വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ ഈ ദുഃഖ​വും പേറി എങ്ങനെ ജീവി​ക്കാൻ കഴിയും?

എനിക്ക്‌ ഈ ദുഃഖ​വും പേറി എങ്ങനെ ജീവി​ക്കാൻ കഴിയും?

“വികാരങ്ങൾ ഉള്ളി​ലൊ​തു​ക്കാൻ എന്റെമേൽ വലിയ സമ്മർദം ഉണ്ടായി,” തന്റെ പിതാ​വി​ന്റെ മരണത്തെ കുറിച്ച്‌ ഓർത്തു​കൊണ്ട്‌ മൈക്‌ പറയുന്നു. ദുഃഖം കടിച്ച​മർത്തു​ന്ന​താണ്‌ പുരു​ഷ​ത്വ​ത്തി​ന്റെ ലക്ഷണം എന്നാണ്‌ മൈക്‌ ധരിച്ചു​വെ​ച്ചി​രു​ന്നത്‌. പക്ഷേ ആ ധാരണ തെറ്റാ​യി​രു​ന്നു എന്ന്‌ പിന്നീട്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ മൈക്കി​ന്റെ സ്‌നേ​ഹി​തന്‌ അവന്റെ മുത്തച്ഛനെ നഷ്ടപ്പെ​ട്ട​പ്പോൾ എന്തു ചെയ്യണ​മെന്ന്‌ മൈക്കിന്‌ അറിയാ​മാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “രണ്ടു വർഷം മുമ്പാ​യി​രു​ന്നെ​ങ്കിൽ ഞാൻ അവന്റെ തോളത്തു തട്ടിയിട്ട്‌ ‘എന്തായിത്‌? നീ ഒരു ആണല്ലേ?’ എന്നു പറയു​മാ​യി​രു​ന്നു. ഈ സന്ദർഭ​ത്തിൽ പക്ഷേ, ഞാനവന്റെ കയ്യിൽ പിടി​ച്ചിട്ട്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌, ‘നിന്റെ മനസ്സി​ലു​ള്ളതു പുറത്തു കാണി​ക്കാൻ ഒട്ടും മടിക്കേണ്ട. ദുഃഖം താങ്ങാൻ നിന്നെ അതു സഹായി​ക്കും. ഞാൻ ഇവി​ടെ​നി​ന്നു പോക​ണ​മെ​ങ്കിൽ പോകാം. നിൽക്ക​ണ​മെ​ങ്കിൽ നിൽക്കാം. പക്ഷേ നിന്റെ വിഷമം തുറന്നു പ്രകടി​പ്പി​ക്കാൻ ഒരു മടിയും വിചാ​രി​ക്കേണ്ട.’”

തന്റെ ഭർത്താവ്‌ മരിച്ച​പ്പോൾ വികാ​രങ്ങൾ അടക്കി​വെ​ക്കാൻ മാരി​യാ​നി​നും സമ്മർദ​മു​ണ്ടാ​യി. അവർ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “മറ്റുള്ള​വർക്ക്‌ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്ന​തി​നെ കുറിച്ച്‌ ഞാൻ വലിയ ചിന്തയു​ള്ള​വ​ളാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ എന്റെ സ്വാഭാ​വിക വികാ​രങ്ങൾ പുറത്തു കാണി​ക്കാ​തെ​യി​രു​ന്നു. പക്ഷേ മറ്റുള്ള​വർക്ക്‌ ഒരു ശക്തി​കേ​ന്ദ്രം ആയിരി​ക്കാ​നുള്ള ശ്രമം എന്നെ സഹായി​ക്കു​ന്നില്ല എന്നു ക്രമേണ ഞാൻ മനസ്സി​ലാ​ക്കി. എന്റെ സാഹച​ര്യം ഞാൻ വിശക​ലനം ചെയ്യാൻ തുടങ്ങി, എന്നിട്ട്‌ എന്നോ​ടു​തന്നെ ഇങ്ങനെ പറഞ്ഞു: ‘കരയണ​മെന്നു തോന്നു​മ്പോൾ കരയുക. വലിയ ചങ്കുറ​പ്പൊ​ന്നും കാണി​ക്കാൻ ശ്രമി​ക്കേണ്ട. ഉള്ള വികാ​രങ്ങൾ പ്രകടി​പ്പി​ച്ചു തീർക്കുക.’”

അതു​കൊണ്ട്‌ മൈക്കും മാരി​യാ​നും നിർദേ​ശി​ക്കു​ന്നത്‌ ഇതാണ്‌: ദുഃഖം ദുഃഖി​ച്ചു​തീർക്കുക! അവർ പറയു​ന്നത്‌ ശരിയാണ്‌. എന്തു​കൊണ്ട്‌? ദുഃഖം തോന്നു​മ്പോൾ അതു പ്രകടി​പ്പി​ക്കു​ന്നത്‌ വികാ​ര​ങ്ങളെ മോചി​പ്പി​ക്കാ​നുള്ള ഒരു അനിവാ​ര്യ മാർഗ​മാണ്‌. അതാകട്ടെ നിങ്ങൾക്കു സമ്മർദ​ത്തിൽനി​ന്നു വിടുതൽ നൽകു​ക​യും ചെയ്യും. സ്വാഭാ​വിക വികാര പ്രകടനം കൃത്യ​മായ അറിവ്‌ ഉൾക്കൊ​ണ്ടു​കൊ​ണ്ടു​ള്ള​തും ഗ്രാഹ്യ​ത്തോ​ടു​കൂ​ടി​യ​തും ആയിരി​ക്കു​മ്പോൾ അതു വികാ​ര​ങ്ങളെ ഉചിത​മായ സ്ഥാനത്തു നിറു​ത്താൻ നിങ്ങളെ സഹായി​ക്കു​ന്നു.

