വിവരങ്ങള്‍ കാണിക്കുക

ദൈവ​ത്തിന്‌ എത്ര പേരു​ക​ളുണ്ട്‌?

ദൈവ​ത്തിന്‌ എത്ര പേരു​ക​ളുണ്ട്‌?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തിന്‌ ഒരേ ഒരു പേരേ ഉള്ളൂ. എബ്രായ ഭാഷയിൽ അത്‌ എഴുതു​ന്നത്‌ ഇങ്ങനെ​യാണ്‌: יהוה. മലയാ​ള​ത്തിൽ പൊതു​വേ “യഹോവ” എന്നാണ്‌ അതു കൊടു​ത്തി​രി​ക്കു​ന്നത്‌. a യശയ്യ പ്രവാ​ച​ക​നോ​ടു ദൈവം പറഞ്ഞു: “യഹോവ! അതാണ്‌ എന്റെ പേര്‌.” (യശയ്യ 42:8) ഈ പേര്‌ പുരാതന ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഏകദേശം 7,000 പ്രാവ​ശ്യം കാണാം. ദൈവ​ത്തി​ന്റെ സ്ഥാന​പ്പേ​രു​ക​ളെ​ക്കാൾ കൂടുതൽ പ്രാവ​ശ്യം, എന്തിന്‌ മറ്റാരു​ടെ പേരി​നെ​ക്കാ​ളും കൂടുതൽ പ്രാവ​ശ്യം, ഈ പേരാ​ണു​ള്ളത്‌. b

ദൈവ​ത്തി​നു മറ്റു പേരു​ക​ളു​ണ്ടോ?

 ദൈവ​ത്തി​ന്റെ ഒരേ ഒരു പേരേ ബൈബിൾ പരാമർശി​ക്കു​ന്നു​ള്ളൂ. എന്നാൽ പല സ്ഥാന​പ്പേ​രു​ക​ളും വിശേ​ഷ​ണ​ങ്ങ​ളും അതു ദൈവ​ത്തി​നു നൽകി​യി​ട്ടുണ്ട്‌. താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌ അവയിൽ ചിലതാണ്‌. ഈ സ്ഥാന​പ്പേ​രു​ക​ളു​ടെ വിശദീ​ക​ര​ണം യഹോ​വ​യു​ടെ സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചും വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചും ചിലതു നമ്മോടു പറയുന്നു.

സ്ഥാനപ്പേര്‌

പരാമർശം

അർഥം

അല്ലാഹു

(ഒന്നുമില്ല)

ഇതൊരു അറബി​വാ​ക്കാണ്‌. “അല്ലാഹു” എന്നത്‌ ഒരു പേരല്ല. “ദൈവം” എന്ന്‌ അർഥം വരുന്ന ഒരു സ്ഥാന​പ്പേര്‌ മാത്ര​മാണ്‌. അറബി​യി​ലും മറ്റു ഭാഷക​ളി​ലും ഉള്ള ബൈബിൾ പരിഭാ​ഷ​ക​ളിൽ “ദൈവം” എന്ന വാക്കിനു പകരമാ​യി “അല്ലാഹു” എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

സർവശക്തൻ

ഉൽപത്തി 17:1

അളവറ്റ ശക്തിയു​ള്ള​വൻ. ‘എൽ ശദ്ദായി’ (“സർവശ​ക്ത​നാ​യ ദൈവം”) എന്ന എബ്രായ പദപ്ര​യോ​ഗം ബൈബി​ളിൽ ഏഴു പ്രാവ​ശ്യം കാണാം.

ആൽഫയും ഒമേഗ​യും

വെളി​പാട്‌ 1:8; 21:6; 22:13

“ആദ്യത്ത​വ​നും അവസാ​ന​ത്ത​വ​നും” അല്ലെങ്കിൽ “തുടക്ക​വും ഒടുക്ക​വും.” അതായത്‌ യഹോ​വ​യ്‌ക്കു മുമ്പോ ശേഷമോ മറ്റൊരു സർവശ​ക്ത​നാ​യ ദൈവ​മി​ല്ല. (യശയ്യ 43:10) ഗ്രീക്ക്‌ അക്ഷരമാ​ല​യി​ലെ ആദ്യ​ത്തെ​യും അവസാ​ന​ത്തെ​യും അക്ഷരങ്ങ​ളാണ്‌ ആൽഫയും ഒമേഗ​യും.

പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ

ദാനി​യേൽ 7:9, 13, 22

ആരംഭ​മി​ല്ലാ​ത്ത​വൻ. എന്തെങ്കി​ലും അല്ലെങ്കിൽ ആരെങ്കി​ലും അസ്‌തി​ത്വ​ത്തിൽ വരുന്ന​തി​നു മുമ്പേ, അനന്തകാ​ല​മാ​യി ഉള്ള വ്യക്തി.—സങ്കീർത്ത​നം 90:2.

സ്രഷ്ടാവ്‌

യശയ്യ 40:28

എല്ലാം സൃഷ്ടിച്ച വ്യക്തി.

പിതാവ്‌

മത്തായി 6:9

ജീവൻ നൽകി​യ​യാൾ.

ദൈവം

ഉൽപത്തി 1:1

ശക്തനായ, ആരാധ​ന​യ്‌ക്കു യോഗ്യ​നാ​യ വ്യക്തി. ‘എലോ​ഹിം’ എന്ന എബ്രാ​യ​പ​ദം ബഹുവ​ച​ന​രൂ​പ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അത്‌ യഹോ​വ​യു​ടെ മഹിമ, പ്രൗഢി, ഗാംഭീ​ര്യം എന്നിവ​യെ​യൊ​ക്കെ കുറി​ക്കു​ന്നു.

ദൈവാധിദൈവം

ആവർത്തനം 10:17

ഉന്നതനായ ദൈവം. ചിലർ ആരാധി​ക്കു​ന്ന ‘ഒരു ഗുണവു​മി​ല്ലാ​ത്ത ദൈവ​ങ്ങ​ളിൽനിന്ന്‌’ വ്യത്യ​സ്‌തൻ.—യശയ്യ 2:8.

മഹാനായ ഉപദേ​ഷ്ടാവ്‌

യശയ്യ 30:20, 21

നമുക്കു ഗുണം ചെയ്യുന്ന ഉപദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും നൽകുന്നു.—യശയ്യ 48:17, 18.

മഹാസ്രഷ്ടാവ്‌

സങ്കീർത്ത​നം 149:2

എല്ലാം അസ്‌തി​ത്വ​ത്തിൽ കൊണ്ടു​വന്ന വ്യക്തി.—വെളി​പാട്‌ 4:11.

സന്തോ​ഷ​മു​ള്ള ദൈവം

1 തിമൊ​ഥെ​യൊസ്‌ 1:11

ദൈവ​ത്തി​ന്റെ സന്തോ​ഷ​വും ആനന്ദവും എടുത്തു​കാ​ട്ടു​ന്നു.—സങ്കീർത്ത​നം 104:31.

പ്രാർഥന കേൾക്കു​ന്ന​വൻ

സങ്കീർത്ത​നം 65:2

വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​ന്ന ഓരോ​രു​ത്ത​രു​ടെ​യും പ്രാർഥന കേൾക്കു​ന്നു.

ഞാൻ ആകുന്നവൻ ഞാൻ ആകുന്നു

പുറപ്പാട്‌ 3:14, സത്യ​വേ​ദ​പു​സ്‌തകം

ഉദ്ദേശ്യം നിവർത്തി​ക്കാൻവേ​ണ്ടി എന്തൊക്കെ ആയിത്തീ​ര​ണോ അതെല്ലാം ആയിത്തീ​രും. “ഞാൻ ഞാൻതന്നെ,” “ഞാൻ എന്ത്‌ ആയിത്തീ​രാൻ തീരു​മാ​നി​ച്ചാ​ലും അങ്ങനെ ആയിത്തീ​രും” എന്നൊക്കെ ഈ വാചകം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (പി.ഒ.സി., പുതിയ ലോക ഭാഷാ​ന്ത​രം) തൊട്ട​ടു​ത്ത വാക്യ​ത്തിൽ കൊടു​ത്തി​രി​ക്കു​ന്ന യഹോവ എന്ന ദൈവ​നാ​മം മനസ്സി​ലാ​ക്കാൻ ഈ വിശദീ​ക​ര​ണം നമ്മളെ സഹായി​ക്കു​ന്നു.—പുറപ്പാട്‌ 3:15.

തീക്ഷ്‌ണ​ത​യു​ള്ള ദൈവം

പുറപ്പാട്‌ 34:14, സത്യ​വേ​ദ​പു​സ്‌തകം

ആരാധ​ന​യു​ടെ കാര്യ​ത്തിൽ ദൈവം വിട്ടു​വീ​ഴ്‌ച ചെയ്യു​ന്നി​ല്ല. ഇത്‌, “അസഹി​ഷ്‌ണു​വാ​യ ദൈവം,” “സമ്പൂർണ​ഭ​ക്തി ആഗ്രഹി​ക്കു​ന്ന​വൻ” എന്നൊക്കെ ചില ബൈബി​ളു​ക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.—പി.ഒ.സി., പുതിയ ലോക ഭാഷാ​ന്ത​രം.

