വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതം—കാശു​ണ്ടാ​ക്കാ​നുള്ള ഒരു ബിസി​നെ​സ്സോ?

മതം—കാശു​ണ്ടാ​ക്കാ​നുള്ള ഒരു ബിസി​നെ​സ്സോ?

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഇന്നു പല മതങ്ങളു​ടെ​യും മുഖ്യ​ശ്രദ്ധ ആളുകളെ ദൈവ​ത്തി​ലേക്ക്‌ അടുപ്പി​ക്കു​ന്ന​തി​ലാ​ണോ, അതോ കാശു​ണ്ടാ​ക്കു​ന്ന​തി​ലാ​ണോ? അവർ പലപ്പോ​ഴും സേവന​ങ്ങ​ളും സാധന​ങ്ങ​ളും ഒക്കെ വിറ്റ്‌ ധാരാളം പണമു​ണ്ടാ​ക്കു​ന്നു. ഇനി, മതങ്ങളിൽ നേതൃ​ത്വം എടുക്കുന്ന ചിലരു​ടെ കാര്യ​മോ? അവർക്കു ലഭിക്കു​ന്നത്‌ കനത്ത ശമ്പളമാണ്‌, നയിക്കു​ന്നത്‌ ആഡംബര ജീവി​ത​വും. നമുക്ക്‌ ഇതിന്റെ ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  •   ഒരു കത്തോ​ലി​ക്കാ ബിഷപ്പി​നെ​ക്കു​റി​ച്ചുള്ള അന്വേ​ഷണം ഈ കാര്യ​ങ്ങ​ളാണ്‌ വെളി​പ്പെ​ടു​ത്തി​യത്‌: അദ്ദേഹം 13 വർഷക്കാ​ല​യ​ള​വു​കൊണ്ട്‌ പള്ളിയു​ടെ പണം ഉപയോ​ഗിച്ച്‌ ഏതാണ്ട്‌ 150 പ്രാവ​ശ്യം സ്വകാര്യ ജെറ്റ്‌ വിമാ​ന​ങ്ങ​ളിൽ യാത്ര ചെയ്യു​ക​യും 200-ഓളം പ്രാവ​ശ്യം അത്യാ​ഡം​ബര ലിമസീൻ കാറു​ക​ളിൽ സഞ്ചരി​ക്കു​ക​യും ചെയ്‌തു. അതു​പോ​ലെ അദ്ദേഹം താമസി​ച്ചി​രുന്ന പള്ളിവക കെട്ടിടം പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി ഏകദേശം 30 കോടി രൂപയാണ്‌ ചെലവ​ഴി​ച്ചത്‌.

  •   ആഫ്രി​ക്കൻരാ​ജ്യ​ത്തി​ലെ ഒരു സുവി​ശേ​ഷകൻ നടത്തുന്ന മതശു​ശ്രൂ​ഷ​യിൽ പങ്കുപ​റ്റാൻ പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ കൂടി​വ​രു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ ആരാധ​നാ​ല​യ​ത്തിൽ “അത്ഭുത എണ്ണ” മുതൽ സ്വന്തം പടം പ്രിന്റ്‌ ചെയ്‌തി​ട്ടുള്ള ടൗവലു​ക​ളും ടീ-ഷർട്ടു​ക​ളും വരെയാണ്‌ വിൽക്കു​ന്നത്‌. അവിടെ കൂടി​വ​രുന്ന ആളുകൾ പാവ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും അവരെ പിഴിഞ്ഞ്‌ അദ്ദേഹം ധാരാളം കാശു​ണ്ടാ​ക്കി​യി​ട്ടുണ്ട്‌.

  •   ചൈന​യി​ലെ ബുദ്ധമ​ത​ക്കാ​രു​ടെ നാലു വിശുദ്ധ പർവത​ങ്ങ​ളി​ലെ തീർഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളിൽ രണ്ടെണ്ണം സ്റ്റോക്ക്‌ മാർക്ക​റ്റിൽ ലിസ്റ്റ്‌ ചെയ്‌തി​ട്ടുള്ള കമ്പനി​ക​ളാണ്‌. അവിടത്തെ പ്രശസ്‌ത​മായ ഷാവോ​ലിൻ ക്ഷേത്രം പല വാണിജ്യ പ്രവർത്ത​ന​ങ്ങ​ളും നടത്തു​ന്നുണ്ട്‌. അതിന്റെ മേലധി​കാ​രി​യായ സന്യാ​സി​യെ ആളുകൾ വിളി​ക്കു​ന്നത്‌ “സി ഇ ഒ സന്യാസി” എന്നാണ്‌. ഒരു കമ്പനി​യു​ടെ മേലധി​കാ​രി എന്നാണ്‌ ആ പ്രയോ​ഗ​ത്തി​ന്റെ അർഥം.