എല്ലാവ​രും ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ ഒരേ വിധത്തി​ലല്ല. പ്രിയ​പ്പെട്ട ഒരാൾ മരിച്ചത്‌ ഓർക്കാ​പ്പു​റത്ത്‌ ആയിരു​ന്നോ അതോ ദീർഘ​നാൾ രോഗി​യാ​യി കിടന്ന​തി​നു​ശേഷം ആയിരു​ന്നോ എന്നിങ്ങ​നെ​യുള്ള സംഗതി​കൾ പരേതന്റെ കുടും​ബാം​ഗ​ങ്ങ​ളു​ടെ വൈകാ​രിക പ്രതി​ക​ര​ണത്തെ സ്വാധീ​നി​ച്ചേ​ക്കാം. പക്ഷേ, ഒരു കാര്യം ഉറപ്പാണ്‌: വികാ​ര​ങ്ങളെ അടിച്ച​മർത്തു​ന്നത്‌ ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും നിങ്ങൾക്കു ദോഷം ചെയ്യും. ദുഃഖം തുറന്നു പ്രകടി​പ്പി​ക്കു​ന്ന​താണ്‌ ആരോ​ഗ്യ​ത്തിന്‌ ഏറെ നല്ലത്‌. അതു ചെയ്യാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? തിരു​വെ​ഴു​ത്തു​ക​ളിൽ ചില പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേ​ശങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ദുഃഖം തുറന്നു പ്രകടി​പ്പി​ക്കൽ​—എങ്ങനെ?

സംസാ​രി​ക്കു​ന്നത്‌ വികാരം തുറന്നു പ്രകടി​പ്പി​ക്കാ​നുള്ള ഒരു മാർഗ​മാണ്‌. പത്തു മക്കളു​ടെ​യും മരണം ഉൾപ്പെടെ വ്യക്തി​പ​ര​മായ ദുരന്ത​ങ്ങൾക്ക്‌ ഇരയായ പുരാതന ഗോ​ത്ര​പി​താ​വായ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ജീവൻ എനിക്കു വെറു​പ്പാ​യ്‌തോ​ന്നു​ന്നു; ഞാൻ എന്റെ സങ്കടം തുറന്നു​പ​റ​യും [എബ്രായ, “അഴിച്ചു​വി​ടും”]; എന്റെ മനോ​വ്യ​സ​ന​ത്തിൽ ഞാൻ സംസാ​രി​ക്കും.” (ഇയ്യോബ്‌ 1:2, 18, 19; 10:1) ഇയ്യോ​ബിന്‌ അവന്റെ സങ്കടം അടക്കി​നി​റു​ത്താൻ കഴിഞ്ഞില്ല. ദുഃഖ​ത്തി​ന്റെ കെട്ടഴി​ച്ചു​വി​ടാൻ അവൻ ആഗ്രഹി​ച്ചു; അവന്‌ “സംസാ​രിക്ക”ണമായി​രു​ന്നു. സമാന​മാ​യി ഇംഗ്ലീഷ്‌ നാടക​കൃ​ത്തായ ഷേക്‌സ്‌പി​യർ മാക്‌ബെ​ത്തിൽ ഇങ്ങനെ എഴുതി: “വ്യസനം വാക്കു​ക​ളിൽ പകരുക; ഹൃദയ​ത്തിൽ ഉരുണ്ടു​കൂ​ടുന്ന ദുഃഖം വാക്കു​ക​ളി​ലൂ​ടെ പെയ്‌തൊ​ഴി​യാ​ത്ത​പ്പോൾ അതു ഹൃദയത്തെ തകർത്തു​ക​ള​യും.”

അതു​കൊണ്ട്‌ ക്ഷമയോ​ടും സഹാനു​ഭൂ​തി​യോ​ടും കൂടി ശ്രദ്ധി​ക്കുന്ന ഒരു യഥാർഥ ‘സ്‌നേ​ഹി​തന്റെ’ അടുത്ത്‌ നിങ്ങളു​ടെ മനസ്സു തുറക്കു​ന്നത്‌ ഒരള​വോ​ളം സാന്ത്വനം പകരും. (സദൃശ​വാ​ക്യ​ങ്ങൾ 17:17) അനുഭ​വ​ങ്ങ​ളും വികാ​ര​ങ്ങ​ളും വാക്കു​ക​ളിൽ പകർത്തു​മ്പോൾ പലപ്പോ​ഴും അവയെ മനസ്സി​ലാ​ക്കാ​നും കൈകാ​ര്യം ചെയ്യാ​നും കൂടുതൽ എളുപ്പ​മാ​യി​ത്തീ​രു​ന്നു. ശ്രോ​താ​വു​തന്നെ പ്രിയ​പ്പെട്ട ഒരാളു​ടെ നഷ്ടവു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തിൽ വിജയി​ച്ചി​ട്ടുള്ള ഒരു വ്യക്തി​യാ​ണെ​ങ്കിൽ, പ്രശ്‌നത്തെ എങ്ങനെ നേരി​ടാം എന്നതു സംബന്ധിച്ച ചില പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും നിങ്ങൾക്കു ലഭി​ച്ചേ​ക്കാം. തന്റെ കുട്ടി മരിച്ച​പ്പോൾ സമാന​മായ നഷ്ടം നേരി​ട്ടി​ട്ടുള്ള മറ്റൊരു സ്‌ത്രീ​യോട്‌ സംസാ​രി​ച്ചത്‌ എന്തു​കൊണ്ട്‌ സഹായ​ക​മാ​യി എന്ന്‌ ഒരമ്മ വിശദീ​ക​രി​ച്ചത്‌ ഇങ്ങനെ​യാണ്‌: “മറ്റൊ​രാൾ എന്റെ അതേ അനുഭ​വ​ത്തി​ലൂ​ടെ കടന്നു​പോ​യി എന്നും മാനസി​ക​മോ വൈകാ​രി​ക​മോ ആയ തകരാ​റു​ക​ളൊ​ന്നും കൂടാതെ അതിൽനി​ന്നെ​ല്ലാം പുറത്തു​വന്ന്‌ വീണ്ടും ഏറെക്കു​റെ സാധാരണ നിലയി​ലുള്ള ജീവിതം നയിക്കു​ന്നു എന്നും മനസ്സി​ലാ​ക്കി​യത്‌ എനിക്ക്‌ വളരെ​യേറെ ശക്തി പകർന്നു.”