നിത്യ​ത​യു​ടെ രാജാവ്‌

വെളി​പാട്‌ 15:3

ദൈവ​ത്തി​ന്റെ ഭരണത്തിന്‌ ആരംഭ​വും അവസാ​ന​വും ഇല്ല.

കർത്താവ്‌

സങ്കീർത്ത​നം 135:5

ഉടമസ്ഥൻ അല്ലെങ്കിൽ യജമാനൻ. എബ്രാ​യ​യിൽ ‘അദോൻ,’ ‘അദോ​നിം.’

സൈന്യ​ങ്ങ​ളു​ടെ അധിപൻ

യശയ്യ 1:9; റോമർ 9:29

ശക്തരായ ദൂതഗ​ണ​ത്തി​ന്റെ സേനാ​നാ​യ​കൻ. “സൈന്യ​ങ്ങ​ളു​ടെ കർത്താവ്‌” എന്നും ഇതു പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌.—റോമർ 9:29, സത്യ​വേ​ദ​പു​സ്‌ത​കം.

അത്യുന്നതൻ

സങ്കീർത്ത​നം 47:2

ഏറ്റവും ഉന്നതനായ അധികാ​രി.

അതിപരിശുദ്ധൻ

സുഭാ​ഷി​ത​ങ്ങൾ 9:10

മറ്റാ​രെ​ക്കാ​ളും പരിശു​ദ്ധൻ. സദാചാ​ര​നി​ഷ്‌ഠ​യു​ള്ള, വിശു​ദ്ധ​നാ​യ ദൈവം.

കുശവൻ

യശയ്യ 64:8

ഒരു കുശവനു കളിമ​ണ്ണി​ന്മേൽ അധികാ​ര​മു​ള്ള​തു​പോ​ലെ, ദൈവ​ത്തിന്‌ ആളുക​ളു​ടെ​യും ജനതക​ളു​ടെ​യും മേൽ അധികാ​ര​മുണ്ട്‌.—റോമർ 9:20, 21.

വിമോ​ച​കൻ, വീണ്ടെ​ടു​പ്പു​കാ​രൻ

യശയ്യ 41:14, സത്യ​വേ​ദ​പു​സ്‌തകം

യേശു​ക്രി​സ്‌തു​വി​ന്റെ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനിന്ന്‌ മാനവ​കു​ടും​ബ​ത്തെ വീണ്ടെ​ടു​ക്കു​ക​യോ വിലയ്‌ക്കു വാങ്ങി വിമോ​ചി​പ്പി​ക്കു​ക​യോ ചെയ്യുന്നു.—യോഹ​ന്നാൻ 3:16.

പാറ

സങ്കീർത്ത​നം 18:2, 46

അഭയ​കേ​ന്ദ്ര​വും രക്ഷയുടെ ഉറവി​ട​വും.

രക്ഷകൻ

യശയ്യ 45:21

വിപത്തിൽനി​ന്നും വിനാ​ശ​ത്തിൽനി​ന്നും വിടു​വി​ക്കു​ന്നു.

ഇടയൻ

സങ്കീർത്ത​നം 23:1

ആരാധ​കർക്കു​വേ​ണ്ടി​യെ​ല്ലാം കരുതു​ന്നു.

പരമാധികാരി

ഉൽപത്തി 15:2

എല്ലാറ്റി​ന്റെ​യും മേൽ അധികാ​രം. എബ്രാ​യ​യിൽ ‘അദോ​നാ​യി.’

പരമോന്നതൻ

ദാനി​യേൽ 7:18, 27

പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി.

എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ സ്ഥലപ്പേ​രു​കൾ

ബൈബി​ളിൽ ദൈവ​ത്തി​ന്റെ പേരുള്ള ചില സ്ഥലങ്ങളുണ്ട്‌. എന്നാൽ അതൊ​ന്നും ദൈവ​ത്തി​ന്റെ പകരനാ​മ​ങ്ങ​ളല്ല.

സ്ഥലപ്പേര്‌

പരാമർശം

അർഥം

യഹോവ-യിരെ

ഉൽപത്തി 22:13, 14

“യഹോവ നൽകും.”

