനോടു കടപ്പെട്ടിരിക്കുന്നു. അതിനായി നാം അവനോടു നന്ദിയുള്ളവരാണോ? അങ്ങനെയെങ്കിൽ യഹോവയെ അനുസരിക്കാൻ നാം ബാധ്യസ്ഥരല്ലേ?

യോനായുടെ കാര്യമോ? യഹോവയെ അനുസരിച്ചുകൊണ്ട്‌ അവനോടു നന്ദി പ്രകടിപ്പിക്കാൻ യോനാ പഠിച്ചോ? തീർച്ചയായും. മൂന്നുരാവും മൂന്നുപകലും കഴിഞ്ഞപ്പോൾ മത്സ്യം യോനായെ “കരെക്കു ഛർദ്ദിച്ചുകളഞ്ഞു.” (യോനാ 2:10) ചിന്തിക്കുക, കരയ്‌ക്കെത്താൻ യോനായ്‌ക്കു നീന്തേണ്ടിവന്നതുപോലുമില്ല. എന്നാൽ കടൽക്കരയിൽനിന്ന്‌ അവന്‌ തന്റെ ലക്ഷ്യസ്ഥാനത്തേക്കു പോകേണ്ടിവന്നു. യഹോവയോട്‌ തനിക്ക്‌ എത്രത്തോളം നന്ദിയുണ്ടെന്നു താമസിയാതെ അവനു തെളിയിക്കേണ്ടിവന്നു. യോനാ 3:1, 2 ഇപ്രകാരം പറയുന്നു: “യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.” യോനാ എന്തു ചെയ്യുമായിരുന്നു?

യോനാ ഒട്ടും അമാന്തിച്ചില്ല. “യോനാ പുറപ്പെട്ടു, യഹോവയുടെ കല്‌പനപ്രകാരം നീനെവേയിലേക്കു ചെന്നു.” (യോനാ 3:3) അതെ, അവൻ യഹോവയെ അനുസരിച്ചു. അവൻ തെറ്റുകളിൽനിന്നു പാഠം പഠിച്ചുവെന്നു വ്യക്തം. ഇക്കാര്യത്തിലും യോനായുടെ മാതൃക നമുക്ക്‌ അനുകരിക്കാനാകും. നാമെല്ലാവരും പാപികളാണ്‌. നാം തെറ്റുകൾ ചെയ്യുന്നു. (റോമർ 3:23) അപ്പോൾ നാം തോറ്റു പിന്മാറുമോ അതോ തെറ്റുകളിൽനിന്നു പാഠം ഉൾക്കൊണ്ട്‌ അനുസരണയോടെ യഹോവയെ തുടർന്നും സേവിക്കുമോ?

അനുസരണം കാണിച്ചതിന്‌ യോനായ്‌ക്ക്‌ യഹോവയിൽനിന്നു പ്രതിഫലം ലഭിച്ചോ? തീർച്ചയായും. ആ നാവികരെല്ലാവരും രക്ഷപ്പെട്ടെന്ന്‌ യോനാ മനസ്സിലാക്കിയതായി കാണുന്നു. യോനായുടെ ആത്മത്യാഗപരമായ പ്രവൃത്തിയെത്തുടർന്ന്‌ ഉടനെതന്നെ കൊടുങ്കാറ്റ്‌ ശമിച്ചു. ആ നാവികർ “യഹോവയെ അത്യന്തം ഭയപ്പെട്ടു.” തങ്ങളുടെ വ്യാജദൈവങ്ങൾക്ക്‌ ബലിയർപ്പിക്കുന്നതിനുപകരം അവർ യഹോവയ്‌ക്കു യാഗമർപ്പിച്ചു.—യോനാ 1:15, 16.