വികാരങ്ങൾ എഴുതി​വെ​ക്കു​ന്നത്‌ ദുഃഖ​ത്തി​ന്റെ കെട്ടഴി​ച്ചു​വി​ടാൻ നിങ്ങളെ സഹായി​ക്കു​മെന്ന്‌ ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ കാണി​ക്കു​ന്നു

നിങ്ങളു​ടെ വികാ​രങ്ങൾ പറഞ്ഞറി​യി​ക്കാൻ നിങ്ങൾക്കു പ്രയാസം തോന്നു​ന്നെ​ങ്കി​ലെന്ത്‌? ശൗലി​ന്റെ​യും യോനാ​ഥാ​ന്റെ​യും മരണത്തെ തുടർന്ന്‌ ദാവീദ്‌ തന്റെ ഹൃദയ​ത്തി​ലെ ദുഃഖം മുഴുവൻ പകർന്നു​കൊണ്ട്‌ വളരെ വികാ​ര​നിർഭ​ര​മായ ഒരു വിലാ​പ​ഗീ​തം രചിച്ചു. ഈ വിലാ​പ​കൃ​തി പിന്നീട്‌ ബൈബിൾ പുസ്‌ത​ക​മായ രണ്ടു ശമൂ​വേ​ലി​ന്റെ ലിഖി​ത​രേ​ഖ​യു​ടെ ഭാഗമാ​യി​ത്തീർന്നു. (2 ശമൂവേൽ 1:17-27; 2 ദിനവൃ​ത്താ​ന്തം 35:25) സമാന​മാ​യി, തങ്ങളുടെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​തി​നുള്ള എളുപ്പ മാർഗം അത്‌ എഴുതി​വെ​ക്കു​ന്ന​താ​ണെന്ന്‌ ചിലർ കണ്ടെത്തി​യി​രി​ക്കു​ന്നു. തന്റെ വികാ​രങ്ങൾ ഒരു കടലാ​സിൽ എഴുതി​വെ​ച്ചിട്ട്‌ ദിവസ​ങ്ങൾക്കു​ശേഷം താൻ അത്‌ എടുത്തു വായി​ക്കു​മാ​യി​രു​ന്നു എന്ന്‌ ഒരു വിധവ പറയു​ക​യു​ണ്ടാ​യി. ഇത്‌ കെട്ടി​നിൽക്കുന്ന വികാ​ര​ങ്ങളെ തുറന്നു​വി​ടാ​നുള്ള ഒരു നല്ല മാർഗ​മാ​യി അവർക്കു തോന്നി.

സംസാ​ര​ത്തി​ലൂ​ടെ​യാ​യാ​ലും എഴുത്തി​ലൂ​ടെ​യാ​യാ​ലും ശരി, നിങ്ങളു​ടെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ന്നത്‌ ദുഃഖ​ത്തി​ന്റെ കെട്ടഴി​ച്ചു​വി​ടാൻ നിങ്ങളെ സഹായി​ക്കും. തെറ്റി​ദ്ധാ​ര​ണകൾ നീക്കാ​നും അത്‌ ഉപകരി​ക്കും. തന്റെ കുട്ടിയെ മരണത്തിൽ നഷ്ടപ്പെ​ട്ട​തി​ന്റെ ദുഃഖ​ത്തിൽ കഴിയുന്ന ഒരമ്മ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഒരു കുട്ടി​യു​ടെ മരണത്തെ തുടർന്ന്‌ വിവാ​ഹ​മോ​ചനം നേടിയ ദമ്പതി​ക​ളെ​പ്പറ്റി ഞാനും ഭർത്താ​വും കേട്ടി​രു​ന്നു. അതു ഞങ്ങൾക്കു സംഭവി​ക്കാൻ ഞങ്ങൾ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ കോപം വന്ന്‌ പരസ്‌പരം കുറ്റ​പ്പെ​ടു​ത്താൻ തോന്നു​മ്പോ​ഴെ​ല്ലാം ഞങ്ങൾ കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യു​മാ​യി​രു​ന്നു. അങ്ങനെ ചെയ്യു​ക​വഴി ഞങ്ങളി​രു​വ​രും പരസ്‌പരം കൂടുതൽ അടുത്തു എന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു.” അതു​കൊണ്ട്‌ വികാ​രങ്ങൾ പങ്കു​വെ​ക്കു​ന്നത്‌, ഒരേ നഷ്ടം പങ്കിടു​മ്പോ​ഴും മറ്റുള്ളവർ നിങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​മായ വിധത്തി​ലാ​യി​രി​ക്കാം ദുഃഖം പ്രകട​മാ​ക്കു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും.