  •   അമേരി​ക്ക​യി​ലെ കമ്പനി​ക​ളിൽ ഈയി​ടെ​യാ​യി കണ്ടുവ​രുന്ന ഒരു രീതി​യാണ്‌ ആത്മീയ കൺസൾട്ട​ന്റു​കളെ നിയമി​ക്കു​ന്നത്‌. ഒരു റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇങ്ങനെ നിയമി​ക്ക​പ്പെ​ടു​ന്നവർ ആ കമ്പനി​യി​ലെ ജോലി​ക്കാർക്കും ഇടപാ​ടു​കാർക്കും വേണ്ടി മതപര​മാ​യി ചടങ്ങുകൾ ചെയ്യു​ക​യും മതോ​പ​ദേ​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്യുന്നു.

 മതത്തെ പണമു​ണ്ടാ​ക്കാ​നുള്ള മാർഗ​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? മതപര​മായ പ്രവർത്ത​ന​ങ്ങ​ളിൽനിന്ന്‌ ലാഭമു​ണ്ടാ​ക്കു​ന്ന​വ​രെ​പ്പറ്റി ദൈവം എന്താണ്‌ വിചാ​രി​ക്കു​ന്ന​തെന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

മതവും ബിസി​നെ​സ്സും തമ്മിൽ കൂട്ടി​ക്കു​ഴ​യ്‌ക്കു​ന്ന​തി​നെ ദൈവം എങ്ങനെ​യാണ്‌ കാണു​ന്നത്‌?

 അതു ദൈവ​ത്തിന്‌ ഇഷ്ടമല്ല. മുൻകാ​ലത്ത്‌ ദൈവ​ത്തി​ന്റെ പേരിൽ “കൂലി വാങ്ങി” ഉപദേശം കൊടുത്ത പുരോ​ഹി​ത​ന്മാ​രെ ദൈവം അംഗീ​ക​രി​ച്ചില്ല എന്നു ബൈബിൾ പറയുന്നു. (മീഖ 3:11) തന്റെ ആരാധ​നാ​ല​യ​ത്തിൽ അത്യാ​ഗ്ര​ഹ​ത്തോ​ടെ കച്ചവടം നടത്തി​യ​വരെ ദൈവം കുറ്റം വിധിച്ചു. അതെപ്പറ്റി ബൈബിൾ പറയു​ന്നത്‌, അവർ ആലയത്തെ ‘കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി’ എന്നാണ്‌.—യിരെമ്യ 7:11.

 സാമ്പത്തി​ക​നേ​ട്ട​ത്തി​നു​വേണ്ടി മതത്തെ കരുവാ​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ ദൈവ​ത്തി​നുള്ള അതേ വീക്ഷണം​ത​ന്നെ​യാണ്‌ യേശു​വി​നും. യേശു ഭൂമി​യി​ലാ​യി​രുന്ന സമയത്ത്‌ ചില മതനേ​താ​ക്ക​ന്മാർ യെരു​ശ​ലേ​മി​ലെ ആലയത്തി​നു​ള്ളിൽ കച്ചവടം നടത്താൻ ആളുകളെ അനുവ​ദി​ച്ചി​രു​ന്നു. അത്യാ​ഗ്ര​ഹി​ക​ളായ ആ കച്ചവട​ക്കാ​രിൽനിന്ന്‌ അവർ ലാഭവും കൈപ്പ​റ്റി​യി​രു​ന്നു. ആലയത്തിൽ ആരാധ​ന​യ്‌ക്കു വന്ന ആത്മാർഥ​രായ ആളുകളെ അവർ ചൂഷണം ചെയ്‌തു. വക്രബു​ദ്ധി​ക്കാ​രായ ആ കച്ചവട​ക്കാ​രെ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യേശു ആലയത്തിൽനിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു: “എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവട​സ്ഥ​ല​മാ​ക്കു​ന്നതു മതിയാ​ക്കൂ!”—യോഹ​ന്നാൻ 2:14-16.