അതിലും വലിയ അനുഗ്രഹമാണ്‌ പിന്നീട്‌ യോനായ്‌ക്കു ലഭിച്ചത്‌. യോനായുടെ അനുഭവത്തെ ഒരു പ്രാവചനിക ചിത്രമായി യേശു ഉപയോഗിച്ചു. യോനാ മത്സ്യത്തിന്റെ വയറ്റിൽ മൂന്നുദിവസം കഴിഞ്ഞതുപോലെ താനും മൂന്നുരാവും മൂന്നുപകലും ശവക്കുഴിയിൽ കഴിയേണ്ടിവരുമെന്ന്‌ അവൻ പറഞ്ഞു. (മത്തായി 12:38-40) ഭൂമിയിലേക്ക്‌ പുനരുത്ഥാനം പ്രാപിച്ചുവരുന്ന യോനാ ആ അനുഗ്രഹത്തെക്കുറിച്ച്‌ മനസ്സിലാക്കുമ്പോൾ എത്രയധികം സന്തോഷിക്കും! (യോഹന്നാൻ 5:28, 29) നിങ്ങളെയും അനുഗ്രഹിക്കാൻ യഹോവ ആഗ്രഹിക്കുന്നു. എന്നാൽ യോനായെപ്പോലെ തെറ്റുകളിൽനിന്നു പാഠം പഠിച്ച്‌ അനുസരണവും ത്യാഗമനഃസ്ഥിതിയും നിങ്ങൾ കാണിക്കുമോ? (w09 1/1)

[അടിക്കുറിപ്പുകൾ]

^ ഖ. 7 ഒരിക്കൽ യേശുവിനെ വിമർശിച്ചുകൊണ്ട്‌ പരീശന്മാർ, “ഗലീലയിൽനിന്നു പ്രവാചകൻ എഴുന്നേല്‌ക്കുന്നില്ല” എന്ന്‌ പറയുകയുണ്ടായി. (യോഹന്നാൻ 7:52) അതുകൊണ്ട്‌, പ്രവാചകനായ യോനാ ഒരു ഗലീലക്കാരനായിരുന്നുവെന്ന വസ്‌തുത ശ്രദ്ധേയമാണ്‌. ഗലീല എന്ന എളിയ പട്ടണത്തിൽനിന്ന്‌ ഒരിക്കലും ഒരു പ്രവാചകൻ എഴുന്നേറ്റിട്ടില്ല, ഇനി എഴുന്നേൽക്കുകയുമില്ല എന്ന്‌ വെറുതെ ഒരു പ്രസ്‌താവന നടത്തുകയായിരുന്നു പരീശന്മാർ എന്ന്‌ പല ഗവേഷകരും പരിഭാഷകരും അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ ചരിത്രത്തെയും പ്രവചനങ്ങളെയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു ആ മതനേതാക്കന്മാർ.—യെശയ്യാവു 9:1, 2.

^ ഖ. 17 യോനാ കൂർക്കം വലിച്ചുറങ്ങുകയായിരുന്നുവെന്ന്‌ സെപ്‌റ്റുവജിന്റ്‌ പറയുന്നു. യോനാ ഉറങ്ങിയത്‌ നിസ്സംഗതയുടെ തെളിവായി കാണാനാവില്ല. ചിലപ്പോൾ കടുത്ത മനോവിഷമം നിമിത്തം ആളുകൾ ഉറങ്ങിപ്പോകാറുണ്ട്‌. ഉദാഹരണത്തിന്‌, ഗെത്ത്‌ശെമന തോട്ടത്തിൽ യേശു കൊടിയ മനോവേദനയിലായിരിക്കെ, ഒപ്പമുണ്ടായിരുന്ന പത്രൊസും യാക്കോബും യോഹന്നാനും ‘വിഷാദത്താൽ ഉറങ്ങിപ്പോയതായി’ ബൈബിൾ പറയുന്നു.—ലൂക്കൊസ്‌ 22:45.

^ ഖ. 25 ‘മത്സ്യം’ എന്നതിന്റെ ഏബ്രായ പദം ‘സമുദ്ര സത്ത്വം’ അഥവാ ‘ഭീമൻ സത്ത്വം’ എന്നാണ്‌ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. യോനായെ വിഴുങ്ങിയത്‌ കൃത്യമായും ഏതുതരം സമുദ്രജീവിയാണെന്ന്‌ അറിയാൻ വഴിയില്ലെങ്കിലും ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിയുന്ന സ്രാവുകൾ മധ്യധരണ്യാഴിയിൽ ഉള്ളതായി നിരീക്ഷിച്ചിരിക്കുന്നു. മറ്റിടങ്ങളിൽ ഇവയെക്കാൾ വലിയ സ്രാവുകളുണ്ട്‌. ഉദാഹരണത്തിന്‌ തിമിംഗലസ്രാവുകൾ 45 അടിയോ അതിലധികമോ നീളംവെക്കാറുണ്ട്‌.