ദുഃഖ​ത്തി​ന്റെ കെട്ടഴി​ച്ചു​വി​ടാ​നുള്ള മറ്റൊരു വിധം കരയു​ന്ന​താണ്‌. “കരവാൻ ഒരു കാലം” ഉണ്ട്‌ എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:1, 4) തീർച്ച​യാ​യും, പ്രിയ​പ്പെട്ട ആരു​ടെ​യെ​ങ്കി​ലും വിയോ​ഗം അത്തരത്തി​ലുള്ള ഒരു കാലം നമ്മുടെ ജീവി​ത​ത്തി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. കണ്ണീർ പൊഴി​ക്കു​ന്നത്‌ ദുഃഖ​ശ​മ​ന​ത്തിന്‌ അനിവാ​ര്യ​മായ ഒന്നായി കാണ​പ്പെ​ടു​ന്നു.

തന്റെ അമ്മയുടെ മരണത്തെ നേരി​ടാൻ ഒരു ഉറ്റമി​ത്രം തന്നെ സഹായി​ച്ചത്‌ എങ്ങനെ എന്ന്‌ ഒരു യുവതി വിശദീ​ക​രി​ക്കു​ന്നു: “എന്റെ കൂട്ടു​കാ​രി എപ്പോ​ഴും എന്റെ സഹായ​ത്തിന്‌ ഉണ്ടായി​രു​ന്നു, കരയു​മ്പോൾ കൂടെ കരയാ​നും എന്നോടു സംസാ​രി​ക്കാ​നു​മെ​ല്ലാം. എന്റെ വികാ​ര​ങ്ങ​ളെ​ല്ലാം അവളുടെ മുന്നിൽ തുറന്നു പ്രകടി​പ്പി​ക്കാൻ എനിക്കു കഴിയു​മാ​യി​രു​ന്നു, അത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രധാ​ന​മാ​യി​രു​ന്നു​താ​നും. എനിക്ക്‌ യാതൊ​രു സങ്കോ​ച​വും കൂടാതെ കരയാ​നാ​കു​മാ​യി​രു​ന്നു.” (റോമർ 12:15 കാണുക.) കരയുന്ന കാര്യ​ത്തിൽ നിങ്ങൾക്കും ലജ്ജ തോ​ന്നേ​ണ്ട​തില്ല. നമ്മൾ കണ്ടു കഴിഞ്ഞ​തു​പോ​ലെ, യാതൊ​രു ജാള്യ​വും കൂടാതെ മറ്റുള്ള​വ​രു​ടെ മുമ്പാകെ കണ്ണീർ പൊഴിച്ച, യേശു​ക്രി​സ്‌തു ഉൾപ്പെ​ടെ​യുള്ള വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ധാരാളം ദൃഷ്ടാ​ന്തങ്ങൾ ബൈബി​ളി​ലുണ്ട്‌.​—ഉല്‌പത്തി 50:3; 2 ശമൂവേൽ 1:11, 12; യോഹ​ന്നാൻ 11:33, 35.

സാന്ത്വനം ലഭിക്കു​ന്നത്‌ എല്ലാ സംസ്‌കാ​ര​ങ്ങ​ളി​ലെ​യും ആളുകൾ വിലമ​തി​ക്കു​ന്നു

എപ്പോൾ, എന്താണു തോന്നു​ന്ന​തെന്നു മുൻകൂ​ട്ടി പറയാ​നാ​കാത്ത ഒരു സ്ഥിതി​വി​ശേ​ഷ​ത്തി​ലാ​യി​രി​ക്കാം കുറച്ചു നാള​ത്തേക്കു നിങ്ങൾ. ചില​പ്പോൾ പെട്ടെന്നു കണ്ണു നിറ​ഞ്ഞൊ​ഴു​കി​യെന്നു വരാം. (ഭർത്താ​വു​മൊ​ത്തു താൻ പോകാ​റു​ണ്ടാ​യി​രുന്ന) സൂപ്പർമാർക്ക​റ്റിൽ പോയി സാധനങ്ങൾ വാങ്ങു​മ്പോൾ തന്റെ കണ്ണുകൾ അറിയാ​തെ നിറ​ഞ്ഞൊ​ഴു​കു​ന്ന​താ​യി ഒരു വിധവ മനസ്സി​ലാ​ക്കി, പ്രത്യേ​കിച്ച്‌ അദ്ദേഹം ഇഷ്ടപ്പെ​ട്ടി​രുന്ന സാധനങ്ങൾ ഓർക്കാ​തെ പോയി കൈനീ​ട്ടി​യെ​ടു​ക്കു​മ്പോൾ. നിങ്ങ​ളോ​ടു​തന്നെ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. കരച്ചിൽ എങ്ങനെ​യും അടക്കി​നി​റു​ത്ത​ണ​മെന്ന്‌ കരുതാ​തി​രി​ക്കുക. ദുഃഖ​ത്തി​ന്റെ സ്വാഭാ​വി​ക​വും അനിവാ​ര്യ​വു​മായ ഒരു ഭാഗമാണ്‌ കരച്ചിൽ എന്ന്‌ ഓർമി​ക്കുക.