 യേശു ശുശ്രൂഷ നടത്തി​യ​തും ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലാണ്‌. (യോഹ​ന്നാൻ 8:28, 29) ദൈവ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്ന​തിന്‌ യേശു അവരുടെ കൈയിൽനിന്ന്‌ പണമൊ​ന്നും വാങ്ങി​യില്ല. അതു​പോ​ലെ യേശു അത്ഭുത​ക​ര​മാ​യി, വിശന്നി​രി​ക്കു​ന്ന​വർക്കു ഭക്ഷണം കൊടു​ത്ത​തും രോഗി​കളെ സുഖ​പ്പെ​ടു​ത്തി​യ​തും മരിച്ച​വരെ ഉയിർപ്പി​ച്ച​തും ഒക്കെ സൗജന്യ​മാ​യി​ട്ടാണ്‌. ശുശ്രൂഷ ചെയ്യു​ന്ന​തിൽനിന്ന്‌ പണമു​ണ്ടാ​ക്കാൻ യേശു ഒരിക്ക​ലും ഉദ്ദേശി​ച്ചില്ല. യേശു​വിന്‌ സ്വന്തമാ​യി ഒരു വീടു​പോ​ലും ഇല്ലായി​രു​ന്നു.—ലൂക്കോസ്‌ 9:58.

ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു മതം കാശു​ണ്ടാ​ക്കാ​നുള്ള വഴിയാ​യി​രു​ന്നോ?

 മതപര​മായ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ സാമ്പത്തി​ക​ലാ​ഭ​മു​ണ്ടാ​ക്ക​രു​തെന്നു യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കുക” എന്നാണ്‌ യേശു അതെപ്പറ്റി പറഞ്ഞത്‌. (മത്തായി 10:8) പിന്നീട്‌ ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്ക​പ്പെട്ട യേശു​വി​ന്റെ ആദ്യത്തെ അനുഗാ​മി​കൾ ഈ നിർദേ​ശ​ത്തി​നു ചേർച്ച​യി​ലാ​ണു പ്രവർത്തി​ച്ചത്‌. നമുക്കു ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  •   യേശു​വി​നോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ പങ്കെടുത്ത അപ്പോ​സ്‌ത​ല​നായ പത്രോ​സി​നു​ണ്ടായ ഒരു അനുഭവം നോക്കാം. അധികാ​ര​വും സ്വാധീ​ന​വും മോഹിച്ച ശിമോൻ എന്ന ഒരാൾ അതു കിട്ടു​ന്ന​തി​നു​വേണ്ടി പണം തരാ​മെന്നു പത്രോ​സി​നോ​ടു പറഞ്ഞു. പത്രോസ്‌ ഉടനെ​തന്നെ അതു നിരസി​ച്ചിട്ട്‌ ശക്തമായ ഭാഷയിൽ ശിമോ​നെ തിരുത്തി: “ദൈവം സൗജന്യ​മാ​യി കൊടു​ക്കുന്ന സമ്മാനം പണം കൊടുത്ത്‌ വാങ്ങാ​മെന്നു വ്യാ​മോ​ഹി​ച്ച​തു​കൊണ്ട്‌ നിന്റെ വെള്ളി​പ്പണം നിന്റെ​കൂ​ടെ നശിക്കട്ടെ.”—പ്രവൃ​ത്തി​കൾ 8:18-20.

  •   അറിയ​പ്പെ​ടുന്ന ഒരു സുവി​ശേ​ഷ​ക​നാ​യി​രു​ന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌. വ്യത്യസ്‌ത സഭകൾക്കു​വേണ്ടി വർഷങ്ങ​ളോ​ളം കഠിനാ​ധ്വാ​നം ചെയ്‌തെ​ങ്കി​ലും അദ്ദേഹം തന്റെ ശുശ്രൂ​ഷ​യിൽനിന്ന്‌ പണമു​ണ്ടാ​ക്കാൻ ശ്രമി​ച്ചില്ല. അതു​കൊണ്ട്‌ പൗലോ​സിന്‌, തന്നെയും സഹപ്ര​വർത്ത​ക​രെ​യും കുറിച്ച്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “പലരെ​യും​പോ​ലെ ഞങ്ങൾ ദൈവ​വ​ച​നത്തെ കച്ചവട​ച്ച​ര​ക്കാ​ക്കു​ന്നില്ല.” (2 കൊരി​ന്ത്യർ 2:17) കൂടാതെ പൗലോസ്‌ ഇങ്ങനെ​യും പറഞ്ഞു: “നിങ്ങളിൽ ആർക്കും ഒരു ഭാരമാ​കാ​തി​രി​ക്കാൻ രാവും പകലും അധ്വാ​നി​ച്ചു​കൊ​ണ്ടാ​ണു ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത ഞങ്ങൾ നിങ്ങളെ അറിയി​ച്ചത്‌.”—1 തെസ്സ​ലോ​നി​ക്യർ 2:9.