[31-ാം പേജിലെ ചതുരം/ചിത്രം]

യോനായുടെ പുസ്‌തകം വിമർശനവിധേയമാകുന്നു

▪ യോനായുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ യഥാർഥത്തിൽ നടന്നതാണോ? പണ്ടുമുതലേ ഈ പുസ്‌തകം വിമർശനങ്ങളെ നേരിട്ടിട്ടുണ്ട്‌. ഈ പുസ്‌തകത്തിലെ സംഭവങ്ങൾ കെട്ടുകഥയാണെന്നും ഐതിഹ്യമാണെന്നുമൊക്കെ പറഞ്ഞ്‌ ആധുനികയുഗത്തിലെ വിമർശകർ ഇതിനെ എഴുതിത്തള്ളിയിരിക്കുന്നു. യോനായുടെയും മത്സ്യത്തിന്റെയും വിവരണം കെട്ടുകഥയാണെന്ന്‌ അവകാശപ്പെട്ട ഒരു വൈദികൻ അതിനു നൽകിയ വിശദീകരണം 19-ാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥകർത്താവ്‌ രേഖപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: യോപ്പയിൽ, “കടലാന” എന്ന ഒരു സത്രത്തിലാണ്‌ യോനാ താമസിച്ചത്‌. വാടക കൊടുക്കാൻ പണമില്ലാതെ വന്നപ്പോൾ സത്രമുടമ അദ്ദേഹത്തെ പുറത്താക്കി. യോനായെ തിമിംഗലം “വിഴുങ്ങി”യെന്നും “ഛർദിച്ചു”വെന്നുമൊക്കെ പറയുന്നത്‌ ഈ അർഥത്തിലാണ്‌! യോനായെ വിഴുങ്ങിക്കളയാൻ മത്സ്യത്തെക്കാൾ വെമ്പൽ വിമർശകർക്കാണെന്നു തോന്നുന്നു!

എന്തുകൊണ്ടാണ്‌ വിമർശകർ ഈ ബൈബിൾപുസ്‌തകത്തെ സന്ദേഹത്തോടെ വീക്ഷിക്കുന്നത്‌? അതിൽ അത്ഭുതകരമായ പല സംഭവങ്ങളും അടങ്ങിയിരിക്കുന്നു. അത്ഭുതങ്ങളെ കടുത്ത മുൻവിധിയോടെയാണ്‌ പല വിമർശകരും കാണുന്നത്‌. ഇത്തരം കാര്യങ്ങൾ അസംഭവ്യങ്ങളാണെന്ന്‌ അവർ അവകാശപ്പെടുന്നു. എന്നാൽ ഇത്‌ ന്യായമായ ഒരു സമീപനമാണോ? ബൈബിളിലെ ആദ്യത്തെ വാക്യം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന്‌ അവിടെ പറഞ്ഞിരിക്കുന്നു. (ഉല്‌പത്തി 1:1) യുക്തിസഹമായി ചിന്തിക്കുന്ന ദശലക്ഷങ്ങൾ ലളിതമായ ഈ സത്യം അംഗീകരിക്കുന്നു. ബൈബിളിലെ മറ്റേതൊരു അത്ഭുതത്തെയും കടത്തിവെട്ടുന്നതാണ്‌ ഉല്‌പത്തി 1:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ അത്ഭുതം.

ചിന്തിക്കുക: നക്ഷത്രനിബിഡമായ ആകാശത്തെയും ഭൂമിയിലെ സങ്കീർണമായ ജീവരൂപങ്ങളെയും സൃഷ്ടിച്ചവന്‌ യോനായുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങൾ പ്രവർത്തിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? ഒരു കൊടുങ്കാറ്റ്‌ ഉണ്ടാക്കാനും ഒരു മനുഷ്യനെ വിഴുങ്ങേണ്ടതിന്‌ ഒരു ഭീമൻ മത്സ്യത്തെ അയയ്‌ക്കാനും പിന്നീട്‌ ആ മത്സ്യം അയാളെ ഛർദിച്ചുകളയാൻ ഇടയാക്കാനും അവനു കഴിവില്ലാതെ വരുമോ? അപരിമേയ ശക്തിയുടെ ഉറവിടമായ അവന്‌ അതെല്ലാം നിഷ്‌പ്രയാസം ചെയ്യാവുന്നതേയുള്ളൂ.—യെശയ്യാവു 40:26.