കുറ്റ​ബോ​ധം കൈകാ​ര്യം ചെയ്യൽ

നേരത്തേ കണ്ടതു​പോ​ലെ, പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെ​ടു​മ്പോൾ കുറ്റ​ബോ​ധ​ത്തി​ന്റേ​തായ വികാ​രങ്ങൾ ചിലരെ വേട്ടയാ​ടു​ന്നു. തന്റെ പുത്രൻ യോ​സേഫ്‌ ഒരു “ദുഷ്ടമൃഗ”ത്താൽ കൊല്ല​പ്പെട്ടു എന്ന്‌ ധരിക്കാ​നി​ട​യായ വിശ്വസ്‌ത പുരു​ഷ​നായ യാക്കോ​ബിന്‌ തീവ്ര​ദുഃ​ഖം തോന്നി​യ​തി​ന്റെ ഒരു കാരണം ഇതായി​രി​ക്കാം. സഹോ​ദ​ര​ന്മാ​രു​ടെ ക്ഷേമം തിരക്കി​വ​രാൻ യോ​സേ​ഫി​നെ അയച്ചത്‌ യാക്കോ​ബാ​യി​രു​ന്നു. അതു​കൊണ്ട്‌ കുറ്റ​ബോ​ധ​ത്തി​ന്റേ​തായ വികാ​രങ്ങൾ യാക്കോ​ബി​ന്റെ മനസ്സിനെ കാർന്നു​തി​ന്നാൻ തുടങ്ങി​യി​രു​ന്നി​രി​ക്കണം. ‘ഞാൻ എന്തിനാണ്‌ യോ​സേ​ഫി​നെ ഒറ്റയ്‌ക്ക്‌ പറഞ്ഞു വിട്ടത്‌? കാട്ടു​മൃ​ഗങ്ങൾ നിറഞ്ഞ ഒരു ഇടത്തേക്ക്‌ ഞാനവനെ എന്തിനാണ്‌ അയച്ചത്‌?’ എന്നിങ്ങ​നെ​യൊ​ക്കെ ചോദിച്ച്‌ അവൻ തന്നെത്തന്നെ കുറ്റ​പ്പെ​ടു​ത്തി​യി​രി​ക്കാം.​—ഉല്‌പത്തി 37:33-35.

നിങ്ങളു​ടെ ഭാഗത്തെ എന്തെങ്കി​ലും അനാസ്ഥ പ്രിയ​പ്പെ​ട്ട​യാ​ളു​ടെ മരണത്തിന്‌ ഇടയാ​ക്കിയ ഘടകങ്ങ​ളി​ലൊ​ന്നാണ്‌ എന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കാം. കുറ്റ​ബോ​ധം, അത്‌ യഥാർഥ​മോ സാങ്കൽപ്പി​ക​മോ ആയി​ക്കൊ​ള്ളട്ടെ, ഒരു സ്വാഭാ​വിക ദുഃഖ​പ്ര​തി​ക​ര​ണ​മാ​ണെന്നു മനസ്സി​ലാ​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌. കുറ്റ​ബോ​ധ​ത്തി​ന്റെ കാര്യ​ത്തി​ലും അത്‌ എങ്ങനെ​യും നിങ്ങളിൽത്തന്നെ ഒതുക്കി​നി​റു​ത്ത​ണ​മെന്ന്‌ വിചാ​രി​ക്കാ​തി​രി​ക്കുക. നിങ്ങൾക്ക്‌ എത്രമാ​ത്രം കുറ്റ​ബോ​ധം തോന്നു​ന്നു എന്നതിനെ കുറിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നത്‌ ആ സമയത്ത്‌ അനിവാ​ര്യ​മാ​യി​രി​ക്കുന്ന ആശ്വാസം പ്രദാനം ചെയ്യും.

മറ്റൊ​രാ​ളെ നാം എത്രയ​ധി​കം സ്‌നേ​ഹി​ച്ചാ​ലും, അയാളു​ടെ അല്ലെങ്കിൽ അവളുടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്ന​തി​നാ​കട്ടെ, “കാലവും” മുൻകൂ​ട്ടി​ക്കാ​ണാ​നാ​വാത്ത സംഭവ​ങ്ങ​ളും നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ​മേൽ വന്നുഭ​വി​ക്കു​ന്നത്‌ തടയാ​നാ​കട്ടെ നമുക്കു കഴിയില്ല എന്നു മനസ്സി​ലാ​ക്കുക. (സഭാ​പ്ര​സം​ഗി 9:11) മാത്രമല്ല, നിങ്ങളു​ടെ ആന്തരം ശുദ്ധമാ​യി​രു​ന്നു എന്നതിന്‌ സംശയ​മില്ല. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഡോക്ട​റു​ടെ അടുത്ത്‌ വ്യക്തിയെ കുറെ​ക്കൂ​ടെ നേരത്തേ എത്തിക്കാൻ ക്രമീ​ക​രണം ചെയ്യാ​തി​രു​ന്നത്‌ നിങ്ങളു​ടെ പ്രിയ​പ്പെട്ട ആൾ രോഗം മൂർച്ഛിച്ച്‌ മരിക്ക​ണ​മെന്ന ഉദ്ദേശ്യ​ത്തോ​ടെ ആയിരു​ന്നോ? തീർച്ച​യാ​യും അല്ല! അങ്ങനെ​യെ​ങ്കിൽ ആ വ്യക്തി​യു​ടെ മരണത്തിന്‌ നിങ്ങൾ യഥാർഥ​ത്തിൽ ഉത്തരവാ​ദി​യാ​ണോ? അല്ല.

മകളെ കാറപ​ക​ട​ത്തിൽ നഷ്ടപ്പെട്ട ഒരമ്മ കുറ്റ​ബോ​ധത്തെ തരണം ചെയ്യാൻ പഠിച്ചു. അവർ വിശദീ​ക​രി​ക്കു​ന്നു: “ഞാനാണ്‌ അവളെ പുറ​ത്തേക്ക്‌ അയച്ചത്‌ എന്നതു​കൊണ്ട്‌ എനിക്കു കുറ്റ​ബോ​ധം തോന്നി. എന്നാൽ അങ്ങനെ ചിന്തി​ക്കു​ന്നത്‌ അർഥശൂ​ന്യ​മാ​ണെന്ന്‌ പിന്നീടു ഞാൻ മനസ്സി​ലാ​ക്കി. വീട്ടിലെ ഒരു ആവശ്യ​ത്തിന്‌ അവളെ ഡാഡി​യോ​ടൊ​പ്പം അയച്ചത്‌ യാതൊ​രു പ്രകാ​ര​ത്തി​ലും തെറ്റല്ലാ​യി​രു​ന്നു. അത്‌ കേവലം യാദൃ​ച്ഛി​ക​മാ​യി സംഭവിച്ച ഒരു ദുരന്ത​മാ​യി​രു​ന്നു.”