യഹോവ-നിസ്സി

പുറപ്പാട്‌ 17:15

“യഹോവ എന്റെ കൊടി​മ​രം.” തന്റെ ജനത്തിന്റെ സംരക്ഷ​ണ​ത്തി​നും സഹായ​ത്തി​നും അവരെ ഒരു കൊടി​ക്കീ​ഴിൽ കൂട്ടി​വ​രു​ത്തു​ന്ന ദൈവ​മാണ്‌ യഹോവ.—പുറപ്പാട്‌ 17:13-16.

യഹോവ-ശലോം

ന്യായാ​ധി​പ​ന്മാർ 6:23, 24

“യഹോവ സമാധാ​ന​മാണ്‌.”

യഹോവശമ്മാ

യഹസ്‌കേൽ 48:35, സത്യ​വേ​ദ​പു​സ്‌തകം

“യഹോവ അവിടെ.”

ദൈവ​ത്തി​ന്റെ പേര്‌ അറി​യേ​ണ്ട​തി​ന്റെ​യും ഉപയോ​ഗി​ക്കേ​ണ്ട​തി​ന്റെ​യും കാരണങ്ങൾ

  • യഹോവ എന്ന പേര്‌ ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം ബൈബി​ളിൽ കൊടു​ത്തി​രി​ക്കു​ന്നത്‌ തന്റെ പേര്‌ അത്ര പ്രധാ​ന​മാ​ണെന്ന്‌ യഹോവ കരുതു​ന്ന​തു​കൊ​ണ്ടാണ്‌.—മലാഖി 1:11.

  • ദൈവ​നാ​മ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​പു​ത്ര​നാ​യ യേശു പല പ്രാവ​ശ്യം എടുത്തു​പ​റ​ഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, യേശു യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.”—മത്തായി 6:9; യോഹ​ന്നാൻ 17:6.

  • ദൈവ​നാ​മം അറിയാ​നും അത്‌ ഉപയോ​ഗി​ക്കാ​നും ആഗ്രഹി​ക്കു​ന്ന​വർ ആദ്യപടി എന്ന നിലയിൽ യഹോ​വ​യു​മാ​യി ഒരു ഉറ്റബന്ധം വളർത്തി​യെ​ടു​ക്കു​ന്നു. (സങ്കീർത്തനം 9:10; മലാഖി 3:16) അത്തരം ഒരു ബന്ധം യഹോ​വ​യു​ടെ ഈ വാക്കിൽ വിശ്വാ​സ​മർപ്പി​ക്കാൻ അവരെ സഹായി​ക്കു​ന്നു: “അവന്‌ എന്നെ ഇഷ്ടമാ​യ​തു​കൊണ്ട്‌ ഞാൻ അവനെ മോചിപ്പിക്കും. അവന്‌ എന്റെ പേര്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ ഞാൻ അവനെ സംരക്ഷി​ക്കും.”—സങ്കീർത്ത​നം 91:14.

  • ബൈബിൾ ഇങ്ങനെ തുറന്നു​പ​റ​യു​ന്നു: ‘ആകാശ​ത്തി​ലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വർ ഉണ്ടായി​രി​ക്കാം. ഇങ്ങനെ അനേകം “ദൈവ​ങ്ങ​ളും” അനേകം “കർത്താ​ക്ക​ന്മാ​രും” ഉണ്ട്‌.’ (1 കൊരി​ന്ത്യർ 8:5, 6) എങ്കിലും ഏകസത്യ​ദൈ​വ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ബൈബിൾ വ്യക്തമാ​യി പറയുന്നു.—സങ്കീർത്ത​നം 83:18.

a ദൈവത്തിന്റെ പേര്‌ “യാഹ്‌വെ” എന്ന്‌ ഉപയോ​ഗി​ക്കാ​മെന്ന്‌ ചില എബ്രായ പണ്ഡിതർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

b ദൈവത്തിന്റെ പേരിന്റെ ചുരു​ക്ക​രൂ​പ​മാ​യ “യാഹ്‌” എന്നത്‌ 50-ഓളം പ്രാവ​ശ്യം ബൈബി​ളിൽ കാണാം. “യാഹിനെ സ്‌തു​തി​പ്പിൻ” എന്ന്‌ അർഥമുള്ള “ഹല്ലെലൂ​യ്യാ” എന്ന വാക്കും ഇതിൽപ്പെ​ടു​ന്നു.—വെളി​പാട്‌ 19:1; സത്യവേദപുസ്‌തകം.