ദൈവം ഇടപെടാതെതന്നെ ചിലപ്പോഴൊക്കെ വിസ്‌മയമുണർത്തുന്ന കാര്യങ്ങൾ സംഭവിക്കാറുണ്ട്‌. 1758-ൽ അങ്ങനെയൊരു സംഭവം ഉണ്ടായതായി പറയപ്പെടുന്നു. മധ്യധരണ്യാഴിയിൽവെച്ച്‌ കപ്പലിൽനിന്നു വീണ ഒരു നാവികനെ ഒരു സ്രാവ്‌ വിഴുങ്ങി. എന്നാൽ സ്രാവിനു നേരെ നിറയൊഴിച്ചതിനെതുടർന്ന്‌ അത്‌ അയാളെ ഛർദിച്ചുകളഞ്ഞു. കാര്യമായ പരുക്കുകളൊന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ഇത്‌ യഥാർഥത്തിൽ നടന്നതാണെങ്കിൽ അത്‌ വിസ്‌മയാവഹമായ ഒരു സംഭവമാണെന്ന്‌ നാം പറഞ്ഞേക്കാം. പക്ഷേ അതിനെ നാം അത്ഭുതങ്ങളുടെ പട്ടികയിൽ പെടുത്തില്ല. തന്റെ ശക്തി ഉപയോഗിച്ച്‌ ഇതിലും വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവത്തിനു കഴിയില്ലേ?

ഒരു മനുഷ്യൻ മൂന്നുദിവസം മത്സ്യത്തിനുള്ളിൽ കിടന്നാൽ അയാൾ ശ്വാസംമുട്ടി മരിക്കുമെന്ന്‌ സന്ദേഹവാദികൾ പറയുന്നു. എന്നാൽ ചിന്തിക്കുക: സാന്ദ്രീകരിക്കപ്പെട്ട വായു നിറച്ച ടാങ്കുകളുടെ സഹായത്തോടെ ദീർഘനേരം വെള്ളത്തിനടിയിൽകഴിയാൻ മനുഷ്യന്‌ ഇന്നു സാധിക്കുന്നില്ലേ? അങ്ങനെയെങ്കിൽ അനന്തമായ ശക്തിയും ജ്ഞാനവും ഉപയോഗിച്ച്‌ യോനായ്‌ക്കു മൂന്നുദിവസത്തേക്കുവേണ്ട ജീവവായു നൽകാൻ ദൈവത്തിനു കഴിയാതിരിക്കുമോ? യേശുവിന്റെ അമ്മയായ മറിയയോട്‌ യഹോവയുടെ ഒരു ദൂതൻ പറഞ്ഞതുപോലെ, “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല”—ലൂക്കൊസ്‌ 1:37.

യോനായുടെ പുസ്‌തകം ചരിത്രപരമായി കൃത്യതയുള്ളതാണെന്നതിന്‌ മറ്റെന്തു തെളിവാണുള്ളത്‌? കപ്പലിനെയും യാത്രക്കാരെയും കുറിച്ചുള്ള യോനായുടെ വിവരണം ധാരാളം വിശദാംശങ്ങളടങ്ങിയതും യാഥാർഥ്യത്തിനു നിരക്കുന്നതുമാണ്‌. യോനാ 1:5-ൽ കപ്പലിന്റെ ഭാരം കുറയ്‌ക്കാനായി നാവികർ ചരക്കുകൾ കടലിലേക്ക്‌ എറിഞ്ഞുകളഞ്ഞതായി പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ നാവികർ സാധാരണ ചെയ്യാറുള്ള ഒരു കാര്യമാണ്‌ ഇതെന്ന്‌ പുരാതനകാലത്തെ ചരിത്രകാരന്മാരും റബ്ബിമാരുടെ പുസ്‌തകങ്ങളും സാക്ഷ്യപ്പെടുത്തുന്നു. നീനെവേയെക്കുറിച്ചുള്ള യോനായുടെ വിവരണം ചരിത്രപരവും പുരാവസ്‌തുശാസ്‌ത്രപരവുമായ തെളിവുകളോടു യോജിക്കുന്നു. ഏറ്റവും പ്രധാനമായി, യോനാ മൂന്നുദിവസം മഹാമത്സ്യത്തിന്റെ ഉള്ളിൽ കിടന്നതിനെപ്പറ്റി യേശുക്രിസ്‌തുതന്നെയും പരാമർശിക്കുന്നു. (മത്തായി 12:38-40) യേശുവിന്റെ ഈ സാക്ഷ്യപ്പെടുത്തൽ യോനായുടെ വിവരണത്തിന്റെ സത്യതയ്‌ക്കുള്ള മറ്റൊരു തെളിവാണ്‌.

“ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല”—ലൂക്കൊസ്‌ 1:37