‘പക്ഷേ എനിക്കു പറയാൻ അല്ലെങ്കിൽ ചെയ്യാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ എന്ന്‌ ആശിക്കുന്ന ഒട്ടേറെ സംഗതി​ക​ളുണ്ട്‌’ എന്നു നിങ്ങൾ പറഞ്ഞേ​ക്കാം. ശരിതന്നെ, എന്നാൽ ഞാൻ എല്ലാം തികഞ്ഞ ഒരു പിതാ​വോ മാതാ​വോ കുട്ടി​യോ ആണെന്ന്‌ നമ്മിൽ ആർക്കാണു പറയാൻ കഴിയുക? ബൈബിൾ നമ്മെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “നാം എല്ലാവ​രും പലതി​ലും തെററി​പ്പോ​കു​ന്നു; ഒരുത്തൻ വാക്കിൽ തെററാ​തി​രു​ന്നാൽ അവൻ . . . സൽഗു​ണ​പൂർത്തി​യുള്ള പുരുഷൻ ആകുന്നു.” (യാക്കോബ്‌ 3:2; റോമർ 5:12) അതു​കൊണ്ട്‌ നിങ്ങൾ പൂർണ​ത​യുള്ള വ്യക്തിയല്ല എന്ന വസ്‌തുത അംഗീ​ക​രി​ക്കുക. “ഞാൻ ഇങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ,” “അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ” എന്നൊക്കെ ചിന്തിച്ച്‌ മനസ്സു വിഷമി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വും ഉണ്ടാകാൻ പോകു​ന്നില്ല, പകരം അത്‌ വൈകാ​രിക സുഖ​പ്പെ​ട​ലി​നെ മന്ദീഭ​വി​പ്പി​ക്കാ​നാ​ണു സാധ്യത.

ഇനി, നിങ്ങളു​ടെ കുറ്റ​ബോ​ധം സാങ്കൽപ്പി​കമല്ല യഥാർഥ​മാ​ണെന്നു വിശ്വ​സി​ക്കാൻ തക്കതായ കാരണം ഉണ്ടെന്നി​രി​ക്കട്ടെ. അങ്ങനെ​യെ​ങ്കിൽ, കുറ്റ​ബോ​ധ​ത്തിന്‌ ശമനം നൽകുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ഘടകത്തെ കുറിച്ച്‌ പരിചി​ന്തി​ക്കുക. അത്‌ ദൈവ​ത്തി​ന്റെ ക്ഷമയാണ്‌. ബൈബിൾ നമുക്ക്‌ ഈ ഉറപ്പു തരുന്നു: “യഹോവേ, നീ അകൃത്യ​ങ്ങളെ ഓർമ്മ​വെ​ച്ചാൽ കർത്താവേ, ആർ നിലനി​ല്‌ക്കും? എങ്കിലും . . . നിന്റെ പക്കൽ വിമോ​ചനം ഉണ്ട്‌.” (സങ്കീർത്തനം 130:3, 4) പോയ കാല​ത്തേക്കു മടങ്ങി​ച്ചെന്ന്‌ കാര്യ​ങ്ങൾക്കു മാറ്റം​വ​രു​ത്താൻ നിങ്ങൾക്ക്‌ കഴിയില്ല. എങ്കിലും, ചെയ്‌തു​പോയ തെറ്റു​കൾക്കു​വേണ്ടി ദൈവ​ത്തോട്‌ മാപ്പി​ര​ക്കാൻ നിങ്ങൾക്കു കഴിയും. അപ്പോൾ നിങ്ങളു​ടെ ലംഘനങ്ങൾ മായ്‌ച്ചു​ക​ള​യു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്യുന്നു. ആ സ്ഥിതിക്ക്‌, നിങ്ങൾ നിങ്ങ​ളോ​ടു​തന്നെ ക്ഷമിക്കാൻ തയ്യാറാ​കേ​ണ്ട​തല്ലേ?​—സദൃശ​വാ​ക്യ​ങ്ങൾ 28:13; 1 യോഹ​ന്നാൻ 1:9.

കോപം കൈകാ​ര്യം ചെയ്യൽ

നിങ്ങൾക്ക്‌ കോപം തോന്നു​ന്നു​വോ, ഡോക്ടർമാ​രോ​ടോ നേഴ്‌സു​മാ​രോ​ടോ സ്‌നേ​ഹി​ത​രോ​ടോ മരിച്ച ആളോടു പോലു​മോ? ഇതും മരണ​ത്തോ​ടുള്ള ഒരു സാധാരണ പ്രതി​ക​ര​ണ​മാ​ണെന്നു മനസ്സി​ലാ​ക്കുക. ഒരുപക്ഷേ, നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടുന്ന ഹൃദയ​വേ​ദ​ന​യോ​ടൊ​പ്പം സ്വാഭാ​വി​ക​മാ​യി ഉണ്ടാകുന്ന ഒന്നായി​രി​ക്കാം ഈ കോപം. ഒരു എഴുത്തു​കാ​രൻ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “കോപത്തെ കുറിച്ച്‌ ബോധ​വാ​നാ​യി​ത്തീ​രു​ന്ന​തി​ലൂ​ടെ​—കോപ​ത്തോ​ടെ പ്രവർത്തി​ച്ചു​കൊ​ണ്ടല്ല, നിങ്ങൾക്ക്‌ അത്‌ ഉണ്ടെന്ന്‌ മനസ്സി​ലാ​ക്കു​ന്ന​തി​ലൂ​ടെ​—മാത്രമേ നിങ്ങൾക്ക്‌ അതിന്റെ നശീകരണ ഫലത്തിൽനി​ന്നു വിമു​ക്ത​നാ​കാൻ കഴിയൂ.”