 ആ ക്രിസ്‌ത്യാ​നി​കൾക്ക്‌ അവരുടെ പ്രസം​ഗ​പ​ര്യ​ടനം നടത്താ​നും അർഹത​പ്പെ​ട്ട​വരെ സഹായി​ക്കാ​നും ആയി പണം വേണമാ​യി​രു​ന്നു എന്നതു ശരിയാണ്‌. പക്ഷേ അതിനു​വേണ്ടി അവർ മതപര​മായ സേവന​ങ്ങൾക്ക്‌ പണം ഈടാ​ക്കി​യില്ല. എന്നാൽ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ സംഭാ​വ​നകൾ കൊടു​ക്കാ​നുള്ള ക്രമീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. അവർ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ അതു ചെയ്‌ത​തെന്നു നമുക്കു നോക്കാം.

  •   2 കൊരി​ന്ത്യർ 8:12: “മനസ്സൊ​രു​ക്ക​മാ​ണു പ്രധാനം. മനസ്സോ​ടെ കൊടു​ക്കു​ന്നെ​ങ്കിൽ അതായി​രി​ക്കും ദൈവ​ത്തി​നു കൂടുതൽ സ്വീകാ​ര്യം. ഒരാൾ തന്റെ കഴിവിന്‌ അപ്പുറമല്ല, കഴിവ​നു​സ​രിച്ച്‌ കൊടു​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.”

     അർഥം: കൊടു​ക്കുന്ന തുകയല്ല പ്രധാനം, കൊടു​ക്കു​ന്ന​യാ​ളു​ടെ മനസ്സൊ​രു​ക്ക​മാണ്‌.

  •   2 കൊരി​ന്ത്യർ 9:7: “ഓരോ​രു​ത്ത​രും ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​പോ​ലെ ചെയ്യട്ടെ. മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യോ നിർബ​ന്ധ​ത്താ​ലോ അരുത്‌. സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.”

     അർഥം: നിർബ​ന്ധ​ത്താൽ സംഭാവന കൊടു​ക്കു​ന്നതു ദൈവ​ത്തിന്‌ ഇഷ്ടമല്ല. പകരം ഹൃദയ​ത്തിൽ ആഗ്രഹം തോന്നി ഒരാൾ സംഭാവന കൊടു​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.

പണസ്‌നേ​ഹി​ക​ളായ മതങ്ങൾക്കു പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ക്കും?

 എല്ലാ മതങ്ങ​ളെ​യും ആരാധ​നാ​രീ​തി​ക​ളെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു. (മത്തായി 7:21-23) ശ്രദ്ധേ​യ​മായ ഒരു പ്രവച​ന​ത്തിൽ ബൈബിൾ തെറ്റായ എല്ലാ മതസം​ഘ​ട​ന​ക​ളെ​യും ഒരു വേശ്യ​യോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു. കാരണം പണത്തി​നും മറ്റ്‌ ആനുകൂ​ല്യ​ങ്ങൾക്കും ആയി അവർ ഗവൺമെ​ന്റു​ക​ളു​മാ​യി കൂട്ടു​കെ​ട്ടു​ണ്ടാ​ക്കു​ന്നു, അങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നു. (വെളി​പാട്‌ 17:1-3; 18:3) ഇത്തരം മതങ്ങളെ ദൈവം ഉടനെ​തന്നെ നശിപ്പി​ച്ചു​ക​ള​യു​മെന്ന്‌ ആ പ്രവചനം തുടർന്ന്‌ പറയുന്നു.—വെളി​പാട്‌ 17:15-17; 18:7.

 എന്നാൽ ആളുകൾ തെറ്റായ മതങ്ങളു​ടെ മോശ​മായ പ്രവൃ​ത്തി​ക​ളാൽ വഞ്ചിക്ക​പ്പെട്ട്‌ ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല. (മത്തായി 24:11, 12) അതു​കൊണ്ട്‌ ആത്മാർഥ​ത​യുള്ള ആളുക​ളോട്‌ അത്തരം മതങ്ങളിൽനിന്ന്‌ പുറത്ത്‌ കടക്കാ​നും താൻ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ എങ്ങനെ ആരാധി​ക്കാ​മെന്നു പഠിക്കാ​നും ദൈവം അഭ്യർഥി​ക്കു​ന്നു.—2 കൊരി​ന്ത്യർ 6:16, 17.