കോപം വെളി​പ്പെ​ടു​ത്താ​നും ഇതു സഹായ​ക​മാ​യേ​ക്കാം. എങ്ങനെ? തീർച്ച​യാ​യും പൊട്ടി​ത്തെ​റി​ച്ചു​കൊ​ണ്ടല്ല. എന്നാൽ അതേസ​മയം, കോപം ദീർഘ​നാൾ മനസ്സിൽ വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ അപകട​ക​ര​മാ​ണെ​ന്നും ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:29, 30) അതു​കൊണ്ട്‌ സഹാനു​ഭൂ​തി​യുള്ള ഒരു സുഹൃ​ത്തി​നോട്‌ ഇതേക്കു​റി​ച്ചു സംസാ​രി​ക്കുക. അത്‌ നിങ്ങൾക്ക്‌ ആശ്വാസം കൈവ​രു​ത്തി​യേ​ക്കാം. കോപം വരു​മ്പോൾ നന്നായി വ്യായാ​മം ചെയ്യു​ന്നത്‌ അത്‌ ശമിപ്പി​ക്കു​ന്ന​താ​യി ചിലർ കണ്ടെത്തു​ന്നു.​—എഫെസ്യർ 4:25, 26 കൂടെ കാണുക.

നിങ്ങളു​ടെ വികാ​രങ്ങൾ സത്യസ​ന്ധ​മാ​യി തുറന്നു പ്രകടി​പ്പി​ക്കു​ന്നത്‌ പ്രധാ​ന​മാ​ണെ​ങ്കി​ലും ഒരു മുന്നറി​യിപ്പ്‌ ഉചിത​മാ​ണെന്നു തോന്നു​ന്നു. വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​തും മറ്റുള്ള​വരെ തീരെ പരിഗ​ണി​ക്കാ​തെ, തോന്നു​ന്ന​തു​പോ​ലെ അവ കെട്ടഴി​ച്ചു​വി​ടു​ന്ന​തും തമ്മിൽ വലിയ അന്തരമുണ്ട്‌. നിങ്ങളു​ടെ കോപ​ത്തി​നും നൈരാ​ശ്യ​ത്തി​നും മറ്റുള്ള​വരെ പഴിക്കേണ്ട കാര്യ​മില്ല. അതു​കൊണ്ട്‌ നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു ചർച്ച​ചെ​യ്യാൻ ശ്രദ്ധി​ക്കു​മ്പോൾത്തന്നെ വിദ്വേ​ഷ​ത്തി​ന്റെ ധ്വനി ഒഴിവാ​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 18:21) വ്യസനത്തെ നേരി​ടാൻ സഹായി​ക്കുന്ന ഒരു അതി​ശ്രേഷ്‌ഠ സഹായ​മുണ്ട്‌. ഇനി നമുക്ക്‌ അതിനെ കുറിച്ചു ചർച്ച​ചെ​യ്യാം.

ദൈവ​ത്തിൽനി​ന്നുള്ള സഹായം

ബൈബിൾ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “ഹൃദയം നുറു​ങ്ങി​യ​വർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്ന​വരെ അവൻ രക്ഷിക്കു​ന്നു.” (സങ്കീർത്തനം 34:18) അതേ, മറ്റെന്തി​നെ​ക്കാ​ളും അധിക​മാ​യി, പ്രിയ​പ്പെട്ട ഒരാളു​ടെ മരണവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ദൈവ​വു​മാ​യുള്ള ബന്ധം നിങ്ങളെ സഹായി​ക്കും. എങ്ങനെ? ഇതുവരെ നൽകപ്പെട്ട എല്ലാ പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും ദൈവ​വ​ച​ന​മായ ബൈബി​ളിൽ അടിസ്ഥാ​ന​പ്പെ​ട്ട​തോ അതി​നോ​ടു യോജി​പ്പി​ലു​ള്ള​തോ ആണ്‌. അവ പ്രാവർത്തി​ക​മാ​ക്കു​ന്നത്‌ പ്രതി​സ​ന്ധി​യെ നേരി​ടാൻ നിങ്ങളെ സഹായി​ക്കും.

മറ്റൊരു സഹായ​മാണ്‌ പ്രാർഥന. അതിനെ മൂല്യം കുറച്ചു​കാ​ണ​രുത്‌. ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) സഹാനു​ഭൂ​തി​യുള്ള ഒരു സുഹൃ​ത്തി​നോ​ടു നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു ചർച്ച​ചെ​യ്യു​ന്നത്‌ ഫലം ചെയ്യു​മെ​ങ്കിൽ “സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ”ത്തിന്റെ മുമ്പാകെ നിങ്ങളു​ടെ ഹൃദയം പകരു​ന്നത്‌ എത്രയോ അധികം സഹായ​ക​മാ​യി​രി​ക്കും!​—2കൊരിന്ത്യർ 1:3.

പ്രാർഥന നമുക്ക്‌ ആശ്വാസം തോന്നാൻ ഇടയാ​ക്കുക മാത്രമല്ല ചെയ്യു​ന്നത്‌. പരിശു​ദ്ധാ​ത്മാ​വി​നു വേണ്ടി ആത്മാർഥ​മാ​യി അപേക്ഷി​ക്കുന്ന തന്റെ ദാസർക്കു താൻ അതു നൽകു​മെന്ന്‌ ‘പ്രാർത്ഥന കേൾക്കു​ന്നവൻ’ വാഗ്‌ദാ​നം ചെയ്യുന്നു. (സങ്കീർത്തനം 65:2; ലൂക്കൊസ്‌ 11:13) ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വിന്‌ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിക്ക്‌ ഓരോ ദിവസ​ത്തെ​യും അതിജീ​വി​ക്കാൻ തക്കവണ്ണം “അത്യന്ത​ശക്തി” അതായത്‌, സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി നൽകി നിങ്ങളെ സജ്ജനാ​ക്കാൻ കഴിയും. (2 കൊരി​ന്ത്യർ 4:7) ഓർമി​ക്കുക: തന്റെ വിശ്വസ്‌ത ദാസർ നേരി​ട്ടേ​ക്കാ​വുന്ന ഏതു പ്രശ്‌ന​വും സഹിക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ ദൈവ​ത്തി​നു കഴിയും.

മരണത്തിൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു സ്‌ത്രീ, തന്നെയും ഭർത്താ​വി​നെ​യും ഈ നഷ്ടം സഹിക്കാൻ പ്രാർഥ​ന​യു​ടെ ശക്തി സഹായി​ച്ചത്‌ എങ്ങനെ​യെന്ന്‌ അനുസ്‌മ​രി​ക്കു​ന്നു. അവർ വിശദീ​ക​രി​ക്കു​ന്നു: “രാത്രി​യിൽ വീട്ടി​ലാ​യി​രി​ക്കുന്ന സമയത്ത്‌ ദുഃഖം താങ്ങാ​നാ​വാ​തെ വരു​മ്പോൾ ഞങ്ങൾ ഒരുമിച്ച്‌ ഉറക്കെ പ്രാർഥി​ക്കു​മാ​യി​രു​ന്നു. അവളെ കൂടാതെ ആദ്യമാ​യി ഓരോ​ന്നു ചെയ്യേണ്ടി വന്നപ്പോ​ഴും​—ആദ്യ സഭാ​യോ​ഗ​ത്തി​നു പോയ​പ്പോ​ഴും, ആദ്യ കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ച​പ്പോ​ഴും​—ശക്തിക്കു​വേണ്ടി ഞങ്ങൾ പ്രാർഥി​ക്കു​മാ​യി​രു​ന്നു. രാവിലെ ഉണരുന്ന സമയത്ത്‌ യാഥാർഥ്യ​ങ്ങൾ പലതും താങ്ങാ​നാ​കാ​തെ വരു​മ്പോൾ സഹായ​ത്തി​നാ​യി ഞങ്ങൾ യഹോ​വ​യോട്‌ അപേക്ഷി​ക്കു​മാ​യി​രു​ന്നു. തനിയെ വീട്ടിൽ കയറി​വ​രു​മ്പോ​ഴെ​ല്ലാം എനിക്ക്‌ സഹിക്കാ​നാ​വാത്ത വിഷമം തോന്നി​യി​രു​ന്നു. അതു​കൊണ്ട്‌ ഒറ്റയ്‌ക്ക്‌ വീട്ടിൽ വരുന്ന സമയ​ത്തെ​ല്ലാം, മനസ്സിനെ ശാന്തമാ​ക്കി നിറു​ത്താൻ സഹായി​ക്കേ​ണമേ എന്ന്‌ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മാ​യി​രു​ന്നു.” ആ പ്രാർഥ​നകൾ തന്നെ സഹായി​ച്ചു എന്ന്‌ വിശ്വ​സ്‌ത​യായ ആ സ്‌ത്രീ ഉറച്ചു വിശ്വ​സി​ക്കു​ന്നു, അതു സത്യമാ​ണു താനും. നിരന്തര പ്രാർഥ​ന​ക​ളു​ടെ ഫലമായി ‘സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും കാക്കു’ന്നതായി നിങ്ങളും കണ്ടെത്തി​യേ​ക്കാം.​—ഫിലി​പ്പി​യർ 4:6, 7; റോമർ 12:13.

ദൈവ​ത്തിൽനി​ന്നുള്ള സഹായം തീർച്ച​യാ​യും വലിയ ആശ്വാസം നൽകും. ‘കഷ്ടത്തി​ലു​ള്ള​വരെ ആശ്വസി​പ്പി​പ്പാൻ [നാം] ശക്തരാ​കേ​ണ്ട​തി​ന്നു നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസി​പ്പി​ക്കുന്ന’വനാണ്‌ ദൈവം എന്ന്‌ ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതു​ക​യു​ണ്ടാ​യി. ദിവ്യ​സ​ഹാ​യം ദുഃഖം ഇല്ലായ്‌മ ചെയ്യു​ന്നില്ല എന്നതു ശരിതന്നെ. എന്നാൽ അത്‌ ദുഃഖം സഹിക്കുക കൂടുതൽ എളുപ്പ​മാ​ക്കി​ത്തീർക്കു​ന്നു. അതിന്റെ അർഥം നിങ്ങൾ മേലാൽ കരയില്ല എന്നോ പ്രിയ​പ്പെട്ട ആളെ മറക്കു​മെ​ന്നോ അല്ല. പിന്നെ​യോ നിങ്ങൾ ദുഃഖത്തെ തരണം​ചെ​യ്‌ത്‌ സാധാരണ നിലയി​ലേക്ക്‌ മടങ്ങി​വ​രു​മെ​ന്നാണ്‌. അപ്പോൾ, ഇതു​പോ​ലുള്ള നഷ്ടം നേരി​ടാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ കൂടുതൽ സഹാനു​ഭൂ​തി​യും അനുക​മ്പ​യും പ്രകട​മാ​ക്കാൻ നിങ്ങളു​ടെ അനുഭവം നിങ്ങളെ സഹായി​ക്കും.​—2 കൊരി​ന്ത്യർ 1:4.